MATHRUBHUMI RSS
Loading...
ഐ.ടിയില്‍ ഉയരങ്ങള്‍ കീഴടക്കി...
എം.പി.പത്മനാഭന്‍


23 വര്‍ഷം മുമ്പ് ലതികാ സത്യനാഥ് കമ്പ്യൂട്ടര്‍ പഠിക്കാന്‍ തുടങ്ങുമ്പോള്‍ വിവരസാങ്കേതികവിദ്യ (ഐ.ടി.) എന്ന പേര് ഇന്നാട്ടില്‍ ആര്‍ക്കും പരിചയമുണ്ടായിരുന്നില്ല. എം.എ. സോഷ്യോളജി ബിരുദമെടുത്തശേഷം വെറുതെ കമ്പ്യൂട്ടര്‍ പഠനം തുടങ്ങിയ ലതിക ഇന്ന് അറിയപ്പെടുന്ന ഐ.ടി. വിദഗ്ധയാണ്. ശിഷ്യസമ്പത്തും ധാരാളം.

ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡിലെ പഴയ ജര്‍മന്‍ കമ്പനിയായ മധുര കമ്പനി ഉദ്യോഗസ്ഥനായ പി. സ്വാമിനാഥന്‍ നായരുടെ മകളായ ലതിക സത്യനാഥ് പിതാവില്‍നിന്നുള്ള പ്രചോദനംകൊണ്ടു മാത്രമാണ് ഐ.ടി. മേഖലയിലെത്തിയത്. രണ്ടു പതിറ്റാണ്ടുമുമ്പ് കമ്പ്യൂട്ടര്‍ പഠിക്കാന്‍ തുടങ്ങുമ്പോള്‍ ഐ.ടി. രംഗത്താണ് എത്തുകയെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. അന്നുമുതല്‍ ഇന്നുവരെ ലതികയ്ക്ക് കൂട്ടിനുള്ളത് സ്വന്തം കമ്പ്യൂട്ടറുകളും വിവിധ പ്രോഗ്രാമിങ് ഭാഷകളും സോഫ്റ്റ്‌വേറുകളും.

23 വര്‍ഷം മുമ്പ് ഐ.എച്ച്.ആര്‍.ഡി.യില്‍ ആറുമാസത്തെ കമ്പ്യൂട്ടര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതോടെ ലതികയ്ക്ക് കമ്പ്യൂട്ടര്‍ ഹരമായിക്കഴിഞ്ഞിരുന്നു. ആദ്യമായി പൂര്‍ത്തിയാക്കുമ്പോള്‍ ആ കോഴ്‌സിന് ഒരു പേരുപോലും ഉണ്ടായിരുന്നില്ല. പില്‍ക്കാലത്താണ് ജാവ, ഡോറ്റ്‌നെറ്റ് ഓപ്പണ്‍ സോഴ്‌സ് (പി.എച്ച്.പി.), ആര്‍.ഡി.ബി.എം.എസ്. തുടങ്ങിയവ പിറന്നത്- ലതിക പറയുന്നു. വിവരസാങ്കേതികവിദ്യ പിന്നീട് ലതികയ്ക്ക് ജീവിതസപര്യയായി മാറി. ഐ.ടി. രംഗത്ത് ചുവടുറപ്പിച്ചുകൊണ്ട് ഒരു സ്ഥാപനം സ്വന്തമായുണ്ടാക്കി. അറപ്പുഴയിലെ തന്റെ വസതിയോടനുബന്ധിച്ച് ഐ.ടി. ഫിനിഷിങ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ച് അവര്‍ ബഹുദൂരം മുന്നേറി.

ബി.ടെക്കും എം.സി.എ.യും കഴിഞ്ഞ നിരവധി പേരാണ് പഠനത്തിനായി 'ഫൈന്‍ എഡ്ജി'ല്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഉത്തരമലബാറിലെ വിവിധ ജില്ലകളില്‍നിന്ന് പതിവായി ഐ.ടി. അഭ്യസനത്തിനായി എത്തുന്നവരെ അക്കാദമിക് പ്രൊജക്ടുകള്‍ അഭ്യസിപ്പിച്ച് അവ ചെയ്യിപ്പിച്ചാണ് തിരിച്ചയയ്ക്കുന്നത്. ഐ.ടി. ഫിനിഷിങ് സ്‌കൂളായതിനാല്‍ ആറുമാസത്തെ പരിശീലനം തേടാനായി ഐ.ടി. കാമ്പസുകളില്‍ ജോലികിട്ടിയവരും ഒട്ടേറെ 'ഫൈന്‍ എഡ്ജി'ല്‍ വന്നുകൊണ്ടിരിക്കുന്നു.

ആപ്‌ടെക്കിന്റെ കോഴിക്കോട് കേന്ദ്രത്തില്‍ ഫാക്കല്‍റ്റിയായി ജോലിയില്‍ പ്രവേശിച്ച് പിന്നീട് അവിടെ അക്കാദമിക് ഹെഡ് ആയി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ വകുപ്പുകളും ബാങ്കുകളും '90 കളില്‍ കംപ്യൂട്ടര്‍ വത്കരണത്തിന്റെ പാതയിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ പലതലങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് കോര്‍പ്പറേറ്റ് പരിശീലനം നല്‍കാനുള്ള അവസരവും ലതികയ്ക്ക് ലഭിച്ചിരുന്നു. ഐ.ടി.യോടുള്ള അഭിനിവേശവും പ്രതിബദ്ധതയും ഒന്നുകൊണ്ട് മാത്രമാണ് അനുദിനം ഈ രംഗത്ത് വര്‍ധിച്ചുവരുന്ന മാറ്റങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ഒപ്പം ഉറച്ച കാല്‍വെക്കാന്‍ കഴിയുന്നതെന്ന് ലതിക സത്യനാഥ് പറയുന്നു. തന്നോടൊപ്പം പലരും ഈ രംഗത്ത് നിന്ന് വിട പറഞ്ഞിട്ടും നൂതനവും കാലികവും വിജ്ഞാനപ്രദവുമായ മാറ്റങ്ങള്‍ ഒരു തപസ്യപോലെ സ്വായത്തമാക്കിയതാണ് പിടിച്ചു നില്‍കാന്‍ സഹായിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലായി ഇക്കഴിഞ്ഞ രണ്ടു ദശാബ്ദത്തിനകം ലതികയില്‍ നിന്ന് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറില്‍ ഉന്നതപരിശീലനം പൂര്‍ത്തിയാക്കിയ ശിഷ്യര്‍ ജോലി നോക്കുന്നുണ്ട്. പ്രോഗ്രാമിങ് ലാംഗ്വേജുകളെക്കുറിച്ചുള്ള പുസ്തകങ്ങളും പഠന പരമ്പരകളും ലതിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ഐ.ടി. കമ്പനികളില്‍ പ്ലേസ്‌മെന്റ് ലഭിച്ച ഉടന്‍ ഫൈന്‍ എഡ്ജിലെത്തി അടിസ്ഥാനഭാഷകളില്‍ പ്രാവീണ്യം നേടി പോകുന്നവരുടെ എണ്ണം നിരവധിയാണ്. വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും കൂടാതെ അധ്യാപകര്‍, കോര്‍പ്പറേറ്റ് പ്രൊഫഷന്‍സ് ഐ.ടി. ഡെവലപ്പേഴ്‌സ് തുടങ്ങിയവരും ആധുനിക സോഫ്റ്റ്‌വേറുകളില്‍ പ്രാവീണ്യം നേടാനെത്തുന്നു. പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് അപ്‌ഗ്രേഡ്‌ചെയ്തുകൊടുക്കാനുള്ള സഹായവും ഫൈന്‍ എഡ്ജില്‍ ലഭ്യമാണ്. ആദ്യ ബാച്ചിലെ അഞ്ച് ബിടെക്കുകാരുടെ പ്രേരണയോടെ 'ഫൈന്‍ എഡ്ജ് ഐ.ടി. സൊല്യൂഷന്‍'എന്ന പേരില്‍ ഐ.ടി. വികസനകേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

കോഴിക്കോട് ഡിസ്ട്രിക് കോ.ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായ എം.പി. സത്യനാഥ് ആണ് ലതികയുടെ ഭര്‍ത്താവ് മനുപ്രസാദ് ( ഇന്ത്യന്‍ ബാങ്ക്), ലക്ഷ്മി (ഫറോക്ക് വെനേറിനി സ്‌കൂള്‍) എന്നിവര്‍ മക്കളും.

lathikasathyanath@yahoo.com, 9446041520