MATHRUBHUMI RSS
Loading...
വിജയത്തിന്റെ നെറ്റിപ്പട്ടം
അഞ്ജന ശശി

തൃശ്ശൂര്‍ വാടാനപ്പള്ളിക്കടുത്തുള്ള കണ്ണംകുളങ്ങര എന്ന ഗ്രാമത്തിലെ ഇടുങ്ങിയ റോഡുകള്‍ കടന്ന്, കരിങ്കല്‍ച്ചീളുകള്‍ മാത്രം പതിച്ച പാതയിലൂടെയുള്ള യാത്ര ചെന്നെത്തുന്നത് മദര്‍ കോളനിയിലാണ്... ഒരേപോലുള്ള ഏഴെട്ട് വീടുകള്‍... പണ്ടെങ്ങോ തേച്ച പെയിന്റ് നിറം മങ്ങി അവിടവിടെ മാത്രം കാണാം. ഒരു വീടിന്റെ അടുക്കളയും അടുത്ത വീടിന്റെ വരാന്തയും വേലിക്കെട്ടിനാല്‍ വേര്‍തിരിക്കാത്ത ആ കോളനിയിലേക്ക് കയറുമ്പോള്‍ നജീബ ഓടിവന്നു: ''വരൂന്ന് പറഞ്ഞതോണ്ട് കാത്തിരിക്കായിരുന്നു. സാധനങ്ങളെടുക്കാന്‍ ഇന്ന് പോണ്ട ദിവസാണെ, വാ... ''

വഴിയും മുറ്റവും ഒന്നുതന്നെ. ചൂണ്ടിക്കാണിച്ച വീട്ടിലേക്ക് കയറാന്‍ കാലെടുത്തുവെച്ചപ്പോള്‍ത്തന്നെ അത്ഭുതം തോന്നി. നെറ്റിപ്പട്ടങ്ങളും വര്‍ണനൂലുകളും വെണ്ണക്കുടങ്ങളും ചേര്‍ന്ന മറ്റൊരു ലോകത്തിലേക്കുള്ള യാത്ര... ഒരുകൊച്ചു വീടിനുള്ളില്‍ നജീബയെന്ന യുവതിയുടെ കഠിന പരിശ്രമത്തിന്റെ കഥകളുടെ നേര്‍സാക്ഷ്യം...

നമ്മുടെയൊക്കെ കാറുകളിലും വീട്ടിലും അലങ്കാരത്തിനായി തൂക്കിയിടുന്ന ചെറിയ നെറ്റിപ്പട്ടങ്ങളും വെണ്ണക്കുടങ്ങളും മുതല്‍ വലിയ നെറ്റിപ്പട്ടങ്ങള്‍ വരെ നജീബയുടെ ശേഖരത്തിലുണ്ട്. മലേഷ്യയിലെ കോലാലമ്പൂരിലെ ഹോട്ടലിന്റെ സ്വീകരണമുറിയില്‍ തൂക്കിയ വലിയ നെറ്റിപ്പട്ടത്തില്‍ തന്റെ കരവിരുതുണ്ടെന്ന് പറയുമ്പോള്‍ നജീബയുടെ കണ്ണുകള്‍ അഭിമാനത്താല്‍ തിളങ്ങുന്നു... തന്റെ ജീവിതത്തോടൊപ്പം ചുറ്റുമുള്ള നിരവധി യുവതികളുടെ ജീവിതങ്ങളും കരുപ്പിടിപ്പിക്കുന്നുണ്ട് ഇന്ന് നജീബ. സീസണാവുമ്പോള്‍ 200- ഓളം പേരാണ് നജീബയ്‌ക്കൊപ്പം ജോലി ചെയ്യുന്നത്. ജീവിതത്തിന്റെ കയ്പും മധുരവും നിറച്ച് നജീബ തീര്‍ക്കുന്ന വിസ്മയ ലോകമാണിത്.

''കരുവന്തലയിലാണ് എന്റെ വീട്. കൂലിപ്പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ജീവിതമാര്‍ഗം. ഭര്‍ത്താവ് മുഹമ്മദിന്റെ വീടും എന്റെ വീടിന്റെ ഏതാണ്ട് അടുത്താണ്. കെട്ടുകണ്ടംന്ന് പറയും. അങ്ങോര്‍ക്ക് പാലക്കാട് ടൈലറിങ് ജോലിയായിരുന്നു. കല്യാണം കഴിഞ്ഞ് എന്നേം പാലക്കാട്ടേക്ക് കൊണ്ടുപോയി. കഷ്ടപ്പാടുകളില്‍ നിന്ന് അല്‍പ്പം ആശ്വാസം നേടിയെന്നു കരുതി സമാധാനിച്ചിരുന്നപ്പോഴാണ് ഭര്‍ത്താവിന് വയ്യാതായത്. കുറേക്കാലത്തേക്ക് ജോലിയൊന്നും ചെയ്യാന്‍ പറ്റാതായി. ഭര്‍ത്താവിനെ തിരിച്ചു കിട്ടില്ലെന്നുവരെ പറഞ്ഞ അവസ്ഥയുണ്ടായി. ഒന്നും ഞാന്‍ വിചാരിച്ചതല്ല, ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ആരും കരുതിക്കാണില്ല. എല്ലാം ദൈവത്തിന്റെ അനുഗ്രഹം തന്നെ. ദിവസത്തില്‍ പത്തുരൂപ പോലും എടുക്കാനില്ലാത്ത കാലം എനിക്കുണ്ടായിരുന്നു. ഇന്ന് അതോര്‍ക്കുമ്പോള്‍ത്തന്നെ പേടിതോന്നുന്നു... ''

എന്തു ചെയ്യണമെന്നറിയാത്ത ദിനങ്ങളിലൊന്നില്‍ ഇസാഫ് മൈക്രോ ഫിനാന്‍സില്‍ നിന്ന് ലോണെടുത്താണ് ഇങ്ങനെയൊരു സംരംഭം നജീബ തുടങ്ങുന്നത്. കുടുംബശ്രീ പോലൊക്കെയുള്ള പ്രവര്‍ത്തനമാണ് ഇസാഫിന്റേതെന്ന കേട്ടറിവില്‍ രണ്ട് ഫോട്ടോയും റേഷന്‍ കാര്‍ഡിന്റെ കോപ്പിയും കൊടുത്ത് അതില്‍ അംഗമായി.

നെറ്റിപ്പട്ടമുണ്ടാക്കുന്നതില്‍ വീടിനടുത്തുള്ള വാസുവാണ് നജീബയുടെ ഗുരു. നല്ല ക്ഷമ വേണ്ട ജോലിയാണിത്. ശരിയായി ചെയ്തില്ലെങ്കില്‍ കമ്പിയും നൂലുമൊക്കെ വെറുതെ പോകും. നെറ്റിപ്പട്ടത്തിന്റെ ചെറിയ മോഡലാണ് ആദ്യം കൈയില്‍ തന്നത്. ഒറ്റരാത്രി കൊണ്ട് നൂലുകെട്ടാന്‍ പഠിച്ചു. ചെയ്യുന്ന പണിക്കായിരുന്നു കൂലി. ഒരു കഷണം ഒട്ടിക്കുന്നതിന് 50 പൈസ. പിന്നീട് സ്വന്തമായി ചെയ്യാമെന്ന വിശ്വാസം കൈവന്നപ്പോള്‍ കോളനിയിലെ കുറച്ച് സ്ത്രീകളെ കൂട്ടുപിടിച്ച് അതിനായി പ്രയത്‌നിച്ചു. ആത്മവിശ്വാസം മാത്രമായിരുന്നു അവര്‍ക്ക് കൂട്ടുണ്ടായിരുന്നത്. പണി നന്നായി ചെയ്യാമെന്നായപ്പോള്‍ ആവശ്യക്കാരുമുണ്ടായി. ഇപ്പോള്‍ ഈ കോളനിയിലെ സ്ത്രീകളടക്കം 70 ഓളം പേര്‍ നജീബയ്ക്ക് കൂട്ടുണ്ട്. സീസണാവുമ്പോള്‍ 200 പേര്‍ക്ക് വരെ തൊഴില്‍ നല്‍കാന്‍ നജീബയ്ക്ക് സാധിക്കും. മാസം ഇരുപതിനായിരം രൂപയോളം കൈയില്‍ കിട്ടും. കടം വീട്ടി, ജീവിതച്ചെലവുകളും കിഴിച്ചാല്‍ 6,000 രൂപയോളം കൈയില്‍ വെക്കാം.

പണം കൈയില്‍ വരാന്‍ തുടങ്ങിയതോടെ ജീവിതത്തിന് അല്പം മാറ്റമുണ്ടായി. ഭര്‍ത്താവിന് ചികിത്സ കഴിഞ്ഞ് പണി ചെയ്ത് തുടങ്ങാമെന്നായി. നെറ്റിപ്പട്ടം കെട്ടിയുണ്ടാക്കിയ പണം കൂടിയെടുത്താണ് ഇക്കാനെ ഗള്‍ഫില്‍ അയച്ചത്. മൂത്തമകന്‍ മുഹസിന്റെ പഠനത്തിന് വഴിയൊരുക്കിയതും ഈ തൊഴിലില്‍ നിന്ന് കിട്ടിയ വരുമാനം കൊണ്ടുതന്നെ. മുഹസിന്‍ സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ഗള്‍ഫിലാണ്. മറ്റ് രണ്ട് മക്കള്‍, ആഷിക്കും ആരിഫും വിദ്യാര്‍ഥികളാണ്.

ഭര്‍ത്താവ് മുഹമ്മദ് ഇപ്പോള്‍ പോളിഷ് ജോലികള്‍ക്ക് പോവുന്നുണ്ട്. കുറച്ച് സ്ഥലവും ഒരു വീടുമായിരുന്നു നജീബയുടെ സ്വപ്നങ്ങള്‍. അതില്‍ ഭൂമി എന്ന സ്വപ്നം യാഥാര്‍ഥ്യമാവാന്‍ ദിവസങ്ങള്‍ മാത്രം. ഇനി കയറിക്കിടക്കാന്‍ സ്വന്തമായി ഒരു ചെറിയ വീടിനുള്ള ശ്രമത്തിലാണവര്‍.