MATHRUBHUMI RSS
Loading...
മാലാഖമാരിലെ കണ്‍മണി

നഴ്‌സിങ് ബിരുദവുമായി സിവില്‍ സര്‍വീസിലെത്തിയ ഇന്ത്യയിലെ ആദ്യത്തെ പെണ്‍കുട്ടി ആനീസ് കണ്‍മണി ജോയ് എഴുതുന്നു...


നഴ്‌സിങ്ങും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയ ശേഷം ഒരു ദിവസം കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ആ യാത്രയില്‍ കൂടെയുണ്ടായിരുന്ന ഒരു ബന്ധുവാണ് സിവില്‍ സര്‍വീസ് സാധ്യതകളെക്കുറിച്ച് പറയുന്നത്. 'നഴ്‌സിങ്ങിനുശേഷം ഇനിയെന്ത്' എന്നാലോചിക്കുന്ന സമയമായിരുന്നു അത്.

തിരുവനന്തപുരത്ത് ട്രെയിനിറങ്ങുമ്പോള്‍ മനസ്സു മുഴുവന്‍ സിവില്‍ സര്‍വീസ് ചിന്തകളായിരുന്നു. സിവില്‍ സര്‍വീസ് എഴുതാന്‍ നഴ്‌സിങ് ബിരുദം മതിയോ? സംശയം തീര്‍ക്കാന്‍ വിളിച്ചവരൊക്കെ 'ഒരു നഴ്‌സ് സിവില്‍ സര്‍വീസ് നേടിയതായി ഇതുവരെ കേട്ടിട്ടില്ല' എന്ന മറുപടിയാണ് തന്നത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു നഴ്‌സിങ് ഉള്‍പ്പെടെ ഏതു ബിരുദമെടുത്തവര്‍ക്കും സിവില്‍ സര്‍വീസ് എഴുതാമെന്ന്.

ഞാനെന്റെ ആഗ്രഹം ആദ്യം പറഞ്ഞത് പപ്പയോടാണ്. ഞാനൊരു ഐ.എ.എസ്സുകാരിയാകണമെന്ന് പപ്പ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ, പ്ലസ് ടു കഴിഞ്ഞപ്പോള്‍ എല്ലാവരേയുംപോലെ ഞാനും മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി. 919 ആയിരുന്നു റാങ്ക്. അതുവെച്ച് കിട്ടാവുന്നത് നഴ്‌സിങ്ങാണ്. അങ്ങനെ നഴ്‌സിങ്ങിന് ചേര്‍ന്നു. പക്ഷേ, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിക്കാനെത്തിയപ്പോള്‍ മനസ്സിലായി ഞാന്‍ തിരഞ്ഞെടുത്ത കോഴ്‌സ് എന്തുകൊണ്ടും മികച്ചതാണെന്ന്. ആ പഠനകാലം വലിയൊരു അനുഭവമായിരുന്നു. ഒരുപാട് ആളുകളെ കാണാനും പരിചയപ്പെടാനും സാധിച്ചു. സാധാരണക്കാരായ ആളുകളുമായുള്ള ബന്ധംവഴി നാടിനെ അടുത്തറിഞ്ഞു. ദുരിതമനുഭവിക്കുന്നവരുടെ വേദനകള്‍ നമ്മുടേതുകൂടിയായിത്തോന്നി.

ഞാന്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതാനുള്ള അപേക്ഷ തയ്യാറാക്കുമ്പോള്‍ നഴ്‌സിങ്ങിന് കൂടെ പഠിച്ചവരൊക്കെ വിദേശത്തേക്ക് പറക്കാനുള്ള ഒരുക്കത്തിലായിരുന്നു. പലര്‍ക്കും മികച്ച ശമ്പളമാണ് വിദേശത്ത് ഓഫര്‍ ലഭിച്ചത്. അതോടെ പരിചയക്കാര്‍ പലരും ചോദിച്ചു, ''കിട്ടുമോയെന്ന് യാതൊരു ഗ്യാരണ്ടിയുമില്ലാത്ത സിവില്‍ സര്‍വീസിനുവേണ്ടി നഴ്‌സിങ് ജോലി ഉപേക്ഷിക്കണോ?'' ചിലപ്പോഴൊക്കെ എനിക്കും അതുതന്നെ തോന്നി. പക്ഷേ, പപ്പ കരുത്തായി കൂടെ നിന്നു, ''നീ നിന്റെ ഇഷ്ടത്തിനനുസരിച്ചുവേണം പ്രവര്‍ത്തിക്കാന്‍. ഇപ്പോള്‍ ചെറുപ്പമാണ്. ഈ പ്രായത്തില്‍ സിവില്‍ സര്‍വീസ് എഴുതിയില്ലെങ്കില്‍ പിന്നീടൊരിക്കലും അതിനു പറ്റിയെന്നു വരില്ല.'' ഞാന്‍ വേറെയൊന്നും ആലോചിച്ചില്ല. സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഡല്‍ഹിക്ക് പുറപ്പെട്ടു.

2010 മെയില്‍ പ്രിലിമിനറി പാസ്സായി. മെയിന്‍ പരീക്ഷയ്ക്ക് സൈക്കോളജിയും മലയാള സാഹിത്യവുമായിരുന്നു ഐച്ഛികവിഷയങ്ങള്‍. മലയാള സാഹിത്യത്തിന് പാലാ സെന്റ് തോമസ് കോളേജിലെ പരിശീലന ക്ലാസ് ഉപയോഗപ്പെടുത്തി. ഫലം പുറത്തുവന്നപ്പോള്‍ 580-ാം റാങ്ക്. അതനുസരിച്ച് കിട്ടിയത് ഇന്ത്യന്‍ സിവില്‍ എക്കൗണ്ട്‌സ് സര്‍വീസ് (ഐ.സി.എ.എസ്). ഫരീദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശീലനത്തിന് ചേര്‍ന്നത്. അവിടെ എത്തിയശേഷമാണ് ഒരു തവണകൂടി സിവില്‍ സര്‍വീസ് എഴുതിയാലോ എന്നാലോചിക്കുന്നത്. അങ്ങനെ 2011- ലെ പരീക്ഷ എഴുതി. ഇക്കുറി പരിശീലനത്തിനൊന്നും പോയില്ല. എങ്കിലും ആദ്യതവണത്തേക്കാള്‍ കൂളായി പരീക്ഷ എഴുതാന്‍ പറ്റി. 65-ാം റാങ്കും കിട്ടി.

എന്റെ വീട്

പിറവം ഓണക്കൂറിലെ ഒരു ഇടത്തരം കുടുംബമാണ് എന്റേത്. പപ്പ ജോയ്‌പോള്‍ കര്‍ഷകന്‍. അമ്മ ലീല വീട്ടമ്മയും. അനിയത്തി എല്‍സ. അവള്‍ എം.എസ്‌സി. നഴ്‌സിങ് പഠിക്കുന്നു.

പിറവം ഫാത്തിമ മാതാ സ്‌കൂളിലാണ് ഞാന്‍ പത്താം ക്ലാസ് വരെ പഠിച്ചത്. പ്ലസ് ടു കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലും. എസ്.എസ്.എല്‍.സി.ക്ക് 95-ഉം പ്ലസ് ടുവിന് 90- ഉം ശതമാനം മാര്‍ക്കുണ്ടായിരുന്നു.

എന്റെ കുടുംബത്തില്‍ ആദ്യമായി സിവില്‍ സര്‍വീസ് എഴുതുന്നത് ഞാനാണ്. എനിക്ക് ഈ രംഗത്ത് വഴികാട്ടികളെന്നു പറയാന്‍ ആരുമില്ല. കഠിനാധ്വാനത്തിന് തയ്യാറാണെങ്കില്‍ സിവില്‍ സര്‍വീസ് അത്ര വലിയ കടമ്പയൊന്നുമല്ല. കിട്ടില്ലെന്ന ആശങ്കയോടെ പരീക്ഷയെ സമീപിക്കരുത് എന്നേയുള്ളൂ. കിട്ടാന്‍ വേണ്ടിയാണ് എഴുതുന്നത് എന്നു മനസ്സില്‍ ഉറപ്പിച്ചാണ് ഞാന്‍ സിവില്‍ സര്‍വീസ് പരീക്ഷയെ നേരിട്ടത്.

വായനക്കാര്യത്തിലും പഠനത്തിലും ഒരു വിട്ടുവീഴ്ചയും എന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ദിവസം എട്ടു മണിക്കൂര്‍ പഠനത്തിനുമാത്രമായി നീക്കിവെച്ചു. ഇംഗ്ലീഷ്, മലയാളം പത്രവായനയും ടി.വി.യില്‍ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ കാണുന്നതും പതിവാക്കി. ആനുകാലിക സംഭവങ്ങളെക്കുറിച്ച് ചാനല്‍ ചര്‍ച്ചകളേക്കാള്‍ ഗൗരവമായ ചര്‍ച്ചകള്‍ ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ നടക്കാറുണ്ടായിരുന്നു.

ചിലപ്പോഴൊക്കെ പഠനത്തിന്റെ സമ്മര്‍ദം പ്രശ്‌നങ്ങളുണ്ടാക്കും. ഇത് ആത്മവിശ്വാസത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സിനിമ കാണുന്നതും പുറത്ത് കൂട്ടുകാര്‍ക്കൊപ്പം കറങ്ങാന്‍ പോകുന്നതും അച്ഛനമ്മമാരോട് സംസാരിച്ചിരിക്കുന്നതും നന്നായി ഉറങ്ങുന്നതുമൊക്കെ സമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗങ്ങളായി.

നഴ്‌സിങ് എന്ന സാമൂഹ്യസേവനം

'നഴ്‌സ് എന്ന നിലയില്‍ ഒരു അഡ്മിനിസ്‌ട്രേറ്റര്‍ ആകാനുള്ള ആനീസിന്റ ഗുണങ്ങള്‍ എന്തൊക്കെയാണ്?'', അപ്രതീക്ഷിതമായിരുന്നില്ല ഇന്റര്‍വ്യു ബോര്‍ഡിന്റെ ചോദ്യം. ഒരു നഴ്‌സായ ഞാന്‍ തീര്‍ച്ചയായും ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നു. ഞാന്‍ പറഞ്ഞു, ''നഴ്‌സ് എപ്പോഴും ജനങ്ങളുമായി ഇടപഴകുന്നു. സമൂഹത്തില്‍ പല തട്ടിലുള്ളവരുമായാണ് അവര്‍ സംവദിക്കുന്നത്. ഒരു രോഗിക്ക് ചിലപ്പോള്‍ അടിയന്തര ചികിത്സ ആവശ്യമായി വരാറുണ്ട്. മിക്കപ്പോഴും ആ സമയത്ത് ഡോക്ടര്‍മാര്‍ അടുത്തുണ്ടായിരിക്കണമെന്നില്ല. ഉത്തരവാദിത്തത്തോടെ അത്തരമൊരു നിര്‍ണായകഘട്ടം നേരിടേണ്ടി വരുന്നവരാണ് നഴ്‌സുമാര്‍. ഇതെല്ലാം ഒരു സിവില്‍ സര്‍വീസ് ഓഫീസര്‍ക്കും വേണ്ട ഗുണങ്ങളാണ്. നഴ്‌സ് നഴ്‌സിങ് ദ പേഷ്യന്റ്, കലക്ടര്‍ നഴ്‌സിങ് ദ സൊസൈറ്റി.''

ഒരു മണിക്കൂര്‍പോലും ഞാന്‍ നഴ്‌സായി ജോലി ചെയ്തിട്ടില്ല. എങ്കിലും ഒരു നഴ്‌സായി അറിയപ്പെടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. നഴ്‌സിങ്ങിനേക്കാള്‍ വലിയ സാമൂഹ്യ പ്രവര്‍ത്തനമില്ല. ഇപ്പോള്‍ എത്രയോ നഴ്‌സുമാര്‍ എന്നെ വിളിക്കുന്നു. എന്റെ നേട്ടം അവര്‍ക്കും അഭിമാനമുണ്ടാക്കിയെന്നു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ന്യായമായ വേതനം ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ നഴ്‌സുമാര്‍ സമരത്തിലാണ്. വളരെ വേദനാജനകമായ കാര്യമാണിത്. മാനേജ്‌മെന്റുകളുടെ നിലപാടില്‍ മാറ്റം വരുമെന്നും നഴ്‌സുമാര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, അതിനായി പ്രാര്‍ഥിക്കുന്നു.

സ്വപ്‌നങ്ങള്‍

റാങ്ക് കിട്ടിയതുകൊണ്ടുമാത്രം നല്ല അഡ്മിനിസ്‌ട്രേറ്റര്‍ ആകുന്നില്ല. സമൂഹത്തിന് ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയണം. ഈ വിജയത്തിന്റെ ക്വാളിറ്റി അന്നേ തീരുമാനിക്കാന്‍ പറ്റൂ. ഇന്ത്യയില്‍ എവിടെയും ജോലിചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്. എന്നെക്കൊണ്ട് പ്രയോജനം കിട്ടുന്നവര്‍ സംതൃപ്തരായിരിക്കണം എന്ന മോഹമേ എനിക്കുള്ളൂ.