MATHRUBHUMI RSS
Loading...
മിടുമിടുക്കി
ശര്‍മിള

തിരിഞ്ഞുനോക്കാതെ ഓടുകയായിരുന്നു അഞ്ജന. ഒരു മിനുട്ട് വെറുതെയിരിക്കാതെ...സ്‌കൂള്‍, രണ്ട് കരാട്ടെ കഌസുകള്‍, എല്‍പി കുട്ടികള്‍ക്കുള്ള ട്യൂഷന്‍, പലഹാരബിസിനസ്സ്...ആഴ്ചയ്ക്ക് ഒന്‍പത് ദിവസങ്ങളുണ്ടായിരുന്നെങ്കില്‍ എന്ന് ഇടയ്ക്കവള്‍ വിചാരിക്കും. ''എങ്കില്‍ രാവിലെ കുറച്ചുനേരം കൂടി മൂടിപ്പുതച്ചുറങ്ങാമായിരുന്നു. വീട്ടില്‍ പകല്‍ ചുമ്മാ കഴിച്ച്കൂട്ടാമായിരുന്നു...,'' അത്രയേ ഉള്ളൂ പഌസ് വണ്‍കാരി അഞ്ജനയുടെ മോഹം. അല്ലാതെ കൂട്ടുകാരികളൊത്ത് ബീച്ചില്‍ കറങ്ങണമെന്നോ മാളില്‍ പോയി പിസ കഴിക്കണമെന്നോ അല്ല. അല്ലെങ്കിലും കാസര്‍കോട്ടെ തൃക്കരിപ്പൂരുള്ള മാണിയാട്ട് എന്ന കൊച്ചു ഗ്രാമത്തില്‍ അതിനൊക്കെ എവിടെ സ്‌കോപ്പ്! അഞ്ജനയുടെ ജീവിതം ഒരു ചെറുസമരം തന്നെയാണ്. അച്ഛനമ്മമാര്‍ തരുന്ന കാശ് 'അടിച്ചുപൊളിക്കുന്ന' ഇന്നത്തെ ടീനേജുകാരുടെ ലൈഫ്‌സ്റ്റൈലുമായി അതിന് താരതമ്യം പോലുമില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഈ പെണ്‍കുട്ടി നേടിയെടുത്ത വിജയം ആരേയും അമ്പരപ്പിക്കും.

മാണിയാട്ട് കവലയില്‍ അഞ്ജനയുടെ വീടന്വേഷിച്ചപ്പോള്‍ വഴി പറഞ്ഞുതരാന്‍ ആളുകള്‍ക്ക് ഉത്സാഹം. മാതൃഭൂമിയില്‍ അഞ്ജനയെക്കുറിച്ച് വാര്‍ത്ത വന്നിരുന്നു. അതില്‍പ്പിന്നെ മാണിയാട്ടിന്റെ സ്റ്റാറാണ്. പിവിസി ക്വാട്ടഴ്‌സിന് സമീപം റോഡരികില്‍ ഒരു കൊച്ചുവാടകവീട്. ഉമ്മറക്കോലായയില്‍ തൂണുംചാരിയിരുന്ന് പഠിക്കുന്ന പെണ്‍കുട്ടി ചാടിയെഴുന്നേറ്റു. 'ഇതാണ് അഞ്ജന,' വീട് കാണിക്കാന്‍ വന്ന നാട്ടുകാരന്‍ അഭിമാനത്തോടെ പരിചയപ്പെടുത്തി. ഇന്ന് അഞ്ജന സ്്കൂളില്‍ പോയില്ല. വീട്ടില്‍ത്തന്നെ. പഠിച്ചും ഇടയ്ക്ക് അടുക്കളയില്‍ അമ്മയെ സഹായിച്ചും...''അപ്പം സപ്്‌ളൈ കഴിഞ്ഞ് ഏഴുമണിക്കാ വന്ന് കിടന്നത്. നോക്കുമ്പോള്‍ അമ്മയും ഏട്ടനും അമ്പലത്തില്‍ പോയിരിക്കുന്നു. ബോധം കെട്ടപോലെ ഉറങ്ങി. വാതില് പോലും അടയ്ക്കാതെ. ഒന്‍പതേകാലിന് അമ്മ വന്നുവിളിച്ചപ്പോഴാ ഉണര്‍ന്നത്. പിന്നെ സ്‌കൂളില്‍ പോവേണ്ടെന്ന് വെച്ചു. കുഴപ്പമില്ല. ഇന്ന് ആന്വല്‍ഡേയുടെ പ്രാകടീസ് ഉള്ളതോണ്ട് കഌസ് കാര്യമായില്ല,''ബുക്കുകള്‍ അടുക്കിവെക്കുന്നതിന്നിടയില്‍ അഞ്ജന പറഞ്ഞു. പയ്യന്നൂര്‍ ഐ.എസ്.ഡി.സി.ബി.എസ്.ഇ.സ്‌കൂള്‍ പഌസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് ഈ പെണ്‍കുട്ടി.

സമയത്തിന് മുമ്പേ...

അഞ്ജനയുടെ ഒരു ദിവസം എങ്ങനെയെന്ന് നോക്കാം. പക്ഷെ അതെവിടെനിന്നാണ് പറഞ്ഞുതുടങ്ങുക! ഇടതടവില്ലാത്ത ഒാട്ടമല്ലേ. രാപ്പകലില്ലാതെ...വൈകീട്ട്് സ്‌കൂള്‍ വിട്ട് അഞ്ജന കരാട്ടെ കഌസിലേയ്ക്ക് പോവുകയാണ്. 30 കുട്ടികള്‍ക്ക് ഒരു മണിക്കൂര്‍ ട്രെയിനിങ്ങ്. വിയര്‍പ്പിറ്റുന്ന മുഖം തുടച്ച് കരാട്ടെയുടെ യൂണിഫോമില്‍ത്തന്നെ അഞ്ജന ഇറങ്ങി. അവിടുന്ന് നേരെ നടക്കാവിലെ കരാട്ടെ കഌസിലേക്ക്. അതും കഴിഞ്ഞ് വീട്ടിലേക്കാണ്. അവിടെ ഉമ്മറത്ത് മൂന്ന് നാല് പീക്കിരിപ്പിള്ളേര്‍ അഞ്ജനയെ കാത്തിരിപ്പുണ്ട്. മാത്ത്‌സ് ട്യൂഷന്‍. ഇപ്പോള്‍ ഒന്നു ഫ്രീ ആയതിന്റെ ഉത്സാഹമുണ്ട് മുഖത്ത്. യൂണിഫോം മാറ്റി, കുളിച്ച്, സന്ധ്യയ്ക്ക് പ്രാര്‍ത്ഥിച്ച് കുറച്ചുനേരം അമ്മയും ചേട്ടനുമായി ഓരോന്ന് പറഞ്ഞിരിക്കുന്നു...''ഇനി പഠിക്കാനിരിക്കും ഞാന്‍. പത്തുമണിവരെ,'' അഞ്ജന പറഞ്ഞു.

തൃക്കരിപ്പൂര്,ചീമേനി,നീലേശ്വരം,കാസര്‍കോഡ് ഭാഗങ്ങളിലെ അപ്പം സപ്‌ളൈ ആണ് അഞ്ജനയുടെ കുടുംബത്തിന്റെ ജീവിതമാര്‍ഗ്ഗം. ''അമ്മ രാത്രി പത്ത് മണിക്ക് അപ്പത്തിനുള്ള മാവ് തയ്യാറാക്കിവെക്കും. ചേട്ടനും അമ്മയും ചേര്‍ന്ന് നൂല്‍പുട്ട്, ഇഡ്ഡലി,വെള്ളയപ്പം എന്നിവ ഉണ്ടാക്കിത്തുടങ്ങും. അപ്പൊഴൊക്കെ ഞാന്‍ ഉറങ്ങുകയായിരിക്കും. ചേട്ടന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞ് സ്വന്തമായി തുടങ്ങിയ ബിസിനസ്സാണ്. ആദ്യം കുറച്ചു സുഹൃത്തുക്കള്‍ക്കൊപ്പം ടൗണില്‍ ഒരു മുറിയെടുത്താണ് ചേട്ടന്‍ അപ്പം ഉണ്ടാക്കി. അന്ന് 30 കിലോ മാവുകൊണ്ടാണ് അപ്പമുണ്ടാക്കിയിരുന്നത്. ഒപ്പമുള്ളവര്‍ കല്ല്യാണം കഴിഞ്ഞും മറ്റു ജോലി തേടിയും ബിസിനസ് വിട്ടുപോയി. ഞാനും അമ്മയും പറഞ്ഞു, വീട്ടില്‍ വെച്ചുണ്ടാക്കാമെന്ന്. അപ്പം ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടുതുടങ്ങി. ഇപ്പൊ 90 കിലോ മാവുകൊണ്ട് അപ്പമുണ്ടാക്കുന്നു,'' ഏഴ് വര്‍ഷം മുന്‍പാണ് അച്ഛന്‍ പ്രദീപ് മരിച്ചത്. അമ്മ സുജാത,ചേച്ചി അഞ്ജലി, ചേട്ടന്‍ കണ്ണന്‍, ഏട്ടത്തിയമ്മ രാഗിതയും കുഞ്ഞും അടങ്ങുന്നതാണ് അഞ്ജനയുടെ കുടുംബം.

പലഹാരം പായ്ക്ക് ചെയ്യുന്ന ജോലിയാണ് അഞ്ജനയുടേത്. ''വെളുപ്പിന് രണ്ട് മണിക്ക് അമ്മ എന്നെ വിളിച്ചുണര്‍ത്തും. പാക്കിങ്ങ് ഫുള്‍ ഞാനാ. ഓരോ കടയ്ക്കും ഇത്ര അപ്പം എന്ന് കണക്കുണ്ട്. എനിക്കതൊക്കെ മന:പാഠാ. പൊതിഞ്ഞ് സ്ലിപ്പൊട്ടിച്ച് വെയ്ക്കും. ഏട്ടന്‍ നന്നേ വെളുപ്പിന് ഓട്ടോയില്‍ അപ്പം സപ്‌ളൈ ചെയ്യാന്‍ പോവും. ഒരു ആറ് മണിക്ക് എന്റെ സ്‌കൂട്ടിയില്‍ അപ്പവുമായി ഞാനും പോവും. തൃക്കരിപ്പൂരും ചെറുവത്തൂരും ഞാനാ സപ്‌ളൈ. ഹോട്ടലുകള്‍ക്ക് മുന്നില്‍ ചെന്ന് ഹോണടിക്കും. അവര്‍ വന്ന് പായ്ക്കറ്റുകള്‍ വാങ്ങും. നാടല്ലേ...എല്ലാരും നല്ലവരാ. ചില അപ്പൂപ്പന്മാര് എന്നെ ചായ കുടിക്കാന്‍ വിളിക്കും. നല്ല തണുപ്പുള്ള ദിവസമാണേല്‍ ഞാനൊരു ചായ വാങ്ങി കുടിക്കും. തിരിച്ച് വീട്ടിലെത്തിയാല്‍ ഒരു മണിക്കൂര്‍ ഉറങ്ങും. അല്ലെങ്കില്‍ ശരിയാവില്ല. എട്ട് മണിക്ക് ചേട്ടന്‍ എന്നെ വിളിച്ചുണര്‍ത്തും. എട്ടരയ്ക്ക് സ്‌കൂളില്‍ പോവണമല്ലോ.''

കരാട്ടെ കിഡ്

സ്‌കൂളിലെ സ്ഥിരം കുട്ടിവില്ലന്മാര്‍ പോലും അഞ്ജനയോട് വഴക്കിടാറില്ല. 'യ്യോ,അവള് കരാട്ടെയാടാ,'പയ്യന്മാര്‍ പറയും. മൂന്നാം കഌസില്‍ പഠിക്കുമ്പോഴാണ് അഞ്ജന കരാട്ടെ പഠിക്കുന്നത്. ''എനിക്ക് കിഡ്‌നിക്ക് ചെറിയൊരു അസുഖം വന്നിരുന്നു. കുറച്ചുനാള്‍ മരുന്ന് കഴിച്ചപ്പോള്‍ അസുഖം മാറി. അന്ന് സ്വതവേ ഉഷാറില്ലാത്ത കുട്ടിയായിരുന്നു ഞാന്‍. എന്തെങ്കിലും ആയോധനകല പഠിക്കുന്നത് നല്ലതാണെന്ന് ഡോക്ടര്‍ പറഞ്ഞു. അടുത്തുള്ള കരാട്ടെ കഌസില്‍ ചേര്‍ന്നതങ്ങനെയാണ്.'' ഇപ്പോള്‍ നീലേശ്വരത്തെ കരാട്ടെ ഇന്‍സ്ട്രക്റ്റര്‍ കെ.എം.ഷാജുവിന്റെ ശിഷ്യയാണ്.

പ്രത്യേകതയൊന്നുമില്ലാതെ സാധാരണ ഒരു പെണ്‍കുട്ടിയായി വളരുമായിരുന്നു അഞ്ജന. പക്ഷെ അഞ്ച് വര്‍ഷത്തെ കാരാട്ടെപരിശീലനം അവളുടെ ജീവിതത്തെ പലവിധത്തില്‍ മാറ്റി. ''നല്ല ധൈര്യം വന്നു എനിക്ക്. ക്ഷീണമെല്ലാം മാറി. ആത്മവിശ്വാസം വര്‍ദ്ധിച്ചു. എന്ത് പ്രതിസന്ധി വന്നാലും തളര്‍ന്നുപോവാതെ നേരിടാന്‍ പഠിച്ചു.''കരാട്ടെ ജീവനോപാധികൂടിയായി...''കല്‍പ്പറ്റയില്‍ നടന്ന ബഌക്‌ബെല്‍റ്റ് ടെസ്റ്റില്‍ എന്റെ പെര്‍ഫോമന്‍സ് കണ്ട് തൃപ്തിയായ ഇന്‍സ്ട്രക്റ്റര്‍ ഷിഹാന്‍.വി.ശശിധരനാണ് എനിക്ക് കരാട്ടെ കഌസ് എടുക്കാമെന്ന് പറഞ്ഞത്. എന്റെ സാര്‍ വേണ്ട സൗകര്യം ചെയ്തുതന്നു. തൃക്കരിപ്പൂരാണ് ആദ്യം കഌസ് തുടങ്ങിയത്. അഞ്ച് കുട്ടികള്‍. പിന്നെ കുട്ടികള്‍ കൂടി. 15 പേര്‍. കഌസ് നടത്താന്‍ നടക്കാവില്‍ ഹാള്‍ വാടകയ്‌ക്കെടുത്തു. എനിക്ക് ബഌക്‌ബെല്‍റ്റ് കിട്ടിയ വാര്‍ത്തയറിഞ്ഞ് സ്‌കൂളില്‍ കരാട്ടെ കഌസ് വേണമെന്ന് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ മൊത്തം 75 കുട്ടികളുണ്ട്. അവര്‍ നല്‍കുന്ന ഫീസ് കൊണ്ട് എന്റെ സ്‌കൂള്‍ഫീസ് അടഞ്ഞ്‌പോവുന്നു.'' ഇക്കഴിഞ്ഞ ജനവരി കല്‍പ്പറ്റയില്‍ നടന്ന നാഷണല്‍ കരാട്ടെ ടൂര്‍ണമെന്റില്‍ രണ്ട് സ്വര്‍ണവും ഒരു ബ്രോണ്‍സും നേടി അഞ്ജന. അതുവഴി മറ്റൊരു ഭാഗ്യവും. വരുന്ന ആഗസ്തില്‍ ജപ്പാനില്‍ വെച്ചുനടക്കുന്ന ലോക കരാട്ടെ മത്സരത്തിന് സെലക്ഷന്‍ കിട്ടി. ജപ്പാന്‍ യാത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍ അഞ്ജനയ്ക്ക് ഒരു അനിശ്ചിതത്വം....''പോവണം, പക്ഷെ അറിയില്ല എങ്ങനെയെന്ന്. ഒന്നുമറിയില്ല. ചെലവ് കുറച്ച് സ്‌കൂള്‍ എടുക്കുമായിരിക്കും. നോക്കട്ടെ പോവണം...എന്തായാലും ഞാന്‍ ഇപ്പോള്‍ത്തന്നെ ജപ്പാനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചുതുടങ്ങി. നല്ല രസമുണ്ട്. മാത്രമല്ല, അവിടെ വെച്ച് എനിക്ക് കരാട്ടെ ഗ്രാന്റ് മാസ്റ്ററുടെ അടുത്ത് നിന്ന് ട്രെയിനിങ്ങ് കിട്ടും. റെഡ്‌ബെല്‍റ്റ് ജപ്പാന്‍ ആണ് അദ്ദേഹം.റിയുതിരോ ടോമോ യോരി എന്നാണ് മാസ്റ്ററുടെ പേര്,'' യാത്രയെക്കുറിച്ചുള്ള സ്വപ്‌നവും ആവേശവും മറച്ചുവെച്ചില്ല അഞ്ജന. കരാട്ടെക്ക് പുറമെ തൈക്കോണ്ടോ എന്ന മാര്‍ഷ്യല്‍ ആര്‍ട്ടില്‍ ഗ്രീന്‍ ബെല്‍റ്റ് നേടിയിട്ടുണ്ട്.

എന്റെ സ്‌കൂള്‍

സ്‌കൂളാണ് അഞ്ജനയുടെ പ്രിയപ്പെട്ട ലോകം. കുട്ടുകാരെക്കുറിച്ചും അധ്യാപകരെപ്പറ്റിയും പറയാന്‍ തുടങ്ങിയാല്‍ നിര്‍ത്താന്‍ നന്നെ പ്രയാസപ്പെടും...''എന്റെ കഌസില്‍ 11 കുട്ടികളുണ്ട്. അതില്‍ ഞങ്ങള്‍ ഏഴു പെണ്‍കുട്ടികളും. ഞങ്ങളെല്ലാം നല്ല കമ്പനിയാ. ഞാന്‍ ടൂര്‍ണമെന്റിന് പോവുമ്പോള്‍ നോട്‌സ് എനിക്കായി പകര്‍ത്തിവെക്കുക അവരാണ്. ചില ദിവസം ഉറക്കം ശരിയായില്ലെങ്കില്‍ ഫ്രീ പിരീഡില്‍ കഌസിലിരുന്ന് ഉറങ്ങാറുണ്ട്. എന്നെ ആരും ഉണര്‍ത്താതിരിക്കാന്‍ കൂട്ടുകാരികള്‍ കാവല്‍ നില്‍ക്കും. രാവിലത്തെ തിരക്കില്‍ എനിക്കധികം ഭക്ഷണം കഴിക്കാന്‍ പറ്റാറില്ല. ചോറ് പൊതിഞ്ഞുതരാന്‍ അമ്മയ്ക്ക് ഒട്ടും നേരമുണ്ടാവുകയുമില്ല. ഉച്ചയ്ക്ക് കാന്റീനില്‍ നിന്ന് കഴിക്കും. കാന്റീനില്ലാത്ത ദിവസം എന്റെ ഏഴുകൂട്ടുകാരികളും കൂടി എന്നെ പിടിച്ചിരുത്തി അവര്‍ കൊണ്ടുവന്ന ഭക്ഷണം തീറ്റിക്കും.''


പഠിക്കാനും മിടുക്കി തന്നെ... കഴിഞ്ഞ സി.ബി.എസ്.ഇ പത്താം തരം പരീക്ഷയില്‍ 98 % മാര്‍ക്കുണ്ടായിരുന്നു അഞ്ജനയ്ക്ക്. ''സോഷ്യല്‍ പഠിപ്പിക്കുന്ന ജയലളിതാ മാഡത്തിന് എന്റെ വീട്ടിലെ കാര്യങ്ങള്‍ അറിയാം. ടീച്ചറോടാണ് ഞാനെന്റെ സന്തോഷവും ദുഖവുമെല്ലാം പറയുക. പിന്നെ പ്രിന്‍സിപ്പാള്‍ രാജശേഖരന്‍പിള്ള സാര്‍. എന്തു കാര്യത്തിനും എന്നെ വിളിക്കും. മനോജ് സാര്‍, പ്രദീപ് സാര്‍,വിനയന്‍ സാര്‍...''

യാത്ര പറയുമ്പോള്‍ അഞ്ജന ഒരു രഹസ്യം പറഞ്ഞു, ''കിരണ്‍ ബേദിയോട് എനിക്ക് ആരാധനയാണ്. അഞ്ചാം കഌസ് തൊട്ടേ. വലുതായിട്ട് ഐ.പി.എസ് എടുക്കണമെന്ന് ഞാന്‍ വിചാരിക്കാറുണ്ട്...ഡിഗ്രി കഴിഞ്ഞിട്ട് സിവില്‍ സര്‍വ്വീസ് എഴുതണം.'' വഴിയില്‍ കാണുന്നവരൊക്കെ അഞ്ജനയെ ഒരു വീരനായികയെപ്പോലെ അഭിവാദ്യം ചെയ്യുന്നു. അഞ്ജനയ്ക്ക് നേരിയ ചമ്മല്‍...''ഞാനിത് സ്ഥിരമായി ചെയ്യുന്നതല്ലേ. അതെന്റെ പണിയല്ലേ. മാതൃഭൂമി വാര്‍ത്ത വായിച്ച് എനിക്ക് അത്ഭുതം തോന്നി. ഞാനിങ്ങനെയായിരുന്നോ ജീവിച്ചിരുന്നത് എന്ന്!''