MATHRUBHUMI RSS
Loading...
സ്വപ്നചിറകില്‍...വിജയം കൈപ്പിടിയില്‍
ശര്‍മിള

പഠനം ഇവര്‍ക്ക് പുറംലോകത്തേക്കുള്ള കുതിപ്പായിരുന്നു. വിദേശങ്ങളില്‍ ഉന്നതവിദ്യാഭ്യാസരംഗത്തുള്ള മൂന്ന് യുവതികള്‍ അനുഭവങ്ങള്‍ പങ്കിടുന്നു...


സ്‌കൂളില്‍ എബൗവ് ആവറേജ് ആയ പെണ്‍കുട്ടി. ഒരിക്കല്‍ അവള്‍ക്ക് കൗതുകമുള്ള ഒരു വിഷയം പഠിക്കാന്‍ കിട്ടി. പിന്നെ പഠനത്തിന്റെ ഉയരങ്ങളിലേക്ക് നടന്നുകയറുകയായിരുന്നു ഡെന്‍മാര്‍ക്കില്‍ നിന്നും നിമി ഗോപാലകൃഷ്ണന്‍.

വിദേശപഠനം എന്ന ആശയം എങ്ങിനെ വന്നു?

ഒരിക്കല്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ ഒരു ഇന്‍ഡോ-ഡച്ച് ഫോട്ടോണിക്‌സ് വര്‍ക്‌ഷോപ്പില്‍ പങ്കെടുത്തിരുന്നു. വളരെ ഇന്ററസ്റ്റിങ്ങായിരുന്നു. ഒരുപാട് പുതിയ കാര്യങ്ങള്‍... ആ സമയത്ത് ഡിപ്പാട്ട്‌മെന്റിലെ ചില ഗവേഷകര്‍ വിദേശസര്‍വ്വകലാശാലകളില്‍ പോയി പിഎച്ച്ഡി ചെയ്തിരുന്നു. അവര്‍ ഇടയ്ക്ക് വന്ന് ആ നാടുകളിലെ അനുഭവങ്ങള്‍ പങ്കുവെക്കുമായിരുന്നു. അങ്ങനെ ഞാനും വിദേശപഠനം മനസില്‍ കണ്ട് തുടങ്ങി...ഫൈനല്‍ സെമസ്റ്ററില്‍, ബാംഗഌര്‍ എന്‍സിബിഎസ്സിലാണ് ഞാന്‍ പ്രൊജക്റ്റ് ചെയ്തത്. വിദേശസര്‍വ്വകലാശാലകളില്‍ പിഎച്ച്ഡിക്ക് ഞാന്‍ അപേക്ഷിച്ചുതുടങ്ങി. അതിന്നിടയില്‍ കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ കാക്കനാടുള്ള 'നെസ്റ്റ് ഫോട്ടോണിക്‌സി 'ല്‍ എനിക്ക് ജോലി ലഭിച്ചു. ജോലി സ്വീകരിക്കണോ അതോ എന്റെ സ്വപ്‌നമായ പിഎച്ച്ഡിക്ക് ശ്രമിക്കണോ...ശരിക്കും കുഴങ്ങിപ്പോയി. ഒടുവില്‍ എന്‍സിബിഎസ്സില്‍ ജെആര്‍എഫോടെ തുടരാന്‍ തന്നെ തീരുമാനിച്ചു.

വിദേശത്ത് പിഎച്ച്ഡി അഡ്മിഷന്‍ എളുപ്പമാണോ?

ടെക്‌നിക്കല്‍ യൂണിവാഴ്‌സിറ്റി ഓഫ് ഡെന്‍മാര്‍ക്കിന്റെ (ഡി.ടി.യു.) വെബ്‌സൈറ്റിലൂടെയാണ് പിഎച്ച്ഡിക്ക് അപ്‌ളൈ ചെയ്തത്. ആപ്ലിക്കേഷന്‍ അവര്‍ പരിഗണിച്ചു. പേഴ്‌സണല്‍ ഇന്‍ര്‍വ്വ്യൂവിന് ഡെന്‍മാര്‍ക്കിലേക്ക് വിളിച്ചു. ഞാന്‍ പോയി വര്‍ക്ക് അവതരിപ്പിച്ചു. അവര്‍ കുറച്ചു സംശയങ്ങള്‍ ചോദിച്ചു. അത്രമാത്രം. വിചാരിച്ച പോലെ പേടിസ്വപ്‌നമായിരുന്നില്ല ആ ഇന്റര്‍വ്വ്യു. ഏറ്റവും പുതിയ ഒരു പഠനമേഖലയാണ് ഫോട്ടോണിക്‌സ്. ലേസറും ഫൈബര്‍ ഒപ്റ്റിക്‌സുമാണ് ഞാന്‍ പഠിച്ചത്. സ്‌കോളര്‍ഷിപ്പോ ഗ്രാന്‍ഡോ ഉണ്ടെങ്കില്‍ മാത്രമേ വിദേശപഠനത്തിന്റെ ചെലവുകള്‍ താങ്ങാനാവൂ.ഡെന്‍മാര്‍ക്കില്‍ പിഎച്ച്ഡി ചെയ്യുക ഒരു തൊഴില്‍ ചെയ്യുന്നതിന് തുല്ല്യമാണ്. ശമ്പളം വളരെ ഉയര്‍ന്നത്. കഴിഞ്ഞ ആഗസ്്ത് 15 ന് എനിക്ക് പിഎച്ച്ഡി അവാര്‍ഡ്് ചെയ്തു. വളരെയധികം ആഗ്രഹിച്ച ഒരു കാര്യം സഫലമായതിന്റെ ആഹഌദം പറയാവുന്നതിലപ്പുറമാണ്. ഇപ്പോള്‍ നോര്‍വെയില്‍ പോസ്റ്റ് ഡോക്ടോറല്‍ റിസര്‍ച്ച് ചെയ്യാനൊരുങ്ങുകയാണ് ഞാന്‍. എന്റെ ഭര്‍ത്താവ് ഡോ.ദീപക് വിജയകു മാര്‍ ഇവിടെ ഡാന്‍ടെക് ഡയ്‌നാമിക്‌സ് എന്നൊരു ഫേമില്‍ ഡവലപ്പ്‌മെന്റല്‍ എഞ്ചിനീയറാണ്.

പഠിപ്പിസ്റ്റ് കുട്ടിയായിരുന്നോ?

പത്താം കഌസ് വരെ ഏബൗവ് ആവറേജ്. പഌസ്ടുവിനും വലിയ മാര്‍ക്കൊന്നുമില്ല. മെഡിക്കല്‍-എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ് റിസല്‍റ്റും മോശം.എന്‍ട്രന്‍സ് കോച്ചിങ്ങ് സെന്ററില്‍ ജോയിന്‍ ചെയ്തു. ആ സമയം 'കുസാറ്റി'ല്‍ ഫോട്ടോണിക്‌സില്‍ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സിനുള്ള എന്‍ട്രന്‍സ് ഇക്‌സാമിന് അപേക്ഷ ക്ഷണിച്ചിരുന്നു. അതുവരെ ഫോട്ടോണിക്‌സ് എന്നൊരു വിഷയത്തെക്കുറിച്ച് കേട്ടിട്ട്‌പോലുമില്ല. പക്ഷെ കുസാറ്റ് എന്‍ട്രന്‍സിന് ഞാന്‍ ഉയര്‍ന്ന റാങ്ക് നേടി. അടുത്ത വര്‍ഷം മെഡിക്കല്‍ എന്‍ട്രന്‍സിന് സ്‌കോര്‍ ചെയ്യാന്‍ പറ്റിയാല്‍ ഫോട്ടോണിക്‌സ് വിടാമെന്നായിരുന്നു പഌന്‍. കോഴ്‌സ് തുടങ്ങി. ഞാന്‍ പോലുമറിയാതെ ഫോട്ടോണിക്‌സ് എന്റെ തലയ്ക്കു പിടിച്ചു.

നിങ്ങളെ സ്വാധീനിച്ച കാര്യങ്ങള്‍?

എനിക്ക് വലിയ പ്രേരണയായ സ്ത്രീയാണ് ശാസ്ത്രജ്ഞ കല്‍പ്പനാ ചൗള. പിന്നെ എന്റെ രക്ഷിതാക്കള്‍ (അച്ഛന്‍ കെ. ഗോപാലകൃഷ്ണന്‍ നായര്‍, അമ്മ പി. ലീല). അമ്മ എപ്പോഴും, എന്തുചെയ്യുമ്പോഴും എന്നെ വിശ്വാസത്തോടെ പിന്തുണച്ചു. അച്ഛന്‍ ഒരിക്കലും മടിപിടിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

ഹാപ്പിയസ്റ്റ് കണ്‍ട്രിയല്ലേ ഡെന്മാര്‍ക്ക്?

വിമാനത്താവളത്തില്‍ നിന്നും യൂണിവാഴ്‌സിറ്റിയിലേക്കുള്ള എന്റെ ആദ്യ ട്രെയിന്‍ യാത്ര എങ്ങിനെ മറക്കും! പാതയ്ക്കിരുവശവും വിശാലമായ പച്ചപ്പുല്‍മേടുകള്‍.ആരോ മനോഹരമായ ഒരു പെയിന്റിങ്ങ്് നിവര്‍ത്തിവെച്ചപോലെ... ഞാനെത്തുമ്പോള്‍ ഡെന്‍മാര്‍ക്കില്‍ സമ്മറാണ്. എങ്കിലും രാത്രികാലങ്ങളില്‍ ഭയങ്കര തണുപ്പായിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് സൂര്യന്‍ ഉദിച്ചുകഴിഞ്ഞാല്‍, അസ്തമിക്കുക രാത്രി എട്ടുമണിക്ക്. ഡെന്‍മാര്‍ക്കിന്റെ പ്രകൃതി സുന്ദരമാണ്. തെരുവുകളിലെ കെട്ടിടങ്ങള്‍ മിക്കവയും കാഴ്ചയ്ക്ക് ഒരുപോലെയാണ്. അവ ആഡംബരപൂര്‍ണമല്ല, ലളിതവും മനോഹരവുമാണ്. ഡാനിഷ് ഭാഷ കടുകട്ടി. പക്ഷെ എല്ലാവരും നല്ല ഒഴുക്കന്‍ ഇംഗഌഷിലും സംസാരിക്കും. സമ്മറില്‍ എല്ലാവരും വളരെ കുറച്ച് വസ്ത്രങ്ങളേ ധരിക്കൂ. അന്ന് ടീഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ചവര്‍ക്കിടയില്‍ ഞാന്‍ മാത്രം ജീന്‍സും ജാക്കറ്റുമണിഞ്ഞ് നടന്നു.

നാട് വിട്ടുള്ള ജീവിതം എങ്ങിനെ...?

വന്ന ഉടന്‍ ഏകാന്തത കടുത്തതായിരുന്നു. ഡിടിയു കാമ്പസിലെ ഹോസ്റ്റലിലാണ് ഞാന്‍ താമസിച്ചത്. സമയം കിട്ടുമ്പോഴെല്ലാം സ്‌കൈപ്പില്‍ വീട്ടുകാരോടും കൂട്ടുകാരോടും സംസാരിച്ചു. സ്‌കാന്‍ഡിനേവിയക്കാര്‍ മറ്റുള്ളവരെ അധികം ശ്രദ്ധിക്കില്ല. അതുകൊണ്ട് എനിക്കിവിടെ പുറംനാട്ടുകാരിയാണെന്ന വിഷമം ഉണ്ടായിട്ടില്ല. ഇന്നാട്ടുകാര്‍ സുന്ദരന്മാരും സുന്ദരികളുമാണ്.നന്നേ വെളുത്ത ചര്‍മ്മവും ഭംഗിയുള്ള നീലക്കണ്ണുകളും...നല്ല ഉയരം. ചുരുണ്ട മുടി. ഉയര്‍ന്ന ഫാഷന്‍ സെന്‍സുള്ളവര്‍. അമ്മൂമ്മമാര്‍ വരെ അടിപൊളിയായാണ് നടക്കുക. അവര്‍ക്കിടയില്‍ എനിക്ക് സ്വയം ഒരു തവളയെപ്പോലെ തോന്നി. ബസിലൊക്കെ എനിക്ക് മുകളില്‍ പിടിക്കാന്‍ എത്തില്ല. ഉയരക്കാര്‍ക്കുള്ള ബസല്ലേ...

ഭക്ഷണവുമായി പൊരുത്തപ്പെട്ടോ?

അധികം വേവിക്കാത്ത മാംസമാണ് ഇവര്‍ കഴിക്കുക. ബ്രൗണ്‍ ബ്രഡിന് മുകളില്‍ ഒരുവിധം എല്ലാ സാധനങ്ങളും വെച്ച് സാന്‍വിച്ചുണ്ടാക്കും. മുട്ടയും ചെമ്മീനും വെച്ച ഒന്നാണ് ഞാനാദ്യമായി കഴിച്ചത്. പച്ച ചെമ്മീനാണെന്ന് വിചാരിച്ച് വല്ലായ്മ തോന്നി..പക്ഷെ അത് സ്‌മോക്ക് ചെയ്തിരുന്നുവത്രെ. സോഷ്യല്‍ ഡ്രിങ്കിങ്ങാണ് യൂറോപ്പില്‍ സൗഹൃദങ്ങള്‍ക്ക് അടിത്തറയിടുക. എനിക്കാണെങ്കില്‍ അതൊക്കെ അപരിചിതവും. ഒടുവില്‍ കുറച്ച് വൈനും തീരേ സ്‌പൈസി അല്ലാത്ത ഡാനിഷ് ഫുഡും രുചിച്ച് ഞാനുമവരുടെ ചങ്ങാത്തങ്ങളിലേക്ക് ചേര്‍ന്നു.പിന്നെ കൂട്ടുകാര്‍ക്ക് ക്ഷാമമുണ്ടായിട്ടില്ല.

കാമ്പസ് ജീവിതമോ?

കഌസ്‌മേറ്റ്‌സ് സ്ഥിരമായി ആരുമുണ്ടാവില്ല. ഓരോ ഡിപ്പാട്ട്‌മെന്റും ഓരോയിടത്താണ്. അധ്യാപകരെ ഫസ്റ്റ് നെയിം ആണ് വിളിക്കുക. ഒരു ലക്ചര്‍ നാലുമണിക്കൂര്‍ ഉണ്ടാവും. ഓരോ മണിക്കൂറിലും ബ്രേക്കുണ്ടാവും. ഇതിനൊന്നും നിങ്ങള്‍ പങ്കെടുത്തോ എന്ന് ആരും നോക്കില്ല.വേണ്ടത് പഠിക്കുക. അതാണ് രീതി. വിദ്യാര്‍ത്ഥികള്‍ ഇത്ര ഗ്രേഡുകള്‍ നേടണമെന്നുണ്ട്.

സ്ത്രീകള്‍ എത്ര സ്വതന്ത്രരാണ്?

ഒരു സ്ത്രീയ്ക്ക് ഡെന്‍മാര്‍ക്ക് ശരിക്കുമൊരു സ്വര്‍ഗ്ഗമാണ്. അര്‍ദ്ധരാത്രിപോലും സ്ട്രീറ്റിലൂടെ സ്ത്രീകള്‍ക്ക് പേടിക്കാതെ നടക്കാം. ഓവറായി മദ്യപിച്ച പുരുഷന്മാര്‍ പോലും സ്ത്രീകളോട് അപമര്യാദയായി പെരുമാറാറില്ല. ജീവിതപങ്കാളിയെ സ്വയം തെരഞ്ഞടുക്കാം. അവരവര്‍ക്കിഷ്ടമുള്ള മതത്തിലോ സംസ്‌ക്കാരത്തിലോ ചേരാം. എല്ലാ ജോലികളിലും സ്ത്രീകളെ കാണാം. ഈ സ്ത്രീകളെല്ലാം അവരുടെ ടീനേജില്‍ കുടുംബം വിട്ട് താമസിക്കുന്നു. സ്‌കൂള്‍ വിദ്യഭ്യാസത്തിന് ശേഷം യാത്ര ചെയ്യാനും സ്ഥലങ്ങള്‍ കാണാനും പുറപ്പെടും. 30-35 വയസിലാണ് സ്്ത്രീ-പുരുഷന്മാര്‍ സെറ്റില്‍ ചെയ്യുന്നത്. വിവാഹബന്ധം ശരിയാവുന്നില്ലെന്ന് കണ്ടാല്‍ പ്രശ്‌നത്തിനിടനല്‍കാതെ പിരിയും.കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ ആണുങ്ങള്‍ നന്നായി സഹായിക്കും. തീരെ ചെറിയ കുഞ്ഞുങ്ങളേയും എടുത്ത് നടക്കുന്ന ചെറുപ്പക്കാരായ അച്ഛന്മാരെ കാണാം. ഒരേയൊരു കുഴപ്പം പെണ്ണുങ്ങളുടെ പുകവലിയാണ്്. പെണ്‍കുട്ടികള്‍ക്ക് പുകവലി അഡിക്ഷനാണ്.

വലുത് ജീവിതം തന്നെ

മകള്‍ പഠിച്ച് മിടുക്കിയാവണം എന്നാഗ്രഹിച്ച ഒരച്ഛന്‍. അച്ഛന്റെ ആ ഗ്രഹങ്ങള്‍ക്കൊത്തുയര്‍ന്ന മകള്‍. ഇറ്റലിയില്‍ നിന്ന് ഹരിത ഹരിദാസ് കണ്ണീരും ചിരിയുമുള്ള അനുഭവം പങ്കിടുന്നു.

ഉയരങ്ങളിലെത്താന്‍ പ്രചോദനം?

കുട്ടിയായിരുന്നപ്പോല്‍ 'നിനക്ക് ആരാവണം' എന്നാരെങ്കിലും ചോദിച്ചാല്‍ ഞാന്‍ ചുമ്മാ പറയും, 'എനിക്ക് ശാസ്ത്രജ്ഞയാവണം'എന്ന്. അതെന്താണെന്നൊന്നും അറിഞ്ഞിട്ടല്ല അന്ന്. വലുതായപ്പോള്‍ ബയോളജിയായി എന്റെ ഇഷ്ടവിഷയം. കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്‌ളോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ എപ്പോഴും 'ടോപ്പ് ഫൈവി'ല്‍ ഞാനുണ്ടായിരുന്നു. സയന്‍സിന്റെ കൗതുകങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് എന്റെ അച്ഛന്‍ ഹരിദാസ് മാമ്പള്ളിയാണ.് എഫ്.എ.സി.ടി.യില്‍ കെമിസ്റ്റായിരുന്നു അദ്ദേഹം. അച്്ഛന്‍ നന്നായി വായിക്കും. അച്ഛനുമായുള്ള ചില ചര്‍ച്ചകള്‍ക്കിടയിലാണ് റിസര്‍ച്ച് ചെയ്യാനുള്ള താല്‍പ്പര്യം എന്നില്‍ വളര്‍ന്നത്.ബാംഗഌര്‍ യൂണിവാഴ്‌സിറ്റിയില്‍ ബി.എസ്സ്.സിക്ക് പഠിക്കുമ്പോള്‍ ഒരു സയന്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ആന്നാദ്യമായി, സയന്റിഫിക് കമ്മ്യൂണിറ്റിയില്‍ ഞാനുമൊരു അംഗമാണ് എന്നെനിക്ക് തോന്നി.ആ കോണ്‍ഫറന്‍സ് ആവേശകരമായിരുന്നു.കേട്ട ഓരോ ലക്ചറും ഞാന്‍ വിടാതെ എഴുതിയെടുത്തു. പരിചയപ്പെട്ട ഓരോ സയന്റിസ്റ്റിനോടും എനിക്ക് ആരാധന തോന്നി. 2000-ത്തില്‍ ബാംഗഌര്‍ ഐ.ഐ.എസ്.സിയില്‍ നടന്ന കോണ്‍ഫറന്‍സ് ഓര്‍ക്കുന്നു. ലൈറ്റ്‌സൊക്കെ ഡിമ്മായി, പ്രസന്റേഷന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കൂട്ടുകാരിയോട് മന്ത്രിച്ചു, ' വിശ്വസിക്കാന്‍ കഴിയുമോ? ഭയങ്കര വിവരമുള്ള ആളുകള്‍ക്ക് നടുവിലാണ് നാം,' എന്ന്. എനിക്ക് മുന്നിലിരുന്ന ശാസത്രജ്ഞരെ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു ഞാന്‍. ധിഷണാശാലികളെങ്കിലും കാഴ്ചയ്ക്കും പെരുമാറ്റത്തിലും എന്തൊരു എളിമയും ലാളിത്യവുമാണവര്‍ക്ക് എന്നത് എന്നെ അമ്പരപ്പിച്ചു.എന്നെങ്കിലുമൊരിക്കല്‍ എനിക്കും അവരെപ്പോലെയാവണം, ഞാന്‍ മനസിലുറച്ചു.

പോണ്ടിച്ചേരി യൂണിവാഴ്‌സിറ്റിയില്‍ നിന്നും ലൈഫ്‌സയന്‍സില്‍ മാസ്റ്റേഴ്‌സ് എടുത്തു.സയന്‍സ് കൂടുതല്‍ പഠിക്കാനുറച്ച്, ബാംഗഌരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് അപ്‌ളൈഡ് ബയോടെക്‌നോളജിയില്‍ പി.ജി.ഡിപ്‌ളോമ കോഴ്‌സിന് ചേര്‍ന്നു. ഗവേഷണസാധ്യതകളെപ്പറ്റി കൂടുതല്‍ മനസിലാക്കുന്നത് അവിടുന്നാണ്. നല്ലൊരു വഴികാട്ടിയായിരുന്നു അവിടുത്തെ കോഴ്‌സ് മേധാവി ഡോ.ക്ഷിതിഷ് ആചാര്യ.

വിദേശ കാമ്പസില്‍ ഒറ്റപ്പെട്ടോ?

ഇറ്റലിയിലെ യൂഡിന്‍ സര്‍വ്വകലാശാലയില്‍ 'ബയോമെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ബയോടെക്‌നോളജി'യിലാണ് ഞാന്‍ പിഎച്ച്ഡി ചെയ്തത്. യൂണിവാഴ്‌സിറ്റിയില്‍ വിദേശികള്‍ സമീപമുണ്ടെങ്കില്‍ എല്ലാവരും ഇംഗഌഷില്‍ സംസാരിക്കും. കാമ്പസിന് പുറത്ത് ഇറ്റാലിയന്‍. എനിക്കെന്ത് മനസിലാവാന്‍! കഷ്ടപ്പെട്ടിട്ടുണ്ട് ഭാഷ മനസിലാവാതെ... മാര്‍ക്കറ്റില്‍ ഷാംപു വാങ്ങാന്‍ പോയാല്‍ മണിക്കൂറുകളോളം ചര്‍ച്ചയാണ്. ലുങ്കൊ എന്നാല്‍ ലോങ്ങ്. സെക്കൊ എന്നാല്‍ ഡ്രൈ. ലിസിയോ എന്നാല്‍ സ്മൂത്ത്...പതുക്കെ ഞാന്‍ ഇറ്റലിക്കാരി ആവാനൊരുങ്ങി. എനിക്ക് ഒന്നാം വര്‍ഷം യങ്ങ് ഇന്ത്യന്‍ റിസര്‍ച്ചര്‍മാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഉണ്ടായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പും.

ഇതിനിടയില്‍ നാട്ടില്‍ അച്ഛന് വയ്യാതായി. എന്നെന്നേക്കുമായി അച്ഛന്‍ ഞങ്ങളെ വിട്ടുപോയി. നാട്ടില്‍ അമ്മയുടെ (അമ്മ ലേഖ ഹരിദാസ്) അരികെത്തന്നെ നിന്നു ഞാന്‍. കരിയറിനേക്കാള്‍ വലുത് ജീവിതമാണെന്ന് മനസിലായ നിമിഷങ്ങള്‍. യൂഡിനിലേക്ക് തിരികെ വരേണ്ട സമയമായപ്പോഴേക്കും ഞാനമ്മയെ ഇന്റര്‍നെറ്റും വെബ്കാമും ഉപയോഗിക്കാന്‍ പഠിപ്പിച്ചു.ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടേതായ വ്യത്യസ്തവഴികളിലൂടെ വെല്ലുവിളികളെ നേരിടാനും സാഹചര്യവുമായി പൊരുത്തപ്പെടാനുമുള്ള ശ്രമത്തിലായിരുന്നു.

ഇറ്റലിക്കാര്‍ വര്‍ക്ക്‌ഹോളിക്ക് ആണോ ?

ഇറ്റലിയില്‍ ഒരേയൊരു നിയമമേയുള്ളു. 'ജോലി ചെയ്യുക, സ്വതന്ത്രരാവുക'. ഇവിടെ റിസര്‍ച്ച് ഫില്‍ഡില്‍ ധാരാളം മലയാളികളുണ്ട്. ആഷ,സഞ്ജീവ്,നിജില്‍...ഓണത്തിനും വിഷുവിനും ക്രിസ്മസിനുമെല്ലാം ഒത്തുചേരും. നല്ല ഇറ്റാലിയന്‍ കൂട്ടുകാരുമുണ്ട്. ഞങ്ങള്‍ ഇടയ്ക്ക് പോയി ഇറ്റാലിയന്‍ കോഫി കുടിക്കും. വളരെ പോസിറ്റീവായി ചിന്തിക്കുന്നവരാണ് ഇറ്റലിക്കാരികള്‍. വിദ്യാഭ്യാസത്തിന് വലിയ വിലയുണ്ട് ഇവിടെ. നാലു വര്‍ഷമായി ഞാന്‍ എത്തിയിട്ട്. ഇപ്പോള്‍ ഇറ്റാലിയന്‍ ഭാഷ കുഴപ്പമില്ലാതെ സംസാരിക്കും. ഇറ്റാലിയന്‍ ലൈഫ്‌സ്റ്റൈല്‍ കെയര്‍ഫ്രീ ആണ്. ഇവിടെ ആരും വീക്കെന്‍ഡില്‍ വര്‍ക്ക് ചെയ്യില്ല. വര്‍ഷത്തില്‍ ഒന്നര മാസം വെക്കേഷനും കാണും. വീക്കെന്‍ഡില്‍ ഗിറ്റാര്‍ വായിച്ചും ഡാന്‍സ് ചെയ്തും യാത്ര പോയും രസിക്കും. കുടുംബവും കൂട്ടുകാരും ഇതിലെല്ലാം പങ്കെടുക്കും.

ജീവിതം എത്ര മാറി?

ഇറ്റലി എന്നെ ഒരുപാട് മാറ്റി. പോസിറ്റീവായി ചിന്തിക്കാനും പുതിയ കാര്യങ്ങളെ മുന്‍വിധി കൂടാതെ കാണാനും പഠിച്ചു. എന്റെ വഴിയില്‍ അച്ഛനമ്മമാരുടെ സ്‌നേഹം കൂടാതെ നല്ല കുറേ അധ്യാപികമാരുടെ പിന്തുണയുമുണ്ടായിരുന്നു. കോഴിക്കോട് സെന്റ് ജോസഫ്‌സിലെ അധ്യാപികമാര്‍ സിസ്റ്റര്‍ റൊസാരിറ്റ, വാല്‍റിന്‍ കാസ്റ്റലിനൊ...സ്‌കൂള്‍ വിട്ടിട്ട് വര്‍ഷങ്ങളായെങ്കിലും അവരെപ്പോഴും നല്ല വാക്കുകള്‍ തന്ന്് എന്റെ കൂടെ നിന്നു. പുതുവര്‍ഷത്തില്‍, ജനവരിയില്‍ എന്റെ പിഎച്ച്ഡി തീസിസ് സബ്മിറ്റ് ചെയ്യാനൊരുങ്ങുകയാണ് ഞാന്‍. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട തന്മാത്രകളെക്കുറിച്ചാണ് എന്റെ ഗവേഷണം. ഫലപ്രദമായ മരുന്നുകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.

ആഘോഷങ്ങളുടെ നാട്ടില്‍

നണ്ടെ അക്കാദമിക് യാത്ര. ഒടുവില്‍ വിദേശത്ത് തൊഴിലും ജീവിതവും. ജര്‍മനിയില്‍ നിന്നും സ്മിത രാമന്‍.

വിദേശപഠനത്തിന് സഹായകമായത് എന്തൊക്കെയാണ്?

പഠനത്തില്‍ ബഹുദൂരം പോവുക, ഒരു പാട് യാത്ര ചെയ്ത് കഴിയുന്നത്ര നാടുകള്‍ കാണുക...എന്റെ ജീവിതാഭിലാഷങ്ങളായിരുന്നു ഇവ രണ്ടും. രണ്ടും ഒരേ സമയം സഫലമാക്കിയത് വിദേശപഠനമാണ്. ജനറ്റിക്‌സില്‍ പിഎച്ച്ഡി ചെയ്യണമെന്ന് അണ്ടര്‍ഗ്രാജ്വേറ്റിന് പഠിക്കുമ്പോഴേ ആഗ്രഹമായിരുന്നു. ഡിഗ്രി-പിജി പഠനകാലത്തും വേനലവധി ഇടവേളകളിലും നാട്ടിലെ നല്ല മോളിക്യുലാര്‍ബയോളജി ലാബുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. അതെനിക്ക് നല്ല എക്‌സ്‌പോഷര്‍ നല്‍കി. വിദേശത്തെ മികച്ച ലാബുകളില്‍ അപ്‌ളൈ ചെയ്യാനുള്ള പ്രോത്സാഹനം ഇവിടെ നിന്നാണ് ലഭിച്ചത്.പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം, കുസാറ്റില്‍ മറൈന്‍ ബയോളജിയില്‍ പിജി, ജെ.എന്‍.സി ബാംഗഌരിന്റെ ഫെലോഷിപ്പുകളോടെ എന്‍.സി.ബി.എസ്, മൈസൂര്‍ യൂണിവാഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ്പും ചെയ്തു.

പഠനത്തിന്റെ സാമ്പത്തികവശമോ?

ഒരു ഇന്റര്‍-നാഷന്‍ പിഎച്ച്ഡി പ്രോഗ്രാമിന്റെ ഭാഗമായാണ് എനിക്ക് കൊളോണില്‍ അവസരം കിട്ടിയത്. 'ജര്‍മന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ' ( ഉഎഏ ) റിസര്‍ച്ച് ഗ്രാന്‍ഡുണ്ടായിരുന്നു. വന്ന ഉടന്‍ ഒരു സിംഗിള്‍ അപ്പാര്‍ട്ട്‌മെന്റിലാണ് ഞാന്‍ താമസിച്ചത്.

ജര്‍മന്‍കാര്‍ ഫ്രണ്ട്‌ലിയാണോ?

ഇന്ത്യന്‍ സംസ്‌കാരത്തില്‍ ആകൃഷ്ടരാണ് ജര്‍മന്‍ ജനത. അവര്‍ പെട്ടെന്ന് സുഹൃത്തുക്കളാവില്ല. എന്നാല്‍ ഒരിക്കല്‍ സൗഹൃദത്തിലായാല്‍ പിന്നെ പിരിയുകയുമില്ല. എനിക്ക് ഇവിടെ ബുദ്ധിമുട്ടായി തോന്നിയ കാര്യം, എന്തിനും ഏതിനും അപ്പോയിന്‍മെന്റ് എടുക്കണം എന്നതാണ്. ഔദ്യോഗിക കാര്യങ്ങള്‍ തൊട്ട് ചുമ്മാ ഒന്ന് കറങ്ങാന്‍ വരെ! ഏറെ സമയമെടുത്താണ് ഞാന്‍ ജര്‍മനിയുമായി പൊരുത്തപ്പെട്ടത്. ഏറ്റവും തടസ്സം ഭാഷയായിരുന്നു. ജര്‍മന്‍ ഭാഷ പഠിച്ചതോടെ ഞാന്‍ സമൂഹവുമായി അടുത്തു. കൃത്യസമയം എന്നതിന്റെ മറുപേരായിരിക്കണം ജര്‍മ്മന്‍കാര്‍. എല്ലാം കൃത്യ സമയത്ത് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന രീതി. എന്റെ കൂടെ പിഎച്ച്ഡി ചെയ്ത ഒരു ജര്‍മന്‍കാരനെയാണ് ഞാന്‍ വിവാഹം കഴിച്ചത്. പേര് ഗബോര്‍. ഇക്കഴിഞ്ഞ ജൂണില്‍ ഭര്‍ത്താവിനൊപ്പം ബാഴ്‌സിലോണയ്ക്ക് പോവാന്‍ വേണ്ടി ഞാന്‍ കൊളോണിലെ പോസ്റ്റ് ഡോക് ജോലി വിട്ടു. അവിടുത്തെ ക്രാഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ശാസ്ത്രജ്ഞനാണ് ഗബോര്‍.

കാലാവസ്ഥ വ്യത്യസ്തമല്ലേ?

നീണ്ട ശൈത്യത്തിന് ശേഷം വസന്തം വരുന്നത് , നഗ്നമായ മരങ്ങളില്‍ തളിരുകള്‍ പൊട്ടിമുളയ്്ക്കുന്നത്...അതെല്ലാം എന്നെ വിയ്മയിപ്പിച്ചു. സമ്മറാണ് ഏറ്റവും നല്ല പാര്‍ട്ടിടൈം. എല്ലാവരും സുഖകരമായ നീണ്ട പകലിനെ പരമാവധി വീടിന് പുറത്തുവെച്ച് തന്നെ ആസ്വദിക്കും.
സ്പ്രിങ്ങ്-സമ്മര്‍ കാലങ്ങളില്‍ യൂറോപ്പിലുടനീളം മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് ഫെസ്റ്റിവെല്‍സാണ്. ഇരുണ്ടതും വിരസവുമാണ് ശൈത്യം. ഉച്ചയ്ക്ക് മൂന്ന് മണിയോടെ പകല്‍ തീരും. പക്ഷെ ക്രിസ്തുമസ്-പുതുവര്‍ഷ ഉത്സവങ്ങള്‍ അടുക്കുമ്പോള്‍ മഞ്ഞും വിളക്കുകളുമൊക്കെയായി രംഗം മാറും. ഭംഗി ഏറും. സിനിമ,കഌബ്,പബ്,പാര്‍ട്ടികള്‍...ആഘോഷങ്ങള്‍ തീരുകയേയില്ല. എല്ലാവരും അതൊക്കെ ആസ്വദിക്കുന്നു. ബിയര്‍ കുടിക്കുക ഒരു ലൈഫ്‌സ്റ്റൈല്‍ തന്നെയാണ്.

സ്ത്രീ ജീവിതം എങ്ങിനെയാണ്?

ജോലിക്ക് പുറമെ മിക്ക സ്ത്രീകളും സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ്, യാത്ര എന്നിവയിലും ഏര്‍പ്പെടുന്നു. മൂന്ന് നാല് പേര്‍ ചേര്‍ന്ന് പൊതു അടുക്കളയും ലിവിങ്‌റൂമുമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നത് സാധാരണമാണ്. ഇരുപത് വയസ്സ് കഴിഞ്ഞവര്‍ സാമ്പത്തികസ്ഥിതി അനുസരിച്ച്, തങ്ങളുടെ പങ്കാളികളുടെ കൂടെ സ്വന്തം അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് മാറി താമസിക്കുന്നു.

രണ്ട് സഹോദരിമാരാണെനിക്ക്, സപ്‌നയും സ്‌നേഹയും. . അച്ഛന്‍ കെ.വി.രാമന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. 12 കൊല്ലം മുന്‍പായിരുന്നു അച്ഛന്റെ വേര്‍പാട്. അമ്മ സരസ്വതി രാമന്‍. ഞാന്‍ എല്ലാ വര്‍ഷവും നാട്ടില്‍ വരും. നാട്ടിലെ പല കൂട്ടുകാരുമായും പഴയപോലെ അടുപ്പമില്ലാതായി...ഇന്റര്‍നെറ്റാണ് ഒരേയൊരു അനുഗ്രഹം.