MATHRUBHUMI RSS
Loading...
എലിസബത്തിന്റെ ഉന്നം കൂടുതല്‍ ഉയരങ്ങള്‍
രജി.ആര്‍.നായര്‍

2011-ലെ സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം വാരിക്കൂട്ടിയ കോഴിക്കോട്ടുകാരി- എലിസബത്ത്. കൂടുതല്‍ ഉയരങ്ങള്‍ ലക്ഷ്യമിടാന്‍ പണച്ചെലവ് തടസ്സം നില്‍ക്കുന്നുവെങ്കിലും അവള്‍ സ്വപ്നം കാണുന്നു... ഒളിമ്പിക്‌സില്‍ രാജ്യത്തിനായൊരു സ്വര്‍ണമെഡല്‍...
എലിസബത്തിന് ഉന്നം പിഴക്കാറില്ല. പതിനഞ്ച് വയസ്സിനിടെ നേടിയെടുത്ത വിജയങ്ങളിലെല്ലാം ആ ദൃഢനിശ്ചയമാണ് അവള്‍ക്ക് കൂട്ട്. തോക്കില്‍നിന്ന് തിരയെന്ന പോലെയാണ് ഒന്നാം സ്ഥാനത്തേക്കുള്ള അവളുടെ കുതിപ്പ്. ഷൂട്ടിങ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് സ്വര്‍ണ മെഡലുകളാണ് എലിസബത്തിന്റെ നെഞ്ചില്‍ തിളങ്ങിയത്. അപ്പോഴും അര്‍ഹിച്ച ചില വിജയങ്ങള്‍ കൈപ്പിടിയിലാക്കാനാകാതെ പോയതിന്റെ വേദനയും അവള്‍ക്കുണ്ട്.

ചേവായൂര്‍ അരുണ്‍ റോഡ് 'മിറാന്‍ഡസി'ല്‍ എലിസബത്ത് ഓള്‍ഗ മിറാന്‍ഡസിന് എട്ടാം ക്ലാസ് മുതലാണ് തോക്കില്‍ കമ്പം കയറിയത്. എന്‍.സി.സി അംഗമായ മുതലായിരുന്നു അത്. അങ്ങനെ തൊണ്ടയാട് റൈഫിള്‍ ക്ലബ്ബില്‍ പരീശീലനം തുടങ്ങി. കോച്ച് സജീവന്റെ കീഴിലുള്ള പരീശീലനത്തില്‍ എലിസബത്ത് വളരെ വേഗം ലക്ഷ്യം കണ്ടു. പത്താം ക്ലാസിലെത്തിയപ്പോഴേക്കും സ്വര്‍ണത്തിളക്കം സ്വന്തമായി. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് വ്യക്തിഗത സ്വര്‍ണങ്ങളും നാല് ടീമിനങ്ങളിലെ സ്വര്‍ണവും എലിസബത്ത് നേടി. 2011-ലെ ചാമ്പ്യന്‍ഷിപ്പിലും ഒമ്പത് സ്വര്‍ണത്തില്‍ ഒറ്റയൊന്നും കുറഞ്ഞില്ല. ഒപ്പം നാലിനങ്ങളില്‍ വെള്ളിയും. ദേശീയ തലത്തില്‍ നടന്ന ജി.വി. മാവ്‌ലങ്കാര്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയതോടെ താന്‍ ആര്‍ക്കും പുറകിലല്ലെന്ന് എലിസബത്ത് തെളിയിച്ചു.

എന്നാല്‍, ഷൂട്ടിങ് പോലെ വന്‍ പണച്ചെലവ് വരുന്ന കായികവിനോദം സാധാരണക്കാര്‍ക്ക് എളുപ്പമല്ലെന്ന് എലിസബത്ത് തിരിച്ചറിയുന്നു. ഓപ്പണ്‍ സൈറ്റ് ഷൂട്ടിങ്ങിലാണ് ഇതുവരെ എലിസബത്തിന്റെ വിജയങ്ങളത്രയും. കൂടുതല്‍ സാധ്യതകളുള്ള പീപ് സൈറ്റ് ഷൂട്ടിങ്ങിലും ഈ മിടുക്കിക്ക് താത്പര്യമുണ്ട്. എന്നാല്‍, ഇതിന് സ്വന്തമായി ആയുധം വേണം. മൂന്നു ലക്ഷം രൂപയെങ്കിലും വില വരും ഇതിന്. എലിസബത്തിന് ഇതുവരെ 21,000 രൂപ മുടക്കി ജാക്കറ്റ് ഉള്‍പ്പെടെയുള്ള ഫുള്‍സെറ്റ് സാധനങ്ങള്‍ പോലും വാങ്ങാനായിട്ടില്ല. ഇത്തവണത്തെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഉയര്‍ന്ന നിലവാരമുള്ള തിരകളുമായി മത്സരിക്കാനാവാഞ്ഞതിനുപിറകിലും ഈ ചെലവ് തന്നെ കാരണം.

എന്നാല്‍, മകളുടെ പ്രതിഭയ്ക്ക് തങ്ങളാലാവും വിധം പിന്തുണ നല്‍കാനാണ് പ്രസന്റേഷന്‍ സ്‌കൂളിലെ അധ്യാപികയായ ലിസി തോമസിന്റെയും നിലമ്പൂര്‍ എസ്റ്റേറ്റ് ജീവനക്കാരനായ ഫ്രഡറിക് മിറാന്‍ഡസിന്റെയും തീരുമാനം. അനിയത്തി സൂസന്‍ ആവ്‌റില്‍ മിറാന്‍ഡസും ചേച്ചിക്ക് പിന്തുണയുമായി കൂടെയുണ്ട്. സാഹചര്യങ്ങളുടെ ആനുകൂല്യംകൂടി കിട്ടിയാല്‍ എലിസബത്ത് ഇനിയുമിനിയും ഉയരത്തിലെത്തുമെന്ന് അവര്‍ക്കറിയാം. വെനേര്‍ണി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഈ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെയും സ്വപ്നങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് അഭിനവ് ബിന്ദ്രയിലൂടെ ഇന്ത്യയ്ക്ക് സ്വര്‍ണം നേടിത്തന്ന അതേ തോക്കുകള്‍തന്നെയാണ്.