MATHRUBHUMI RSS
Loading...
വീട്ടുജോലിയില്‍ നിന്ന് സംവിധാനത്തിലേക്ക്; പുഷ്‌പ ജീവിതം മാറ്റിയെഴുതുന്നുബാംഗ്ലൂര്‍: എഴുതാനും വായിക്കാനും അറിയില്ല. അഞ്ച് പെണ്‍മക്കളുള്ള കുടുംബത്തെ പോറ്റാന്‍ ദിവസവും പല വീടുകളില്‍ കൂലിപ്പണി. ഇതിനിടയിലും മനസ്സില്‍ തോന്നിയ കഥയ്ക്ക് മകളെക്കൊണ്ട് തിരക്കഥ തയ്യാറാക്കിച്ച് സിനിമ സംവിധാനം ചെയ്യുകയാണ് ഈ അമ്പതുകാരി. ഷിമോഗയ്ക്കടുത്തുള്ള ഭദ്രാവതി സ്വദേശിയായ പുഷ്പയാണ് ഇച്ഛാശക്തിയിലൂടെ ദൗത്യം പൂര്‍ത്തിയാക്കിക്കൊണ്ട് ചരിത്രം സൃഷ്ടിക്കുന്നത്.

ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും സിനിമാസംവിധാനത്തിന് തടസ്സമല്ലെന്ന് പുഷ്പ തെളിയിക്കുകയായിരുന്നു. കഥ മാത്രമല്ല, സിനിമയിലെ ഒരു ഗാനവും അവരുടേതാണ്. ''നാവെല്ലാ ഭാരതീയരു'' എന്ന ചിത്രം ഈ മാസം അവസാനത്തോടെ പ്രദര്‍ശനത്തിനെത്തും.

മൂന്നാമത്തെ മകളായ രശ്മിയാണ് ചിത്രത്തിലെ നായിക. പുഷ്പയോടൊപ്പം മറ്റൊരു മകളായ മഞ്ജുശ്രീയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുഷ്പയുടെ ചെറുപ്പത്തിലേയുള്ള ആഗ്രഹം കേട്ടറിഞ്ഞ സുഹൃത്തുക്കളും പരിചയക്കാരും നല്‍കിയ ചെറുതും വലുതുമായ വായ്പ സഹായങ്ങള്‍കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

കവിത ലങ്കേഷ്, വിജയലക്ഷ്മി സിങ്, ആരതി എന്നീ സംവിധായികമാര്‍ സാന്‍ഡല്‍വുഡില്‍ നേരത്തേയുണ്ടെങ്കിലും പുഷ്പയുടെ വരവ് ഇവരുടേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പുഷ്പയ്ക്ക് ചെറുപ്പത്തിലേ അഭിനയത്തോട് താത്പര്യമുണ്ടായിരുന്നു. 14-ാം വയസ്സില്‍ രജനീകാന്തിന്റെ ആദ്യ കന്നടചിത്രമായ 'കഥസംഗമ'യില്‍ മുഖം കാട്ടി. വിഷ്ണുവര്‍ധന്റെ 'രവിവര്‍മ' എന്ന സിനിമയിലും ചെറിയ വേഷം ലഭിച്ചു. പിന്നീട് സാമ്പത്തിക പരാധീനത കാരണം പുഷ്പ കൂലിപ്പണിയിലേക്ക് തിരിഞ്ഞു.

''ഒരു നടിയാകണമെന്നായിരുന്നു ചെറുപ്പത്തിലുള്ള ആഗ്രഹം. ദാരിദ്ര്യം കാരണം സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടുജോലിക്കും മറ്റ് കൂലിപ്പണിക്കും പോയാണ് കുടുംബം പോറ്റിയത്. ഭര്‍ത്താവ് രാമകൃഷ്ണ ഷെട്ടി 13 വര്‍ഷം മുമ്പ് മരിച്ചതോടെ ഏറെ ബുദ്ധിമുട്ടി. അദ്ദേഹത്തിന് സിനിമയില്‍ താത്പര്യമുണ്ടായിരുന്നു. ചന്ദ്രശേഖര കമ്പാറിന്റെ കഥയെ ആസ്പദമാക്കി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് അദ്ദേഹം മരിച്ചത്''- പുഷ്പ പറഞ്ഞു.

നായികയായ മൂന്നാമത്തെ മകള്‍ രശ്മിയും വീട്ടുജോലിക്കാരിയാണ്. 30 ദിവസംകൊണ്ട് 40 ലക്ഷം രൂപ ചെലവിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരവും ലഭിച്ചു.

''പലരില്‍ നിന്നായി 2000 മുതല്‍ 5000 രൂപ വരെ സഹായം വാങ്ങിയാണ് ചിത്രീകരണത്തിനുള്ള പണം സ്വരൂപിച്ചത്. റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ കഥ കേട്ട് സിനിമയ്ക്കായി പണം നല്‍കാന്‍ തയ്യാറായി. ഇതോടെയാണ് ചിത്രീകരണം തുടങ്ങാന്‍ കഴിഞ്ഞത്'' - അവര്‍ പറഞ്ഞു. പുഷ്പ മലയാളവും സംസാരിക്കും.