പി.എസ്.രാകേഷ്
'വിവേഷ്യസ്' എന്ന ഇംഗ്ലീഷ് പദത്തിനര്‍ഥം ഉന്മേഷമുള്ളത് എന്നത്രെ. ശിഖ സന്തോഷ് എന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ടാല്‍ ആ വാക്കിന്റെ പര്യായമെന്നേ തോന്നൂ. അതുകൊണ്ടാകും ' മിസ് കേരള 2011 ' മത്സരത്തിലെ മിസ് വിവേഷ്യസ് പട്ടം ഈ കോഴിക്കോട്ടുകാരിയെ തേടിയെത്തിയത്. കേരളത്തിന്റെ സുന്ദരിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ അന്തിമറൗണ്ടില്‍ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും ' മിസ് വിവേഷ്യസ്', ' മിസ് ബ്യൂട്ടിഫുള്‍ വോയ്സ് ' എന്നീ അംഗീകാരങ്ങള്‍ ശിഖ സ്വന്തമാക്കി. മാളിക്കടവ് പുനത്തില്‍ സന്തോഷ്കുമാറിന്റെയും സ്വപ്നയുടെയും ഏകമകളാണ് ശിഖ. രണ്ടുപേരും വര്‍ഷങ്ങളായി കുവൈത്തില്‍ ജോലിചെയ്യുന്നു. കുവൈത്ത് ഇന്ത്യന്‍ സ്കൂളില്‍ പ്ലസ്ടു പഠനത്തിനുശേഷം പെരിന്തല്‍മണ്ണ എം.ഇ.എസ്. കോളേജില്‍ ബി.ഡി.എസ്സിന് ചേര്‍ന്നപ്പോഴാണ് മിസ് കേരള മത്സരത്തില്‍ പങ്കെടുക്കാന്‍ ശിഖ തീരുമാനിക്കുന്നത്. കുവൈത്തില്‍ നൃത്തപരിപാടികളില്‍ സജീവമായിരുന്നുവെങ്കിലും മോഡലിങ്ങില്‍ മുന്‍പരിചയമൊന്നുമുണ്ടായിരുന്നില്ല. സുഹൃത്തുക്കളുടെ നിര്‍ബന്ധം കാരണമാണ് മത്സരത്തിനുള്ള അപേക്ഷ അയച്ചതെന്ന് ശിഖ പറയുന്നു. നൂറുകണക്കിന് അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ ഓഡിഷനു ക്ഷണിക്കും. കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ദുബായ് എന്നീ നഗരങ്ങളിലായിരുന്നു ഓഡിഷന്. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരുടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിനിടും. കൂടുതല്‍ വോട്ട് കിട്ടുന്ന 21 പേരെയാണ് മിസ് കേരള ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുക. ഓണ്‍ലൈന്‍ പോളിങ്ങില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിക്കൊണ്ടായിരുന്നു ശിഖയുടെ ഫൈനല്‍ റൗണ്ട്
പ്രവേശം. ആത്മവിശ്വാസം വര്‍ധിപ്പിക്കാനും വ്യക്തിത്വവികസനത്തിനും മിസ് കേരള മത്സരം ഏറെ സഹായിച്ചുവെന്ന് ശിഖ പറയുന്നു. രാജ്യത്തെ മുന്‍നിര കൊറിയോഗ്രാഫര്‍മാരും മോഡലിങ് ട്രെയിനര്‍മാരും അധ്യാപകരായി എത്തിയ ഒരാഴ്ചത്തെ ഗ്രൂമിങ് സെഷനും വലിയ അനുഭവമായി. പലരും കരുതുന്നതുപോലെ ഏറെ പണച്ചെലവുള്ള പരിപാടിയല്ല സൗന്ദര്യമത്സരം. 30,000 രുപയാണ് ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ്. ഒരാഴ്ചത്തെ താമസത്തിനും ഭക്ഷണത്തിനും കോസ്റ്റിയൂംസിനും മേക്കപ്പിനുമെല്ലാം കൂടിയുള്ള തുകയാണിത്. സ്കൂള്‍ യുവജനോത്സവത്തിലെ നൃത്തപരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ പോലും ഇതിലും ഇരട്ടി പണം ചെലവാകും- 12 വര്‍ഷമായി ശാസ്ത്രീയ നൃത്തമഭ്യസിക്കുന്ന ശിഖ പറയുന്നു.
മിസ് കേരളയിലെ പ്രകടനം നല്കിയ ആത്മവിശ്വാസത്തിന്റെ കരുത്തില്‍ പഠനത്തോടൊപ്പം മോഡലിങ് രംഗത്തും സജീവമാകാനാണ് ശിഖയുടെ തീരുമാനം. ചില പരസ്യചിത്രങ്ങളില്‍ അവസരം ലഭിച്ചുകഴിഞ്ഞു. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ സിനിമയിലും ഒരു കൈ നോക്കാന്‍ ഈ പത്തൊന്‍പതുകാരിക്ക് താത്പര്യമുണ്ട്.

NEWS LETTER
RSS











