MATHRUBHUMI RSS
Loading...
ക്വീന്‍ എലിസബത്ത്‌
അപ്പു നാരായണന്‍

'മിസ് കേരള' തനിക്ക് സമ്മാനിച്ചത് ജീവിതത്തിലെ ഏറ്റവും വിലയേറിയ മുഹൂര്‍ത്തങ്ങളും അനുഭവങ്ങളുമാണ് - എലിസബത്ത് മനസ്സ് തുറക്കുന്നു...


ചുവടുകളിലും ചലനങ്ങളിലും സൗന്ദര്യത്തിന്റെ മാസ്മരികത തീര്‍ത്ത്, അഴകിന്റെ രാജ്ഞിയായതിന്റെ അത്ഭുതവും ആവേശവും എലിസബത്ത് താടിക്കാരന്‍ എന്ന, മലയാളത്തിന്റെ പുതിയ 'മിസ് കേരള'യെ ഇനിയും വിട്ടുമാറിയിട്ടില്ല. അഴകളവിന്റെ ആഘോഷങ്ങള്‍ നിറഞ്ഞ മത്സരരാവില്‍ പത്തൊമ്പത് പേരോടൊപ്പം റാമ്പില്‍ ചുവടുകളൊന്നൊന്നായി വയ്ക്കുമ്പോള്‍ കേരളത്തിന്റെ സൗന്ദര്യറാണി പട്ടം എന്നത് കൊച്ചി സ്വദേശിനിയായ ഈ ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിക്ക് സ്വപ്നമായിരുന്നു. ഒടുവില്‍ സൗന്ദര്യകിരീടം ചൂടി സ്വപ്നസാക്ഷാത്കാരത്തിന്റെ ശുഭസമാപ്തിയും. മത്സരങ്ങളുടെ പതിവ് ടെന്‍ഷന്‍ പ്രശ്‌നമൊഴിച്ചാല്‍ 'മിസ് കേരള' തനിക്ക് സമ്മാനിച്ചത് ജീവിതത്തിലെ ഏറ്റവും വിലയേറിയ മുഹൂര്‍ത്തങ്ങളും അനുഭവങ്ങളുമാണെന്ന് എലിസബത്ത് മനസ്സ് തുറക്കുന്നു.

ആദ്യം മത്സരത്തെപ്പറ്റി

മിസ് കേരള കിരിടത്തിനായുള്ള മത്സരം എന്നതിലുപരിയായി 19 നല്ല സുഹൃത്തുക്കളെ കൂടി ലഭിച്ചുവെന്നതാണ് നേട്ടമായി കരുതുന്നത്. പരിശീലനത്തിനും മറ്റുമായി രണ്ടാഴ്ചയോളം മത്സരാര്‍ത്ഥികള്‍ എല്ലാവരും ഒന്നിച്ചുള്ള സെഷനുകള്‍ ഏറെ ആസ്വദിക്കാന്‍ കഴിഞ്ഞു. റാമ്പില്‍ എങ്ങനെ നടക്കണമെന്നും ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്നും ഒക്കെയുള്ള പരിശീലന ക്ലാസ്സുകളാണ് യഥാര്‍ത്ഥത്തില്‍ ആത്മവിശ്വാസം നല്‍കിയത്. കൃത്യമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള കഴിവും പരിശീലനത്തിനിടെ ലഭിച്ച നേട്ടങ്ങളിലൊന്നാണ്. ഉറ്റ സുഹൃത്തുക്കളെ പോലെ ഇടപഴകിയിരുന്നതിനാല്‍ മത്സരത്തിന്റെ പിരിമുറുക്കവുംഒരുപരിധി വരെ എല്ലാവര്‍ക്കും ഒഴിവാക്കാനായെന്നാണ് കരുതുന്നത്.

വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍

മത്സരം ഏറെ നിര്‍ണായകമായിരുന്നതിനാല്‍ തന്നെ ജഡ്ജസിന്റെ ചോദ്യങ്ങളെ വളരെ ശ്രദ്ധയോടെയാണ് നേരിട്ടത്. മൂല്യച്യുതി നേരിട്ടുകൊണ്ടിരിക്കുന്ന സമകാലിക ലോകത്തില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കുള്ള മികവ് എന്താണെന്നായിരുന്നു ചോദ്യം. സ്‌നേഹിക്കാനും സഹിക്കാനും കഴിയുന്നവരാണ് വനിതകളെന്നും മറ്റുള്ളവരുടെ വിഷമതകള്‍ കണ്ടറിഞ്ഞ് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നുമായിരുന്നു എന്റെ മറുപടി. ഈ ഉത്തരം പറയാന്‍ ആത്മവിശ്വാസം നല്‍കിയത് അമ്മ തന്നെയാണ്. മറുപടി പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് ലഭിച്ച കൈയടിയും ഏറെ ധൈര്യം തന്നു.

അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍

മൂന്ന് റൗണ്ടുകളായുള്ള ഫൈനലില്‍ ആദ്യ റൗണ്ടില്‍ തന്നെ മികച്ച 10 പേരെ തിരഞ്ഞെടുക്കുമ്പോഴായിരുന്നു ചെറിയൊരു ടെന്‍ഷന്‍ ആരംഭിച്ചത്. ആറാമതായി എന്റെ പേര് അനൗണ്‍സ് ചെയ്തതോടെ അതില്‍ നിന്ന് ഫ്രീയായി. പിന്നെ, അവസാന അഞ്ചുപേരുടെ റൗണ്ടിലേക്കെത്തിയപ്പോഴേക്കും ഇതു തന്നെ അവസ്ഥ. എന്നാല്‍, ശരിക്കും ടെന്‍ഷനടിച്ചത് രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴാണ്. റണ്ണേഴ്‌സ് അപ്പ് സ്ഥാനങ്ങള്‍ക്ക് കൂടി അവകാശികളായതിന്റെ ചെറിയൊരു ആശങ്ക. പിന്നെ, പ്രാര്‍ത്ഥിക്കാനുള്ളത് ഒന്നാം സ്ഥാനത്തിന് വേണ്ടി മാത്രമായിരുന്നു.

മിസ് കേരളയായപ്പോള്‍

അളവില്ലാത്ത സന്തോഷം തന്നെ. വിജയത്തിന് എല്ലാവരോടുമായി മനസ്സില്‍ നന്ദി പറഞ്ഞു. ജീവിതത്തില്‍ ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു മിസ് കേരള കിരീടം തലയില്‍ ചൂടിയപ്പോഴുണ്ടായത്. ദീര്‍ഘകാലത്തെ ആഗ്രഹം സാക്ഷാത്കരിക്കാനായ സുന്ദരമുഹൂര്‍ത്തം തന്നെയായിരുന്നു അത്. ഫാഷന്‍ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ക്ക് ഈ നേട്ടം വളരെയേറെ സഹായകരമാകുമെന്ന് കരുതുന്നു.

ഭാവി പദ്ധതികള്‍?

ഫാഷന്‍ രംഗത്തോടുള്ള താത്പര്യം കുട്ടിക്കാലം തൊട്ടേയുള്ളതാണ്.സ്‌കൂള്‍, കോളേജ് തലങ്ങളിലെല്ലാം മോഡലിങ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. കഴിഞ്ഞവര്‍ഷം 'നേവി ക്യൂന്‍' കിരീടം നേടാനായിരുന്നു. അതിന് പിന്നാലെ കിട്ടിയ ഇരട്ടിമധുരമാണ് ഇപ്പോഴത്തെ നേട്ടം. മോഡലിങ് രംഗത്തുതന്നെ തുടരണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍, പഠനത്തിന് തന്നെയായിരിക്കും മുന്‍ഗണന. സിനിമാ രംഗത്തേക്ക് ഇറങ്ങുന്നതിനെപ്പറ്റി ഇപ്പോഴൊന്നും ആലോചിച്ചിട്ടില്ല. എന്നാല്‍, നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തയ്യാറാണ്. നേവി ക്യൂന്‍ ജേതാവായപ്പോള്‍ മലയാള സിനിമയിലേക്ക് ചില ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും പോയില്ല. മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുകയാണ് ഇനി അടുത്ത ലക്ഷ്യം. ഇതിനുള്ള പ്രാരംഭ പരിശീലനങ്ങള്‍ അടുത്തമാസം തന്നെ ആരംഭിക്കും. നല്ല അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ സിനിമാ രംഗത്തേയ്ക്കിറങ്ങുന്നതില്‍ വീട്ടുകാര്‍ക്കെല്ലാം സമ്മതം തന്നെയാണ്.

അല്‍പ്പം വീട്ടുകാര്യം

ഡാഡി ചാര്‍ലി താടിക്കാരന്‍ ബില്‍ഡിങ് രംഗത്ത് ബിസിനസ് ചെയ്യുകയാണ്. മമ്മി റാണി കൊച്ചിയിലെ ഇംഗ്ലീഷ് അക്കാദമിയില്‍ ലക്ചററാണ്. തൃശ്ശൂരില്‍ നിന്ന് പതിനഞ്ചുവര്‍ഷം മുമ്പ് കൊച്ചിയിലേക്കെത്തിയതാണ് ഞങ്ങളുടെ കുടുംബം. രണ്ട് ചേച്ചിമാരില്‍ മൂത്തയാള്‍ സോണിയ വിവാഹം കഴിഞ്ഞ് കനഡയിലാണ് ഇപ്പോള്‍ താമസം. രണ്ടാമത്തെ സഹോദരി ടാനിയ എന്‍ജിനീയറിങ് പഠനത്തിന് ശേഷം ഇപ്പോള്‍ ബാംഗ്ലൂരില്‍ ജോലി നോക്കുന്നു. ഫാഷന്‍ രംഗത്തായാലും ജീവിതത്തിലായാലും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് എനിക്കുള്ളത്. ഇപ്പോള്‍ മിസ് കേരള മത്സരത്തിന്റെ കാര്യം തന്നെയെടുത്താല്‍ എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കിയിരുന്നത് വീട്ടുകാര്‍ തന്നെയാണ്. മത്സരത്തെ അഭിമുഖീകരിക്കുന്നതിനുള്ള എല്ലാ ഉപദേശങ്ങളും നല്‍കിയിരുന്നത് മുന്‍ നേവി ക്യൂന്‍ റണ്ണറപ്പായിരുന്ന മൂത്ത സഹോദരി സോണിയയായിരുന്നു. കൂടുംബത്തിന്റെ മുഴുവന്‍ പിന്തുണയും കൂടെയുള്ളതാണ് എന്റെ ഏറ്റവും വലിയ വിജയം.

മിസ് കേരളയെ തേടി വെണ്ണല സ്‌ക്കൂള്‍ റോഡിലുള്ള താടിക്കാരന്‍ വീട്ടിലേക്ക് നേരിട്ടും ഫോണ്‍വഴിയുമൊക്കെയായി അഭിനന്ദനങ്ങളുടെ പ്രവാഹമാണെങ്കിലും ബാംഗ്ലൂര്‍ എം.എസ്. രാമയ്യ കോളേജിലെ നാലാം സെമസ്റ്റര്‍ ഡെന്റല്‍ വിദ്യാര്‍ത്ഥിയായ ഈ പത്തൊമ്പതുകാരി തത്കാലത്തേക്ക് തിരക്കുകള്‍ക്കെല്ലാം വിടനല്‍കുകയാണ്. മത്സരത്തിന്റെ പരിശീലനത്തിനും മറ്റുമായി ഏറെ ദിവസത്തെ ക്ലാസ്സുകള്‍ നഷ്ടമായതിനാല്‍ ചൊവ്വാഴ്ച തന്നെ ബാംഗ്ലൂരിലേക്ക് തിരിക്കാനാണ് എലിസബത്തിന്റെ പ്ലാന്‍. സൗന്ദര്യ പരീക്ഷയിലെ വിജയാഘോഷങ്ങള്‍ക്ക് അവധി നല്‍കി. ഇനി അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന സെമസ്റ്റര്‍ പരീക്ഷകളുടെ തിരക്കിലേക്ക്...