പി.കെ.രഞ്ജിത്ത്

വള്ളവും വെള്ളവും ആവേശത്തിരഉയര്ത്തുന്ന കുട്ടനാട്ടില്‍ നിന്ന് ദേശീയ തുഴച്ചില്‍ ടീമിലേക്ക് തുഴഞ്ഞെത്തിയവര്‍ നിരവധി.ഇത്തരത്തില്‍ ദേശീയ നിരയിലേക്ക് എത്തിയവരില്‍ കുട്ടനാടിന്റെ അഭിമാനമാണ് എടത്വ കുന്തിരിക്കല്‍ വരമ്പത്ത് പറമ്പില്‍ ലിബിനി. ജീവിതസാഹചര്യങ്ങളോട് പടവെട്ടി വിജയത്തുഴയെറിഞ്ഞാണ് ലിബിനി നാട്ടുകാരുടെയും വീട്ടുകാരുടെയും അഭിമാനവും പ്രതീക്ഷയുമായത്.
2003ല്‍ എടത്വ സെന്റ് മേരീസ് സ്കൂളില്‍ 8-ാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ലിബിനി അധ്യാപകരുടെയും വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രോത്സാഹനത്തോടെ 'സായി'യുടെ പരിശീലനക്യാമ്പില്‍ എത്തിയത്.
2004 ല്‍ സംസ്ഥാന ടീമില്‍ ആയതുമുതല്‍ ടീമിലെ മുന്‍നിര അംഗമാണ്.കഴിഞ്ഞ എട്ടുവര്‍ഷമായി സംസ്ഥാന തുഴച്ചില്‍ ടീമില്‍ അംഗമായ ലിബിനി 2004 മുതല്‍ നടന്ന നാഷണല്‍ ഗെയിംസുകളിലും ചാമ്പ്യന്‍ഷിപ്പുകളിലും സീനിയര്‍, ജൂനിയര്‍ തലങ്ങളില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. 2004ല്‍ കൊടൈക്കനാലില്‍ നടന്ന സബ്ജൂനിയര് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 1സ്വര്‍ണം, 1വെങ്കലം, 2005ല്‍ റൂര്‍ക്കിയില്‍ 1വെള്ളി, 2007ല്‍ ഒറീസയില്‍ 1 വെള്ളി, 2008ല്‍ ഒറീസയില്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 1സ്വര്‍ണം, പൂനെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ 1 വെങ്കലം, 2009ല്‍ ഹൈദ്രാബാദ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ 1വെള്ളി, 2010ല്‍ ഹൈദ്രാബാദ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ 1വെള്ളി, 2011ല്‍ നാഷണല്‍ ഗെയിംസില്‍ 1സ്വര്‍ണം എന്നിവ ലിബിനിയുടെ മെഡല്‍ നേട്ടങ്ങളാണ്.
റോവിങില്‍ പെയര്‍, ഫോര്‍ ഇനങ്ങളിലാണ് ലിബിനിയുടെ മെഡല്‍നേട്ടങ്ങള്‍. കുട്ടനാട്ടിലെ സാധാരണ കുടുംബത്തില്‍നിന്നാണ് ലിബിനി ഓളപ്പരപ്പിലെ വിജയവഴികളില്‍ എത്തുന്നത്.എട്ടുവര്‍ഷം തുടര്‍ച്ചയായി സംസ്ഥാന ടീമില്‍ അംഗമായിരുന്ന് നിരവധി മെഡലുകള്‍ നേടിയ ലിബിനി ഇന്ന് ഒരു ജോലിയാണ് സ്വപ്നം കാണുന്നത്. ആലപ്പുഴ സെന്റ് ജോസഫ് കോളേജില്‍ നിന്നും ബിരുദമെടുത്തശേഷം ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും തുഴച്ചില്‍ പരിശീലനത്തിലാണ്. സായിയിലെ പരിശീലകരായ ജി.എസ്.നായരും മാത്യു ലൂക്കോസുമാണ് മെഡല്‍ നേട്ടങ്ങള്ക്ക്പിന്നിലെന്ന് ലിബിനി പറയുന്നു.
ദേശീയ ടീമില്‍ അംഗമായി മാതൃരാജ്യത്തിനുവേണ്ടി മെഡല്‍ നേടണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ലിബിനി പരിശീലനം തുടരുന്നത്.വി.ജെ.വര്‍ഗീസ്, ലില്ലി വര്‍ഗീസ് ദമ്പതിമാരുടെ മൂത്തമകളാണ് ലിബിനി. സഹോദരങ്ങള്‍: ലിബി, ലിബിന്.

NEWS LETTER
RSS











