തിരഞ്ഞെടുത്ത എന്‍.സി.സി. കേഡറ്റുമാര്ക്കായി ഡല്‍ഹിയില്‍ നടത്തിയ ഷൂട്ടിങ് മത്സരത്തില്‍ കേരളത്തിനായി വെള്ളി മെഡല്‍ നേടിയ, ചെറായിയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള ഐശ്വര്യയെക്കുറിച്ച്...
ചെറായി, സഹോദരന് മെമ്മോറിയല്‍ ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, പള്ളിപ്പുറം പഞ്ചായത്തിലെ 23-ാം വാര്‍ഡില്‍ കടപ്പുറം കൊറശ്ശേരി അനില്‍കുമാര്‍-ശ്രീജ ദമ്പതിമാരുടെ ഇളയ മകളായ ഐശ്വര്യ എന്‍.സി.സി.യില്‍ ചേര്‍ന്നത്. തുടര്‍ന്ന്, ഷൂട്ടിങ്ങില്‍ തീവ്രപരിശീലനം.സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വെടിവച്ചിട്ടു. കോഴിക്കോട്ട് നടന്ന ഷൂട്ടിങ് മത്സരത്തിലും ഐശ്വര്യ വിജയതീരമണഞ്ഞു.
ഒടുവില്‍, കോട്ടുവള്ളിക്കാട് എച്ച്.എം.വൈ.എച്ച്.എസ്.എസ്സിലെ പ്ലസ്വണ്ണില്‍ എത്തിയപ്പോള്‍ ദേശീയതലത്തില്‍ കേരളത്തിനായി വെള്ളിത്തിളക്കവും ഈ കടലിന്റെ മകള്‍ സ്വന്തമാക്കി. ഐശ്വര്യ എന്ന യുവ കായിക പ്രതിഭയുടെ നേട്ടത്തില്‍ ഏറെ ആഹ്ലാദിക്കുകയാണ് ഈ കടലോരഗ്രാമം.
തങ്ങളുടെ ഇടയില്‍ നിന്നൊരാള്‍ ദേശീയതലത്തില്‍ നേട്ടം കൊയ്തതിന്റെ ആഹ്ലാദത്തിലാണ് പ്രദേശവാസികള്‍. ഏറെ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും രണ്ട് പെണ്മക്കളെയും പഠിപ്പിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് മത്സ്യത്തൊഴിലാളികളായ അച്ഛനും അമ്മയും. സഹോദരി അശ്വതി, ചെറായി എസ്.എം.എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.

NEWS LETTER
RSS











