പ്രശാന്ത് കാനത്തൂര്‍
ചെന്നൈയിലെ പൊള്ളുന്ന മെയ് മാസപ്പകലിന്റെ പതിവു തുടക്കം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രാവിലെ തിരക്ക് തുടങ്ങുന്നതേയുള്ളൂ. അപ്പോഴാണ് സുഹൃത്തിന്റെ ഫോണ്‍കോള്‍ എത്തിയത്: ''ദിവ്യാ യൂ ഡണ്‍ ഇറ്റ്...സിവില്‍ സര്‍വീസില്‍ ഫസ്റ്റ് റാങ്ക് അടിച്ചു... ചെലവ് തുടങ്ങാം.'' ആദ്യം നോക്കിയത് കലണ്ടറിലേക്കാണ്. ഇന്ന് ഏപ്രില്‍ ഫൂളാണോ... അല്ല, ആ സുദിനം പിന്നിട്ടിട്ട് മാസമൊന്നുകഴിഞ്ഞു. എന്നാലും വിളിച്ച പെണ്ണ് തലതിരിഞ്ഞ പാര്‍ട്ടിയാണ്. ആളെ കൊരങ്ങാക്കാന്‍ ബഹുമിടുക്കി. ഓഫീസില്‍ നെറ്റ് കണക്ഷനില്ല. സിവില്‍ സര്‍വീസിന്റെ റിസള്‍ട്ട് വരുന്ന കാര്യം മറന്നുപോയിരുന്നു. നേരേ സഹോദരനെ വിളിച്ച് നെറ്റ് നോക്കാന്‍ കല്പിച്ചു. പത്തു മിനിറ്റിനകം അവന്റെ കോള്‍ മൊബൈലിലെത്തി. ''നീ തന്നെ പൊന്നേ മിസ് സിവില്‍സര്‍വീസ്... വെക്കം പണീം മതിയാക്കി ഇങ്ങ് പോര്...'' സെക്കന്‍ഡ് ഒപ്പീനിയന്‍ വന്നിട്ടും മുഴുവനങ്ങ് വിശ്വാസം പോരാ. ഇനി അവനും നമ്മുടെ ഫ്രണ്ടും കൂടി ഒപ്പിച്ച പണിയാണെങ്കിലോ... നേരേ മാനേജരോട് അര്‍ജന്റ് ലീവ് പറഞ്ഞ് ബാഗുമെടുത്ത് വീട്ടിലേക്ക്. റാങ്കിന്റെയും സിവില്‍ സര്‍വീസിന്റെയുമൊക്കെ കാര്യം ആരോടും കമാന്നു മിണ്ടിയില്ല. നാളെയുമിങ്ങോട്ട് തിരിച്ചുവരാനും ആള്‍ക്കാരുടെ മുഖത്തു നോക്കാനുമുള്ളതാണ്. വീട്ടിലെത്തി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് യു.പി.എസ്.സി.യുടെ വെബ്‌സൈറ്റില്‍ കയറിയപ്പോള്‍ അതാ മുന്നില്‍ എസ്. ദിവ്യദര്‍ശിനിയുടെ പേര് ഒന്നാമത്. ഇനി അതെങ്ങാന്‍ തെറ്റിക്കൊടുത്തതായിരിക്കുമോ? സംശയം വിട്ടുമാറാതെ അങ്ങനെ കണ്‍ഫ്യൂഷ്യസായിരിക്കുന്നതിനിടയില്‍ അതാ അടുത്ത വിളിവരുന്നു. അത് മീഡിയക്കാരായിരുന്നു. ഒന്നാം റാങ്കുകാരിക്ക് അഭിനന്ദനങ്ങളറിയിച്ചുകൊണ്ടും ഇന്റര്‍വ്യൂവിന് സമയം ചോദിച്ചുകൊണ്ടും. അതൊരു ഷോക്കായി. സ്വപ്നമല്ലെന്ന് തിരിച്ചറിയാന്‍ പിന്നെയും സമയമെടുത്തു. അവിടെ തുടങ്ങി ആഘോഷങ്ങള്‍... മിസ് (അഡ്വ.) ഐ.എ.എസ്
''ഇത്തവണ സിവില്‍സര്‍വീസ് പരീക്ഷയില്‍ ഞാനൊരു റാങ്ക് പ്രതീക്ഷിച്ചതാണ്. പക്ഷേ, ഒന്നാംറാങ്ക് സ്വപ്നത്തില്‍പ്പോലുമുണ്ടായിരുന്നില്ല'' - ദിവ്യദര്‍ശിനി തുറന്നുപറയുന്നു.
തമിഴ്‌നാട്ടിലെ അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്നുള്ള നിയമബിരുദധാരിണിയാണ് ഇരുപത്തിനാലുകാരിയായ ദിവ്യ. കസ്റ്റംസ് കണ്‍സള്‍ട്ടന്റ് വി. ഷണ്‍മുഖത്തിന്റെയും വീട്ടമ്മയായ എസ്. പദ്മാവതിയുടെയും മകള്‍. കഴിഞ്ഞ ആറു മാസത്തോളമായി എസ്.ബി.ഐയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.
അപ്പോള്‍ ഈ വന്‍വിജയത്തിന് പിന്നിലെ ബിഗ് സീക്രട്ട്? മറ്റേതൊരു പെണ്‍കുട്ടിയെയും പോലെയാണ് താനുമെന്ന് ദിവ്യ പറയുന്നു. ഫ്രണ്ട്‌സിനൊപ്പം സിറ്റി ബസ്സില്‍ കയറി പതിവായി കോളേജില്‍പോക്ക്. ഒഴിവുസമയത്ത് കൂട്ടത്തോടെ റസ്റ്റോറന്റുകളിലും ഐസ്‌ക്രീം പാര്‍ലറിലും കയറി വെടിപറഞ്ഞിരിക്കല്‍. കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ മൊബൈലില്‍ അവസാനിക്കാത്ത ചാറ്റിന് അമ്മവക പതിവു ചീത്ത. ക്രിക്കറ്റ് തുടങ്ങിയാല്‍ ടി.വി.ക്കു മുന്നില്‍ നിന്നു മാറാത്തതിന് അച്ഛന്റെ വക വേറെ.
''ഞങ്ങള്‍ ഫ്രണ്ട്‌സിന്റെ വീക്ക്‌നെസ്സാണ് ചെന്നൈ മറീന ബീച്ച്. പതിവായി അവിടെ പോകുമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ എല്ലാ തമിഴ്മക്കളെയും പോലെ തിയേറ്ററില്‍ സിനിമയ്ക്കും കയറും. ക്രിക്കറ്റ് വലിയ ആവേശമാണ്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ ഒരൊറ്റ കളി പോലും മിസ് ചെയ്തിട്ടില്ല. സത്യത്തില്‍ സിവില്‍ സര്‍വീസിനുള്ള യു.പി.എസ്.സി. ഇന്റര്‍വ്യൂ ലോകകപ്പിനിടയിലായിരുന്നു. ഇന്റര്‍വ്യൂ ഉണ്ടെന്നുവെച്ച് ഒരു കളിപോലും ഞാന്‍ കാണാതിരുന്നിട്ടില്ല. നോവല്‍ വായനയാണ് മറ്റൊരു ഇഷ്ടം''-ദിവ്യദര്‍ശിനി പറയുന്നു.
അതിന് അച്ഛന്റെ സര്‍ട്ടിഫിക്കറ്റുമുണ്ട്: ''അവള്‍ ശരിക്കുമൊരു ക്രിക്കറ്റ് ഭ്രാന്തിയാണ്. എപ്പോഴും ടെലിവിഷനില്‍ ക്രിക്കറ്റ് കാണുന്നതായിരുന്നു പ്രധാന പണി. എന്നിരുന്നാലും ദിവ്യ ബുദ്ധിശക്തിയുള്ള കുട്ടിയാണെന്ന് ഞാന്‍ നേരത്തേ തിരിച്ചറിഞ്ഞതാണ്. അവള്‍ ഭാവിയില്‍ മികച്ച ഭരണാധികാരിയായി മാറുമെന്ന വിശ്വാസവുമുണ്ടായിരുന്നു'' - ഷണ്മുഖം പറയുന്നു.
നിശ്ചയദാര്‍ഢ്യം, ആത്മവിശ്വാസം
ഇതുവരെ പറഞ്ഞതില്‍നിന്ന് ഉഴപ്പിന്റെ റാണിയായിരുന്നു ദിവ്യയെന്നു കരുതിയാല്‍ തെറ്റി. കഠിനാധ്വാനത്തിന്റെയും തികഞ്ഞ നിശ്ചയ ദാര്‍ഢ്യത്തിന്റെയും കഥ ദിവ്യയുടെ വിജയത്തിനു പിന്നിലുണ്ട്. ഇതിലുപരി തോല്‍വിയില്‍ പതറാത്ത ചങ്കൂറ്റവും. ആദ്യതവണ പരീക്ഷയെഴുതിയപ്പോഴുണ്ടായ തോല്‍വിയില്‍ ദിവ്യദര്‍ശിനി വിഷമിച്ച് പിന്‍മാറിയില്ല. തനിക്ക് വിജയിക്കാനാവുമെന്ന ഉറച്ചവിശ്വാസത്തോടെ ഈ പെണ്‍കുട്ടി സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ കൂടുതല്‍ ഉണര്‍വോടെ മുന്നിട്ടിറങ്ങി. ''2008-09 വര്‍ഷം സിവില്‍സര്‍വീസിനായി ഞാന്‍ കഠിനാധ്വാനം ചെയ്തിരുന്നു. പക്ഷേ, ബിരുദപരീക്ഷയും പ്രിലിമിനറിയും ഒരുമിച്ചാണ് വന്നത്. വേണ്ടരീതിയില്‍ പ്രിലിമിനറി എഴുതാന്‍ കഴിഞ്ഞില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ... ആദ്യപടിയില്‍ത്തന്നെ തട്ടിവീണു. എന്നാലതെന്റെ ഹൃദയം തകര്‍ത്തില്ല. കുറച്ചുകൂടി അധ്വാനിച്ചാല്‍ ഇതെനിക്ക് വഴങ്ങുമെന്ന് എനിക്കറിയാമായിരുന്നു'' -ദിവ്യ പറയുന്നു.
ഇരുപത്തിനാല് മണിക്കൂറും പഠനത്തില്‍ മുഴുകിയാല്‍ മാത്രമേ വിജയത്തിലേക്ക് കുതിക്കാന്‍ പറ്റുകയുള്ളൂ എന്ന പരമ്പരാഗത സങ്കല്പത്തെ തീര്‍ത്തും മാറ്റിയെടുത്ത വിജയമാണ് ദിവ്യദര്‍ശിനിയുടേതെന്ന് പറഞ്ഞാല്‍ അതിശയോക്തി ഉണ്ടാകില്ല. പഠനത്തിനുവേണ്ടി ദിവസവും നിശ്ചിത സമയം ചെലവിടുക. ഈ സമയമത്രയും അതി ശ്രദ്ധയോടും ഏകാഗ്രതയോടും കൂടി അറിവുകള്‍ തലച്ചോറിലേക്ക് ആവാഹിച്ചെടുക്കുക... ഇതായിരുന്നു ദിവ്യദര്‍ശിനി സ്വീകരിച്ച രീതി.
''പരീക്ഷയ്ക്കുവേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. പക്ഷേ, പുറത്തുനിന്ന് കാണുന്നവര്‍ക്ക് ചിലപ്പോള്‍ എന്റെ സീരിയസ്‌നെസ് മനസ്സിലായിട്ടുണ്ടാവില്ല'' - ദിവ്യദര്‍ശിനിയുടെ വാക്കുകള്‍.
പഠനം അഞ്ചു ദിവസം മാത്രം
രാവിലെ ആറുമണിക്കാണ് ദിവ്യദര്‍ശിനി പഠനം തുടങ്ങുക. ആഴ്ചയില്‍ അഞ്ചുദിവസം മാത്രമാണ് പഠനം. രണ്ടുദിവസം മനസ്സിനെ വിശ്രമത്തിന്റെയും ഉല്ലാസത്തിന്റെയും ലോകത്തേക്ക് പറത്തി വിടും. പബ്ലിക് അഡ്മിനിസ്‌ട്രേഷനും നിയമവുമാണ് ദിവ്യദര്‍ശിനി പ്രധാന സബ്ജക്ടായി തിരഞ്ഞെടുത്തത്. ''പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എനിക്കു താത്പര്യമുള്ള വിഷയമാണ്. പുസ്തകങ്ങള്‍ എളുപ്പത്തില്‍ കിട്ടുന്ന വിഷയം. മാര്‍ഗനിര്‍ദേശത്തിനും ആളുണ്ടായിരുന്നു. ബിരുദം നിയമത്തിലായതുകൊണ്ടാണ് അത് തിരഞ്ഞെടുക്കാന്‍ കാരണം.''
ഇന്റര്‍വ്യൂവിന് ബോര്‍ഡ് അംഗങ്ങളുടെ മുമ്പില്‍ ചെന്നപ്പോഴും ദിവ്യദര്‍ശിനിക്ക് പതര്‍ച്ചയൊന്നും ഉണ്ടായില്ല. ''ചോദ്യങ്ങള്‍ക്ക് എന്റേതായ കാഴ്ചപ്പാടിലൂടെയുള്ള ഉത്തരമാണ് ഞാന്‍ നല്‍കിയത്. ഒന്നോ രണ്ടോ ചോദ്യത്തിന് ഉത്തരം അറിയില്ലായിരുന്നു. അക്കാര്യം തുറന്നുസമ്മതിച്ചു. എന്നെക്കുറിച്ച് വ്യക്തിപരമായ വിവരങ്ങള്‍ അവരന്വേഷിച്ചു. കൂടാതെ വിവരാവകാശ നിയമം, ലോക്പാല്‍ ബില്‍ എന്നിവയെക്കുറിച്ചൊക്കെ വിശദമായ ചോദ്യങ്ങളുണ്ടായി. സിലബസ് മുഴുവനായും പഠിച്ച് അതില്‍നിന്നു പ്രധാനപ്പെട്ട പോയന്റുകള്‍ ചികഞ്ഞെടുത്ത് കുറിച്ചിട്ടാണ് പഠിച്ചത്. ഇത്തരം കുറിപ്പുകള്‍ തയ്യാറാക്കിവെക്കുന്നത് പരീക്ഷാസമയത്ത് ഏറെ ഉപകരിക്കും. കൂടാതെ പരീക്ഷയ്ക്ക് മുമ്പ് പഠിച്ച കാര്യങ്ങളിലേക്ക് വീണ്ടും മൊത്തം ഓട്ടപ്രദക്ഷിണം നടത്തി മനസ്സിലേക്കെത്തിച്ചു. പരീക്ഷയുടെ ഭാഗമായുള്ള ഉപന്യാസ രചനയ്ക്ക് പ്രത്യേക ഒരുക്കങ്ങളുടെ ആവശ്യമില്ലെന്നാണ് ദിവ്യദര്‍ശിനി പറയുന്നത്. ''പത്രമാധ്യമങ്ങള്‍ മനസ്സിരുത്തി വായിക്കുന്നത് ഉപന്യാസ രചനയ്ക്ക് വേണ്ടുവോളം മതി'' -ദിവ്യദര്‍ശിനി നിലപാട് വ്യക്തമാക്കുന്നു.
ചെന്നൈയിലെ ആശാന്‍ സ്മാരക സ്‌കൂളില്‍ പഠിച്ച ദിവ്യദര്‍ശിനിക്ക് ചെറിയ മാര്‍ക്കിന്റെ കുറവിലാണ് പത്താം ക്ലാസില്‍ ഡിസ്റ്റിങ്ഷന്‍ നഷ്ടമായത്. അതിന്റെ വിഷമം തീര്‍ത്തത് പ്ലസ്ടുവിന് 86 ശതമാനം മാര്‍ക്കോടെ വിജയം നേടിക്കൊണ്ടാണ്. ചെന്നൈയിലെ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ലോവില്‍നിന്നു നിയമത്തില്‍ ബിരുദമെടുത്ത ദിവ്യദര്‍ശിനി തന്റെ മികച്ച പ്രകടനം കൊണ്ട് കോളേജിലും കാമ്പസിലും ശ്രദ്ധാകേന്ദ്രമായിരുന്നു. ചെന്നൈയില്‍ അത്ര പ്രശസ്തമല്ലാത്ത പ്രഭ ഐ.എ.എസ്. അക്കാദമിയിലായിരുന്നു സിവില്‍സര്‍വീസ് പരിശീലനം. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രഭാകരന്‍ സാറാണ് തനിക്ക് പ്രചോദനവുംപ്രോത്സാഹനവും തന്ന ആദ്യവ്യക്തിയെന്ന് ദിവ്യദര്‍ശിനി പറയുന്നു. ''അക്കാദമിയാണ് എന്നെ ശരിയായ വഴിയിലെത്തിച്ചത്. ഇന്റര്‍വ്യൂ സമയത്ത് മാനസികസമ്മര്‍ദം മറികടക്കാന്‍ പിന്തുണയുമായി പ്രഭാകരന്‍ സാര്‍ ഡല്‍ഹിയിലേക്ക് എന്റെ കൂടെ വന്നു.''
തുടക്കക്കാരോട്
അവനവനില്‍ വിശ്വാസമര്‍പ്പിക്കുക. അതാണ് ഏറ്റവും പ്രധാനം. നിങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ മറ്റാരും നിങ്ങളെ വിശ്വസിച്ചെന്നുവരില്ല. ധൈര്യവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുക. ലക്ഷ്യം സാക്ഷാത്കരിക്കാനായി കഠിനാധ്വാനം ചെയ്യുക.
ഏതെങ്കിലും കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള പരിശീലനം സഹായകമാകും. എന്നാല്‍, ആത്യന്തികമായി വ്യക്തിഗത പരിശ്രമമാണ് നിങ്ങളെ വിജയത്തിലേക്ക് നയിക്കുക. മോഡല്‍ ടെസ്റ്റുകള്‍ ഏറെ ഗുണം ചെയ്യും. ഒപ്പം പഴയ ചോദ്യക്കടലാസുകളും. കോച്ചിങ് സെന്റര്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുക. മുന്‍ഗാമികളുടെ അനുഭവപാഠങ്ങള്‍ കേള്‍ക്കുക. ഗുണം ചെയ്യുമെന്ന് ഉറപ്പ്.
കോളേജില്‍ പഠിക്കുന്ന സമയത്തുതന്നെ രാജ്യത്തെ പല വ്യവസ്ഥകളോടും സമരസപ്പെടാന്‍ ദിവ്യദര്‍ശിനി തയ്യാറായിരുന്നില്ല. ഇത്തരം വ്യവസ്ഥകള്‍ മാറ്റിയെടുക്കേണ്ടതുണ്ടെന്ന ചിന്താഗതിയും ഈ പെണ്‍കുട്ടിയില്‍ രൂഢമൂലമായിരുന്നു. ''വിവരാവകാശനിയമത്തില്‍ ഞാന്‍ വിശ്വാസമര്‍പ്പിക്കുന്നു. കസ്റ്റംസ് രംഗത്തെ അഴിമതിക്കെതിരെ വിവരാവകാശനിയമം ആയുധമാക്കി അച്ഛന്‍ പോരാടുന്നു. ആ തീപ്പൊരി എന്നിലുമുണ്ട്. പ്രമുഖരായ ചില ഐ.എ.എസ്. ഓഫീസര്‍മാര്‍ എല്ലാ പരിമിതികളെയും മറികടന്ന് നടത്തിയ പോരാട്ടങ്ങളുടെ കഥ നമുക്കുമുന്നിലുണ്ട്. അതുതന്നെയാണ് എന്നെ ഈ രംഗത്തേക്ക് ആകര്‍ഷിച്ചതും.'' സമൂഹത്തെ സേവിക്കാനും അതിലൂടെ രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള വിശാലമായ പ്രവര്‍ത്തനത്തിനും ഐ.എ.എസ്. ഉപയോഗിക്കാന്‍ കഴിയുമെന്ന് ദിവ്യദര്‍ശിനി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
മിടുക്കിയെന്ന് സമ്മതിച്ചു. പക്ഷേ, ദിവ്യ, ആ പ്രതീക്ഷ അല്പം കൂടുതലാണോ, പ്രത്യേകിച്ചും ബ്യൂറോക്രസിയുടെ ഇന്നത്തെ അവസ്ഥയില്‍?
''ഇതേ ചോദ്യം അഞ്ചുവര്‍ഷം കഴിഞ്ഞ് നിങ്ങളെന്നോടു ചോദിക്കുക. അപ്പോള്‍ മറുപടി പറയാന്‍ കഴിയും'' -ദിവ്യ തിരിച്ചടിക്കുന്നു.

NEWS LETTER
RSS











