കെ.വി.കല
ജീവിത പ്രാരബ്ധങ്ങള്‍ ഒരുവേള മറന്നു മത്സരവേദിയില്‍ ഡെസ്‌നി മിന്നല്‍വേഗത്തില്‍ വാള്‍ വീശുമ്പോള്‍ വിജയം അവള്‍ക്കൊപ്പമാവും. തനിക്കുവേണ്ടി രാപ്പകല്‍ വിയര്‍പ്പൊഴുക്കുന്ന അച്ഛന് ഓരോ വിജയവും സമര്‍പ്പിച്ചു വാള്‍പ്പയറ്റില്‍ പുതിയ ഉയരങ്ങള്‍ ലക്ഷ്യമാക്കി മുന്നേറുകയാണ് ഈ പെണ്‍കുട്ടി.ചെന്നൈയില്‍ കഴിഞ്ഞമാസം നടന്ന ദക്ഷിണേഷ്യന്‍ സീനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയതാണ് ഈ പെണ്‍കുട്ടിയുടെ ഒടുവിലത്തെ നേട്ടം. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ ഡെസ്‌നിയടങ്ങിയ ടീം സ്വര്‍ണമെഡലും കരസ്ഥമാക്കി.
കഴിഞ്ഞ വര്‍ഷം മണിപ്പുരില്‍ നടന്ന ദേശീയ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ സാബര്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണമെഡല്‍ ഡെസ്‌നിക്കായിരുന്നു. ഡെസ്‌നി ഉള്‍പ്പെട്ട കേരള ടീമിനായിരുന്നു ടീമിനത്തിലും സ്വര്‍ണം. ആ വര്‍ഷത്തെ അഖിലേന്ത്യാ അന്തഃസര്‍വകലാശാല ചാമ്പ്യന്‍ഷിപ്പിലും ഡെസ്‌നിയുടെ ടീം സ്വര്‍ണം നേടി.2008 ല്‍ കൊറിയയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് പോവാന്‍ അവസരം കിട്ടിയെങ്കിലും സ്വന്തമായി ചെലവുവഹിക്കണമെന്നതിനാല്‍ ഡെസ്‌നിക്ക് പങ്കെടുക്കാനായില്ല. ഓട്ടോ ഡ്രൈവറായ അച്ഛന്‍ വിനോദ്കുമാര്‍ ജീവിതച്ചെലവ് കഴിഞ്ഞ് സ്വരുക്കൂട്ടുന്ന ചെറിയ തുക മതിയാവുമായിരുന്നില്ല ഡെസ്‌നിക്ക് കൊറിയയിലെത്താന്‍.
കഴിഞ്ഞ വര്‍ഷം ഫിബ്രവരിയില്‍ മലേഷ്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഡെസ്‌നിയുടെ ടീം ഓട്ടു മെഡല്‍ സ്വന്തമാക്കി. യാത്രയ്ക്കുള്ള പണം കണ്ടെത്താനുള്ള അച്ഛന്റെ കഠിന പരിശ്രമത്തിനൊടുവില്‍ ജര്‍മന്‍ മോട്ടോഴ്‌സാണ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തത്. അതേവര്‍ഷം ജൂലായില്‍ സിംഗപ്പുരില്‍ നടന്ന യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഡെസ്‌നിയുടെ ടീം നാലാം സ്ഥാനത്തെത്തി. ഒരു ടി.വി. ചാനല്‍ റിപ്പോര്‍ട്ടിലൂടെ ഡെസ്‌നിയുടെ സാമ്പത്തിക പ്രയാസം മനസ്സിലാക്കിയ സിനിമാനടന്‍ സുരേഷ്‌ഗോപിയാണ് ഇത്തവണ തുണയായത്.
വെസ്റ്റ്ഹില്‍ കനകാലയ ബാങ്കിനടുത്താണ് വീടെങ്കിലും ഏഴാം ക്ലാസ് മുതല്‍ ഡെസ്‌നി തലശ്ശേരി സായ് സെന്ററിലാണ്. സി.വി.എന്‍ . കളരിയില്‍ ചന്ദ്രന്‍ ഗുരുക്കളുടെ കീഴില്‍ നന്നെ ചെറുപ്പം മുതല്‍ കളരി അഭ്യസിച്ചതാണ് ഫെന്‍സിങ്ങിലേക്കുള്ള വഴി തുറന്നത്.
സായ് കോച്ചായ ഹരീന്ദ്രനാഥ് ഒരുദിവസം ഫെന്‍സിങ് പരിശീലിപ്പിക്കാന്‍ പറ്റിയ കുട്ടികളെ അന്വേഷിച്ച് ചന്ദ്രന്‍ ഗുരുക്കളെ തേടി എത്തുകയായിരുന്നു. 2003 മുതലാണ് മത്സരത്തില്‍ പങ്കെടുത്തു തുടങ്ങിയത്. ഫെന്‍സിങ്ങിന് ഉപയോഗിക്കുന്ന മൂന്നുതരം വാളുകളില്‍ സാബര്‍ ആണ് ഡെസ്‌നിയുടെ ഇനം. ചലനങ്ങളും ആക്രമണങ്ങളും ഇതില്‍ കൂടുതലാണ്.
വാള്‍പ്പയറ്റിലെന്നപോലെ പഠനത്തിലും ഡെസ്‌നി നേട്ടം കൊയ്യുന്നു. പരിശീലനത്തിനും മത്സരത്തിനുമായി അധ്യയനദിവസങ്ങള്‍ ഏറെ നഷ്ടമായെങ്കിലും എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡോടെയാണ് ഈ പെണ്‍കുട്ടി വിജയിച്ചത്. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് ഗവ. എന്‍ജിനീയറിങ് കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണിപ്പോള്‍. മികച്ച പരിശീലനവും മറ്റു സൗകര്യങ്ങളുമൊരുക്കിക്കൊടുത്താല്‍ അന്താരാഷ്ട്ര മത്സരവേദികളില്‍ ത്രിവര്‍ണപതാക ഉയരെ പാറിക്കാന്‍ ഈ പെണ്‍കുട്ടിക്ക് കഴിയുമെന്നുറപ്പാണ്.

NEWS LETTER
RSS











