കെ.വി.കല
2009ലെ മിര്‍ച്ചി റേഡിയോ അവാര്‍ഡുകള്‍ ഈയിടെ ചെന്നൈയില്‍ പ്രഖ്യാപിച്ചപ്പോള്‍ സന്തോഷം കൊണ്ട് ശ്വാസം നിലച്ചുപോയത് കോഴിക്കോട്ടെ ഒരു പതിനെട്ടുകാരിക്കാണ്. മികച്ച ഗായികയായി ചിത്രയുടെയും സംഗീതസംവിധായകനായി എം. ജയചന്ദ്രന്റെയും പേര് പ്രഖ്യാപിച്ചതിന് പിന്നാലെ പറഞ്ഞത് തന്റെ പേര് തന്നെയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ജോസഫ് റോഡില്‍ താമസിക്കുന്ന അപര്‍ണ കരിമ്പിലിന്.'പരിഭവം' എന്ന സിനിമയ്ക്കായി അപര്‍ണയെഴുതിയ ''ആരും മീട്ടാന്‍ കൊതിക്കുമീ മണിവീണ'' എന്ന ഗാനത്തിനാണ് മികച്ച ഗാനരചനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത്. നാലു ദക്ഷിണേന്ത്യന്‍ ഭാഷകളിലായി 2009 ല്‍ പുറത്തിറങ്ങിയ ചലച്ചിത്രഗാനങ്ങളാണ് മിര്‍ച്ചി അവാര്‍ഡിന് പരിഗണിച്ചത്. മലയാള ചലച്ചിത്ര ഗാനരചനാരംഗത്തെ മികച്ച ഭാവി വാഗ്ദാനത്തിനുള്ള അവാര്‍ഡാണ് അപര്‍ണ സ്വന്തമാക്കിയത്.
സിനിമാ സംവിധായകനായ അഡ്വ. കെ.എ. ദേവരാജന്റെ മകളാണ് അപര്‍ണ. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ ദേവരാജന്‍ സംവിധാനം ചെയ്ത 'പരിഭവ'ത്തിലെ അഞ്ച് ഗാനങ്ങള്‍ അപര്‍ണ എഴുതിയത്. ഇതിലെ 'ആരും മീട്ടാന്‍' എന്ന ഗാനം പാടിയത് ചിത്രയാണ്. പാട്ടിന്റെ റെക്കോഡിങ് വേളയില്‍ ഗാനരചയിതാവായ പാവാടക്കാരിയെക്കണ്ട് ചിത്ര അത്ഭുതം കൂറിയതാണ് തനിക്ക് ലഭിച്ച ആദ്യ അംഗീകാരമെന്ന് അപര്‍ണ പറയുന്നു.
ചിത്രമാത്രമല്ല, സാക്ഷാല്‍ യേശുദാസുതന്നെ അപര്‍ണയുടെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ശ്വേത, ജ്യോത്സന, റിമി ടോമി, വിനീത് ശ്രീനിവാസന്‍..... അപര്‍ണയുടെ അക്ഷരക്കൂട്ടങ്ങള്‍ക്ക് മാധുര്യം പകര്‍ന്നവരുടെ പട്ടിക നീളുകയാണ്.
പരിഭവം, ദൈവത്തിന്റെ കൈയൊപ്പ്, സ്വപ്നമാളിക, സ്പന്ദനം, അന്‍പേ ഉനക്കാകെ എന്നീ സിനിമകള്‍ക്കായി പതിനെട്ടോളം പാട്ടുകളാണ് അപര്‍ണ എഴുതിയിട്ടുള്ളത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ സിനിമയായ 'സ്വപ്നമാളിക'യും പൃഥിരാജ് നായകനാവുന്ന സ്പന്ദനം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതോടെ കൂടുതല്‍ അംഗീകാരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അപര്‍ണ. ദേവരാജ് സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് സിനിമയായ റെയിന്‍ബോയിലെ ഗാനങ്ങളും അപര്‍ണയുടെതാണ്.
അച്ഛന്‍ സംവിധാനം ചെയ്ത പാവ, ചപ്പാണി എന്നീ സിനിമകളില്‍ ബാലനടിയായും അപര്‍ണ വേഷമിട്ടിട്ടുണ്ട്.
ക്രിസ്ത്യന്‍ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ അപര്‍ണയ്ക്ക് അഭിഭാഷകയാവാനാണ് ആഗ്രഹം. ഒപ്പം സ്ത്രീകള്‍ ഏറെ കടന്നുവരാത്ത ചലച്ചിത്ര ഗാനരചനാ രംഗത്ത് കാലുറപ്പിച്ച് ഉയരങ്ങള്‍ കീഴടക്കാനും.

NEWS LETTER
RSS











