MATHRUBHUMI RSS
Loading...
ഷീബ പറയുന്നു ട്രസ്റ്റ് ഇന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌
പുഷ്പ.എം


ഷെയര്‍ മാര്‍ക്കറ്റ്, സെന്‍സെക്‌സ്, കാള, കരടി ഇത്യാദി പദങ്ങളോടു പോലും പൊതുവെ സ്ത്രീകള്‍ക്കു വിരക്തിയാണ്. പത്രത്തില്‍, ഒരു വാര്‍ത്ത പോലും വായിക്കാതെ മറിക്കുന്ന പേജുകളിലൊന്ന് വാണിജ്യത്തിന്റെതാകാം. എന്നാല്‍ ഷീബ രാധാകൃഷ്ണന്‍ ഈ ഗണത്തില്‍ പെടുന്നില്ല.

2008-ലെ സി.എന്‍.ബി.സിയുടെ ബെസ്റ്റ് ഇന്‍ഡിവിജ്വല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ക്കുള്ള അവാര്‍ഡ്, ഐ.ഡി.ബി.ഐയുടെ ഏറ്റവും നല്ല സ്ഥിരനിക്ഷേപ സമാഹരണ ഏജന്റിനുള്ള അവാര്‍ഡ് തുടങ്ങി ഇന്‍വെസ്റ്റ്‌മെന്റ് മേഖലയില്‍ ശ്രദ്ധേയമായ അവാര്‍ഡുകള്‍ ഷീബയുടെ പേരിന് അലങ്കാരമാണ്. എന്നാല്‍, ഷീബയുടെ ക്യാബിനിലെ ഇത്തരം മെമെന്റോകളും സര്‍ട്ടിഫിക്കറ്റുകളും പറയുന്നത് ആത്മസമര്‍പ്പണത്തിന്റെ കഥകളാണ്.

ട്രസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസ്- ഷീബയും ഭര്‍ത്താവ് രാധാകൃഷ്ണനും എട്ടുവര്‍ഷം മുമ്പ് എറണാകുളത്ത് വൈറ്റിലയില്‍ ഒറ്റമുറി ഓഫീസില്‍ തുടങ്ങിയ സ്ഥാപനം. ഇന്ന് എറണാകുളത്ത് ഇടപ്പള്ളിയില്‍, വിളങ്ങാടന്‍ ആര്‍ക്കെയ്ഡില്‍ രണ്ടാംനിലയിലുള്ള ട്രസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഉള്‍ത്തളങ്ങള്‍, ഇന്റീരിയര്‍ ഡിസൈന്‍ മാസികയുടെ താളുകളിലെ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നു. കടുംവര്‍ണങ്ങളും ഇളംവര്‍ണങ്ങളും പ്രകാശം പരത്തുന്ന മുറികള്‍. അവിടെ പ്രസരിപ്പിന്റെ ആള്‍രൂപം പോലെ ഓടിനടക്കുന്ന ഷീബ ഇന്നു വലിയ സ്വപ്നങ്ങള്‍ കാണുന്നു. ''ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഞങ്ങളുടെ കമ്പനി ലിസ്റ്റ് ചെയ്യണം. ഗ്രാമീണമേഖലയിലെ സ്ത്രീകള്‍ക്കുകൂടി ഉള്‍പ്പെടുത്തി ബിസിനസ് വിപുലമാക്കണം...'' അതുപറയുമ്പോള്‍ ഷീബയുടെ കണ്ണുകളില്‍ പോലും പ്രകാശമുണ്ട്.

''കസ്റ്റമേഴ്‌സിന്റെ എണ്ണം കൂട്ടുക എന്നതിലുപരി, ഉള്ള കസ്റ്റമേഴ്‌സിന് ഏറ്റവും നല്ല സേവനം നല്‍ കി, അവരെ ഞങ്ങളോടെപ്പം നിലനിര്‍ത്തുക എന്നതാണ് ഞങ്ങളുടെ സ്ട്രാറ്റജി. അതിന്, കസ്റ്റമര്‍ക്ക് 100 ശതമാനവും തൃപ്തികരമായ വിധത്തില്‍, ഏറ്റവും വേഗത്തില്‍, ഏറ്റവും എളുപ്പത്തില്‍ അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുവാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കും.'' രാധാകൃഷ്ണന്‍ പറയുന്നു.

ഷീബയും രാധാകൃഷ്ണനും മിക്ക ദിവസവും ഓഫീസില്‍ മുഴുവന്‍ സമയവും ഉണ്ടാകാറില്ല. അന്നേരം അവര്‍ വീട്ടില്‍ വിശ്രമിക്കുകയാണെന്ന് കരുതല്ലേ. ''ചിലപ്പോള്‍ ഏതെങ്കിലുമൊരു ക്ലൈന്റിന്റെ ഓഫീസിലേക്കോ വീട്ടിലേക്കോ ആയിരിക്കും രാവിലെ പോകുന്നത്. ഇന്‍വെസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സ്‌കീമുകളെക്കുറിച്ച് പറഞ്ഞകൊടുക്കും. ഒരോ സ്‌കീമുകളുടെയും പ്രത്യേകതകള്‍ മനസിലാക്കിക്കൊടുക്കും. പണം നിക്ഷേപിക്കുന്നതിനാവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം ചെയ്തുകൊടുക്കും.'' നിക്ഷേപപദ്ധതിയില്‍ ചേരുമ്പോള്‍ അപേക്ഷാഫോറം പൂരിപ്പിക്കുന്നതു മുതല്‍ മച്വര്‍ ആകുമ്പോള്‍ പണം പിന്‍വലിക്കാനുള്ള ഫോം വരെ ഇവര്‍ പൂരിപ്പിച്ചു നല്‍കുന്നു.

''ക്ലൈന്റിന് സൗകര്യമുള്ള ഏതു സമയത്തും ഞങ്ങള്‍ അവരുടെ അടുത്തെത്തും. അവരുടെ ഓഫീസിലോ വീട്ടിലോ ചെന്ന് അവരെ കാണും. ഫീല്‍ഡ് വര്‍ക്ക് കൂടുതലുള്ളപ്പോള്‍ ചിലപ്പോള്‍ അഞ്ചുമണിക്കു ശേഷമാണ് ഓഫീസില്‍ എത്തുന്നത്. അതുകഴിഞ്ഞ് ഈ- മെയിലില്‍ വന്നിട്ടുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കും. കസ്റ്റമേഴ്‌സിന് എപ്പോള്‍ വേണമെങ്കിലും ഫോണിലോ ഈ- മെയിലിലോ ഞങ്ങളുമായി ബന്ധപ്പെടാം. കസ്റ്റമറാണ് ഏതു ബിസിന സിന്റെയും അടിത്തറ എന്നു ഞങ്ങള്‍ക്കറിയാം.'' കസ്റ്റമറുമായുള്ള ബന്ധമാണ് ഏതു ബിസിനസിന്റെയും ശക്തി എന്ന് ഇവര്‍ വിശ്വസിക്കുന്നു.

ട്രസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസിലെ ഓരോ നിക്ഷേപകനെയും രാധാ കൃഷ്ണനും ഷീബയ്ക്കും നേരിട്ടറിയാം. ട്രസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസിലെ സ്റ്റാഫിനു നല്‍കുന്ന നിര്‍ദേശവും അതുതന്നെ- ക സ്റ്റമറാണ് പ്രധാനം എന്നു മനസിലാക്കി, കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന് മുന്‍ഗണന നല്‍കി ജോലി ചെയ്യുക. നിലവിലുള്ള ക്ലൈന്റ്‌സ് വഴി ഇവര്‍ക്ക് ധാരാളം ക്ലൈന്റ്‌സിനെ കിട്ടുന്നു. ഇന്ന് ഇവര്‍ക്ക് ഏകദേശം 2000 ത്തിലധികം കസ്റ്റമര്‍മാരുണ്ട്. 300 സ്ഥാപനങ്ങളും 400 ഓളം വന്‍ നിക്ഷേപകരും ഇക്കൂട്ടത്തില്‍ പെടുന്നു.

ഓരോരുത്തര്‍ക്കും തികച്ചും വ്യക്തിഗതമായ ഉപദേശങ്ങളാണ് ഇവര്‍ നല്‍കുന്നത്. ''അതായത് ഒരാളുടെ പ്രായം, നിക്ഷേപത്തിനായി മാറ്റിവയ്ക്കുന്ന പണത്തിന് ആവശ്യം വരുന്നത് എപ്പോള്‍, ഇപ്പോഴത്തെ പ്രധാന ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നിക്ഷേപിക്കാനാവുന്ന തുക എന്നിങ്ങനെ പല ഘടകങ്ങള്‍ നോക്കിയാണ് ഏത് പദ്ധതിയില്‍ ചേരുന്നതാണ് ഉചിതം എന്ന് നിര്‍ദേശക്കുന്നത്.'' അതിന് ധാരാളം ഹോം വര്‍ക്കും ആവശ്യമാണ്. പുതിയ നിക്ഷേപ പദ്ധതികളെക്കുറിച്ച് സമഗ്രമായി പഠിക്കണം, ഓരോ ന്നിന്റെയും ഗുണദോഷങ്ങള്‍ നന്നായി മനസിലാക്കണം.

ട്രസ്റ്റ് ഇന്‍വെസ്റ്റില്‍ നിന്ന് സേവനം ലഭിക്കണമെങ്കില്‍ കുറഞ്ഞത് ഇത്ര രൂപ നിക്ഷേപിക്കണം എന്ന നിബന്ധനയൊന്നും ഇല്ല. ''ആയിരം രൂപ നിക്ഷേപമുള്ള ആളെയും കോടികള്‍ നിക്ഷേപിക്കുന്ന ആളെയും ഞങ്ങള്‍ ഒരുപോലെ ബഹുമാനിക്കുന്നു. ചിലപ്പോള്‍ ചെറിയ നിക്ഷേപമുള്ള ആള്‍ വലിയ നിക്ഷേപമുള്ളവരെ നാളെ കൊണ്ടുവന്നു തന്നേക്കാം. ഒരു ക്ലൈന്റിനെ പോലും ഞങ്ങള്‍ അവഗണി ക്കുകയോ വില കുറച്ചു കാണുകയോ ചെയ്യില്ല.''

പിന്നിട്ട വഴികളിലൂടെ

പഠനം കഴിഞ്ഞ് ജോലി ചെയ്യുമ്പോള്‍, സ്വന്തമായി ബീസിനസ് തുടങ്ങണമെന്നായിരുന്നു ഷീബയുടെ സ്വപ്നം. ജോലി രാജിവച്ചുള്ള സാഹസങ്ങളൊക്കെ കല്യാണം കഴിഞ്ഞ് ഭര്‍ത്താവ് സമ്മതിക്കുമെങ്കില്‍ മാത്രം മതിയെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞു.

കൊച്ചിന്‍ കോര്‍പറേഷനിലും എറണാകുളത്തുള്ള ഒരു ധനകാര്യസ്ഥാപനത്തിലുമാണ് ഷീബ ജോലി ചെയ്തിട്ടുള്ളത്. ''ധനകാര്യസ്ഥാപനത്തില്‍, ആദ്യമായി എനിക്കു കിട്ടിയ ടാര്‍ജറ്റ് 75 ലക്ഷമായിരുന്നു. അന്ന് ആ വലിയ തുക തന്നെ എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പിച്ചു. ഡെഡ് ലൈന്‍ അടുക്കാറായിട്ടും അത് അച്ചീവ് ചെയ്യാന്‍ എനിക്കായില്ല. അവസാനദിവസം വൈകുന്നേരമായിട്ടും ആയിരം രൂപപോലും കിട്ടിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഈ പണി എനിക്കു പറ്റിയതല്ലെന്ന് തോന്നി. ജോലി രാജി വയ്ക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ബോസിന് അതേക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോള്‍, ഞാന്‍ നേരത്തെ കോണ്‍ട്രാക്ട് ചെയ്തിരുന്ന സ്ഥാനപത്തില്‍ നിന്ന് എന്നെ വിളിച്ചിരുന്നുവെന്നും പെട്ടെന്ന് അവരെ കോണ്‍ടാക്റ്റ് ചെയ്യാനും അദ്ദേഫം പറഞ്ഞു. ഞാന്‍ അവരെ വിളിച്ചു, എനിക്ക് ബിസിനസ് കിട്ടി. അതോടെ എനിക്ക് ആത്മവിശ്വാസമായി. നിക്ഷേപമേഖലയിലെ ജോലി ഹരമായി. സത്യത്തില്‍ ആ കോളാണ് എന്നെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തിയത്.''

'സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതാണെന്ന് നല്ലത്' എന്നു കരുതിയിരുന്ന രാധാകൃഷ്ണന്‍ ജീവിതത്തിലെത്തിയതാണ് ബിസിനസ് ജീവിതത്തിലെ രണ്ടാമത്തെ നാഴികക്കല്ല്. പെണ്ണുകാണല്‍ ദിവസം തന്നെ, ബിസിനസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് ഷീബ പറഞ്ഞിരുന്നു. അങ്ങനെ വിവാഹത്തിന്റെ മൂ ന്നാം മാസം, നല്ല ശമ്പളമുണ്ടായിരുന്ന ജോലിയുപേക്ഷിച്ച് രണ്ടുപേരും തൊഴിലാളിയുടെ ഐഡന്റിറ്റി കാര്‍ഡ് അഴിച്ചുവച്ചു സ്വയം ബോസായി.

''തുടക്കത്തില്‍ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. നിക്ഷേപമെന്നാല്‍ ചിട്ടിയെന്നും ബാങ്കിലെ എഫ്.ഡിയെന്നും മാത്രമാണ് അന്ന് പരക്കെയുള്ള ധാരണ. അത്തരക്കാരെ പല നിക്ഷേപസാധ്യതകളെക്കുറിച്ച് പറഞ്ഞുമനസിലാക്കാന്‍ തന്നെ കുറേ കഷ്ടപ്പെട്ടു. ആദ്യത്തെ മൂന്നു വര്‍ഷം ഞങ്ങള്‍ നന്നായി അധ്വാനിച്ചു. മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഒരു ക്ലൈന്റിനെപ്പോലും ഞങ്ങളുടെ സ്ഥാപനത്തിലേയ്ക്ക് വലിച്ചില്ല. എല്ലാം ആദ്യം മുതല്‍ തുടങ്ങുകയായിരുന്നു. അന്ന് ഞങ്ങള്‍ക്ക് വാഹനമായി ഒരു ഹീറോഹോണ്ടയേ ഉണ്ടായിരുന്നുള്ളു. വെയില്‍ കൊണ്ട്, പൊടിയടിച്ച്, മഴ നനഞ്ഞ് ഞാനും ഭര്‍ത്താവും എത്രയോ ക്ലൈന്റ്‌സിനെ കണ്ടിരിക്കുന്നു. 300 കിലോമീറ്ററോളം ബൈക്കില്‍ പോയ ദിവസങ്ങള്‍ അക്കാലത്തുണ്ട്. താലി വരെ പണയം വയ്‌ക്കേണ്ടിവന്നിട്ടുണ്ട്. മകന്‍ നമിത് പിറന്നപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് ഞങ്ങള്‍ ശരിക്കറിഞ്ഞു. സ്ഥിരവരുമാനമുള്ള ജോലി ഉണ്ടായിരുന്നെങ്കില്‍ എന്നുപോലും തോന്നിയിട്ടുണ്ട്. ഒരാളെങ്കിലും ജോലിക്ക് പോയാലോ എന്നും ഞങ്ങള്‍ ആലോചിച്ചു.

പക്ഷേ, പണവും അധ്വാനവും സ്വപ്നങ്ങളും നിക്ഷേപിച്ച്, അടിത്തറയിട്ട സ്ഥാപനം അങ്ങനെ ഉപേക്ഷിക്കുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ക്ക് തോന്നി. കാര്യമായ റിട്ടേണ്‍ ഇല്ലെങ്കിലും, അപ്പോഴും സ്ഥാപനം വളരുകയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ട്, കുറച്ചുകൂടി പ്രായോഗികമായി ഞങ്ങള്‍ ചിന്തിച്ചു. ഒരാള്‍ ജോലിക്കു പോയാല്‍ 10000 രൂപ മാസശമ്പളം കിട്ടുമെങ്കില്‍, ദിവസേന കിട്ടുന്നത് 333 രൂപ. അത്രയും രൂപ ദിവസവും സമ്പാദിക്കാന്‍ കഴിയുമോ എന്നു നോക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അത് ഫലം കണ്ടു.'' പ്രതിസന്ധികളും അത്യധ്വാനവും ഉണ്ടെങ്കിലും സ്വന്തം സ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഓരോ നിമിഷവും നേട്ടത്തിന്റെ ഓരോ തുടിപ്പുകളും സമ്മാനിക്കുന്ന ത്രില്‍ ഒന്നു വേറെതന്നെയാണെന്ന് ഷീബയും രാധാകൃഷ്ണനും പറയുന്നു.

തുടക്കത്തില്‍, മാനേജിംഗ്, പ്ലാനിങ്, പബ്ലിക് റിലേഷന്‍, മാര്‍ക്കറ്റിങ് എന്തിന് പ്യൂണ്‍പണി വരെ തനിയെ ചെയ്തതു കൊണ്ടുള്ള അനുഭവപാഠമാണ് ഇവരുടെ കൈമുതല്‍. ''സ്റ്റാഫ് എന്തു പ്രശ്‌നം പറഞ്ഞാലും ഞങ്ങള്‍ക്കത് നന്നായി മനസിലാകും. അവരുടെ വീക്ഷണകോണില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. അനുഭവത്തിന്റെ വെളിച്ചത്തില്‍ പരിഹാരം നിര്‍ദേശിക്കാന്‍ കഴിയും. ഇല്ലാത്ത പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ അതും മനസിലാകും.'' രാധാകൃഷ്ണന്‍ പറയുന്നു.

സാമ്പത്തികമാന്ദ്യത്തേക്കാള്‍ വലിയ പ്രശ്‌നം സെക്കന്റ് ലെവല്‍ മാനേജ്‌മെന്റിന് വിശ്വസ്തരായ ആളെ കിട്ടാത്തതാണെന്ന് ഇവര്‍ പറയുന്നു. ''എല്ലാ ബിസിനസുകാരുടെയും പ്രശ്‌നമാണത്. ഒരു സ്ഥാപന ത്തെ വളര്‍ത്തുന്നതില്‍ സെക്കന്റ് ലെവലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ പങ്കുണ്ട്. കാരണം, ഡയറക്ടര്‍മാര്‍ എടുക്കുന്ന തീരുമാനങ്ങളും നയങ്ങളും പ്രാവര്‍ത്തികമാകുന്നത് ഇവരിലൂടെയാണ്.''

ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളോട് ഷീബയ്ക്ക് പറയാന്‍ ഒന്നേയുള്ളു- ആഗ്രഹിക്കുക. ആഗ്രഹം സഫലമാക്കാനായി അത്യധ്വാനം ചെയ്യുക. തീര്‍ച്ചയായും ഫലമുണ്ടാകും.