മിസ് കേരള കിരീടം ചൂടിയ ഇന്ദു തമ്പിയുടെ വിശേഷങ്ങള്‍
നക്ഷത്രങ്ങളെയല്ല ഈ പെണ്‍കുട്ടി കൊതിക്കുന്നത്. കുട്ടിക്കാലത്ത് ചിരിച്ചുകാട്ടിയ അമ്പിളിമാമനെത്തന്നെയാണ്. ആദ്യം നക്ഷത്രങ്ങളില്‍ കണ്ണെറിയുക. അവ സ്വന്തമായാല്‍ പിന്നെ അവിടെ നിന്ന് ചന്ദ്രനിലേക്ക് പോകുക. ഉയരങ്ങള്‍ മോഹിക്കുന്നവര്‍ അങ്ങനെയാകണം-നിലാവിന്റെ ഭംഗിയുള്ള ചിരിയോടെ ഇന്ദുതമ്പി പറഞ്ഞു. ഇരുപത്തിയൊന്നുപേരെ പിന്തള്ളി കേരളത്തിന്റെ ഏറ്റവും ലാവണ്യമേറിയ പെണ്‍കുട്ടിയായി മാറിയ ഇരുപത്തിയൊന്നുകാരി പേരിലെപ്പോലെ ചാന്ദ്രസാന്നിധ്യത്തെ ആഗ്രഹങ്ങളിലും സൂക്ഷിക്കുന്നു.അമ്മയാണ് ഇന്ദുവിന് പേരിട്ടത്. ഒരുപാടിഷ്ടപ്പെട്ട വാക്കിനെ മകളുടെ പേരിനോട് ചേര്‍ത്തുവച്ച ജയശ്രീ തമ്പിക്ക് തെറ്റിയില്ല. വ്യാഴാഴ്ച ലേമെറിഡിയന്‍ ഹോട്ടലിലെ അഴകുള്ള രാത്രിയില്‍ ഇന്ദു വെണ്ണിലാവായുദിച്ചു. മിസ്.കേരള പട്ടത്തിന്റെ കിരീടം ഇനി ഒരുവര്‍ഷം ഈ ശിരസ്സില്‍.
ചിരിയാണ് ഇന്ദുവിന്റെ ഏറ്റവും വലിയ ആഭരണം. ഫോട്ടോഷൂട്ടിന്റെ നാളുകള്‍ മുതല്‍ ചിരിച്ചു തെളിഞ്ഞ ഈ നക്ഷത്രം അവസാനദിനത്തില്‍ മറ്റുള്ളവര്‍ കരഞ്ഞപ്പോഴും വിടര്‍ന്നു തന്നെനിന്നു. 'നമ്മുടെ ചിരി മറ്റുള്ളവരെയും ചിരിക്കാന്‍ പ്രേരിപ്പിക്കുന്നു. അത് നമുക്കും അവര്‍ക്കും സന്തോഷമല്ലേ തരിക' എപ്പോഴും ചിരിക്കുന്നതിനെക്കുറിച്ച് ഇന്ദു പറയുന്നു.
സൗന്ദര്യ മത്സരത്തിന്റെ അരങ്ങുകള്‍ ഇന്ദുവിന് ആദ്യ അനുഭവമല്ല. മിസ്സ് ഓള്‍ സെയിന്റ്‌സ് കോളേജ് പട്ടം പണ്ടേ നേടിയിട്ടുണ്ട് ഈ അഞ്ചടി അഞ്ചിഞ്ചുകാരി. അഞ്ചുവര്‍ഷം ഭരതനാട്യം അഭ്യസിച്ചെങ്കിലും ഇഷ്ടം സിനിമാറ്റിക് ഡാന്‍സുപോലെ അഭിനയിച്ചാടാനുള്ള ഇനങ്ങളോടാണ്. നൃത്തത്തോടുള്ള അഭിനിവേശം മിസ്.കേരള വേദിയിലും ഇന്ദു കാത്തുവച്ചു. മറ്റുള്ളവര്‍ റാമ്പിന്റെ പതിവുശൈലിയില്‍ നിന്നപ്പോള്‍ ഇന്ദുവിന്റെ കൈകളില്‍ നൃത്ത മുദ്രകള്‍ ചിരിച്ചു.
വിധികര്‍ത്താക്കളുടെ ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ ഇന്ദു നറുക്കിട്ടെടുത്തത് ക്ലബ്ബ് എഫ്.എം.ഹെഡ് ക്രിയേറ്റീവ് എന്‍.ജയകൃഷ്ണനെയാണ്. ലേമെറിഡിയനിലെ നിറഞ്ഞ സദസ്സ് ഏറ്റവുമധികം കയ്യടികളോടെ ഏറ്റുവാങ്ങിയത് ഇവര്‍ തമ്മിലുള്ള ചാറ്റ് ആയിരുന്നു. ഇതൊരു പരീക്ഷയാണോ പരീക്ഷണമാണോ എന്നായിരുന്നു ജയകൃഷ്ണന്റെ ആദ്യ ചോദ്യം. രണ്ടുമല്ലെന്നായിരുന്നു ഇന്ദുവിന്റെ മറുപടി. പോള്‍ നീരാളി ആരെന്നായിരുന്നു അടുത്ത ചോദ്യം. കൃത്യം ഉത്തരം പറഞ്ഞ ഇന്ദു ഒന്നു കൂടി കൂട്ടിച്ചേര്‍ത്തു. അതിനുശേഷമായിരുന്നു സദസ്സിനെ ആകെ ഇളക്കിയ നിമിഷം. സദ്യയിലെ ഏഴു വിഭവങ്ങളുടെ പേരുപറയാന്‍ ജയകൃഷ്ണന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ദു ഒരു നിമിഷം കണ്ണുചിമ്മി. കാണികളുടെ കരഘോഷത്തിനിടെ മറുപടി വന്നു. അവിയലില്‍ തുടങ്ങി ഓലനിലേക്കെത്തിയപ്പോള്‍ വിധികര്‍ത്താവ് പറഞ്ഞു: ഏഴിലധികമായി. മലയാണ്മയെ മറക്കാത്ത മനസ്സാണെന്ന് തെളിയിക്കുകയായിരുന്നു ഇന്ദു.
പട്ടിണിയും ദുരിതങ്ങളും നിറയുന്ന ലോകത്ത് ജീവിതമേ നീ എത്ര സുന്ദരിയാണെന്ന് പറയാന്‍ പ്രേരിപ്പിക്കുന്നതെന്തെന്ന അവസാന റൗണ്ടിലെ ചോദ്യത്തിന് സ്‌നേഹത്തിലും സഹാനുഭൂതിയിലും ചാലിച്ചാണ് ഇന്ദു മറുപടിയെഴുതിയത്. ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമെന്നാണ് ഇന്ദു മിസ്.കേരള മത്സരത്തെ വിശേഷിപ്പിക്കുന്നത്. ചേച്ചി രശ്മി തമ്പി ഉള്‍പ്പെടെയുള്ളവരെയാണ് ഇന്ദു പിന്നിലാക്കിയത്. ചേച്ചിയെ തോല്‍പ്പിക്കേണ്ടി വന്നല്ലോയെന്ന പ്രയാസമൊന്നുമില്ലെന്ന് ഇന്ദു പറയുന്നു. 'ഞങ്ങള്‍ തമ്മില്‍ വലിയ പ്രായവ്യത്യാസമില്ല. കുട്ടിക്കാലം തൊട്ട് കൂട്ടുകാരെപ്പോലെയാണ് ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങള്‍ തമ്മില്‍ എന്നും നല്ല സൗഹൃദമാണ്'-ഇന്ദുവിന്റെ വാക്കുകള്‍.
ഓള്‍സെയിന്റ്‌സിലെ ചെയര്‍ പേഴ്‌സണായിരുന്ന ഇന്ദു ഇംഗ്ലീഷില്‍ ബിരുദം നേടിയശേഷം ഇപ്പോള്‍ കേരളസര്‍വകലാശാലയില്‍ എം.എ.യ്ക്കു ചേര്‍ന്നിരിക്കുകയാണ്. സിനിമ ഇപ്പോള്‍ മനസ്സിലില്ല. അവസരം വന്നാല്‍ പഠനശേഷം നോക്കാമെന്നാണ് മിസ്.കേരള പറയുത്. ഒഴിവുസമയങ്ങളില്‍ പാട്ടുകേള്‍ക്കാനും വായിക്കാനും കവിതചൊല്ലാനും ഇഷ്ടപ്പെടുന്ന ഇന്ദുവിന്റെ മറ്റൊരു വിനോദം കിളികളോടും അരുമകളായ മൃഗങ്ങളോടും മിണ്ടുകയെന്നതാണ്.

NEWS LETTER
RSS











