MATHRUBHUMI RSS
Loading...
'സൗദിയ'യിലെ മലയാളി സുന്ദരി

റിയാദ്: സൗദിയുടെ ഔദ്യോഗിക വിമാന കമ്പനിയായ 'സൗദിയ'യില്‍ (സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്) എയര്‍ ഹോസ്റ്റസായി മലയാളി പെണ്‍കുട്ടി. റിയാദില്‍ ജനിച്ചുവളര്‍ന്ന ശില്പ ഭരതനാണ് ഈ പെണ്‍കുട്ടി. പേരാമ്പ്ര കടിയങ്ങാട് ഭരതന്റെയും സജിതയുടെയും പുത്രിയാണ് ശില്പ. 32 വര്‍ഷമായി റിയാദില്‍ ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ് നടത്തുകയാണ് ഭരതന്‍. ശില്പയുടെ അമ്മ സജിത ചിത്രകാരിയാണ്. സഹോദരങ്ങളായ സൗഗ ഭരതനും നന്ദു ഭരതനും നാട്ടില്‍ പഠിക്കുന്നു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പന്ത്രണ്ടാം ക്ലാസ് വരെ ശില്പയുടെ പഠനം.

സൗദിയയില്‍ ചേര്‍ന്ന് പരിശീലനം കഴിഞ്ഞുള്ള ശില്പയുടെ ആദ്യയാത്ര കേരളത്തിലേയ്ക്കായിരുന്നു. കുട്ടിക്കാലം മുതല്‍ വിമാനത്തില്‍ യാത്ര ചെയ്ത് ശീലമുള്ള ശില്പയ്ക്ക് എന്നും എയര്‍ഹോസ്റ്റസുമാര്‍ ഒരു കൗതുകമായിരുന്നു. ഈ കൗതുകം പിന്നീട് ഒരു എയര്‍ ഹോസ്റ്റസാകണമെന്ന ആഗ്രഹമായി.

ഫാഷന്‍ ഡിസൈനിങ്ങ് പഠിക്കാനായി ബാംഗ്ലൂരിലെത്തിയ ശില്പ ഇതിനുശേഷം ബാംഗ്ലൂരിലെ തന്നെ ഫ്രാങ്ക്ഫിന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എയര്‍ ക്രൂ കോഴ്‌സിന് ചേര്‍ന്നു.

കോഴ്‌സ് കഴിഞ്ഞ് റിയാദിലെത്തിയപ്പോള്‍ പ്രതീക്ഷകളേതുമില്ലാതെ സൗദി എയര്‍ലൈന്‍സില്‍ അപേക്ഷിച്ചുനോക്കിയ ശില്പയെ ഭാഗ്യം തുണച്ചു. അഭിമുഖത്തിന് ശേഷം 2010 ജനവരിയില്‍ ജോലിയ്ക്ക് ചേരാന്‍ ശില്പയ്ക്ക് അറിയിപ്പ് വന്നു. സൗദിയ'യുടെ വനിതാ വിഭാഗത്തിന്റെ ആസ്ഥാനമായ ജിദ്ദയില്‍ മൂന്ന് മാസത്തെ പരിശീലനത്തിനുശേഷം റിയാദില്‍ ആദ്യ നിയമനം ലഭിച്ചു. മെയ് 23ന് ശില്പയുടെ ആദ്യ യാത്ര നെടുമ്പാശ്ശേരിയിലേയ്ക്കായിരുന്നു.

പിന്നീട് ലണ്ടന്‍, മൊറോക്കോ, ബഹ്‌റൈന്‍, ഡല്‍ഹി, കാസബ്ലാങ്ക, സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് തുടര്‍ച്ചയായ യാത്രകളായിരുന്നു.

ലണ്ടനിലേക്കുള്ള യാത്രയില്‍ ഒരു സൗദി യാത്രക്കാരി ശില്പയുടെ പേരും മറ്റ് വിവരങ്ങളും ചോദിച്ചറിഞ്ഞ് തന്റെ സേവനത്തെ പ്രശംസിച്ച് വിമാന കമ്പനി അധികൃതര്‍ക്ക് കത്തെഴുതിയതും ജിദ്ദയിലേക്കുള്ള സര്‍വീസില്‍ ഒരിക്കല്‍ വില്‍ചെയറില്‍ യാത്ര ചെയ്തിരുന്ന ഒരു സൗദി വൃദ്ധ തന്റെ സേവനത്തില്‍ തൃപ്തയായി കൈപിടിച്ച് ചുംബിച്ചതും മറക്കാനാകില്ലെന്ന് ശില്പ പറയുന്നു.