MATHRUBHUMI RSS
Loading...
ഡയലോഗാണ് താരം
റീഷ്മ ദാമോദര്‍

ഗായത്രി, പൂജ... രസമുള്ള കുറേ കഥകളുണ്ട് ഈ ടെലിവിഷന്‍ അവതാരകര്‍ക്ക് പറയാന്‍...


'വായ തുറന്നാല്‍ അബദ്ധങ്ങള്‍ മാത്രം. ക്യാമറാമാന്റെ പേരിനു പകരം സംഗീതജ്ഞന്റെ പേര് പറയും. നേരെ തിരിച്ചും. ഈ ഗായത്രിയുടെ തൊലിക്കട്ടി അപാരംതന്നെ'', അമൃത ടിവിയില്‍ 'മൂവി ബസാര്‍' അവതരിപ്പിക്കുന്ന ഗായത്രിയെക്കുറിച്ച് സുഹൃത്തുക്കള്‍ പറയും. എന്നിട്ടും ഗായത്രിക്ക് യാതൊരു കൂസലുമില്ല.

''എന്തിനാ തെറ്റുപറ്റിയാല്‍ ചമ്മുന്നെ. അതിനെക്കുറിച്ച് ചിന്തിക്കാന്‍ പോയാല്‍ പിന്നെ, അതിനേ നേരം കാണൂ'', ഇതാണ് ഗായത്രിയുടെ ലൈന്‍. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഗായത്രി ആങ്കറിങ്ങില്‍ സജീവമായത്. ''മാര്‍ ഇവാനിയോസില്‍ ഡിഗ്രി മാസ് കമ്മ്യൂണിക്കേഷന്‍ ചെയ്യുന്ന സമയം. ഒരു ദിവസം എന്റെ കൂട്ടുകാരി പറഞ്ഞു, 'നെറ്റ് വര്‍ക്ക് ടെലിവിഷന്‍ എന്ന പ്രൊഡക്ഷന്‍ ഹൗസ് അവതാരകരെ തിരഞ്ഞെടുക്കുന്നു. അതില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന്. ഞാനവളുടെ കൂടെ പോയി. അവിടെയുള്ളവര്‍ ചോദിച്ചു, ഒരു കൈ നോക്കുന്നോ? അങ്ങനെ ഓഡീഷന് കയറി. റിസല്‍ട്ട് വന്നപ്പോള്‍ ശരിക്കും ഞെട്ടി, എന്നെയും തിരഞ്ഞെടുത്തിരിക്കുന്നു.''

ഏഷ്യാനെറ്റിലെ 'സ്വയംവരം', കൈരളിയിലെ 'മിനിസ്റ്റേഴ്‌സ് ഇന്‍ ആക്ഷന്‍', ഗായത്രി അവതരിപ്പിച്ച പരിപാടികളാണിവ. അതിനിടയില്‍ റേഡിയോ ജോക്കിയായും സ്റ്റേജ് ഷോ അവതാരകയായും തിളങ്ങിയിട്ടുണ്ട്. ''2008-ല്‍ ഇന്ത്യാവിഷന്‍ സംഘടിപ്പിച്ച ന്യൂ ഇയര്‍ പരിപാടി ഞാനാണ് അവതരിപ്പിച്ചത്. അതു കണ്ടാണ് അമൃതയിലേക്ക് വിൡക്കുന്നത്.'' ഒരു വര്‍ഷമായി മൂവി ബസാറിന്റെ അവതാരകയാണ് ഗായത്രി.

''ക്യാമറയെ നോക്കി ഒന്നും പറയാന്‍ എനിക്ക് അറിയില്ലായിരുന്നു. എന്റെ അവതരണം കണ്ട് പലരും പറഞ്ഞു, പ്രസംഗിക്കുന്നതു പോലെയെന്ന്. പലപ്പോഴും ഒമ്പത് ടേക്ക് വരെ വേണ്ടിവന്നു. അതോടെ, പരിപാടികളൊക്കെ റെക്കോഡ് ചെയ്ത് കാണാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ എല്ലാം ശരിയായി. ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനുകളിലൊക്കെ പോവേണ്ടിവരും. നടീനടന്മാരെയൊക്കെ ഇന്റര്‍വ്യൂ ചെയ്യണം. തുടക്കത്തില്‍ പലരും ചെറിയ പെണ്ണല്ലേ എന്നു കരുതി മൈന്‍ഡ് ചെയ്യുകയേയില്ലായിരുന്നു. നടി ഡിമ്പിള്‍ കപാഡിയയെ ഇന്റര്‍വ്യൂ ചെയ്തത് മറക്കാന്‍ പറ്റില്ല. ഭയങ്കര സീരിയസ്സായിരുന്നു അവരാദ്യം. എന്നാല്‍, കുറച്ചു കഴിഞ്ഞപ്പോഴേക്കും തമാശയൊക്കെ പറഞ്ഞുതുടങ്ങി. ഒടുവില്‍ ഒരു പാട്ടും പാടിയിട്ടേ അവര്‍ മടങ്ങിയുള്ളൂ.''

''മൂവി ബസാര്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ ശേഷം സിനിമയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അപ്പപ്പോള്‍ അറിയും. കാരണം, ലൊക്കേഷനില്‍ പോവുമ്പോഴാവും ആരെങ്കിലും ചോദിക്കുന്നത്, 'നമ്മുടെ ആ സിനിമയുടെ പൂജ കഴിഞ്ഞോയെന്ന്. മറുപടി പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ മോശമല്ലേ?'', ഗായത്രി വിശദീകരിക്കുന്നു.

കുഴക്കുന്ന അനുഭവങ്ങളുടെ നടുവിലാണ് ലൈവ് പരിപാടികളുടെ അവതാരകര്‍. ''എഫ്.എമ്മില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അത്. തിരുവനന്തപുരത്തുള്ളൊരു പയ്യന്‍ വിളിച്ചു. വളരെ ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടവന്‍. കുറെ നേരം സംസാരിച്ചു. അവസാനം എന്നോടൊരു ചോദ്യം, 'ഞാനൊന്നു അമ്മേയെന്നു വിളിച്ചോട്ടേ?' പതറിപ്പോയി ഞാന്‍. എന്തു ചെയ്യണമെന്നറിയാതെ കുറച്ചു നിമിഷങ്ങള്‍. എങ്ങനെയോ പറഞ്ഞൊപ്പിച്ചു, വിളിച്ചോളൂവെന്ന്. പിന്നീട്, ആ പരിപാടിയിലേക്കു വിളിച്ചവര്‍ക്കെല്ലാം എന്റെ അവസ്ഥ മനസ്സിലാവുകയും ചെയ്തു. എന്നുവെച്ച് പരിപാടി ഇടയ്ക്കുവെച്ച് നിര്‍ത്താന്‍ പറ്റില്ലല്ലോ?''

''ആങ്കറിങ് പോലെ സുഖമുള്ള മറ്റൊരു ജോലിയില്ല. മുഴുവന്‍ സമയവും ചാനലില്‍ത്തന്നെ ഇരിക്കണമെന്നില്ല. ടെന്‍ഷനുമില്ല. നമുക്ക് കഴിവുണ്ടോ, എങ്കില്‍ അവസരങ്ങള്‍ക്ക് പഞ്ഞമില്ല'', ഗായത്രി പറയുന്നു.

പച്ച മാങ്ങ പച്ച മാങ്ങാ

'അവള്‍ക്ക് ചേരുന്ന പേര് പൂജയെന്നല്ല, ചിരിക്കുടുക്കയെന്നാണ്'', കിരണ്‍ ടി.വി.യിലുള്ളവര്‍ പൂജയെക്കുറിച്ച് പറയും. കിരണിലെ 'സൂപ്പര്‍ ഹിറ്റ്‌സ്' എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് പൂജ.

''ചിരിച്ചുകളിച്ച് ഇടയ്ക്ക് കുറച്ച് തമാശയൊക്കെ പറഞ്ഞ് പരിപാടി അവതരിപ്പിക്കുന്നതാണ് എനിക്കിഷ്ടം. അല്ലാതെ മസില്‍ പിടിച്ചിരുന്നിട്ട ് എന്ത് കാര്യം,'' തന്റെ സ്റ്റൈല്‍ ഇങ്ങനെയാണെന്നു പൂജ.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പൂജ ആങ്കറിങ് രംഗത്തെത്തുന്നത്. ''ഒരു മാഗസിനില്‍ എന്റെ ഫോട്ടോ വന്നിരുന്നു. അതു കണ്ടിട്ടാണ് കിരണ്‍ ടി.വി.യിലേക്കു വിളിക്കുന്നത്. ഇന്റര്‍വ്യൂ, സ്‌ക്രീന്‍ ടെസ്റ്റ്, പിന്നെ സെലക്ഷന്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു.'' ഏറ്റവും പുതിയ പാട്ടുകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള 'സൂപ്പര്‍ ഹിറ്റ്‌സ്' തന്നെയാണ് പൂജയുടെ ആദ്യത്തെ പരിപാടി.

''പരിപാടിയിലേക്കു വിളിക്കുന്നയാള്‍ ആരാണെങ്കിലും അവരെ വേദനിപ്പിക്കാത്ത രീതിയിലേ ഞാന്‍ സംസാരിക്കൂ. ചിലരുണ്ട്, നമ്മളെ ശരിക്കും കത്തിയടിച്ചു കൊല്ലും. എങ്കിലും, ഒട്ടും മുഷിയാതെ കേട്ടുനില്‍ക്കും. സൂപ്പര്‍ ഹിറ്റ്‌സ് ലൈവ് പരിപാടി ആയതുകൊണ്ട് ഒന്നും നേരത്തെ ചിന്തിച്ചുവെയ്ക്കാന്‍ പറ്റില്ല. എന്താണോ വായില്‍ വരുന്നത് അത് പറയും. അബദ്ധമാണോ എന്നൊന്നും ഓര്‍ക്കില്ല. എങ്കിലും പരിപാടിയ്ക്കു കയറുന്നതിനു മുമ്പ് എന്തെങ്കിലുമൊരു വിഷയം ഓര്‍ത്തുവെയ്ക്കും. പറയാന്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ആ വിഷയത്തില്‍ പിടിച്ചുകയറും.''

''ചിലപ്പോള്‍ നമ്മള്‍ പരിപാടി അവതരിപ്പിക്കുമ്പോഴാവും എന്തെങ്കിലും പ്രശ്‌നമുണ്ടാവുന്നെ. അത് നയത്തില്‍ കൈകാര്യം ചെയ്യും. പതറിപ്പോയാല്‍ തീര്‍ന്നുകാര്യം. ഈയടുത്ത് അങ്ങനെയൊരു സംഭവമുണ്ടായി. 'സൂപ്പര്‍ ഹിറ്റ്‌സ്' ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ ഒരു പാട്ടും വന്നു. പാട്ട് പകുതി എത്തിയപ്പോഴാണ് പുതുതായിട്ടെത്തിയ ഞങ്ങളുടെ എഡിറ്റര്‍ അറിയാതെ ഒരു സ്വിച്ച് അമര്‍ത്തിയത്. സ്‌ക്രീനില്‍ നിന്ന് പാട്ട് മാഞ്ഞു. പകരം ഞാന്‍ വന്നു. അന്തംവിട്ടുപോയി, കുറച്ച് നേരത്തേക്ക്. പിന്നെ,വീണ്ടും ഡയലോഗടിച്ചു പിടിച്ചുനിന്നു,'' ഇതൊന്നും തന്നെ തളര്‍ത്തില്ലെന്ന ഭാവത്തില്‍ പൂജ ചിരിക്കുന്നു.

''ഒരിക്കല്‍ കൊച്ചിയില്‍ നിന്നൊരു ചേട്ടന്‍ വിളിച്ചു. കുറേനേരം സംസാരിച്ചു. അവസാനം ഞാന്‍ ചോദിച്ചു, 'കല്യാണം കഴിഞ്ഞതാണോ' എന്ന്. ആ ചേട്ടന്‍ ഇല്ലെന്നും പറഞ്ഞു. പക്ഷേ ഞാന്‍ കേട്ടത് ഉവ്വെന്നാണ്. ഉടന്‍ വന്നു എന്റെ അടുത്ത ചോദ്യം. 'എത്ര കുട്ടികളുണ്ട്.' അന്നെല്ലാവരും ചിരിച്ചതിന് കയ്യുംകണക്കുമില്ല.'' ഇത്തരം അബദ്ധങ്ങള്‍ തനിക്ക് പുത്തരിയല്ലെന്ന് പൂജ പറയുന്നു.

''ഒരു ദിവസം രേഷ്മ എന്നൊരു കുട്ടി വിളിച്ചു. എപ്പോഴും വിളിക്കാറുള്ളതാണ്. അതുകൊണ്ട് ഞാന്‍ നല്ല പരിചയഭാവത്തില്‍ വിശേഷങ്ങള്‍ ചോദിച്ചു. ഒടുവില്‍ അവള്‍ ചോദിച്ചു. 'ചേച്ചീ, വിശേഷമെന്താ?' എന്ന്. അറിയാതെ എന്റെ നാവില്‍ നിന്നും വീണത്, വിശേഷമുണ്ടെന്നാണ്. ഇടവേളയായപ്പോഴേയ്ക്കും സ്റ്റുഡിയോയിലുള്ളവര്‍ എല്ലാവരും കൂടെയെന്നെ പൊതിഞ്ഞു. 'അയ്യോ, വിശേഷമുണ്ടോ, അതെപ്പോള്‍ ഒപ്പിച്ചു. ഞങ്ങള്‍ അറിഞ്ഞില്ലല്ലോയെന്നും പറഞ്ഞ്'. പിറ്റേ ദിവസം വരുമ്പോള്‍ അവരുടെയൊക്കെ കൈയില്‍ പച്ചമാങ്ങ ഉണ്ടായിരുന്നു.'' തിരുവനന്തപുരം സരസ്വതി വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പൂജ.

''എന്റെ ഏറ്റവും വലിയ വിമര്‍ശകര്‍ അപ്പൂപ്പനും അമ്മൂമ്മയുമാണ്. അവരെന്റെ പരിപാടികളെല്ലാം റെക്കോഡ് ചെയ്തു വെയ്ക്കും. എന്നിട്ട് അതിലെ തെറ്റുകുറ്റങ്ങള്‍ പറഞ്ഞുതരും. ചില പരിപാടി അവതരിപ്പിക്കുന്നത് കാണുമ്പോള്‍ നല്ല രസം തോന്നും. ഏഷ്യാനെറ്റിലെ 'വോക്ക് വിത്ത് സുബൈദ' പോലെയുള്ളവ.''

പണം, പ്രശസ്തി ഇതൊക്കെ ആങ്കറിങ്ങിന് കിട്ടുന്ന ബോണസാണ്. അതിനിടയില്‍ ബിഗ് സ്‌ക്രീനിലും പൂജ മുഖം കാണിച്ചു. കാഞ്ചീപുരത്തെ കല്യാണം, കടാക്ഷം, ധന്യം, പ്ലസ്ടു എന്നീ സിനിമകള്‍. രണ്ടു സിനിമകളില്‍ നായികയും ഉപനായികയുമായാണ്.

''എന്റെ കൊച്ചു കൊച്ചുകാര്യങ്ങള്‍ക്കും, സ്‌കൂളിലേക്കുള്ള ആവശ്യങ്ങള്‍ക്കുമൊക്കെയുള്ള പണം സുഖമായി കിട്ടും. അതിലൊരഭിമാനമില്ലേ?'' ചെറുപ്രായത്തില്‍ത്തന്നെ സ്വന്തമായി സമ്പാദിക്കുന്നതിന്റെ ത്രില്ലിലാണ് പൂജ.