കെ.വി.കല
പ്രമാണിമാരായ യൂറോപ്യന്‍ ആണ്‍ കമന്റേറ്റര്‍മാര്‍ക്കൊപ്പം ഫുട്‌ബോള്‍ മൈതാനത്തെ കുതിപ്പും കിതപ്പും കാണികളിലേക്ക് പകര്‍ന്ന മായന്തി ലാങ്ങര്‍ എന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് 2010 ലോകകപ്പിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു...
ആഫ്രിക്കന്‍ പുല്‍മൈതാനങ്ങളില്‍ ആളും ആരവവുമൊഴിഞ്ഞു. ഫുട്‌ബോള്‍ ലഹരി സിരകളിലൂതി നിറച്ച വുവുസെലയുടെ ഇരമ്പവും ഓര്‍മയായി. കളിയാവേശത്തില്‍ ആര്‍ത്തുവിളിച്ചപ്പോഴും 90 മിനിറ്റ് തുടര്‍ച്ചയായി പന്ത് തട്ടാന്‍ ശേഷിയുള്ള 11 പേരെ 120 കോടിയില്‍ നിന്ന്
അരിച്ചെടുക്കാന്‍ കഴിയാത്ത ഇന്ത്യയെ ഓര്‍ത്ത് നമ്മള്‍ പരിതപിച്ചു. എന്നാല്‍, ലോകകപ്പ് വേദിയില്‍ തിളങ്ങിനിന്ന ഒരു ഇന്ത്യന്‍ മുഖമുണ്ട്. ആണുങ്ങളുടെ ഈ കളി ഒട്ടും ലഹരിചോരാതെ ലോകത്തെ അറിയിച്ച മായന്തി ലാങ്ങറെന്ന ഇരുപത്തിയഞ്ചുകാരി. ഇ.എസ്.പി.എന്‍. ചാനലിലൂടെ ഈ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് പ്രമാണിമാരായ യൂറോപ്യന്‍ ആണ്‍ കമന്റേറ്റര്‍മാര്‍ക്കൊപ്പം കളിക്കളത്തിലെ കുതിപ്പും കിതപ്പും കാണികളിലേക്ക് പകര്‍ന്നു. കളി വിവരണത്തിന്റെ രാജാവായ ജോണ്‍ ഡൈക്‌സിനെപ്പോലുള്ള ഫുട്‌ബോള്‍ പണ്ഡിതര്‍ക്കൊപ്പമാണ് മായന്തി ഇരിപ്പിടമുറപ്പിച്ചത്.
കഴിഞ്ഞ ഒരുമാസം മായന്തി നമ്മള്‍ക്കൊപ്പമുണ്ടായിരുന്നു. കളി തുടങ്ങുംമുമ്പേ ടി.വി. സ്‌ക്രനീല്‍ അവരെത്തും. ഓരോ കളിക്കാരനെയും ടീമിനെയും അവരുടെ കേളീശൈലിയെയും പരിചയപ്പെടുത്താന്‍... ജയപരാജയ സാധ്യതകള്‍ അളന്നുതൂക്കി വിലയിരുത്താന്‍... ശതകോടികള്‍ വരുന്ന ആരാധകരെ ദക്ഷിണാഫ്രിക്കന്‍ പുല്‍മൈതാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവാന്‍...
ഹാഫ്‌ടൈമിന്റെ ഇടവേളകളിലാണ് വീണ്ടും നമ്മള്‍ മായന്തിയെ കണ്ടത്. പാതിപിന്നിട്ട കളിയെ ഇഴകീറി പരിശോധിക്കാന്‍... സുന്ദരമൂഹൂര്‍ത്തങ്ങളും ദുരന്തങ്ങളും ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കാന്‍... ഒടുക്കം കളി തീരുമ്പോള്‍ വിജയിയുടെ ആഘോഷവും തോറ്റവന്റെ കണ്ണീരും എല്ലാറ്റിനും മുകളില്‍ ഫുട്‌ബോളിന്റെ വിജയവും വാക്കുകളിലൂടെ വരച്ചിട്ട് മായന്തി പിന്‍വാങ്ങും.
യു.എന്‍ ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ സഞ്ജീവ് ലാങ്ങറുടെയും അധ്യാപികയായ പ്രമിന്ദ ലാങ്ങറുടെയും മകളായ മായന്തി കുട്ടിക്കാലത്ത് അച്ഛനോടൊപ്പം അമേരിക്കയിലായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ കളിക്കമ്പം തലയില്‍ കയറിയ മായന്തി കോളേജ് ഫുട്‌ബോള്‍ ടീമംഗമായിരുന്നു. ഡല്‍ഹി ഹിന്ദു സര്‍വകലാശാലയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം 20-ാം വയസ്സില്‍ അവതാരകയായി.
ഫിഫ ബീച്ച് ഫുട്‌ബോളില്‍ അതിഥി അവതാരകയാവാന്‍ അവസരം ലഭിച്ചത് വഴിത്തിരിവായി. മായന്തിയുടെ പ്രതിഭ കണ്ടറിഞ്ഞ സീ സ്‌പോര്‍ട്‌സ് അധികൃതര്‍ അവരുടെ പ്രശസ്ത പരിപാടിയായ 'ഫുട്‌ബോള്‍ കഫേ'യുടെ അവതാരകയും അസോസിയേറ്റ് പ്രൊഡ്യൂസറുമാക്കി. ഡല്‍ഹിയില്‍ 2009ല്‍ നടന്ന നെഹ്രുകപ്പ്, സീ സ്‌പോര്‍ട്‌സിനുവേണ്ടി അവതരിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധനേടി. ഒടുവില്‍ സ്വപ്നതുല്യമായ ഫിഫ വേള്‍ഡ് കപ്പ് അവതാരകയുടെ റോളിലും മായന്തി തിളങ്ങി. ഇന്ന് ഗൂഗിള്‍ ഇന്ത്യയില്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി ഏറ്റവും കൂടുതല്‍ അന്വേഷകരെത്തുന്ന പേരുകളിലൊന്ന് മായന്തിയുടേതാണ്.
64 കളികളും പൂര്‍ത്തിയാക്കി ഫുട്‌ബോള്‍ മാമാങ്കം അവസാനിച്ചപ്പോള്‍ പുതിയ സാമ്രാജ്യങ്ങളും ചക്രവര്‍ത്തിമാരും ഉദയംചെയ്തു. വുവുസെലയും പോളെന്ന കിനാവള്ളിയും താരങ്ങളായി. ഒപ്പം മായന്തിലാങ്ങര്‍ എന്ന സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റിന്റെ താരോദയത്തിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു.

NEWS LETTER
RSS











