MATHRUBHUMI RSS
Loading...
പാര്‍വതിയുടെ പല വേഷങ്ങള്‍
രമ്യാ മുരളി

മലയാളിയുടെ പുലര്‍കാല കാഴ്ചകളിലേക്കാണ് ആദ്യമായി ഈ മുഖം കടന്നുവന്നത്. പിന്നീട് നിരവധി ചാനല്‍ പരിപാടികളില്‍, സ്റ്റേജ് ഷോകളില്‍, നാടകത്തില്‍, ഒടുവില്‍ വെള്ളിത്തിരയിലും ഈ മുഖം കണ്ടു.

ഏഷ്യാനെറ്റിന്റെ 'സുപ്രഭാതം' പരിപാടിയുടെ അവതാരകയായി നമ്മുടെ സ്വീകരണമുറിയിലേക്ക് കടന്നുവന്നതാണ് പാര്‍വതി. ശ്രീത്വം തുളുമ്പുന്ന മുഖവും ഹൃദ്യമായ സംഭാഷണവുമായി പ്രേക്ഷകപ്രീതി നേടിയ അവതാരക. കരുനാഗപ്പള്ളി തഴവ കോട്ടുകോയിക്കല്‍ സി.ത്രിവിക്രമന്റെയും ഡോ. ലളിതയുടെയും മകള്‍ പാര്‍വതിക്ക് വിശേഷണങ്ങള്‍ പിന്നെയുമുണ്ട്. സൈക്കോളജിസ്റ്റ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, അങ്ങനെയങ്ങനെ... ഇപ്പോള്‍ തിരുവനന്തപുരം അഭിനയ തിയേറ്റര്‍ റിസര്‍ച്ച് സെന്ററിന്റെ സഞ്ചരിക്കുന്ന ഗ്രീഷ്മ നാടകോത്സവത്തിനൊപ്പം കാസര്‍കോടുമുതല്‍ അനന്തപുരി വരെ നീണ്ട തീര്‍ത്ഥാടനം. ഇതിന്റെ ഭാഗമായി കൊല്ലത്തും പാര്‍വതിയെത്തി; സംഘാടകയുടെ റോളില്‍.

ചാനല്‍ സ്റ്റുഡിയോയുടെ തണുപ്പില്‍നിന്ന് തിയേറ്റര്‍ നാടകവേദിയിലേക്കുള്ള പാര്‍വതിയുടെ കടന്നുവരവ് തീര്‍ത്തും ആകസ്മികമായിരുന്നു. എം.ടി.- ലാല്‍ ജോസ് ടീമിന്റെ 'നീലത്താമര'യിലേക്കുള്ള ക്ഷണമാണ് ഈ കലാകാരിയെ നാടകത്തിന്റെ അരങ്ങിലെത്തിച്ചത്. കുഞ്ഞിമാളുവിനോട് സാമ്യമുള്ള മുഖം തേടിയുള്ള അന്വേഷണമാണ് പാര്‍വതിയില്‍ അവസാനിച്ചത്. അങ്ങനെ മുതിര്‍ന്ന കുഞ്ഞിമാളുവായി അവര്‍ 'നീലത്താമര'യില്‍ വന്നു.

''നീലത്താമര'യിലേക്ക് ഓഫര്‍ വന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. എം.ടി.യുടെ തിരക്കഥയിലെ റോള്‍ എനിക്കഭിനയിക്കാന്‍ പറ്റുമോയെന്നറിയാനാണ് ഞാന്‍ 'അഭിനയ'യില്‍ വന്നത്.

എനിക്ക് അഭിനയിക്കാന്‍ കഴിയുമെന്നു പറഞ്ഞ് പ്രോത്സാഹനവും ആത്മവിശ്വാസവും നല്‍കിയത് അഭിനയയിലെ കൂട്ടുകാരാണ്''- പാര്‍വതി പറഞ്ഞു.

പിന്നീട് അഭിനയയുടെ 'സാഗരകന്യക' എന്ന നാടകത്തില്‍ എലീഡ വാന്‍ഗല്‍ എന്ന പ്രധാന കഥാപാത്രത്തെ പാര്‍വതി അവതരിപ്പിച്ചു. ഇബ്‌സന്റെ 'ലേഡി ഫ്രം ദ സീ' എന്ന കൃതിയെ ആസ്​പദമാക്കി ഒരുക്കിയ നാടകം ഡല്‍ഹിയില്‍, നിറഞ്ഞ സദസ്സിലാണ് ആദ്യമായി അരങ്ങേറിയത്. ടെലിവിഷന്‍ പരിപാടികളെക്കാള്‍ തനിക്ക് സംതൃപ്തി നല്‍കിയത് നാടകമാണെന്ന് പാര്‍വതി ഉറപ്പിച്ചുപറയുന്നു.

''നാടകത്തിലുള്ള കുട്ടികളെ സാരി ഉടുപ്പിക്കാനാണെങ്കിലും സംഘാംഗങ്ങള്‍ കഴിച്ച പാത്രം കഴുകാനാണെങ്കിലും അഭിനയിക്കാനാണെങ്കിലും സന്തോഷത്തോടെ ഞാന്‍ 'അഭിനയ'യ്‌ക്കൊപ്പം നില്‍ക്കും''.

തിരുവനന്തപുരം വിമന്‍സ് കോളേജില്‍ യൂണിയന്‍ ചെയര്‍പേഴ്‌സണായിരുന്ന കാലംമുതല്‍ പാര്‍വതി എപ്പോഴും ആക്ടീവാണ്. കാര്യവട്ടം കാമ്പസിലെ എം.എ.സൈക്കോളജി പഠനത്തിനുശേഷം എസ്.യു.ടി.യില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സൈക്കോളജി ക്ലിനിക് തുടങ്ങിയതും ചാനലുകളില്‍ അവതാരകയായതും അതുകൊണ്ടാണ്. ഏഷ്യാനെറ്റില്‍ സുപ്രഭാതവും കൈരളിയില്‍ 'ശുഭദിന'വും അവതരിപ്പിച്ച പാര്‍വതി ഇന്ത്യാവിഷന്‍ ഒഴികെയുള്ള എല്ലാ മലയാളം ചാനലുകളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 'മാതൃഭൂമി'യുടേതുള്‍പ്പെടെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും അവതാരകയുടെ റോളില്‍ ഈ താരമുണ്ട്. ഒരു സ്വകാര്യസ്ഥാപനത്തിന്റെ പി.ആര്‍.ഒ. എന്നതാണ് പാര്‍വതിയുടെ 'ഔദ്യോഗിക ജോലി'. ഈ തിരക്കിനിടയിലും വീട്ടിലെ ക്ലിനിക്കിലെത്തുന്നവര്‍ക്ക് സൈക്കോളജിസ്റ്റിന്റെ സേവനവും നല്‍കും.

സി-ഡിറ്റില്‍ ഉദ്യോഗസ്ഥനായ സതീശനാണ് പാര്‍വതിയുടെ ഭര്‍ത്താവ്. മകന്‍ അനന്തകൃഷ്ണന്‍. തിരുവനന്തപുരം നവരംഗം ലെയ്‌നിലെ പാര്‍വതിയുടെ സ്‌നേഹക്കൂടിന്റെ പേര് 'ഭാനുമതി'.