ടൂറിസം ഭൂപടത്തില്‍ കേരളം 'റൊമാന്റിക് ഡെസ്റ്റിനേഷന്‍' പദവിയിലേക്ക്. ഇതില്‍ ഉള്‍പ്പെട്ട വര്‍ക്കല ബീച്ച്, പൊന്‍മുടി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ മധുവിധു യാത്ര...
പൊന്മുടിയെ ഉന്മാദത്തിന്റെ താഴ്‌വര എന്നാണ് വിളിക്കേണ്ടത്. സമുദ്രനിരപ്പില്‍നിന്ന് 3,000 അടി ഉയരെ പ്രസന്നസുന്ദരമായ മലമുകളില്‍ ഒരു കൊച്ചു ഊട്ടിയെന്നപോലെ. കുന്നുകളുടെ റാണിയായ ഇവിടെ വേനല്‍ക്കാലത്ത് എത്തുന്നത് നൂറുകണക്കിന് സന്ദര്‍ശകര്‍. ഊട്ടിയുടെ പച്ചപ്പും ഗ്രാമത്തിന്റെ നൈര്‍മല്യവും പൊന്മുടിയെ കമിതാക്കളുടെയും നവദമ്പതിമാരുടെയും ഹരംപിടിപ്പിക്കുന്ന ലക്ഷ്യസ്ഥാനമാക്കി മാറ്റിയിരിക്കുന്നു. ''എന്തൊരു ശാന്തതയാണിവിടെ. വികസനത്തിന്റെ കാര്‍മേഘങ്ങളില്ല. തിരക്കിന്റെ വീര്‍പ്പുമുട്ടലുകളില്ല. ഇവിടെ അല്പനേരം കെട്ടിപ്പുണര്‍ന്നിരിക്കുമ്പോള്‍ മനസ്സില്‍ പ്രണയം മാത്രമേയുള്ളൂ'', തൃശ്ശൂര്‍ക്കാരന്‍ ശ്രീജിത്ത് പറഞ്ഞു. ഭാര്യ ഹര്‍ഷിത അത് ശരിവെച്ചു.
സഹ്യപര്‍വതത്തിന്റെ പൊന്‍കിരീടംപോലെ ഉയര്‍ന്നുനില്ക്കുന്ന പൊന്മുടി ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രംകൂടിയാണ്. സ്വകാര്യ ഉടമസ്ഥതയില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെ അനുവദിക്കാത്തതിന് കാരണമിതാണ്.
തിരുവനന്തപുരത്തുനിന്ന് 60 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഈ 'നാട്ടിലെ ഊട്ടി'. തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട് റൂട്ടില്‍ വിതുരയില്‍നിന്ന് 22 ഹെയര്‍പിന്‍ വളവുകളും ഇടുങ്ങിയ റോഡും പിന്നിട്ടുള്ള യാത്ര. കുന്നുകളുടെ സൗന്ദര്യം പൈതൃകവും ഉല്ലാസവും ഇഴപിരിയുന്ന ഈ യാത്രയിലൂടെ ആസ്വദിക്കാം. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് പകല്‍സമയത്ത് ഒരുമണിക്കൂര്‍ ഇടവിട്ട് ഇങ്ങോട്ടേക്ക് ബസ് സര്‍വീസ് ഉണ്ട്.
സ്തൂപികാഗ്രക്കുന്നുകള്‍ നിറഞ്ഞ വനപ്രദേശവും അലഞൊറിയുന്ന കുഞ്ഞരുവികളും പൊന്മുടിയുടെ ചന്തം ഇരട്ടിയാക്കുന്നു. തേയിലച്ചെടി പുത്തന്‍ കതിരുപൊടിച്ചതിന്റെ മണം നിറഞ്ഞ, മഞ്ഞുമൂടിയ വഴികളിലൂടെ ടോപ്പ് സ്റ്റേഷനിലേക്കുള്ള നടത്തം നമ്മളെ സ്വര്‍ഗതുല്യമായ പ്രശാ
ന്തതയിലേക്കടുപ്പിക്കുന്നു. സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്പ് സ്റ്റേഷന്‍. ഇവിടെനിന്ന് നോക്കിയാല്‍ മഴക്കാടുകളും ചോലവനങ്ങളും ഒരു കാന്‍വാസില്‍ പകര്‍ത്തിയ ചിത്രംപോലെ തെളിയും.''രാവിലെ മൂടിക്കെട്ടിയ മഞ്ഞ്. ഉച്ചതിരിഞ്ഞ് കാറ്റോടു കാറ്റ്. മരങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുപൊങ്ങുന്ന കോടമഞ്ഞ്'', പൊന്മുടിയിലെ കാഴ്ചകള്‍ ഗസ്റ്റ്ഹൗസ് ജീവനക്കാരന്‍ രാജേഷ് വിശദമാക്കി. തിരുവിതാംകൂര്‍ രാജാക്കന്മാരാണ് ഇവിടെ ആദ്യം വിശ്രമസങ്കേതങ്ങള്‍ പണിതത്. അന്നൊന്നും രാജകുടുംബങ്ങള്‍ അല്ലാത്തവര്‍ക്ക് ഇവിടെ വരാന്‍ അനുമതി ഉണ്ടായിരുന്നില്ല.
ഇവിടെനിന്ന് മൂന്നുമണിക്കൂര്‍ ട്രെക്കിങ് നടത്തിയാല്‍ വരയാട്ടുമൊട്ടയില്‍ എത്താം. വരയാടുകള്‍ ധാരാളമുള്ള സ്ഥലമാണിത്. പക്ഷേ, മഴക്കാലത്ത് ട്രെക്കിങ് പ്രയാസമാവും. കാലാവസ്ഥ പ്രസന്നവും പാതകള്‍ സുരക്ഷിതവുമായ നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് ട്രെക്കിങ്ങിന് നല്ലത്.
വിതുരയില്‍നിന്ന് പൊന്മുടിയിലേക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടവും കല്ലാര്‍ അരുവിയും. ഉരുണ്ടു മിനുസമുള്ള കല്ലുകള്‍ തഴുകിയൊഴുകുന്ന അരുവിയായതുകൊണ്ടാണ് ഇതിന് കല്ലാര്‍ എന്ന് പേരുവന്നത്. അരുവിയില്‍ മുട്ടിനൊപ്പംപോലും വെള്ളമില്ലെങ്കിലും 'കല്ലാറിനോട് കളിക്കരുതെ'ന്ന് ഗാര്‍ഡിന്റെ മുന്നറിയിപ്പ്. എന്നിട്ടും ചിലര്‍ കല്ലില്‍ കാല്‍വഴുതി പുഴയില്‍ വീഴുന്നു.
ഷോപ്പിങ്ങിനൊന്നും കോപ്പില്ലാത്തതുകൊണ്ട് പോക്കറ്റ് കാലിയാകാതെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പൊന്മുടിയിലേ കഴിയൂ. പക്ഷേ, ഇവിടേക്കുള്ള യാത്ര മുന്‍കൂട്ടി ആസൂത്രണംചെയ്യേണ്ടതുണ്ട്. കാരണം താമസിക്കാനുള്ള സൗകര്യം ഇവിടെ കുറവാണ്. ടൂറിസം വകുപ്പിനു കീഴിലുള്ള ഗസ്റ്റ്ഹൗസും കുറച്ച് കോട്ടേജുകളും മാത്രമേ ഇവിടെയുള്ളൂ. മുന്‍കൂട്ടി വിളിച്ച് മുറി ബുക്ക് ചെയ്തിട്ടേ ഇങ്ങോട്ടേക്ക് തിരിക്കാവൂ. സ്വന്തം വാഹനത്തിലാണ് വരുന്നതെങ്കില്‍ വണ്ടിയുടെ കണ്ടീഷന്‍ ഉറപ്പാക്കണം. വിതുര വിട്ടാല്‍ പൊന്മുടിവരെ 30 കിലോമീറ്റര്‍ ദൂരം വര്‍ക്‌ഷോപ്പൊന്നും കാണില്ല.കുറഞ്ഞ ചെലവില്‍ മധുവിധു ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊന്മുടി എന്തായാലും കൊള്ളാം. കാരണം, ടൂറിസം വകുപ്പിന്റെ ഗസ്റ്റ്ഹൗസില്‍ ഇവര്‍ക്ക് ഡിസ്‌കൗണ്ടുണ്ട്. ആള്‍ക്ക് 50 രൂപയാണ് ദിവസവാടക. മറ്റുള്ളവര്‍ക്ക് 400 രൂപയും. അന്യസംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് 200 രൂപ മതി. ഒറ്റദിവസംകൊണ്ട് യാത്ര തീര്‍ക്കാനാണെങ്കില്‍ പൊന്മുടിയും തെന്മലയും കോന്നിയും കണ്ട് തിരിച്ചുപോവാം. ഒന്നുരണ്ടു ദിവസം തങ്ങിയിട്ടേ മടക്കമുള്ളൂ എന്നാണെങ്കില്‍ പൊന്മുടിയിലോ തെന്മലയിലോ താമസിച്ച് നേരെ ചെങ്കോട്ട വഴി കുറ്റാലത്തേക്ക് പിടിക്കാം.
പൊന്മുടിയെക്കുറിച്ച് കൂടുതല്‍ അറിയാം
എങ്ങനെയെത്താം
തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട് റോഡ് വഴി . വിതുരയില്‍ എത്തി പൊന്മുടിയിലേക്ക് 61 കിലോമീറ്റര്‍.
വിവരങ്ങള്‍ക്ക് തിരുവനന്തപുരം ഡി.ടി.പി.സി.-ഫോണ്‍04712315397
സീസണ്‍ (ട്രെക്കിങ്ങിന്) സപ്തംബര്‍ മുതല്‍ മെയ് വരെ.
ചൂട് കൂടിയത് - 28 ഡിഗ്രി സെന്റിഗ്രേഡ്
കുറഞ്ഞത് - 10 ഡിഗ്രി സെന്റിഗ്രേഡ്
താമസം, ഭക്ഷണം ടൂറിസം വകുപ്പ് ഗസ്റ്റ്ഹൗസ് 0472-2890230
റൂം ബുക്കിങ്ങിന് ടൂറിസം ഭരണവിഭാഗം ഓഫീസ്, തിരുവനന്തപുരം 0471-2327366
കടലോരഭംഗിയില്‍ ലയിച്ച്
നിങ്ങള്‍ക്ക് ഒരുപക്ഷേ, ഹണിമൂണ്‍ മിയാമി ബീച്ചില്‍ ആഘോഷിക്കാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ, ആ മനോഹാരിത ഒട്ടൊക്കെ ഒത്തുചേരുന്ന കേരളത്തിന്റെ 'മിയാമി'യായ വര്‍ക്കലയിലേക്ക് യാത്രതിരിക്കാം. ഏതു കാലാവസ്ഥയിലും പ്രകൃതി രമണീയമാണീ കടലോരം.
ലാറ്ററൈറ്റ് കുന്നുകള്‍ക്ക് താഴെ വിശാലമായ പാപനാശവും കാപ്പിലും. ഈ രണ്ട് ബീച്ചുകളും വര്‍ക്കലയെ ചെറുപ്പക്കാരുടെ സ്വപ്‌നഭൂമിയാക്കുന്നു. തെളിഞ്ഞ സൂര്യപ്രകാശവും ശാന്തമായ കടല്‍ത്തീരവുമാണ് പാപനാശത്തിന്റെ പ്രത്യേകത. വര്‍ക്കല റെയില്‍വെസ്റ്റേഷനില്‍നിന്ന് ഇവിടേക്ക് 5 കിലോമീറ്റര്‍ ദൂരമേയുള്ളൂ. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലം കടല്‍ ശാന്തമാണിവിടെ. കടലിലിറങ്ങിക്കുളിക്കാന്‍ കുട്ടികള്‍
ക്കുപോലും പേടി കാണില്ല. പാപനാശം മുതല്‍ വെറ്റക്കടവരെ നീണ്ടുകിടക്കുന്ന കടലോരമാണ് വര്‍ക്കലയുടെ സൗന്ദര്യം. അങ്ങിങ്ങായി തുരുത്തുകള്‍പോലെ നിശ്ശബ്ദതയിലാണ്ട ചില സങ്കേതങ്ങളുണ്ടിവിടെ. കമിതാക്കളും നവമിഥുനങ്ങളും സ്വകാര്യത നിറയ്ക്കുന്ന ഉല്ലാസകേന്ദ്രങ്ങള്‍. ഇവതേടിയാണ് വിനോദസഞ്ചാരികള്‍ എത്തുന്നത്.
കടല്‍ത്തീരത്തെ ചുറ്റി ലാറ്ററൈറ്റ് കുന്നുകള്‍. കുന്നുകള്‍ക്കടിവാരത്തായി നീരുറവകളിലൂടെ ഒഴുകിവരുന്ന വെള്ളം. ഈ നീരുറവയ്ക്ക് ഔഷധവീര്യമുണ്ടെന്നാണ് വിശ്വാസം. അതെന്തായാലും ഈ വെള്ളത്തില്‍ കുളിക്കാന്‍ തിരക്കുകൂട്ടുകയാണ് സഞ്ചാരികള്‍.
''സൂര്യസ്‌നാനവും സമുദ്രസ്‌നാനവും കഴിഞ്ഞ് ശരീരം ശുദ്ധിവരുത്താന്‍ ഇതുപോലൊരു സംവിധാനം മറ്റേത് ബീച്ചിലുണ്ട്?'', ഒഴുകിവരുന്ന വെള്ളത്തിന് തലകാണിച്ച് കോഴിക്കോട്ടുകാരന്‍ രാഹുല്‍ ചോദിച്ചു. മധുവിധു ആഘോഷിക്കാന്‍ ഭാര്യരമ്യയുമൊത്ത് രണ്ടുനാള്‍ മുന്‍പാണ് രാഹുല്‍ വര്‍ക്കലയിലെത്തിയത്. ''ഇന്നു തിരിച്ചുപോകാനിരുന്നതാണ്. ഇനി നാളെ കഴിഞ്ഞേ പോകുന്നുള്ളൂ'', രമ്യ പറഞ്ഞു.
സീസണ്‍ തുടങ്ങിയതോടെ തീരം വിദേശികളുടെ കോളനിയായി മാറിയിരിക്കുന്നു. ചിലര്‍ സ്വന്തം വീട് തന്നെ ഹോം സ്‌റ്റേകളാക്കി വിരുന്നുകാരെ കാത്തിരിക്കുന്നു. ഏതു വരുമാനക്കാരനും ഈ ഹോംസ്‌റ്റേകള്‍ ആസ്വദിക്കാനാകും. വാടക ആയിരം രൂപയ്ക്ക് മുകളില്‍. ഓടയംമുതല്‍ ചിലയൂര്‍ വരെ തീരത്തും ഇടവ-കാപ്പില്‍ കായല്‍ പുറങ്ങളിലും റിസോര്‍ട്ടുകളും റസ്റ്റോറന്റുകളും ഒരുങ്ങിക്കഴിഞ്ഞു. ചൈനീസ്, മലയ, അറേബ്യന്‍, യൂറോപ്യന്‍ എന്നുവേണ്ട ലോകത്തിലെ ഏതുതരം വിഭവങ്ങളും ഈ റസ്‌റ്റോറന്റുകളില്‍ കിട്ടും.
വര്‍ക്കലയില്‍നിന്ന് 9 കിലോമീറ്റര്‍ ദൂരെയാണ് കാപ്പില്‍ ബീച്ച്. ഓട്ടോറിക്ഷതന്നെയാണ് ബീച്ചിലേക്കുള്ള യാത്രയ്ക്ക് നല്ലത്. ബൈക്ക് ഓടിക്കാന്‍ കൊതിയുള്ളവര്‍ക്ക് ദിവസവാടകയ്ക്ക് വണ്ടി കിട്ടും. ഗിയറില്ലാത്ത വണ്ടിക്ക് 250 രൂപ. ഗിയറുള്ളതിന് 350 രൂപ. ബുള്ളറ്റിന് 500 രൂപ. പ്രിയതമനോട് പറ്റിയിരുന്ന് ബൈക്കില്‍ കടലോരത്തുകൂടി ചെത്തിനടക്കാം.
കടല്‍ കായല്‍സംഗമത്തിന്റെ ദൃശ്യാനുഭവങ്ങളാണ് ഇടവ-കാപ്പ് പ്രദേശത്തിന്റെ പ്രത്യേകത. ഇവിടെ ബോട്ടിങ്ങുണ്ട്. സ്പീഡ് ബോട്ടിന് മണിക്കൂറിന് 600 രൂപയാണ് വാടക. ബോട്ടിങ്ങിനെക്കുറിച്ചറിയാന്‍ പ്രിയദര്‍ശിനി ബോട്ട് ക്ലബ്ബില്‍ വിവരം തിരക്കാം.
ഫോണ്‍: 0470-2662323.
പിന്നെയും കാണാന്‍ ഒരുപാട് സ്ഥലങ്ങളുണ്ട് വര്‍ക്കലയില്‍. ഇടവ-നടയറ കായല്‍, അകത്തുമുറികായല്‍, പൊന്നുംതുരുത്ത്, അയിനൂര്‍ കായല്‍പ്പുറം എല്ലാം സഞ്ചാരികള്‍ക്ക് വിസ്മയകാഴ്ചകള്‍ ഒരുക്കുന്നു.
വര്‍ക്കലയെക്കുറിച്ച് കൂടുതല്‍ അറിയാം
എങ്ങനെയെത്താം
വര്‍ക്കല റെയില്‍വെസ്റ്റേഷനില്‍നിന്ന് ഓട്ടോക്ക് 50 രൂപ, ചഒ47ല്‍ കല്ലമ്പലം ജങ്ഷനില്‍ ഇറങ്ങി വര്‍ക്കലയിലേക്ക് ലോക്കല്‍ ബസ്സില്‍ 9 കിലോമീറ്റര്‍.
സീസണ്‍ നവംബര്‍ മുതല്‍ ഏപ്രില്‍ വരെ.
വിശദവിവരങ്ങള്‍ക്ക് തിരുവനന്തപുരം DTPC 0471-2315397
സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് 0470-2602227
തൊട്ടടുത്തുള്ള കാഴ്ചകള്‍ പൊന്നുതുരത്ത് ദ്വീപ് 20 കി.മീ., ശിവഗിരി മഠം
4 കി.മീ. , തിരുവമ്പാടി ബീച്ച് 4 കി.മീ.
താമസം താജ് ഗാര്‍ഡന്‍ റിട്രീറ്റ് വാടക 4000-6000 രൂപ.
ഫോണ്‍: 0470-2603000
ഹിന്ദുസ്ഥാന്‍ ബീച്ച് റിട്രീറ്റ്,
വാടക 3000-5000 രൂപ ഫോണ്‍: 0470-2604255
സീപേള്‍ ഷാലെറ്റ്‌സ്, വാടക 850-1500രൂപ
ഫോണ്‍: 0470-2660105

NEWS LETTER
RSS











