സി.പി. ബിജു
ലൈംഗികത വെറുമൊരു ശാരീരികാനന്ദമല്ല. ഊഷ്മളമായ സ്‌നേഹത്തിന്റെയും വൈകാരികമായ സന്തുലനാവസ്ഥയുടെയും അടിത്തറയാണ്...
പാര്‍വതീപരമേശ്വരന്മാരുടെ ഇണപ്പൊരുത്തമാണ് പ്രപഞ്ചത്തെ നില നിര്‍ത്തുന്നതെന്ന് പുരാണങ്ങള്‍ പറയുന്നു. വാക്കിനോട് അതിന്റെ അര്‍ഥം എന്നതു പോലെ, തികഞ്ഞ യോജിപ്പില്‍ ചേര്‍ന്നിരിക്കുന്ന ശക്തിചൈതന്യങ്ങളായിട്ടാണ് പുരാണങ്ങള്‍ ദമ്പതികളെ കാണുന്നത്. ലോകത്തിന്റെ നിലനില്‍പ്പിനടിസ്ഥാനം തന്നെ ദാമ്പത്യത്തിലെ ഇണപ്പൊരുത്തമാണെന്നു പറയാം. ആഹ്ലാദകരവും ആനന്ദകരവുമായ ലൈംഗികജീവിതം ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനമാണ്. തികഞ്ഞ അടുപ്പവും ആത്മാര്‍ഥതയുമുള്ള ദമ്പതികള്‍ക്കേ ആഹ്ലാദകരമായ ലൈംഗികജീവിതം സാധ്യമാവുകയുള്ളൂ. തിരിച്ച്, ആഹ്ലാദകരമായ ലൈംഗികജീവിതം പുലര്‍ത്തുന്ന ദമ്പതികള്‍ക്കേ ശരിയായ ഇണപ്പൊരുത്തവുമുണ്ടാവുകയുള്ളൂ. ദാമ്പത്യബന്ധത്തിന് അടിയുറപ്പു നല്‍കുന്ന ഏറ്റവും പ്രധാനകാര്യങ്ങളിലൊന്നാണ് ലൈംഗികത. ലൈംഗികബന്ധത്തിലെ താളപ്പിഴകളും തകരാറുകളും പലപ്പോഴും ദാമ്പത്യത്തെ താറുമാറാക്കാറുണ്ട്. അതുകൊണ്ടു തന്നെ, ദാമ്പത്യ വിജയം ആഗ്രഹിക്കുന്നവര്‍ ലൈംഗികതയെക്കുറിച്ചുള്ള ആരോഗ്യകരമായ ധാരണകള്‍ രൂപപ്പെടുത്തേണ്ടതുമാണ്.ഏതു ദാമ്പത്യത്തിന്റെയും വിജയത്തിന് ശരിയായ ആശയവിനിമയം കൂടിയേ തീരൂ. കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെയാണല്ലോ നാം ആശയവിനിമയം നടത്തുന്നത്. എല്ലാ ഇന്ദ്രിയങ്ങളും മനസ്സും ഒരുപോലെ പങ്കുകൊള്ളുന്ന സമ്പൂര്‍ണവിനിമയമാണ് ലൈംഗികത. ശാരീരികമായും മാനസികമായും വൈകാരികമായും ഒക്കെയുള്ള കൂടിക്കലരലാണത്. ശരിയായ ലൈംഗികത രണ്ടു ശരീരങ്ങള്‍ തമ്മിലുള്ള ബന്ധപ്പെടല്‍ മാത്രമല്ല. അത് രണ്ടു വ്യക്തിത്വങ്ങളുടെ സമ്പൂര്‍ണമായ ഇഴുകിച്ചേലാണ്.
എന്താണീ ലൈംഗികത
ജീവിതത്തിന്റെ സകലതലങ്ങളിലും അമിതപ്രാധാന്യത്തോടെ നില്‍ക്കുന്ന സെക്‌സിനെക്കുറിച്ചുള്ള, വിവരണങ്ങളിലേറെയും അതിഭാവുകത്വത്തോടുകൂടിയവയാണ്. സിനിമകള്‍, ഇന്റര്‍നെറ്റില്‍ നിന്നും മറ്റും ലഭിക്കുന്ന ലൈംഗികധാരണകള്‍,അശ്ലീലസാഹിത്യത്തിലൂടെ ലഭിക്കുന്ന തെറ്റുധാരണകള്‍ തുടങ്ങിയവ ലൈംഗികആഹ്ലാദത്തിന്റെ വലിയ ശത്രുക്കളാണ്. സിനിമയില്‍ നായകന്‍ അറിയാതെയെന്നോണം നായികയുടെ വിരലിലൊന്നു തൊടുമ്പോഴേക്ക് അവള്‍ രോമാഞ്ചം കൊണ്ടു ചുളുങ്ങിപ്പോകുന്നതായാണ് നാം കാണുന്നത്. സെക്‌സ് എന്നാല്‍ അതുപോലെ ഷോക്കേല്‍പ്പിക്കുന്ന ഒരനുഭവമാണെന്ന് ധരിച്ചുപോകും നാം. എന്നാല്‍, ദാമ്പത്യത്തിലേക്കു പ്രവേശിച്ച് സെക്‌സ് നിത്യജീവിതത്തിന്റെ ഒരുഭാഗം മാത്രമായി മാറുന്നതോടെ, സെക്‌സ് ഷോക്കടിപ്പിക്കുന്ന ഭയങ്കരമായ ഒരനുഭവമൊന്നുമല്ലെന്നു തിരിച്ചറിയും. ശരീരത്തിന്റെ ആഹ്ലാദത്തെക്കാള്‍ മനസ്സിന്റെ തൃപ്തിയാണു പ്രധാനം എന്ന് നല്ല ദമ്പതികള്‍ മനസ്സിലാക്കും.
ലൈംഗികതയെക്കുറിച്ച് ശരിയായ ധാരണകളില്ലാത്തവര്‍ പക്ഷേ, കരുതുക തന്റെ സെക്‌സ് ജീവിതത്തിന് എന്തൊക്കെയോ പോരായ്മകളുണ്ടെന്നാണ്. മനസ്സിന്റെ ആഴങ്ങളില്‍ പതിഞ്ഞു കിടക്കുന്ന ഈ അതൃപ്തി സകലമേഖലകളിലേക്കും പടര്‍ന്നു കയറുന്നതോടെ അസന്തുഷ്ടിയും അതൃപ്തിയും ജീവിതത്തിലാകെ നിഴല്‍ പരത്താന്‍ തുടങ്ങും. പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യമായി. സദാ വീര്‍ത്തു കെട്ടിയമുഖവും ജീവിതത്തോടും ലോകത്തോടും ശത്രുതയുമായി അവര്‍ എല്ലാ ആഹ്ലാദങ്ങളുടെയും വഴിയടച്ചു കളയുന്നു.
സെക്‌സ് ഒരു യുദ്ധമാണെന്നു കരുതുന്നവരാണ് മറ്റൊരു കൂട്ടര്‍. പരമാവധി കരുത്തോടെ ഇണയെ കീഴടക്കാനാണ് അവര്‍ വെപ്രാളപ്പെടുക. അവര്‍ക്ക് സെക്‌സ് ഒരിക്കലും ഒരു സ്‌നേഹാനുഭവമാവില്ല. സെക്‌സ് എന്ന സ്‌നേഹാനുഭവത്തെക്കുറിച്ച്, മനസ്സില്‍ വഴിയുന്ന സ്‌നേഹത്തെ ഇണക്ക് അനുഭവവേദ്യമാക്കിക്കൊടുക്കാനുള്ള ആശയവിനിമയ മാര്‍ഗത്തെക്കുറിച്ച്, ശരിയായി അറിയുകയാണ് ദാമ്പത്യത്തെ ആഹ്ലാദപൂര്‍ണമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.
എത്ര തവണ സെക്‌സിലേര്‍പ്പെടാം, എത്രസമയം ചെയ്താലാണ് ശരിക്കും ശരിയാവുക, എങ്ങനെയൊക്കെ സെക്‌സിലേര്‍പ്പെടാം, ഏതൊക്കെ രീതികളാണ് ഏറ്റവും നല്ലത്, ലൈംഗികാവയവങ്ങളുടെ വലിപ്പം എത്രയാവണം എന്നു തുടങ്ങി നൂറായിരം സംശയങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാകാറുണ്ട്. ലൈംഗികത എന്നു പറയുമ്പോള്‍ മിക്കവരും ഉദ്ദേശിക്കുന്നത് സംഭോഗം എന്നുമാത്രമാണ്. സംഭോഗം ലൈംഗികതയുടെ ഒരു തലം മാത്രമേ ആകുന്നുള്ളൂ. എന്നാല്‍,അതിനപ്പുറം മറ്റു പലതും ചേര്‍ന്നതാണ് മനുഷ്യലൈംഗികത. സ്‌നേഹപൂര്‍ണമായ നോട്ടം, സംസാരം തുടങ്ങിയവയെയൊക്കെ ലൈംഗികതയുടെ പ്രാഥമികഘട്ടങ്ങളായി കാണാം.
ശാരീരികവും വൈകാരികവും മാനസികവുമായ ഇണപ്പൊരുത്തമുണ്ടാക്കുകയാണ് ദാമ്പത്യത്തില്‍ ലൈംഗികതയുടെ മുഖ്യധര്‍മം. പ്രത്യുത്പാദനത്തെക്കാള്‍ ഏറെ പ്രാധാന്യത്തോടെയാണ് ആധുനികമനുഷ്യന്‍ ലൈംഗികതയെ കാണുന്നത്്. പ്രത്യുത്പാദനത്തിനു വേണ്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും. പ്രത്യുത്പാദനത്തിന്റെ കാര്യത്തില്‍ സെക്‌സ് പരമ പ്രധാനമാണ്. എന്നാല്‍ സെക്‌സിന്റെ കാര്യത്തില്‍ പ്രത്യുത്പാദനം അത്ര പ്രധാനമൊന്നുമല്ല. ആനന്ദത്തിനു വേണ്ടിയാണ് മനുഷ്യന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്. ലൈംഗികാനന്ദത്തില്‍ ശാരീരികാഹ്ലാദം ഒരു ഘടകം മാത്രം. അതിനൊപ്പമോ അതിനെക്കാളധികമോ പ്രാധാന്യമുള്ളതാണ് സെക്‌സിലൂടെ ലഭിക്കുന്ന മാനസികാഹ്ലാദം. ഇണകള്‍ക്ക് ശരിയായ മാനസികാഹ്ലാദമുണ്ടാകണമെങ്കില്‍ ലൈംഗികവേഴ്ച ഒരു മാനസികപ്രക്രിയ കൂടിയാവണം.
ഉത്കര്‍ഷവേള
എല്ലാ ദിവസവും എപ്പോഴെങ്കിലും കുറച്ചുസമയം ദമ്പതികള്‍ ഒരുമിച്ചിരിക്കണം. കിടപ്പുമുറിയിലേക്കു പോകുന്നതിനു മുമ്പു തന്നെ. അത് ഒരു ശീലമാക്കുകയാണുവേണ്ടത്. മനശ്ശാസ്ത്രജ്ഞര്‍ ഇതിനെ ഉത്കര്‍ഷവേള(ഝൗമഹശ്യേ ഠശാല) എന്നാണു വിളിക്കാറുള്ളത്. വെറുതെ കൊച്ചു വര്‍ത്തമാനം പറയാനും ഗൗരവമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമൊക്കെ ഈ സമയം വിനിയോഗിക്കാം. മക്കളുടെ കാര്യങ്ങള്‍, ഓഫീസില്‍ അല്ലെങ്കില്‍ ജോലിസ്ഥലത്ത് കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അങ്ങനെയങ്ങനെ. ഇതൊക്കെയെന്തിനാണ് എന്നോട് എഴുന്നള്ളിക്കുന്നത് എന്ന മട്ടില്‍ താല്‍പ്പര്യം കാട്ടാതിരിക്കുന്നവരുണ്ട്. ഭാര്യയും ഭര്‍ത്താവുമാവുമ്പോള്‍ പറയേണ്ടാത്തതോ കേള്‍ക്കേണ്ടാത്തതോ ആയിട്ട് ഒന്നുമില്ല. ധാരാളം പറയുക. താല്‍പ്പര്യത്തോടെ കേള്‍ക്കുക. കൊച്ചുവര്‍ത്തമാനങ്ങളാണ് പലപ്പോഴും വലിയ ആഹ്ലാദങ്ങളുടെ തായ്‌വേരായി മാറുന്നത്.
സൂചനകള്‍ മനസ്സിലാക്കുക
എനിക്ക് വയ്യ എന്ന് മടുപ്പു കാണിക്കുന്ന ഇണയെ മനസ്സിലാക്കാനും, എന്തു പറ്റീ നിനക്ക് എന്ന് സ്‌നേഹത്തോടെ തിരക്കാനും കഴിയണം. ഇ
ന്നു നമുക്ക് നേരത്തേ കിടക്കാം എന്നു പറയുന്നതും ഇന്നിനി ടി വി കണ്ടതു മതി എന്നോ ബാക്കി പണികള്‍ നാളെ ചെയ്യാം എന്നു വിലക്കുന്നതോ ഒക്കെ പലപ്പോഴും ഒരു തരത്തില്‍ ക്ഷണമായിരിക്കും. അതു തിരിച്ചറിയാനും ഇണക്കു കഴിയേണ്ടതുണ്ട്. ആണുങ്ങള്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ഒളിവും മറയുമൊന്നും വെച്ചു പുലര്‍ത്താറില്ല. ഇനി അഥവാ അവര്‍ മനസ്സൊന്നു മറച്ചുവെച്ചാലും ഭാര്യമാര്‍ക്ക് അതു മനസ്സിലാക്കാനുള്ള കഴിവു കൂടും. എന്നാല്‍ പെണ്ണുങ്ങള്‍ പൊതുവെ ഇക്കാര്യങ്ങളൊക്കെ ഇപ്പോഴും കുറച്ചൊന്നു മറച്ചുവെച്ചാണ് പെരുമാറാറുള്ളത്. സൂചനകള്‍ മനസ്സിലാക്കുന്ന കാര്യത്തിലും സ്‌നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിലും ഭര്‍ത്താക്കന്മാര്‍ കൂടുതല്‍ ശ്രദ്ധവെക്കുന്നത് ദാമ്പത്യം കൂടുതല്‍ ആഹ്ലാദകരമാക്കുമെന്നു തീര്‍ച്ച.ആണിനും പെണ്ണിനും സെക്‌സിനോടുള്ള താല്‍പ്പര്യം രണ്ടു തരത്തിലാണ്. ആണുങ്ങള്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും അത് തന്റെ അവകാശമാണ് എന്ന മട്ടില്‍ പെരുമാറുകയും ചെയ്യുന്നത് സാധാരണയാണ്. പെണ്ണുങ്ങളാകട്ടെ, പലപ്പോഴും താല്‍പ്പര്യമുണ്ടെങ്കില്‍ക്കൂടി അത് അങ്ങനെ തുറന്നു പ്രകടിപ്പിക്കാന്‍ തയ്യാറാകാറില്ല. പുരുഷന്‍ മുന്‍കൈയെടുത്ത് ലൈംഗികബന്ധം തുടങ്ങിവെക്കുകയും അതു വേഗം തീര്‍ത്തിട്ട് പിന്മാറാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴേക്കാവും സ്ത്രീക്ക് ശരിയായ താല്‍പ്പര്യം ഉണര്‍ന്നു തുടങ്ങിയിട്ടുണ്ടാവുക. അപ്പോള്‍ അവളുടെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞ് അവള്‍ക്കൊപ്പം നില്‍ക്കാന്‍ പുരുഷനു ബാധ്യതയുണ്ട്.
ടെന്‍ഷനകറ്റാന്‍
ഏറ്റവുമധികം ടെന്‍ഷനുണ്ടാക്കുന്ന കാര്യങ്ങളിലൊന്നാണ് സെക്‌സ്.അതേസമയംതന്നെ ടെന്‍ഷനൊഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നു കൂടിയാണത്. മനസ്സിന്റെ പിരിമുറുക്കങ്ങള്‍ കുറയ്ക്കാനുള്ള ഒരു എണ്ണയിടലാണ് സ്‌നേഹം എന്നു പറയാം. ടെന്‍ഷന്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ മനസ്സു തുറന്ന് ഒന്നു സംസാരിക്കാനായാല്‍ത്തന്നെ വലിയ ആശ്വാസമുണ്ടാകും. തുറന്നു പറയാനും മനസ്സോടെ കേള്‍ക്കാനും കഴിയുന്ന സ്‌നേഹവും സൗഹൃദവുമാണ് ഉണ്ടാവേണ്ടത്. അത്തരത്തിലുള്ള നല്ല സ്‌നേഹിതരാവാന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു കഴിയുമെങ്കില്‍ കുടുംബജീവിതത്തിലെ ടെന്‍ഷനുകള്‍ ഒഴിവാക്കാനാവും. ദമ്പതിമാര്‍ പരസ്പരം ഊന്നുവടികളായി, ഇണകള്‍ പരസ്പരം തുണയായി ആശ്വാസമേകി നില്‍ക്കുന്ന സ്‌നേഹനിമിഷങ്ങളില്‍, മനസ്സിലെ സ്‌നേഹത്തിന്റെ ഒരു ശാരീരികാവിഷ്‌കാരം എന്ന നിലയില്‍ സെക്‌സ് കടന്നു വരുമ്പോള്‍ എല്ലാ വിധ ടെന്‍ഷനുകളും പിരിമുറുക്കങ്ങളും അയഞ്ഞ് മനസ്സ് സ്വച്ഛമാവും. ശരീരം ലഘുവാകും. മറയില്ലാതെ പറയാനും മടുപ്പില്ലാതെ കേള്‍ക്കാനും കഴിയുന്നവര്‍ക്കേ ഇത്തരത്തില്‍ ടെന്‍ഷനകറ്റുന്ന ലൈംഗികത സാധ്യമാവൂ. സെക്‌സിന്റെ കാര്യത്തിലുള്ള സ്ത്രീപുരുഷ വ്യത്യാസം സെക്‌സിലൂടെയുള്ള ടെന്‍ഷന്‍ റിലീസിന്റെ കാര്യത്തിലുമുണ്ട്. സ്ത്രീ പലപ്പോഴും ആഗ്രഹിക്കുന്നത് പൂര്‍ണാര്‍ഥത്തിലുള്ള ഒരു ലൈംഗിക വേഴ്ചയെക്കാള്‍ സ്‌നേഹലാളനകളും പരിഗണനകളുമായിരിക്കും. പുരുഷനാകട്ടെ ടെന്‍ഷനൊഴിവാക്കാന്‍ വേണ്ടത് മുറുകിയ ഒരു വേഴ്ചയും അതിന്റെ ആലസ്യത്തില്‍ ഒരു മയക്കവുമാവും. ടെന്‍ഷനിലായിരിക്കുമ്പോള്‍ ഇരുപങ്കാളികളും അത് മനസ്സിലാക്കി പരസ്പരസഹകരണത്തോടെയും ആശ്വസിപ്പിക്കാനുള്ള മനോഭാവത്തോടെയും സെക്‌സിലേര്‍പ്പെടണം. പ്രശ്‌നങ്ങളെല്ലാം അവിടെ നില്‍ക്കട്ടെ, വരൂ നമുക്ക് സ്‌നേഹത്തോടെ ഇണചേരാം എന്ന മട്ടിലുള്ള ക്ഷണം പങ്കാളിയുടെ ഭാഗത്തു നിന്നുണ്ടാവണം. ആഹ്ലാദകരമായ ലൈംഗികജീവിതം പുലര്‍ത്തുകയും വേണ്ടത്ര ഉറക്കവും വിശ്രമവും ലഭിക്കുകയും ചെയ്യുന്നവര്‍ക്ക് ടെന്‍ഷനുകള്‍ കൊണ്ടുള്ള ബുദ്ധിമുട്ട് കാര്യമായി അനുഭവപ്പെടുകയില്ല. സെക്‌സിനു സമയം കണ്ടെത്താന്‍ എല്ലാ ദമ്പതികളും ശ്രദ്ധിക്കണം. കാരണം സെക്‌സ് വെറുമൊരു ശാരീരികാനന്ദമല്ല ഊഷ്മളമായ സ്‌നേഹത്തിന്റെയും വൈകാരികമായ സന്തുലനാവസ്ഥയുടെയും അടിത്തറയാണ്.
സ്‌നേഹത്തില്‍ പൊതിഞ്ഞ ആഹ്ലാദം
കല്യാണം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കകം തന്നെ സെക്‌സ് നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ടാവും. സെക്‌സിനെക്കുറിച്ച് അങ്ങനെ ശരിയായൊരു ധാരണയിലെത്തിക്കഴിയുമ്പോഴാണ് ദാമ്പത്യത്തിലെ ലൈംഗികത കൂടുതല്‍ ആഹ്ലാദകരവും ആസ്വാദ്യകരവുമായിത്തീരുന്നത്. ലൈംഗികജീവിതം ആഹ്ലാദകരമാണെങ്കില്‍ മറ്റു മിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം അതുവഴി തന്നെ കെണ്ടത്താനാവും. ദിവസം മുഴുവന്‍ നീണ്ട തിരക്കുകളും ടെന്‍ഷനുമായി കിടപ്പറയിലെത്തുമ്പോള്‍ ഒരു ചടങ്ങുപോലെ ഇനി സെക്‌സു കൂടി തീര്‍ത്തിട്ട് ഉറങ്ങിക്കളയാം എന്ന മനോഭാവം ആരോഗ്യകരമല്ല.ഇരുപങ്കാളികള്‍ക്കും താത്പര്യം തോന്നുന്ന സ്‌നേഹവേളകളാണ്് സെക്‌സിന്റെ സമയമായിത്തീരേണ്ടത്.
കിടപ്പുമുറിയിലേക്കു പോകും മുമ്പു തന്നെ നിത്യജീവിതത്തിലെ മറ്റു ഭാരങ്ങളൊക്കെ ഒഴിവാക്കണം. വീട്ടുകാര്യങ്ങളൊക്കെ നേരത്തേ ചര്‍ച്ച ചെയ്തു തീര്‍ത്തിരിക്കണം. കിടപ്പുമുറിയില്‍ രണ്ടു കാര്യങ്ങളേ പാടുള്ളൂ- ഉറക്കവും സെക്‌സും.
മിക്ക ദമ്പതികളും സെക്‌സിനു സമയം കണ്ടെത്തുന്നത് പാതിരായ്ക്കാണ്. ഒരു ദിവസത്തിന്റെ മുഴുവന്‍ ഭാരവും പേറി തളര്‍ന്നിരിക്കുന്ന ആ നേരത്ത് എങ്ങനെയെങ്കിലുമൊന്നു കിടന്നുറങ്ങിയാല്‍ മതി എന്നാവും വിചാരം. ക്ഷീണത്തിനു മേല്‍ ഒരു ചടങ്ങുപോലെ സെക്‌സ് കൂടി തീര്‍ക്കാന്‍ ശ്രമിക്കുന്നത് ആഹ്ലാദകരമാവില്ല. പുലര്‍ച്ചെയോ ഉറക്കത്തിനിടെ തനിയെ ഉണരുന്ന ഇടവേളകളിലോ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നത് കൂടുതല്‍ ആഹ്ലാദകരമായേക്കും.ഇരു പങ്കാളികള്‍ക്കും താത്പര്യം തോന്നുന്ന സമയമാണ് സെക്‌സിന് ഏറ്റവും നല്ലത്. അത് എപ്പോഴായാലും.
എല്ലാദിവസവും കിടപ്പുമുറിയില്‍ ഒരേയിടത്ത് ഒരേതരത്തില്‍ സെക്‌സിലേര്‍പ്പെടുന്നത് അതിനെ വിരസമാക്കിക്കളയാം. എന്നാല്‍ തോന്നുംപോലെ എവിടെയെങ്കിലും വെച്ച് അതു ചെയ്യാനുമാവില്ല. മനപ്പൂര്‍വം തീരുമാനിച്ച് ഉചിതമായ മറ്റിടങ്ങള്‍ കണ്ടെത്താം. വല്ലപ്പോഴുമൊക്കെ വീട്ടില്‍ നിന്നുമാറിത്താമസിക്കുന്നത് പലപ്പോഴും ജീവിതത്തിനാകെത്തന്നെ ഒരു പുതുമ പകരും.
എത്ര തവണ സെക്‌സിലേര്‍പ്പെടുന്നു എന്നത് പ്രധാനമല്ല. ഓരോ ബന്ധവും എത്രത്തോളം ആഹ്ലാദകരമായി എന്നതാണു പ്രധാനം.
അങ്ങനെയൊക്കെ ചെയ്യാമോ എന്നും അയ്യേ എന്നുമുള്ള വിചാരങ്ങള്‍ മാറ്റി വെക്കുക. സെക്‌സില്‍ വിലക്കുകളൊന്നും ആവശ്യമില്ല. പങ്കാളികള്‍ക്കു താത്പര്യമുള്ള എന്തും അനുവദനീയമാണ്.
ഇണയെ സ്വന്തം താല്‍പ്പര്യം അറിയിക്കുക. നല്ല പങ്കാളി അതിനോട് പൊരുത്തപ്പെടാന്‍ ശ്രമിക്കണം. എന്നാല്‍ പങ്കാളിക്കു താത്്പര്യമില്ലാത്ത രീതികളോ കാര്യങ്ങളോ അടിച്ചേല്പിക്കാന്‍ ശ്രമിക്കരുത്.
ലൈംഗികാനന്ദത്തിന്റെ കാര്യത്തിലെന്നപോലെ ആരോഗ്യത്തിന്റെ കാര്യത്തിലും പ്രധാനമാണ് ശുചിത്വം. ഇണകളിരുവരും ശുചിത്വകാര്യത്തില്‍ തികഞ്ഞ ശ്രദ്ധപുലര്‍ത്തണം.
എല്ലാ ലൈംഗികബന്ധങ്ങളും ഒരേ പോലെ ആഹ്ലാദകരമാവില്ല. എല്ലായ്‌പോഴും രതിമൂര്‍ച്ഛയുണ്ടാവണമെന്നുമില്ല. അതിനെയൊക്കെ സാധാരണമട്ടില്‍ കാണണം. കഴിഞ്ഞ തവണ ശരിയായില്ലല്ലോ എന്ന വേവലാതി വേണ്ട. അടുത്ത തവണ ബന്ധപ്പെടുമ്പോള്‍ അപ്രതീക്ഷിതമായ ആനന്ദങ്ങള്‍ ഉണ്ടായെന്നു വരും.
ഓരോ തവണയും എന്തെങ്കിലുമൊക്കെ പുതുമകള്‍ക്ക് ശ്രമിക്കുക. സെക്‌സിന്റെ രീതികളിലും പൊസിഷനുകളിലുമൊക്കെ മാറ്റങ്ങള്‍ പരീക്ഷിച്ചുകൊേണ്ടയിരിക്കണം.
സെക്‌സിന്റെ നേരങ്ങളില്‍ ഒന്നും മിണ്ടാതെ കിടന്ന് വരുന്നതു വരട്ടെ എന്നു കരുതുന്നത് നല്ല ദാമ്പത്യത്തിലെ രീതിയല്ല. എല്ലാം തുറന്നടിച്ചു തന്നെ പറയുന്നതാണ് നല്ലത്. വേഴ്ച എങ്ങനെയാവണമെന്നും എന്താണു വേണ്ടതെന്നുമൊക്കെ പങ്കാളിയോടു തുറന്നു പറയണം.
അതിഭാവുകത്വം നിറഞ്ഞ ലൈംഗിക ധാരണകള്‍ കൃത്രിമ വിവരണങ്ങളും അമിതാഭിനയവുമാണെന്ന് പ്രത്യേകം ഓര്‍ക്കുക. സിനിമയില്‍ കണ്ടത് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് പലരെയും കുഴപ്പത്തിലാക്കാറുണ്ട്.
ഇണയുടെ, പ്രത്യേകിച്ചു സ്ത്രീയുടെ, ശാരീരിക മാനസിക വിഷമതകള്‍ മനസ്സിലാക്കാന്‍ പങ്കാളി പ്രത്യേകം ശ്രദ്ധിക്കണം. ആര്‍ത്തവദിനങ്ങളിലും അസ്വാസ്ഥ്യങ്ങളുള്ള മറ്റു സമയങ്ങളിലും അവര്‍ക്ക് ആശ്വാസമേകാന്‍ പങ്കാളിക്ക് കഴിയണം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ.സി.ജെ.ജോണ്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍,എറണാകുളം
ഡോ. ടി.എം.രഘുറാം, എം.ഇ.എസ്.മെഡിക്കല്‍ കോളേജ്,പെരിന്തല്‍മണ്ണ.
രാജന്‍ മത്തായി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കുസുമഗിരി മെന്റല്‍ ഹെല്‍ത്ത്് സെന്റര്‍, കാക്കനാട്

NEWS LETTER
RSS











