ബിജു സി.പി.
ഒരേ ഈണത്തില്‍ ഒഴുകേണ്ടതാണ് ദമ്പതിമാരുടെ ശരീരവും മനസ്സും. അതിന്റെ ആനന്ദത്തിന് ഒരു പരിധിയുമില്ല...
പെണ്ണ് കടലു പോലെയാണ്. അവളുടെ വ്യക്തിത്വം എത്രയോ ആഴമേറിയത്്. അവളുടെയുള്ളിലെ ചുഴികളും മലരികളും അടിയൊഴുക്കുകളും തിരിച്ചറിയാന്‍ അത്രയെളുപ്പമല്ല. സെക്‌സിന്റെ കാര്യത്തിലും അവള്‍ അങ്ങനെ തന്നെ. കടല്‍ പതുക്കെയേ ചൂടാവൂ. ചൂടുപിടിച്ചാലോ പിന്നെ തണുക്കുന്നതും പതുക്കെ മാത്രം. എന്നാല്‍ പുരുഷന്‍ മണ്‍തിട്ട പോലെയാണ്. വേഗം ചൂടു പിടിക്കും. വെയിലൊന്നുമങ്ങിയാല്‍ ഉടന്‍ തണുക്കുകയും ചെയ്യും. അതുകൊണ്ടെന്തു പറ്റുമെന്നോ! അവള്‍ ശരിക്കു ചൂടായി വരുമ്പോഴേക്ക് അവന്‍ തണുത്തുറഞ്ഞിട്ടുണ്ടാവും. അതുകൊണ്ടു തന്നെ തിളച്ചു പൊള്ളുന്ന ആ അനുഭവത്തിലേക്ക് കടന്നെത്താന്‍ മിക്കപ്പോഴും അവള്‍ക്ക് അവസരം കിട്ടാതെ പോകുന്നു. ശരിക്കും അത് എന്താണ് ആഹ്ലാദത്തിന്റെ ഒരു പൊട്ടിച്ചിതറലാണോ അതോ ചെറിയചെറിയ ഭൂകമ്പങ്ങള്‍ പോലെയുള്ള പ്രകമ്പനങ്ങളോ ശരിക്കും അങ്ങനെയൊക്കെ ഉള്ളതുതന്നെയാണോ എന്നു സംശയിക്കുന്നവരാണ് അധികവും. സെക്‌സിനെ ഏറ്റവും വലിയ ആഹ്ലാദമാക്കിത്തീര്‍ക്കുന്ന രതിമൂര്‍ച്ഛ എന്ന അനുഭവത്തിന്റെ കാര്യമാണിത്. ഹുന്ത്രാപ്പിബുസ്സാട്ടോ
പതിഞ്ഞ താളത്തില്‍ കൊട്ടിത്തുടങ്ങുന്ന ഒരു പഞ്ചവാദ്യമേളം പോലെയാണ് ലൈംഗിക ബന്ധം. പതുക്കെപ്പതുക്കെ താളം മുറുകി ലയം മുറുകി ഒരാഹ്ലാദവിസ്‌ഫോടനത്തിലേക്ക് അത് വളര്‍ന്നെത്തണം. അതു പക്ഷേ, ഭാവനയില്‍ കാണുംപോലെ, സിനിമകളിലും മറ്റും കാണിക്കുന്നതു പോലെ കഥകളില്‍ വായിക്കും പോലെ നിത്യജീവിതത്തില്‍ അത്ര സാധാരണമൊന്നുമല്ല. പ്രണയപരവശയായ നായികയുടെ കൈകളില്‍ നായകന്‍ ഒന്നു തൊടുമ്പോഴേക്ക് അവള്‍ ഷോക്കേറ്റതു പോലെ തരിച്ച് ചുളുങ്ങിച്ചുരുങ്ങി വിവശയാകുന്നത് സിനിമകളില്‍ കാണാം. എന്നാല്‍ നമുക്കറിയാം ഒരു നായികക്കും അങ്ങനെ ഷോക്കടിക്കാനൊന്നും പോകുന്നില്ലെന്നും. സെക്‌സ് ശരിക്കും ആഹ്ലാദപൂര്‍ണമാകണമെങ്കില്‍ ഇരു പങ്കാളികളും രതിമൂര്‍ച്ഛയിലേക്ക് എത്തണം. പുരുഷനെ സംബന്ധിച്ചിടത്തോളം രതിമൂര്‍ച്ഛയുടെ പ്രശ്‌നമുദിക്കുന്നില്ല. അവന് അതിന് കൃത്യമായൊരു തുടക്കവും കൃത്യമായ ഒടുക്കവുമൊക്കെയുണ്ട്. ബന്ധം പൂര്‍ണമാകുന്നതു തന്നെ അവന്റെ രതിമൂര്‍ച്ഛ. എന്നാല്‍ പെണ്ണിന് തുടക്കവും ഒടുക്കവും ഒരു പോലെ അവ്യക്തമാണ്. സ്ത്രീയുടെ കാര്യത്തില്‍ ഇത്തരമൊരു അവ്യക്തത എല്ലാ കാര്യത്തിലുമുണ്ടെന്നു പറയാറുണ്ട്. വൈക്കംമുഹമ്മദ് ബഷീര്‍ പറഞ്ഞത് സ്ത്രീ ഒരു ഹുന്ത്രാപ്പിബുസ്സാട്ടോ ആണെന്നാണ്. എന്താണെന്ന് ആര്‍ക്കും ഒരുപിടിയും കിട്ടാത്ത ഒരദ്ഭുത പ്രതിഭാസം.സ്ത്രീലൈംഗികതയെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ പറയുന്നതും ഏതാണ്ട് അങ്ങനെ തന്നെ. സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ എന്നൊരനുഭവമൊന്നുമില്ലെന്നാണ് ചില ശാസ്ത്രജ്ഞന്മാര്‍ വാദിച്ചിരുന്നത്. സെക്‌സ് എന്നു പറയുന്നത് ആണുങ്ങളുടെയൊരു നേരമ്പോക്കു മാത്രമാണെന്ന്. എന്നാല്‍, പുരുഷനെക്കാള്‍ നന്നായി സെക്‌സ് ആസ്വദിക്കാന്‍ സ്ത്രീക്കു കഴിയുമെന്ന് പിന്നീട് പലരും അഭിപ്രായപ്പെട്ടു.
അഞ്ചില്‍ നാലു ലൈംഗിക ബന്ധങ്ങളിലും സ്ത്രീ രതിമൂര്‍ച്ഛയിലേക്ക് എത്തുന്നില്ലെന്നാണ് ലൈംഗികശാസ്ത്രജ്ഞന്മാര്‍ കണക്കെടുത്തിട്ടുള്ളത്. 60 ശതമാനം സ്ത്രീകള്‍ക്കും രതിയുടെ ആനന്ദമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയാറേയില്ല. 'ഇരിപ്പിന്റെ കിടപ്പ് കിടപ്പിന്റെ ഇരിപ്പിലാണ് 'എന്നു പറയാറുണ്ടല്ലോ. ദാമ്പത്യജീവിതത്തിലെ സൗഖ്യം കിടക്കുന്നത് ലൈംഗിക ജീവിതത്തിന്റെ രീതികളെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ഥം.
കൊടുക്കും തോറുമേറിടും
ലൈംഗികത ഇരു പങ്കാളികള്‍ക്കും ശരിയായ ആനന്ദാനുഭവമേകണം. ശാരീരികമായും മാനസികമായും വൈകാരികമായും ഒക്കെയുള്ള കൂടിക്കലരലാണത്. ആ കൂടിച്ചേരലിന്റെ കൊട്ടിക്കലാശമാണ് രതിമൂര്‍ച്ഛ. ഉല്‍സവം പൂര്‍ണമാകുന്ന കരിമരുന്നുഘോഷം പോലെ. അതുണ്ടായില്ലെങ്കില്‍ ഉല്‍സവം അപൂര്‍ണമാണ്.
എല്ലാ ലൈംഗിക വേഴ്ചയിലും രതിമൂര്‍ച്ഛയുണ്ടായിക്കൊള്ളണമെന്നില്ല. പലപ്പോഴും അതെന്താണെന്ന് അവള്‍ക്കു തിരിച്ചറിയാന്‍ കഴിയാറുമില്ല. ഭൂകമ്പം പോലെ തരിപ്പിക്കുന്ന ഒരു രതിമൂര്‍ച്ഛാനുഭവത്തിനായി കാത്തിരിക്കുന്നത് വെറുതെയാണ്. കാത്തുകാത്തിരിക്കുന്നവര്‍ക്ക് കാത്തിരിപ്പിന്റെ ടെന്‍ഷന്‍ കൊണ്ടു തന്നെ രതിമൂര്‍ച്ഛ കിട്ടാതെ പോകുമെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. പിന്നെ എങ്ങനെയെത്തും ആനന്ദത്തിന്റെ ആ കൊടുമുടിയില്‍. ശരീരവും മനസ്സും ഒരു പോലെ ഫ്രീ ആയിരിക്കണം. സെക്‌സിനോട് അത്രക്കൊരു താല്‍പ്പര്യത്തോടെ ഇണയോട് മനസ്സു നിറഞ്ഞ സ്‌നേഹത്തോടെ തികച്ചും സ്വതന്ത്രമായി ഇടപെടുക. സ്ത്രീകള്‍ പക്ഷേ കിടപ്പറയില്‍ പോലും മനസ്സു തുറന്ന് ഇടപെടാറില്ല എന്നാണ് മനശ്ശാസ്ത്രഗവേഷകര്‍ പറയുന്നത്. ഞാനങ്ങനെ പറയാമോ അതു ചെയ്യാമോ അതു ചീത്തയല്ലേ ഇവനെന്താ ഇങ്ങനെയൊക്കെ പറയുന്നത് എന്നൊക്കെയുള്ള ചിന്തകളും പരാതികളുമാണ് മിക്ക സ്ത്രീകളും വെച്ചു പുലര്‍ത്തുന്നത്. എല്ലാ വിലക്കുകളും അഴിച്ചെറിഞ്ഞ് എല്ലാ സങ്കോചങ്ങളും ഒഴിവാക്കി തികച്ചും ഫ്രീയായി സെക്‌സിലേര്‍പ്പെടുക. സെക്‌സില്‍ ഒരു മല്‍സരമനോഭാവമാവാം, പങ്കാളിക്ക് അവനാഗ്രഹിക്കുന്നതിലധികം നല്‍കണമെന്ന മല്‍സര മനോഭാവം. അവളുടെ എല്ലാ പ്രതീക്ഷകള്‍ക്കുമപ്പുറം അവളെ ആഹ്ലാദിപ്പിക്കുമെന്ന മല്‍സരഭാവം. സെക്‌സിലെ ആഹ്ലാദം അങ്ങനെയാണ്, കൊടുക്കും തോറുമേറിടും.
ആഹ്ലാദത്തിന്റെ ആ ഹിമാലയങ്ങളിലേക്ക് മെല്ലെ മെല്ലെ നടന്നു കയറണം. അതിന് വ്യക്തിജീവിതത്തിലും ലൈംഗികജീവിതത്തിലുമൊക്കെ ചില ക്രമീകരണങ്ങള്‍ വേണ്ടതാണ്. ഏറ്റവും പ്രധാനം പങ്കാളിയുടെ രതിരീതികളെക്കുറിച്ച് ശരിയായി അറിയുക എന്നതാണ്. മനുഷ്യരുടെ ഏറ്റവും പ്രധാനലൈംഗികാവയവം ഏതാണെന്നറിയാമല്ലോ- രണ്ടു ചെവികള്‍ക്കിടയിലാണ് അതിന്റെ സ്ഥാനം. അതെ തലച്ചോറു തന്നെ. മനസ്സിനെ പിടിച്ചെടുക്കുക മാത്രമാണ് ലൈംഗിക ജീവിതത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും വിജയത്തിലേക്കുള്ള വഴി.
ആനന്ദത്തിന്റെ ഇരിപ്പിടം
സ്ത്രീകളില്‍ ലൈംഗികാനന്ദത്തിന്റെ ഇരിപ്പിടം യോനീനാളമാണെന്നാണ് കാലങ്ങളോളം മനുഷ്യര്‍ കരുതിയിരുന്നത്. എന്നാല്‍ രണ്ടാം ലോക
മഹായുദ്ധാനന്തരം അമേരിക്കയില്‍ നടന്ന നിരവധി ലൈംഗിക ശാസ്ത്രഗവേഷണങ്ങള്‍ ഇക്കാര്യത്തില്‍ ഒട്ടേറെ പുതിയ അറിവുകള്‍ കൊണ്ടു വന്നു. പ്രത്യേകിച്ച് ലൈംഗികശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരായി അറിയപ്പെടുന്ന മാസ്റ്റേഴ്‌സ് ആന്‍ഡ് ജോണ്‍സണ്‍ ടീമിന്റെ ഗവേഷണങ്ങള്‍. യോനീനാളത്തെക്കാള്‍ പ്രധാനപ്പെട്ട ലൈംഗികോത്തേജന കേന്ദ്രം ഭഗശിശ്‌നികയാണെന്നും അവിടെ ശരിയായ ഉത്തേജനമുണ്ടായാല്‍ മാത്രമേ സ്ത്രീകള്‍ക്ക് ശരിയായ രതിമൂര്‍ച്ഛ അനുഭവിക്കാനാവൂ എന്നും തെളിയിക്കപ്പെട്ടു. നിരവധി നാഡികള്‍ കൂടിച്ചേരുന്ന അതിലോലമായ ഭഗശിശ്‌നികയില്‍ സ്‌നിഗ്ധതയോടെ ഉത്തേജനങ്ങളേകുന്നത് രതിമൂര്‍ച്ഛാനുഭവത്തിലേക്ക് നയിക്കും. 90 ശതമാനത്തോളം സ്ത്രീകളുടെ കാര്യത്തിലും ഇതു ശരിയാണെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ യോനീനാളത്തിനെ ഒരു പ്രത്യേകസ്ഥാനമാണ് ഇതിനെക്കാള്‍ വലിയ ഉത്തേജനകേന്ദ്രം എന്ന് ജര്‍മന്‍ ഗവേഷകനായ ഗ്രാഫെന്‍ബെര്‍ഗ് വാദിച്ചു. യോനീനാളത്തിനകത്ത് മുന്‍ഭിത്തിയില്‍ ഏതാണ്ട് രണ്ട് രണ്ടര ഇഞ്ച് ഉള്ളിലായി ഒരു പ്രത്യേക കോശസമൂഹമുണ്ടെന്നും അവിടെ നല്‍കുന്ന ഉത്തേജനങ്ങളാണ് കൂടുതല്‍ തീവ്രമായ ലൈംഗികാനുഭൂതിയുളവാക്കി രതിമൂര്‍ച്ഛയിലേക്കു നയിക്കുന്നത് എന്നുമാണ് ഗ്രാഫെന്‍ബെര്‍ഗിന്റെ വാദം. ഈ പ്രത്യേക കോശസമൂഹം ജി സ്‌പോട്ട് എന്നാണ് അറിയപ്പെടുന്നത്. ജി സ്‌പോട്ടിലും ഭഗശിശ്‌നികയിലും മൃദുവും സ്‌നിഗ്ധവുമായ ഉത്തേജനങ്ങളേകി സ്‌നേഹപൂര്‍ണമായി മുന്നേറുകയാണ് ആഹ്ലാദമൂര്‍ച്ഛയിലേക്കുള്ള വഴി.മാരത്തോണ്‍
ലൈംഗികവേഴ്ച ഒരു മാരത്തോ ണ്‍ ഓട്ടം പോലെയാണെന്നു പറയാറുണ്ട്. വളരെ പതുക്കെ മാത്രം ഓടിത്തുടങ്ങി ഏറെ നേരം ഒരേ വേഗത്തില്‍ ഓടി അവസാനത്തെ ഒന്നോ രണ്ടോ ലാപ്പ് അതിവേഗം പാഞ്ഞ് ഫിനിഷിങ് പോയന്റും കടന്ന് പിന്നെയും കുറേ ദൂരം ഓടി സാവധാനം ഓട്ടം നിര്‍ത്തി വിശ്രമത്തിലേക്കു വീഴുന്ന ഒരു മാരത്തോണ്‍. ആ മാരത്തോണിന് മനസ്സു കൊണ്ടും സജ്ജരായിരിക്കേണ്ടതുണ്ട്. സ്‌നേഹമാണ് ആ മാരത്തോണിനു വേണ്ട ഊര്‍ജം നല്‍കുന്നത്. എല്ലാ ദിവസവും എപ്പോഴെങ്കിലും കുറച്ചുസമയം ദമ്പതികള്‍ ഒരുമിച്ചിരിക്കേണ്ടതുണ്ട്. കിടപ്പുമുറിയിലേക്കു പോകുന്നതിനു മുമ്പു തന്നെ. അത് ഒരു ശീലമാക്കുയാണുവേണ്ടത്. ടിവി കാണാനും ഭക്ഷണം കഴിക്കാനും ഒരുമിച്ചിരുന്നാല്‍ പോരാ. മറ്റു തിരക്കുകളൊന്നുമില്ലാതെ സ്വസ്ഥമായി എല്ലാ കാര്യങ്ങളും പറയാന്‍ കഴിയും വിധമുള്ള ഒരു കൂടിച്ചേരല്‍. മനശ്ശാസ്ത്രജ്ഞര്‍ ഇതിനെ ഉത്കര്‍ഷവേള(ഝൗമഹശ്യേ ഠശാല) എന്നാണു വിളിക്കാറുള്ളത്. വെറുതെ കൊച്ചു വര്‍ത്തമാനം പറയാനും ഗൗരവമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമൊക്കെ ഈ സമയം വിനിയോഗിക്കാം. കൊച്ചുവര്‍ത്തമാനങ്ങളാണ് പലപ്പോഴും വലിയ ആഹ്ലാദങ്ങളുടെ തായ്‌വേരായി മാറുന്നത്.
എപ്പോള്‍, എത്ര, എങ്ങനെ
ലൈംഗികമായ പൊരുത്തക്കേടുകള്‍ ജീവിതത്തിന്റെ മറ്റുതലങ്ങളിലേക്കും മറ്റു പ്രശ്‌നങ്ങള്‍ കിടപ്പുമുറിയിലേക്കും അങ്ങോട്ടുമിങ്ങോട്ടും കയറിമറിയാറുണ്ട്. ലൈംഗികജീവിതം ആഹ്ലാദകരമാണെങ്കില്‍ മറ്റു മിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം അതുവഴി തന്നെ കണ്ടെത്താനാവും. അതു പോലെ, ജീവിതം ആഹ്ലാദകരമാണെങ്കില്‍ സെക്‌സും സുഖകരമായിത്തീരും. ദാമ്പത്യത്തില്‍ ഇണകള്‍ തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കാനും ബന്ധം സ്‌നിഗ്ധമാക്കാനും സഹായിക്കുന്ന ഏറ്റവും നല്ല ലൂബ്രിക്കന്റാണ് സെക്‌സ് എന്നു പറയാം. ശരിയായ രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയുന്ന ഇണകള്‍ സദാ ആഹ്ലാദം അനുഭവിക്കുന്നവരായിരിക്കും. ദിവസം മുഴുവന്‍ നീണ്ട തിരക്കുകളും ടെന്‍ഷനുമായി കിടപ്പറയിലെത്തുമ്പോള്‍ ഒരു ചടങ്ങുപോലെ ഇനി സെക്‌സു കൂടി തീര്‍ത്തിട്ട് ഉറങ്ങിക്കളയാം എന്നമനോഭാവം ആരോഗ്യകരമല്ല.
വീട്ടുകാര്യങ്ങളെല്ലാം നേരത്തെ ചര്‍ച്ച ചെയ്തു തീര്‍ത്തിട്ടാവണം കിടപ്പുമുറിയിലേക്കു പോകുന്നത്. അവിടെ രണ്ടു കാര്യങ്ങളേ പാടുള്ളൂ. സെക്‌സും ഉറക്കവും.
ഇരു പങ്കാളികള്‍ക്കും താത്പര്യം തോന്നുന്ന സമയമാണ് സെക്‌സിന് ഏറ്റവും നല്ലത്. അത് എപ്പോഴായാലും.
രാത്രി വൈകി തളര്‍ച്ചയോടെ സെക്‌സിലേര്‍പ്പെടുന്നതിനെക്കാള്‍ ആഹ്ലാദകരം ഉറക്കത്തിനിടയിലെ ഉണര്‍വുനേരങ്ങളോ പുലര്‍വേളകളോ ആയേക്കാം.
എത്ര തവണ സെക്‌സിലേര്‍പ്പെടുന്നു എന്നത് പ്രധാനമല്ല. ഓരോ ബന്ധവും എത്രത്തോളം ആഹ്ലാദദായകമായി എന്നതാണു പ്രധാനം.
സെക്‌സില്‍ വിലക്കുകളൊന്നും ആവശ്യമില്ല. പങ്കാളികള്‍ക്കു താത്പര്യമുള്ള എന്തും അനുവദനീയമാണ്. എല്ലാ സങ്കോചങ്ങളും മാറ്റി വെച്ച് തികച്ചും ഫ്രീയായി ഇടപെടുക.
ഇണകളിരുവരും ശുചിത്വകാര്യത്തില്‍ ശ്രദ്ധപുലര്‍ത്തേണ്ടതാണ്.
എല്ലാ ലൈംഗികബന്ധങ്ങളും ഒരേ പോലെ ആഹ്ലാദകരമാവണമെന്നില്ല. എല്ലായ്‌പോഴും രതിമൂര്‍ച്ഛയുണ്ടാവണമെന്നുമില്ല. മനസ്സിലുണ്ടാവുന്ന നിറവാണ് രതിമൂര്‍ച്ഛ. അതിനുവേണ്ടി കാത്തിരിക്കേണ്ടതില്ല. തികഞ്ഞ തൃപ്തിയോടെസുഖകരമായ ഒരാലസ്യത്തിലേക്കു നയിക്കുന്ന ലൈംഗികവേഴ്ച ആഹ്ലാദകരം തന്നെയായിരിക്കും
സെക്‌സിന്റെ രീതികളിലും പൊസിഷനുകളിലുമൊക്കെ മാറ്റങ്ങള്‍ പരീക്ഷിച്ചുകൊണ്ടേയിരിക്കണം. എന്നും പുതുമകള്‍ക്കായി ബോധപൂര്‍വം ശ്രമിക്കുക.
വേഴ്ച എങ്ങനെയാവണമെന്നും എന്താണു വേണ്ടെതെന്നുമൊക്കെ പങ്കാളിയോടു തുറന്നു പറയണം. സെക്‌സ് ചില അവാര്‍ഡു സിനിമകള്‍ പോലെ വിരസമാക്കാതെ നേരമ്പോക്കുകള്‍ കൊണ്ടു നിറയ്ക്കാം.
വല്ലപ്പോഴുമൊക്കെ വീട്ടില്‍ നിന്നുമാറി താമസിക്കുന്നത് പലപ്പോഴും ജീവിതത്തിനാകെത്തന്നെ ഒരു പുതുമ പകരും. സെക്‌സില്‍ പ്രത്യേകിച്ചും.
അശ്ലീല സിനിമകളിലും സാഹിത്യങ്ങളിലുമൊക്കെയുള്ളത് അതിഭാവുകത്വം നിറഞ്ഞ വിവരണങ്ങളും അമിതാഭിനയവുമാണെന്ന് പ്രത്യേകം ഓര്‍ക്കുക. സിനിമയില്‍ കണ്ടത് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് പലരെയും കുഴപ്പത്തിലാക്കാറുണ്ട്.
ഇണയുടെ, പ്രത്യേകിച്ചു സ്ത്രീയുടെ, ശാരീരിക മാനസിക വിഷമതകള്‍ മനസ്സിലാക്കാന്‍ പങ്കാളി പ്രത്യേകം ശ്രദ്ധിക്കണം.

NEWS LETTER
RSS











