MATHRUBHUMI RSS
Loading...
ആരോ ഒരാള്‍ എനിക്കായി കാത്തിരിക്കുന്നു
ബീന മോഹന്‍

വിമര്‍ശനങ്ങളെ അതിജീവിച്ച് ഹിന്ദി സിനിമയില്‍ തന്‍േറതായ ഇടം കണ്ടെത്തിയ മലയാളി വിദ്യാബാലന്‍ മനസ്സുതുറക്കുന്നു...


മുംബൈയിലെ ഏറ്റവും തിരക്കേറിയ നഗരമായ ബാന്ദ്രയിലെ വിദ്യയുടെ ഫ്ലറ്റില്‍ ഇന്റീരിയര്‍ ഡിസൈനിങ് തകൃതിയായി നടക്കുന്നു. മീഡിയക്കാര്‍ക്കു മാത്രമായി പുറത്തുനിന്നു കടക്കാന്‍പാകത്തില്‍ അതിഥിമുറി ''ചായ, കാപ്പി, എന്തെടുക്കണം?'' തീര്‍ത്തും ആതിഥേയയുടെ റോളില്‍ വിദ്യ. കഴിഞ്ഞ തവണ കണ്ടപ്പോള്‍ മുടി കഴുത്തറ്റം മുറിച്ച് ഒരു മോഡേണ്‍ ലുക്കായിരുന്നു വിദ്യയ്ക്ക്. നീളന്‍മുടിയിലും കുര്‍ത്തയിലും വിദ്യ കുറച്ചുകൂടി സുന്ദരിയായിരിക്കുന്നു. റൂമില്‍ ആദ്യം കണ്ണില്‍പ്പെടുക അരങ്ങേറ്റംകുറിച്ച 'പരിണീത'യ്ക്ക് വിദ്യ നേടിയ അവാര്‍ഡുകളാണ്.

അമിതാഭ്ബച്ചന്റെ അമ്മയായും അഭിഷേക് ബച്ചന്റെ കാമുകിയായും വിദ്യ അഭിനയിച്ച 'പാ' ഇക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. തുടര്‍ന്നിറങ്ങിയ 'ഇഷ്‌കിയ'യില്‍ കള്ളുകുടിയും അസാന്മാര്‍ഗികത്വവും ഒക്കെയായി ഒരു തെറിച്ച പെണ്ണിന്റെ റോളിലായിരുന്നു വിദ്യ.

ബാന്ദ്ര പോലെയുള്ള ഒരു പോഷ് ഏരിയയില്‍ സ്വന്തമായി വീടുവാങ്ങാന്‍ കഴിയുന്നത് വലിയൊരു കാര്യമല്ലേ?

ഒരിക്കലും സ്വപ്‌നംപോലും കണ്ടിരുന്നില്ല, ഈ ഭാഗത്ത് ഒരു വീട് വാങ്ങാന്‍ കഴിയുമെന്ന്. എല്ലാം ദൈവാനുഗ്രഹം. വീട്ടിലേക്കു വേണ്ട ഓരോ സാധനങ്ങളും നോക്കി വാങ്ങുകയാണ് ഞാന്‍. അതിന്റെ സന്തോഷം ഒന്ന് വേറെത്തന്നെയാണ്.

രണ്ട് ആഴ്ചയേ ആയുള്ളൂ ഇങ്ങോട്ടു മാറിയിട്ട്. സാധനങ്ങള്‍ ഇപ്പോഴും ചെമ്പൂരിലെ വീട്ടില്‍നിന്ന് എത്തിവരുന്നതേയുള്ളൂ. ചെമ്പൂരിലായിരുന്നു ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം. അച്ഛനും അമ്മയും ചേച്ചിയും പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ടെങ്കിലും ഞാനാദ്യമാണ് അവിടംവിട്ട് താമസിക്കുന്നത്.

പുതിയ വീട്, പുതിയ സൂപ്പര്‍ ഹിറ്റ് പടങ്ങള്‍, സ്‌ക്രീന്‍ അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്... ജീവിതം ആകെപ്പാടെ കളര്‍ഫുള്‍ ആണല്ലോ?

ഒക്കെ ദൈവാനുഗ്രഹം! 'പാ'യും 'ഇഷ്‌കിയ'യും റിലീസായ ശേഷം എത്ര മെസ്സേജുകളാണെന്നോ എനിക്കു കിട്ടിയത്, എന്റെ അഭിനയത്തെ അഭിനന്ദിച്ചുകൊണ്ട്! ഓരോ മെസേജും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇവയൊക്കെ എനിക്ക് സ്‌പെഷ്യല്‍ ആണ്. ഈ രണ്ടുപടത്തിനും കിട്ടിയ അംഗീകാരം ശരിക്കും എന്നെ വികാരാധീനയാക്കുന്നു.

'ഇഷ്‌കിയ'യില്‍ തന്റേടിയായ നാടന്‍ സ്ത്രീയായി കള്ളുകുടിച്ചും തെറിവിളിച്ചും ആകര്‍ഷണീയനായിത്തോന്നിയ പുരുഷന്റെകൂടെ അന്തിയുറങ്ങിയും ഒരു വൈവിധ്യമാര്‍ന്ന കഥാപാത്രത്തെ വിദ്യ അവതരിപ്പിച്ചു. പരിചയമില്ലാത്ത അങ്ങനെയൊരു കഥാപാത്രത്തെ ഇത്ര ഭംഗിയായി അവതരിപ്പിക്കാന്‍ എങ്ങനെ കഴിഞ്ഞു?

'ഇഷ്‌കിയ' എന്റെ കംഫര്‍ട്ട് സോണിന് വളരെ അപ്പുറത്തുള്ള ഒരു റോളായിരുന്നു. യഥാര്‍ഥ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ചെയ്യാന്‍ സാധ്യതയില്ലാത്ത പലതും പടത്തിനുവേണ്ടി ഞാന്‍ ചെയ്തു. തെറി വിളിക്കുക, ഷൂട്ട് ചെയ്ത് കൊല്ലുക, കുടിച്ച് ഡാന്‍സ് ചെയ്യുക, തോന്നിയ ആളുടെ കൂടെ കിടക്ക പങ്കിടുക... (പൊട്ടിച്ചിരിക്കുന്നു). ഇപ്പോഴും പലരും ചോദിക്കുന്നു, ഞാന്‍ ശരിക്കും കുടിച്ചിരുന്നോ എന്ന്. ഒരു കുടിസീന്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഞാനെന്ത് അഭിനേതാവാണ്, അല്ലേ?
മനഃശാസ്ത്രജ്ഞന്മാരൊക്കെ പറയാറില്ലേ എല്ലാ മനുഷ്യനിലും ഇത്തരം നെഗറ്റീവ് സൈഡൊക്കെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നുണ്ടെന്നും ആവശ്യം വരുമ്പോള്‍ ആ വികാരങ്ങളൊക്കെ പുറത്തുചാടുന്നു എന്നും. ഒരുപക്ഷേ, അവയെ ഒക്കെ ഞാനന്ന് തട്ടിയുണര്‍ത്തിയതാവാം (ചിരിക്കുന്നു).
പിന്നെ ചില ഡയലക്ടുകളും തെറിയും നന്നായി പ്രാക്ടീസ് ചെയ്യേണ്ടി വന്നു. ശീലമില്ലല്ലോ! (വീണ്ടും ചിരി).
കാറോടിക്കാന്‍ എനിക്ക് ഭയങ്കര പേടിയാണ്. പ്രത്യേകിച്ച് മുംബൈ റോഡുകളില്‍. പടത്തിനുവേണ്ടി ഒരാഴ്ച പ്രാക്ടീസ് ചെയ്തു. മുന്‍പൊരു തവണ കാറോടിക്കുമ്പോള്‍ മുന്‍പിലൊരു ട്രക്ക് വരുന്നതു കണ്ട് പേടിച്ച് സ്റ്റിയറിങ്ങേ വിട്ട മഹതിയാണ് ഞാന്‍. അന്നുമുതല്‍ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്നതിന് എനിക്ക് വിലക്കാണ് വീട്ടില്‍ നിന്ന്.

അമിതാഭ് ബച്ചന്റെ അമ്മ, അഭിഷേകിന്റെ കാമുകി! സംവിധായകന്‍ ബാല്‍കി തിരക്കഥയും കൊണ്ടുവന്നപ്പോള്‍ വിദ്യ ഞെട്ടിയില്ലേ?

കഥ കേട്ടപ്പോള്‍ എനിക്കിഷ്ടപ്പെട്ടു. റോളും ഇഷ്ടപ്പെട്ടു. പക്ഷേ, മൊത്തത്തില്‍ നോക്കിയാല്‍ എല്ലാ സിറ്റ്വേഷനും എക്‌സ്ട്രാ ഓര്‍ഡിനറി ആണ്. ഒരു 68 വയസ്സുകാരന്‍ 'പജേരിയ' എന്ന രോഗം ബാധിച്ച 13- കാരനായി വേഷമിടുന്നു! അയാളുടെ സ്വന്തം മകന്‍ അയാളുടെ അച്ഛന്റെ റോളില്‍. ഞാന്‍ അയാളുടെ അമ്മയുടെ റോളിലും! അഭിനയജീവിതത്തില്‍ ഇത്രയും നേരത്തേ ഒരു അമ്മവേഷം ചെയ്യണോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു കുറെ ദിവസം. മാത്രമല്ല, മാതൃത്വത്തിന്റെതായ ഒരു ഫീലിങ്ങും എനിക്കില്ലതാനും. അമിതാഭ് ബച്ചന്റെ അമ്മയായി അഭിനയിച്ചാല്‍ അത് എന്നെന്നേക്കും എന്റെ മേല്‍ ഒരു മുദ്രയായി മാറും.

എന്റെ കുടുംബത്തോടും മാനേജര്‍ സഞ്ജയ്‌നോടും ഞാനെന്റെ കണ്‍ഫ്യൂഷന്‍ ചര്‍ച്ച ചെയ്തു. എന്റെ അച്ഛനമ്മമാര്‍ക്ക് എന്നും പറയാനുള്ളത് നിന്റെ മനസ്സ് പറയുന്നതുപോലെ ചെയ്യൂ എന്നാണ്. സഞ്ജയ് പറഞ്ഞു, നീ എന്നും വ്യത്യസ്തതയ്ക്കുവേണ്ടി കൊതിക്കുന്നവളാണ്, അതുകൊണ്ട് ധൈര്യപൂര്‍വം ഈ അവസരം കൈക്കലാക്കുക. അങ്ങനെ ബാല്‍കിയോട് സമ്മതം മൂളിയപ്പോഴും എനിക്കാശങ്കയായിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുദിവസം മുന്‍പ് എനിക്ക് മിസ്റ്റര്‍ ബച്ചന്റെ കൂടെ കുറച്ചുസമയം വേണമെന്ന് ഞാന്‍ ബാല്‍കിയോടാവശ്യപ്പെട്ടു. അമിതാഭ് ബച്ചനെ 13-കാരനായി മാറ്റിയെടുക്കാനുള്ള മെയ്ക്കപ്പ് ടെസ്റ്റ് നടക്കുകയായിരുന്നു അദ്ദേഹത്തിന്റെ ബംഗ്ലാവില്‍. നാലുമണിക്കൂര്‍ നീണ്ടുനിന്ന മെയ്ക്കപ്പ് സെഷനും കഴിഞ്ഞ് അദ്ദേഹം പുറത്തുവന്നപ്പോള്‍ എനിക്ക് മനസ്സിലായില്ല അദ്ദേഹം എവിടെ എന്ന്. 13-കാരന്‍ 'ഓറോ' ആയിരുന്നു എനിക്കു മുന്‍പില്‍. അത്രയ്ക്കും മാറിപ്പോയിരുന്നു അദ്ദേഹത്തിന്റെ ലുക്ക്. ആ നിമിഷം ഞാന്‍ മനസ്സിലാക്കി, ഓറോയുടെ അമ്മയാകാന്‍ എനിക്കു പറ്റുമെന്ന്. ഒരു കഥാപാത്രമായി അഭിനേതാവ് മാറുന്ന ആത്മീയ നിമിഷം എന്നു പറയാറില്ലേ? ഞാനത് അനുഭവിച്ചു.

'പാ'യുടെ സെറ്റില്‍ എങ്ങനെയായിരുന്നു?

അതിന് സെറ്റില്‍ അമിതാഭ്ബച്ചന്‍ ഇല്ല, ഫുള്‍ ടൈം 'ഓറോ' ആയിട്ടായിരുന്നു. ക്യാമറ ഓണല്ലാത്തപ്പോഴും അദ്ദേഹത്തിന്റെ സംസാരവും നടത്തവും നോട്ടവും എല്ലാം ഓറോയുടെതായിരുന്നു! എല്ലാവരോടും പെരുമാറുന്നത് 13- കാരനെപ്പോലെയാണ്. മെയ്ക്കപ് ഇട്ടുകഴിഞ്ഞാല്‍ അദ്ദേഹത്തിന് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാന്‍പറ്റൂ. അതിനായി തന്റെ സഹായി പ്രവീണിനെ 'ഓറോ'സ്റ്റൈലില്‍ വിളിക്കും. 'പ്രവീണ്‍, മില്‍ക്ക് ഷേക്ക്!' അദ്ദേഹം ഇടയ്ക്ക് കയറി എന്തെങ്കിലും പറയാന്‍ വന്നാല്‍ ഉടന്‍ വാശിപിടിക്കും, 'ഫസ്റ്റ് യൂ ബ്രിങ്!'

അപ്പോള്‍ പിന്നെ ഒരു പാഠശാലയായിരുന്നല്ലോ മുന്നില്‍! എന്തൊക്കെ അനുഭവങ്ങള്‍ നേടി ഓര്‍മിക്കാന്‍?

എന്നെ ഏറ്റവും ടച്ച് ചെയ്തത് 68-ാം വയസ്സില്‍ ഇത്രയും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ടെന്‍ഷനും ഇടയില്‍ അഭിനയത്തോട് അദ്ദേഹം വെ ച്ചുപുലര്‍ത്തുന്ന ആത്മാര്‍ഥതയും അഭിനിവേശവുമാണ്. 40 വര്‍ഷത്തെ അഭിനയജീവിതത്തിനുശേഷം ഒരാള്‍ എങ്ങനെ നടന്നാലും അഭിനയിച്ചാലും ആരും ഒരക്ഷരം എതിര്‍ത്തുപറയില്ല. എന്നിട്ടും കഥാപാത്രമായിമാറാന്‍ അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥത അപാരമാണ്! അമിതാഭ്ബച്ചന്‍ അമിതാഭ്ബച്ചനാകാനുള്ള കാരണം ഈ സവിശേഷതകള്‍ ഒക്കെത്തന്നെ ആയിരിക്കില്ലേ?

68-ാം വയസ്സില്‍ അദ്ദേഹത്തിനുവേണ്ടി ആള്‍ക്കാര്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു! അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചതിനുശേഷം ഞാന്‍ അഭിനയത്തെ ശരിക്കും സീരിയസ്സായി എടുക്കാന്‍തുടങ്ങിയിരിക്കുന്നു. മുന്‍പേ ഞാന്‍ ക്ഷമയുള്ള കൂട്ടത്തിലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ 'ബുദ്ധനാണ്' (പൊട്ടിച്ചിരിക്കുന്നു).

'ഹേയ് ബേബി', 'കിസ്മത് കണക്ഷന്‍' ഇവയിലെ മോഡേണ്‍ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ സ്വീകരിച്ചില്ലല്ലോ?

അത് മോഡേണ്‍ ലുക്കിന്റെ തകരാറുകൊണ്ടാണ് എന്നെനിക്കു തോന്നുന്നില്ല. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് നല്ല ആഴം വേണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. അഭിനയത്തിന് എനിക്ക് അംഗീകാരം കിട്ടുന്ന സിനിമകളുടെ തിരക്കഥകളും കഥാപാത്രങ്ങളും വളരെ നന്നായി എഴുതപ്പെട്ടവയാണ്. ഉപരിപ്ലവമായ സിനിമകളിലാണ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ട്. അത്തരം കഥാപാത്രങ്ങള്‍ക്ക് അസ്തിത്വമില്ല. എനിക്ക് സാധാരണ ഏതു പടം ചെയ്യുമ്പോഴും സംവിധായകനോടായി പല ചോദ്യങ്ങളും ഉണ്ടായിരിക്കും. എന്തുകൊണ്ടാണ് എന്റെ കഥാപാത്രം മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തം, എന്താണ് അവളുടെ പശ്ചാത്തലം എന്നൊക്കെ. ശരിയായ വിശദീകരണം കിട്ടിയാലേ എനിക്കാ കഥാപാത്രം അഭിനയിച്ചു ഫലിപ്പിക്കാനാവൂ.

'ഇഷ്‌കിയ'യിലെ കൃഷ്ണയുടെ റോള്‍ എന്റെ ഏറ്റവും പ്രിയപ്പെട്ടതാവാന്‍ കാരണവും അതാണ്. ക്ലാസിക്കല്‍ മ്യൂസിക്കും ഡേര്‍ട്ടി ഡാന്‍സിങ്ങും ഒരുപോലെ ഇഷ്ടപ്പെടുന്ന കൃഷ്ണ. ജീവനുതുല്യം സ്‌നേഹിച്ച ഭര്‍ത്താവ് മരിച്ചതിനുശേഷം വെറും വികാരശമനത്തിനു മാത്രമായി മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടുന്നവള്‍. അവിടെ അവള്‍ക്ക് കാമം മാത്രമേ ഉള്ളൂ. പ്രണയം തീരെയില്ല.

ആദ്യം പറഞ്ഞ പടങ്ങളൊക്കെ അപ്പോഴത്തെ ഒരു മൂഡില്‍ ചെയ്തതാണ്. പിന്നെ മനസ്സിലായി കഴമ്പില്ലാത്ത അത്തരം കഥാപാത്രങ്ങള്‍ എനിക്ക് പറ്റിയതല്ല, അബദ്ധമാണ് ചെയ്തതെന്ന്.

ഇന്നത്തെ സ്ത്രീകളെക്കുറിച്ച് എന്താണഭിപ്രായം?

ഇന്നത്തെ സ്ത്രീകള്‍ സ്വന്തം സെക്ഷ്വാലിറ്റിയെ വളരെ തന്റേടത്തോടെ കാണുന്നവരാണ്. വിദ്യാഭ്യാസവും ചുറ്റുപാടുകളോടുള്ള എക്‌സ്‌പോഷറുമാവാം ഈ ലിബറല്‍ മനോഭാവത്തിന് കാരണം. ഈ പറഞ്ഞ സൗകര്യങ്ങളില്‍ നിന്നൊക്കെ അകന്നു ജീവിച്ചിട്ടും വളരെ ലിബറല്‍ ആയി ആലോചിക്കുന്ന സ്ത്രീകളെ ഗ്രാമങ്ങളിലും ഞാന്‍ കണ്ടിട്ടുണ്ട്. സ്വന്തം ജീവിതത്തെ സ്വന്തം ചൊല്പടിയില്‍ നിര്‍ത്താന്‍ കെല്പുള്ളവര്‍. അവരത് പ്രകടിപ്പിക്കുന്ന ശൈലി വ്യത്യസ്തമായിരിക്കും. അധികം ഡിപ്ലോമാറ്റിക് ആയിരിക്കണമെന്നില്ല.

പണ്ടത്തെ വഹീദാ റഹ്മാനെ ഓര്‍മിപ്പിക്കുന്ന അഭിനയമാണ് വിദ്യയ്ക്ക്!

ആണോ! (അദ്ഭുതം കൂറുന്ന മുഖഭാവത്തോടെ വിദ്യ!) ഐ ആം സോ ഹാപ്പി! ദാറ്റ്‌സ് സച് എ ബിഗ് കോംപ്ലിമെന്റ്! മിസ്റ്റര്‍ ബച്ചനും എന്നെ വഹീദാ റഹ്മാനുമായി താരതമ്യപ്പെടുത്തിയിരുന്നു!

ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍?

'നോ വണ്‍ കില്‍ഡ് ജെസീക്ക' എന്ന പടത്തിന്റെ ഷൂട്ടിങ് ഡെല്‍ഹിയില്‍ ആരംഭിക്കുന്നു. ഞാനും റാണി മുഖര്‍ജിയും ആണിതില്‍. ഓഫറുകള്‍ ഇഷ്ടംപോലെയുണ്ട്., നല്ലതു മാത്രമേ തിരഞ്ഞെടുക്കൂ. തിരക്കൊന്നുമില്ല.

തീര്‍ത്തും വ്യത്യസ്തതയുള്ള നല്ല ഒരു ലവ് സ്റ്റോറി ചെയ്യാനെനിക്ക് ഭയങ്കര മോഹം തോന്നുന്നു. സെന്‍സിബിലിറ്റിക്കൊപ്പം എന്റര്‍ടെയിന്‍മെന്റും കൂടിച്ചേര്‍ന്ന തരം സിനിമകള്‍ ചെയ്യാനാണ് എനിക്കിഷ്ടം. എന്റര്‍ടെയിന്‍മെന്റിന്റെ പേരില്‍ എന്ത് വിഡ്ഢിത്തവും ചെയ്യാന്‍ എനിക്കിഷ്ടമല്ല. അതേസമയം ഗിരിപ്രഭാഷണം നടത്തുന്ന ബോറിങ് സിനിമകള്‍ ചെയ്യാനും ഇഷ്ടമല്ല. ഹിന്ദി സിനിമയെ സംബന്ധിച്ച് വളരെ എക്‌സൈറ്റിങ് ആയിട്ടുള്ള സമയമാണ് ഇത്. പരീക്ഷണങ്ങള്‍ക്കു മുതിരുന്ന തലമുറയാണിത്.

വിദ്യയുടെ ഒരുവിധം എല്ലാ സിനിമകളിലും നല്ല ഒരു ചൂടന്‍ കിസ്സിങ് സീനോ അതല്ലെങ്കില്‍ ഒരു ലവ് മേക്കിങ് സീനോ പതിവാണല്ലോ!

മൊത്തത്തിലൊരു അഭിപ്രായം എനിക്ക് പറയാന്‍പറ്റില്ല. കഥയ്ക്ക് നിര്‍ബന്ധമാണെങ്കിലും സംവിധായകന്റെ മേല്‍ എനിക്കത്ര വിശ്വാസം പുലര്‍ത്താമെങ്കിലും അത്തരം സീനുകള്‍ ചെയ്യുന്നതിനോടെനിക്ക് എതിര്‍പ്പില്ല.

അച്ഛനമ്മമാര്‍ എങ്ങനെയാണ് പ്രതികരിക്കാറ്?

ചെയ്യാന്‍പോകുന്ന സിനിമയില്‍ അത്തരം ഇന്റിമേറ്റ് സീനുകള്‍ ഉണ്ടെങ്കില്‍ ഞാനാദ്യമേ അച്ഛനമ്മമാരോട് പറയും. ആദ്യമേ അറിയിക്കാതെ അവരത് നേരില്‍ സ്‌ക്രീനില്‍ കാണുന്നത് എനിക്കിഷ്ടമല്ല. സ്വല്പം ബുദ്ധിമുട്ടുള്ള കാര്യംതന്നെയാണ് എനിക്കും അവര്‍ക്കും അത്തരം സീനുകള്‍.

ഗോസിപ്പ് കോളങ്ങളില്‍ വരുമ്പോള്‍ അവര്‍ ദേഷ്യപ്പെടാറുണ്ടോ?

അച്ഛനെക്കാളും അമ്മയാണ് സിനിമയുടെ കാര്യങ്ങളിലൊക്കെ ഇടപെടുക. ഗോസിപ്പ് വായിച്ചാല്‍ അമ്മയ്ക്ക് സങ്കടം വരും. അച്ഛന്‍ കൂള്‍ ആണ്. സിനിമാ പശ്ചാത്തലമൊന്നും ഇല്ലാഞ്ഞിട്ടും അച്ഛനെത്ര കൂളാണ് എന്ന് ഞാന്‍ അദ്ഭുതപ്പെടാറുണ്ട്.

ഷൂട്ടിങ്ങിന് വിദേശത്തൊക്കെ പോകുമ്പോള്‍ അവര്‍ കൂടെ വരാറുണ്ടോ?

നീണ്ട ഔട്ട് ഡോര്‍ ഷൂട്ടിങ്ങാണെങ്കില്‍ അമ്മ ഇടയ്ക്ക് കുറച്ചു നാളത്തേക്ക് വരും. അല്ലാതെ എനിക്കുവേണ്ടി അവരുടെ ചിട്ടകളും ശീലങ്ങളും അഡ്ജസ്റ്റ് ചെയ്യേണ്ടിവരുന്നത് എനിക്കിഷ്ടമല്ല.

ഏക്താകപൂറിന്റെ 'ഹം പാഞ്ച്' എന്ന സീരിയലില്‍ വിദ്യ അഭിനയിച്ചത് സെന്റ് സേവിയേഴ്‌സ് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നല്ലോ. അതിനും 'പരിണീത'യ്ക്കും ഇടയില്‍ വലിയൊരു ഗ്യാപ്പുണ്ടല്ലോ!

അതിനിടയില്‍ ഞാനെന്റെ പഠിത്തം തീര്‍ത്തു. സോഷ്യോളജിയില്‍ എം.എ. ചെയ്തു. പഠിത്തം വിട്ട് അഭിനയമില്ല എന്ന് അച്ഛനും അമ്മയും ആദ്യമേ പറഞ്ഞിരുന്നു. പരസ്യങ്ങളും മ്യൂസിക് വീഡിയോകളും ഞാനന്ന് ചെയ്തിരുന്നു. ഒന്നില്‍നിന്ന് മറ്റൊന്ന് എന്നപോലെയായിരുന്നു എന്റെ കരിയറിലെ ഓരോ സംഭവവും. മലയാള സിനിമയിലേക്കുള്ള ക്ഷണവും ആ സമയത്തായിരുന്നു. 'കളരി വിക്രമന്‍', 'ചക്രം' തുടങ്ങിയ ഷൂട്ടിങ് തുടങ്ങി മുടങ്ങിപ്പോയ രണ്ട് മലയാള സിനിമകളും, ഷൂട്ടിങ് തുടങ്ങിയശേഷം എന്നെ പുറത്താക്കിയ ഒരു തമിഴ് പടവും! ഞാന്‍ ഭാഗ്യംകെട്ടവളെന്ന് മുദ്ര കുത്തപ്പെട്ട കാലഘട്ടം (ചിരിക്കുന്നു).

ഇന്ന് ആ കാലഘട്ടം ഓര്‍ക്കുമ്പോള്‍ കയ്പ് തോന്നാറുണ്ടോ?

സംഭവിക്കുന്നതൊക്കെ നല്ലതിനെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. അങ്ങനെയൊരു ഘട്ടത്തിലൂടെ കടന്നുപോകാന്‍ കഴിഞ്ഞതില്‍ എനിക്കിന്ന് സന്തോഷമാണ് തോന്നുന്നത്. അതെനിക്ക് മാനസികമായി നല്ല ശക്തി തന്നു.

മലയാളത്തില്‍ ഇനി ഒരു ചാന്‍സ് കിട്ടിയാല്‍ അഭിനയിക്കുമോ?

സത്യന്‍ അന്തിക്കാടിന്റെ പുതിയ പടത്തിലേക്ക് വിളിച്ചിരുന്നു. പക്ഷേ, എന്റെ ഡേറ്റ് പുതിയ ഹിന്ദി പടത്തിന് കൊടുത്തിരിക്കുകയായിരുന്നു. അതല്ലെങ്കില്‍ ചെയ്‌തേനെ!

വിദ്യ എന്ന വ്യക്തിയെ ചുരുക്കിപ്പറഞ്ഞാല്‍!

പൊതുവെ ദേഷ്യം വരാത്ത സ്വഭാവക്കാരിയാണ്. അഥവാ ദേഷ്യപ്പെട്ടാലും വളരെ അടുപ്പമുള്ളവരോടുമാത്രം. ഒഴിവുസമയമുണ്ടെങ്കില്‍ സംഗീതമാസ്വദിക്കാനിഷ്ടമാണ്. വായിക്കാനിഷ്ടമാണ്. എട്ടു കൊല്ലം കര്‍ണാടകസംഗീതം പഠിച്ചിട്ടുണ്ടായിരുന്നു. ഒരു കാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബാലമുരളീകൃഷ്ണയുടെ കീഴില്‍ സംഗീതം പഠിക്കണമെന്നത്.

മീഡിയ വിമര്‍ശനങ്ങളെ അതിജീവിക്കുന്നത് എങ്ങനെയാണ്?

കുടുംബത്തിന്റെ പിന്തുണ എന്നും എനിക്കുണ്ട്. ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. പ്രാര്‍ഥന എനിക്ക് ശക്തി തരുന്നു. വിമര്‍ശനങ്ങളില്‍ തളര്‍ന്നപ്പോള്‍ എന്റെ സഹോദരിയുടെ ഭര്‍ത്താവ് എന്നോടു പറഞ്ഞു. വസ്ത്രധാരണരീതി നിനക്ക് മാറ്റിയെടുക്കാന്‍ പറ്റും. പക്ഷേ, ദൈവം തന്ന അഭിനയസിദ്ധി നിന്റേതു മാത്രമല്ലേ, അതില്‍ അഭിമാനിക്ക് എന്ന്! ഒരുപരിധിക്കപ്പുറം വിമര്‍ശനങ്ങള്‍ എന്നെ ബാധിക്കാതിരിക്കാന്‍ ഞാനിന്ന് ശ്രദ്ധിക്കുന്നു.

കൂട്ടുകാരുണ്ടോ?

ഇഷ്ടംപോലെ. പണ്ട് സ്‌കൂളിലും കോളേജിലും ഒന്നിച്ചു പഠിച്ചവര്‍.

ഏതായാലും വിമര്‍ശനങ്ങള്‍ക്കുശേഷം പുതിയ രൂപത്തിലും ഭാവത്തിലും ഉള്ള വിദ്യ ആണല്ലോ?

ഇന്ന് സബുസാചി മുഖര്‍ജി എനിക്കായി ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ എന്റെ വ്യക്തിത്വത്തിന് നന്നായി ചേരും. മുന്‍പൊക്കെ ഫിറ്റ്‌നസിനെക്കുറിച്ച് ഒരുപാട് അബദ്ധധാരണകളായിരുന്നു എനിക്ക്. മൂന്നുനാലു മണിക്കൂറേ ഉറങ്ങാന്‍ പറ്റിയിരുന്നുള്ളൂ. ഡയറ്റിങ്ങെന്നും പറഞ്ഞ് ഭക്ഷണം കഴിക്കാതെയുമിരിക്കും. അതിനു മേല്‍ എക്‌സര്‍സൈസും ചെയ്യും. അതൊക്കെ ദഹനപ്രക്രിയയ്ക്ക് തടസ്സം വരുത്തുന്നു എന്ന് മനസ്സിലാക്കിയിരുന്നില്ല. ഇന്ന് ഉറക്കത്തിന് അതിനു വേണ്ട പ്രാധാന്യം കൊടുക്കുന്നു. ഭക്ഷണം ശരിക്കും കഴിക്കുന്നു. പേഴ്‌സണല്‍ ട്രെയിനറെവെച്ച് ആഴ്ചയില്‍ നാലഞ്ചു ദിവസം 45 മിനുട്ട് എക്‌സര്‍സൈസ് ചെയ്യുന്നു.

നാട്ടില്‍ പോകാറുണ്ടോ?

ബന്ധുക്കളാരും നാട്ടിലില്ല. നാട്ടിലേക്കുള്ള പോക്കുകള്‍ അമ്പലസന്ദര്‍ശനത്തിനാണ്. 'പാ'യുടെ തിരക്കില്‍നിന്ന് ഫ്രീയായപ്പോള്‍ വള്ളിയൂര്‍ക്കാവിലെത്തി. അമ്മയെ (മാതാ അമൃതാനന്ദമയി) കണ്ടു. ന്യൂ ഇയറിന് അവിടെയായിരുന്നു. ചിലപ്പോള്‍ എല്ലാ ബഹളങ്ങളില്‍നിന്നും മാറി നിശ്ശബ്ദതയ്ക്ക് കൊതിക്കും മനസ്സ്. കേരളംപോലെ അതിനു പറ്റിയ സ്ഥലം ഏതുണ്ട്?

ഇഷ്ടവസ്ത്രം?

സാരികളും കോട്ടണ്‍ ചുരിദാറുകളും.

ഇഷ്ടഭക്ഷണം?

'തായ്'. പിന്നെ കേരള രീതിയിലുള്ള എല്ലാം. പൊറോട്ട ഭയങ്കര ഇഷ്ടമാണ്. അടപ്രഥമന്‍ ഇഷ്ടമാണ്.

പാചകം ചെയ്യാറുണ്ടോ?

അതൊക്കെ അമ്മയുടെ ഡിപ്പാര്‍ട്ട്‌മെന്റ്. കഴിക്കാനേ ഞാനുള്ളൂ.

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഉള്ള സങ്കല്പങ്ങള്‍?

കാണാന്‍ കൊള്ളാവുന്നവനായിരിക്കണം എന്ന പ്രസ്താവന എനിക്കിപ്പോഴും കണ്‍ഫ്യൂസിങ് ആണ്. ഒരു പുരുഷനെ ഇഷ്ടപ്പെട്ടാല്‍ അയാളാണ് ലോകത്തിലെ ഏറ്റവും സുന്ദരന്‍ എന്നല്ലേ ഏതു സ്ത്രീക്കും തോന്നുക? നല്ല ആത്മവിശ്വാസവും ഹ്യൂമര്‍സെന്‍സും ഉള്ള ഒരാളാവണം എനിക്ക് കല്യാണം കഴിക്കാന്‍. എന്നെ എല്ലാ പരിമിതികളോടും കൂടി അംഗീകരിക്കുന്നവനായിരിക്കണം. ആരെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. കണ്ടെത്തിയാല്‍ തന്നെ അടുത്തറിയാന്‍ എനിക്ക് സമയം വേണം.

എപ്പോഴും പത്രക്കാരുടേയും പൊതുജനങ്ങളുടേയും ശ്രദ്ധാകേന്ദ്രമായിരിക്കുക അസൗകര്യമായി തോന്നാറില്ലേ?

താരപദവിക്കും പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹവാത്സല്യത്തിനും പകരം നല്‍കേണ്ടിവരുന്ന ഒരു ചെറിയ പ്രതിഫലമാണ് ഈ പറഞ്ഞ 'അസൗകര്യം!'. ഇതൊക്കെ ഒഴിവാക്കണമെങ്കില്‍ അഭിനയം ആഗ്രഹിച്ച എനിക്ക് തിയറ്റര്‍ മതിയായിരുന്നു. ആരും തിരിച്ചറിയുകപോലും ഇല്ലായിരുന്നു. അതുകൊണ്ട് പ്രൈവസി ഇല്ല എന്നൊന്നും ഞാന്‍ പരാതിപ്പെടില്ല. എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്നേ പറയൂ!