മധു.കെ.മേനോന്‍
മലയാള സിനിമയിലെ ഫിനിക്‌സ് പക്ഷിയാണ് സംവൃത. കരിയറിന്റെ തുടക്കം മോശമായിട്ടും മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ സംവൃതാ സുനില്‍ വിജയരഹസ്യം വെളിപ്പെടുത്തുന്നു...
കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് സംവൃതാസുനില്‍ മലയാള സിനിമയിലേക്ക് വണ്ടികയറിയത് തികഞ്ഞ പ്രതീക്ഷയോടെയായിരുന്നു. പക്ഷേ, തുടക്കത്തില്‍ തൊട്ടതെല്ലാം പിഴച്ചു. ഒന്നിനു പിറകെ ഒന്നായി അഭിനയിച്ച ചിത്രങ്ങളെല്ലാം പൊട്ടിയപ്പോള്‍ സിനിമാലോകം വിധിയെഴുതി; 'സംവൃത രാശിയില്ലാത്ത നടിയാണ്.'ഇത്രയുമായപ്പോള്‍ സംവൃതയും കരുതി അഭിനയം തനിക്ക് പറ്റിയ പണിയല്ലെന്ന്. 'ഇനി സിനിമയിലേക്കില്ല'- സംവൃത ഉറപ്പിച്ചു. അപ്പോഴാണ് 'നോട്ട'ത്തിലെ പച്ചപ്പനംതത്ത ഭാഗ്യവുമായി പറന്നുവരുന്നത്. സിനിമ സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും 'പച്ചപ്പനംതത്തേ' എന്ന പാട്ടും പാട്ടുസീനില്‍ അഭിനയിച്ച സംവൃത യും ഹിറ്റായി. 'ഹലോ', 'ചോക്ലേറ്റ്', 'അറബിക്കഥ', 'വാസ്തവം', 'തിരക്കഥ'... പിന്നീടങ്ങോട്ട് സംവൃതയുടെ ടൈമായിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ച നടി സംവൃതയാണ്. എറണാകുളത്ത് എസ്.ആര്‍.എം. റോഡിലുള്ള ഫ്ലറ്റില്‍ അതിന്റെ സന്തോഷത്തിലാണ് സംവൃത.
കരിയറില്‍ വന്ന് ആദ്യ രണ്ടു വര്‍ഷം ഒരു ഹിറ്റുപോലുമില്ലാത്ത നായിക. ഇപ്പോള്‍ സിനിമയില്‍ തിരക്കോടു തിരക്ക്. എന്തു തോന്നുന്നു?
ശരിക്കും സര്‍പ്രൈസാണ്. തുടക്കകാലത്തെ പ്രതിസന്ധികള്‍ കണ്ടപ്പോള്‍ സിനിമയില്‍ രക്ഷപ്പെടില്ല എന്നു കരുതിയിരുന്നു. പക്ഷേ, നായികാ റോളുകള്‍ക്കൊപ്പം ക്യാരക്ടര്‍ കഥാപാത്രങ്ങളും ചെയ്യാമെന്ന് തീരുമാനിച്ചതാണ് രക്ഷയായത്. നായികാറോളുകള്‍ മാത്രമേ ചെയ്യൂവെന്ന് വാശി കാണിച്ചിരുന്നെങ്കില്‍ ഞാനിപ്പോള്‍ വീട്ടിലിരുന്നേനെ.
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബം. എന്നിട്ടും സംവൃത സിനിമയിലെത്തി!
മാതൃഭൂമി വാര്‍ഷികപ്പതിപ്പിന്റെ കവര്‍ചിത്രമായി എന്റെ ഫോട്ടോ വന്നു. ഇതു കണ്ട് 2001-ല്‍ 'നന്ദന'ത്തില്‍ നായികയാവാനാണ് രഞ്ജിത് എന്നെ വിളിക്കുന്നത്. പക്ഷേ, സിനിമയുടെ ഷൂട്ടിങ് തുടങ്ങാന്‍ വൈകി. ഒടുവില്‍ പത്താംക്ലാസിലെ പരീക്ഷാസമയത്താണ് ഷൂട്ടിങ് വന്നത്. പരീക്ഷ കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ പോകേണ്ട എന്ന് അച്ഛന്‍ പറഞ്ഞു. അതുകൊണ്ട് നന്ദനം ഉപേക്ഷിക്കേണ്ടിവന്നു.
ആ വിഷമത്തിലിരിക്കുമ്പോഴാണ് രഞ്ജിത് വീണ്ടും വിളിക്കുന്നത്. 'ഹലോ' എന്ന സിനിമയില്‍ നായികയായിട്ട്. ആ സിനിമയിലെ മോഡേണ്‍ കഥാപാത്രമാവാന്‍ ഞാന്‍ മുടിവെട്ടി. വിദേശത്തു പോയി പാട്ട് ഷൂട്ടു ചെയ്യാന്‍ വിസപോലും റെഡിയാക്കി. പക്ഷേ, ഷൂട്ടിങ്ങിന് മുന്‍പേ സിനിമ ഉപേക്ഷിച്ചു. അവസാനം 2004-ലാണ് ലാല്‍ജോസിന്റെ 'രസിക'നില്‍ നായികയാവുന്നത്. ഇപ്പോള്‍ 27 സിനിമകളില്‍ അഭിനയിച്ചു. 2001-ല്‍ 'നന്ദന'ത്തില്‍ ഞാന്‍ കരിയര്‍ ആരംഭിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഈ കണക്ക് നൂറു കടക്കുമായിരുന്നു.
പ്രതിസന്ധിഘട്ടത്തില്‍ ആരായിരുന്നു വഴികാട്ടി?
ഭാഗ്യനായികയല്ല എന്ന ഇമേജ് കാരണം പല സംവിധായകരും 'ഈ കുട്ടിയെ വെച്ച് പടം ചെയ്താല്‍ വിജയിക്കില്ല' എന്നു പറഞ്ഞ് എന്നെ സിനിമകളില്‍ നിന്ന് ഒഴിവാക്കി. പക്ഷേ, എനിക്കൊരു റോള്‍ ചോദിച്ച് ഞാനാരുടെ അടുത്തും പോയില്ല. അതുകൊണ്ട് എനിക്കങ്ങനെ ഒരു കമ്മിറ്റുമെന്റ് ആരോടുമില്ല. പിന്നെ ഗുരുവായി കാണുന്ന രണ്ടു പേരുണ്ട് രഞ്ജിത്തേട്ടനും ലാലുച്ചേട്ടനും. ആദ്യമൊക്കെ ഒരു സിനിമ ഏറ്റെടുക്കും മുന്‍പ് ഞാനവരോട് ചോദിക്കുമായിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. എല്ലാം ഞാന്‍ പഠിച്ചുകഴിഞ്ഞു.
സിനിമയില്‍ ഒരുപാട് സൗഹൃദങ്ങളുള്ള നടിയാണ് സംവൃതയെന്ന് കേള്‍ക്കുന്നു?
ഒരിക്കലെങ്കിലും ഒന്നിച്ചഭിനയിച്ച എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. ഒരു സിനിമയിലും കൂടെയഭിനയിക്കാത്ത കാവ്യയും ഫ്രണ്ടാണ്. മറ്റൊരാളുടെ പരാതിയും പരിഭവങ്ങളും കേള്‍ക്കാന്‍ താത്പര്യം കാണിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. ഇന്‍ഡസ്ട്രിയില്‍ പലരും പലരേപ്പറ്റിയും കുറ്റം പറയും. ഞാന്‍ രണ്ടു കൂട്ടരുടെയും ഫ്രണ്ടാണ്. ഇവിടെ കേട്ടത് അവിടെയും അവിടെ കേട്ടത് ഇവിടെയും പറയില്ല. അതുകൊണ്ടായിരിക്കാം ഞാന്‍ നല്ലൊരു ലിസണര്‍ ആണെന്ന് ഭാവന പറയാറുണ്ട്.
ആരാണ് ബെസ്റ്റ് ഫ്രന്‍ഡ്?
ഭാവനയും രമ്യാനമ്പീശനും. ഞങ്ങള്‍ മൂന്നു പേര്‍ക്കും ഒരേ പ്രായമാണ്. രമ്യ മൂന്നുവര്‍ഷം സെന്റ് തെരേസാസില്‍ ഒരുമിച്ച് പഠിച്ചതാണ്. 2004-ല്‍ ഒരു ഗള്‍ഫ് യാത്രക്കിടെയാണ് ഭാവനയെ പരിചയപ്പെടുന്നത്. സമയം കിട്ടുമ്പോഴൊക്കെ ഞങ്ങള്‍ ഒരുമിച്ചു കൂടാറുണ്ട്. കൊച്ചിയിലാണെങ്കില്‍ എന്റെ വീട്ടിലാണ് കൂടുക. ഒരുമിച്ച് ഷോപ്പിങ്ങിനും സിനിമയ്ക്കുമൊക്കെ പോകാറുണ്ട്. 'പഴശ്ശിരാജ' കാണാന്‍ എറണാകുളത്തെ തിയറ്ററില്‍ ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചാണ് പോയത്. ഞങ്ങളെ ഒരുമിച്ച് കണ്ടതിന്റെ അത്ഭുതത്തില്‍ പലരും സിനിമ കാണാതെ ഞങ്ങളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.
സുഹൃത്തുക്കളില്‍ പുരുഷന്‍മാരില്ലേ?
ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ, നരേന്‍ ഇവരെല്ലാം നല്ല കൂട്ടാണ്. പക്ഷേ, അങ്ങനെ വിളിക്കുകയൊന്നുമില്ല. ഇടയ്ക്ക് എസ്.എം.എസ്. അയയ്ക്കും.
ഒരു ഇന്റര്‍വ്യൂവില്‍ പൃഥ്വിരാജ് പറഞ്ഞു: അദ്ദേഹത്തിന് ഏറ്റവും അടുപ്പമുള്ള നടി സംവൃതയാണെന്ന്?
ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത് രാജുവിനൊപ്പമാണ്. ഏഴ് സിനിമകള്‍. ആ ഒരു അടുപ്പക്കൂടുതല്‍ തീര്‍ച്ചയായും ഉണ്ടാകാം.
സംവൃത മനസ്സിലാക്കിയ പൃഥ്വിരാജ് എങ്ങനെയുള്ള ആളാണ്?
മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസ്സിലാക്കാനുള്ള നല്ലൊരു മനസ്സുണ്ട് രാജുവിന്. ഭയങ്കര ഹാര്‍ഡ്‌വര്‍ക്കിങ്ങാണ്. സിനിമയുടെ ടെക്‌നിക്കല്‍ സൈഡില്‍ നല്ല അറിവുമുണ്ട്. എന്തും ആരോടും വെട്ടിത്തുറന്ന് പറയും. അതുകൊണ്ടാണ് പുള്ളി ജാടക്കാരനാണെന്ന് ജനം തെറ്റിദ്ധരിക്കുന്നത്. ഞങ്ങള്‍ ഇരുവരുടേയും 'തിങ്കിങ് വേവ്‌ലെങ്ത്' ഒരുപോലെയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. അതുകൊണ്ട് എന്തെങ്കിലും സൊലൂഷന്‍ ആവശ്യമായി വരുന്ന കാര്യങ്ങളില്‍ ഞങ്ങളുടെ തീരുമാനം പലപ്പോഴും ഒന്നുതന്നെയാകാറുണ്ട്. ഇതിന് ഒരു ഉദാഹരണം പറയാം. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച ഒരു സിനിമയില്‍ ഞാന്‍ പറയേണ്ട ഒരു ഡയലോഗ് വളരെ പഴയതായിട്ട് എനിക്ക് തോന്നി. പഴയത് എന്നു പറഞ്ഞാല്‍ ഇന്നത്തെ തലമുറ ഒരിക്കലും പറയാന്‍ സാധ്യതയില്ലാത്ത ഒരു ഡയലോഗ്. ഞാനിത് സംവിധായകനടുത്ത് പറഞ്ഞ് മാറ്റിയെഴുതിക്കണമെന്ന് ആഗ്രഹിച്ചു. ഇക്കാര്യം ഞാന്‍ രാജുവിനടുത്ത് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു, ആ ഡയലോഗ് അവനും ഇഷ്ടമായിരുന്നില്ല എന്ന്.
പൃഥ്വിയും സംവൃതയും തമ്മില്‍ പ്രണയത്തിലാണെന്നും വീട്ടുകാര്‍ പരസ്പരം വിവാഹാലോചന തുടങ്ങിക്കഴിഞ്ഞു എന്നും കേള്‍ക്കുന്നല്ലോ?
രാജുവിനെ ചേര്‍ത്ത് പല നടിമാരുടെയും പേര് മുമ്പും പറഞ്ഞു കേട്ടിട്ടുണ്ട്. ഒടുവില്‍ കേട്ടത് എന്റെ പേരാണ്. 'ഇവര്‍ വിവാഹിതരായാല്‍'
എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാനാദ്യമായി ഈ വാര്‍ത്ത കേള്‍ക്കുന്നത്. എന്നെക്കുറിച്ചൊരു ഗോസിപ്പ് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് എങ്ങനെ പ്രതികരിക്കണമെന്ന ആശങ്കയുണ്ടായിരുന്നു. 'ഇവര്‍ വിവാഹിതരായാ'ലില്‍ എന്റെ അമ്മ വേഷം ചെയ്തത് മല്ലിക ആന്റിയാണ്. ആന്റിയുടെ മുഖത്ത് എങ്ങനെ നോക്കും? വൈകീട്ട് ആന്റി ലൊക്കേഷനില്‍ എത്തിയപാടെ എന്നെ കണ്ടു. ''എന്താ മോളേ, നീയും രാജുവും കല്യാണം കഴിക്കാന്‍ പോവാണോ?'', ആന്റി ചോദിച്ചു. എനിക്കറിയില്ലെന്ന് ഞാന്‍ പറഞ്ഞു. 'ഇച്ചിരി ഗോസിപ്പൊക്കെ ഉണ്ടാകും. മോള് വിഷമിക്കേണ്ട' എന്ന് ആന്റി ആശ്വസിപ്പിച്ചു. അതുകഴിഞ്ഞ് രാജു വിളിച്ചു ചോദിച്ചു, ''നമ്മുടെ കല്യാണം നിശ്ചയിച്ചു. നീയറിഞ്ഞോ.'' രാജുവിന് ഗോസിപ്പ് പുത്തരിയല്ലാത്തതുകൊണ്ട് അവന് ഒരു ടെന്‍ഷനും ഉള്ളതായി തോന്നിയില്ല.പക്ഷേ, നിങ്ങള്‍ തമ്മിലുള്ള പ്രണയവാര്‍ത്ത പൃഥ്വി നിഷേധിച്ചിട്ടില്ല.
രാജുവിന്റെ ഒരു കാര്യം! (ആശ്ചര്യഭാവത്തില്‍ കൈയുയര്‍ത്തുന്നു) അവനിത് നിഷേധിച്ചിട്ടില്ല എന്ന കാര്യം എനിക്കറിയില്ലായിരുന്നു.
സംവൃതയുടെ തമിഴ് സിനിമ 'ഉയിര്‍' ഹിറ്റായിരുന്നു. പിന്നീട് തമിഴില്‍ കണ്ടില്ല?
'ഉയിരി'നു ശേഷം നിരവധി അവസരങ്ങള്‍ വന്നിരുന്നു. മിക്ക സിനിമയുടെ കഥയും നല്ലതായിരുന്നു. പക്ഷേ, അതില്‍ ഒരു പാട്ട് സീനുണ്ടാകും. നമുക്ക് പറ്റാത്ത രീതിയില്‍ ഗ്ലാമറസ്സായിട്ട്. ഗ്ലാമര്‍ വേഷത്തില്‍ ഞാനത്ര കംഫര്‍ട്ടബിള്‍ അല്ല. കംഫര്‍ട്ടബിള്‍ അല്ലാത്ത ഒരു കോസ്റ്റ്യൂമാണെങ്കില്‍ എനിക്ക് മുഖത്ത് എക്സ്പ്രഷന്‍ വരില്ല. ചെയ്യാന്‍ പറ്റാത്ത റോള്‍ ചെയ്യാമെന്നേറ്റിട്ട് അഡ്വാന്‍സ് വാങ്ങിച്ചശേഷം ലൊക്കേഷനില്‍ പോയി അതു പറ്റില്ല, ഇതു പറ്റില്ല എന്നു പറഞ്ഞ് അടിയുണ്ടാക്കിയിട്ട് എന്തു കാര്യം. അതു തുറന്നു പറയുന്നതുകൊണ്ട് ഓഫറുകള്‍ നഷ്ടമാകുന്നുണ്ട്. അത് സാരമില്ല. ഇനിയിപ്പോള്‍ ഒരു കോടി രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞാലും ഗ്ലാമര്‍ റോള്‍ ചെയ്യേണ്ട എന്നാണ് എന്റെ തീരുമാനം.
ഉയിര്‍ സംവിധാനം ചെയ്ത സ്വാമി ലൊക്കേഷനില്‍ പത്മപ്രിയയെ അടിച്ച് വിവാദമുണ്ടാക്കിയല്ലോ?
ഞാന്‍ കണ്ടിട്ടുള്ള സ്വാമി വളരെ ശാന്തനാണ്. അദ്ദേഹം പ്രിയയെപ്പോലെ ഒരു നടിയെ അടിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ല. ഞാന്‍ രണ്ടുപേര്‍ക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്. പെരുമാറ്റത്തില്‍ മാന്യത പുലര്‍ത്തുന്നവരാണ് ഇരുവരും. സ്വാമിയുടെ ആദ്യ സിനിമയായിരുന്നു 'ഉയിര്‍'. രണ്ടാമത്തെ സിനിമ 'മൃഗ'ത്തിന്റെ ലൊക്കേഷനിലാണ് പ്രശ്‌നമുണ്ടായത്. ഒരുപക്ഷേ, ഉയിരിന്റെ വിജയം സ്വാമിയെ വ്യക്തിപരമായി മാറ്റിയിട്ടുണ്ടാകാം. ഈ പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടാണ്, ഗ്ലാമര്‍വേഷം എന്നെക്കൊണ്ട് സാധിക്കില്ലെന്ന് ആദ്യമേ ഞാന്‍ പറയുന്നത്.
എല്ലാനടിമാരും ഇങ്ങനെയാണ്. ആദ്യം പറയും ഗ്ലാമര്‍ റോള്‍ ചെയ്യില്ലെന്ന്. കേരളത്തിന്റെ അതിര് കടന്നാല്‍ നിലപാട് മാറും.
ഇതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. ഞാന്‍ തമിഴിലും തെലുങ്കിലും ഓരോ സിനിമകള്‍ ചെയ്തിട്ടുണ്ട്. ആ അറിവ് വെച്ച് പറയാം. ഒരു സംവിധായകനും ഗ്ലാമര്‍ വേഷം ആരിലും അടിച്ചേല്‍പ്പിക്കാറില്ല. എല്ലാം അഭിനയിക്കുന്നവരുടെ തീരുമാനമാണ്. അതിനവര്‍ നല്ല പ്രതിഫലവും വാങ്ങുന്നുണ്ട്. പ്രതിഫലം വന്‍ തുക വാങ്ങിയ ശേഷം ''അയ്യോ അവരെന്നെക്കൊണ്ട് ഗ്ലാമര്‍ റോള്‍ ചെയ്യിച്ചേ'' എന്ന് പറഞ്ഞിട്ട് എന്ത് കാര്യം?
ഗ്ലാമര്‍ റോളിന്റെ പേരില്‍ അന്യഭാഷകളിലെ സിനിമകള്‍ നിരസിക്കുന്നത് സാമ്പത്തികമായി നഷ്ടം വരുത്തില്ലേ?
സാമ്പത്തികം മാത്രം നോക്കിയാല്‍ ആരും മലയാള സിനിമ ചെയ്യില്ല. തമിഴിലും തെലുങ്കിലും ഒരു സിനിമ ചെയ്താല്‍ കിട്ടുന്ന പൈസ മലയാളത്തില്‍ അഞ്ച് സിനിമയില്‍ നിന്ന് കിട്ടില്ല. എന്റെ വ്യക്തിപരമായ അഭിപ്രായം പൈസയെക്കാള്‍ വലുത് മനസ്സിന്റെ സമാധാനമാണ്. നല്ലൊരു സിനിമ ആഗ്രഹിക്കുന്നതുപോലെ പ്രധാനമാണ് നല്ലൊരു ജീവിതവും. നമ്മള്‍ സിനിമയൊക്കെ വിട്ടശേഷം നല്ലൊരു വീട്ടമ്മയാകാന്‍ ശ്രമിക്കുമ്പോള്‍ ടി.വി.യില്‍ നമ്മളഭിനയിച്ച സിനിമകള്‍ വരും. നമ്മുടെ കുട്ടികള്‍ ''അയ്യേ... അമ്മ ഇങ്ങനെയൊക്കെ ചെയ്തു'' എന്നു പറയാന്‍ ഇടവന്നാല്‍ ജീവിതത്തിന് എന്ത് സ്വസ്ഥതയാണ് കിട്ടുക. കുറേ മോശം റോള്‍ ചെയ്തശേഷം ഇമേജ് നേരെയാക്കിയെടുക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. സിനിമ എത്രവര്‍ഷം കഴിഞ്ഞാലും തെളിവായി നില്‍ക്കും.
സിനിമയെക്കാള്‍ സംവൃതയ്ക്ക് വലുത് കുടുംബജീവിതമാണ്. അല്ലേ?
ഏതാണ് വലുത് എന്നതല്ല കാര്യം. ആരെകൊണ്ടും മോശം പറയിക്കാതെ നല്ലൊരു ലൈഫ് ലീഡ് ചെയ്യുക എന്നതാണ് പ്രധാനം. നമ്മളെ പ്രലോഭിപ്പിക്കുന്ന പല കാര്യങ്ങളുണ്ട് സിനിമയില്‍. അതിങ്ങനെ നമ്മുടെ മുന്നിലൂടെ വന്നുപോകും. പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെടാതിരിക്കുക എന്നതാണ് പ്രധാനം. കീഴ്‌പ്പെടുന്നതുകൊണ്ട് കിട്ടുന്ന സന്തോഷത്തിന് കുറഞ്ഞ ആയുസ്സേ കാണൂ. നമ്മുടെ കൂടെ എപ്പോഴുമുണ്ടാകുന്നത് കുടുംബമാണ്. അവരെ വെറുപ്പിച്ച് നമുക്ക് മനസ്സമാധാനത്തോടെ ജീവിക്കാന്‍ പറ്റില്ല.
സിനിമാക്കാര്യത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സംവൃതയുടേത് തന്നെയാണോ?
ഏതു സിനിമയില്‍ അഭിനയിക്കണം, ഏതു വേഷം ചെയ്യണം എന്നൊക്കെ ഞാന്‍ തന്നെയാണ് തീരുമാനിക്കുന്നത്. ആദ്യമൊക്കെ അച്ഛനും അമ്മയും ഇക്കാര്യത്തില്‍ സഹായിച്ചിരുന്നു. ഇപ്പോള്‍ എനിക്ക് ഫീല്‍ഡില്‍ പരിചയമായി.
തീരുമാനമെടുക്കുന്ന കാര്യത്തിലും പ്രതിഫലം എണ്ണിവാങ്ങുന്ന കാര്യത്തിലും നിങ്ങളേക്കാള്‍ മിടുക്കികളാണ് പുതിയ പെണ്‍കുട്ടികള്‍?
ശരിയാണ്. സിനിമയില്‍ വരുന്ന കാലത്ത് സ്വന്തമായൊരു തീരുമാനമെടുക്കാന്‍ കഴിയുന്ന ആളായിരുന്നില്ല ഞാന്‍. ഞാന്‍ മാത്രമല്ല ഒരു നടിയും അതിന് പ്രാപ്തയായിരുന്നില്ല. കാള്‍ഷീറ്റ് കൊടുക്കാനും, പ്രതിഫലം വാങ്ങാനും, ലൊക്കേഷനില്‍ കൂട്ടുപോകാനുമൊക്കെ അച്ഛനമ്മമാരുടെ സഹായം വേണം. ലൊക്കേഷനിലാണെങ്കില്‍ സംവിധായകന്‍ പറയുന്നതിന് മറുത്ത് ഒന്നുമില്ല. നമുക്ക് ഇഷ്ടമുള്ള ഒരു കോസ്റ്റ്യും തിരഞ്ഞെടുക്കാന്‍പോലും പേടിയായിരുന്നു. പുതിയ നടിമാരില്‍ എനിക്കറിയുന്ന റിമയും, അര്‍ച്ചനാ കവിയുമൊക്കെ നല്ല സ്മാര്‍ട്ടാണ്. ഇന്‍ഡസ്ട്രിയെക്കുറിച്ച് അവര്‍ക്ക് ഒരു സംശയവുമില്ല. സംവിധായകരെ അറിയാം, ഏത് വേഷം എപ്പോള്‍ ചെയ്താല്‍ വിജയിക്കുമെന്നറിയാം. ലൊക്കേഷനില്‍ വരാന്‍ ആരും കൂട്ടുവേണ്ട. എല്ലാ കാര്യങ്ങളും അവര്‍ സ്വയം തീരുമാനിക്കുന്നു.
കോസ്റ്റ്യൂം ഇഷ്ടമായില്ലെങ്കില്‍ തുറന്ന് പറയാന്‍ അവര്‍ മടിക്കാറില്ല. ചില സിനിമകളില്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത ഡ്രസ് തന്നെയാണ് റിമ ധരിക്കുന്നത്. എനിക്ക് അത്ഭുതം തോന്നുന്നു. ഞാനൊക്കെ ഒരു മേക്കപ്പ്മാനെ സ്വന്തമായി വെക്കുന്നത് എട്ട് പത്ത് സിനിമകളില്‍ അഭിനയിച്ച ശേഷമാണ്. ഇപ്പോഴത്തെ കുട്ടികള്‍ ആദ്യ സിനിമക്ക് വരുമ്പോള്‍തന്നെ സ്വന്തം മേക്കപ്പ്മാന്‍മാരുമായാണ് വരുന്നത്. ഇതൊരു പോസിറ്റീവ് ചെയ്ഞ്ച് ആണ്.
ഒരഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. മലയാളത്തിലെ യുവനടിമാരുടെ സോഷ്യല്‍ നോളജ് പരിതാപകരമാണെന്ന്. സംവൃതയുടെ അഭിപ്രായം എന്താണ്?
രാജു പറഞ്ഞത് ശരിയാണ്. മിക്കനടിമാര്‍ക്കും സിനിമക്കയ്പ്പുറം ഒന്നും അറിഞ്ഞു കൂട. അറിയാന്‍ ശ്രമിക്കാറുമില്ല. സിനിമയല്ലാതെ മറ്റൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്നാണ് പറയാറ്. അഭിനയം, മേക്കപ്പ്, കോസ്റ്റ്യൂസ്... ഇതിനപ്പുറം നടിമാരുടെ ലോകം ചെറുതാണ്. സിനിമയില്‍ വന്നശേഷം ഒരിക്കല്‍പോലും അടുക്കള കാണാത്തവരെ എനിക്കറിയാം. ഒരുദിവസം ഒരു യുവനടിക്കൊപ്പം ഞാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി. വീട്ടില്‍ അടുക്കളയിലേക്ക് ഒരു കത്തിയും സ്‌ക്രേപ്പറും വാങ്ങിക്കാന്‍ വേണ്ടീട്ട്. ഞാന്‍ സ്‌ക്രേപ്പര്‍ വേണമെന്ന് കടക്കാരനോട് പറഞ്ഞപ്പോള്‍ നടിക്ക് സംശയം 'സ്‌കേപ്പറോ?' എന്ന്. ഒരിക്കലെങ്കിലും അടുക്കളയില്‍ കയറിയിരുന്നെങ്കില്‍ ഇങ്ങനെ ചോദിക്കേണ്ടി വരുമായിരുന്നില്ല.
സംവൃത ഈ ഗ്രൂപ്പില്‍ വരില്ലേ?
ഞാന്‍ ദിവസം ഒരു പത്രമെങ്കിലും നിര്‍ബന്ധമായും വായിക്കാറുണ്ട്. സീരിയസ് വായനക്കാരിയല്ലെങ്കിലും എം.ടി.യുടെയും മാധവികുട്ടിയുടെയും പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. സ്ഥിരമായിട്ടില്ലെങ്കിലും എന്തെങ്കിലും ബ്രേക്കിങ് ന്യൂസ് വരുമ്പോള്‍ ടി.വി.യില്‍ ന്യൂസ് ചാനല്‍ കാണും. തിലകന്‍ ചേട്ടന്റെ വിഷയം വന്ന ശേഷം ഞാനൊരു ചാനല്‍ അഡിക്ട് ആയിട്ടുണ്ട്.
പാചകം എങ്ങനെ?
ബേസിക്കലി ഞാനൊരു പാചകക്കാരിയൊന്നുമല്ല. എങ്കിലും അടുക്കളയില്‍ അമ്മയും അമ്മൂമ്മയുമൊക്കെ ചെയ്യുന്ന കാര്യങ്ങള്‍ നോക്കി പഠിക്കാന്‍ ശ്രമിക്കാറുണ്ട്.
തിലകന്‍ പ്രശ്‌നം, വിനയന്‍ പ്രശ്‌നം, മോഹന്‍ലാല്‍-അഴീക്കോട് വിവാദം... നിങ്ങള്‍ സിനിമയിലെ ചെറുപ്പക്കാര്‍ ഇതൊന്നും ചര്‍ച്ച ചെയ്യാറില്ലേ?
ചെറുപ്പക്കാര്‍ക്ക് ഇതിലൊക്കെ വ്യക്തമായ കാഴ്ചപ്പാടുണ്ട്. പക്ഷേ, ഇക്കാര്യങ്ങളൊന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. വെറുതെ എന്തിന് പുലിവാല്‍ പിടിക്കണം? പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുതിര്‍ന്നവരുണ്ട്. അവര്‍ പറഞ്ഞുതീര്‍ക്കട്ടെ.
നിങ്ങള്‍ ചെറുപ്പക്കാര്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെങ്കില്‍ അത് തുറന്ന് പറയാതിരിക്കുന്നത് എന്തിന്?
അഭിപ്രായമുണ്ടെങ്കിലും തുറന്ന് പറയുക അത്ര എളുപ്പമല്ല. ചിലപ്പോഴൊക്കെ ഇത് ആരോടെങ്കിലും പറയണമെന്ന് തോന്നും. അപ്പോള്‍ വീട്ടില്‍ വന്ന് അച്ഛനോടോ, അമ്മയോടോ അല്ലെങ്കില്‍ ചുമരിനോടുമൊക്കെ പറയും. അല്ലാതെ നമുക്ക് വേറെ വഴിയില്ല. അന്യഭാഷകളിലെ നടിമാരൊക്കെ മലയാള സിനിമയില്‍ ആകെ പ്രശ്‌നമാണല്ലോ എന്ന് ചോദിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്.
സിനിമയില്‍ സംവൃതയെ സ്വാധീനിച്ച സ്ത്രീ ആരാണ്?
ശ്രീവിദ്യ. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞാനവരെ കണ്ടിട്ടുള്ളത്. 'ധാത്രി'യുടെ പരസ്യ ഷൂട്ടിങ്ങിനിടെ. അത് ആദ്യമായും അവസാനമായും ഉള്ള കൂടിക്കാഴ്ചയായിരുന്നു. പരസ്യത്തിന്റെ ഷൂട്ടിങ് സമയത്തുതന്നെ അവര്‍ ഭയങ്കര അവശയായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും പോയി കിടക്കും. എങ്കിലും താനൊരു രോഗിയാണെന്ന് ആരും അറിയരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു അവര്‍ക്ക്.
രണ്ടു ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഒഴിവുസമയം കിട്ടുമ്പോള്‍ എന്നെ അടുത്ത് ചേര്‍ത്തിരുത്തി സംസാരിക്കും. നല്ലൊരു കുടുംബജീവിതത്തിന്റെ അഭാവം അവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ചെറുപ്രായത്തില്‍ കല്യാണം കഴിക്കരുതെന്ന് അവരെന്നെ ഉപദേശിച്ചു. 'ഒരാളെ നന്നായി മനസ്സിലാക്കിയ ശേഷം ആലോചിച്ചുറപ്പിച്ചിട്ടേ കല്യാണം കഴിക്കാവൂ. സിനിമയാകുമ്പോള്‍ പ്രലോഭനങ്ങള്‍ ഉണ്ടാകും. ഒരിക്കലും അബദ്ധത്തില്‍ ചാടരുത്. രക്ഷിക്കാന്‍ ആരും കാണില്ല' എന്ന് പറയുമ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞിരുന്നു.
വിദ്യാമ്മ പറഞ്ഞതുകൊണ്ടാണോ സംവൃത വിവാഹം വൈകിക്കുന്നത്?
അല്ലല്ല. ഇപ്പോള്‍ കൈനിറയെ സിനിമയുണ്ട്. അതുകൊണ്ട് വിവാഹത്തെക്കുറിച്ചൊന്നും ആലോചിക്കുന്നില്ല. പിന്നെ ദൈവം എങ്ങനെ നിശ്ചയിക്കുന്നുവെന്നത് വേറെ കാര്യം.
അഭിനയിച്ചതില്‍ സംവൃതയ്ക്ക് ഏറ്റവും ഇഷട്മായ കഥാപാത്രങ്ങള്‍?
നന്നായി എന്ന് എനിക്ക് തോന്നിയ കഥാപാത്രങ്ങള്‍ 'വാസ്തവ'ത്തിലെ സുരഭി നമ്പൂതിരിയും 'മൂന്നാമതൊരാളി'ലെ അനുപമയുമാണ്. 'നീലത്താമര'യിലെ രത്‌നം സമീപകാലത്ത് എനിക്ക് തൃപ്തി നല്‍കിയ കഥാപാത്രമാണ്.
ഇപ്പോള്‍ ചെയ്യുന്ന സിനിമകള്‍?
ഇന്ദ്രജിത്തിനൊപ്പം 'ചേകവര്‍', രാജുവിനൊപ്പം രണ്ടു സിനിമകള്‍, 'രഘുപതി രാഘവ രാജാറാമും', 'മാണിക്ക്യക്കല്ലും'. 'മാണിക്ക്യക്കല്ല്' സിനിമയില്‍ എനിക്ക് റീസ്റ്റാര്‍ട്ടാണ്. ഞാന്‍ മോഹിച്ച ടൈപ്പിലുള്ള ഒരു കഥാപാത്രം എനിക്ക് കിട്ടിയിരിക്കുന്നു.
സ്വന്തം പരിമിതികള്‍ വല്ലതുമുണ്ടോ?
5.8 അടിയാണ് എന്റെ ഉയരം. കേരളത്തില്‍ നിന്നുള്ള നടിമാരില്‍ ഏറ്റവും പൊക്കം എനിക്കാണ്. മോഡലിങ്ങില്‍ ഈ ഉയരം അനുഗ്രഹമാണ്. പക്ഷേ, സിനിമയില്‍ ചില പ്രശ്‌നങ്ങള്‍ ഇതുണ്ടാക്കുന്നുണ്ട്. ദിലീപും ജയസൂര്യയും എന്റെ സെയിം ഹൈറ്റാണ്. അവരുടെ കൂടെ അഭിനയിക്കുമ്പോള്‍ പ്രത്യേകിച്ചും നിരപ്പല്ലാത്ത കുന്നിനുമുകളില്‍ പാട്ട് സീന്‍ ചെയ്യുമ്പോഴൊക്കെ എനിക്ക് കൂടുതല്‍ പൊക്കം തോന്നും. അപ്പോള്‍ ഞാന്‍ സ്വല്പം വളഞ്ഞ് നില്‍ക്കണം. ഇത് കുറേ നേരം ചെയ്യുമ്പോഴേക്കും നടുവൊടിയും. 'ചോക്ലേറ്റി'ല്‍ റോമയ്ക്കും രമ്യനമ്പീശനുമൊപ്പം കോമ്പിനേഷന്‍ റോളുകളില്‍ ശരിക്കും വിഷമിച്ചു. റോമയ്ക്ക് തീരെ പൊക്കമില്ല. അതിലും പൊക്കമുണ്ട് രമ്യക്ക്. അതില്‍ കൂടുതല്‍ എനിക്ക്. ഏത് ഹൈറ്റില്‍ ക്യാമറ ഫിറ്റ് ചെയ്യണമെന്നറിയാതെ ക്യാമറാമാന്‍ അഴകപ്പന്‍ കുഴങ്ങി. ഒടുവില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള സീന്‍ വരുമ്പോള്‍ റോമയും രമ്യയും സ്റ്റൂളില്‍ കയറി നില്‍ക്കും. അല്ലെങ്കില്‍ ഞാന്‍ കുഴിയില്‍ ഇറങ്ങി നില്‍ക്കും.
പുതിയ പെണ്‍കുട്ടികള്‍ക്ക് സംവൃതയുടെയത്രയും മുടി കാണാറില്ല.
സിനിമയില്‍ വരുന്നതിന് മുമ്പ് ഇതിലും നീളമുള്ള മുടിയായിരുന്നു. കണ്ണൂരിലെ വീട്ടിലായിരിക്കുമ്പോള്‍ അമ്മമ്മ ചെമ്പരത്തിപ്പൂവും, തുളസിയും മൈലാഞ്ചിയുമൊക്കെ ചതച്ചിട്ട് കാച്ചിത്തരുന്ന എണ്ണയാണ് തേച്ചിരുന്നത്. കൊച്ചിയില്‍ വന്നശേഷം മുടി ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. എങ്കിലും മുടികഴുകാന്‍ കെമിക്കല്‍സ് ഉപയോഗിക്കാറില്ല. കളറിങ്, സ്‌ട്രെയ്റ്റനിങ് പരീക്ഷണങ്ങളും ചെയ്തിട്ടില്ല.
തീരെ മെലിഞ്ഞ ശരീരം. ഡയറ്റിങ്ങാണോ?

ഒരു ഡയറ്റിങ്ങുമില്ല. പാല്‍, ഐസ്‌ക്രീം, ചോക്ലേറ്റ് എല്ലാം കഴിക്കും. കരുതലോടെ കഴിച്ചാല്‍ ഇതൊന്നും ഫിറ്റ്‌നസിന്റെ ശത്രുക്കളല്ല എന്നാണെനിക്ക് തോന്നുന്നത്. എനിക്കിപ്പോള്‍ 56 കിലോയാണ് തൂക്കം. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ ഭാരം ഞാന്‍ മെയ്‌ന്റെയിന്‍ ചെയ്യുന്നു. നന്നായി ഭക്ഷണം കഴിച്ച് ജിംനേഷ്യത്തില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുകയാണ് എന്റെ രീതി. ശരീരം ടോണ്‍ ചെയ്യാന്‍ വേണ്ടിയാണ് വര്‍ക്ക്ഔട്ട്. ക്ലാസിക് ഡാന്‍സ് പഠിക്കുന്നുമുണ്ട്. ഡാന്‍സ്‌ക്ലാസ് ഉള്ള ദിവസം വേറെ എക്‌സര്‍സൈസ് ഒന്നും ചെയ്യില്ല.
സംവൃതയും അമ്മയും കൊച്ചിയില്‍, അച്ഛന്‍ കണ്ണൂര്. എല്ലാവരും എപ്പോഴാണ് ഒരുമിച്ച് കാണുക?
സിനിമ ചെയ്യാനുള്ള സൗകര്യം നോക്കിയാണ് ഞാന്‍ കൊച്ചിയില്‍ നില്‍ക്കുന്നത്. എനിക്ക് കൂട്ടിന് അമ്മയും വന്നു. അച്ഛന് സ്ഥിരമായി കൊച്ചിയില്‍ വന്ന് താമസിക്കാന്‍ പറ്റില്ല. ഞങ്ങള്‍ക്ക് കണ്ണൂരില്‍ ഹോട്ടല്‍ ബിസിനസ് ഉണ്ട്. ഇപ്പോള്‍ മൂന്ന് ഹോട്ടലുണ്ട്. എല്ലാം അച്ഛന്‍തന്നെ നോക്കണം. അനിയത്തി സംജുക്ത ഓസ്‌ട്രേലിയയില്‍ പഠിക്കുന്നു.
ഞങ്ങള്‍ ഇടയ്‌ക്കൊക്കെ കണ്ണൂരില്‍ പോകാറുണ്ട്. കണ്ണൂരിലെ വീട്ടില്‍ താമസിക്കുന്ന സുഖം ഒരിക്കലും കൊച്ചിയില്‍ കിട്ടിയിട്ടില്ല. കണ്ണൂര്‍ക്കാര്‍ പാവങ്ങളാണ്. അവര്‍ക്ക് കൊച്ചിക്കാരുടെയത്ര സാമര്‍ഥ്യമില്ല. എനിക്കൊരു പാവമായിരിക്കാനാണ് ഇഷ്ടം. സിനിമയൊക്കെ വിട്ടാല്‍ ഞാന്‍ തിരിച്ച് കണ്ണൂരിലേക്ക് മടങ്ങും. ഈ വിഷുവിന് നാട്ടില്‍ പോകുന്ന കാര്യം സംശയമാണ്. 'ചേകവരു'ടെ ഷൂട്ടിങ് തീര്‍ക്കാനുണ്ട്.
ഒരുനിമിഷം സംവൃത ഓര്‍മകളിലേക്ക് വീണു. ''കണ്ണൂരില്‍ ഓണത്തേക്കാള്‍ പ്രധാനം വിഷുവാണ്. കുട്ടിക്കാലത്ത് വിഷുവിന് കണി കണ്ട് ബന്ധുവീടുകളിലേക്ക് വിരുന്നുപോകും. ഇഷ്ടംപോലെ കൈനീട്ടം കിട്ടും. 5000 രൂപ വരെ കിട്ടിയിട്ടുണ്ട്. കിട്ടുന്ന കൈനീട്ടം ഞാന്‍ ചെലവാക്കില്ല. പത്തില്‍ പഠിക്കുന്ന സമയത്ത് എന്റെ ബാങ്ക് എക്കൗണ്ടില്‍ 20000 രൂപ ഉണ്ടായിരുന്നു. ഒക്കെ കൈനീട്ടം കിട്ടീത്.''

NEWS LETTER
RSS











