MATHRUBHUMI RSS
Loading...
നൃത്തത്തെ അടുത്തറിയാന്‍ നൃത്തക്കളരി
അഞ്ജന ശശി

ചാലപ്പുറത്തെ നൃത്താലയയിലെ കുട്ടികള്‍ നൃത്തത്തെ അടുത്തറിയുകയാണ്. മത്സരത്തിന്റെ വാശികള്‍ക്കും അമ്പലപ്പറമ്പിലെ അരങ്ങേറ്റത്തിനുമപ്പുറം നൃത്തം എന്തെന്ന് കേരളത്തിലെ കുഞ്ഞുനര്‍ത്തകിമാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനായി ഒരു നൃത്ത ശില്പശാല. നൃത്താലയയുടെ സ്വന്തം അധ്യാപകന്‍ ശ്രീകാന്തിനൊപ്പം ചെന്നൈയില്‍നിന്ന് സീനിയര്‍ നര്‍ത്തകിമാരായ റോജ കണ്ണനും പ്രിയാമുരളിയും നൃത്തക്കളരിയുടെ പൂര്‍ണതയ്ക്കായി പങ്കുചേരുന്നു. നൃത്തശില്പശാലയെക്കുറിച്ച് ശ്രീകാന്ത് സംസാരിക്കുന്നു.

കുട്ടികള്‍ക്കായി ഒരു നൃത്ത ശില്പശാല ഇവിടെ പതിവില്ലാത്തതാണല്ലോ?

നൃത്തത്തിന്റെ ആത്യന്തിക ലക്ഷ്യമെന്താണെന്ന് ഇവിടത്തെ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മനസ്സിലാക്കിക്കൊടുക്കുകയാണ് ഈ ശില്പശാലയിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തിലെ കുട്ടികള്‍ മിക്കവാറും ഉദ്ദേശ്യമെന്തെന്ന് അറിഞ്ഞിട്ടല്ല, മത്സരങ്ങളില്‍ വിജയിക്കാന്‍ വേണ്ടിമാത്രമാണ് നൃത്തം പഠിക്കുന്നത്. ഏതൊരു നൃത്തരൂപവും എന്താണ് ശരിയായി ഉദ്ദേശിക്കുന്നതെന്ന്, അതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് മിക്കവാറും ആര്‍ക്കുംതന്നെ അറിയില്ല. ഇത് മനസ്സിലാക്കിക്കൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെതന്നെ സീനിയര്‍ നര്‍ത്തകിമാരായ റോജ കണ്ണനും പ്രിയാ മുരളിയുമാണ് വര്‍ക്‌ഷോപ്പിന് നേതൃത്വം കൊടുക്കുന്നത്. സ്ഥിരം കാണുന്നവരേക്കാള്‍ പുറത്തുനിന്ന് ആരെങ്കിലും വന്ന് ക്ലാസെടുക്കുമ്പോള്‍ കുട്ടികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാവും. അത് അവര്‍ക്കൊരു പ്രചോദനമാവുകയും ചെയ്യും. നൃത്തം മാത്രമല്ല, സ്വഭാവ രൂപവത്കരണത്തിനും അത് സഹായിക്കുന്നു.

സമ്മര്‍ ക്യാമ്പ് തന്നെയാണോ ഉദ്ദേശിച്ചത്?

സത്യത്തില്‍ വേനലവധി ക്യാമ്പ് എന്ന രീതിയിലാണ് ഇതിന് രൂപം നല്‍കിയത്. സമ്മര്‍ ക്യാമ്പെന്നത് ഇന്നൊരു ട്രെന്‍ഡായി മാറിയിരിക്കുന്നു. എന്നാല്‍ അവയില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമാണിത്. തുടക്കമായതിനാലാണ് മൂന്നുദിവസം മാത്രമാക്കിയത്. ഒരു പരീക്ഷണക്കളരി മാത്രമായിരുന്നു ഇത്. ഇത്രയും പങ്കാളിത്തം പ്രതീക്ഷിച്ചിരുന്നില്ല. അടുത്തവര്‍ഷം മുതല്‍ എല്ലാകൊല്ലവും ഇങ്ങനെ നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരാഴ്ചത്തെ വര്‍ക്ക് ഷോപ്പിനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതില്‍ ഒരുദിവസം മുഴുവനായും ക്ലാസിനും പദ്ധതിയുണ്ട്. നടനക്ലാസ്, അധ്യാപനം, വീഡിയോ സെക്ഷന്‍, സംഗീതം എല്ലാം ഉള്‍പ്പെടുത്തണമെന്നാണ് ആഗ്രഹം.
70-ലധികം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ഇത്തവണ എത്തി. രണ്ട് വിഭാഗമായാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ 12 വരെ ഒരു സെക്ഷനും ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 4 മണിവരെ അടുത്ത സെക്ഷനും. ശനിയാഴ്ച വര്‍ക്ക്‌ഷോപ്പ് സമാപിക്കും.

കുട്ടികളുടെ പ്രതികരണം എങ്ങനെയാണ്?

വിചാരിച്ചതിലും വേഗത്തില്‍ കാര്യങ്ങള്‍ സ്വായത്തമാക്കുന്നുണ്ട് ഇവര്‍. കേരളത്തിലെ കുട്ടികള്‍ നൃത്തം പഠിക്കുന്നതുതന്നെ മത്സരിക്കാനാണ്. ഇത്തരത്തിലുള്ള മത്സരങ്ങളെ ശക്തമായി എതിര്‍ക്കുന്ന ആളുകളാണ് ഞങ്ങള്‍. തികച്ചും അനാരോഗ്യകരമാണ് ഇത്. നിലവാരത്തകര്‍ച്ചയാണ് ഇതിലൂടെ സംഭവിക്കുന്നത്. വീഡിയോ കണ്ട് പകര്‍ത്തി നൃത്തം പഠിക്കുന്നവര്‍ പോലുമുണ്ട്. ഇവരെല്ലാം നൃത്തത്തിന്റെ ലക്ഷ്യം മനസ്സിലാക്കാത്തവരാണ്. സാഹിത്യം അറിയാതെ നൃത്തം ചവിട്ടുന്നവരാണ് ഏറെയും. ഇതെല്ലാം തെറ്റായ രീതിയാണ്. അതിനെല്ലാം ഒരു മാറ്റം വരുത്തുന്നതിനുവേണ്ടിത്തന്നെയാണ് ഇത്തരം ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്.
കുട്ടികളെ മാത്രം ഉദ്ദേശിച്ചല്ല ഇത്തരം ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കൊപ്പം ചില രക്ഷിതാക്കള്‍ ഇവിടെ ഇരിക്കാറുണ്ട്. മധ്യവയസ്‌കരായ പലരും ഇവിടെ പഠിക്കാന്‍ എത്താറുണ്ട്. നൃത്തത്തെ അടുത്തറിയുക മാത്രമാണ് ഇതിന്റെ ലക്ഷ്യം.

കേരളത്തില്‍ ഒരു പ്രവണതയുണ്ട്. ഏതെങ്കിലും മത്സരത്തില്‍ ഒരു കുട്ടി തുടര്‍ച്ചയായി വിജയിച്ചാല്‍ അപ്പോള്‍ തന്റെ കുട്ടിയെയും അയാളുടെ കീഴില്‍ പഠിപ്പിക്കാനുള്ള നെട്ടോട്ടമാണിവിടെ. അതില്‍ കാര്യമില്ല. തീര്‍ത്തും ശരിയല്ലാത്ത പ്രവണതയാണത്. റോജകണ്ണനും പ്രിയാ മുരളിയും അതിന് ഉദാഹരണങ്ങളാണ്. കഴിഞ്ഞ 38 വര്‍ഷമായി ഇരുവരും അവരുടെ ഗുരുമുഖത്തുനിന്നു പഠനം തുടരുന്നു. ഒരിക്കലും അവസാനിക്കാത്ത പ്രക്രിയയാണിത്. ഇപ്പോഴും തെറ്റുകള്‍ തിരുത്താന്‍ ഗുരുക്കന്മാരെ ആശ്രയിക്കുന്നു. നൃത്തമെന്തെന്ന് ശരിയായി അറിയാവുന്നതുകൊണ്ടാണിത്.