ശര്‍മിള
മഗ്‌സസെ അവാര്‍ഡ് ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുണാ റോയിയുമായി അഭിമുഖം...
പുരസ്‌കാരങ്ങളും പ്രശസ്തിയും അരുണാറോയിയെ ലഹരി പിടിപ്പിച്ചിട്ടില്ല. ഐ.എ.എസ്. രാജിവെച്ച് രാജസ്ഥാനിലെ ദരിദ്രര്‍ക്കിടയില്‍ താമസിച്ച് പ്രവര്‍ത്തിച്ച അതേ അരുണ തന്നെ ഇപ്പോഴും... മണ്‍കുടിലില്‍ താമസം, കാല്‍നടയാത്ര, കോട്ടണ്‍സാരി; അണുവിട വ്യതിചലിക്കാത്ത ഗാന്ധിയന്‍ ജീവിതരീതി... വനിതാമാധ്യമപ്രവര്‍ത്തകരുടെ ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കോഴിക്കോട് എത്തിയതായിരുന്നു അരുണാറോയി.തമിഴ്‌നാട്ടിലാണ് അരുണ ജനിച്ചത്. മാതാപിതാക്കള്‍ ഹേമയും ജയറാമും വിദ്യാസമ്പന്നരായിരുന്നു. അവര്‍ മകളെ സ്വതന്ത്രചിന്താഗതിയില്‍ വളര്‍ത്തി. 21-ാം വയസ്സില്‍ അരുണ ഐ.എ.എസ്. നേടി. 1975-ല്‍ സിവില്‍ സര്‍വ്വീസ് വിട്ട് രാജസ്ഥാനിലെ തിലോനിയയിലുള്ള ദരിദ്രര്‍ക്കിടയില്‍ വികസന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. അവിടെ, അരുണയുടെ ഭര്‍ത്താവ്, അന്താരാഷ്ട്ര പ്രശസ്തിയുള്ള സഞ്ജിത് ബങ്കര്‍റോയും ഉണ്ടായിരുന്നു. 1983-ല്‍ അരുണ മറ്റു പല സ്ത്രീ സംഘടനകളുമൊത്തും പ്രവര്‍ത്തിച്ചു. 1990-ല്‍ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായുള്ള സമരം ശക്തിപ്പെടുത്താന്‍ മസ്ദൂര്‍ കിസാന്‍ ശക്തി സംഗതന്‍ രൂപീകരിച്ചു. വിവരാവകാശ നിയമം നടപ്പിലാക്കിയതില്‍ അരുണാറോയിയുടെ പങ്ക് സുപ്രധാനമാണ്.
ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച താങ്കള്‍ എങ്ങനെ വിപ്ലവകാരിയായി?
ഇപ്പോഴെനിക്കുള്ള സൗകര്യങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന ഏതാനും സ്ത്രീകളാണ് സത്യത്തില്‍ എന്നെ പരുവപ്പെടുത്തിയത്. എന്റെ അമ്മ, അമ്മമ്മ, പിന്നെ അച്ഛന്‍. അവരെല്ലാം ഒരര്‍ത്ഥത്തില്‍ ഫെമിനിസ്റ്റുകളായിരുന്നു, ഒരിക്കലും അവരാരും സ്വയം അങ്ങനെ വിളിച്ചില്ലെങ്കിലും. എന്റെ അമ്മമ്മ നല്ല ധൈര്യവതിയായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയ അവര്‍ തമിഴ്‌നാട്ടിലെ കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. അച്ഛന്‍ ജയറാം ശാന്തിനികേതനില്‍ ടാഗോര്‍ പഠിപ്പിച്ചിരുന്ന കാലത്ത് തന്നെ വിദ്യാര്‍ത്ഥിയായിരുന്നു.
എന്തുകൊണ്ട് സിവില്‍ സര്‍വ്വീസ് തെരഞ്ഞെടുത്തു?
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലാണ് പിജിക്ക് ചേര്‍ന്നത്. എന്റെ ഭര്‍ത്താവ് ബങ്കര്‍ അവിടെ അന്ന് വിദ്യാര്‍ത്ഥിയാണ്. പി.ജി. കഴിഞ്ഞപ്പോള്‍ എന്റെ മുന്നില്‍ ടീച്ചിങ് ജോലിയും പത്രപ്രവര്‍ത്തനവും സിവില്‍ സര്‍വ്വീസും ഉണ്ട്. സാഹിത്യം പഠിപ്പിക്കാന്‍ ഇഷ്ടമില്ല. സ്വകാര്യമേഖലയില്‍ ജോലി ചെയ്യാനും താല്‍പ്പര്യമില്ല. അങ്ങനെ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി പാസ്സായി.
താങ്കള്‍ക്ക് ഒരു ലിബറല്‍ കുടുംബത്തിന്റെ പിന്തുണ ഉണ്ടായി. ഇതൊന്നുമില്ലാത്ത സാധാരണ സ്ത്രീക്ക് പൊതുരംഗത്തേക്ക് വരിക ഇന്നും ബുദ്ധിമുട്ടല്ലേ?
എന്റെ അമ്മ ഒരു ജോലി നേടുന്നതില്‍ എന്നെ തുണച്ചു. പക്ഷേ എന്റെ രാഷ്ട്രീയചിന്ത ഉണ്ടാക്കിയെടുക്കാന്‍ അവരുടെ സഹായം ഉണ്ടായിരുന്നില്ല. രാജസ്ഥാനിലെ അക്ഷരാഭ്യാസമില്ലാത്ത, പരിഷ്‌ക്കാരമറിയാത്ത സാധാരണ തൊഴിലാളിസ്ത്രീകളാണ് രാഷ്ട്രീയ ചിന്തയില്‍ എന്റെ പ്രൊഫസര്‍മാര്‍. പലരും പലതരം അടിച്ചമര്‍ത്തലുകള്‍ അനുഭവിച്ചവര്‍, ചുന്നി, ഭായ്, കല്‍ക്കുമാ, മാംഗി, സുശീല... അവരെല്ലാം എത്രയോ ശക്തരായ സ്ത്രീകളാണ്.
പഠിപ്പും വായനയുമില്ലാത്ത സ്ത്രീകള്‍ക്ക് എന്ത് രാഷ്ട്രീയസ്വാധീനം ഉണ്ടാക്കാന്‍ കഴിയും?
അതിന് പറ്റിയ ഒരു ഉദാഹരണമാണ് രാജസ്ഥാനിലെ എന്റെ കൂട്ടുകാരി നൗര്‍തി. അവര്‍ ഒരു ദലിത് സ്ത്രീയാണ്. സ്‌കൂളില്‍ പഠിച്ചിട്ടില്ല. ഹര്‍മാര ഗ്രാമത്തില്‍ കൂലിത്തൊഴില്‍ എടുക്കുന്നു. അവര്‍ ചെയ്തത് എന്തെന്നോ! സര്‍ക്കാര്‍ അനുവദിച്ച മിനിമം വേജ് കിട്ടാന്‍ ഒപ്പം പണിയെടുക്കുന്ന 500 സ്ത്രീപുരുഷന്മാരെ ഒന്നിച്ച് ചേര്‍ത്ത് പണിമുടക്ക് നടത്തി. ഈ സമരത്തിനിടയിലാണ് ഞാന്‍ നൗര്‍തിയുമായി കൂട്ടായത്.
ഇതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നീക്കങ്ങളുണ്ടായി. നൗര്‍തിക്കായി ഞങ്ങളുടെ സംഘടന എസ്.ഡബ്ല്യു.ആര്‍.സി. സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കോടതിവിധി തൊഴിലാളികള്‍ക്ക് അനുകൂലമായി വന്നു. അവര്‍ക്ക് അര്‍ഹമായ വേതനം പുനഃസ്ഥാപിക്കപ്പെട്ടു. പ്രത്യേകിച്ച് ജീവിതപശ്ചാത്തലമില്ലാതെത്തന്നെ സാമൂഹ്യജീവിതത്തില്‍ ഫലവത്തായി ഇടപെടുകയായിരുന്നു നൗര്‍തി. പിന്നീട് എനിക്ക് ഈ ഗ്രാമീണസ്ത്രീ, അധ്യാപികയും സുഹൃത്തുമായി മാറി.
ഇന്നവര്‍ എവിടെയാണ്; എന്തുചെയ്യുന്നു?
(ഹൃദ്യമായി ചിരിച്ചുകൊണ്ട്) നൗര്‍തിക്കും പ്രായമായി. പക്ഷേ എന്നേക്കാള്‍ ചെറുപ്പം തന്നെ. അവരിന്ന് ഒരു അമ്മൂമ്മയാണ്. മൂന്ന് പെണ്‍മക്കള്‍, ഒരു മകന്‍, പേരക്കുട്ടികള്‍. സാമാന്യബോധമാണ് അവരുടെ ചിന്തയ്ക്കും പ്രവര്‍ത്തിക്കും അടിസ്ഥാനം. ഇതാ, കുറച്ച് മുന്‍പാണ് നൗര്‍തി അവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുകയാണ്. ഇപ്പോഴവര്‍ക്ക് ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ ഒക്കെയുണ്ട്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നൗര്‍തിയെപ്പോലെ ധൈര്യവും അപാരമായ അര്‍പ്പണമനോഭാവവുമുള്ള ധാരാളം സ്ത്രീകളെ എനിക്കറിയാം. നഗരങ്ങളില്‍ സാമൂഹ്യസേവനം ചെയ്യുന്നവര്‍ക്ക് അവാര്‍ഡും പണവും പ്രശസ്തിയും കിട്ടുമെന്നറിഞ്ഞാല്‍ ആ സ്ത്രീകളൊക്കെ അതിശയിക്കും...
ഐ.എ.എസ്സ് പോലെ അന്തസ്സുള്ളൊരു പദവി വേണ്ടെന്ന് വെക്കാന്‍ എന്തായിരുന്നു കാരണം?
(ചിരിച്ചുകൊണ്ട്) ഞാനിപ്പോഴാണ് കൂടുതല്‍ അന്തസ്സുള്ളവളായത്... സാമ്പത്തിക-രാഷ്ട്രീയ മാറ്റങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കാന്‍ ആ പദവി കൈയ്യൊഴിക്കേണ്ടിയിരുന്നു.
ആ സമയത്ത് കുടുംബം പിന്തുണച്ചുവോ?
എന്റെ അമ്മ പൂര്‍ണ്ണമായും പിന്തുണച്ചു. അച്ഛന്‍ പകുതി സമ്മതം തന്നു. എന്റെ ഭര്‍ത്താവ് സഞ്ജിത് ബങ്കര്‍ റോയ് ഒന്നും പറഞ്ഞില്ല. 'നിനക്കിഷ്ടമുള്ളത് ചെയ്യൂ' എന്ന് മാത്രം പറഞ്ഞു. എന്റെ തീരുമാനത്തിന്മേല്‍ കടുത്ത വിമര്‍ശനം വന്നത് അമ്മായിഅമ്മയില്‍ നിന്നായിരുന്നു. 'നീ എന്തിന് ഐ.എ.എസ്. വിടണം?', അവര്‍ ചോദിച്ചുകൊണ്ടിരുന്നു.
സിവില്‍ സര്‍വ്വീസിന്റെ സുഖസൗകര്യങ്ങള്‍ ശീലിച്ച താങ്കള്‍ക്ക് പിന്നെ ഒരു ദിവസം ഗ്രാമത്തിലെ സര്‍ക്കാരോഫീസിന് മുന്നിലെ ക്യൂവില്‍ നില്‍ക്കേണ്ടിവന്നു. എന്തു തോന്നി?
അത് രണ്ടും രണ്ട് സാഹചര്യങ്ങളായിരുന്നു. ഐ.എ.എസ്സിലായിരുന്നപ്പോള്‍ ഞാന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചത് 'ഓഫീസര്‍ ഓണ്‍ ടൂര്‍' ആയാണ്. ജനങ്ങളുമായി ഒരകലം ഉണ്ടായിരുന്നു അന്ന്. സിവില്‍ സര്‍വ്വീസ് വിട്ടപ്പോഴാണ് ജനങ്ങളുടെ ഭാഗത്തുള്ള റിയാലിറ്റി എനിക്ക് ഉള്‍ക്കൊള്ളാനായത്. 'ശരി, ശരി, അവിടെപ്പോയിരിക്ക്' എന്ന് ഓഫീസര്‍ ആജ്ഞാപിച്ച് കേള്‍ക്കുമ്പോള്‍ ഏറ്റവും ദരിദ്രനായ പരാതിക്കാരന് പോലും ഉണ്ടാവുന്ന അപമാനം അപ്പോഴേ ഞാനറിഞ്ഞുള്ളൂ. തുടക്കത്തില്‍ പൊരുത്തപ്പെടാന്‍ എനിക്ക് കുറേസമയം വേണ്ടിവന്നു. പക്ഷേ ഒരിക്കല്‍ പോലും സ്വന്തം തീരുമാനം തെറ്റായിപ്പോയെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല.
ഭര്‍ത്താവ് ബങ്കര്‍ റോയുടെ 'സോഷ്യല്‍ വര്‍ക്ക് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍' വിടാന്‍ എന്തായിരുന്നു കാരണം?
ഞാനെന്റെ രാഷ്ട്രീയത്തിലേക്ക് സ്വാഭാവികമായി വളരുകയായിരുന്നു. ഒരു വിത്ത് മുളച്ച് ചെടിയായും മരമായും മാറും പോലെ. തിലോനിയയിലെ എസ്.ഡബ്ല്യു.ആര്‍.സിയില്‍ കടും നിയമങ്ങളോ മേധാവിത്വമോ ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്കായുള്ള വികസനപ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കുന്നത്. എനിക്ക് പക്ഷേ സോഷ്യല്‍ വര്‍ക്കില്‍ നിന്നും സോഷ്യല്‍ ആക്ടിവിസത്തിലേക്ക് മാറണമെന്ന് തോന്നി. രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഞാന്‍ ആഗ്രഹിച്ചു.
നിങ്ങളുടേത് വ്യത്യസ്തമായൊരു വിവാഹമായിരുന്നില്ലേ?
സത്യത്തില്‍ എന്നേക്കാള്‍ വിപ്ലവകാരിയാണ് അദ്ദേഹം. ഞാന്‍ സിവില്‍ സര്‍വ്വീസില്‍ ഇരുന്നപ്പോള്‍ ബങ്കര്‍ തിലോനിയയിലെ ദരിദ്രര്‍ക്കിടയിലായിരുന്നു. 1970-ലാണ് ഞങ്ങള്‍ വിവാഹിതരായത്. ലളിതമായ ഒരു ചടങ്ങ്. വിവാഹത്തിന് ഞാന്‍ ഒരു പ്ലെയിന്‍ കോട്ടണ്‍ സാരി ധരിച്ചു. വിവാഹജീവിതത്തില്‍ പിന്തുടരേണ്ട ചില ധാരണകള്‍ ഞങ്ങള്‍ നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചിരുന്നു. പരസ്പരം സാമ്പത്തികമായി ആശ്രയിക്കില്ലെന്നും ഒരാളുടെ വിശ്വാസം മറ്റേയാളില്‍ അടിച്ചേല്‍പ്പിക്കില്ലെന്നും തീരുമാനിച്ചു. സ്വന്തം കുട്ടികള്‍ വേണ്ടെന്നായിരുന്നു മറ്റൊരു നിശ്ചയം.
കുഞ്ഞ് വേണ്ടെന്ന് തീരുമാനിക്കാന്‍ പ്രയാസം തോന്നിയില്ലേ?
കുറച്ചുകാലം അതൊരു വിഷമമുണ്ടാക്കുന്ന ചിന്തയായിരുന്നു. പിന്നീട് എല്ലാ കുഞ്ഞുങ്ങളെയും ഞാനെന്റെ മക്കളായി കരുതി സ്‌നേഹി
ക്കാന്‍ തുടങ്ങി. ഞാന്‍ പ്രസവിച്ചുണ്ടാകുന്ന കുഞ്ഞ് വേണ്ടെന്നേ തീരുമാനിച്ചുള്ളൂ. എന്റെ ഉള്ളില്‍ സ്വാഭാവിക വികാരങ്ങളെല്ലാം ഉണ്ട്. ബയോളജിക്കല്‍ ചൈല്‍ഡ്', വേണോ വേണ്ടയോ എന്ന് തീരുമാനിക്കാവുന്ന ഒരു കാര്യം മാത്രമാണ്. സ്വാര്‍ത്ഥതയില്ലാതെ ഏത് കുഞ്ഞിനെയും സ്‌നേഹിക്കാനാണ് ഞാന്‍ ശ്രമിച്ചത്.എന്നിട്ടും ഭാര്യാഭര്‍തൃ ബന്ധം സുദൃഢമായി നിലനിന്നോ?
പിന്നെന്ത്! തിലോനിയയില്‍ എസ്.ഡബ്ല്യു.ആര്‍.സി.യില്‍ കര്‍മ്മനിരതനാണ് ഇപ്പോഴും ബങ്കര്‍. രാജസ്ഥാനിലെത്തിയാല്‍ ഞാന്‍ ബങ്കറിനൊപ്പം തിലോനിയയിലെ മണ്‍കുടിലില്‍ താമസിക്കും. ജീവിതരീതിയിലും താത്വികമായും ഞങ്ങള്‍ നല്ല യോജിപ്പാണ്. പക്ഷേ പൊളിറ്റിക്കല്‍ ഐഡിയോളജിയുടെ കാര്യത്തില്‍ ഞങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അത് കേട്ട് ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണോ എന്ന് വരെ ചിലര്‍ സംശയിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ ഒന്നാണ്. ഞങ്ങള്‍ പരസ്പരം പരിചരിക്കുന്നു. ഏത് പ്രതിസന്ധിയിലും എനിക്ക് വേണ്ടി അദ്ദേഹവും അദ്ദേഹത്തിന്നായി ഞാനുമുണ്ടാവും.
തിലോനിയ വിട്ട് ദേവ്ദുഗ്രിയില്‍ പ്രവര്‍ത്തിച്ചു. അവിടുത്തെ നിങ്ങളുടെ ജീവിതം ആളുകള്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നല്ലോ...
എന്റെ ജീവിതരീതി എല്ലാകാലവും ആളുകള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു.. (ചിരിക്കുന്നു) ദേവ്ദുഗ്രിയിലേക്ക് എന്റെയൊപ്പം സുഹൃത്ത് ശങ്കറും കുടുംബവും വന്നു. പിന്നെ, അമേരിക്കയിലെ പഠനം നിര്‍ത്തി ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കാനുറച്ചു വന്ന നിഖിലും. അവിടെ ഒരു കുടില്‍ കെട്ടി ഞങ്ങള്‍ താമസിച്ചു. ഒരു ആടിനെ വളര്‍ത്തി. നാട്ടുകാരുമായി ഇടകലര്‍ന്ന് ജീവിച്ചു. സമത്വചിന്തയും നീതിയും സ്‌നേഹവും പരസ്പരം പങ്കിട്ടു.
ദേവ്ദുഗ്രിയിലെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു?
നാട്ടുകാര്‍ക്ക് അവകാശപ്പെട്ട 25 ഹെക്ടര്‍ വനഭൂമി ഒരു ഭൂപ്രഭു കൈയ്യടക്കി വെച്ചിരുന്നു. അയാള്‍ ഗ്രാമീണരെ അക്രമിച്ചിരുന്നു. ഒടുവില്‍ ഗ്രാമീണര്‍ സംഘടിതരായി ഇതിനെതിരെ പരാതിപ്പെട്ടു. കളക്ടര്‍ ഭൂമി ഗ്രാമീണര്‍ക്ക് കൈമാറി. സര്‍ക്കാരിന്റെ ഗ്രാന്റോടെ അവര്‍ ഭൂമി മികച്ച ഒരു സംരക്ഷിത വന-ജല പ്രദേശമാക്കി മാറ്റി. ഈ സംഭവം കൂട്ടായ ശ്രമത്തിന്റെ സാധ്യതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി.
1990-ല്‍ 5000 ആളുകളുടെ അനുഗ്രഹാശിസ്സുകളോടെ മസ്ദൂര്‍ കിസാന്‍ ശക്തി സംഗതന്‍ (എംകെഎസ്എസ്) രൂപം കൊണ്ടു. തൊഴിലാളികളുടെ മിനിമം കൂലി ജീവിതനിലവാരത്തിനൊത്ത് ഉയര്‍ത്താന്‍ നിരവധി നിരാഹാരസമരങ്ങള്‍ നടത്തി. ഒടുവില്‍ വാഗ്ദാനം ചെയ്ത തുക സര്‍ക്കാര്‍ അനുവദിച്ചു. ഗ്രാമങ്ങളിലെ വിലക്കയറ്റം പിടിച്ച് നിര്‍ത്താനും സാധിച്ചു. ലാഭം കുറഞ്ഞ സ്വതന്ത്ര സ്റ്റോറുകള്‍ സ്ഥാപിച്ചാണിത് നടപ്പിലാക്കിയത്. 1994-ല്‍ അഴിമതി ഇല്ലാതാക്കാനും വിവരാവകാശത്തിനുമായി 'പബ്ലിക് ഹിയറിങ്' സമ്പ്രദായം ഉണ്ടാക്കി. ഞങ്ങളുടെ വിവരാവാകാശത്തിനായുള്ള സമരങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ രാജസ്ഥാന്‍ സര്‍ക്കാര്‍ 2000-ല്‍ വിവരാവകാശനിയമം പാസാക്കാന്‍ നിര്‍ബന്ധിതമായി. 2005-ഓടെ അത് മറ്റുള്ള സംസ്ഥാനങ്ങളിലും 'റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട്' ആയി നിലവില്‍ വന്നു. എണ്ണമറ്റ സമരങ്ങളും സംഘമായുള്ള പ്രയത്‌നങ്ങളും ഇതിനൊക്കെ പിന്നിലുണ്ടായിരുന്നു.
ഒട്ടേറെ സവിശേഷതകളുള്ള സംഘടനയാണല്ലോ നിങ്ങളുടേത്.
20 വര്‍ഷമായിട്ടും എം.കെ.എസ്.എസ്സിന് ഒരു ലീഡര്‍ ഇല്ല. എന്നും കൂടുന്ന യോഗങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുന്ന 25 പേരുണ്ട്. ആളുകളില്‍ നിന്ന് അകന്ന് പോവാതിരിക്കാന്‍ ഞങ്ങള്‍ അനുനിമിഷം ശ്രദ്ധിക്കുന്നു. സംഘടനയായി രജിസ്റ്റര്‍ചെയ്തിട്ടില്ല. മെമ്പര്‍ഷിപ്പ് ഇല്ല. ആത്മാര്‍ത്ഥമായി ഒപ്പം വര്‍ക് ചെയ്യാന്‍ ആര്‍ക്കും വരാം. ഒരു സ്ഥാപനത്തില്‍ നിന്നും ഞങ്ങള്‍ പണം വാങ്ങില്ല. സര്‍ക്കാരിന്റെ പണവും വാങ്ങില്ല. അനുഭാവികളായ സ്വതന്ത്രവ്യക്തികള്‍ സഹായധനം തന്നാല്‍ മാത്രം വാങ്ങുന്നു. സംഘടന വളരെ സുതാര്യമാണ്. കാരണം അതില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ല.
മഗ്‌സസെ അവാര്‍ഡ് ലഭിച്ചത് താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയായോ? അവാര്‍ഡ് തുക എന്തു ചെയ്തു?
അവാര്‍ഡ് ഞങ്ങളുടെ സംഘടനയ്ക്ക് നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അതിനുള്ള പ്രൊവിഷന്‍ ഇല്ലായിരുന്നു. സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ എളുപ്പം നേടിയെടുക്കാന്‍ അവാര്‍ഡ് സഹായിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അങ്ങനെയാണ്. നമ്മള്‍ എന്തെങ്കിലുമൊക്കെ ആണെന്ന് കണ്ടാല്‍ നമ്മളെ അംഗീകരിക്കും. അല്ലെങ്കില്‍ തിരിഞ്ഞുനോക്കില്ല. അവാര്‍ഡ്തുക ഒരു ട്രസ്റ്റിനെ ഏല്പിച്ചു, അവകാശസമരങ്ങള്‍ക്കായി ഉപയോഗിക്കാന്‍. എനിക്ക് ഗ്രാമത്തില്‍ 100 മക്കളും 500 പേരക്കുട്ടികളുമുണ്ട്. അവരെല്ലാം എന്നെ 'നാനി' എന്ന് വിളിക്കുന്നു. വലിയ കുടുംബമാണ്. (ചിരിയോടെ)
വ്യക്തിപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലേ, ശരീരം, ആരോഗ്യം...
ഇല്ല. എന്റെ സുഹൃത്ത് ഡോ. അനന്തലക്ഷ്മി പറയും, ശരീരം നമ്മുടെ സുഹൃത്താണ്. പക്ഷേ നിങ്ങള്‍ സ്വന്തം ശരീരത്തെ അടിമയെപ്പോലെയാണ് കണക്കാക്കുന്നത് എന്ന്.
ഒരു മിഡില്‍ക്ലാസ് സ്ത്രീയുടെ ജീവിതരീതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടോ?
അത് പൂര്‍ണ്ണമായും സാധിച്ചിട്ടില്ല. ദേവ്ദുഗ്രിയില്‍ തനി ഗ്രാമീണസ്ത്രീകളുടെ പെരുമാറ്റങ്ങള്‍ ഞാനുള്‍ക്കൊണ്ടു. മിക്ക കാര്യത്തിലും ഞാന്‍ അവരെപ്പോലെയായി. എന്നിട്ടും ചില കാര്യങ്ങളില്‍ ഞാന്‍ പഴയ മിഡില്‍ക്ലാസ് സ്വഭാവം കൊണ്ടുനടന്നു. ഞാനിപ്പോഴും ഇംഗ്ലീഷ് സംസാരിക്കുന്നു. പുസ്തകങ്ങള്‍ വായിക്കുന്നു. മണിക്കൂറുകളോളം ടി.എന്‍. കൃഷ്ണയുടെ പാട്ടോ ശശാങ്കിന്റെ ഫ്ലട്ടോ ആസ്വദിക്കുന്നു.
അടുത്ത് കൊളംബോ സന്ദര്‍ശിച്ചല്ലോ. അവിടുത്തെ സ്ത്രീകളുടെ ജീവിതം എങ്ങനെയാണ്?
ദുഃഖകരം. അധികാരികള്‍ ആര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നില്ല. എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ ക്ഷണപ്രകാരമായിരുന്നു എന്റെ സന്ദര്‍ശനം. സ്ത്രീകള്‍ പത്രസമ്മേളനത്തിനൊക്കെ വന്നിരുന്നു. പക്ഷേ ആരും ഒന്നും സംസാരിച്ചില്ല. ഭയം. ഭയമാണ് മുഴച്ചുനിന്നത്. പത്രപ്രവര്‍ത്തകര്‍ക്ക് നിയമങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ഭയം. പിറ്റേന്ന് ഒരു വെള്ളവാന്‍ വന്ന് അവരെ തട്ടിക്കൊണ്ടുപോയി വധിക്കും. 'വൈറ്റ് വാന്‍ സിന്‍ഡ്രോം' എന്നാണവിടെ ഇതേക്കുറിച്ച് പറയുന്നത്.
എവിടുന്നു കിട്ടി ഇത്രയും ഊര്‍ജ്ജം?
എനിക്കറിയില്ല. (ചിരിച്ചുകൊണ്ട്..)സത്യത്തില്‍ എനിക്കത്രയൊന്നും ഊര്‍ജ്ജമില്ല.

NEWS LETTER
RSS











