MATHRUBHUMI RSS
Loading...
ഏകാന്തതയുടെ കടല്‍ ഞാന്‍ നീന്തിക്കടക്കും
മോന്‍സി ജോസഫ്‌

വിവാഹമോചനം കഴിഞ്ഞ് ജീവിതം മാറുന്നുണ്ടോ? ഏകാന്തമായ ജീവിതത്തിനിടയിലും സിനിമയുടെ സാന്ത്വനം... ഏറെ ഭാവസാന്ദ്രമായ മനസ്സോടെ സംസാരിക്കുന്നു, ഉര്‍വശി...


ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍, ജനവരിയിലെ തണുപ്പുള്ള പ്രഭാതങ്ങളിലൊന്ന്.

'പഴയതുപോലെ തണുപ്പൊന്നുമില്ലെന്നു തോന്നുന്നു', ഉര്‍വശി ഓര്‍മിച്ചു. 'മൂന്നാറിലൊക്കെ പണ്ട് എത്രയോ സിനിമകള്‍ക്ക് വന്നിരിക്കുന്നു.'
ഒരു വലിയ പച്ചപ്പിന്റെ ഭൂഭാഗമത്രയും കാണാം...

തിരിഞ്ഞും മറിഞ്ഞുമുള്ള വീതി കുറഞ്ഞ റോഡിലൂടെ ഒടിഞ്ഞും മടങ്ങിയും കയറ്റം കയറുമ്പോള്‍ ഉര്‍വശി പരാതിപ്പെട്ടുകൊണ്ടിരുന്നു. ''ഇവരീ സ്ഥലം എങ്ങനെ കണ്ടുപിടിച്ചുവോ ആവോ? പോയ് വരുമ്പോഴേക്കും ശരീരത്തിന്റെ ഇടപാട് തീരും.''

മലമുകളിലെ ലൊക്കേഷനിലെത്തി. കാറ്റിന് നടുവിലെന്നപോലെ വലിയൊരു വീടാണത്. അവിടെ മുകേഷും അര്‍ച്ചനാ കവിയും സംവിധായകന്‍ ജിത്തു ജോസഫിന്റെ ടീമുമെല്ലാം സജീവമായി. ഇത് മറ്റൊരു ഉര്‍വശിയായിരുന്നു. നാല്പതു വയസ്സില്‍ പിന്നിട്ട കഥാപാത്രങ്ങളെയെല്ലാം മറന്ന് ഉര്‍വശി മറ്റൊരാളായി. സിനിമയുടെ അനശ്വരതയും ആവേശവും തൊട്ടുണര്‍ത്തിയ പെണ്ണ്.

ഞാന്‍ പിന്നെയും ഉര്‍വശിയെ ശ്രദ്ധിച്ചുനിന്നു. മുകേഷും അര്‍ച്ചനാകവിയുമെല്ലാമുള്ള സീനില്‍ അങ്കലാപ്പിലായിപ്പോയ ഒരു അമ്മയുടെയും ഭാര്യയുടെയും സംഘര്‍ഷത്തിനിടയിലെ ചാഞ്ചാട്ടം കാണേണ്ടതുതന്നെയായിരുന്നു. സൂര്യന് മുന്നില്‍ നൃത്തം ചെയ്യുന്നവളെപ്പോലെ ഏറെ സ്വതന്ത്രമായ ഒരു മനുഷ്യരൂപം.

ഉര്‍വശി തിരക്കഥ എന്ന സിനിമ കണ്ടോ? ആ സിനിമ കണ്ട് രോഹിണി രഞ്ജിത്തിനോട് പറഞ്ഞു, 'നിങ്ങള്‍ ഞങ്ങള്‍ നടികളുടെ വര്‍ഗത്തിന് നല്കിയ ഒരു ഹോമേജ് ആണിതെന്ന്'


പലരും പറഞ്ഞു നന്നെന്ന്. ഞാനാ സിനിമ കണ്ടില്ല. പണ്ടേ മിടുക്കനാണ് രഞ്ജിത്ത്. തുടക്കം മുതലേ കഥയെഴുതി കടന്നുവരുന്ന രഞ്ജിത്തിനെ എനിക്കറിയാം. സിനിമയുടെ ലോകത്തുതന്നെ കഥകളുണ്ട്. ആഗ്രഹിച്ച് വേണ്ടിടത്ത് എത്താത്തവര്‍, എപ്പോഴും അതിനായി ശ്രമിക്കുന്നവര്‍, വ്യക്തിപരമായ തകര്‍ച്ചകള്‍ ഉള്ളിലടക്കുന്നവര്‍. പ്രശസ്തിയുടെ മായാവെളിച്ചം കാണുന്ന പ്രേക്ഷകര്‍ക്ക് അതൊന്നുമറിയില്ല. അറിയേണ്ട കാര്യവുമില്ല.

ഉര്‍വശി തന്റെ പഴയ സ്‌നേഹിതയെ ഓര്‍മിച്ചു, സില്‍ക്ക് സ്മിത. ''തൊടരുമുറവ് എന്ന പടത്തിന്റെ ഷൂട്ടിംഗ്. അവിടെവെച്ചാണ് ആദ്യമായി സ്മിതയെ കാണുന്നത്. കാര്‍ത്തിക്കും ഞാനുമാണഭിനയിക്കുന്നത്. അതില്‍ കാട്ടിനുള്ളില്‍ വെച്ചൊരു സീനുണ്ട്. കാട്ടിലെ വേഷമല്ലേ? അവിടെയുമിവിടെയും നീളമില്ലാത്തതായിരിക്കും വസ്ത്രം. ഞാനാ ഡ്രസിടാതെ അങ്ങനെയിരിക്കും. അപ്പോള്‍ സ്മിത വന്ന് സഹായിക്കും.
ചെറിയ കുട്ടിയുമാണല്ലോ ഞാനന്ന്. പന്ത്രണ്ട്, പതിമൂന്നു വയസു മാത്രം. ശരീരമാസകലം എക്‌സ്ട്രാ ഫിറ്റിംഗ് വെച്ചു കെട്ടിയുള്ള അഭിനയമായിരുന്നു അന്നൊക്കെ. അതും സ്മിതയാണ് പറഞ്ഞുതരുന്നത്. 'ഇത് അപ്പടി വെയ്‌ങ്കോ, അത് ഇപ്പടി വെയ്‌ങ്കോ' ഇങ്ങനെ. എന്തുകൊണ്ടാണവര്‍ക്ക് എന്നോടിത്ര അറ്റാച്ചുമെന്റ് എന്നെനിക്ക് മനസിലായിട്ടേയില്ല.

സ്മിതയുടെ കൂടെ താടിവെച്ചൊരാള്‍ വരും. അങ്ങേര്‍ക്ക് ഭയങ്കര ദേഷ്യമാണ്. ആരുമായിട്ടും സ്മിത അടുക്കുന്നത് അയാള്‍ക്കിഷ്ടമില്ലായിരുന്നു. എന്റടുത്തേക്ക് വരുമ്പോള്‍ ഇയാള്‍ തെലുങ്കില്‍ എന്തോ പറഞ്ഞ് അവരെ തിരിച്ചുവിളിക്കും. പക്ഷേ സ്മിത ഇതൊന്നും ശ്രദ്ധിക്കുകയേയില്ല.

ഷൂട്ടിംഗിനിടയിലെ ഇടവേളകളില്‍ സ്മിത ഒരു കസേരയില്‍ ഇരിക്കും. മറ്റൊരു കസേരയില്‍ കാലൊക്കെ കയറ്റിവെച്ച് അതിനു മുകളിലൊരു തോര്‍ത്തുമിട്ട്...എന്നിട്ട്, എന്നെ മടിയില്‍ പിടിച്ചിരുത്തും, 'ഇങ്കെ വാ അപ്പാ' എന്നും പറഞ്ഞ്...ഇരിക്കുമ്പോള്‍ അവര്‍ക്ക് ഭാരം കൂടുതല്‍ ആവരുതല്ലോയെന്ന് കരുതി ഞാന്‍ പതുങ്ങിയിരിക്കും. അങ്ങനെയാണ് സൗഹൃദം തുടങ്ങുന്നത്. 'ലയന'ത്തില്‍ എന്റെ അനിയനും സ്മിതയുമായിരുന്നു അഭിനയിച്ചത്. അതിന്റെ പേരില്‍ ഞാനവരെ ഒരുപാട് വഴക്കു പറഞ്ഞിരുന്നു. പക്ഷേ, ഒരു കാര്യം. സ്മിതയായതുകൊണ്ടാണ് ഒരുപാട് വൃത്തികേടൊന്നുമില്ലാതെ ആ സിനിമയെടുക്കാന്‍ സംവിധായകനു കഴിഞ്ഞത്. ചില സീനുകളില്‍ അഭിനയിക്കുമ്പോള്‍ സ്മിത പറയുമായിരുന്നു, 'അയ്യയ്യോ അന്ത പയ്യന്‍ ചിന്നക്കുളന്തെ...അപ്പടിയൊന്നും നടത്തക്കൂടാത്', എന്ന്. എന്റെ അനിയന്‍ മരിച്ചപ്പോള്‍ ആദ്യം വന്നയാളും സ്മിതയാണ്.

ലൊക്കേഷനില്‍ അവര്‍ ആരുമായിട്ടും അധികം സംസാരിക്കുന്നതോ അടുക്കുന്നതോ ഞാന്‍ കണ്ടിട്ടേയില്ല. എന്നിട്ടും, ഒരു സെക്‌സ് സിംബലായി മുദ്ര കുത്തപ്പെടുന്നതില്‍ അവര്‍ക്ക് ശരിക്കും സങ്കടമുണ്ടായിരുന്നു. പലര്‍ക്കും വെറുമൊരു സെക്‌സ് നടി മാത്രമായിരുന്നു സ്മിത. അതുകൊണ്ടായിരിക്കാം, എന്നോട് എപ്പോഴും പറയുമായിരുന്നു, നല്ല പടങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കണമെന്ന്.


തൊടരുമുറവ് എന്ന സിനിമയിലേക്ക് ഉര്‍വശി എങ്ങനെയാണ് എത്തിയത്?

അതിനു മുന്‍പ് ഞാനൊരു പടത്തില്‍ അഭിനയിച്ചിരുന്നു. 'നിനൈവുകള്‍ മറയ്‌വതില്ലൈ'യില്‍ ഒരു സ്‌കൂള്‍ കുട്ടിയായിട്ട്. ബാലതാരങ്ങളായിരുന്നു മുഴുവന്‍. അതില്‍ ഏറ്റവും വികൃതിയുള്ളൊരു പെണ്‍കുട്ടി, അതാണെന്റെ റോള്‍. പക്ഷേ, ആ പടം റിലീസായില്ല. അതിന്റെ റഷസ് കണ്ടിട്ടാണെന്നെ 'തൊടരുമുറവി'ലേക്ക് വിളിക്കുന്നത്. എടുത്തു കഴിഞ്ഞപ്പോഴാണ് ചെറിയ കുട്ടിയാണെന്ന് അറിയുന്നെ...പക്വതയില്ലെന്നു പറഞ്ഞ് ഇവര്‍ക്കെന്നെ മാറ്റാനും പറ്റില്ല...അങ്ങനെ ആകെ കണ്‍ഫ്യൂഷനിലായിരുന്നു അവര്‍. അന്നു പന്ത്രണ്ട് വയസുള്ള നായികയൊന്നും തമിഴില്‍ വരുന്നത് ചിന്തിക്കാനേ പറ്റില്ല.

വീട്ടുകാര്‍ എന്തു പറഞ്ഞു?

അവര്‍ക്ക് ഇഷ്ടക്കുറവൊന്നുമില്ലായിരുന്നു. വീട്ടിലുള്ളവര്‍ക്ക് അവരെ ഞാന്‍ നാണം കെടുത്തുമോയെന്നായിരുന്നു പേടി. ഞാന്‍ മര്യാദയ്ക്ക് പോയി അഭിനയിക്കില്ലെന്ന് അവര്‍ക്കറിയാം.

ഞാനാണെങ്കിലോ, ഓരോ ദിവസവും ഒരു കാരണം കിട്ടാന്‍ കാത്തുനില്‍ക്കുകയാണ്, തിരിച്ചു വീട്ടില്‍ പോവാനായിട്ട്. പോവാനൊരു കാരണം വേണ്ടേ...ഇടയ്ക്ക് പറയും, 'ഇഡ്ഡലി ഒട്ടും കൊള്ളൂല്ല, ചമ്മന്തിയും ഒട്ടും കൊള്ളൂല്ല. നാന്‍ പോറേന്‍ എങ്ക വിട്ട്ക്ക്.' അപ്പോള്‍ അവര്‍ പറയും, 'നാളെക്ക് നല്ല ഇഡ്ഡലി കൊണ്ടുവറേന്‍' എന്ന്. രണ്ടു മൂന്നു ദിവസം ഇതുതന്നെ പറഞ്ഞപ്പോ, എല്ലാവര്‍ക്കും മനസിലായി ഇതൊരു അടവാണെന്ന്.

ഇടയ്‌ക്കൊരു ദിവസം കാര്‍ത്തിക് ദൂരെ മാറി നിന്ന് അസിസ്റ്റന്റ് ഡയറക്ടറോട് എന്തോ പറഞ്ഞു ചിരിച്ചു. ഇടയ്‌ക്കെന്നെ അറിയാതൊന്നു നോക്കിപ്പോയി. അപ്പോള്‍ എന്റെ അടുത്ത പരാതി,''ഇയാളെന്നെ നോക്കിയെന്തോ പറഞ്ഞു കളിയാക്കിച്ചിരിച്ചു. അയാളുടെ കൂടെ ഞാന്‍ അഭിനയിക്കുകയേയില്ല.'

കാര്‍ത്തിക് ആകെ അപ്‌സെറ്റ് ആയി, ''നാങ്ക വേറെന്നമോ പേസിയിട്ടിരുന്തത്. ഇന്ത പൊണ്ണ് ഏന്‍ ഇപ്പടി സൊല്ലറത്?' 'നീങ്ക എന്നെ പാത്ത് എന്നമോ കിണ്ടല്‍ പണ്ണിയാച്ച്', ഞാന്‍ വീണ്ടും പറഞ്ഞു.

വളരെ പ്രായമുള്ളൊരാളായിരുന്നു പ്രൊഡ്യൂസര്‍. അദ്ദേഹം പറഞ്ഞു, 'അപ്പടിയാ? അവന്‍ വേറെ നടിക്കട്ടും. നീ അവന്‍ കൂട നടിക്ക വേണ്ടാ.. ഉന്നോട ഷോട്ട് തനി...അവനോട ഷോട്ട് തനി...''

അപ്പോഴൊക്കെ എന്റെ മനസിനകത്തൊരു കുറ്റബോധമുണ്ട്. ദൈവമേ, ഇവനെ ഞാന്‍ വെറുതെ കുറ്റം പറയുകയാണല്ലോയെന്ന്...

പിന്നെ, എപ്പോഴാണ് സിനിമ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത്?

രക്തത്തില്‍ അലിയുകയോ?'(ചിരിക്കുന്നു). തിലകന്‍, നെടുമുടി വേണു, ജഗതി... ഈയൊരു ഗ്യാങ്ങിനെ കണ്ടതിനു ശേഷമാണ്. സിനിമയോടുള്ള അവരുടെ സമീപനം, ഓരോ ഡയലോഗും അവര്‍ പറഞ്ഞ് പഠിക്കുന്നത്...ഇതൊക്കെ എനിക്ക് പുതുമയായിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ പതുക്കെ പതുക്കെ എന്റെ സമീപനത്തിലും മാറ്റം വന്നു.

ഇപ്പോള്‍ സിനിമ എന്നു പറയുന്നതില്‍ എന്തെങ്കിലും ഉണ്ടാവണം എന്ന മാനസികാവസ്ഥയിലേക്ക് ഞാന്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇത്രേം കാശു മുടക്കി ഒത്തിരി പേര് പ്രവര്‍ത്തിക്കുന്നത് വെറുതെ മനുഷ്യനു കോമാളിത്തരം കളിക്കാനാവരുത് എന്നൊരു തോന്നല്‍ എന്നിലുണ്ട്, കുറച്ചു കാലമായിട്ട്...ഓരോ പടത്തിലും എന്തെങ്കിലും സന്ദേശമുണ്ടാവണം.1947- ല്‍ സ്വാതന്ത്ര്യം കിട്ടിയെന്നു പറഞ്ഞ്, ഒരു പടമിപ്പോള്‍ എടുത്തിട്ട് യാതൊരു കാര്യവുമില്ല.

മമ്മീ ആന്‍ഡ് മീ...ഈ പടം വ്യത്യസ്തമാണോ?

അമ്മയും മകളും തമ്മിലുള്ളൊരു ബന്ധമാണിതില്‍. ഒരു സ്റ്റേജ് കഴിയുമ്പോള്‍ മകള്‍ക്ക് അറിയാതെ മനസിനകത്ത് ഒരു കുറ്റബോധം കടന്നുവരുന്നു, അമ്മയെല്ലാം കണ്ടുപിടിക്കുന്നുവെന്ന്. അച്ഛന്‍ മകളെ സപ്പോര്‍ട്ട് ചെയ്യുന്നത് അമ്മയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നു. അതാണിതിന്റെ കഥ.

പിന്നെ, ഒരു വെറൈറ്റി കോമ്പിനേഷന്‍ ആണ്. മുകേഷും ഞാനും തമ്മിലൊരു പടം ചെയ്തിട്ട് കുറേ കാലമായി. ഒടുവില്‍ ചെയ്തത് എനിക്കു തോന്നുന്നു, 'കാക്കത്തൊള്ളായിരം' ആണെന്ന്. 92-ല്‍. അതിനു ശേഷം ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റാത്തൊരു സാഹചര്യമായിരുന്നു.

മുകേഷ് ഇപ്പോള്‍ സ്റ്റെഡി ആയിട്ട് കേറി വരികയാണല്ലോ?

നല്ലൊരു നടനാണ് മുകേഷ്. അയാളുടെ കൈയില്‍ കഴിവെന്നു പറയുന്ന സാധനമുണ്ട്. അയാളെ ഉപേക്ഷിക്കാന്‍ പറ്റില്ല, സിനിമയ്ക്ക്, അയാളു വിചാരിച്ചാലും. ഏതു കഥാപാത്രം വേണമെങ്കിലും ആവാന്‍ പറ്റും. കോമഡി, സീരിയസ് എന്തും...ശരിക്കുമൊരു നടന്‍ അല്ല, ഒരു കലാകാരനാണ് അയാള്‍. എന്തോ ഒരു ചെറിയ കുഴപ്പം കൊണ്ടാണ് സൂപ്പര്‍ സ്റ്റാര്‍ ആവാതിരുന്നത്. അതാവാതിരുന്നത് അയാളുടെ ഭാഗ്യം.

'താരങ്ങളെല്ലാം സ്വന്തം കൃഷി ചെയ്യുകയാണെന്ന് തിലകന്‍ പറഞ്ഞത് ശ്രദ്ധിച്ചോ?

മുമ്പ് മലയാളം സിനിമയില്‍ കുറേക്കൂടി നല്ല അന്തരീക്ഷമായിരുന്നു. ചാനലുകള്‍ ഇല്ല, സിനിമാക്കാര്യം സിനിമാ മാസികകളുടെ മാത്രം കാര്യമായിരുന്നു. ഇപ്പോള്‍ ചാനലുകളും പ്രസിദ്ധീകരണങ്ങളും തമ്മില്‍ മത്സരം കൊടുമ്പിരികൊള്ളുന്നു. നിരന്തരം ന്യൂസ് ബ്രേക്ക് ആണ്. ഓരോ മണിക്കൂറും എന്ത് ന്യൂസ് ബ്രേക്കുണ്ടാവാന്‍. പണ്ടൊക്കെ ആര്‍ക്കും ഏതുതരം അഭിപ്രായവും പറയാമായിരുന്നു. അത് വകവച്ചുകൊടുക്കുമായിരുന്നു. ഇപ്പോള്‍ വെറുതെ ആളുകള്‍ ശത്രുക്കളാവുകയാണ്. ഇപ്പോള്‍ തിലകന്‍ ചേട്ടന്‍ താരങ്ങള്‍ സ്വന്തമായി ചെയ്യുന്ന കൃഷിയെക്കുറിച്ച് പറഞ്ഞു. പിന്നെ അതേക്കുറിച്ചാവും ചര്‍ച്ച. ഇതുകൊണ്ടൊക്കെ എന്തുണ്ടാവാന്‍ എന്നാലോചിക്കുമ്പോള്‍ സങ്കടം മാത്രം.

ഉര്‍വശിക്ക് ജ്യോതിഷത്തില്‍ വിശ്വാസമുണ്ടോ?

വിശ്വാസമെന്നുള്ളതല്ല. ആ സയന്‍സ് എനിക്കിഷ്ടമാണ്. പക്ഷേ, എന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നൊരു ജ്യോതിശാസ്ത്രത്തെയും ഞാന്‍ അംഗീകരിക്കില്ല.

ദൈവത്തിലോ?

ദൈവമെന്നു പറയുന്നത് വലിയൊരു കഥാപാത്രമാണ് കേട്ടോ. നമ്മള്‍ ചെയ്ത നല്ലതിന്റെ ബാങ്ക് ബാലന്‍സ് ഇവിടുണ്ടാവും. അത്യാവശ്യം ചെലവിനു നമുക്കെടുക്കാന്‍ വേണ്ടി ദൈവം വെച്ചിരിക്കുകയാണ്. എന്നുവെച്ചാല്‍, നമുക്കെന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോള്‍ എടുത്ത് ചെലവാക്കാന്‍ വേണ്ടിയാണത്.

ഒരുപക്ഷേ, ദൈവത്തെ നേരിട്ടു കണ്ടാല്‍ ചോദിക്കാനൊരു കാര്യമുണ്ട് എന്റെ മനസില്‍. എന്തിന് മനസിന് ഒട്ടുമിഷ്ടമില്ലാതിരുന്ന ഒരു കാര്യം, അഭിനയം, എന്നെക്കൊണ്ട് ചെയ്യിപ്പിച്ചുവെന്ന്. കുഞ്ഞു കുഞ്ഞു കവിതകള്‍ എഴുതി അമ്മയെ കേള്‍പ്പിക്കുക, ഏറി വന്നാല്‍ ഒരു സര്‍ക്കാര്‍ ഓഫീസിലെ ദുര്‍മുഖിയായിട്ടുള്ള ഒരുദ്യോഗസ്ഥ. അല്ലെങ്കില്‍ അങ്ങേയറ്റം ഒരു എല്‍.എല്‍.ബി. അത്രയേ ഉണ്ടായിരുന്നുള്ളൂ എന്റെ മനസില്‍.

പക്ഷേ, ഒരു നടിയായതില്‍ ഞാനൊരുപാട് സന്തോഷിക്കുന്നു. പ്രശസ്തിയൊന്നുമല്ല അതില്‍ കാര്യം. അതിലുമപ്പുറം പരിചയമില്ലാത്ത എത്രയോ പേര്‍ നമ്മളെ കാണുമ്പോള്‍ ഹൃദയം തുറന്ന് ഓടി വന്ന് കെട്ടിപ്പിടിക്കുന്നു. എന്നിട്ട്, 'വണ്ണം വെച്ചാലുണ്ടല്ലോ, നല്ല അടിതരും. കേട്ടല്ലോ... ഉര്‍വശിയങ്ങനാണോ കണ്ടിരിക്കുന്നെ' എന്നു പറയുന്ന ആള്‍ക്കാരുടെ വാത്സല്യം.

ഞാന്‍ കേട്ടിട്ടുണ്ട്, ചിലരെക്കുറിച്ചൊക്കെ ആളുകള്‍ മോശമായി പറയുന്നത്. പക്ഷേ, ദൈവമേ, ഇന്നുവരെ എനിക്കങ്ങനെയുള്ള ഒന്നും ഉ ണ്ടായിട്ടില്ല. വളരെ നല്ല പ്രതികരണം മാത്രമേ ആളുകളില്‍ നിന്നു കിട്ടിയിട്ടുള്ളൂ. ഇതൊക്കെയൊരു ഭാഗ്യമല്ലേ?

നടന്മാര്‍ക്ക് പ്രായം പ്രശ്‌നമില്ല. ഉര്‍വശിക്ക് പ്രായം കുറഞ്ഞൊരു നായകനെ പറ്റുമോ?

അതു പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്‍ മനസില്‍ കാണുന്ന ഒരു കോണ്‍സെപ്ട് നമ്മുടെ നാട്ടില്‍ വേറെയാണ്. അതുമായിട്ട് യോജിക്കാന്‍ നമ്മള്‍ ശ്രമിക്കണം. കാരണം, സ്ത്രീയെ സുരക്ഷിതമായിട്ട് നോക്കുന്നൊരാളാണ് പുരുഷന്‍. ഇപ്പോ അമ്മയാണെങ്കിലും ഭാര്യയാണെങ്കിലും അവരെ നന്നായി നോക്കണം. ഇതാണ് പുരുഷന്റെ റോള്‍.

പിന്നെ, ഏറ്റവും അടുത്തൊരു കൂട്ടുകാരന്‍ ആണെങ്കില്‍പോലും, അയാള്‍ കല്യാണം കഴിച്ചൊരു സ്ത്രീയെ നിങ്ങള്‍ ചേച്ചിയെന്നും പെങ്ങളെന്നും വിളിക്കും. അതുവരെ ബാക്കി പെണ്ണുങ്ങളെക്കുറിച്ചൊക്കെ നിങ്ങളുപയോഗിക്കുന്നൊരു ലാംഗ്വേജ്തന്നെ വേറെയായിരിക്കും. പക്ഷേ, കൂട്ടുകാരന്‍ കല്യാണം കഴിച്ച അവന്റെ ഭാര്യയാണെന്നു അറിഞ്ഞുകഴിഞ്ഞാല്‍ ബഹുമാനമാണ് അവള്‍ക്ക് കൊടുക്കുന്നത്. അപ്പോ ള്‍ സ്ത്രീ പക്വമതിയാവുകയാണ്.

എന്റെ ജീവിതം തന്നെ നോക്കൂ. എന്റെ ആങ്ങളയും ഞാനും തമ്മില്‍ ഒരു വയസിന്റെ വ്യത്യാസമേയുള്ളൂ. ഞാന്‍ പതിനാലാം വയസില്‍ എന്റെ അച്ഛന്റെ പ്രായമുള്ള നായകന്റൊപ്പം അഭിനയിക്കുമ്പോള്‍, അനിയന്‍ നിക്കറുമിട്ട് ടയറുരുട്ടി കളിച്ചോണ്ടിരിക്കുകയാണ്. എന്നേക്കാള്‍ ഒരു വയസിനിളയതാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലായിരുന്നു.

ഒരിക്കല്‍ മുഖ്യധാരയില്‍ നായികാവേഷം കൈയാളിയ ഉര്‍വശി ഇപ്പോള്‍ അമ്മവേഷങ്ങളിലേക്ക് വരുമ്പോള്‍ വിഷമമുണ്ടോ?

അമ്മവേഷത്തിലല്ല. യഥാര്‍ഥത്തില്‍ അമ്മയായപ്പോള്‍ ഞാന്‍ വിഷമിച്ചോ? ഇല്ലല്ലോ. പ്രായത്തിനെ നമ്മള്‍ അംഗീകരിക്കേണ്ടേ? ഞാന്‍ പതിവ് അമ്മ വേഷങ്ങളിലല്ല അഭിനയിക്കുന്നത്. അതിനു വേറെ ആളുകളുണ്ട്. കഥയെ നയിക്കുന്ന കഥാപാത്രങ്ങളിലേ ഞാന്‍ അഭിനയിക്കുന്നുള്ളൂ. 'അച്ചുവിന്റെ അമ്മ'യിലേതുപോലെ. ആ നിലയില്‍ മലയാളം എന്നെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. 'തലയിണമന്ത്രം, ഭരതം, മഴവില്‍ക്കാവടി, കാക്കത്തൊള്ളായിരം, മുഖചിത്രം, വര്‍ത്തമാനകാലം, മിഥുനം...' എത്രയോ ചിത്രങ്ങള്‍. പക്ഷേ, മിഥുനത്തിലെ ക്ലൈമാക്‌സ് എനിക്കിഷ്ടപ്പെട്ടിരുന്നില്ല. അതില്‍ ഭര്‍ത്താവ് പറയുന്നുണ്ടല്ലോ 'നിന്നെ ഞാന്‍ തിരിച്ച് വീട്ടില്‍ കൊണ്ടുവിടുമെന്ന്'. അതുകണ്ട് പല സ്ത്രീകളും എന്നോട് പറയുകയുണ്ടായി, 'സ്ത്രീയെ ഇഷ്ടമില്ലെന്നതിന്റെ പേരില്‍ ഇങ്ങനെ കൊണ്ടുവിടാം. പക്ഷേ, ഇഷ്ടമില്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെ നമുക്ക് തിരിച്ചുകൊണ്ടുവിടാന്‍ പറ്റുമോ?' അര്‍ഥവത്തായ ചോദ്യമായിതോന്നി എനിക്കത്.

ഉര്‍വശിക്ക് ദീര്‍ഘകാല സൗഹൃദങ്ങളുണ്ടോ?

ലോകത്ത് നിലനില്‍ക്കുന്നതൊന്നേയുള്ളൂ, സൗഹൃദം. മറ്റൊരു ബന്ധങ്ങളിലും ഇപ്പോഴെനിക്ക് വിശ്വാസമില്ല. വിശ്വാസം ഇല്ലാതായിട്ട് കുറച്ചു ദിവസങ്ങളേ ആയുള്ളൂ. നമ്മളൊരുപാട് പ്രതീക്ഷിക്കുന്നതുകൊണ്ടായിരിക്കാം, വിശ്വസിക്കുന്നവരില്‍ നിന്നും പെരുമാറ്റത്തില്‍ ചെറിയ വ്യത്യാസം തോന്നിയാല്‍ വലിയ ആഘാതം പോലെ തോന്നും. പക്ഷേ, നമ്മുടെ ഒപ്പം ജനിക്കാത്തതും എപ്പോഴും എവിടെയും ലഭിക്കാവുന്നതുമാണ് സൗഹൃദം. അതിന് ഭാഷയും പ്രശ്‌നമല്ല, ജാതിയും പ്രശ്‌നമല്ല. ഒരു സുഹൃത്തെന്നു പറയുന്നത് റോമന്‍ കാത്തലിക്ക് ആയിരിക്കണം എന്നൊന്നുമില്ല. സുഹൃത്തിനെ നമുക്ക് ഏതു ജാതിയില്‍ നിന്നും തിരഞ്ഞെടുക്കാം.

സിനിമയില്‍ എനിക്ക് വലിയ സൗഹൃദങ്ങളില്ല. വിരലിലെണ്ണാവുന്ന ചിലരൊഴിച്ച്. അവിടത്തെ ബന്ധങ്ങളെ സൗഹൃദമെന്നു പറയാനും കഴിയില്ല. ഒരു വര്‍ക്കിംഗ് അറേഞ്ചുമെന്റ് അത്രേയുള്ളൂ.

നടി ഖുഷ്ബു എന്റെയൊരു നല്ല സുഹൃത്താണ്. അതുപോലെതന്നെയാണ് നടന്‍ കമല്‍ഹാസനും. കമല്‍ഹാസന്‍ എന്ന വ്യക്തിയെ എനിക്കു ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല. കളങ്കമില്ലാത്തൊരു സൗഹൃദം, അതാണ് ഞങ്ങളുടേത്.

നിങ്ങള്‍ ഏതൊക്കെ പടങ്ങളില്‍ ഒരുമിച്ചു വര്‍ക്ക് ചെയ്തിട്ടുണ്ട്?

'മൈക്കിള്‍ മദന്‍ കാമരാജന്‍', 'മകളിര്‍മട്ടും...' അങ്ങനെ ചില പടങ്ങളേയുള്ളു. പക്ഷേ, പരസ്​പരമുള്ള ബഹുമാനം വലുതാണ്. അയാള്‍ ഭയങ്കര ദേഷ്യക്കാരനും ഈഗോയിസ്റ്റുമാണ്. അതിനേക്കാള്‍ വലിയ ഈഗോയിസ്റ്റാണ് ഞാനും. അടിപിടിയൊക്കെ ഉണ്ടായിട്ടുണ്ട്. 'എനിക്ക് ജീവിക്കണമെന്നൊരു താത്പര്യവുമില്ല, ആത്മഹത്യ ചെയ്യാന്‍ തോന്നുന്നു.' ഞാന്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ആണോ, ആത്മഹത്യ ചെയ്താല്‍ അതിന്റെ നഷ്ടം നിങ്ങള്‍ക്കുതന്നെ. ലോകം അങ്ങനെത്തന്നെ പൊയ്‌ക്കൊള്ളും. പക്ഷേ, ഒരഞ്ചു മിനുട്ട് എനിക്ക് ഉര്‍വശിയോടു സംസാരിക്കണമെന്നുണ്ട്. സംസാരിച്ചു കഴിഞ്ഞിട്ട് നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോ. ദാറ്റ് ഈസ് യുവര്‍ വിഷ്' എന്ന്. അതു കേട്ടു കഴിഞ്ഞിട്ട് ഞാന്‍ കിടന്നുറങ്ങി. പിറ്റേന്ന്, രാവിലെ എണീക്കുമ്പോഴേക്കും ആത്മഹത്യയുടെ കാര്യം മറന്നിരുന്നു.

കമലിനും പല പ്രശ്‌നങ്ങള്‍ ഉണ്ടായില്ലേ. അപ്പോഴെങ്ങാനും വിളിച്ചിരുന്നോ?

ഇല്ല, അതാണെന്റെ കുഴപ്പം. അതുകൊണ്ടാണെനിക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ കഴിയാത്തത്. നമ്മളതു ചോദിച്ചു കഴിഞ്ഞാല്‍ എന്താവും, നമ്മളെക്കുറിച്ചെന്തു വിചാരിക്കും എന്നൊക്കെ കരുതി ഞാന്‍ ചോദിക്കാത്തതാണ്.

കമല്‍ ഇങ്ങോട്ടൊന്നും പറഞ്ഞിട്ടില്ലേ?

എല്ലാം പറയുമെന്റടുത്ത്. അപ്പോള്‍ ഞാന്‍ വലിയ അമ്മൂമ്മയെപോലെ പറയും, 'കമല്‍ജി, ദൈവത്തെ തൊഴണം, ഈശ്വരന്‍ വലിയൊരു കാര്യമാണ്', എന്നൊക്കെ. കമല്‍ വലിയ നിരീശ്വരവാദിയാണ്. എങ്കിലും, ഞാനിതെല്ലാം പറയുമ്പോള്‍ പുള്ളി ദൈവത്തെ നിഷേധിച്ച് ഒരു കാര്യവും പറയാറില്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.

ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടൊരാളാണ് അദ്ദേഹം. അദ്ദേഹം ആരുടെയും പിറകെ പോയിട്ടില്ല. പെണ്ണുങ്ങളാണ് കമലിന്റെ പിറകെ പോയത്. വളരെ ബ്രൈറ്റായ, കഴിവും സൗന്ദര്യവുമുള്ള ഒരാളല്ലേ.

ഉര്‍വശിയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സുഹൃത്തുക്കളുടെ നിലപാട് എന്തായിരുന്നു?

എന്നെ വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തുവെന്ന് പറയാന്‍ മലയാള സിനിമയില്‍ ആരുമില്ല. ചില സംവിധായകര്‍, മാധ്യമപ്രവര്‍ത്തകര്‍..ഇവരൊക്കെ എന്നോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മീഡിയയോടു എനിക്ക് വലിയ അടുപ്പം തോന്നിയൊരു കാലഘട്ടമായിരുന്നു അത്.

സംവിധായകര്‍ ആരൊക്കെയാണ്?

രാജീവ് കുമാര്‍., വേണു നാഗവള്ളി... അവരൊക്കെ എന്നെ കുഞ്ഞിലേ മുതലേ അറിയാവുന്നവരല്ലേ. ഞാനെല്ലാവരെയും അവോയിഡ് ചെയ്‌തൊരു സമയമായിരുന്നുവത്. ആകെ ഇഷ്ടപ്പെട്ടിരുന്നത് തനിച്ചിരിക്കുന്നതു മാത്രം. പക്ഷേ, അപ്പോഴൊക്കെ അവര്‍ എന്നെ വിളിച്ച് ആശ്വസിപ്പിക്കുമായിരുന്നു. അപ്പോള്‍ ഞാനവരോടും ദേഷ്യപ്പെടും. ഞാനൊരു ദേഷ്യക്കാരിയായി മാറി.

വേണുച്ചേട്ടന്‍ എന്നെ മോളെപ്പോലെയാണ് കരുതുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം വിളിക്കുമ്പോള്‍ എന്റെ അമ്മ വിളിക്കുന്നതുപോലെയാണെനിക്ക്. എത്ര ദേഷ്യപ്പെട്ടാലും അദ്ദേഹം അതു മറക്കും. വീണ്ടും എന്നെ വിളിച്ച് ആശ്വസിപ്പിക്കും.

ഉര്‍വശിക്ക് ഒരുകാലത്തും നെഗറ്റീവ് ചിന്തകള്‍ ഉണ്ടായിട്ടില്ലേ?

മനസിനെ ഒരുപാട് വിഷമിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതില്‍നിന്നും ഒളിച്ചോടാനാണ് ഒരാര്‍ട്ടിസ്റ്റിനു താല്‍പ്പര്യം. കാരണം, യഥാര്‍ഥ കലാകാരന്‍ വളരെ സെന്‍സിറ്റീവാണ്, ഇമോഷണലാണ്. പ്രായോഗികമായി തീരുമാനമെടുക്കാനുള്ള സമയത്ത് വികാരപരമായി തീരുമാനമെടുക്കും. പ്രായോഗികമായി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള തീരുമാനങ്ങളാവും. എങ്കിലും മനസ് പറയും, ഇതുതന്നെയാണ് ശരിയെന്ന്. എന്റെ ജീവിതത്തില്‍ അങ്ങനെയാണ്. പ്രായോഗികമായി ഒരു തീരുമാനം വളരെ മോശമായിരിക്കും. എങ്കിലും മനസ് പറയും, അതു മതിയെന്ന്.

ചുരുക്കത്തിലൊരു വികാരജീവിയാണല്ലേ?

അങ്ങനെയൊന്നുമില്ല. സത്യസന്ധമായി പ്രതികരിക്കുന്നൊരു ആളാണ് ഞാന്‍. ആത്മാര്‍ഥതയുള്ള സമീപനമായിരിക്കും. മുഖംമൂടിയിട്ട് എനിക്ക് പരിചയമില്ല. പല കാര്യങ്ങളിലും സ്വയം നിയന്ത്രിക്കാനുള്ള കഴിവുകളുമുണ്ട്. ഞാനൊരു കാര്യം പ്രവര്‍ത്തിച്ചാല്‍ അതുകൊണ്ടുണ്ടായേക്കാവുന്ന ദോഷങ്ങളെക്കുറിച്ച് ബോധമുണ്ടെങ്കിലും മനസ്സ് അതുതന്നെ ചെയ്യണമെന്ന് ആഗ്രഹിക്കും. മനസിനെ നിയന്ത്രിക്കാനുള്ള വിവേകം ആ സമയത്ത് മാറിനില്‍ക്കും. അതിന്റെ ഭവിഷ്യത്തും നമ്മള്‍ തന്നെയാണ് അനുഭവിക്കേണ്ടത്.

മുമ്പ് ഉര്‍വശി പറഞ്ഞത് ഓര്‍മവരുന്നു, ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അഭിമുഖീകരിക്കുമ്പോള്‍, സിനിമയിലെ ചില കഥാപാത്രങ്ങളെ ഓര്‍മവരുമെന്ന്.


നമ്മള്‍ ചെയ്തുവെച്ച പല കാര്യങ്ങളും ജീവിതത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ അത്ഭുതപ്പെടും. 'ആ സിനിമയിലും ഇതേപോലത്തെ ഒരു സംഭവം വന്നിരുന്നുവല്ലോയെന്ന്.

'ആരോടെങ്കിലും ദേഷ്യപ്പെട്ടു സംസാരിക്കുമ്പോള്‍ത്തന്നെ, എന്റെയുള്ളില്‍ ഒരു ചിരി കയറിവരും. 'ഇതുപോലെയുള്ള എത്ര റോളുകള്‍ ഞാന്‍ ചെയ്തിരിക്കുന്നു. പ്രസവമുറിയില്‍ കിടന്ന് ഞാന്‍ ചിന്തിച്ചു,'പ്രസവവേദന ശരിക്കും ഞാന്‍ അഭിനയിച്ചതുപോലെയല്ലല്ലോ' എന്ന്. സിനിമയില്‍ ഒരു പാറ്റേണ്‍ ഉണ്ട്. പ്രസവവേദന കാണിക്കാന്‍. അമ്മേ... ആ... അവസാനം ഒരൊറ്റ വിളി... ആ... കുഞ്ഞു ജനിച്ചു കഴിഞ്ഞു. യഥാര്‍ഥത്തില്‍ ഒരു പ്രസവവേദന അനുഭവിച്ചപ്പഴാ മനസ്സിലായത് അഭിനയമൊന്നുമല്ലെന്ന്.

ഉര്‍വശി വിവാഹമോചനം നേടിയിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. അതിന്റെ പ്രശ്‌നങ്ങള്‍ ചെന്നൈയില്‍ തനിച്ച് എങ്ങനെയാണ് നേരിട്ടത്?

ജീവിതത്തില്‍ ഒറ്റയ്ക്കാവുന്നതുപോലെ അനുഭവപ്പെട്ടു. തുടക്കത്തില്‍ പലവിധ പ്രശ്‌നങ്ങളുണ്ടായി ഞാന്‍ വല്ലാതെ മാനസികമായി വേദനിച്ചു. കാലം എല്ലാ മുറിവുകളും ഉണക്കുമെന്നല്ലേ? ഇപ്പോള്‍ ഞാനതൊക്കെ നേരിടാന്‍ പഠിച്ചു.

ആ പഴയ വലിയ വീടു വിറ്റു. വത്സരപാക്കത്ത് പുതിയൊരു വീടു വച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സിനിമയുള്ളതുകൊണ്ട് എനിക്കു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ ഞാനിപ്പോള്‍ ഭ്രാന്താശുപത്രിയിലായേനെ. അത്രയും മാനസികസമ്മര്‍ദങ്ങളിലൂടെ ഞാന്‍ കടന്നുപോയി.

മറ്റൊരു ജോലിയിലാണെങ്കില്‍ നമുക്കു പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. സിനിമയായതുകൊണ്ട് കുറച്ചുകാലം മാറിനില്‍ക്കാം. വീണ്ടും തിരിച്ചുചെല്ലാം. ആളുകള്‍ തരുന്ന സ്‌നേഹവും ആദരവും ഒക്കെ ഒറ്റപ്പെടുന്ന മനുഷ്യന് ആശ്വാസമായി തോന്നും. വിവാഹമോചനം നേടി എന്നതുകൊണ്ട് ഫുള്‍ടൈം കരഞ്ഞുകൊണ്ടിരിക്കണമെന്നില്ല. എത്രയോപേര്‍ ഗള്‍ഫുനാട്ടിലും വിദേശത്തുമൊക്കെ തനിച്ചു പോയി പണിയെടുക്കുന്നവരുണ്ട്. അവരെ ആരാണ് മനസിലാക്കുന്നത്?

അവര്‍ ഒരു കാഴ്ചവസ്തു മാത്രം. കുറേ കഷ്ടപ്പാടിന്റെ ഓര്‍മകളുമായി അവര്‍ വാര്‍ധക്യത്തില്‍ തിരിച്ചുവരുന്നു. അവര്‍ക്കാര്‍ക്കും ജീവിതമില്ലെന്നു പറയാനാവുമോ? ഇങ്ങനെയൊക്കെ ഓര്‍ക്കാറുണ്ട് ഞാന്‍.

വിവാഹമോചനം തേടുന്ന പലരും പുരുഷവിദ്വേഷികളായി മാറാറുണ്ട്. ഉര്‍വശിയുടെ കാര്യമെങ്ങനെ?

എന്റെ കാര്യം പറയാം. എന്റെ കുടുംബം, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ മാത്രമടങ്ങിയ ചെറിയ വട്ടത്തിലായിരുന്നു ഞാന്‍. കുട്ടിക്കാലത്ത് അമ്മയായിരുന്നു എല്ലാം. ഈ ചെറിയ വട്ടത്തില്‍ സ്വര്‍ഗത്തിലെന്നപോലെ കഴിഞ്ഞവളാണ്. സിനിമയില്‍ വന്നപ്പോഴും നല്ല പെരുമാറ്റമേ എനിക്ക് എവിടെനിന്നും കിട്ടിയുള്ളൂ. സ്വന്തമെന്നു വിചാരിക്കുന്ന നമ്മുടെ ആളുകളില്‍ നിന്ന് അകന്നുപോവുന്നത് തീര്‍ച്ചയായും ഭയങ്കര വേദനയാണ്.

അച്ഛന്‍, സഹോദരന്‍, അമ്മാവന്‍, സഹപ്രവര്‍ത്തകര്‍... എത്രയോ നല്ല പുരുഷന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഒരു വിവാഹമോചനം നടന്നെന്നു കരുതി ആള്‍ക്കാരെല്ലാം പിശകാണെന്നു ഞാന്‍ കരുതുന്നില്ല. അതേസമയം സ്ത്രീകള്‍ക്ക് അല്പം കഴിവു കൂടുതലുണ്ടെങ്കില്‍ അതിനെ ബഹുമാനത്തോടെ കാണുന്നവരുണ്ട്. അത് അസൂയയോടെ കണ്ട് അരക്ഷിതബോധം അനുഭവിക്കുന്നവരുണ്ട്. അവരോട് ചെറിയ കുട്ടികളെ കാണുന്നതുപോലെ നമ്മള്‍ ക്ഷമിക്കും. വര്‍ഷമെത്രയായി. അവരെയൊക്കെ എനിക്കു കാണുമ്പോഴേ മനസ്സിലാവും. 'ഈ പുഴയും കടന്ന്' എന്ന സിനിമയില്‍ മഞ്ജു ദിലീപിനോട് പറയുന്നില്ലേ, 'കാള വാലു പൊക്കുമ്പോഴേ കാര്യം മനസിലായെന്ന്...'

പുറമേ നിന്നുള്ള പലരും പറയുന്നത് ഉര്‍വശിക്ക് അമ്മയുടെയും സഹോദരിമാരുടെയും പിന്തുണ ഇല്ലെന്നാണ്?

അതിപ്പോ ചില കാര്യങ്ങളില്‍ ചിലര്‍ക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റും. ചില കാര്യങ്ങളില്‍ മാത്രം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ആരേയും ഇടപെടുത്തിയിട്ടില്ല.

അതെന്തുകൊണ്ടാണ്? സ്വതന്ത്രയായതുകൊണ്ടാണോ?

എന്റെ വളരെ പേഴ്‌സണല്‍ ആയിട്ടുള്ള കാര്യങ്ങള്‍ ആരുമായിട്ടും ചര്‍ച്ച ചെയ്യുന്നത് എനിക്കിഷ്ടമല്ല. അതില്‍ ആരും കൂടുതല്‍ ഇടപെടുന്നതും എനിക്കിഷ്ടമല്ല. ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരോടുപോലും വളരെ പേഴ്‌സണല്‍ ആയിട്ടുള്ള കാര്യങ്ങള്‍ ഞാന്‍ ചര്‍ച്ച ചെയ്യാറില്ല.
എന്റെ മനസിനനുസരിച്ച് ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഞാന്‍ മാത്രമേറ്റെടുക്കുന്നു. ഒരാളെയും എനിക്ക് പഴിക്കാനില്ല. അതുകൊണ്ടുതന്നെ ആരുടെയും സപ്പോര്‍ട്ട് ഞാനാവശ്യപ്പെടുന്നില്ല.

തകര്‍ച്ചയില്‍നിന്നു രക്ഷപ്പെടാന്‍ ഉര്‍വശി മദ്യപിക്കുന്നതായി വാര്‍ത്ത പരന്നിരുന്നു. പ്രശ്‌നങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ മദ്യപിക്കുന്നത് പ്രശ്‌നം വഷളാക്കുകയല്ലേ ഉള്ളൂ.

ഇതൊക്കെ വ്യക്തിപരമായ കാര്യമാണ്. അതിവിടെ ചര്‍ച്ച ചെയ്യാന്‍ എനിക്ക് ആഗ്രഹമില്ല. എന്റെ ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടം പിന്നിടുകയാണ് ഞാന്‍. അതുമിതുമൊക്കെ പറഞ്ഞ് രസിക്കുന്നവര്‍ രസിക്കട്ടെ. അതൊന്നും എന്നെ ബാധിക്കുന്നില്ല. മറ്റാരെക്കുറിച്ചും ഗോസിപ്പു പറയാന്‍ കിട്ടിയില്ലെങ്കില്‍, തന്നെക്കുറിച്ച്തന്നെ ഗോസിപ്പു പറയുന്നവര്‍ സിനിമയിലുണ്ട്.

കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേസ് നിലവിലില്ലേ?

കേസ് കോടതിയിലാണ്. മോള്‍ വളരുന്നത് കൊച്ചിയില്‍ എന്റെ അമ്മയുടെ അടുത്താണ്. അമ്മയെന്ന നിലയില്‍ മകളോടുള്ള മാനസികബന്ധം എനിക്കേറെയാണ്. സമയം കിട്ടുമ്പോഴൊക്കെ ഞാനെന്റെ കുഞ്ഞാറ്റയുടെ അടുത്ത് ഓടിയെത്താറുണ്ട്.

മനോജ് കെ. ജയനെ കാണേണ്ടിവരാറുണ്ടോ?

എന്റെ ജീവിതത്തില്‍ നിന്നും മായ്ച്ചുകളഞ്ഞ ഒരാളെപ്പറ്റി ഒന്നും പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. വെറുതെ ഞാനൊരു കഥ പറയാം. എന്റെ കൂട്ടുകാരി പറഞ്ഞതാണ്.

ഒരു ചെറുപ്പക്കാരന്റെ അനുഭവമാണ്. അയാള്‍ക്ക് തന്റെ സഹപ്രവര്‍ത്തകന്‍ വലിയ പ്രശ്‌നമായിരുന്നു. എപ്പോഴും അയാള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതുപോലെ തോന്നിക്കൊണ്ടിരുന്നു. അതു ക്രമേണ അസ്വസ്ഥതയായി മാറി. അയാളെ കാണുമ്പോഴേ ടെന്‍ഷനടിക്കാന്‍ തോന്നും. ഓഫീസിലെ ഒരു സഹപ്രവര്‍ത്തകയോട് സൗഹൃദം തോന്നിയപ്പോള്‍ മറ്റേയാള്‍ ഉടനെ ചാടിക്കേറി അവളുമായി വലിയ ചങ്ങാത്തമായി. ഇരിപ്പുറയ്ക്കാതെ അയാള്‍ ഭാര്യയുടെ മുന്നില്‍ വിഷയമവതരിപ്പിച്ചു. ഞാനെന്തു ചെയ്യണം. ഭാര്യ പറഞ്ഞു:

ദാ, ഈ മേശപ്പുറത്ത് ചോറും മീന്‍കറിയുമുണ്ട്. തൊട്ടടുത്തു തന്നെ നിങ്ങള്‍ക്കിഷ്ടമില്ലാത്ത ബീന്‍സ് തോരന്‍ ഇരിപ്പുണ്ട്. അതു കാണുമ്പോള്‍ ബീന്‍സ് ബീന്‍സ് എന്ന് നിങ്ങള്‍ എന്തിന് പറയണം. അതു മറന്നേക്കുക.

ഭാര്യ ഉപദേശിച്ച ഈ തന്ത്രം അയാള്‍ ഓഫീസില്‍ ഉപയോഗിച്ചു. പഴയ പ്രശ്‌നമുണ്ടായ സഹപ്രവര്‍ത്തകന്‍ അയാള്‍ക്ക് തീരെ പ്രശ്‌നമേ അല്ലാതായി. അയാള്‍ക്ക് സ്വസ്ഥനാവാന്‍ കഴിഞ്ഞു. ഈ മട്ടിലാണ് എന്റെ ചിന്താഗതി. ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ അവഗണിക്കുക. ഞാനതു മറന്നേ പോകുന്നു.

വിവാഹമോചനക്കേസിലൊക്കെ ചില ഭാര്യാഭര്‍ത്താക്കന്മാര്‍ പറയാറുണ്ട്. 'ഞാന്‍ കേസു ജയിച്ചു കേട്ടോ'എന്ന്. യഥാര്‍ഥത്തില്‍ ഭര്‍ത്താവ് ജയിച്ചാലും ഭാര്യ ജയിച്ചാലും രണ്ടുപേരും തോറ്റെന്നേ അര്‍ഥമുള്ളൂ.

പോസിറ്റീവ് എനര്‍ജിയെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഞാനൊരു കാര്യം ഓര്‍ത്തത്. ബാലതാരം മുതല്‍ സൂപ്പര്‍താരം വരെ ഈ മട്ടില്‍ സംസാരിക്കാറുണ്ട്. 'ഞാനിപ്പോള്‍ ആത്മീയതയെക്കുറിച്ച് ആലോചിച്ചുപോകുന്നു. ചില ആളുകള്‍, ചില വാക്കുകള്‍, ചില അന്തരീക്ഷം എല്ലാം നമ്മില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നു.' ഒരു മനുഷ്യന് ജീവിക്കുന്നതിനാവശ്യമായതില്‍ കൂടുതല്‍ ആത്മീയതയെക്കുറിച്ചാണ് അവരുടെ സംസാരം. ഉര്‍വശിയും ആ ടൈപ്പാണോ?

ഞാനോര്‍ക്കുന്നു, 2004-ലാണ്. രാജ് ടിവിയില്‍ ചില നര്‍മ്മസംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു സമകാലിക പരിപാടി ചെയ്തിരുന്നു. ടേക്
ഇറ്റ് ഈസി ഉര്‍വശി. ഓരോ എപ്പിസോഡിലും ഓരോ രംഗത്തെയും പ്രമുഖ വ്യക്തികളെ അവതരിപ്പിച്ചിരുന്നു. ലണ്ടനില്‍ കോസ്മറ്റിക് സര്‍ജനായ ഡോ. ജയപ്രകാശ് ആയിരുന്നു ഒരു ദിവസം അതിഥി. രസകരമായ ചര്‍ച്ചയായിരുന്നു അത്. അതില്‍ ആത്മീയതയും കടന്നുവന്നു.

പിന്നീട് അടുത്ത വര്‍ഷം ലണ്ടനിലെ അയാളുടെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ചരിത്രപ്രസിദ്ധമായ ഒരു വീടായിരുന്നു അത്. എല്ലാവരും സൗന്ദര്യം ശരിയാക്കാന്‍ സര്‍ജറി ചെയ്തിരുന്ന ആ ഡോക്ടറോട് ആത്മീയ കാര്യങ്ങളാണ് ഞാന്‍ സംസാരിച്ചത്. ആ വീട്ടില്‍ ശിവന്റെ ഫോട്ടോ വച്ചിട്ടുണ്ടായിരുന്നു. ഞാനാണെങ്കില്‍ ശിവഭക്തയും. കല്ക്കണ്ടം വച്ച് മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലി പൂജ ചെയ്യാന്‍ എന്നോട് അദ്ദേഹം ആവശ്യപ്പെട്ടു. ഞാനങ്ങനെ ചെയ്തു. അടുത്ത വര്‍ഷം അവിടെയൊരു ക്ഷേത്രത്തില്‍ ആത്മീയപ്രഭാഷണം ചെയ്യാന്‍ എന്നെ ക്ഷണിച്ചു.

വിദേശമലയാളികള്‍ പലരും പലതരം ശൂന്യതകളും സംഘര്‍ഷങ്ങളും ഉള്ളില്‍ പേറുന്നവരാണ്.

എന്റെ ജീവിതത്തിലും ആ സമയത്ത് പ്രശ്‌നങ്ങള്‍ തുടങ്ങുന്ന കാലമാണ്. ആത്മീയ പ്രഭാഷണമോ? എനിക്കു പോവാന്‍ കഴിഞ്ഞില്ല. ഞാന്‍ പറഞ്ഞു. പിന്നെ വരാം. ഇപ്പോള്‍ എന്റെ മനസൊന്നു ക്ലിയറാവട്ടെ.''

ആ വര്‍ഷം തന്നെ ഞാന്‍ ഹരിദ്വാറില്‍ പോയി. ഒരു തെലുങ്കു പടമായ 'സ്വരാഭിഷേക'ത്തിന്റെ ഷൂട്ടിംഗിന്.

ഗംഗയിലാണ് ഷൂട്ടിംഗ്. ചില സ്ഥലത്തൊക്കെ പോയാല്‍ വേഗം തിരിച്ചുപോരാന്‍ തോന്നും. ഇവിടെ അങ്ങനെയല്ല. എനിക്കു തിരിച്ചുപോരാനേ തോന്നിയില്ല.വളരെ ശാന്തമായ സ്ഥലം. മനസിന് ഭാരമില്ലാത്തതുപോലെ.

ഗംഗയില്‍ അപരിചിതര്‍ക്കു നടുവില്‍ വിളക്കുകളൊക്കെ ഒഴുക്കി കുളിച്ചു നിവരുമ്പോള്‍ വലിയ ശാന്തി അനുഭവപ്പെട്ടു. അടുത്തു പരിചയപ്പെട്ട ആരോ എന്നെ 'ഉര്‍വശി ദേവി' എന്നു വിളിച്ചു. ഞാനെന്തായാലും സന്ന്യാസിനിയാവാനൊന്നും പോവുന്നില്ല. എന്നാലും ഇങ്ങനെ ചില അനുഭവങ്ങള്‍ നമ്മള്‍ മറക്കരുത്.

അവിടെ എനിക്കു ഒന്നുകൂടി പോവണമെന്നുണ്ട്.