MATHRUBHUMI RSS
Loading...
ഹൃദയഗീതമായ്...
കെ.ആര്‍.പ്രഹ്ലാദന്‍

മലയാള ചലച്ചിത്രരംഗത്ത് ഈ പൂങ്കുയില്‍ പാടിത്തുടങ്ങിയിട്ട് അഞ്ചര പതിറ്റാണ്ട്...

75ന്റെ പ്രായം കടന്നിരിക്കാത്ത മധുരഗീതം. ഭാവഗാനങ്ങളുടെ ആകാശങ്ങളില്‍ ഇരിക്കാന്‍ മലയാളത്തിന്റെ ഈ അനശ്വരയായ അമ്മ-പി. സുശീല, ആ സ്വരം കരുതിവെച്ചിരിക്കുന്നു. മലയാളം കുറച്ചുമാത്രം സംസാരിക്കുന്ന സുശീലയുടെ ശബ്ദത്തിലാണ് ചരിത്രം പച്ച മലയാളത്തിന്റെ മികച്ച ഗാനങ്ങള്‍ രേഖപ്പെടുത്തിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട സുശീലാമ്മയുമായി അല്പനേരം...

* ആന്ധ്രയില്‍ ജനിച്ച് മലയാളത്തിന്റെ ഗായികയായത് പറയാമോ?

മലയാളത്തില്‍ എനിക്ക് മാസ്റ്റര്‍മാരുടെയെല്ലാം പാട്ടുകള്‍ പാടാനായി. ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, അര്‍ജുനന്‍, ദേവരാജന്‍, രാഘവന്‍ തുടങ്ങി പ്രതിഭകളുടെ സൃഷ്ടികള്‍. ഏറ്റവും കൂടുതല്‍ പാടിയതും അവരുടെ പാട്ടുകള്‍ തന്നെ.

* മലയാളം അറിയാതെ എങ്ങനെയാണ് മധുര മലയാള ഗീതങ്ങള്‍ പാടിയത് ?

മലയാളം അറിയാത്തതു കൊണ്ടാണ് എനിക്ക് നന്നായി പാടാനായത്. കുറച്ചു മലയാളം മാത്രം അറിയാവുന്ന ഞാന്‍ പാട്ടുകള്‍ നന്നായി പഠിച്ചു. ദക്ഷിണാമൂര്‍ത്തി സ്വാമി ഉച്ചാരണം നന്നാക്കാന്‍ ഏറെ പഠിപ്പിച്ചു. ഞാന്‍ നന്നായി പാട്ടുപഠിച്ചു. അതുതന്നെ രഹസ്യം. തെറ്റുവരാതെ പാടണം എന്ന ദൃഢനിശ്ചയം. 'സീത' എന്ന സിനിമയില്‍ 'പാട്ടുപാടി ഉറക്കാം ഞാന്‍...' എന്ന ഗാനമൊക്കെ പാടാന്‍ നന്നായി പരിശ്രമിച്ചു. 1955 ഒക്ടോബര്‍ 10-നാണ് ഈ സിനിമയ്ക്കുവേണ്ടി ഞാന്‍ പാടുന്നത്. എന്റെ ആദ്യ മലയാളം ഗാനം.

* മറ്റു സംഗിത സംവിധായകര്‍?

ശ്യാം, ജോയ്, രവീന്ദ്രന്‍, സലില്‍ ചൗധരി, നൗഷാദ് തുടങ്ങിയവരും എനിക്ക് നല്ല പാട്ടുകള്‍ തന്നു. മലയാളത്തില്‍ ഒടുവില്‍ പാടിയ സിനിമ 'അമ്മക്കിളിക്കൂടാ'ണ്. രവീന്ദ്രന്‍ മാസ്റ്റര്‍ എന്നെക്കൊണ്ട് വളരെ നിര്‍ബന്ധിച്ചാണ് 'ഹൃദയഗീതമായ് കേള്‍പ്പു ഞങ്ങളാ സ്നേഹഗാനധാര' എന്ന പാട്ട് പാടിച്ചത്. ഹിറ്റാവുകയും ചെയ്തു.

'ധ്വനി' യില്‍ 'ജാനകീജാനേ...' എന്ന ഗാനം നൗഷാദ് സാറും യൂസഫലിയും എനിക്ക് തന്നതാണ്. ഞാന്‍ പാടണം എന്നവര്‍ ആവശ്യപ്പെടുകയായിരുന്നു.

* ദാസേട്ടന്‍ പറഞ്ഞത് ഏറ്റവും ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന ഗായിക സുശീലാമ്മയാണെന്ന്?

അതുശരിയാണ്. എനിക്ക് എല്ലാവരുമായും നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താനായി. ജയചന്ദ്രന്‍ ഒരു പരിപാടിക്ക് വന്നപ്പോള്‍ പറഞ്ഞത് അദ്ദേഹം എന്റെയൊരു പാട്ടുപാടാം എന്നാണ്.

* അത്തരം ഓര്‍മകള്‍?

'വൈദേഹി കാത്തിരുന്നാള്‍' എന്ന സിനിമയില്‍ ''രാസാത്തി ഉന്നേ...'' എന്ന പാട്ട് ഞാനും ജയചന്ദ്രനും പാടിയിരുന്നു. അത് വളരെ ഹിറ്റായി. പിന്നെ മലയാളത്തില്‍ ഷീലയ്ക്കു വേണ്ടി ഏറ്റവുമധികം പാട്ടുപാടിയതും ഞാനാണ്.

*പി.സുശീല ട്രസ്റ്റിനെക്കുറിച്ച് പറയാമോ?

പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ട്രസ്റ്റ് സേ്കാളര്‍ഷിപ്പ് നല്‍കുന്നുണ്ട്. പഴയ തലമുറയിലെ ഗായകര്‍ക്ക് പെന്‍ഷനും സഹായങ്ങളും, ഗായകര്‍ക്ക് വൈദ്യസഹായം, ഇന്ത്യന്‍ സംസ്‌കാരത്തിനെ വളര്‍ത്തുന്ന സംഗീതധാരകളുടെവികാസം, പ്രതിഭകളുടെ ജീവചരിത്രം തയ്യാറാക്കല്‍ എന്നിവയ്‌ക്കൊപ്പം സംഗീതത്തിന്റെ വലിയൊരു ലൈബ്രറി ഒരുക്കുകയും ലക്ഷ്യമാണ്.

** ** **
പത്മഭൂഷണ്‍ ബഹുമതി നേടി സംഗീതലോകത്തെ ചക്രവര്‍ത്തിനിയായി വളര്‍ന്ന ഈ അമ്മ 1950-ലാണ് സിനിമാ സംഗീതത്തില്‍ ഹരിശ്രീ കുറിച്ചത്. മലയാളത്തില്‍ വന്നത് പിന്നെയും അഞ്ചുകൊല്ലം കഴിഞ്ഞാണ്. കേരളത്തില്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട കുടുംബ സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി ടി.എം. വെങ്കിടേഷാണ്. മുപ്പതു വര്‍ഷങ്ങളായി അമ്മയുടെ കുടുംബത്തിന്റെ ഏറ്റവും പ്രിയ സുഹൃത്താണ് വെങ്കിടേഷ്. 20-ാം വയസ്സില്‍ തിരുവനന്തപുരത്തുവെച്ചാണ് അദ്ദേഹം സുശീലയെ പരിചയപ്പെടുന്നത് കുഞ്ഞായിരിക്കെ ആ പാട്ടുകള്‍ കേട്ടുവളര്‍ന്ന വെങ്കിടേഷ് അമ്മയ്ക്ക് മകനെപ്പോലെയാണ്.

കേരളത്തില്‍ എപ്പോള്‍ വന്നാലും വെങ്കിടേഷ് ഒപ്പമുണ്ടാകും. ഇദ്ദേഹത്തിന്റെ മകനും സൗണ്ട് എന്‍ജിനീയറുമായ പ്രവീണ്‍കൃഷ്ണന്‍ പുറത്തിറക്കിയ ഭക്തിഗാന ആല്‍ബത്തിലാണ് അമ്മ അവസാനം മലയാളത്തില്‍ പാടിയത്. തൃശ്ശൂര്‍ സ്വദേശി നടേശ് ശങ്കറായിരുന്നു സംഗീതം. അഞ്ചുതവണ ദേശീയ പുരസ്‌കാരം നേടിയ സുശീലാമ്മ ഇപ്പോഴും പാടുന്നു. 'ആഗ്രഹം ഒരേയൊരാഗ്രഹം....' സംഗീതത്തിന്റെ മധുരകാലങ്ങളില്‍ തുടരാനുള്ള ആഗ്രഹം നിറഞ്ഞ ചിരിക്കൊപ്പം ആ മുഖത്ത് വിടരുന്നു.