MATHRUBHUMI RSS
Loading...
റിയല്‍ രത്‌നം
റീഷ്മ ദാമോദര്‍

നൃത്തത്തോടുള്ള ഇഷ്ടം മാത്രമായിരുന്നു കൃഷ്ണപ്രിയയുടെ മനസ്സില്‍. പക്ഷേ, 'വനിതാരത്‌നം' റിയാലിറ്റി ഷോ ഈ പെണ്‍കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു...


തിരുവനന്തപുരത്തെ കാരയ്ക്കാമണ്ഡപത്തെ 'അമിത് വില്ല' ഇപ്പോള്‍ ആഹ്ലാദതിമിര്‍പ്പിലാണ്. മെയിലുകള്‍ക്ക് മറുപടിയയച്ചും പൗരസ്വീകരണവും മറ്റുമായി കൃഷ്ണപ്രിയ..

എങ്ങനെയാണ് 'വനിതാരത്‌ന'ത്തിലെത്തിയത്്?

അമ്മയും അനിയത്തിയുമാണ് ബയോഡാറ്റ അയച്ചത്. എന്നിട്ടാണ്, ഞാനിത് അറിയുന്നതുപോലും. ഞാന്‍ മടിച്ചിയാ. എന്തു ചെയ്യാനും ആരുടെയെങ്കിലും ഒരു 'പുഷ്' വേണം. ഇതറിയാവുന്ന എന്റെ ഭര്‍ത്താവും കുറേ നിര്‍ബന്ധിച്ചു, അങ്ങനെ ഓഡിഷനു പോയി.
മോണോ ആക്ടും കണ്ടമ്പററി ഡാന്‍സും ചെയ്യാനായിരുന്നു തീരുമാനിച്ചത്. അവിടെയെത്തിയപ്പോഴാ അറിയുന്നെ, കൊണ്ടുവന്ന സി.ഡി. കേടായെന്ന്, പോരേ പൂരം. ജഡ്ജ് മുരളി മേനോന്‍ ആശ്വസിപ്പിച്ചു, ''സാരമില്ല, ഏതെങ്കിലും നൃത്തം, അവതരിപ്പിച്ചാല്‍ മതി''യെന്ന്. രണ്ടും കല്‍പ്പിച്ചു ഞാന്‍ 'ഡൈലാമോ, ഡൈലാമോ' ഇട്ട് നൃത്തം ചെയ്തു.

എങ്ങിനെയായിരുന്നു അനുഭവങ്ങള്‍?

പരിപാടിയിലെ ആദ്യത്തെ ദിവസം തീരെ മറക്കാനാവില്ല. നടി ശോഭനയെ ആദ്യം കണ്ടപ്പോള്‍ത്തന്നെ എനിക്ക് ആകെ ടെന്‍ഷനായി. ഇത്രയും വലിയൊരു ആര്‍ട്ടിസ്റ്റിനു മുന്നിലാണല്ലോ ഞാന്‍ പെര്‍ഫോം ചെയ്യേണ്ടത് എന്നോര്‍ത്തു. എനിക്കാണെങ്കില്‍ അവരെ കാണുമ്പോ നാഗവല്ലിയെ ഓര്‍മ വരും. ടെന്‍ഷന്‍ കാരണം തലേന്ന് ഭക്ഷണം പോലും കഴിച്ചില്ല. ബി.പി.യൊക്കെ തീരെ കുറഞ്ഞു. അങ്ങനെ തല കറങ്ങി വീണു, ആകെ നാണക്കേടായി.

ഒരിക്കലും മറക്കാനാവാത്തൊരു അനുഭവവും ഉണ്ടായി. റിഫ്ലക്ഷന്‍ റൗണ്ടില്‍ 'പെരുമഴക്കാല'ത്തിലെ കാവ്യ മാധവന്റെ സീനാണ് അഭിനയിച്ചത്. അതു കഴിഞ്ഞപ്പോള്‍ ശോഭന ചോദിച്ചു, 'അഭിനയത്തില്‍ ഒരു കൈ നോക്കിക്കൂടെ കൃഷ്ണപ്രിയയ്ക്ക്?' ശരിക്കും കോരിത്തരിച്ചുപോയി ഞാന്‍.

ഭര്‍ത്താവിന്റെ പിന്തുണയെങ്ങനെ?

പ്ലസ്ടു കഴിഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു ഞങ്ങളുടെ വിവാഹം. അദ്ദേഹം കണ്ടമ്പററി ഡാന്‍സ് ട്രൂപ്പ് നടത്തുകയായിരുന്നു, പേര് നസീര്‍. ഡാന്‍സ് പഠിക്കാനാണ് പോയതെങ്കിലും, പതിനഞ്ച് ദിവസമായപ്പോഴേക്കും ഞങ്ങള്‍ പ്രണയത്തിലായി. വിവാഹം കഴിക്കാനും തീരുമാനിച്ചു. ഞാന്‍ ഹിന്ദു, അദ്ദേഹം മുസ്ലീമും. അപ്പോള്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമല്ലേ. പക്ഷേ ഞങ്ങളതൊന്നും കാര്യമാക്കിയില്ല.
വിവാഹശേഷമാണ് നൃത്തത്തില്‍ ഞാന്‍ കൂടുതല്‍ സജീവമായത്. ഞങ്ങള്‍ നൃത്തപരിപാടിയുമായി കുറെയേറെ സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. 'വനിതാരത്‌ന'ത്തിലെ എന്റെ ഓരോ കോസ്റ്റ്യൂമും, തീമും തീരുമാനിച്ചതും, അതിനനുസരിച്ച് മ്യൂസിക് കമ്പോസ് ചെയ്തതുപോലും അദ്ദേഹമായിരുന്നു. എന്നേക്കാള്‍ ആത്മവിശ്വാസവും അദ്ദേഹത്തിനായിരുന്നു.

കുടുംബത്തിന്റെ പിന്തുണയോ?

ഞങ്ങള്‍ക്ക് ഒരു വയസ്സുള്ള മോനുണ്ട്, ആദ്യമൊക്കെ പരിപാടിക്ക് പോകുമ്പോള്‍ മോനെ നോക്കിയിരുന്നത് എന്റെ അമ്മയായിരുന്നു.
ഭര്‍ത്താവിന്റെ പെങ്ങളുടെ വിവാഹം കഴിഞ്ഞ് കൂട്ടിക്കൊണ്ടുപോവുന്ന ദിവസവും എനിക്ക് ഷൂട്ടിംഗുണ്ടായിരുന്നു. എനിക്ക് വിഷമമായി. ഞാനവിടെ ഉണ്ടാവേണ്ടതല്ലേ? എന്തു ചെയ്യണമെന്നറിയാതെ... അപ്പോള്‍ അദ്ദേഹത്തിന്റെ പെങ്ങള്‍ പറഞ്ഞു, സാരമില്ല, എന്തായാലും പോയി പരിപാടി ചെയ്യുവെന്ന്.

ചെറുപ്പകാലമെങ്ങനെയായിരുന്നു?

ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം തൃശ്ശൂരിലാണ്. ഒരിക്കല്‍ മൂകാംബികയില്‍ പോയി ഞങ്ങള്‍. അവിടെ നോക്കുമ്പോ, നൃത്തത്തിന്റെ വേഷത്തില്‍ കുറേ കുട്ടികള്‍ രഥം വലിക്കുന്നു. എനിക്കും കൊതിയായി, രഥം വലിക്കാന്‍. ഞാന്‍ അച്ഛനോടു പറഞ്ഞു എനിക്കും നൃത്തം പഠിക്കണമെന്ന്. അങ്ങനെ നൃത്തത്തിനു ചേര്‍ന്നു. എന്നിട്ട്, മൂകാംബികദേവിയുടെ മുമ്പില്‍ അരങ്ങേറ്റവും. നടനരത്‌നം സുരേഷ്‌കുമാര്‍, നെയ്യാറ്റിന്‍കര ശിവന്‍കുട്ടി ഇവരായിരുന്നു ഗുരുക്കന്മാര്‍.

ഇനിയെന്താണ് പരിപാടി?

നൃത്തം തുടരണം. അതോടൊപ്പം എന്റെ പഠനവും കൊണ്ടുപോവണം. ഇപ്പോ കറസ്‌പോണ്‍ണ്ടന്‍സായി ഡിഗ്രി ചെയ്യുന്നുണ്ട്. പിന്നെ നല്ല റോള്‍ കിട്ടുകയാണെങ്കില്‍ സിനിമയില്‍ ഒരുകൈ നോക്കണം.