MATHRUBHUMI RSS
Loading...
'ഭാവിയെക്കുറിച്ച് ഓര്‍ക്കാന്‍ പേടി തോന്നുന്നു'
മധു.കെ.മേനോന്‍

പ്രശ്‌നങ്ങളേയും സംഘര്‍ഷങ്ങളേയും ദൂരെനിര്‍ത്തി തന്റെ മനസ് നിങ്ങള്‍ക്ക് കാണാവുന്നതുപോലെ സംസാരിക്കുകയാണ് കാവ്യാ മാധവന്‍. ഒരു കലാകാരിയുടെ ഹൃദയസൗന്ദര്യം അപൂര്‍വമായി വെളിപ്പെടുന്നു ഈ ഇന്റര്‍വ്യൂവില്‍...


കൊച്ചിയിലെ ഹോട്ടല്‍ സരോവരം. 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമയുടെ പൂജയ്ക്ക് എത്തിയവരുടെ ശ്രദ്ധ മുഴുവന്‍ കവര്‍ന്ന് കാവ്യ. ''ഏയ് കാവ്യാ എന്തൊക്കെ വിശേഷം? പുതിയ സിനിമകള്‍ ഏതൊക്കെയാണ്?''

''വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു. എനിക്കിത്രയേ പറയാനുള്ളൂ''- കാവ്യ വഴുതിമാറി. പരിപാടിക്കെത്തിയവര്‍ കാവ്യയുടെ ഫോട്ടോയെടുക്കാന്‍ തിരക്കു കൂട്ടുന്നു. സ്ത്രീകള്‍ കാവ്യക്കരികിലെത്തി കുശലാന്വേഷണം. മോഹന്‍ലാലും കുഞ്ചാക്കോ ബോബനുമൊക്കെ ചടങ്ങിനെത്തിയിരുന്നെങ്കിലും കാവ്യതന്നെയായിരുന്നു പ്രധാന ആകര്‍ഷണം. മധുരം നല്‍കിയും ആശംസകള്‍ നേര്‍ന്നും കാവ്യക്ക് സഹപ്രവര്‍ത്തകരുടെ വക സ്വീകരണം. ''കല്യാണത്തിന് കണ്ട കാവ്യയേയല്ല''- ചിലര്‍ അടക്കം പറഞ്ഞു. ''കാവ്യ ഇത്തിരി മെലിഞ്ഞല്ലോ'', ''അല്‍പം ഗൗരവത്തിലാണല്ലോ''- ഓരോരോ അഭിപ്രായങ്ങള്‍. ഇതൊക്കെ കണ്ടും കേട്ടും കാവ്യ.

അര മണിക്കൂറിനു ശേഷം വെണ്ണലയിലെ 'മാധവ'ത്തില്‍ തിരിച്ചെത്തിയ കാവ്യ ആകെ മാറിയിരുന്നു. ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി നേരിട്ടതിന്റെ യാതൊരു ലക്ഷണവും അവരുടെ മുഖത്ത് ഇല്ല. ധൈര്യം പ്രസരിപ്പിക്കുന്നു അവര്‍. ഇതൊരു പുതിയ തുടക്കമാണ് എന്ന് വിളിച്ചുപറയുംപോലെ. സംസാരിച്ചു തുടങ്ങിയപ്പോള്‍ കാന്തിയുള്ള വാക്കുകളില്‍ കാവ്യയുടെ മനസ്സു തെളിഞ്ഞു.

കാവ്യ സന്തോഷവതിയാണല്ലോ?

എന്നെ സ്‌നേഹിക്കുന്നവരുടെ അടുത്തേക്ക് മടങ്ങിവന്നതിന്റെ സന്തോഷമാണ്. കുറെ നാളുകള്‍ക്കു ശേഷം ഞാനെന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരുമിച്ചുകൂടി. അവരുടെയെല്ലാം സ്‌നേഹം ഞാന്‍ ഒരിക്കല്‍ക്കൂടിയറിഞ്ഞു. ഭൂമിയില്‍ത്തന്നെയാണ് സ്വര്‍ഗമെന്ന് കേട്ടിട്ടില്ലേ. എന്റെ സ്വര്‍ഗം ഇവിടെയാണ്.

കാഴ്ചയിലുമുണ്ട് കാവ്യക്ക് ഒരുപാട് മാറ്റം?

അല്‍പം മെലിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തോന്നുന്നതാവാം. കുവൈത്തില്‍ നിന്ന് വരുമ്പോള്‍ നല്ല തടിയായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി, ഞാന്‍ ഇങ്ങനെയാകരുത്. പഴയ രൂപത്തിലേക്ക് മാറണം. അങ്ങനെ കൃത്യമായ ഡയറ്റിങ്ങും തുടങ്ങി. ദിവസവും ഒരു മണിക്കൂര്‍ ജിമ്മിലും പോകുന്നു. ഇപ്പോള്‍ ഒമ്പത് കിലോ കുറഞ്ഞു.

കുവൈത്തില്‍ നിന്ന് തിരിച്ചുവന്നിട്ട് മൂന്നു മാസമായെങ്കിലും കാവ്യയെ പുറത്തേക്കൊന്നും കണ്ടില്ല...?

ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ മുറിയില്‍ അടച്ചിരിക്കാനായിരുന്നു എനിക്കിഷ്ടം. അച്ഛനോടും അമ്മയോടും എന്റെ പാവക്കുട്ടികളോടും മാത്രമാണ് ഞാന്‍ സംസാരിച്ചത്. ആരാധകര്‍ക്ക് എന്നോടുള്ള സമീപനം എന്താകുമെന്ന പേടിയായിരുന്നു. ഒക്‌ടോബര്‍ ആദ്യം കണ്ണൂരില്‍ അച്ഛന്റെ ഒരു കൂട്ടുകാരന്റെ ടെക്‌സ്റ്റൈല്‍ ഉല്‍ഘാടനച്ചടങ്ങിലാണ് ആദ്യമായി പങ്കെടുക്കുന്നത്. ഞങ്ങള്‍ എറണാകുളത്തുനിന്ന് ട്രെയിനിലാണ് കണ്ണൂര്‍ക്ക് പോയത്. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള എന്റെ ട്രെയിന്‍ യാത്രയായിരുന്നു അത്. ട്രെയിനില്‍ വെച്ച് ഞാന്‍ പലരേയും കണ്ടു, പലരോടും സംസാരിച്ചു. ജനങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹം കുറഞ്ഞിട്ടില്ലെന്നും എന്റെ തിരിച്ചുവരവ് അവര്‍ ആഗ്രഹിക്കുന്നുണ്ട് എന്നും മനസ്സിലായി. ആ യാത്ര എന്റെ മനസ്സിനെ വല്ലാതെ മാറ്റി.

കാവ്യയുടെ അമ്മ ശ്യാമള ചായയുമായി വരുന്നു. ഒരു മഴ പെയ്ത് തോര്‍ന്ന വാനംപോലെ അവരുടെ മുഖം. ചിരി വന്ന് എത്തി നോക്കി പോകുന്നു. ''കുറെ നാളുകള്‍ക്ക് ശേഷമാണ് ഇവളെ ഇത്ര സന്തോഷിച്ച് കാണുന്നത്'', ശ്യാമള പറഞ്ഞു. ഈ വിവരം മിഥുനെ (കാവ്യയുടെ സഹോദരന്‍) വിളിച്ചറിയിക്ക്. അവന് വളരെ സന്തോഷമാകും'' കാവ്യയുടെ അച്ഛന്‍ മാധവന്‍ അകത്തുനിന്ന് വിളിച്ചുപറയുന്നു.
സത്യത്തില്‍ എന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്ന സര്‍പ്രൈസാണ്. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബം. ശരിക്കു പറഞ്ഞാല്‍ ഞങ്ങളുടെ മനസ്സില്‍പോലും സിനിമ ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് ബാലതാരത്തെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടിട്ട് അച്ഛനാണ് എന്റെ ബയോഡാറ്റയും ഫോട്ടോയും അയച്ചുകൊടുത്തത്. അങ്ങനെയാണ് 'പൂക്കാലം വരവായി'യില്‍ അഭിനയിക്കുന്നത്. അവിടെവെച്ച് ലാല്‍ജോസിനെ പരിചയപ്പെടുന്നു, ചന്ദ്രനുദിക്കുന്ന ദിക്കില്‍ നായികയാവുന്നു. പിന്നെ കൈനിറയെ സിനിമകള്‍, പൈസ, പ്രശസ്തി... ഒടുവില്‍ വിവാഹശേഷം സിനിമ വിടുന്നു. ഇപ്പോഴിതാ തിരിച്ചുവരവും.''- കാവ്യ ഓര്‍മകളില്‍ നിറഞ്ഞു.

ഇനി സിനിമയില്‍ സജീവമാവുകയാണോ?

ഇപ്പോള്‍ ഞാന്‍ സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുന്നു. കുറച്ചു നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. എങ്കിലും സിനിമയില്‍ എത്രകാലം എന്നൊന്നും നിശ്ചയമില്ല. സത്യത്തില്‍ സിനിമയെക്കുറിച്ചായാലും ജീവിതത്തെക്കുറിച്ചായാലും ഭാവിയെക്കുറിച്ച് സംസാരിക്കാന്‍ എനിക്കിപ്പോള്‍ പേടിയാണ്.

തിരക്കേറിയ ജീവിതം ഇനി ഉണ്ടാവില്ല എന്നാണോ?

തിരക്കു വേണം. പക്ഷേ, അത് അഭിനയത്തിനു വേണ്ടി മാത്രമാകണമെന്നില്ലല്ലോ. മറ്റെന്തെല്ലാം കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ പറ്റും. പുലര്‍ച്ചെ ജിമ്മില്‍ പോകുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെ. ടൈംടേബിള്‍ വെച്ചാണ് ഞാനിപ്പോള്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഇപ്പോള്‍ പാട്ട്ക്ലാസിന് പോകുന്നുണ്ട്. ഡാന്‍സ് പഠിത്തം വീണ്ടും തുടങ്ങുകയാണ്. ഡ്രൈവിങ്ങും പഠിക്കുന്നു.

കാവ്യക്കൊപ്പമുള്ള നടിമാരെല്ലാം അന്യഭാഷാ സിനിമകളില്‍ വിജയിക്കുന്നു. കാവ്യക്കും ആ വഴിക്ക് ശ്രമിച്ചൂടെ?

പൈസ, പേര്, പ്രശസ്തി ഇതിലൊക്കെ മലയാളത്തേക്കാള്‍ മുന്നിലാണ് മറ്റു ഭാഷാസിനിമകള്‍. 'സാധുമിരണ്ടാല്‍' എന്നൊരു സിനിമ തമിഴില്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ, മലയാള സിനിമയില്‍ ഒന്നും ചെയ്യാനില്ലാതെ ഇരിക്കേണ്ടി വന്നാലല്ലേ മലയാളം വിട്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടൂ എന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, എന്റെ മനോഭാവം മാറി. കഴിയുന്നത്ര ഭാഷകളിലെല്ലാം സിനിമ ചെയ്യണമെന്നാണ് എന്റെ ചിന്ത ഇപ്പോള്‍.

മലയാള സിനിമയില്‍ നായികമാര്‍ക്ക് ഒരു പ്രാധാന്യവുമില്ല എന്ന് ഒരിക്കല്‍ കാവ്യ പറഞ്ഞു. ഇപ്പോഴും ആ നിലപാടാണോ?

നിലപാട് മാറ്റാന്‍ അതിനു ശേഷവും മലയാള സിനിമ മാറിയിട്ടൊന്നുമില്ലല്ലോ. പുരുഷനാണ് കുടുംബത്തിലെ നായകന്‍. അതങ്ങനെത്തന്നെ ആയിക്കോട്ടെ. പക്ഷേ, ജോലിക്കാര്യത്തില്‍ അങ്ങനെയൊരു വിവേചനത്തിന്റെ കാര്യമെന്ത്? ഞാനീപ്പറയുന്നത് സൂപ്പര്‍സ്റ്റാറുകളേക്കാള്‍ പ്രാധാന്യം നടിമാര്‍ക്ക് കിട്ടണം എന്നല്ല. പക്ഷേ, സിനിമയില്‍ ഒന്നും ചെയ്യാനില്ലാത്തവരായി നടിമാരെ മാറ്റുന്നതില്‍ വിഷമമുണ്ട്.
ഏറെക്കാലം കാത്തിരുന്നിട്ട് ലാലേട്ടനൊപ്പം നായികയാകാന്‍ അവസരം കിട്ടിയ സിനിമയാണ് 'മാടമ്പി'. അതിലെന്താ എനിക്ക് ചെയ്യാനുള്ളത്? കാര്യമായിട്ട് ഒന്നുമില്ല. മാടമ്പി കണ്ടിട്ട് എന്റെ ഫ്രന്റ്‌സൊക്കെ വിളിച്ചുപറഞ്ഞു, 'നല്ലൊരു സദ്യയുണ്ടിട്ട് പായസം കിട്ടാത്ത' ഫീലിങ്ങാണ് തോന്നിയത് എന്ന്. ഞാനും ലാലേട്ടനും ചേര്‍ന്നൊരു പാട്ടുസീനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞു നില്‍ക്കാമായിരുന്നു. സത്യത്തില്‍ ലാലേട്ടന്റെയും മമ്മൂക്കയുടെയും നായികയായി അഭിനയിക്കാനുള്ള ലാസ്റ്റ് ചാന്‍സ് എന്നു കരുതിയാണ് മാടമ്പിയും ഭൂതവും ചെയ്തത്. രണ്ടു സിനിമയും വിജയിച്ചു എന്നൊരു ആശ്വാസം മാത്രമുണ്ട്.

സംസാരത്തിനിടെ ടിവിയില്‍ ഏതോ സിനിമാ പരിപാടിക്കിടെ ലോഹിതദാസ് മിന്നിമറയുന്നു. കാവ്യ ഒരു നിമിഷം ഓര്‍മകളിലേക്കു വീണു, ''വ്യക്തിപരമായി 2008-ലെ എന്റെ ഏറ്റവും വലിയ നഷ്ടമാണ് ലോഹിയങ്കിള്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അങ്കിളിന്റെ ഭൂതക്കണ്ണാടിയില്‍ ഞാനഭിനയിക്കുന്നത്. ''പത്താം ക്ലാസ് കഴിയട്ടെ. ഞാന്‍ നിന്നെ എന്റെ സിനിമയില്‍ നായികയാക്കും'', അദ്ദേഹം അന്നു പറഞ്ഞു.

ഞാന്‍ സിനിമയില്‍ നായികയാവുന്നതിനോട് അമ്മ അനുകൂലമല്ലായിരുന്നു. സിനിമാനടിമാര്‍ക്ക് നല്ല ചെക്കനെ കിട്ടില്ല എന്നായിരുന്നു അമ്മയ്ക്കു പേടി. ''അമ്മ എന്നെ സിനിമയിലേക്ക് വിടില്ല അങ്കിളേ'', ഞാന്‍ പറഞ്ഞു.

അപ്പോള്‍ ലോഹിയങ്കിള്‍ പറഞ്ഞു, ''ആരെതിര്‍ത്താലും നടിയാകാന്‍ യോഗമുള്ളവര്‍ നടിയായല്ലേ ഒക്കൂ.'' അന്നദ്ദേഹത്തിന്റെ കാല്‍ തൊട്ടു വണങ്ങിയാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങിയത്.

അദ്ദേഹം വിളിക്കും മുമ്പേ 1999-ല്‍ ലാല്‍ജോസ് എന്നെ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' നായികയാക്കി. പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ ലോഹിയങ്കിള്‍ പരിഭവം പറഞ്ഞു, 'ഞാന്‍ നിന്നെ നായികയാക്കാമെന്നു പറഞ്ഞിട്ട് നീ അതിനു മുമ്പേ നായികയായി'. ഇതു കഴിഞ്ഞ് അരയന്നങ്ങളുടെ വീടിലേക്ക് അദ്ദേഹം എന്നെ വിളിച്ചു. പക്ഷേ, പത്താം ക്ലാസിലെ പരീക്ഷ കാരണം പോകാനായില്ല. പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ് 'ചക്കരമുത്തി'ലാണ് ഞാനഭിനയിക്കുന്നത്.

കല്യാണം ക്ഷണിക്കാനായി പോയപ്പോഴാണ് അവസാനമായി കാണുന്നത്. തല്‍ക്കാലത്തേക്ക് അഭിനയം നിര്‍ത്തുകയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വിഷമമായി. ''നിനക്കുവേണ്ടി ശക്തമായൊരു കഥാപാത്രത്തെ ഞാന്‍ മനസ്സില്‍ കണ്ടുവെച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി പോരാടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ വേഷം. ഞാന്‍ നിര്‍ബന്ധിക്കില്ല. പക്ഷേ, സാധിക്കുമെങ്കില്‍ നീതന്നെ ആ വേഷം ചെയ്യണം.''

''എനിക്കു കൊതിതോന്നി ആ വേഷം ചെയ്യാന്‍. കല്യാണംപോലും അതു കഴിഞ്ഞു മതി എന്നുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ തിരിച്ചുവന്നു. പക്ഷേ അങ്കിളില്ല.'' കാവ്യയുടെ കണ്ണുകള്‍ നിറഞ്ഞു.

കാവ്യക്ക് സിനിമ എല്ലാം തന്നു. ചിലത് നഷ്ടപ്പെടുത്തിട്ടുമുണ്ടാകില്ലേ?

ചെണ്ടമേളവും ആനയും പൂരവുമൊക്കെ കണ്‍നിറയെ കണ്ട ചെറുപ്പമാണ് എന്റെ നീലേശ്വരം കാലം. സ്‌കൂളില്‍ നിന്ന് എന്റെ വീട്ടിലേക്ക് അഞ്ചു മിനുട്ടേ നടക്കാനുണ്ടായിരുന്നുള്ളൂ. വഴിയിലെങ്ങാനും ആനയെ കണ്ടാല്‍ ഞാനതിന്റെ പിറകെകൂടും. വഴിയില്‍ കാണുന്നവരോടൊക്കെ സംസാരിച്ച് കറങ്ങിത്തിരിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കുറേ നേരമാകും. പക്ഷേ, സിനിമയില്‍ തിരക്കായപ്പോള്‍ നാട്ടിന്‍പുറത്തെ സന്തോഷങ്ങള്‍ എനിക്ക് നഷ്ടമായി. തളി ക്ഷേത്രത്തിലെ ഉത്സവങ്ങള്‍, വിഷൂന്റേം ഓണത്തിന്റേം രസങ്ങള്‍ എല്ലാം പോയി. പിന്നെ നീലേശ്വരം മാതിരിയുള്ള ബന്ധങ്ങള്‍ സിനിമയില്‍ കിട്ടിയില്ല. ഒരു സിനിമ ചെയ്യുമ്പോള്‍ നമുക്കു തോന്നും സെറ്റിലുള്ളവരോടൊക്കെ എന്തടുപ്പാ, അവര്‍ക്ക് തിരിച്ചും എന്തടുപ്പാ എന്നൊക്കെ. പക്ഷേ, സിനിമ കഴിയുന്നതോടെ ബന്ധം തീരും. ആദ്യമൊന്നും എനിക്കത് ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. പിന്നെ പിന്നെ ഞാനും അങ്ങനെയൊക്കെ ആയി.

ഇപ്പോള്‍ നീലേശ്വരത്തെ ഉപേക്ഷിച്ചോ?

ഏയ് അങ്ങനെയൊന്നുമില്ല. നീലേശ്വരത്ത്തന്നെ വീട് വെക്കണമെന്നായിരുന്നു എന്റെ മോഹം. പക്ഷേ, ഒരു സിനിമാനടിയാകുമ്പോള്‍ ഷൂട്ടിങ്ങിന്റെ സൗകര്യംകൂടി നോക്കണം. അതിനു പറ്റിയത് ഇവിടെ ആയതുകൊണ്ടാണ് എറണാകുളത്ത് വീട് വെച്ചത്. ജനവരിയില്‍ എന്റെയൊരു ബന്ധുവിന്റെ കല്യാണമുണ്ട്. അതിന് നീലേശ്വരത്ത് പോകണം. അച്ഛന്‍ ഇപ്പോഴും ഇടയ്‌ക്കൊക്കെ പോകാറുണ്ടവിടെ. അച്ഛന്‍ വന്ന് നീലേശ്വരം വിശേഷങ്ങള്‍ പറയുമ്പോള്‍ ഒരു കഥ കേള്‍ക്കണ സുഖത്തോടെ ഞാനും അമ്മയും കേട്ടിരിക്കും.

വിവാഹത്തിന് മുമ്പ് 49 സിനിമകളില്‍ കാവ്യ നായികയായി. ഇതില്‍ കാവ്യയുടേതെന്ന് അഭിമാനത്തോടെ പറയാവുന്ന സിനിമകള്‍ ഉണ്ടായിട്ടില്ലേ.

ഒരുപക്ഷേ, പെരുമഴക്കാലവും മിഴിരണ്ടിലും അങ്ങനെ വന്നേക്കാം. സദാനന്ദന്റെ സമയം, മീശമാധവന്‍ എന്നിവ ഒരു പരിധിവരെ തൃപ്തി തന്നിട്ടുണ്ട്. പെരുമഴക്കാലത്തിലെ ഗംഗ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വേഷമാണ്. ഗംഗ എന്റെ മനസ്സില്‍ നിന്നു വിട്ടുപോകാന്‍ ഏറെ കാലമെടുത്തു. മിഴിരണ്ടിലും സിനിമയിലെ ഭദ്രയും എനിക്കിഷ്ടമാണ്. നീലേശ്വരത്ത് തന്നെയുള്ള എനിക്കറിയാവുന്ന ഒരു സ്ത്രീയുടെ ജീവിതത്തോട് സാമ്യമുണ്ട് ഭദ്രക്ക്.

49 സിനിമകള്‍ ചെയ്തു എന്നല്ലാതെ എല്ലാം ഞാന്‍ ഇഷ്ടമായിട്ട് അഭിനയിച്ച സിനിമകളൊന്നുമല്ല. സത്യത്തില്‍ എനിക്ക് അര്‍ഹിച്ചതുപോലും കിട്ടിയിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്കിന്നേവരെ മനസ്സിലായിട്ടില്ല.

സിനിമയെക്കുറിച്ച് പുതിയ സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയോ?

മണിരത്‌നത്തിന്റെ സിനിമയില്‍ കമലഹാസന്‍, രജനീകാന്ത്, ഷാരൂഖ്ഖാന്‍ എന്നിവരുടെ നായികയായി ഒരു വേഷം. അതെന്റെ വലിയ സ്വപ്‌നമാണ്. പുലര്‍ച്ചെക്ക് കാണുന്ന സ്വപ്‌നം നടക്കുമെന്നാണല്ലോ പറയാറ്. ഈ സ്വപ്‌നം ഞാന്‍ പുലര്‍ച്ചെക്ക് കണ്ടതാണ്.

മലയാളത്തില്‍ കാവ്യയെ സ്വാധീനിച്ച നടിമാരുണ്ടോ?

ഉര്‍വശി, ശോഭന, മഞ്ജുവാരിയര്‍. അഭിനയത്തിലെ വൈവിധ്യമാണ് ഉര്‍വശിയുടെ പ്ലസ്. സ്ത്രീധനം, കാക്കത്തൊള്ളായിരം, തലയണമന്ത്രം. ഈ മൂന്നു സിനിമകളും അവര്‍ ഒരേ കാലയളവില്‍ ചെയ്ത സിനിമകളാണ്. സ്ത്രീധനത്തില്‍ ദുഃഖപുത്രി, കാക്കത്തൊള്ളായിരത്തില്‍ ബുദ്ധിസ്ഥിരതയില്ലാത്ത പെണ്ണ്, തലയണമന്ത്രത്തില്‍ കുശുമ്പുകാരി. എല്ലാം എത്ര ഭംഗിയായാണ് അവര്‍ അഭിനയിച്ചത്. അഭിനയത്തിലെ സ്ഥിരതയാണ് മഞ്ജുചേച്ചിയുടെ പ്രത്യേകത. ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. പെര്‍ഫെക്ഷനുവേണ്ടി ഇത്രയും കഠിനാധ്വാനം ചെയ്യുന്ന ഒരു നടി മലയാളത്തില്‍ ഇപ്പോഴില്ല. ശോഭനച്ചേച്ചിയുടെ ഒരു നോട്ടം മതി കൂടെ അഭിനയിക്കുന്നവര്‍ക്കുപോലും ഒരു പ്രത്യേക എനര്‍ജി കിട്ടും. കണ്ണുകൊണ്ടുള്ള അഭിനയത്തില്‍ ശോഭനച്ചേച്ചിയെ കവച്ചുവെക്കാന്‍ ഇന്ത്യയില്‍തന്നെ ആരുമുണ്ടാവില്ല എന്നു തോന്നുന്നു.

ദിലീപിന്റെ നായികയായാണ് കാവ്യ കൂടുതലും അഭിനയിച്ചത്. നിങ്ങള്‍ തമ്മില്‍ നല്ല കോമ്പിനേഷന്‍ ആണല്ലോ?

ദിലീപേട്ടന്‍ അവതരിപ്പിച്ചിരുന്ന 'കോമിക്കോള' എന്ന ടിവി പരിപാടി എനിക്കും മിഥുനേട്ടനും വലിയ ഇഷ്ടമായിരുന്നു. സ്‌കൂള്‍ വിട്ട് വന്നാല്‍ 'കോമിക്കോള' കണ്ടശേഷമേ ഞങ്ങള്‍ ഭക്ഷണംപോലും കഴിക്കൂ. എനിക്ക് 10 വയസ്സുള്ളപ്പോള്‍ ബോബനും മോളിയും എന്നൊരു സിനിമ ചെയ്തു. ദിലീപേട്ടന്‍ ആദ്യമായി നായകനായ 'മാനത്തെ കൊട്ടാരത്തിന്റെ' ഷൂട്ടിങും അതേ ലൊക്കേഷനിലായിരുന്നു. അന്ന് അവിടെവെച്ച് ഞാന്‍ ദിലീപേട്ടനെ പരിചയപ്പെട്ടു. അന്നൊന്നും ഞാന്‍ ചിന്തിച്ചില്ല ഇദ്ദേഹത്തിന്റെ നായികയായി ഞാന്‍ സിനിമയില്‍ വരുമെന്ന്. ഇതുവരെ 15 സിനിമകളില്‍ ഞങ്ങള്‍ നായികാനായകന്മാരായി അഭിനയിച്ചു. വ്യക്തിപരമായി ഒരുപാട് നന്മകളുള്ള ഒരാളായാണ് ദിലീപേട്ടനെ ഞാന്‍ കാണുന്നത്.

വിവാഹശേഷം തിരിച്ചുവരുന്ന നടിമാര്‍ക്ക് ഫീല്‍ഡില്‍ പഴയ സ്‌നേഹം കിട്ടാറില്ല എന്നു കേട്ടിട്ടുണ്ട്?

എന്നെ സംബന്ധിച്ച് എല്ലാവരും സ്‌നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. വേദനിക്കുന്ന ഒരനുഭവംപോലും എനിക്കുണ്ടായിട്ടില്ല. കല്യാണം കഴിഞ്ഞതുകൊണ്ട് എന്റെ താരമൂല്യം കുറഞ്ഞു എന്നും തോന്നിയിട്ടില്ല. ഞാന്‍ തിരിച്ചെത്തിയ അന്നുമുതല്‍ക്ക് എത്രയോ പേര്‍ ഡേറ്റ് ചോദിച്ചു വിളിച്ചു. വിവാഹത്തിന് മുമ്പുപോലും ഇത്രയധികം ഓഫറുകള്‍ എനിക്ക് വന്നിട്ടില്ല. കല്യാണം കഴിഞ്ഞ് കുവൈത്തിലേക്ക് പോയ സമയത്തും പലരും അച്ഛനെ വിളിച്ച് ചോദിച്ചിരുന്നു, 'നല്ല വേഷമാണ് മോളോട് ചെയ്യാന്‍ പറയൂ' എന്നൊക്കെ. എനിക്ക് താത്പര്യമില്ലാത്തതുകൊണ്ട് അച്ഛന്‍ 'നോ' പറയുകയായിരുന്നു.

ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ മോഹന്‍ലാലിന്റെ നായികയാണോ?

എന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നു എന്നുമാത്രമേ അറിയൂ. എല്ലാം ആയി വരുന്നേയുള്ളൂ. തിരക്കഥാകൃത്ത് ഉദയകൃഷ്ണ നേരിട്ട് വന്ന് എല്ലാം പറഞ്ഞുതരാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരു വണ്‍ലൈന്‍പോലെ കഥ കേട്ടപ്പോള്‍ നല്ല വേഷമാണെന്നു തോന്നി. തിരിച്ചുവരവ് ജോഷിസാറിന്റെ സിനിമയിലായത് എന്തായാലും നല്ല ലക്ഷണമാണ്.

ജീവിതത്തില്‍ എന്ത് നേട്ടമുണ്ടാകുമ്പോഴും പ്രശ്‌നങ്ങള്‍ വരുമ്പോഴും കാവ്യ ജ്യോതിഷത്തെ കൂട്ടുപിടിക്കുന്നു?

ദൈവത്തെ ഭയക്കുന്ന ഒരാളാണ് ഞാന്‍. ദൈവത്തെ നിന്ദിച്ച് ജീവിക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല. സത്യത്തില്‍ എന്റെ ജീവിതത്തില്‍ ജ്യോതിഷം പറഞ്ഞതൊന്നും ഇന്നുവരെ തെറ്റിയിട്ടില്ല. അനുഭവങ്ങളാണ് ഒരാളെ വിശ്വാസിയും അവിശ്വാസിയുമാക്കുന്നത്.
(കാവ്യയുടെ വലതുകൈയില്‍ പലതരം ചരടുകള്‍) ഈയടുത്ത കാലത്ത് കെട്ടിയതാണ്. ഞാനൊരു സിനിമാനടിയാണ്. ഒരുപാട് ആളുകളെ കാണേണ്ടിവരും. പലരും എന്നെ ശ്രദ്ധിക്കും. അപ്പോള്‍ ദൃഷ്ടിദോഷമെന്നൊക്കെ പറയില്ലേ. അതൊഴിവാക്കാന്‍ ഒരു കരുതല്‍ വേണമല്ലോ.

നല്ല ജാതകപ്പൊരുത്തം നോക്കിയായിരുന്നു കാവ്യയുടെ കല്യാണം. എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചില്ലേ?

അതെന്റെ വിധി. അല്ലാതെ ജ്യോത്സ്യത്തിന്റെ കുഴപ്പമല്ല. ഞാനിങ്ങനെയൊക്കെ അനുഭവിക്കണം എന്ന് തലയില്‍ വരച്ചിട്ടുണ്ട്. അത് അനുഭവിച്ചല്ലേ ഒക്കൂ. ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട് നമ്മള്‍ ജീവിതത്തില്‍ നിര്‍ബന്ധമായി അനുഭവിക്കണമെന്ന് ദൈവം നിശ്ചയിക്കുന്ന കാര്യങ്ങള്‍ ഒരു ജ്യോത്സ്യനും കണ്ടെത്താന്‍ കഴിയില്ലെന്ന്. ജാതകം നോക്കുന്ന സമയത്ത് ദൈവം ജ്യോത്സ്യന്റെ കണ്ണ് കെട്ടുമത്രെ.

സിനിമ വിട്ട കാവ്യ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ബിസിനസ് തുടങ്ങിയെന്ന് കേട്ടിരുന്നു?

കൊടുങ്ങല്ലൂരില്‍ 'മാശ്മിക' എന്നൊരു സ്ഥാപനം തുടങ്ങിയിട്ടുണ്ട്. (മാധവന്‍, ശ്യാമള, മിഥുന്‍, കാവ്യ എന്നീ പേരുകളിലെ ആദ്യത്തെ അക്ഷരം ചേര്‍ത്തുണ്ടാക്കിയ പേര്) പക്ഷേ, ഞാനിക്കാര്യങ്ങളിലൊന്നും പൂര്‍ണമായി മുഴുകാറില്ല. അതൊക്കെ വലിയ ടെന്‍ഷനാണ്. അല്ലാതെതന്നെ ഒരുപാട് ടെന്‍ഷന്‍ അനുഭവിച്ചു. ഇനി കുറച്ച് മനസ്സമാധാനമാണ് ഞാനാഗ്രഹിക്കുന്നത്. 'മാശ്മിക'യുടെ കാര്യങ്ങള്‍ എന്റെയൊരു ബന്ധു ഷാനിച്ചേട്ടനാണ് നോക്കുന്നത്.

കുവൈത്തില്‍ കാവ്യ ജോലിക്കൊന്നും ശ്രമിച്ചില്ലേ?

ജോലിക്ക് പോവുകയാണെങ്കില്‍ അത് സിനിമയില്‍ത്തന്നെ ആകാമായിരുന്നല്ലോ. അഞ്ചു വയസ്സു മുതല്‍ ഞാന്‍ ജോലി ചെയ്യുകയായിരുന്നു. അതെല്ലാം മതിയാക്കി നല്ലൊരു കുടുംബജീവിതം മോഹിച്ചാണ് ഞാന്‍ കുവൈത്തിലേക്ക് പോയത്.

അപ്പോള്‍ സിനിമ ഉപേക്ഷിക്കാന്‍ തന്നെയായിരുന്നു കാവ്യ തീരുമാനിച്ചിരുന്നത് അല്ലേ?

ഞാന്‍ ലോകത്ത് ഏറ്റവും ബഹുമാനിക്കുന്ന സ്ത്രീ അമ്മയാണ്. അമ്മയെപ്പോലെ നല്ലൊരു വീട്ടമ്മയാകുക എന്നത് ചെറുപ്പംതൊട്ടേ എന്റെ ലക്ഷ്യമായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ ടീച്ചര്‍ ചോദിക്കും കാവ്യക്ക് ആരാകാനാണ് ഇഷ്ടമെന്ന്. ഞാന്‍ പറയും അമ്മയെപോലെ ആയാല്‍ മതിയെന്ന്. അമ്മ കുടുംബം നോക്കി നടത്തുന്നത് കാണുമ്പോള്‍ ബഹുമാനം തോന്നും. അമ്മ ജോലിക്ക് പോകാതിരുന്നതുകൊണ്ടല്ലേ എന്നെയും ചേട്ടനെയും നല്ലപോലെ നോക്കാനായത്. ഞങ്ങളുടെ ഏതു കാര്യത്തിലും അമ്മയായിരുന്നു കൂട്ട്.

ചെലര് വല്യ കാര്യത്തില്‍ പറയണത് കേട്ടിട്ടുണ്ട് എന്റെ കുഞ്ഞിനെ വേലക്കാരിയാണ് നോക്കുന്നത്, അവരാണ് കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നത് എന്നൊക്കെ. അങ്ങനെ ജീവിക്കുന്നതിന് എന്താ ഒരു രസമുള്ളത്. ഇന്നത്തെ കാലത്ത് ഭാര്യക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ നല്ലതൊക്കെ തന്നെ. പക്ഷേ കുറെ പൈസ ഉണ്ടാക്കീട്ട് എന്താ കാര്യം. എന്നെ അറിയുന്നവര്‍ക്കൊക്കെ അറിയാം എനിക്ക് വീട്, വീട്ടുകാര്‍ ഇതൊക്കെതന്നെയാണ് വലുത്.

എങ്കിലും ഒരുപാടു കാലം സിനിമയില്‍ തിളങ്ങിനിന്നിട്ട് പെട്ടെന്നൊരു നാള്‍ ഇട്ടെറിഞ്ഞ് പോയപ്പോള്‍ വിഷമം തോന്നിയില്ലേ?

അത് വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല. മനസില്‍ പലപ്പോഴും സിനിമ കടന്നുവന്നു. പക്ഷേ ജീവിതമല്ലേ നമ്മള്‍ പ്രാക്ടിക്കലായി ചിന്തിക്കുമ്പോള്‍ അതുമായിട്ട് പൊരുത്തപ്പെട്ടല്ലേ പറ്റൂ. എന്നെ ഒരുപാട് മാറ്റാന്‍ ശ്രമിച്ചു. മാറീന്നുതന്നെ പറയാം.

പക്ഷേ അഭിനയം നിര്‍ത്തുകയാണെന്ന് ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. അത് ചിലപ്പോള്‍ ദൈവമായിട്ട് എന്നെകൊണ്ട് തോന്നിപ്പിച്ചതാകാം. ഇപ്പോള്‍ ഈയൊരു അവസ്ഥയില്‍ എനിക്ക് തിരിച്ചുവരേണ്ടി വന്നു. എനിക്ക് സിനിമ വിടാനുള്ള സമയമായിട്ടില്ലെന്ന് ദൈവം കരുതിക്കാണും.

തിരിച്ചുവരവില്‍ പഴയ കാവ്യക്ക് മാറ്റം വന്നോ?

എന്റെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരാളായിരുന്നില്ല മുമ്പ് ഞാന്‍. പല സിനിമകളും എന്റെ താത്പര്യം നോക്കാതെ ബന്ധങ്ങളുടെ പുറത്ത് ചെയ്യേണ്ടിവന്നിട്ടുണ്ട്. ആരെങ്കിലും സിനിമയ്ക്ക് ഡേറ്റ് ചോദിച്ച് വന്നാല്‍ പൊട്ട കഥയാണെങ്കില്‍പോലും പറ്റില്ല എന്നു പറയാന്‍ മടിയായിരുന്നു. അവരെ എങ്ങനെ വിഷമിപ്പിക്കും എന്നായിരുന്നു ചിന്ത. പക്ഷേ, ഇപ്പോള്‍ എനിക്കു തോന്നുന്നു ഞാന്‍ എന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കണം. അങ്ങനെ കൊടുക്കാതിരുന്നതുകൊണ്ടാണ് ജീവിതത്തില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടായത്. നമ്മുടെ മനസ്സിന് ശരിയെന്നു തോന്നുന്നത് മാത്രമേ ചെയ്യാവൂ. ഇനി കൂടുതല്‍ ശ്രദ്ധിക്കും ജീവിതത്തിലായാലും സിനിമയിലായാലും.

ഇങ്ങനെയൊരു പ്രശ്‌നം വന്നാല്‍ ആരായാലും തകര്‍ന്നുപോകും. കാവ്യ എങ്ങനെ പിടിച്ചുനിന്നു?

എനിക്ക് അത്ഭുതം ആണ്. മുമ്പൊക്കെ ഒരു പ്രശ്‌നം ജീവിതത്തിലുണ്ടായാല്‍ അച്ചന്റേയും അമ്മയുടേയും പിറകില്‍ നില്‍ക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് ഒരു കാര്യത്തിലും എന്റേതായ തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ പഠിച്ചില്ല. ഇപ്പോള്‍ എന്റെ ജീവിതത്തില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ ആരോടും ചോദിച്ചില്ല. സ്വയം തീരുമാനമെടുത്തു. എനിക്ക് മനസ്സിലായി ഞാന്‍ ഉള്ളുകൊണ്ട് സ്‌ട്രോങ്ങ്തന്നെയാണ്. ഒരുപക്ഷേ, ഈ നിര്‍ണായകസമയത്ത് ഞാന്‍ തളര്‍ന്നുപോയിരുന്നുവെങ്കില്‍ എന്തൊക്കെയായിരിക്കും എന്റെ ജീവിതത്തില്‍ സംഭവിച്ചിരിക്കുക എന്ന് എനിക്ക് പറയാന്‍ പോലുമാവില്ല.

ഇപ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കാനുള്ള തീരുമാനവും കാവ്യയുടേതാണോ. അതോ അച്ഛനും അമ്മയും?

ഒരുമിച്ച് താമസിക്കുന്നതിന് ചില പ്രയാസങ്ങളുണ്ട്. എന്നാല്‍ പിന്നെ പരസ്​പരധാരണ പ്രകാരം വേര്‍പിരിഞ്ഞ് താമസിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അച്ഛന്റെയും അമ്മയുടെയും അഭിപ്രായം ഞാന്‍ തിരക്കിയിട്ടില്ല. ഞാന്‍ തീരുമാനമെടുത്തിട്ട് വന്നതാണ്. തിരിച്ച് നാട്ടിലെത്തിയശേഷമാണ് ഇവരിക്കാര്യം അറിയുന്നതുതന്നെ. ഇത് എന്റെ ജീവിതമാണ്. അപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനവും എന്റേതാകട്ടെ എന്നു കരുതി.

സിനിമയിലെ സുഹൃത്തുക്കളെ ആരെയെങ്കിലും കല്യാണം കഴിച്ചാല്‍ മതിയായിരുന്നു എന്നു തോന്നുന്നുണ്ടോ?

അങ്ങനെയൊന്നുമില്ല. സിനിമയിലെ ആളുകള്‍ പരസ്​പരം ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചിട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലേ. സിനിമയില്‍ നിന്ന് അല്ലാതെ കല്യാണം കഴിച്ചിട്ട് സന്തോഷമായി ജീവിക്കുന്നവരുമുണ്ട്. അതൊക്കെ ഭാഗ്യമാണ്.

കാവ്യയുടെ സങ്കല്‍പത്തിലെപോലെ ആയില്ല കിട്ടിയ ആള്‍ എന്നാണോ?

എനിക്കങ്ങനെ സങ്കല്‍പങ്ങളൊന്നും ഇല്ലായിരുന്നു. എന്നെ നന്നായി മനസ്സിലാക്കാന്‍ പറ്റുന്ന ആളാവണം, നന്നായി സ്‌നേഹിക്കാന്‍ കഴിയണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. ഇതൊക്കെ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന കാര്യങ്ങളല്ലേ?

കാവ്യ അഭിനയിച്ച ഏതെങ്കിലും സിനിമയിലേതുപോലെ തോന്നിയോ കാവ്യയുടെ കുടുംബജീവിതം?

ഞാനഭിനയിച്ച സിനിമയിലെ കഥാപാത്രങ്ങളൊന്നും എന്റെ ജീവിതവുമായി ബന്ധപ്പെട്ടവ ആയിരുന്നില്ല. പക്ഷേ, ചില സീരിയലുകളിലൊക്കെ കാണുന്ന പോലെയായിരുന്നു എന്റെ കുടുംബജീവിതം.

വിവാഹകാര്യത്തില്‍ കാവ്യക്ക് എവിടെയാണ് പിഴച്ചത്?

എനിക്കൊരു തെറ്റു പറ്റാന്‍ ഇത് ഞാന്‍മാത്രം തീരുമാനിച്ച കല്യാണമല്ലല്ലോ. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണ്. അത് പക്ഷേ, തെറ്റായ തീരുമാനമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. ഏതൊരു അച്ഛനേയും അമ്മയേയുംപോലെ വളരെ കരുതലോടെയാണ് എന്റെ മാതാപിതാക്കള്‍ എനിക്ക് കല്യാണമാലോചിച്ചത്. സംഭവിച്ചതെല്ലാം എന്റെ വിധി.

വിവാഹം സിനിമയിലെ കൂട്ടുകാരെയൊക്കെ നഷ്ടമാക്കിയോ?

എന്നെ സംബന്ധിച്ച് അതിനേക്കാളും ഭയങ്കര പ്രശ്‌നങ്ങളൊക്കെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ഇതിനിടയ്ക്ക് ആര് വിളിക്കുന്നു, വിളിക്കുന്നില്ല എന്നൊന്നും ഞാന്‍ ഓര്‍ത്തിട്ടേയില്ല. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഞാന്‍ അച്ഛനോട് ചോദിച്ചു, ആരൊക്കെ വിളിച്ചിരുന്നുവെന്ന്. സിനിമയില്‍ 18 വര്‍ഷത്തെ ബന്ധങ്ങളാണ് എനിക്ക്. എന്നിട്ടും വിരലിലെണ്ണാവുന്ന കുറച്ചുപേര്‍ മാത്രമാണ് വിളിച്ചതെന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നി.

ഇതൊക്കെയാണെങ്കിലും സ്‌നേഹമുള്ളവരും സിനിമയിലുണ്ട്. പ്രത്യേകിച്ചും മഞ്ജുച്ചേച്ചിയൊക്കെ (മഞ്ജുവാരിയര്‍) ഫുള്‍ സപ്പോര്‍ട്ട് തന്നിട്ടുണ്ട് എനിക്ക്. മഞ്ജുച്ചേച്ചി എന്നെ ഇടക്കിടയ്ക്ക് വിളിക്കും. ധൈര്യമായിട്ട് പ്രശ്‌നങ്ങളെ നേരിടണമെന്ന് പറയും. ഞാന്‍ കല്യാണശേഷം കുവൈത്തിലേക്ക് പോയപ്പോഴും മഞ്ജുചേച്ചി വീട്ടില്‍ അമ്മയെ വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിക്കാറുണ്ടായിരുന്നു. പത്രത്തില്‍ വാര്‍ത്ത വന്ന് ആളുകളൊക്കെ അറിയുന്നതിനു മുമ്പേ മഞ്ജുച്ചേച്ചി എന്റെ കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നു. സംയുക്തവര്‍മ, ഭാവന, ഗോപിക, ഗീതുമോഹന്‍ദാസ് എന്നിവരൊക്കെ ഇതുപോലെ ധൈര്യം തന്നിട്ടുണ്ട്.

ഞാന്‍ തിരിച്ച് നാട്ടിലെത്തിയശേഷവും ഭാവന എറണാകുളത്ത് വരുമ്പോഴൊക്കെ എന്റെ വീട്ടില്‍ വരും. കൊറേ നേരം സംസാരിച്ചിരിക്കും. എന്നിട്ടും ഒരു തവണപോലും എന്റെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് അവള്‍ ചോദിച്ചിട്ടില്ല. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടാണ് അവള്‍ക്ക്. അവള് പോയി കഴിയുമ്പോള്‍ തോന്നും ഒരുപാട് നാളുകള്‍ക്ക് ശേഷം കുറച്ച് ചിരിച്ചല്ലോ എന്ന്.

എന്നോട് സ്‌നേഹംകാണിച്ച ഒരാളുകൂടിയുണ്ട് സിനിമയില്‍. സുജാ കാര്‍ത്തിക. അവളുടെ വീട് ഇവിടെ അടുത്താണ്. ഞാന്‍ കല്യാണം കഴിഞ്ഞ് പോകുമ്പോള്‍ എന്റെ എല്ലാ ടെന്‍ഷനും അമ്മയെയും അച്ഛനെയും കുറിച്ചായിരുന്നു. ചേട്ടന്‍ ഓസ്‌ട്രേലിയയില്‍, ഞാന്‍ കുവൈത്തില്‍. പിന്നെ അവര്‍ക്ക് ആരാണ് കൂട്ട്? പേടിയായിരുന്നു എനിക്ക്. ഞാന്‍ പോവുമ്പോള്‍ സുജയോട് പറഞ്ഞു, ''ഞാന്‍ പോയാല്‍ നീയെന്റെ അച്ഛനേയും അമ്മയേയും നോക്കണം. ഞാനില്ലാത്തതിന്റെ കുറവ് അവര്‍ക്ക് തോന്നരുത്''. ആ ഒരു വാക്കിന്റെ പുറത്ത് സുജ അച്ഛനും അമ്മയ്ക്കും സഹായമായി എപ്പോഴും കൂടെയുണ്ടായിരുന്നു.

സത്യത്തില്‍ സാധാരണക്കാരായ ആരാധകരാണ് കാവ്യക്ക് ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ കൂടുതല്‍ വേദനിച്ചത്.

എന്റെ അച്ഛനും അമ്മയേക്കാളും സങ്കടപ്പെട്ടിട്ടുള്ളവരുണ്ട്. കരഞ്ഞുകൊണ്ടാണ് പലരുമെനിക്ക് ഫോണ്‍ ചെയ്തത്. കാണുമ്പോള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച അമ്മമാരുണ്ട്. ഇവരൊന്നും ഞാനറിയുന്നവരല്ല. എന്നിട്ടും ഇവരൊക്കെ എന്നെ എന്തിനാ ഇത്ര സ്‌നേഹിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വന്നതില്‍ ദൈവത്തോട് പരിഭവം തോന്നുന്നുണ്ടോ?

എന്തിന് പരിഭവിക്കണം. ഇതുവരെ കാണാത്ത ഒരു ലോകം ഞാന്‍ കണ്ടു. ഇതുവരെ അനുഭവിക്കാത്ത പലതും അനുഭവിച്ചു. ജീവിതമെന്ന് പറയുന്നത് സന്തോഷവും സങ്കടവും കണ്ണീരുമൊക്കെയുള്ളതാണ്. എനിക്കൊരു കാര്യം തീര്‍ച്ചയായി. എന്ത് പ്രശ്‌നമുണ്ടായാലും നമ്മളൊറ്റയ്ക്ക് അനുഭവിക്കേണ്ട സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. ഇതില്‍ അച്ഛനും അമ്മയ്ക്കുപോലും നമ്മളെ സഹായിക്കാന്‍ കഴിയില്ല. ഇനിയൊരു വീഴ്ച എന്റെ ഭാഗത്ത് വരാതിരിക്കാന്‍ ഇതൊക്കെ ഒരു പാഠമാണ്.

അമ്മ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഞാന്‍ ആളെ മനസ്സിലാക്കാതെ സ്‌നേഹിക്കുന്ന ടൈപ്പാണെന്ന്. അത് എന്റെ മാത്രം സ്വഭാവമല്ല. ഞങ്ങള്‍ വടക്കുള്ളവരുടെ പൊതുസ്വഭാവമാണ്. ആര് ചിരിച്ചുകൊണ്ട് എന്തു പറഞ്ഞാലും അത് നമ്മുടെ ആള് എന്ന് വിശ്വസിക്കും. അത് കാരണം ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലേറെ ദോഷവും. എല്ലാവരേയും നല്ല കണ്ണിലൂടെ കാണണമെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. പക്ഷേ, ഇപ്പോള്‍ ഇതുപോലെ ജീവിത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എല്ലാവരേയും സംശയമാണെനിക്ക്. എല്ലാവരും കാണിക്കുന്ന സ്‌നേഹം സത്യമാവുമോ എന്നുപോലും സംശയം തോന്നിപ്പോകുന്നു.

കാവ്യയുടെ സംസാരമൊക്കെ മാറി. വലിയ അനുഭവങ്ങളൊക്കെയുള്ള ഒരു സ്ത്രീ സംസാരിക്കുന്നതുപോലെ.

അങ്ങനെ തോന്നുന്നുവെങ്കില്‍ നല്ലത്. കാരണം ജീവിതം വെറും കുട്ടിക്കളിയല്ല എന്നെനിക്ക് മനസ്സിലായി. ഗൗരവമായ കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ സംഭവിക്കുമ്പോഴാണ് നമ്മളൊക്കെ ഗൗരവക്കാരായി മാറുന്നത്. ഞാനിപ്പോള്‍ കാര്യങ്ങളെ ഗൗരവത്തോടെ കാണാനാഗ്രഹിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഞാന്‍പോലും അറിയാതെ എന്തെങ്കിലും വായില്‍ നിന്ന് വീണാല്‍ അത് പ്രശ്‌നമാണ്. അതു പാടില്ല.

ഏതു വിഷമത്തിലും ആര്‍ക്കും താങ്ങായി ഒരാള്‍ ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. കാവ്യയുടെ കാര്യത്തില്‍ ആരുമുണ്ടായില്ലേ?

എന്റെ ജീവിതത്തില്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും എല്ലാ മോശം കാര്യങ്ങള്‍ക്കും ദൈവം തന്നെയാണ് കൂട്ടായി വന്നിട്ടുള്ളത്. ഞാനിപ്പോഴും ധൈര്യത്തോടെ ജീവിക്കുന്നു എന്നതുതന്നെ ദൈവമുള്ളതുകൊണ്ടാണ്. ദൈവം തന്നെയാണ് എന്നെ കല്യാണം കഴിപ്പിച്ചതും ഇപ്പോള്‍ അതില്‍ നിന്ന് മാറി ഇവിടെ ഇരിക്കാന്‍ കാരണമായതും. ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. ഒരു അമ്പലത്തില്‍ പോയാല്‍പോലും ഞാനെന്റെ കാര്യത്തിനു മാത്രമായി പ്രാര്‍ഥിക്കാറില്ല. എല്ലാവര്‍ക്കും നല്ലതു വരുത്തണേ, ഞാന്‍ കാരണം മറ്റാര്‍ക്കും വിഷമങ്ങള്‍ ഉണ്ടാകരുതേ എന്നേ പ്രാര്‍ഥിക്കാറുള്ളൂ. എന്നിട്ടും എന്റെ അവസ്ഥ ഇങ്ങനെയായില്ലേ. പക്ഷേ, ദൈവം എന്തെങ്കിലുമൊക്കെ മുന്നില്‍ കാണാതെ നമുക്കൊരു ദുഃഖം വരുത്താറില്ലെന്ന് കേട്ടിട്ടുണ്ട്. എല്ലാം നല്ലതിനായിരിക്കാം. നാളെ ചിലപ്പോള്‍ സന്തോഷിക്കാനുള്ള ഒരു ചാന്‍സ് ദൈവം എനിക്കും തരുമായിരിക്കും.

അടുത്ത കാലത്ത് കാവ്യക്ക് സന്തോഷിക്കാനുള്ള ഒരു ചാന്‍സും ദൈവം തന്നിട്ടില്ലേ?

എന്റെ അവസ്ഥയില്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത് എന്റെ ചേട്ടനാണ്. ഓരോ ദിവസവും ചേട്ടന്‍ വിളിച്ച് അമ്മയോട് പറയും, ''കുഞ്ഞീടെ മനസ്സ് വിഷമിപ്പിക്കാതെ നോക്കണം'' എന്ന്. ചേട്ടനായിരുന്നു എന്റെ കല്യാണത്തിന്റെ മൊത്തം കാര്യങ്ങളും നോക്കിനടത്തിയത്. വളരെക്കുറച്ച് ദിവസത്തെ ലീവിന് നാട്ടില്‍ വന്നിട്ടാണ് കല്യാണം ഗംഭീരമായി നടത്തിയത്. എന്നിട്ട് കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതില്‍ ചേട്ടന് ഭയങ്കര വിഷമമായിരുന്നു. ഓസ്‌ട്രേലിയയില്‍ ജോലിക്കാര്യത്തിലും ചില ടെന്‍ഷനൊക്കെ ചേട്ടനുണ്ടായി. അതുകൂടിയായപ്പോള്‍ ഞങ്ങളാകെ തകര്‍ന്നുപോയി. ഇപ്പോള്‍ ചേട്ടന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ് ആയിട്ടുള്ള ഒരു കമ്പനിയില്‍ മാനേജരായിട്ട് ജോലി കിട്ടി. അതൊരു വലിയ ആശ്വാസമായി. ഞാനും അമ്മയും അച്ഛനും കുറച്ചു ദിവസം ഓസ്‌ട്രേലിയയില്‍ വന്നു നില്‍ക്കാനാണ് ചേട്ടന്‍ പറയുന്നത്. 'ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ' വര്‍ക്ക് നീളുകയാണെങ്കില്‍ ഞങ്ങള്‍ അങ്ങോട്ട് പോകും.

ഇനി ചേട്ടന് കല്യാണം നോക്കാമല്ലോ?

ചേട്ടന് ഈ ജനവരിയില്‍ 28 വയസ്സാകും. കല്യാണം നോക്കിത്തുടങ്ങണം. ചേട്ടന്‍ പറയണത് ജോലിയൊക്കെ കിട്ടിയതല്ലേയുള്ളൂ, ഒന്ന് സെറ്റിലായിക്കോട്ടെ എന്നൊക്കെയാണ്. പക്ഷേ, ഞാന്‍ അമ്മയോടു പറഞ്ഞു, ''അതുപോര. ഇപ്പോഴേ ആലോചിച്ചു തുടങ്ങണം. എന്നിട്ട് അവര് തമ്മില്‍ സംസാരിക്കട്ടെ. അവര് പരിചയപ്പെടട്ടെ. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുമോ എന്ന് അവര് തീരുമാനിക്കട്ടെ. നിങ്ങള്‍ ഇതില്‍ ഇടപെടരുത്.'' അങ്ങനെയൊക്കെ വേണം ഇക്കാലത്ത്. അല്ലാതെ പണ്ടത്തപ്പോലെ കല്യാണം കഴിഞ്ഞാല്‍ പിന്നെ എന്തും സഹിച്ചിട്ട്, അടി കിട്ടിയാല്‍ അതും സഹിച്ചിട്ട് ജീവിക്കുന്നോരല്ല ആരും. വീട്ടില് ഒന്നോ രണ്ടോ കുട്ടികളേ ഉണ്ടാവൂ. എല്ലാവരെയും അച്ഛനും അമ്മയും കൊഞ്ചിച്ച് വളര്‍ത്തുന്നതാണ്. അങ്ങനെ സ്‌നേഹം കിട്ടീട്ട് വളരുന്ന കുട്ട്യോള് അങ്ങനെയൊന്നുമല്ലാത്ത ഒരു സാഹചര്യത്തിലേക്ക് ചെന്ന് ചാടുമ്പോള്‍ വിഷമിച്ചുപോവും. ആത്മീയമായ ഏതെങ്കിലും മാര്‍ഗത്തിലൂടെ പോയാല്‍ മാത്രമേ മനസ്സിന് സമാധാനം കിട്ടൂ എന്നൊക്കെ എനിക്കും തോന്നിയിരുന്നു. പക്ഷേ, ദൈവം സഹായിച്ച് മനസ്സിന് നല്ല ശക്തി കിട്ടി.

കാവ്യ കോളേജില്‍ പഠിച്ചിട്ടില്ല എന്നത് കുടുംബജീവിതത്തില്‍ പോരായ്മയായി തോന്നിയോ?

ഒരിക്കലുമില്ല. ഒരുപക്ഷേ, വലിയ പഠിപ്പൊക്കെയുള്ള ഒരാളേക്കാള്‍ കാര്യവിവരത്തോടെ സംസാരിക്കാന്‍ എനിക്കു പറ്റുന്നുണ്ട്. അത് ചിലപ്പോള്‍ ഒരുപാട് ആളുകളുമായി സംസാരിച്ച് കിട്ടുന്ന അറിവുകൊണ്ടായിരിക്കാം. ഞാന്‍ ഒരു കലാകാരിയാണ്. അനുഭവങ്ങളില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. ഇനി സിനിമയിലാണെങ്കില്‍ എന്നേക്കാള്‍ പ്രായമായ കഥാപാത്രങ്ങളാണ് അവതരിപ്പിച്ചതിലധികവും. സദാനന്ദന്റെ സമയത്തില്‍ അഞ്ചു വയസ്സുള്ള കുട്ടിയുടെ അമ്മയായി അഭിനയിച്ചു. ശരിക്കും ഒരു അമ്മയുടെ ഫീല്‍ എനിക്കുണ്ടായിരുന്നു ലൊക്കേഷനിലൊക്കെ. ആ കുട്ടിയെന്നെ 'അമ്മേ' എന്നാണ് വിളിച്ചിരുന്നത്. അതൊന്നും കോളേജില്‍ പഠിച്ചാല്‍ കിട്ടുന്ന അനുഭവങ്ങളല്ലല്ലോ.

കാവ്യയുടെ കല്യാണം മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായിരുന്നു. വിവാഹജീവിതത്തിലെ താളപ്പിഴകളും വാര്‍ത്തയായി. ഇപ്പോള്‍ സിനിമയിലേക്കുള്ള തിരിച്ചുവരവും വാര്‍ത്തയാകുന്നു. മാധ്യമങ്ങളുടെ ഈ രീതി ഒരുതരത്തില്‍ വേദനയുണ്ടാക്കിയിട്ടില്ലേ?

ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരുപാട് ചാനലുകളുണ്ട്, പത്രമാസികകളുണ്ട്. ഓരോരുത്തര്‍ക്കും വാര്‍ത്ത ആദ്യം കൊടുക്കണമെന്ന വാശിയാണ്. ഇതിനിടയ്ക്ക് വ്യക്തിപരമായ ബന്ധങ്ങള്‍ക്കൊന്നും വിലയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് അശ്രദ്ധമായി എഴുതി മോശമാക്കുന്നതെന്ന് ചില മാധ്യമങ്ങളെങ്കിലും ഓര്‍ത്തില്ല എന്ന സങ്കടം തോന്നിയിട്ടുണ്ട്. ഒരു പത്രമെഴുതി: കാവ്യ ആത്മഹത്യക്കൊരുങ്ങി, എറണാകുളത്ത് സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ് എന്നൊക്കെ. ആസപ്ത്രിയിലെ വ്യാജ റൂം നമ്പര്‍ വരെ കൊടുത്തിരുന്നു. ഇങ്ങനെയൊക്കെ എഴുതിയാല്‍ ചിലരെങ്കിലും വിശ്വസിക്കില്ലേ? എന്റെ ജീവിതത്തില്‍ ഇങ്ങനെയുള്ള അനുഭവങ്ങളൊക്കെ ആദ്യമായിട്ടായിരുന്നു.

ജീവിതാനുഭവങ്ങള്‍ മാറ്റിയതാകാം, ഒരു പുതിയ കാവ്യയെയാണ് സംസാരത്തിലുടനീളം കണ്ടത്. പലപ്പോഴും അവരുടെ വാക്കുകള്‍ മുറിഞ്ഞു, കണ്ണുകള്‍ നിറഞ്ഞു. എന്നിട്ടും ഒരിക്കല്‍പോലും ആരേയും കുറ്റപ്പെടുത്തിയില്ല അവര്‍. എല്ലാം തന്റെ വിധിയെന്ന് ആശ്വസിക്കുമ്പോഴും നാളെ ദൈവം തനിക്കും സന്തോഷിക്കാന്‍ അവസരം നല്‍കുമെന്ന് പ്രതീക്ഷ കൈവിടാതെ അവര്‍ പറയുന്നു.