MATHRUBHUMI RSS
Loading...
ഷാര്‍പ്പ് ത്രോസ്‌
ജോസഫ് മാത്യു

വിളിക്കുമ്പോള്‍ ഗീതു വിയറ്റ്‌നാമിലാണ്. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു പോയന്റിന് സ്വര്‍ണം പോയതിന്റെ വിഷമത്തില്‍ താടിക്കു കൈയും കൊടുത്തിരിക്കുന്നു. ബാസ്‌കറ്റ് നിറയെ സമ്മാനങ്ങളുമായി മടങ്ങണമെന്ന് ഉറച്ചതാണ്. പക്ഷേ, സ്വപ്നങ്ങള്‍ റിങ്ങില്‍ തട്ടിത്തെറിച്ചു. തനി കോട്ടയംകാരിയായി ഗീതു പറഞ്ഞു, എന്നാ പറയാനാാ...?

സാനിയ മിര്‍സയേയും സൈന നെഹ്‌വാളിനേയും ജോഷ്‌ന ചിന്നപ്പയേയും എന്തിനേറെ ദീപിക പള്ളിക്കലിനെയുമൊക്ക
മലയാളി നന്നായി അറിയും. പക്ഷേ, ഗീതു അന്ന ജോസിനെ മിക്കവര്‍ക്കും പരിചയപ്പെടുത്തേണ്ടി വരും. സ്വന്തം നാടായ കോട്ടയത്തു കൂടെ നടന്നു പോയാലും കടുത്ത സ്‌പോര്‍ട്‌സ് പ്രേമികള്‍ അല്ലാത്തവര്‍ തിരിച്ചറിഞ്ഞില്ലെന്നു വരാം. ആറടി രണ്ടിഞ്ച് ഉയരത്തില്‍ നടന്നു പോകുന്ന ഈ 'കൊച്ച്' ഏതാണോ? എന്ന മട്ടിലൊന്നു നോക്കിയാലായി.

ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിട്ടും ഏഷ്യയിലെതന്നെ ടോപ്‌സേ്കാററായിട്ടും കളിക്കളത്തിനു പുറത്ത് ഗീതു ഇപ്പോഴും നാണംകുണുങ്ങിയായ ഒരു നാട്ടിന്‍പുറത്തുകാരിയാണ്. അമ്മയുടെ ഓരംചേന്ന് നടക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി 'യു' വിന് വേണ്ടി ഇന്റര്‍വ്യൂവിന് വിളിക്കുമ്പോള്‍ ഞാനത്രയ്ക്ക് ആയോ എന്ന മട്ട്. തന്നെക്കാള്‍ പ്രാധാന്യം ഇനി വരുന്ന കളിക്കാര്‍ക്കു നല്‍കണമെന്നൊരഭ്യര്‍ഥനയും. കുസൃതിചോദ്യങ്ങളില്‍ നിന്ന് അസാധാരണമായ ഡ്രിബ്‌ളിങ്ങോടെ ഒഴിഞ്ഞുമാറാന്‍ ഗീതുവിനറിയാം. ഇടയ്‌ക്കൊരു റീബൗണ്ട്. പിന്നെ അപ്രതീക്ഷിത ആംഗിളില്‍ നിന്ന് ചില ത്രോ (ഏറുകള്‍ എന്നും പറയാം) കള്‍. ചെന്നൈ സതേണ്‍ റെയില്‍വേയില്‍ സീനിയര്‍ ടിക്കറ്റ് എക്‌സാമിനറായ ഗീതു സംസാരിക്കുന്നു.

എങ്ങനെയാണ് ബാസ്‌കറ്റ്‌ബോളിലേക്ക് എത്തിയത്?

എല്‍കെജി മുതല്‍ കോട്ടയം കഞ്ഞിക്കുഴിയിലെ മൗണ്ട് കാര്‍മ്മല്‍ സ്‌കൂളിലാണ് പഠിച്ചത്. ആദ്യം അത്‌ലറ്റിക്‌സായിരുന്നു കമ്പം. ജില്ലാ ചാമ്പ്യനായിരുന്നു. അന്നേ നല്ല പൊക്കമുണ്ടായിരുന്നു. സ്‌കൂള്‍ അസംബ്ലിയിലൊക്കെ ഏറ്റവും പുറകിലാവും നില്പ്. ഹൈറ്റ് ഉപയോഗിക്കാന്‍ ബാസ്‌കറ്റ്‌ബോളാവും നല്ലത് എന്നത് അധ്യാപകര്‍ ഉപദേശിച്ചു. 13-ാം വയസ്സില്‍ ബാസ്‌കറ്റ്‌ബോളുമായി ഇറങ്ങി. അത്‌ലറ്റിക്‌സ് നിര്‍ത്തി. പക്ഷേ, അതൊരു ശരിയായ തീരുമാനമായിരുന്നു.

കോളേജ് ലൈഫ് എങ്ങനെയുണ്ടായിരുന്നു?

സത്യത്തില്‍ ഞാന്‍ ശരിക്കും ആസ്വദിച്ചത് സ്‌കൂള്‍ ലൈഫാണ്. അസംപ്ഷന്‍ കോളേജിലൊക്ക എത്തുമ്പോഴേക്കും സീരിയസായി ബാസ്‌കറ്റ് കളിച്ചു തുടങ്ങിയിരുന്നു. കളിയും പ്രാക്ടീസുമായിരുന്നു ഏറെ നേരവും. അടിച്ചു പൊളിക്കാനൊന്നും കഴിഞ്ഞില്ല. റെയില്‍വേയില്‍ ജോലി കിട്ടിയതോടെ ഡിഗ്രി കംപ്ലീറ്റ് ചെയ്യാനും പറ്റിയില്ല.

ഗീതു ഓസ്‌ട്രേലിയന്‍ ലീഗില്‍ രണ്ടാം ഡിവിഷനില്‍ കളിച്ചു. അവിടെ ഡബ്ലിയു.എന്‍.ബി.എല്ലില്‍ ഡാന്‍ഡനോങ് റേഞ്ചേഴ്‌സ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ അനുഭവങ്ങള്‍ പറയാമോ?

2006 മുതല്‍ 2008 വരെ അവിടത്തെ റിങ്‌വുഡ് ഹോക്ക്‌സിനു വേണ്ടിയാണ് കളിച്ചത്. റെയില്‍വേയില്‍ നിന്ന് ലീവെടുത്താണ് കളിക്കാന്‍ പോയത്. ഡബ്ലിയു.എന്‍.ബി.എല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കളിക്കാനായില്ല. എങ്കിലും, എന്നെ ഒരു പക്കാ പ്രൊഫഷണല്‍ പ്ലെയര്‍ ആക്കിയത് ഓസ്‌ട്രേലിയന്‍ അനുഭവങ്ങളാണ്. അമേരിക്ക (ഡബ്ലിയു.എന്‍.ബി.എ.) കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ പ്രധാന ലീഗാണ് ഡബ്ലിയു.എന്‍.ബി.എല്‍.

കളികള്‍ ഇല്ലാത്തപ്പോള്‍ ജിമ്മില്‍ പോയാണ് ഗീതു ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത്. പക്ഷേ, പ്രത്യേകിച്ച് ഡയറ്റൊന്നുമില്ല. വിവിധതരം ഭക്ഷണങ്ങളുടെ രുചിയറിയാന്‍ വല്ലാത്ത കൊതിതന്നെ. എങ്കിലും കപ്പ-മീന്‍, കപ്പ-പോത്ത് ഉലര്‍ത്തിയത് എന്നിവയെക്കുറിച്ചൊക്കെ ഓര്‍ത്താല്‍ 'എന്റമ്മോ' എന്ന് വിളിച്ചുപോകുമെന്ന് ഗീതു. ജപ്പാന്‍, ചൈന, തായ്‌ലന്‍ഡ്, മലേഷ്യ, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, കൊറിയ, വിയറ്റ്‌നാം എന്നിവിടങ്ങളിലൊക്കെ പോയിട്ടുണ്ടെങ്കിലും കേരളവും ഇവിടുത്തെ രുചികളും അത്യുഗ്രന്‍ എന്ന് ഈ 24-കാരി സാക്ഷ്യപ്പെടുത്തുന്നു. കേരളം കഴിഞ്ഞാന്‍ പിന്നെ ഇഷ്ടപ്പെട്ടത് ന്യൂസീലന്‍ഡാണ്. എവിടെപ്പോയാലും നാവില്‍ എപ്പോഴും ഒരു പാട്ടുണ്ടാവും. 'എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു...', 'സമ്മര്‍ ഇന്‍ ബേത്‌ലഹേമിന്' വേണ്ടി വിദ്യാസാഗര്‍ ഈണമിട്ട ഗാനം.

ആരെയെങ്കിലും തേടുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ റീബൗണ്ട് വന്നത് ഇങ്ങനെ:
''ഇരുണ്ട നിറമുള്ള പൊക്കക്കാരനെയാണ് എനിക്കിഷ്ടം ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കാനും പങ്കുവയ്ക്കാനും കഴിയുന്ന ആളാവണം. അങ്ങനെയൊരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നുകൂടി എഴുതിയേക്കണേ''.

ഡബ്ലിയു.എന്‍.ബി.എ. സ്വപ്നങ്ങളുണ്ടോ?

അധികം സ്വപ്നങ്ങള്‍ കാണാറില്ല. ഇവിടെ വരെ എത്തയതുതന്നെ പ്രാര്‍ഥന കൊണ്ടാണ്. കൃത്യസമയത്ത് എക്‌സ്‌പോഷര്‍ കിട്ടി എന്നതാണ് എനിക്ക് നേട്ടമായത്. സ്വപ്നങ്ങളേക്കാളേറെ സംതൃപ്തിയാണ് പ്രധാനം. സാഹചര്യങ്ങള്‍ അനുകൂലമായി വന്നാല്‍ കൂടുതല്‍ 'ഗീതു'മാര്‍ ഇവിടെയുണ്ടാകും.

സ്‌പോണ്‍സറെ കണ്ടെത്തുക പ്രയാസമാണോ?

ഇന്ത്യയില്‍ തീര്‍ച്ചയായും അതൊരു പ്രശ്‌നമാണ്. മികച്ച സ്‌പോണ്‍സറെ കിട്ടിയാലേ ഒരു താരത്തിന് അന്താരാഷ്ട്ര തലത്തിലേക്ക് കയറിക്കയറി പോകാനാകൂ. ഇവിടെ പ്രൊഫഷണല്‍ ലീഗും വരണം അപ്പോള്‍ മികവ് വരും കൂടുതല്‍ കുട്ടികളും.

വലിയ മത്സരങ്ങള്‍ക്ക് എങ്ങനെയാണ് ഒരുങ്ങുന്നത്?

കഴിയുന്നത്ര കൂളായും ഹാപ്പിയായും ഇരിക്കും (ചിരിച്ചുകൊണ്ടേ ഗീതുവിനെ കാണാന്‍ കഴിയൂ) പിന്നെ, പ്രാര്‍ഥിക്കും.

കരിയര്‍ വിട്ടാല്‍ എന്താ പരിപാടി?

തീര്‍ച്ചയായും എന്റെ എക്‌സ്​പീരിയന്‍സ് പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കും. എന്നേക്കാള്‍ മികച്ചവര്‍ ഇവിടെയുണ്ടാവണം, മീഡിയ, ക്രിക്കറ്റിനും മറ്റും നല്‍കുന്ന പ്രാധാന്യത്തില്‍ കുറച്ചെങ്കിലും ഞങ്ങള്‍ക്കും പകുത്തു നല്‍കണം.

2006-ലെ കോമണ്‍വെല്‍ത്ത് ഗെയില്‍സിലെ മിന്നുന്ന പ്രകടനമാണ് ഗീതുവിനെ ഓസ്‌ട്രേലിയന്‍ ലീഗിലെത്തിച്ചത്. അടുത്ത വര്‍ഷം ഡല്‍ഹിയിലാണ് അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ്. അവിടുത്തെ വിസ്‌ഫോടനങ്ങള്‍ ഈ പെണ്‍കുട്ടിയെ അമേരിക്കന്‍ ലീഗിലെത്തിക്കുമോ? കാത്തിരിക്കാം.