മധു.കെ.മേനോന്‍
അമ്മയുടെ താരാട്ട്, പാട്ടില്‍ വളര്‍ന്ന കുട്ടിക്കാലം, പ്രണയം, വിവാഹസ്വപ്നങ്ങള്‍... മനസ്സില്‍ കൊരുത്തിട്ട ജീവിതാനുഭവങ്ങളുടെ രസച്ചരട് പൊട്ടിക്കുകയാണ് ഗായിക ശ്വേതാമോഹന്‍...
ചെന്നൈ ടി. നഗര്‍ 'സായ് ശ്രീ' അപ്പാര്‍ട്ട്‌മെന്റിലെ സുജാതയുടെ നാലാം നമ്പര്‍ ഫ്ലറ്റ് ശരിക്കും സംഗീതത്തിന്റെ വീടുപോലെ തോന്നി. സുജാതയുടെ മൂളിപ്പാട്ടിന് പിയാനോയില്‍ ശ്രുതി മീട്ടുകയാണ് ശ്വേത. ഈ കുടുംബ ചിത്രത്തിലെ നായകന്‍ ഡോ. മോഹന്‍ എല്ലാം കണ്ടും രസിച്ചും പൂമുഖത്തുണ്ട്.''ജീവിതം ശരിക്കുമൊരു സര്‍പ്രൈസാണ്. കുട്ടിക്കാലത്ത് ഒരു മൂളിപ്പാട്ടുപോലും ഞാന്‍ പാടിയിട്ടില്ല. ചെറിയ ക്ലാസില്‍ സംഗീതം പഠിക്കാന്‍ വിട്ടു. പിന്നീട് പിയാനോ പഠിക്കണമെന്ന് തോന്നി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ അതും മടുത്തു. എന്നാല്‍ പിന്നെ പഠിച്ച് നല്ലൊരു ജോലി നേടാമെന്ന തോന്നലായി. ഒടുവില്‍ പാട്ടിനോട് തന്നെ കമ്പം കൂടി. ഇപ്പോഴിതാ അമ്മയുടെ വഴിയേ പാട്ടുകാരിയായിട്ട്..'', പാട്ടില്ലാത്തൊരു ജീവിതം ഓര്‍ക്കാനേ വയ്യെന്ന് ശ്വേത.
അലമാരയില്‍ നിന്ന് പഴയൊരു ആല്‍ബമെടുത്ത് ശ്വേത കാണിച്ചു. കുട്ടിയായ സുജാത യേശുദാസിനൊപ്പം പാടുന്ന ഒരു പഴയ ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോ. ''കുട്ടിയായിരിക്കുമ്പോള്‍ ഈ ഫോട്ടോ കാണിച്ച് അമ്മ പറയും. ഇതുപോലെ നീയും വിജുവും (യേശുദാസിന്റെ മകന്‍ വിജയ്) ഒരുമിച്ച് പാട്ടുപാടണം. അതിന്റെ ഫോട്ടോയും ഈ ആല്‍ബത്തില്‍ വെക്കണം.''
''ഇപ്പോള്‍ ഞാനും ബിജുവേട്ടനും ഒരുമിച്ച് ഒരുപാട് വേദികളില്‍ പാടി. ദാസന്‍മാമയുടെ കുടുംബവുമായുള്ള സൗഹൃദവും ഇതുപോലെ തലമുറകള്‍ കൈമാറി പോകുന്നു. വിജുവേട്ടന്റെ കുഞ്ഞ് അമേയയാണ് ഇപ്പോഴെന്റെ കൂട്ട്. എന്നെ ചിറ്റ എന്നാണ് വിളിക്കുക. കൂടപ്പിറപ്പില്ലാത്തതിന്റെ സങ്കടം ഞാനറിയാത്തത് വിനുവേട്ടനും വിജുവേട്ടനും വിശാലുമൊക്കെ ഉള്ളതുകൊണ്ടാ.'' ശ്വേത അടുത്തു നില്‍ക്കുന്ന സുജാതയെ അമര്‍ത്തിയൊന്ന് നുള്ളി.
എല്ലാം കേട്ടു നില്‍ക്കുകയായിരുന്ന സുജാതയ്ക്ക് ഒരു നിമിഷം കണ്ണു നിറഞ്ഞു. പിന്നീടൊരു ഓര്‍മക്കുറിപ്പ് പോലെ ഒരു കഥ പറഞ്ഞു. ''ഞാന്‍ ആദ്യം രണ്ടു തവണ ഗര്‍ഭം ധരിച്ചപ്പോഴും അബോര്‍ഷനുണ്ടായി. ഒരു കുഞ്ഞ് സ്വപ്‌നമായി നീണ്ടു. വിവാഹശേഷം അഞ്ചാം വര്‍ഷമാണ് മൂന്നാമതും ഗര്‍ഭിണിയാകുന്നത്. ഇത്തവണ ശ്രദ്ധിച്ചു. പത്ത് മാസത്തേക്ക് സംഗീതം ഉപേക്ഷിച്ച് പൂര്‍ണ ബെഡ് റെസ്റ്റ്. ചെന്നൈയില്‍ ശക്തമായ ചുഴലിക്കാറ്റ് അടിച്ച ദിവസം. എനിക്ക് പ്രസവവേദന തുടങ്ങി. മോഹന്‍ വീട്ടിലില്ലാത്ത നേരമായിരുന്നു. അര കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്ന് പ്രഭച്ചേച്ചി (യേശുദാസിന്റെ ഭാര്യ) ഓടിവന്നു. ടാക്‌സി പിടിച്ച് എന്നെ ആസ്പത്രിയിലെത്തിച്ചു. പ്രസവം കഴിഞ്ഞ് കണ്ണു തുറക്കുമ്പോള്‍ പ്രഭച്ചേച്ചി കുഞ്ഞിനെ കൈയിലെടുത്ത് താലോലിക്കുകയായിരുന്നു. പ്രഭച്ചേച്ചിക്ക് ആ സ്‌നേഹം ഇന്നുമിവളോടുണ്ട്''.
ഈ കഥ അമ്മ ഇതുവരെ തന്നോട് പറഞ്ഞിരുന്നില്ലയെന്ന് ശ്വേത പരിഭവിക്കുന്നു.
ഇടയ്ക്ക് ഒരു ഫോണ്‍ കോള്‍. നമ്പര്‍ ഡിസ്‌പ്ലേ നോക്കി സുജാത ചിരിച്ചു ''ദാസേട്ടന് നൂറ് ആയുസ്സ്.'' തനിക്കൊരു കുഞ്ഞു ശിഷ്യയെ കിട്ടിയെന്ന് പറഞ്ഞാണ് യേശുദാസ് വിളിച്ചത്. വിജയിന്റെ ഒരു വയസ്സുകാരി മകളാണ് ശിഷ്യ. കുഞ്ഞിന്റെ ശബ്ദം ഫോണിലൂടെ കേള്‍പ്പിച്ച് പാട്ട് പാടുകയാണെന്ന് കളി പറയുന്നു യേശുദാസ്.
''വീട്ടില്‍ ആദ്യമായി പെണ്‍കുഞ്ഞ് പിറന്നതിന്റെ ത്രില്ല് മാറിയിട്ടില്ല ദാസമാമയ്ക്ക്. അവളെ രാജകുമാരിയാക്കുമെന്നാണ് പറയുന്നത്.'' ശ്വേത പറഞ്ഞു. 'അപ്പോള്‍ ദാസമാമയുടെ പെറ്റ് ഇനി നീയല്ല'യെന്ന് സുജാത ശ്വേതയെ സ്‌നേഹത്തോടെ കുത്തിനോവിക്കുന്നു.
തലേന്ന് രാത്രി മധുരയില്‍ ഒരു പ്രോഗാം ഉണ്ടായിരുന്നു. അതിന്റെ ഉറക്കച്ചടവുണ്ട് ഇരുവരുടേയും മുഖത്ത്. ''അധികമൊന്നും സംസാരിക്കാത്ത കുട്ടിയാണിവള്‍. ഇനിയെങ്കിലും ഒറ്റയ്ക്ക് ഇന്റര്‍വ്യു കൊടുത്ത് പഠിക്കട്ടെ'', ഇനിയെല്ലാം ശ്വേത പറയുമെന്ന മുഖവുരയോടെ സുജാത അകത്തേക്കു പോയി.
''ഈ അമ്മ ഇങ്ങനെയാണ്. ഇപ്പോഴും എന്നെ കുട്ടി, മോളു എന്നൊക്കെയാണ് വിളിക്കുക. ഒറ്റക്കുട്ടിയായതുകൊണ്ടു കൊഞ്ചിച്ചു വഷളാക്കരുതെന്ന് അമ്മയോട് ദാസമാമ എപ്പോഴും പറയാറുണ്ട്. എന്നിട്ടും ഇന്നലെ പ്രോഗ്രമിനിടെ മോളൂ, ചക്കരെ എന്നൊക്കെ വിളിച്ച്. ഞാനാകെ ചമ്മി നാശമായി. ഞാനൊരു വലിയ പെണ്ണായെന്ന യാതൊരു ബോധവുമില്ല അമ്മയ്ക്ക്'', ശ്വേതയുടെ സ്‌നേഹത്തില്‍ ചാലിച്ച പരിഭവം.
സുജാതയുടെ മകളായതുകൊണ്ടല്ലേ എല്ലാവര്‍ക്കും ശ്വേതയോടിത്ര സ്‌നേഹം?
അതു ശരിയാണ്. തമിഴ്‌നാട്ടില്‍ ഇപ്പോഴും ഞാനൊരു സെലിബ്രിറ്റി ആയിട്ടില്ല. പാര്‍ട്ടിക്കൊക്കെ പോകുമ്പോള്‍ എല്ലാവരും ചോദിക്കും 'നീ സുജാതാ പൊണ്ണുതാനേ. പാടുമാ?' പാടുമെന്ന് പറഞ്ഞാല്‍ 'സുജാതാ പോലെ പാടുമാ?' എന്നു ചോദിക്കും. എന്റെ ശബ്ദം അമ്മയുമായി താരതമ്യം ചെയ്യുന്നതാ കഷ്ടം.
പാട്ട് നിറയുന്ന വീട്ടില്‍ പിച്ചവെച്ച കുട്ടിക്കാലം ഓര്‍മയില്ലേ?
ഓര്‍മവെച്ച നാള്‍ മുതല്‍ വല്ലപ്പോഴുമൊക്കെ കാണുന്ന ഒരാളായിരുന്നു എനിക്ക് അമ്മ. 14 വയസ്സുവരെയുള്ള എന്റെ സ്‌കൂള്‍ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും അമ്മ സ്‌കൂളില്‍ വന്നതായി എനിക്കോര്‍മയില്ല. മിക്കപ്പോഴും റെക്കോഡിങ് രാത്രിയിലാകും. അമ്മ പോകുന്നു, ഇനി എപ്പഴാ വരുക എന്നൊക്കെ ആലോചിച്ച് ഞാന്‍ ബാല്‍ക്കണിയില്‍ നില്‍ക്കുമായിരുന്നു. അമ്മ വരുന്നതും നോക്കി. അമ്മൂമ്മയാണ് എനിക്ക് ചോറു തന്നിരുന്നതും ഉറക്കിയിരുന്നതുമൊക്കെ.
അമ്മ ഗായികയായിട്ടും നല്ല താരാട്ട് പാട്ട് ശ്വേത കേട്ടിട്ടില്ലേ?
വല്ലപ്പോഴും മാത്രമേ വീട്ടില്‍ ഉണ്ടാകാറുള്ളൂവെങ്കിലും ഉള്ളപ്പോഴെക്കെ എനിക്ക് പാട്ടുപാടി തരാറുണ്ട് അമ്മ. കുഞ്ഞായിരിക്കുമ്പോള്‍ 'ചെത്തിമന്ദാരം തുളസി...' പാടിയാണ് അമ്മയെന്നെ ഉറക്കിയിരുന്നത്. ഇന്നും ആ പാട്ട് കേട്ട് അമ്മയുടെ മടിയില്‍ തല വെച്ച് ഉറങ്ങാറുണ്ട് ഞാന്‍.
ഒറ്റക്കുട്ടിയായതുകൊണ്ട് വീട്ടില്‍ ആരോടാണ് വഴക്കടിക്കുക?
ഒറ്റക്കുട്ടിയായതില്‍ ആദ്യമൊക്കെ ഭയങ്കര വിഷമമായിരുന്നു എനിക്ക്. പറയുന്നതെല്ലാം വാങ്ങിത്തരുന്ന, ചിറകിനടിയിലെന്നപോലെ സംരക്ഷിക്കാന്‍ ഒരു ഏട്ടനെ കിട്ടിയിരുന്നെങ്കില്‍ എന്ന് മോഹിച്ചിട്ടുണ്ട് ഞാന്‍. ഇതു പറഞ്ഞ് ഇടയ്ക്കിടെ അമ്മയുമായി വഴക്കിടാറുണ്ട് ഞാന്‍.
കുഞ്ഞു നാളില്‍ ശ്വേത പാട്ട് പഠിക്കാന്‍ എന്തു കൊണ്ടാണ് മടി കാണിച്ചത്?
കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ ഏറ്റവും പേടിച്ചിരുന്നത് പാട്ട് മാഷെയായിരുന്നു. പാട്ട് പഠിക്കുമ്പോള്‍ ഐസ്‌ക്രീമും, ചോക്ലേറ്റുമൊന്നും കഴിക്കാന്‍ പാടില്ല എന്ന് മാഷ്. എങ്കില്‍ പാട്ട് പഠിക്കാന്‍ വേറെ ആളെ നോക്കണമെന്ന് ഞാന്‍. മാഷ് വീട്ടിലെത്തിയാല്‍ ഞാന്‍ വയറുവേദന അഭിനയിക്കും. അവസാനം, മാഷ് തന്നെ അമ്മയോട് പറഞ്ഞു 'സംഗീതത്തില്‍ താത്പര്യമില്ലാത്ത കുട്ടിയെ പാട്ട് പഠിപ്പിച്ചിട്ട് ഒരു കാര്യവുമില്ല.'
പിന്നെയെപ്പോഴാണ് ശ്വേതയ്ക്ക് പാട്ടിനോട് ഇഷ്ടമായത്?
ഗുഡ്‌ഷെപ്പേര്‍ഡ് ഗേള്‍സ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇന്റര്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ ലളിത ഗാനത്തിന് മത്സരിച്ചു. വീട്ടില്‍ പറഞ്ഞില്ല. ജഡ്ജായി വന്നത് ഇളയരാജയുടെ മകള്‍ ഭവതരണി. എനിക്കായിരുന്നു ഫസ്റ്റ്. എന്റെ സ്വരം കൊള്ളാമെന്ന് തോന്നി തുടങ്ങിയത് അപ്പോഴാണ്.
എനിക്ക് പാട്ട് പഠിക്കണമെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മയുടെ സന്തോഷമൊന്ന് കാണണമായിരുന്നു. നല്ലൊരു പാട്ടു ടീച്ചറെ അന്വേഷിച്ച് ഗായിക ചിത്ര ചേച്ചിയുടെ വീട്ടിലേക്കൊരു ഫോണ്‍കാള്‍. ചിത്രചേച്ചിയാണ് ബിന്നി കൃഷ്ണകുമാറിനെ പരിചയപ്പെടുത്തിയത്. ഇപ്പോഴും ബിന്നിചേച്ചിയുടെ കീഴിലാണ് ഞാന്‍ പാട്ടു പഠിക്കുന്നത്.
ശ്വേതയുടെ റെക്കോര്‍ഡിങ്ങിന് അമ്മ കൂട്ടുവരാറുണ്ടോ?
'ത്രീറോസസ്' എന്ന തമിഴ് സിനിമയില്‍ കാര്‍ത്തിക് രാജക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമായി പാടുന്നത്. അന്നുപോലും റെക്കോര്‍ഡിങ്ങിന് ഞാന്‍ ഒറ്റയ്ക്കാണ് പോയത്. അമ്മ അടുത്തുണ്ടെങ്കില്‍ എനിക്ക് ഭയങ്കര ടെന്‍ഷനാകും. തെറ്റ് വരുമോ, സംഗതികള്‍ ശരിയാവില്ലേ എന്നൊക്കെ തോന്നും. കൈരളിയില്‍ 'സിംഫണി'ക്ക് പാടാന്‍ പോയപ്പോള്‍ അമ്മ കൂട്ടുവന്നു. ഇടയ്ക്ക് എന്തോ ചെറിയ തെറ്റു വന്നപ്പോള്‍ അമ്മ ചോദിക്കുകയാ 'ഒന്ന് കട്ട് ചെയ്തിട്ട് വീണ്ടും എടുക്കാമോ' എന്ന്. അമ്മ ചിലപ്പോഴൊക്കെ വളരെ സില്ലിയാണ്. കൊച്ചു കുട്ട്യേളെപ്പോലെ. വീട്ടില്‍ ഏറ്റവും പക്വതയുള്ള ആള്‍ ഞാനാണെന്ന് എനിക്കു തോന്നുന്നു.
അകത്തു നിന്ന് ചായയുമായി സുജാത വരുന്നു. ശ്വേത പറഞ്ഞത് കേട്ടതുകൊണ്ടാവാം 'മോള്‍ക്കെന്നോട് അസൂയയാണെന്ന്' സുജാതയുടെ കമന്റ്.
സത്യത്തില്‍ അമ്മയോട് അസൂയയുണ്ടോ ശ്വേതാ?
പരിചയമില്ലാത്ത ചിലര്‍ ഞങ്ങളെ കാണ്ടാല്‍ സഹോദരിമാരെ പോലെയുണ്ടെന്ന് പറയാറുണ്ട്. അതു കേള്‍ക്കുമ്പോള്‍ അമ്മയ്‌ക്കൊരു ചിരിയുണ്ട്. അപ്പോഴെനിക്ക് ദേഷ്യം വരും. ഡ്രസ്സിന്റെ കാര്യത്തിലും ആഭരണത്തിലുമൊന്നും എനിക്ക് വലിയ ക്രേസില്ല. കാഷ്വല്‍ വെയറുകളാണിഷ്ടം. സ്റ്റേജ് ഷോയിലല്ലാതെ എന്നെ തിളങ്ങുന്ന വസ്ത്രത്തില്‍ കാണില്ല. പക്ഷേ, അമ്മ ഡ്രസ്സിന്റെ കാര്യത്തിലൊക്കെ വളരെ കെയര്‍ഫുള്‍ ആണ്. നല്ലൊരു ഡ്രസ് കളക്ഷനുമുണ്ട്. എന്നേക്കാള്‍ അടിപൊളിയായിട്ട് നടക്കുന്നതും അമ്മയാണ്. ഇതൊക്കെ കാണുമ്പോള്‍ അമ്മയോട് എനിക്ക് ചിലപ്പോള്‍ അസൂയ തോന്നാറുണ്ട്.
റെക്കോഡിങ്ങിനിടെ വല്ലാതെ വിഷമിച്ച നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ടോ ശ്വേതക്ക്?
നിവേദ്യത്തിലെ 'കോലക്കുഴല്‍ വിളി കേട്ടോ രാധേ...' എന്ന പാട്ടിന്റെ റെക്കോഡിങ് സമയത്ത് ലോഹിതദാസ് എന്നെ അടുത്തു വിളിച്ചു. ''നിലാവ്... എന്ന് പാടുമ്പോള്‍ അമ്മയെ ഓര്‍ക്കണം, അമ്മ പാടുന്നതുപോലെ വേണം പാടാന്‍. നിലാവ് പൊഴിയുന്ന ഫീല്‍ പാട്ടില്‍ നിറയണം,'' എന്നൊക്കെ പറഞ്ഞു. എനിക്കാകെ ടെന്‍ഷനായി. ഇതുകണ്ട് സംഗീത സംവിധായകന്‍ ജയചന്ദ്രന്‍ പറഞ്ഞു, ''ഈ പാട്ട് പാടാന്‍ സുജാത തന്നെ വേണമെന്ന വാശിയിലായിരുന്നു ലോഹി. ഞാന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചാണ് ശ്വേതയെ തീരുമാനിച്ചത്. എന്റെ പ്രതീക്ഷ തെറ്റിക്കരുത്.''
ആശങ്കയോടെയാണ് മൈക്കിനു മുന്നില്‍ നിന്നത്. എനിക്കൊന്നും ഓര്‍മയുണ്ടായിരുന്നില്ല. പാടിക്കഴിഞ്ഞ് റെക്കോഡിങ് റൂമിന് പുറത്തിറങ്ങിയപ്പോള്‍ ലോഹിസാര്‍ ഓടിവന്ന് കൈ തന്നു. 'ഭേഷ്' അതുമാത്രമേ പറഞ്ഞുള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ മനസ്സുനിറഞ്ഞത് ആ കണ്ണുകളില്‍ ഞാന്‍ കണ്ടു.
സിനിമയില്‍ മാത്രം പാടി ഇക്കാലത്ത് പിടിച്ചു നില്‍ക്കാനാവില്ലെന്ന് കേള്‍ക്കുന്നു. ശരിയാണോ?
റിയാലിറ്റി ഷോകള്‍ വഴി നല്ല നല്ല പാട്ടുകാര്‍ വന്നുകൊണ്ടിരിക്കുന്നു. ഈ രംഗത്ത് കടുത്ത മത്സരമുണ്ട്. പാട്ടില്‍ വെറൈറ്റി കൊണ്ടു വരാനറിയാത്തവര്‍ക്ക് ബ്രേക്ക് ത്രൂ എളുപ്പമല്ലാതായിരിക്കുന്നു. സിനിമയില്‍ ഒരു പാട്ടു പാടുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. പ്രതിഫലം പോലും വാങ്ങിക്കാതെ പാടുന്ന മോശം പ്രവണതയും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
മലയാളത്തേക്കാള്‍ കഷ്ടമാണ് തമിഴിലെ കാര്യം. ടാലന്റിന് യാതൊരു പ്രാധാന്യവുമില്ല. ശബ്ദം നല്ലതാണെങ്കില്‍ പാടാനറിയില്ലെങ്കില്‍ പോലും പാട്ടുകാരാകാം. വാക്കുകള്‍ റെക്കോഡ് ചെയ്ത് കോമ്പിനേഷന്‍ മോഡലില്‍ കമ്പ്യൂട്ടറില്‍ പാട്ടുകള്‍ ഉണ്ടാക്കുകയാണ് തമിഴിലിപ്പോള്‍.
തമിഴിലെ ട്രെന്‍ഡ്മാറ്റം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന അഭിപ്രായവുമായി സുജാത സംസാരത്തില്‍ പങ്കുചേര്‍ന്നു. മിക്ക തമിഴ് പാട്ടുകളും ഇപ്പോള്‍ വെസ്റ്റേണ്‍, ഹിപ്പ്‌ഹോപ് സ്റ്റൈലാണ്. ഭാഷ നന്നായി വരാന്‍ പാടില്ല. നല്ലപോലെ തമിഴ് പറഞ്ഞാല്‍ അയാള്‍ ഔട്ട്. തമിഴ് തീരെ അറിയാത്തവര്‍ തമിഴില്‍ പാടുന്നപോലെ വേണം. അതുകൊണ്ട് പാടാന്‍ ഉത്തരേന്ത്യന്‍ പിേള്ളരെ ഇങ്ങോട്ടിറക്കുകയാണ്. ഒരു കാര്യത്തില്‍ സങ്കടമുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ സൗത്ത് ഇന്ത്യന്‍സിനെ പാടാന്‍ വിളിക്കില്ല. അവസരം കിട്ടിയാല്‍ തന്നെ പാരവെച്ച് പുറത്താക്കും. ഒരിക്കല്‍ ചിത്ര പറഞ്ഞു. പാട്ടുപാടാന്‍ മുംബൈയിലേക്ക് വിമാനം കയറി അവിടെയെത്തും മുന്‍പ് മറ്റൊരാള്‍ പാട്ടുപാടി സ്ഥലംവിട്ട കഥ. എന്നിട്ടും നമ്മളെന്തിനാണ് അവരെ ഇങ്ങോട്ട് വെല്‍ക്കം ചെയ്യുന്നത്.
പാട്ടിന് പുറത്ത് ശ്വേതയുടെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണ്?
പിയാനോ വായിക്കും. ആദ്യമൊക്കെ പെയിന്റിങ് ഇഷ്ടമായിരുന്നു. ഇപ്പോഴില്ല. പിന്നെ സിനിമ ക്രേസാണ്. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, സിദ്ധിക്‌ലാല്‍ സിനിമകള്‍ പ്രത്യേകിച്ചും. നടന്മാരില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒത്തിരി ഇഷ്ടമാണ്. ലാലേട്ടന്‍ നല്ല റൊമാന്റിക്കാണ്. പക്ഷേ, മമ്മൂട്ടിയോളം സൗന്ദര്യം വരില്ല.
ലാലിനെയും മമ്മൂട്ടിയെയും പരിചയമുണ്ടോ?
'ലാല്‍സലാം' എന്ന ദുബായി ട്രിപ്പില്‍ ലാലേട്ടനൊപ്പം ഞാനും അമ്മയും ഉണ്ടായിരുന്നു. യാത്രയിലെ ആദ്യ ദിവസം തന്നെ ഞങ്ങളെ അത്ഭുതപ്പെടുത്തിയ പെര്‍ഫോമന്‍സായിരുന്നു പുള്ളിയുടേത്. പുലര്‍ച്ചെ അഞ്ചു മണിക്ക് റിഹേഴ്‌സല്‍ വെച്ചിട്ട് എല്ലാവരുമെത്തണമെന്ന് പറഞ്ഞു. ഞങ്ങള്‍ എണീറ്റ് റെഡിയായി എത്തുമ്പോഴേക്കും സമയം ആറ് മണി കഴിഞ്ഞു. തലേന്ന് 'അലക്‌സാണ്ടര്‍' സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് രാത്രി വളരെ വൈകിയാണ് ലാലേട്ടന്‍ വന്നത്. അതുകൊണ്ട് രാവിലെ 5 മണിക്ക് എണീറ്റ് റിഹേഴ്‌സലിന് വരില്ലെന്ന വിശ്വാസമായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ, ഞങ്ങളെത്തുമ്പോഴേക്കും ഓര്‍ക്കസ്ട്രക്കാരെ വിളിച്ചുവരുത്തി പുള്ളി റിഹേഴ്‌സല്‍ തുടങ്ങിയിരുന്നു.
ദുബായിലേക്കുള്ള വിമാനത്തില്‍വെച്ച് ഒരു തവണ മമ്മൂക്കയെ കണ്ടിട്ടുണ്ട്. പക്ഷേ, ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്തൊരു സൗന്ദര്യമാണ്. കുറേ നേരം ഞാന്‍ പുള്ളിയെ തന്നെ നോക്കിയിരുന്നു.
പാട്ടുകാര്‍ പൊതുവെ പ്രണയിക്കാന്‍ ഇഷ്ടമുള്ളവരാകുമെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
സംഗീതത്തെ മാത്രമേ ഞാന്‍ പ്രണയിച്ചിട്ടുള്ളൂ. എങ്കിലും ആരെയെങ്കിലും പ്രണയിച്ചിരുന്നെങ്കില്‍ എന്നു ചിന്തിച്ചുപോയ നിമിഷം ജീവിത
ത്തില്‍ ഉണ്ടായിട്ടുണ്ട്. 'കണ്ണനെന്നെ വിളിച്ചോ രാവില്‍' പാടുമ്പോള്‍ പാട്ടില്‍ പ്രണയത്തിന്റെ ഫീല്‍ കൊണ്ടുവരാന്‍ ശരിക്കും പ്രയാസപ്പെട്ടു. ഒരു പക്ഷേ, ശരിക്കുമൊരു പ്രണയം ഉണ്ടായിരുന്നെങ്കില്‍ ഇത്ര ബുദ്ധിമുട്ട് വരില്ലായിരുന്നുവെന്ന് തോന്നുന്നു.അങ്ങനെയെങ്കില്‍ എത്രയും പെട്ടെന്ന് ശ്വേതക്ക് പ്രണയിക്കാന്‍ ഒരാളെ കണ്ടുപിടിക്കുമെന്ന് സുജാത.
യേശുദാസിന്റെ മകന്‍ വിശാലിനു വേണ്ടി ശ്വേതയുടെ പ്രൊപ്പോസല്‍ പോയി എന്ന് കേള്‍ക്കുന്നു. ശരിയാണോ?
സംഗതി പുതിയ അറിവാണ്. ഞാനറിഞ്ഞുകൊണ്ട് അങ്ങനെയൊരു പ്രൊപ്പോസല്‍ പോയിട്ടില്ല. അവരൊക്കെ (യേശുദാസിന്റെ മക്കള്‍) എന്റെ ചേട്ടന്മാരാണ്. കുഞ്ഞുനാളു മുതല്‍ ഞങ്ങളെ അങ്ങനെയാണ് പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതും. ഒരു ഏട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് അമ്മയോട് പറയുമ്പോഴൊക്കെ ദാസമാമ പറയും, 'എന്റെ മൂന്നു മക്കളും നിനക്ക് ഏട്ടന്മാരാ'ണെന്ന്.
അകത്തേക്ക് എണീറ്റു പോയ സുജാത ചോദ്യം കേട്ട് തിരിച്ചുവരുന്നു. ''വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാസേട്ടനാണ് എന്നെ പാട്ടിന്റെ വഴിയിലേക്ക് കൊണ്ടു വന്നത്. എന്നെ 'സുജുമോളേ' എന്നേ ദാസേട്ടന്‍ ഇപ്പോഴും വിളിക്കാറുള്ളൂ. എന്റെ മോള്‍ അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്. അത്ര അടുപ്പമുള്ള കുടുംബമാണ് ഞങ്ങളുടേത്. ഇല്ലാത്ത കഥകള്‍ പറയുന്നത് ആരായാലും ശരിയല്ല എന്നേ എനിക്ക് പറയാനുള്ളൂ.
ശ്വേതക്ക് കല്യാണം ആലോചിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതു നേരാണ്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി പയ്യനെയാണ് തിരക്കുന്നത്. (പാട്ടുകാരന്‍ വേണ്ടെന്ന് ഉറക്കെ പറയുന്നു ശ്വേത) യോജിച്ച ജാതകം കിട്ടാനുള്ള പ്രയാസമുണ്ട്. എങ്കിലും ഒരു വര്‍ഷത്തിനകം കല്യാണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.
ശ്വേതയുടെ പഠിപ്പൊക്കെ കഴിഞ്ഞോ?
ഇനി സിനിമാപാട്ട് കുറച്ച് സംഗീതം അല്പം കൂടി ഗൗരവത്തില്‍ പഠിക്കാനാണ് തീരുമാനം. ഇപ്പോള്‍ ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക്കും പഠിക്കുന്നുണ്ട്. പിന്നെ വെസ്റ്റേണും അറബിക്കും കേട്ട് ഇമിറ്റേറ്റ് ചെയ്തു നോക്കുന്നുണ്ട്. പിന്നെ പുണെയിലെ സിംബയോസിസ് കോളേജില്‍ എം.ബി.എ. ചെയ്യുന്നുണ്ട്. അതും ഈ വര്‍ഷം പൂര്‍ത്തിയാക്കും.
സ്റ്റേജ് ഷോകള്‍ പതിവായുണ്ടോ?
മാസം ഒന്നോ രണ്ടോ സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാറുണ്ട്. സാമ്പത്തികമായി സിനിമാപാട്ടിനേക്കാള്‍ മെച്ചമാണിത്. ഇതൊഴിവാക്കി പാട്ടുകാര്‍ക്ക് ഇന്നത്തെക്കാലത്ത് പിടിച്ചു നില്‍ക്കാനാവില്ല. പബ്ലിക്കുമായി ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞാലേ ഇങ്ങനെയൊരു പാട്ടുകാരിയുണ്ടെന്ന് ജനം ഓര്‍മിക്കൂ.
ശ്വേതയുടെ ഇഷ്ടപ്പെട്ട പാട്ടുകാര്‍ ആരൊക്കെയാണ്?
ഗായകന്‍ ദാസമാമ. ഗായികമാരില്‍ അമ്മയുടെ റൊമാന്റിക് സ്വരം ഇഷ്ടമാണ്. സുശീലാമ്മയുടെ ശബ്ദം, ജാനകിയമ്മയുടെ ഡെലിവറി സിങ്ങിങ്, ചിത്ര ചേച്ചിയുടെ പെര്‍ഫെക്ഷന്‍ എന്നിവയും കൊള്ളാം. അമ്മ പാടിയ പാട്ടുകളില്‍ 'എത്രയോ ജന്മമായി...., വരമഞ്ഞളാടിയ...' എന്നീ പാട്ടുകളാണ് ഏറെയിഷ്ടം. സുശീലാമ്മയുടെ 'നീയും വിധവയോ നിലാവേ...', ജാനകിയമ്മയുടെ 'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍...', ചിത്രച്ചേച്ചിയുടെ 'വാര്‍മുകിലേ വാനില്‍നിന്ന്..., ഒരു കാതല്‍ ദേവതൈ...' എന്നീ പാട്ടുകളും ഇഷ്ടമാണ്.
ശ്വേതക്ക് ഏറ്റവും അടുപ്പമുള്ളവര്‍ കാണില്ലേ?
പാട്ടുകാര്‍ക്കിടയില്‍ എല്ലാവരുമായും നല്ല അടുപ്പമുണ്ട്. എങ്കിലും ഫോണ്‍ ചെയ്യുക, ഇ-മെയിലയക്കുക തുടങ്ങിയ ബന്ധമൊന്നും ആരുമായും ഇല്ല. ജ്യോത്സനയെ മാത്രം വല്ലപ്പോഴും വിളിക്കും. പക്ഷെ, എന്റെ പഴയ കോളേജ് ഫ്രാന്‍സുമായി ഞാനിപ്പോഴും നല്ല കൂട്ടാണ്. സജ്ഞന, ശര്‍മിള, ശ്രുതി, ആരതി, വര്‍ഷ അങ്ങനെ ഒരുപാട് ഫ്രന്‍സുണ്ട്.
ശ്വേതയെ പരസ്യത്തില്‍ കണ്ടു. ശരിക്കും അഭിനയമോഹമുണ്ടോ?
അറിയാവുന്ന പണിക്കേ ഞാനുള്ളൂ. അഭിനയം എനിക്ക് പറ്റിയ പണിയല്ല. വേണ്ടപ്പെട്ടവരായതുകൊണ്ടു മാത്രമാണ് ശീമാട്ടിയുടെ പരസ്യത്തില്‍ അഭിനയിച്ചത്. അതില്‍ അഭിനയിക്കാന്‍ തന്നെ കഷ്ടപ്പെട്ടുപോയി. സാരിയുടുക്കാന്‍ ഏറെ നേരമെടുത്തു. റോബിന്‍ജോസഫ് എന്നയാളാണ് ആ പരസ്യം ചെയ്തത്. എന്നോട് ക്യാറ്റ് വാക്ക് ചെയ്തു വരാന്‍ പറഞ്ഞു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടുവേദന വന്നു എന്നല്ലാതെ നടത്തം ശരിയായില്ല.
ഈ സംഭാഷണം ഇവിടെ അവസാനിക്കുന്നു. ഇനി സംഗീതത്തിന്റെ വീട്ടില്‍ നിന്നും പുറത്തേക്ക്...


NEWS LETTER
RSS
VIDEO










