റീഷ്മ ദാമോദര്‍, രാധാകൃഷ്ണന്‍ പട്ടാനൂര്‍
എത്രയോ വര്‍ഷങ്ങള്‍... മേഴ്‌സി രവി രോഗശയ്യയിലായിരുന്നു. ആസ്പത്രി വീടുപോലെയായപ്പോള്‍ അവര്‍ക്ക് താങ്ങായത് വയലാര്‍ രവിയുടെ സ്‌നേഹത്തിന്റെ കരങ്ങളാണ്. അനുഭവങ്ങള്‍ രവിയെ വിശ്വാസിയുമാക്കി...
മെയ് 22, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു ഞാനപ്പോള്‍. മനസ്സ് എന്റെ കൈപ്പിടിയില്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല. ദുഃഖവും, പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദവും, വേദനയും എല്ലാം കൂടി കലര്‍ന്ന ഒരു അവസ്ഥയിലായിരുന്നു ഞാന്‍. ഇന്നാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ്. 40 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചിട്ട്. ആദ്യമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന ചടങ്ങിന് ഞാനില്ലാതെ പോവുന്നത്. ഡല്‍ഹിയില്‍ പോവണമെന്ന് അപ്പോഴുമെന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ, എങ്ങനെ, ആരോഗ്യസ്ഥിതി അനുവദിക്കണ്ടേ?എങ്കിലും മനസ്സുകൊണ്ട് ഞാന്‍ ഡല്‍ഹിയിലായിരുന്നു, ഓരോ നിമിഷവും... സത്യപ്രതിജ്ഞാ ചടങ്ങ് ടി.വിയിലെങ്കിലും കാണണണെന്നായി അടുത്ത മോഹം. അങ്ങനെ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തി. ചടങ്ങ് കാണുകയും ചെയ്തു. എങ്കിലും എനിക്കറിയാമായിരുന്നു, ചടങ്ങ് കഴിഞ്ഞാലുടന്‍ അദ്ദേഹം ഓടിയെത്തുമെന്ന്. അതുപോലെത്തന്നെ വെള്ളിയാഴ്ച ചടങ്ങും കഴിഞ്ഞ് ഞായറാഴ്ച അദ്ദേഹം വന്നു. വിമാനത്താവളത്തില്‍ ഇറങ്ങി നേരേ മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക് വരികയായിരുന്നു. കേന്ദ്രമന്ത്രിയായി തിരിച്ചെത്തിയ രവിയെ കണ്ടപ്പോള്‍ എന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയി.
സിക്‌സ്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍, ആദ്യമായി 'വയലാര്‍ രവി സിന്ദാബാദ്' എന്ന മുദ്രാവാക്യം കേട്ടതും, കൂട്ടുകാരോടൊപ്പം ജനലിനടുത്തേക്ക് ഓടിച്ചെന്നതും, ജീവിതത്തിലാദ്യമായി ടീച്ചറുടെ തല്ലു മേടിച്ചതും.
ഞങ്ങള്‍ ആദ്യമായി കാണുന്നത് മഹാരാജാസ് കോളേജില്‍ വെച്ചാണ്. പ്രീഡിഗ്രിക്ക് ഞാനവിടെ ചേരാനെത്തുമ്പോള്‍, അദ്ദേഹമവിടെ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. മെലിഞ്ഞ് കുറ്റിമുടിയൊക്കെയായി ഒരാള്‍. പാടത്ത് കണ്ണു തട്ടാതിരിക്കാന്‍ കോലം വെക്കില്ലേ? അതുപോലെയുള്ളൊരു രൂപം. പിന്നെ ചുവന്നിരിക്കുന്ന രണ്ട് കണ്ണുകളും. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അയാളെന്നോട് അധികാരത്തോടെ സംസാരിക്കാന്‍ തുടങ്ങി. എനിക്കതൊന്നും തീരെയിഷ്ടപ്പെട്ടില്ല. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി.
ഒരുദിവസം കോളേജില്‍ ഒരു വലിയ അടി നടന്നു. എല്ലാ പെണ്‍കുട്ടികളും ആദ്യമേ കോളേജില്‍ നിന്നും പുറത്തു കടന്നു. ഞാനും വേറെ നാല് പെണ്‍കുട്ടികളും മാത്രം കോളേജിലെ ലേഡീസ് വെയിറ്റിംഗ് റൂമില്‍ കുടുങ്ങിപ്പോയി. ഒടുവില്‍, രവിയെത്തിയാണ് ഞങ്ങളെ പുറത്തുകൊണ്ടു വന്നത്.
ഈ സംഭവത്തോടെ എനിക്കും ആരാധനയായി. അങ്ങനെ ഞങ്ങളുടെ ബന്ധം മറ്റൊരു തലത്തിലേക്ക് വളരുകയായിരുന്നു. ഡിഗ്രി പാസായ ശേഷം രവി എറണാകുളം ലോ കോളേജില്‍ ചേര്‍ന്നു. ഞാന്‍ ബി.എസ്.സി.ക്ക് മഹാരാജാസില്‍ തന്നെ. ലോ കോളേജിലെ പഠനം കഴിഞ്ഞ് അദ്ദേഹം വീണ്ടും മഹാരാജാസിലെത്തി. അപ്പോഴേക്കും അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയായി ഡല്‍ഹിയിലേക്കു മാറിയിരുന്നു.
ജീവിതം മാറുന്നു
രവി ഡല്‍ഹിയിലേക്ക് പോയതോടെ ഞങ്ങള്‍ തമ്മിലുള്ള ബന്ധം കത്തുകളിലൂടെ മാത്രമായി. 'വത്സല' എന്ന പേരിലായിരുന്നു അദ്ദേഹം കത്തെഴുതിയിരുന്നത്. എനിക്ക് ഒരുപാട് ആലോചനകള്‍ വന്നുകൊണ്ടിരുന്ന സമയം. വേഗം തന്നെ വിവാഹിതരാവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 1969 ജൂണ്‍ ഒമ്പതിന് വയലാറിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം. പിന്നീട്, രണ്ട് വര്‍ഷത്തോളം അവിടെയായിരുന്നു.
ഒരു കൊച്ചു വീടായിരുന്നു അത്. മുമ്പിലൊരു കുളവും... പിന്നിലൊരു തോടുമുള്ള വീട്. അദ്ദേഹത്തിന്റെ അമ്മ ദേവകി കൃഷ്ണന്‍ ഒരു സജീവ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു. അമ്മ രാവിലെത്തന്നെ വീട്ടില്‍ നിന്നുമിറങ്ങും, ഇറങ്ങുമ്പോള്‍ പറയും, ''തങ്കപ്പന്‍ മീന്‍ കൊണ്ടുത്തരും കേട്ടോ.'' തങ്കപ്പന്‍ പറഞ്ഞതു പോലെത്തന്നെ മീന്‍ കൊണ്ടുത്തരും. പക്ഷേ, അതെന്തു ചെയ്യണമെന്ന് എനിക്കറിയില്ലല്ലോ. അങ്ങനെ അടുത്ത വീട്ടിലെ ഒരു ചേച്ചിയുടെ സഹായത്തോടെയായിരുന്നു ആദ്യത്തെ എന്റെ പാചകം. പിന്നീട് ഞാനൊരു കുക്കിംഗ് എക്‌സ്‌പേര്‍ട്ട് ആയി കേട്ടോ.
വയലാറില്‍ വെച്ചാണ് ആദ്യത്തെ രണ്ടു മക്കളും ഉണ്ടാവുന്നത്. എനിക്ക് പേടിയായിരുന്നു, തോടും കുളവുമൊക്കെയുള്ള അവിടെ കുട്ടികളെ വളര്‍ത്താന്‍. ഞാന്‍ ജോലി ചെയ്യുമ്പോള്‍ രണ്ടിനേയും രണ്ടു വരവരച്ച് അതിനകത്ത് നിര്‍ത്തും.
1971ല്‍ ലോക്‌സഭാംഗമായ രവി ഡല്‍ഹിയിലേക്കു മാറി, കൂടെ ഞാനും. മിക്കവാറും ഞാനും അദ്ദേഹത്തോടൊപ്പം പാര്‍ലമെന്റില്‍ പോവും. എന്നിട്ടവിടെയുള്ള ലൈബ്രറിയില്‍ ഇരുന്ന് എന്തെങ്കിലും വായിക്കും.
അങ്ങനെ കുറേ വര്‍ഷങ്ങള്‍. 1986ലാണ് രോഗം എന്നെ പിടികൂടുന്നത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ. അതാണെന്റെ ജീവിതത്തെ ആകെ മാറ്റി മറിച്ചത്. ചെന്നൈയിലെ ഒരു ആസ്പത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. പക്ഷെ, അതിനിടയില്‍ അവര്‍ക്കൊരു പിഴവ് പറ്റി. യൂറിട്ടര്‍ മുറിഞ്ഞുപോയി. ശസ്ത്രക്രിയ വിജയകരമെന്നു കരുതി എല്ലാവരും പോയിരുന്നു. രവി മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.
അപ്പോള്‍ ഡോക്ടര്‍ അദ്ദേഹത്തെ വിളിച്ചു. കൈയില്‍ ഒരു ഭഗവദ് ഗീത കൊടുത്തിട്ടു പറഞ്ഞു, ''രവി, മേഴ്‌സി കുഴപ്പത്തിലാ. ഒരു ശതമാനം മാത്രമാ രക്ഷപ്പെടാനുള്ള ചാന്‍സ്. ഇനി എല്ലാം ദൈവത്തിന്റെ കൈയിലാ. പ്രാര്‍ത്ഥിക്കൂ നന്നായി''. അദ്ദേഹം ജീവിതത്തില്‍ ആദ്യമായി ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത് അവിടെ വെച്ചായിരുന്നു. പിന്നീട് ഞാന്‍ ചോദിച്ചു: ''എന്താ പ്രാര്‍ത്ഥിച്ചതെന്ന്?'' ''എനിക്ക് പ്രാര്‍ത്ഥിക്കാനൊന്നും അറിയില്ലല്ലോ. മേഴ്‌സിയെ രക്ഷിക്കണേയെന്നാണ് ഞാന്‍ പറഞ്ഞു കൊണ്ടിരുന്നത്'', അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന കൊണ്ടാവാം, ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. 24 ദിവസം ബോധമില്ലാതെ കിടന്നു. ഉണര്‍ന്നത് ഒരു പുതിയ ജീവിതത്തിലേക്ക്. ഒരു ചെറിയ കുട്ടിയെപ്പോലായിരുന്നു ഞാനപ്പോള്‍.
സ്വയം ഭക്ഷണം കഴിക്കാനും, എന്തിനേറെ പറയുന്നു നടക്കാന്‍ പോലുമറിയാത്ത ഒരു കുട്ടി. അങ്ങനെ ഡോക്ടര്‍ രണ്ട് നഴ്‌സുമാരെ വിട്ടു ത ന്നു. ഒരാള്‍, എന്നെ പിന്നില്‍ നിന്നും ഇങ്ങനെ വട്ടം പിടിയ്ക്കും. മറ്റെ നഴ്‌സ് താഴെയിരുന്നു എന്റെ ഒരു കാലെടുത്ത് ഒരു സ്റ്റെപ് വെയ്ക്കും. പിന്നെ, അടുത്ത കാലും അതുപോലെതന്നെ എടുത്തു വെയ്ക്കും. ഇങ്ങനെ ചെറിയ കുട്ടികള്‍ പിച്ച വെയ്ക്കുന്നതുപോലെ കുറേ നാള്‍. അങ്ങനെ പതുക്കെ പതുക്കെ നടക്കാന്‍ പഠിച്ചു.
യൂറിട്ടര്‍ ശരിയാക്കാന്‍ വേണ്ടി നടത്തിയ മൂന്ന് ശസ്ത്രക്രിയകളും പരാജയമായിരുന്നു. അപ്പോഴേയ്ക്കും കൂനിന്‍മേല്‍ കുരുപോലെ യൂറിനറി ഇന്‍ഫെക്ഷനും. നിരന്തരമായ അസുഖം മൂലം എന്റെ ഒരു വൃക്ക തകരാറിലുമായി. പിന്നീട്, വലുതും ചെറുതുമായി പതിനെട്ടോളം ഓപ്പറേഷനുകള്‍... വൃക്ക മാറ്റിവയ്ക്കാനും യൂറിട്ടര്‍ ശരിയാക്കാനും ഒക്കെയായി.
എന്റെ രോഗം അദ്ദേഹത്തെയും വല്ലാതെ മാറ്റിയിരുന്നു. ദൈവവിശ്വാസിയായി രവി. ആരും നിര്‍ബന്ധിക്കാതെ തന്നെ ഗുരുവായൂരിലും മറ്റു അമ്പലങ്ങളിലും പോവാന്‍ തുടങ്ങി അദ്ദേഹം.
ഒരിക്കല്‍ രവി രാജീവ് ഗാന്ധിയെ കാണാനിടയായി. അദ്ദേഹം ചോദിച്ചു: '' എന്താ മി. രവി വല്ലാതിരിക്കുന്നത്?'' എന്റെ പ്രശ്‌നമറിഞ്ഞപ്പോള്‍ രാജീവ് ഗാന്ധി വയലാര്‍ജിയെയും യു.എന്‍. ഡെലിഗേഷനില്‍ ഉള്‍പ്പെടുത്തി. കൂടെ, എന്നെ കൊണ്ടുപോകാനും ധാരണയായി. അങ്ങനെ യു.എസില്‍ വരെ പോയി. എന്നിട്ടും എന്റെ അസുഖം ഭേദമായില്ല. അപ്പോഴേക്കും ഞാന്‍ രോഗവുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു.
അപ്പോഴും വെറുതെയിരിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹവും അതിനെന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. ആ പ്രോത്സാഹനമാണ് എന്നെ ഇത്രയൊക്കെ എത്തിച്ചത്. അങ്ങനെ ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയായി. ഐ.സി.എസ്.ടി.യു. ഏഷ്യ-പസഫിക് റീജിയന്‍ ഡയറക്ടറുമായി.
ഈ സമയങ്ങളില്‍ രവിയും തിരക്കില്‍ നിന്നും തിരക്കിലേക്ക് പോവുകയായിരുന്നു. എങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലെ തിരക്കിനിടയിലും ഒരുമിച്ചിരിക്കാന്‍ ഞങ്ങള്‍ സമയം കണ്ടെത്തിയിരുന്നു. പലപ്പോഴും ആസ്പത്രിയില്‍ കൂട്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എങ്കിലും സമയം കിട്ടുമ്പോള്‍ അദ്ദേഹം ഓടിയെത്തുമായിരുന്നു.ഒരു പനി വരുമ്പോഴേക്കും ഞാന്‍ മനസില്‍ പറയും, ''കുറച്ചു ദിവസം ആസ്പത്രിയില്‍ കിടക്കാനുള്ള സമയമായി''. പിന്നെ, ഒട്ടും സമയം കളയാതെ വെല്ലൂരിലെ ആസ്പത്രിയിലേക്ക്. രവിയോടു മാത്രം പറയും, ആസ്പത്രിയില്‍ പോവുകയാണെന്ന്. എപ്പോഴും ഒരു സൂട്ട്‌കേസ് റെഡിയാക്കി വെക്കും ഞാന്‍. അതുമെടുത്ത് ട്രെയിനില്‍ വെല്ലൂരിലേക്ക്. ടി.ടി.ആറിനെ പറഞ്ഞേല്‍പിക്കും, ഉറങ്ങിപ്പോവുകയാണെങ്കില്‍ വെല്ലൂരെത്തുമ്പോള്‍ അറിയിക്കണേയെന്ന്.
വെല്ലൂരെത്തുമ്പോള്‍ ടി.ടി.ആര്‍. ഒരാളെ വിളിച്ചുതരും. അയാള്‍ ഓട്ടോയില്‍ കയറ്റിത്തരും. ആസ്പത്രിയില്‍ എത്തിയാല്‍പിന്നെ ഒന്നും പേടിക്കാനില്ല. നേരെ എന്റെ സ്ഥിരം മുറിയിലേക്ക്. 134. ഞാന്‍ കുളിച്ച് ബെഡ്ഡില്‍ കയറി കണ്ണടച്ചു കിടക്കും. ഡോക്ടര്‍ വന്നേ കണ്ണ് തുറക്കൂ. ചിലപ്പോള്‍ അഞ്ച് അല്ലെങ്കില്‍ ഏഴ് ദിവസം കഴിയുമ്പോഴേക്കും ഡോക്ടര്‍ പറയും, ''ഓക്കെയാണ്, വീട്ടില്‍ പോയ്‌ക്കോളൂ'' എന്ന്.
മനസ്സ് തളരാതെ
ഡോക്ടര്‍മാര്‍ എപ്പോഴും പറയും മരുന്നുകൊണ്ടു മാത്രമല്ല എന്റെ അസുഖം മാറുന്നതെന്ന്. ചിലരെ കാണാം, ഒരു ചെറിയ രോഗം വരുമ്പോഴേക്കും 'അയ്യോ പൊത്തോ' എന്നു പറഞ്ഞിരിക്കുന്നത്. ഞാനിന്നാളൊരു സ്ത്രീയെ കണ്ടു. അവര്‍ക്ക് മുട്ടുവേദനയാ. എന്നിട്ട് പറയാണ്, 'അയ്യോ, എനിക്ക് ഭയങ്കര ആര്‍ത്രൈറ്റിസാ ഞാനിപ്പോള്‍ ചത്തുപോവുമേ'.
ലീലാമേനോനെ കണ്ടില്ലേ? ക്യാന്‍സര്‍ ബാധിച്ചിട്ടും അതിനുമുന്നില്‍ തളരാതെ പിടിച്ചു നിന്നില്ലേ അവര്‍? ആ അസുഖത്തെ ചെറുത്ത് തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. അങ്ങനെയാവണം സ്ത്രീകളായാല്‍. എന്റെ അനുഭവത്തില്‍ നമ്മളൊരു രോഗത്തെ ബുദ്ധിമുട്ടിക്കാതിരുന്നാല്‍ അതു നമ്മളെയും ബുദ്ധിമുട്ടിക്കില്ല. ഇന്നാള്‍ ഞാനൊരു ആളെ കണ്ടു കേട്ടോ. സ്റ്റിറോയിഡ് കുത്തിവയ്ക്കാന്‍ പോകുന്നു, മുട്ടുവേദനയ്ക്ക്...ഇതിന്റെ വല്ല ആവശ്യവുമുണ്ടോ? ഗവണ്‍മെന്റ് ആശുപത്രിയില്‍ പോയി കിടന്ന് മാറാവുന്ന രോഗമല്ലേയുള്ളു? പക്ഷേ, മനസില്‍ ഒരു ചിന്തയുണ്ടാവണം 'yes I can survive'
എപ്പോഴും ഞാനൊന്നേ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുള്ളു. കേരളത്തില്‍ വെച്ച് എന്തു പ്രശ്‌നമുണ്ടായാലും കുഴപ്പമില്ല. കാരണം, എന്തു അസുഖം വന്നാലും ആരെങ്കിലും എന്നെ ആസ്പത്രിയില്‍ എത്തിക്കും. പക്ഷേ കേരളത്തിനു പുറത്തുവെച്ച് എന്തെങ്കിലും സംഭവിച്ചാലോ?ഓരോ വിദേശ യാത്രയ്ക്ക് പോവുമ്പോഴും ഞാന്‍ പ്രാര്‍ത്ഥിക്കും, അവിടെവെച്ച് ആസ്പത്രിയില്‍ പോവാനുള്ള സ്വിറ്റ്വേഷന്‍ ഉണ്ടാക്കല്ലേന്ന്. എവിടെ പോവുകയാണെങ്കിലും അവസാനം കഴിച്ച ആന്റിബയോട്ടിക്‌സ് കുറേ കൈയില്‍ കരുതും.
അവസാനമായി നടത്തിയ അമേരിക്കന്‍ യാത്ര എന്നെ ഒരുപാട് കുഴപ്പിച്ചതാ. യാത്ര കഴിഞ്ഞു തിരിച്ചുപോരാന്‍ തുടങ്ങുമ്പോഴായിരുന്നു....പെട്ടെന്ന് സ്‌ട്രോക്ക് വന്നത്. അമേരിക്കയല്ലേ? എന്റെ കൂടെയാണെങ്കില്‍ ആരുമില്ല. പിന്നെ നാട്ടില്‍ നിന്നും എല്ലാവരും വന്നു. എട്ടു ദിവസത്തോളം ബോധമില്ലായിരുന്നു. 22 ദിവസം കഴിഞ്ഞാണ് ബെഡില്‍ നിന്നും എണീക്കുന്നത്. നോക്കുമ്പോ നടക്കാന്‍പോലും പറ്റുന്നില്ല. അപ്പോ രണ്ട് വാര്‍ഡ് ബോയ്‌സ് വന്നു. ഭയങ്കര സൈസാ. എന്നിട്ട് അതിലൊരാള്‍ ഈ ഡാന്‍സിനൊക്കെ പിടിക്കില്ലേ? അതുപോലെ എന്നെ വട്ടംപിടിച്ചു. മറ്റെയാള്‍ ഒരു കാലെടുത്ത് അവന്റെ കാലില്‍ വെച്ചു. മറ്റേ കാലെടുത്തു അവന്റെ അടുത്ത കാലിലും. എന്നിട്ടവനിങ്ങനെ നൃത്തം ചെയ്തു. അപ്പോ അവന്റെ കാലിനൊപ്പം എന്റെ കാലും നീണ്ടുപോവും. കുറേയിങ്ങനെ നൃത്തം ചെയ്തിട്ട് അവന്‍ വയലാര്‍ജിയോടു പറഞ്ഞു, ''സര്‍, ദിസ് ഈസ് ഹൗ യു ഷുഡ് ഡാന്‍സ് വിത് ഹെര്‍''. അവരത്രയും ബുദ്ധിമുട്ടിയാണ് എന്നെ നടക്കാന്‍ പഠിപ്പിച്ചത്.
പക്ഷേ, ആസ്പത്രിയില്‍ നിന്നും ഞാന്‍ നടന്നാണ് ഇറങ്ങിയത്. അപ്പോ എല്ലാരും പറഞ്ഞു, ''അയ്യോ, മേഴ്‌സി ഇങ്ങനെ നടന്നു പോവുമെന്ന് ആരാ വിചാരിച്ചേ?''
സാധാരണ പ്രായം കൂടുന്തോറും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഡിപ്പന്‍ഡന്‍സിയൊക്കെ കൂടുമല്ലോ. പക്ഷേ, ഇവിടെ നേരെ തിരിച്ചാണ് കേട്ടോ...ചില ഭാര്യമാര്‍ പറയാറുണ്ട്, അസുഖം വരുമ്പോള്‍ ഭര്‍ത്താവ് അടുത്തിരിക്കണമെന്ന് തോന്നാറുണ്ടെന്ന്. പക്ഷേ, വയലാര്‍ജി മുഴുവന്‍ സമയവും എന്റെ കൂടെ വേണമെന്നോ, കഞ്ഞി കോരിത്തരണമെന്നോ ഒന്നുമെനിക്കില്ല. അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ അദ്ദേഹത്തിനു ബോറടിച്ചു പോവും. കൂടാതെ, ഒരുപാട് സങ്കടവും വിഷമവും ഒന്നും അദ്ദേഹത്തിന് സഹിക്കാന്‍ പറ്റില്ല. ഒരുപാട് ടെന്‍ഷനുകള്‍ ഉള്ള ആളാണ്, ഞാന്‍ കൂടെ എപ്പഴുമിങ്ങനെ ഒരു ടെന്‍ഷന്‍ ആയിട്ട് നില്‍ക്കുകാന്നു പറഞ്ഞാല്‍... പക്ഷേ, അദ്ദേഹത്തിന് അറിയാം തട്ടിമുട്ടിയൊക്കെ ഞാനങ്ങു ജീവിച്ചുപോവുമെന്ന്, അതു മതിയെനിക്ക്...

NEWS LETTER
RSS











