മധു.കെ.മേനോന്‍

തൊടുപുഴ കാഞ്ഞാറിലെ പുഴയോരത്തെ ചെറിയ വീടാണ് രംഗം. പി. സുകുമാര്‍ സംവിധാനം ചെയ്യുന്ന 'സ്വലേ' എന്ന ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണിവിടെ. സിനിമയിലെ നായികയെ അവതരിപ്പിക്കുന്നത് ഗോപികയാണ്.
ഗര്‍ഭിണിയായ വീട്ടമ്മയുടെ വേഷത്തിലാണ് ഗോപികയിപ്പോള്‍. പഴകിയ നൈറ്റിയില്‍ ഗോപികയെ കണ്ടപ്പോള്‍ 'വെറുതെ ഒരു ഭാര്യ' യിലെ ബിന്ദു അവരെ വിട്ടൊഴിഞ്ഞിട്ടില്ല എന്നു തോന്നി. ആളല്‍പം മെലിഞ്ഞിരിക്കുന്നു. എങ്കിലും കുട്ടിത്തവും തൃശ്ശൂര്‍ ഭാഷയും കൈവിട്ടിട്ടില്ല.
പുഴയോരത്തെ ലൊക്കേഷനിലിരുന്നു ഗോപിക പറയുന്നു. ''എല്ലാരും പറയുന്നു ഞാനാകെ മാറിയെന്ന്. കഴിഞ്ഞ ദിവസം മമ്മി പറഞ്ഞു എന്റെ കുട്ടിക്കളി മാറി കുറച്ചുകൂടി സീരിയസ് ആയെന്ന്. ഗ്ലിനി പറഞ്ഞു ഞാന്‍ മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായെന്ന്. ഇതൊക്കെ കല്യാണം കഴിഞ്ഞ പെണ്‍കുട്ട്യോള്‍ക്ക് ഓട്ടോമാറ്റിക്കായി വരുന്ന മാറ്റങ്ങളാണെന്നു തോന്നുന്നു.''
ഗര്‍ഭിണിയായ വീട്ടമ്മയുടെ വേഷത്തിലാണ് ഗോപികയിപ്പോള്‍. പഴകിയ നൈറ്റിയില്‍ ഗോപികയെ കണ്ടപ്പോള്‍ 'വെറുതെ ഒരു ഭാര്യ' യിലെ ബിന്ദു അവരെ വിട്ടൊഴിഞ്ഞിട്ടില്ല എന്നു തോന്നി. ആളല്‍പം മെലിഞ്ഞിരിക്കുന്നു. എങ്കിലും കുട്ടിത്തവും തൃശ്ശൂര്‍ ഭാഷയും കൈവിട്ടിട്ടില്ല.
പുഴയോരത്തെ ലൊക്കേഷനിലിരുന്നു ഗോപിക പറയുന്നു. ''എല്ലാരും പറയുന്നു ഞാനാകെ മാറിയെന്ന്. കഴിഞ്ഞ ദിവസം മമ്മി പറഞ്ഞു എന്റെ കുട്ടിക്കളി മാറി കുറച്ചുകൂടി സീരിയസ് ആയെന്ന്. ഗ്ലിനി പറഞ്ഞു ഞാന്‍ മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായെന്ന്. ഇതൊക്കെ കല്യാണം കഴിഞ്ഞ പെണ്‍കുട്ട്യോള്‍ക്ക് ഓട്ടോമാറ്റിക്കായി വരുന്ന മാറ്റങ്ങളാണെന്നു തോന്നുന്നു.''
വിദേശത്ത് ഒറ്റയ്ക്ക് വീട് മാനേജ് ചെയ്യുക എളുപ്പമായിരുന്നോ?
കല്യാണത്തിനു മുന്‍പ് ഭയങ്കര ടെന്‍ഷനായിരുന്നു. പരിചയമില്ലാത്ത സ്ഥലമാണല്ലോ. വീട്ടിലാണെങ്കില്‍ എന്ത് ആവശ്യത്തിനും മമ്മീടെ ഹെല്‍പ് വേണം എനിക്ക്. സിനിമാസെറ്റിലാണെങ്കില്‍ എല്ലാം ചെയ്തുതരാന്‍ ആളു കാണും.
കുടുംബജീവിതത്തില്‍ ഈ സുഖമൊന്നും കാണില്ല. പിന്നെ പാചകമാണ് പ്രധാന പണി. പക്ഷേ, ഭര്‍ത്താവുമൊത്ത് മാറി താമസിച്ചതുകൊണ്ട് ഞാനിതൊക്കെ എളുപ്പം പഠിച്ചു. മുന്‍പ് വീട്ടില്‍ മടി പിടിച്ചിരിക്കുമ്പോള്‍ അമ്മ പറയും. കല്യാണം കഴിഞ്ഞാല്‍ പെണ്ണ് വീട് വിട്ട് നില്‍ക്കണം. എങ്കിലേ അടുക്കളപ്പണി പഠിക്കൂ എന്ന്. സംഗതി ശരിയാണെന്ന് ഇപ്പോള്‍ മനസ്സിലായി.
കഴിഞ്ഞ ഒരു വര്‍ഷം മനസ്സില്‍ സിനിമ യേ ഉണ്ടായിരുന്നില്ല?
മുന്‍പും സിനിമയെ ഞാന്‍ പ്രൊഫഷനായൊന്നും കണ്ടിരുന്നില്ല. അടുത്ത പടം കിട്ടണം, നല്ല നടിയാകണം എന്ന പ്ലാനിങ്ങൊന്നും ഇല്ലായിരുന്നു. യാദൃച്ഛികമായി സിനിമയില്‍ വന്നു, കുറച്ചു കാലം അഭിനയിച്ചു. അത്രേയുള്ളൂ.
പക്ഷേ, അല്‍പകാലം അകന്നുനിന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി, അങ്ങനെ സിനിമ ഇട്ടെറിഞ്ഞ് പോകുക എളുപ്പമല്ലെന്ന്. വീട്ടിലെ സംസാരത്തില്‍പോലും സിനിമ കടന്നുവന്നില്ല. എന്നിട്ടും എനിക്ക് സിനിമയോട് ഇഷ്ടം കൂടുകയാണ് ചെയ്തത്.
തിരിച്ചുവരാന്‍ തീരുമാനിച്ചതിന്റെ കാരണമെന്താണ്?
വെറുതെ ഒരു ഭാര്യ വിജയിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഈ തിരിച്ചുവരവ് ഉണ്ടാകുമായിരുന്നില്ല. സിനിമ കേരളത്തില്‍ തകര്‍ത്തോടുമ്പോള്‍ ഞാന്‍ അയര്‍ലന്‍ഡിലായിരുന്നു. ആദ്യമൊന്നും കണ്ട പരിചയംപോലും കാണിക്കാതിരുന്നവര്‍വരെ എന്നെ വിളിച്ച് അഭിനയത്തിലേക്ക് മടങ്ങണമെന്ന് ഉപദേശിച്ചു. ചിലര്‍ നേരിട്ട് ചേട്ടനോടും വിളിച്ചു പറഞ്ഞു. 'സ്വലേ'യുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെയ്‌സണ്‍ വിളിച്ച് കഥ പറഞ്ഞപ്പോള്‍ ചേട്ടനാണ് കൂടുതല്‍ ഇഷ്ടമായത്. ''നീ ഇതുവരെ ചെയ്തിട്ടില്ലാത്ത വേഷമാണ്. നമുക്ക് ഡേറ്റ് കൊടുത്താലോ'' എന്നദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു 'ഡബിള്‍ ഓകെ'.
തിളങ്ങിനില്‍ക്കുമ്പോള്‍ കല്യാണം കഴിഞ്ഞത് മണ്ടത്തരമായി അല്ലേ?
എനിക്ക് പ്രായമായപ്പോഴാണ് കല്യാണം കഴിച്ചത്. പെണ്‍കുട്ടികള്‍ നല്ല പ്രായത്തില്‍ കല്യാണം കഴിച്ചില്ലെങ്കില്‍ ആളുകള്‍ അതും ഇതും പറയാന്‍ തുടങ്ങും. നടിമാരുടെ കാര്യമാവുമ്പോള്‍ പ്രത്യേകിച്ചും. എന്തിനാ വെറുതെ ആവശ്യമില്ലാത്തതൊക്കെ കേള്‍പ്പിക്കുന്നത്.
മനസ്സില്ലാ മനസ്സോടെ അല്ലേ സിനിമ വിട്ടത്?
2002-ല്‍ സിനിമയില്‍ വരുമ്പോള്‍ ഡാഡി എന്നോടു പറഞ്ഞ ഒരു കാര്യമുണ്ട്. 'നീ എത്ര വലിയ നടിയായാലും ശരി 2008 മാര്‍ച്ച് വരെ മാത്രമേ അഭിനയിക്കൂ. അതു കഴിഞ്ഞാല്‍ കല്യാണം. പറഞ്ഞതിലും മൂന്നു മാസം വൈകി ജൂലായിലായിരുന്നു കല്യാണം. ആ മൂന്നുമാസം തന്നെ എനിക്ക് ബോണസ്സാണ്. മമ്മിയെയും ഡാഡിയെയും വിഷമിപ്പിച്ച് സിനിമയില്‍ നില്‍ക്കണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല.
വിവാഹശേഷം നടികള്‍ക്ക് സിനിമയില്‍ നിന്ന് പഴയപോലെ സ്‌നേഹം തിരിച്ചുകിട്ടാറില്ല എന്ന പരാതിയുണ്ട്?
കല്യാണം കഴിഞ്ഞ് പത്തുപതിനഞ്ചു വര്‍ഷം സിനിമയില്‍ നിന്നു വിട്ടുനിന്ന് പിന്നീടൊരുനാള്‍ അഭിനയിക്കാന്‍ തയ്യാറായി തിരിച്ചെത്തും. അപ്പോഴേക്കും സിനിമയില്‍ ഒരു തലമുറ മാറിയിട്ടുണ്ടാകും. പരിചയമില്ലാത്തവരാകുമ്പോള്‍ സ്‌നേഹം കുറയുക സ്വഭാവികം. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തിരിച്ചെത്തിയതുകൊണ്ടാകാം എനിക്ക് നല്ല പരിഗണന സിനിമയില്‍ നിന്നു കിട്ടുന്നുണ്ട്.
നടിമാരായ ഭാര്യമാരെ വീട്ടിലിരുത്തുന്ന ഭര്‍ത്താക്കന്മാരുടെ മനസ്സിലിരിപ്പ് ശരിയോ?
ഭര്‍ത്താക്കന്മാരെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. സിനിമക്കാരും പ്രേക്ഷകരുമെല്ലാം പ്രതികളാണ്. ഒരു നടി അഭിനയത്തിലേക്ക് തിരിച്ചുവന്നാല്‍ തുടങ്ങും ഗോസിപ്പുകള്‍, അവരുടെ കുടുംബജീവിതം തകര്‍ന്നു എന്നൊക്കെ. ഇതു ഭയന്നാണ് ഭര്‍ത്താക്കന്മാര്‍ നടിമാരെ അഭിനയിക്കാന്‍ വിടാത്തത്.
ഭര്‍ത്താവിന്റെ കീഴിലൊതുങ്ങേണ്ടി വരുന്ന നടിമാരെക്കുറിച്ച് എന്തു തോന്നുന്നു?
അത് അവരുടെ ഇഷ്ടമാണ്. അതിനെ കുറ്റം പറയാനൊക്കില്ല. പിന്നെ അങ്ങനെ അഭിനയം നിര്‍ത്തിയ പലരും മാക്‌സിമം റോളുകള്‍ ചെയ്ത് അവരുടെ കഴിവ് മുഴുവന്‍ പ്രകടിപ്പിച്ചവരാണ്. ഇനി കൂടുതലായൊന്നും ചെയ്യാനില്ലെന്ന് ഉറപ്പിച്ച് കല്യാണം കഴിച്ചവര്‍ക്ക് തിരിച്ചുവരേണ്ട കാര്യമെന്ത്? പുറത്തു നില്‍ക്കുന്നവര്‍ക്ക് എന്തും പറയാം. ആ നടിക്ക് തിരിച്ചുവന്നാലെന്താ, ഈ സിനിമ ചെയ്താലെന്താ എന്നൊക്കെ ചോദിക്കാം. ഒരു ഘട്ടം കഴിഞ്ഞാല്‍ കുടുംബജീവിതമാണ് നടിമാര്‍ ആഗ്രഹിക്കുന്നത്. ചേട്ടന് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ഞാനും തിരിച്ചുവരില്ലായിരുന്നു.
കുടുംബജീവിതവും സിനിമയും ഒന്നിച്ചു കൊണ്ടുപോവാന്‍ കഴിയുമോ?
എന്തിനും ഏതിനും ഭാര്യതന്നെ വേണം എന്നു ശഠിക്കുന്ന ഭര്‍ത്താവാണെങ്കില്‍ സിനിമ ചെയ്യാനൊന്നും ഒക്കില്ല. അതുപോലെ കുട്ട്യോളൊക്കെ ആയി കഴിഞ്ഞിട്ട്, അവരെ വീട്ടില്‍ വിട്ട് സെറ്റില്‍ പോകുന്നതും ശരിയാകില്ല. എന്നെ സംബന്ധിച്ച് ഇതുവരെ പ്രശ്‌നമില്ല. പിന്നെ നാളെ എന്താകുമെന്ന് പറയാന്‍ പറ്റില്ല.
ഗോപികയെ വിട്ടുനില്‍ക്കുന്നതില്‍ അജിലേഷിന് വിഷമം കാണില്ലേ?
അകന്നുനില്‍ക്കുന്നത് പുള്ളിക്ക് മാത്രമല്ല എനിക്കും പ്രയാസമുള്ള കാര്യമാണ്. നാട്ടിലെത്തി നാലഞ്ചു ദിവസമേ ആയിട്ടുള്ളു. എങ്കിലും എനിക്കിവിടം മടുത്തുകഴിഞ്ഞു. സിനിമയോടുള്ള ഇഷ്ടംകൊണ്ട് മാത്രമാണ് നില്‍ക്കുന്നത്. സിനിമ വേഗം തീര്‍ത്ത് മടങ്ങിയാല്‍ മതി എന്നായിരിക്കുന്നു. കുറേകാലം ഒറ്റയ്ക്ക് താമസിച്ച ആളൊക്കെത്തന്നെയാണ്. എങ്കിലും കല്യാണം കഴിഞ്ഞ് ഒരു ദിവസത്തേക്കാണെങ്കില്‍ക്കൂടി വേറിട്ട് കഴിയേണ്ടിവരുന്നത് വല്ലാത്തൊരു അനുഭവമാണ്. പുള്ളിക്കാണെങ്കില്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കാന്‍ മടിയാണ്. ഞാനിങ്ങ് വന്നശേഷം ഭക്ഷണമൊക്കെ ശരിയാകുന്നുണ്ടോ ആവോ.
വെറുതെ ഒരു ഭാര്യയില്‍ 12 വയസ്സുകാരിയുടെ അമ്മയായി. സ്വലേയിലും ഭാര്യ റോള്‍. സമീപഭാവിയില്‍ നായികയുടെ അമ്മയായി ഗോപികയെ കാണേണ്ടിവരുമോ?
ഇല്ലെന്നു പറയാനാവില്ല. നല്ല കഥയും കഥാപാത്രവുമാണെങ്കില്‍ ഇത്തരം വേഷങ്ങള്‍ സ്വീകരിക്കാന്‍ എനിക്ക് മടിയൊന്നുമില്ല.
കല്യാണത്തിനു മുന്‍പും ശേഷവുമുള്ള കരിയറില്‍ എന്തെങ്കിലും വ്യത്യാസം തോന്നുന്നുണ്ടോ?
കല്യാണത്തിനു മുന്‍പ് ഡാഡിയുമായി ആലോചിച്ചാണ് തീരുമാനങ്ങള്‍ എടുത്തിരുന്നത്. ഇപ്പോള്‍ ഭര്‍ത്താവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ആലോചിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഞാന്‍ ഏതൊക്കെ വേഷങ്ങള്‍ ചെയ്യുന്നു, എവിടെയൊക്കെ യാത്ര പോവുന്നു, എ
ത്ര പൈസ കിട്ടുന്നു എന്നൊക്കെ അറിയാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്.ഒരു വര്‍ഷത്തെ ഇടവേള സിനിമയിലെ സുഹൃത്തുക്കളെ നഷ്ടമാക്കിയോ?
അത്ര ആത്മബന്ധമുള്ള സുഹൃത്തുക്കള്‍ മുന്‍പും സിനിമയില്‍ എനിക്കില്ല. കാവ്യ, ഭാവന, സംവൃത, ദിലീപ് ഇവരുമായി മാത്രമാണ് അടുപ്പമുള്ളത്. സമയം കിട്ടുമ്പോഴൊക്കെ പരസ്പരം മെയിലയ്ക്കും. കല്യാണം കഴിഞ്ഞശേഷം കാവ്യയുമായി ഇടയ്‌ക്കൊക്കെ ചാറ്റ് ചെയ്യാറുണ്ട്. സ്‌പെഷല്‍ കറി വെച്ചതും ദോശ കരിഞ്ഞുപോയതും നാട്ടിലെ സിനിമാവിശേഷങ്ങളുമൊക്കെയായി ഞങ്ങള്‍ കല്യാണം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും. പക്ഷേ, ഫോണ്‍ വിളികള്‍ ആരുമായും ഉണ്ടായിരുന്നില്ല.
ഗോപിക എങ്ങനെ ഇത്രയും മെലിഞ്ഞു?
വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്നാല്‍ തടി കൂടുമെന്ന് പലരും ഉപദേശിച്ചിരുന്നു. എനിക്ക് ടെന്‍ഷനായി. സിനിമയില്‍ ഉള്ള കാലത്തുപോലും എന്റെ ശരീരത്തെക്കുറിച്ച് ഞാനിത്ര ടെന്‍ഷനടിച്ചിട്ടില്ല. അങ്ങനെ ഭക്ഷണം അല്‍പം കുറച്ചു. ദിവസവും ഒരു മണിക്കൂര്‍ വ്യായാമം തുടങ്ങി. സിനിമയിലേക്ക് തിരിച്ചുവരാന്‍ ചാന്‍സ് കിട്ടിയാല്‍ തടി കൂടി എന്ന കാരണംകൊണ്ട് ഒഴിവാക്കപ്പെടരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.
വിദേശജീവിതം അടിപൊളിയാണോ?
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ് ഞങ്ങള്‍. ശരിക്കും കേരളത്തിലെ ഒരു ഗ്രാമം പോലെതന്നെ. സ്‌കോട്ട്‌ലന്‍ഡും ലണ്ടനുമൊക്കെ അടുത്തുള്ള സ്ഥലങ്ങളാണ്. അവിടെയൊക്കെ കറങ്ങി. കുറേ ഷോപ്പിങ് നടത്തി. അമേരിക്കയിലും ഇറ്റലിയിലുമായിരുന്നു ഹണിമൂണ്‍. ആരും തിരിച്ചറിയാതെ സ്വാതന്ത്ര്യത്തോടുകൂടിയുള്ള യാത്രകള്‍. തല്ലും പിടിയും പ്രശ്‌നങ്ങളുമില്ലാത്ത സ്ഥലമാണ്. ഒറ്റയ്ക്ക് ഒരു മുറിയില്‍ അടച്ചിരിക്കാനും ഉറങ്ങാനുമൊക്കെ പണ്ടെനിക്ക് പേടിയായിരുന്നു. ഇപ്പോള്‍ അയര്‍ലന്‍ഡില്‍ ചേട്ടന്‍ ജോലിസ്ഥലത്തേക്ക് പോയാല്‍ ഞാന്‍ വീട്ടിലൊറ്റയ്ക്കാണ്. എന്നിട്ടും എനിക്ക് പേടി തോന്നാറില്ല. സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുന്നതും ഞാനൊറ്റയ്ക്കാണ്. അവിടെതന്നെ സെറ്റില്‍ ചെയ്യാനാണ് എനിക്കിഷ്ടം.
നടിമാരെല്ലാം വിദേശത്ത് ജോലിയുള്ളവരെ കല്യാണം കഴിക്കുന്നതിന് കാരണമിതാണോ?
എത്ര പൈസ കിട്ടിയാലും ശരി ജീവിതത്തിന്റെ സൗഭാഗ്യങ്ങളൊന്നും നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കില്ല. ഒരുമിച്ചൊരു യാത്രപോകാന്‍, ദിവസവും വീട്ടില്‍ അല്‍പസമയം ഒരുമിച്ചിരുന്ന് കൊച്ചുവര്‍ത്തമാനം പറയാന്‍ ഒക്കെ സമയം കിട്ടുന്ന ഒരാളെ തന്നെയാണ് നടിമാരും ആഗ്രഹിക്കുന്നത്. വിദേശത്താകുമ്പോള്‍ ജീവിതം കുറേക്കൂടി ഈസിയാണെന്നു തോന്നുന്നു.
വെറുതെ ഒരു ഭാര്യയിലെ അഭിനയത്തിന് ഗോപികയ്ക്ക് അവാര്‍ഡ് കിട്ടാതെ വന്നപ്പോള്‍ വിഷമം തോന്നിയില്ലേ?
അവാര്‍ഡിന് പരിഗണിച്ചല്ലോ അതുമതി. അവസാന റൗണ്ട് വരെ എന്റെ പേരുണ്ടായിരുന്നു. പിന്നെ എനിക്കറിയാമായിരുന്നു അടൂര്‍സാറിന്റെയും ചന്ദ്രന്‍സാറിന്റെയുമൊക്കെ സിനിമകള്‍ മത്സരിക്കാനുള്ളപ്പോള്‍ അവാര്‍ഡ് എനിക്ക് കിട്ടുക എളുപ്പമുള്ള കാര്യമല്ലെന്ന്. അവരൊക്കെ അവാര്‍ഡ് പ്രതീക്ഷിച്ച് സിനിമ എടുക്കുന്നവരാണ്. അവരുടെ സിനിമകളെ ജൂറി എങ്ങനെയാണ് കാണുന്നത് എന്നൊക്കെ എനിക്കറിയാം. അതുകൊണ്ട് പ്രതീക്ഷ കുറവായിരുന്നു. പ്രേക്ഷകരുടെ എസ്.എം.എസ്. വഴിയോ, സാധാരണക്കാരായ ആള്‍ക്കാര്‍ സിനിമ കണ്ടോ മറ്റോ ആണ് അവാര്‍ഡ് തീരുമാനിക്കുന്നതെങ്കില്‍ നമുക്ക് ചിലപ്പോള്‍ കിട്ടീന്ന് വരും. അതുപോലെയാണോ സര്‍ക്കാറിന്റെ അവാര്‍ഡ്. ഇത് സിനിമയെക്കുറിച്ച് അറിവുള്ളവര് കണ്ട് തീരുമാനിക്കുന്ന ഏര്‍പ്പാടല്ലേ.
അനിയത്തി ഗ്ലിനി സിനിമയില്‍ അഭിനയിക്കുന്നു എന്നൊരു വാര്‍ത്തയുണ്ടായിരുന്നല്ലോ?
അവള്‍ക്ക് ഓഫറുണ്ടായിരുന്നു. ഒരാള്‍ വന്ന് ഫോട്ടോ വാങ്ങിച്ചു കൊണ്ടുപോയി. ചില മാഗസിനുകളിലുമൊക്കെ വാര്‍ത്തയും വന്നു. പിന്നെ കുറേ കാലത്തേക്ക് ഒരു വിവരവുമില്ല. സത്യത്തില്‍ അതൊരു ചീറ്റിങ്ങായിരുന്നു. മാസങ്ങള്‍ക്കുശേഷം അയാള്‍ വീണ്ടും വന്നപ്പോള്‍ ഡാഡി അയാളെ ഇറക്കിവിട്ടു.
മലയാള സിനിമയില്‍ കാവ്യ പോയതിന്റെ നഷ്ടം നികത്താന്‍ ഗോപികയുടെ തിരിച്ചുവരവ് സഹായിക്കുമോ?
കാവ്യ പോയതിന്റെ ഗ്യാപ് മാത്രം ഫില്‍ ചെയ്താല്‍ മതിയോ. മലയാളിത്തമുള്ള നടിമാര്‍ ആരു പോകുന്നതും സിനിമയ്ക്ക് നഷ്ടമാണ്. എനിക്കും എന്റേതായ ഇടമുണ്ടായിരുന്നു ഇവിടെ. ആ ഗ്യാപ് നികത്താനാണ് ഞാന്‍ തിരിച്ചുവന്നത്. സിനിമ ഉപേക്ഷിക്കുന്നത് നഷ്ടമാണെന്ന് മറ്റു നടിമാര്‍ക്ക് എന്നെങ്കിലും തോന്നുകയാണെങ്കില്‍ അവരും തിരിച്ചുവരുമായിരിക്കും.
തുടര്‍ന്നും സിനിമ ചെയ്യാന്‍ തന്നെയല്ലേ പ്ലാന്‍?
ഇപ്പോള്‍ ഒരു സിനിമ ചെയ്യുന്നു. മറ്റൊന്നും ഏറ്റിട്ടില്ല. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഓഫറുണ്ട്. പക്ഷേ, വാരിവലിച്ച് സിനിമ ചെയ്യേണ്ട എന്നാണ് തീരുമാനം. നല്ല കഥ, കഥാപാത്രം പിന്നെ നമുക്ക് യോജിച്ച ഷെഡ്യൂള്‍ എല്ലാം ഒത്തുവരുമ്പോള്‍ വീണ്ടും അഭിനയിക്കും.

NEWS LETTER
RSS











