MATHRUBHUMI RSS
Loading...
കാപട്യമാണ് കേരളത്തിന്റെ പ്രശ്‌നം
ജസ്റ്റിന്‍ പതാലില്‍

ധീരയായ ഒരു സ്ത്രീ സമൂഹത്തോട് ചിലതു പറയുകയാണിവിടെ. കൗമാരകാലത്ത് ലൈംഗികപീഡനത്തിനിരയായ ഇവര്‍ ലൈംഗിക ചൂഷണത്തിനും മനുഷ്യക്കടത്തിനുമെതിരെ സജീവമായി പ്രവര്‍ത്തിക്കുന്നതും പോരാടുന്നതും വ്യക്തമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ്. പ്രജ്വല എന്ന സംഘടനയിലൂടെ നിരാലംബരായ അനവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവര്‍ മുന്നോട്ടുള്ള വഴികാണിക്കുകയാണ്. സാമൂഹ്യപ്രവര്‍ത്തക ഡോ.സുനിത കൃഷ്ണനുമായി അഭിമുഖം...


ലൈംഗിക ചൂഷണത്തിനായി ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് തട്ടിയെടുക്കപ്പെടുന്ന കുട്ടികളെക്കുറിച്ച് ലേഖന പരമ്പര തയ്യാറാക്കുന്നതിനുള്ള യാത്രയ്ക്കിടെ ആറു വര്‍ഷം മുന്‍പ് ഹൈദരാബാദില്‍വെച്ചാണ് സുനിത കൃഷ്ണനെ ഞാന്‍ ആദ്യമായി കണ്ടത്.

തൊടുപുഴ സ്വദേശി ബ്രദര്‍ ജോസ് വെട്ടുകാട്ടിലിനൊപ്പം മനുഷ്യക്കടത്തിനെതിരായ പോരാട്ടം ലക്ഷ്യമിട്ട് സുനിത തുടക്കം കുറിച്ച 'പ്രജ്വല' സൃഷ്ടിച്ച മാറ്റത്തിന്റെ കാറ്റ് ആന്ധ്രാപ്രദേശില്‍ അലയടിച്ചുതുടങ്ങിയ കാലമായിരുന്നു അത്.

വ്യഭിചാരശാലകളില്‍ നിന്നും സെക്‌സ് മാഫിയകളുടെ കെണിയില്‍നിന്നും മോചിതരായ കുട്ടികളും സ്ത്രീകളും താമസിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് എനിക്കൊപ്പം ഓട്ടോറിക്ഷയില്‍ പുറപ്പെടുംമുന്‍പ് മുന്നറിയിപ്പുതന്നു.''ഏതുസമയത്തും ഭീഷണിയും ആക്രമണവുമുണ്ടാകാം'' ഒരു മണിക്കൂര്‍ തികഞ്ഞില്ല, സുനിതയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. പ്രജ്വലയുടെ സന്നദ്ധ പ്രവര്‍ത്തക മമതയായിരുന്നു മറുതലയ്ക്കല്‍. നഗരത്തില്‍വെച്ച് അവള്‍ക്കുനേരെ ആരോ ആസിഡ് ബള്‍ബ് എറിഞ്ഞിരിക്കുന്നു.

ഓട്ടോറിക്ഷ ഹൈദരാബാദ് ജനറല്‍ ആസ്​പത്രിയിലേക്ക് വിടാന്‍ സുനിത നിര്‍ദേശിച്ചു. പോകുന്നവഴിക്ക് മമതയ്ക്ക് മാറിയുടുക്കാന്‍ വസ്ത്രവും വാങ്ങി. എന്നോട് ആസ്​പത്രിവളപ്പില്‍ കാത്തുനില്‍ക്കാന്‍ പറഞ്ഞ് അകത്തേക്കുപോയി മിനുട്ടുകള്‍ക്കുള്ളില്‍ മടങ്ങിയെത്തി.
''ആ കുട്ടിക്ക് കാലില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സാരി ഉരുകിപ്പിടിച്ച നിലയിലാണ്. ഇതൊക്കെ ഇവിടുത്തെ ചെറിയ തോതിലുള്ള ഭീഷണികള്‍ മാത്രമാണ്'' ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച ഈ പാലക്കാട്ടുകാരിയെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവങ്ങള്‍ അന്നേ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം എറണാകുളത്തെ ഹോട്ടലില്‍ അഭിമുഖത്തിനിരിക്കുമ്പോള്‍ സുനിതയുടെ മൊബൈല്‍ ഫോണില്‍ തുടരെ കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു.

മംഗലാപുരത്തുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ കന്യാസ്ത്രീക്കുവേണ്ടി ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തുന്ന പ്രജ്വലയുടെ ഇന്‍ഫോര്‍മര്‍മരാണ് വിളിക്കുന്നത്.

''ആരോ തട്ടിക്കൊണ്ടു പോയതാണ്. എല്ലായിടത്തും നമ്മുടെ ആളുകള്‍ അരിച്ചുപെറുക്കുന്നുണ്ട്. ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന സ്ഥലം ഏറെക്കുറെ ലൊക്കേറ്റ് ചെയ്തു. എങ്ങനെയും കണ്ടെത്തും''- വാക്കുകളില്‍ തികഞ്ഞ നിശ്ചയദാര്‍ഢ്യം.

പതിനാറാം വയസ്സില്‍ ലൈംഗിക പീഡനത്തിന് ഇരയായ സുനിത പില്‍ക്കാലത്ത് പീഡിതരും നിരാലംബരുമായ അനേകം സ്ത്രീകളുടെയും കുട്ടികളുടെയും അഭയകേന്ദ്രമായിമാറിയത് അസാമാന്യമായ പോരാട്ട വീര്യത്തിന്റെ കഥയാണ്.

ദക്ഷിണേന്ത്യയിലെ മസാജ് പാര്‍ലറുകളോ ചുവന്ന തെരുവുകളോ ഗള്‍ഫ് രാജ്യങ്ങളിലെ വീട്ടകങ്ങളോ എവിടെയുമായിക്കോട്ടെ, കെണിയിലാകുന്ന സ്ത്രീകളെയും കുട്ടികളെയും ജീവന്‍ പണയംവെച്ചും രക്ഷപ്പെടുത്തുന്നതാണ് പ്രജ്വലയുടെ രീതി. സെക്‌സ് മാഫിയകളുടെ കണ്ണിലെ കരടായ സുനിതയ്‌ക്കെതിരെ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ആക്രമണത്തില്‍ കേഴ്‌വി ശക്തി ഭാഗികമായി നഷ്ടമായി.

മനുഷ്യക്കടത്തിനെതിരെ രാജ്യാന്തര തലത്തില്‍ നടക്കുന്ന മുന്നേറ്റങ്ങളിലും നിര്‍ണായക പങ്കുവഹിക്കുന്ന പ്രജ്വലയുടെ സാരഥിയെത്തേടി ഇതിനോടകം നിരവധി പുരസ്‌കാരങ്ങളുമെത്തി. ഏറ്റവുമൊടുവില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ റിയല്‍ ഹീറോ പട്ടികയിലും ഇടം ലഭിച്ചു. ജൂണില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പ്രകാശനം ചെയ്ത ട്രാഫിക്കിങ് ഇന്‍ പേഴ്‌സണ്‍സ് റിപ്പോര്‍ട്ടില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എട്ടുപേര്‍ക്കൊപ്പമാണ് സുനിതയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണിവര്‍.

ഹൈദരാബാദ് നഗരത്തിലും പുറത്തുമായി എച്ച്.ഐ.വി. ബാധിതര്‍ ഉള്‍പ്പെടെ നൂറുകണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശാന്തജീവിതത്തിന് അവസരമൊരുക്കുന്നതിനെ എല്ലാവരും വാനോളം പുകഴ്ത്തുമ്പോഴും താനും പ്രജ്വലയിലെ അന്തേവാസികളും നിരന്തരമായ ഒറ്റപ്പെടുത്തല്‍ നേരിടുകയാണെന്ന് സുനിത പറയുന്നു.

വ്യഭിചാരശാലകളില്‍നിന്നും മറ്റും മോചിപ്പിക്കപ്പെടുന്നവരെ പ്രാഥമിക ഘട്ടത്തില്‍ താമസിപ്പിക്കുന്ന മൂന്ന് കേന്ദ്രങ്ങള്‍ അടുത്തയിടെ ഒഴിയേണ്ടിവന്നത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഷോപ്പിങ്് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുവേണ്ടി സ്ഥലമുടമ നിഷ്‌കരുണം ഒഴിപ്പിക്കുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത ഘട്ടത്തില്‍ അപ്രതീക്ഷിതമായാണ് സഹായം ലഭിച്ചത്.

പുതിയതായി വാങ്ങിയ പത്തേക്കര്‍ സ്ഥലത്ത് അഭയകേന്ദ്രം നിര്‍മിക്കുന്നതിനായി, ആര്‍ക്കിടെക്ട് ജി. ശങ്കറിന്റെ സാങ്കേതിക ഉപദേശം തേടി കേരളത്തിലെത്തിയ സുനിത കടന്നുവന്ന വഴികളെക്കുറിച്ച്, ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നു.

ലൈംഗിക പീഡനത്തിന്റെ ഇര എന്ന നിലയില്‍നിന്ന് ഇരകളുടെ സംരക്ഷകയായുള്ള വളര്‍ച്ചയെയും പിന്നിട്ട കാലഘട്ടത്തെയും എങ്ങനെ വിലയിരുത്തുന്നു?

അന്ന് ആ സംഭവം നടന്നതുകൊണ്ടാണ് ഇന്ന് ഞാന്‍ ഇവിടെ എത്തി നില്‍ക്കുന്നത്. പീഡനത്തിനിരയായപ്പോഴത്തെ വികാരംതന്നെയാണ് ഇപ്പോഴും എന്റെ മനസ്സില്‍. ഇത്രയും കാലത്തിനിടെ ഞാന്‍ എന്തൊക്കെയായിട്ടുണ്ടെങ്കിലും ദേഷ്യം കുറയുകയല്ല, മറിച്ച് കൂടിവരികയാണ്. അന്നും ഇന്നും നേരിടുന്ന പ്രധാന പ്രശ്‌നം ഒറ്റപ്പെടുത്തലാണ്.

ഒരുവശത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നെ കണ്ണാടിക്കൂട്ടില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നു. മദര്‍ തെരേസയെപ്പോലെയാണെന്നും മറ്റും പുകഴ്ത്തുന്നു. എന്നെക്കാണാന്‍വേണ്ടി മാത്രം മിനക്കെട്ട് വരുന്നവരുമുണ്ട്. പക്ഷേ, സഹായം ആവശ്യമായി വരുമ്പോള്‍ ഇവരൊക്കെ കൈമലര്‍ത്തുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മൂന്ന് അഭയകേന്ദ്രങ്ങള്‍ ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മറ്റൊരു സ്ഥലത്തിനായി ഞാന്‍ ഏറെ അലഞ്ഞു. ആരും തിരിഞ്ഞുനോക്കിയില്ല. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരുടെ മക്കളെ, ലൈംഗിക ചൂഷണത്തിനിരയായകുട്ടികളെ താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എല്ലാവരും.

പണ്ട് ഒറ്റപ്പെടുത്തലിന് ഇരയായിരുന്നത് ഞാന്‍ തനിച്ചായിരുന്നെങ്കില്‍ ഇപ്പോള്‍ എനിക്കൊപ്പമുള്ള എല്ലാവരും അതേ പ്രശ്‌നം നേരിടുന്നു. പ്രജ്വല ഇത്രയും വളര്‍ന്നിട്ടും ഈ സ്ഥിതി തുടരുന്നത് ദയനീയമാണ്. അതേസമയം സഹായിക്കുന്നവരുമുണ്ട്. ഇപ്പോള്‍ പുതിയ സ്ഥലം വാങ്ങാന്‍ 35 ലക്ഷം രൂപ തന്ന ബിസിനസ്സുകാരന്‍ എം.എച്ച്. ദാല്‍മിയതന്നെ ഉദാഹരണം.

സാമൂഹിക പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായത് ഏതു ഘട്ടത്തിലാണ്?

നന്നേ ചെറുപ്പത്തിലേ താല്‍പര്യമുണ്ടായിരുന്നു. കുടുംബപശ്ചാത്തലവും അതിന് സഹായകമായി. സ്‌കൂളില്‍നിന്ന് പഠിക്കുന്ന കാര്യങ്ങള്‍ അയല്‍വീടുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന പതിവുണ്ടായിരുന്നു. എട്ടാമത്തെ വയസ്സില്‍ ഞാന്‍ ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ നൃത്തം പഠിപ്പിച്ചുതുടങ്ങി. എനിക്ക് നൃത്തം അറിയില്ലായിരുന്നു. എങ്കിലും എന്തൊക്കെയോ പഠിപ്പിച്ചു. അച്ഛന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലായിരുന്നതുകൊണ്ട് താമസം ഇടയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറിക്കൊണ്ടിരുന്നു.

പന്ത്രണ്ടു വയസ്സായപ്പോള്‍ ബാംഗ്ലൂരില്‍ വീടിനടുത്ത് ഒരു ചേരിയില്‍ സ്വന്തമായി ഒരു പാഠശാല തുടങ്ങി. വൈകുന്നേരം സ്‌കൂളില്‍നിന്ന് വന്നാല്‍ അവിടെ പോയി കുട്ടികളെ പഠിപ്പിക്കും. സ്വന്തനിലയില്‍ പണം സമ്പാദിക്കണമെന്ന ആഗ്രഹംകൊണ്ട് ചെറുപ്പത്തിലേ ട്യൂഷനും തുടങ്ങി. വീട്ടുകാര്‍ ഉള്‍പ്പെടെ എല്ലാവരും പ്രോത്സാഹിപ്പിച്ചു. പതിനാറാം വയസ്സില്‍ വീടിനടുത്തുള്ള ഗ്രാമത്തില്‍വെച്ച് പീഡനത്തിനിരയായതോടെ എല്ലാം തകിടം മറിഞ്ഞു.

സാധാരണ പെണ്‍കുട്ടികള്‍ തകര്‍ന്നുപോകുന്ന ഇത്തരമൊരു ഘട്ടത്തില്‍ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു നീങ്ങാന്‍ സാധിച്ചതെങ്ങനെ?

അന്ന് ആ സംഭവം നടന്നിരുന്നില്ലെങ്കിലും ഞാന്‍ സാമൂഹ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയില്‍ എത്തുമായിരുന്നു. പ ക്ഷേ, ഇന്നത്തെ നിലയിലാകാന്‍, ഈ രംഗത്ത് പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ കാരണം അതുതന്നെയായിരുന്നു.

ഞാന്‍ ഒരു ഇരയാണെന്ന തോന്നല്‍ ഉണ്ടായില്ല. മറിച്ച് ഒരു വസ്തുത മനസ്സിലായി; ഏതൊരു പെണ്ണ് ലൈംഗിക പീഡനത്തിന് ഇരയായാലും സമൂഹം അവളെയാണ് പഴിക്കുക. അതിക്രമം കാട്ടിയ പുരുഷന്‍മാര്‍ മാന്യന്മാരായി ജീവിക്കും. എത്രയോ നൂറ്റാണ്ടുകളായി ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു? ഒരു തെറ്റും ചെയ്യാത്ത സ്ത്രീകള്‍ ആയുഷ്‌കാലം മുഴുവന്‍ പേരുദോഷവും പേറി ജീവിക്കുന്നു. അവരുടെ മക്കള്‍ക്കും പഴികേള്‍ക്കേണ്ടിവരുന്നു. സാഹചര്യംമൂലം വ്യഭിചാരത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നവര്‍ വലിയ കുറ്റവാളികളാണ്, അതേസമയം അവരുടെ അടുത്തു പോകുന്ന പുരുഷന്‍മാരെ ആരും കുറ്റപ്പെടുത്തുന്നുമില്ല.

പീഡനത്തിന് ഇരയാകുന്നതോടെ വിഷാദത്തിന് അടിപ്പെടുന്ന സ്ത്രീകളുടെ പതിവിന് അപവാദമായതോടെ ചുറ്റുപാടുമുള്ളവര്‍ എന്നെ വെറുത്തുതുടങ്ങി.

നേരത്തെ തന്നെ സാമൂഹ്യ പ്രവര്‍ത്തനത്തോട് എനിക്കുണ്ടായിരുന്ന താല്‍പര്യത്തിന് ഈ സംഭവത്തോടെ ഒരു ദിശാബോധമായി.

തുടര്‍ന്നങ്ങോട്ട് ജീവിതം പ്ലാന്‍ഡ് ആയിരുന്നു എന്നാണോ ഉദ്ദേശിച്ചത്?

തീര്‍ച്ചയായും. ആ സംഭവത്തിനുശേഷം എന്റെ ജീവിതം മുഴുവന്‍ പ്ലാന്‍ഡ് ആണ്. പതിനാറുവയസ്സുവരെ എന്നെ വിസ്മയമായി കരുതിയിരുന്നവര്‍ക്ക് ഞാന്‍ ഒരു തലവേദനയായി മാറിയിരിക്കുന്നു എന്ന തിരിച്ചറിവാണ് അതിനു പ്രേരിപ്പിച്ചത്. ഇപ്പോള്‍ ഞാന്‍ എവിടെ എത്തിയിരിക്കുന്നുവോ അത് പൂര്‍ണമായും പ്ലാന്‍ഡ് ഈവന്റാണ്. അതില്‍ യാദൃച്ഛികതകളേയില്ല.

മേധാ പട്കറും മറ്റും സജീവമായിരുന്ന കാലമായിരുന്നതുകൊണ്ട് ബി.എസ്‌സിക്ക് എന്‍വയണ്‍മെന്റല്‍ സയന്‍സ് ഐച്ഛിക വിഷയമായെടുത്തു. ഉയര്‍ന്ന മാര്‍ക്കില്‍ വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ സൈക്യാട്രി ഐച്ഛികമായെടുത്ത് ബാംഗ്ലൂരില്‍ എം.എസ്.ഡബ്ല്യൂവിന് ചേര്‍ന്നു.

വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടവരെയും കാബറെ കലാകാരികളെയും ബാര്‍ നര്‍ത്തകിമാരെയുമൊക്കെ പി.ജി.ക്കു പഠിക്കുമ്പോള്‍തന്നെ കാണാന്‍ പോകുന്നത് പതിവാക്കി. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ തുടരെ സഹായം വാഗ്ദാനം ചെയ്തുകൊണ്ടേയിരുന്നു. ഇതൊക്കെയാണെങ്കിലും എങ്ങനെയാണ് അവരെ സഹായിക്കേണ്ടതെന്ന് യാതൊരു ധാരണയുമുണ്ടായിരുന്നില്ല.

എന്നും പോയി അവരോടു ചോദിക്കും, ഞാന്‍ എന്താ ചെയ്യേണ്ടതെന്ന്. പ്രതികരണം വളരെ പരുഷമായിരുന്നു. നിനക്കെന്താ വേണ്ടതെന്ന മറുചോദ്യവും ആട്ടും തുപ്പുമായിരിക്കും പലപ്പോഴും ഉണ്ടാകുക.

ഒരു ദിവസം ഒരു വേശ്യാലയത്തിലെ സ്ത്രീ മുറുക്കിക്കൊണ്ടിരിക്കെ എന്റെ മുഖത്തു തുപ്പി. എന്നിട്ടും ഞാന്‍ സന്ദര്‍ശനം മുടക്കിയില്ല. എതോ ഒരു ശക്തി എന്നെ അവിടെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

ആയിടയ്ക്ക്് അവിടുത്തെ വ്യഭിചാരശാലകളിലൊന്നില്‍ പതിമ്മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു. എല്ലാ ദിവസവും നാലും അഞ്ചും പേര്‍ അവളെ ഉപയോഗിച്ചശേഷം അഞ്ചു രൂപവീതം ബ്ലൗസിനുള്ളില്‍ വെക്കും. ഒരു ദിവസം ഞാന്‍ ചെന്നപ്പോള്‍ അവിടെ ഇരിക്കുന്ന സ്ത്രീ ചോദിച്ചു.

''നീ എല്ലാ ദിവസവും ചോദിക്കുന്നുണ്ടല്ലോ ഞങ്ങള്‍ക്കു വേണ്ടി എന്താ ചെയ്യേണ്ടതെന്ന്. ദാ, അവിടെക്കിടക്കുന്നു ഒരെണ്ണം, പോയി സഹായിക്ക്''

ആദ്യമായിട്ടാണ് എന്നോട് അവര്‍ സാഹായിക്ക് എന്നു പറയുന്നത്. ഞാന്‍ പോയി പെണ്‍കുട്ടിയെ കണ്ടു. അവള്‍ക്ക് ഭാഗികമായി ബുദ്ധിമാന്ദ്യമുണ്ട്. നേരത്തെ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച എനിക്ക് അവളോട് സംസാരിക്കാന്‍ ക്ലേശമുണ്ടായില്ല. നാലു ദിവസംകൊണ്ട് ആ കുട്ടിയുടെ മേല്‍വിലാസം കണ്ടെത്താനായി. പിന്നെ എന്റെ അച്ഛന്റെ മേലുദ്യോഗസ്ഥനെ കണ്ട് ഒരു വണ്ടി വേണമെന്ന് അപേക്ഷിച്ചു. എങ്ങനെയോ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി, അദ്ദേഹത്തിന്റെ ജീപ്പ് സംഘടിപ്പിച്ച് കുട്ടിയെ വ്യഭിചാരശാലയിലുണ്ടായിരുന്ന ഒന്നു രണ്ട് സ്ത്രീകള്‍ക്കൊപ്പം അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി.

സ്വദേശത്ത് എത്തിയപ്പോഴാണ് കുട്ടി അവിടുത്തെ ഒരു ജന്മിയുടെ മകളാണെന്ന് വ്യക്തമായത്. മാതാപിതാക്കള്‍ മരിച്ചതോടെ സ്വത്ത് തട്ടിയെടുക്കാന്‍ ചെറിയച്ഛന്‍ അവളെ വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. തെരുവില്‍ അലയുന്നതിനിടെ ആരോ ബാംഗ്ലൂരില്‍ കൊണ്ടുവന്നു. രണ്ടു മൂന്നു സ്ഥലങ്ങളില്‍ നിരന്തര പീഡനത്തിന് ഇരയായശേഷമാണ് ഞാന്‍ കണ്ട സ്ഥലത്ത് എത്തിച്ചത്.

അയല്‍വാസികളും മറ്റും കുട്ടിയെ തിരിച്ചറിഞ്ഞു. അവളുടെ സംരക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു. അതായിരുന്നു ഈ രംഗത്ത് എന്റെ ആദ്യത്തെ കേസ്. അതോടെ എന്റെ ജീവിതം സെക്‌സ് റാക്കറ്റുകളുടെ ഇരകളായ സ്ത്രീകള്‍ക്കൊപ്പമായി.

ക്രമേണ അവരുമായി ഏറെ അടുത്തു. എന്റെ ആത്മാര്‍ത്ഥത ബോധ്യമായതോടെ അവര്‍ അനുഭവങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. അപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. രാവിലെ കോളേജില്‍ പോകും, വൈകുന്നേരം വ്യഭിചാര കേന്ദ്രത്തില്‍ പോകും. എം.എസ്. ഡബ്ല്യുവിന് എന്റെ തിസീസ് അവരെക്കുറിച്ചായിരുന്നു.

പി.ജി.ക്ക് മംഗലാപുരം സര്‍വകലാശാലയില്‍ ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ജീവിതത്തില്‍ ഉന്നത നിലയിലെത്തുമെന്ന് ബന്ധുക്കളും മറ്റും പ്രതീക്ഷിച്ചു. എനിക്ക് ആ പ്രതീക്ഷയ്‌ക്കൊത്ത് പോകാന്‍ താത്പര്യമുണ്ടായിരുന്നില്ല. മുന്നില്‍ വ്യക്തമായ ഒരു വഴിയുണ്ടായിട്ടും അത് തിരഞ്ഞെടുക്കാത്ത സ്ഥിതി.

കോണ്‍ക്രീറ്റായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. പക്ഷേ, തീരുമാനമെടുക്കാന്‍ വര്‍ഷങ്ങള്‍ വൈകി.
അങ്ങനെ വെറുതെ നടക്കുന്ന കാലത്താണ് വിമെന്‍സ് മൂവ്‌മെന്റിലും റാഡിക്കല്‍ മൂവ്‌മെന്റിലുമൊക്കെ സജീവമായത്. അവരുടെ പിക്കറ്റിങ്ങിലും മറ്റുമൊക്കെ തുടര്‍ച്ചയായി പങ്കെടുത്തു.

ലോക സുന്ദരി മത്സരത്തിനെതിരായ സമരത്തില്‍ പങ്കുചേര്‍ന്നതും ജയിലിലായതും അക്കാലത്താണോ?

അതെ. 1996-ല്‍ ബാംഗ്ലൂരില്‍ നടന്ന ലോക സുന്ദരി മത്സരം കാണാനെത്തുന്നവര്‍ക്ക് കാഴ്ച്ചവെക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നു. വ്യഭിചാരകേന്ദ്രങ്ങളിലെ സുഹൃത്തുക്കളായ സ്ത്രീകള്‍ മുഖേന ഇതു സംബന്ധിച്ച വിവരങ്ങള്‍ എനിക്ക് ലഭിച്ചുകൊണ്ടിരുന്നു.

മത്സരവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന അനാശാസ്യ ഇടപാടുകളെയും മനുഷ്യക്കടത്തിനെയുംകുറിച്ച് കൂടുതല്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ അന്വേഷണം ഉള്ളറകളിലേക്ക് നീങ്ങുന്നതായി തിരിച്ചറിഞ്ഞ സംഘാടകര്‍ എന്നെ നോട്ടമിട്ടിരുന്നു.

കിട്ടിയ വിവരങ്ങള്‍ എവിടെയെങ്കിലും പറയേണ്ടേ? ഒറ്റയാള്‍ പട്ടാളമായ എനിക്ക് അതിന് വേദിയുണ്ടായിരുന്നില്ല. അങ്ങനെയാണ് ഫെമിനിസ്റ്റ് മൂവ്‌മെന്റുമായി ബന്ധപ്പെട്ട് അവരുടെ വേദികളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. നിരാഹാര സത്യഗ്രഹം ഉള്‍പ്പെടെ അവരുടെ എല്ലാ പ്രക്ഷോഭപരിപാടികളിലും ഞാനും പങ്കെടുത്തു.

അവരുടെ പ്രക്ഷോഭം തീര്‍ത്തും ഉപരിപ്ലവമായിരന്നു. ഒരു ദിവസം കര്‍ഷക നേതാവ് നഞ്ചുണ്ടസ്വാമി ഉള്‍പ്പെടെ പല പ്രമുഖരും പങ്കെടുത്ത പിക്കറ്റിങ്ങില്‍ എനിക്ക് പ്രസംഗിക്കാന്‍ അവസരം കിട്ടി. സൗന്ദര്യ മത്സരത്തിന്റെ മറവില്‍ നടക്കുന്ന മാംസക്കച്ചവടത്തെക്കുറിച്ച് അറിയാവുന്നതെല്ലാം പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. അറസ്റ്റ് ചെയ്യപ്പെടുമ്പോഴും ഞാന്‍ ആവേശത്തില്‍തന്നെയായിരുന്നു. വൈകുന്നേരം പുറത്തിറങ്ങാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, എല്ലാ കണക്കുകൂട്ടലുകളും തെറ്റി. ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു മാസത്തെ ഏകാന്തതടവാണ് എന്നെ കാത്തിരുന്നത്.

ആ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത് വിഡ്ഢിത്തമായിരുന്നെന്ന് പിന്നീട് തോന്നിയിട്ടുണ്ടോ?

അത് ശരിക്കും ഒരു കെണിയായിപ്പോയി. തീര്‍ത്തും അപ്രതീക്ഷിതം. മുന്‍പ് എത്രയോ തവണ അറസ്റ്റിലായിട്ടുണ്ട്. പ്രതിഷേധ പരിപാടിയുടെ സംഘാടകര്‍തന്നെ ജാമ്യം സംഘടിപ്പിച്ചു തരുന്നതായിരുന്നു പതിവ്. പക്ഷേ, അന്ന് കഥ മാറി. ഞാന്‍ ഉള്‍പ്പെടെ അറസ്റ്റിലായ 13 സ്ത്രീകളെ സൗന്ദര്യ മത്സരം കഴിയുന്നതുവരെ തടവിലിടാനായിരുന്നു തീരുമാനം. അതില്‍ പത്തു പേര്‍ നക്‌സലുകളായിരുന്നു.

കേസ് പരിഗണിച്ചിരുന്ന ജഡ്ജി കുറേ ദിവസം ലീവെടുത്തു. ചില ദിവസങ്ങളില്‍ രാവിലെ വന്ന് പെട്ടെന്ന് മടങ്ങി. രണ്ടു മാസം കഴിഞ്ഞ് മോചനം ലഭിക്കുകയും പിന്നീട് കേസില്‍ കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്‌തെങ്കിലും അത് ജീവിതത്തിലെ വലിയൊരു പാഠമായിരുന്നു.

എന്റെ കുടുംബത്തില്‍നിന്ന് ആരും തിരിഞ്ഞുനോക്കിയില്ല. 350ഓളം വനിതാ തടവുകാര്‍ കഴിഞ്ഞിരുന്ന സെല്ലുകള്‍ക്കു മുന്നിലെ നീണ്ട ഇടനാഴിയുടെ ഒരറ്റത്ത് വലിയൊരു ഇരുമ്പു ഗേറ്റ്. വാര്‍ഡന്‍ ഗേറ്റില്‍ കൊട്ടിയാല്‍ ജയിലില്‍ പൂര്‍ണനിശ്ശബ്ദതയാകും. ആര്‍ക്കൊക്കെയാണ് സന്ദര്‍ശകര്‍ വന്നിരിക്കുന്നതെന്ന അറിയിപ്പിനായി കാതോര്‍ക്കാനാണ്.

രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെയാണ് സന്ദര്‍ശകസമയം. രണ്ടു മാസക്കാലം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. എന്നെത്തേടി സ്വന്തമെന്നു പറയാന്‍ ആരും വന്നില്ല. വീട്ടുകാര്‍ തഴഞ്ഞെന്ന് ഉറപ്പായി. വൈകുന്നേരം നാലു മുതല്‍ പിറ്റേന്ന് രാവിലെ അഞ്ചുവരെ മടുപ്പിക്കുന്ന ഏകാന്തത. രാവിലെ പതിനൊന്നിനും ഉച്ചകഴിഞ്ഞ് മൂന്നിനും മാത്രമായിരുന്നു ഭക്ഷണം. ബന്ധനം എന്താണെന്ന് തിരിച്ചറിഞ്ഞ ആ നാളുകളില്‍ കിട്ടിയിരുന്ന ഏതാനും വറ്റ് ചോറിന്റെ രുചി ഇന്നും നാവിലുണ്ട്.

ജയിലില്‍നിന്ന് പുറത്തുവന്ന ദിവസം മറ്റു പന്ത്രണ്ടുപേരുടെയും ഉറ്റവര്‍ എത്തിയിരുന്നു. എന്നെത്തേടി ആരുമുണ്ടായില്ല. കയ്യില്‍ കാശുമില്ല. എങ്ങനെയോ തപ്പിപ്പിടിച്ച് വീട്ടിലെത്തി. 'ഇനി നീ വെളിയിലൊന്നും പോകേണ്ട'- ചെന്നയുടന്‍ അമ്മ പറഞ്ഞു. അതു വകവെക്കാതെ ഞാന്‍ അന്നു വൈകുന്നേരംതന്നെ കോളനിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. എനിക്ക് അവിടെ തുടരനാവില്ലെന്ന് അന്ന് ബോധ്യമായി. വീടു വിട്ടുപോകുകയാണെന്ന് പറഞ്ഞപ്പോള്‍ ആരും എതിര്‍ത്തില്ല. എവിടേക്ക് പോകണമെന്ന് യാതൊരു ധാരണയുമുണ്ടായിരുന്നില്ല.

ജയിലില്‍ ഞങ്ങളെ സന്ദര്‍ശിച്ചിരുന്ന സംഘത്തിലുണ്ടായിരുന്ന മോണ്ട്‌ഫോര്‍ട്ട് സന്യാസസഭാംഗം ബ്രദര്‍ വര്‍ഗീസിനെ ബന്ധപ്പെട്ടു. അദ്ദേഹം ഹൈദരാബാദിലെ ചേരികളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അവിടെച്ചെന്ന് കുറെ ദിവസം ചെലവഴിക്കാന്‍ നിര്‍ദേശിച്ചു.

ഡിസംബര്‍ മൂന്നിന് ബാംഗ്ലൂര്‍ വിട്ടു. പിറ്റേന്ന് ഹൈദരാബാദിലെത്തി. അവിടെ ബ്രദര്‍ വര്‍ഗീസും സംഘവും പ്രവര്‍ത്തിക്കുന്ന ചേരിയിലെ ഒരു മുറിയില്‍ ഞാന്‍ താമസമാക്കി.

ഹൈദരാബാദിലെ പ്രവര്‍ത്തനം സജീവമായത് ഏതു ഘട്ടത്തിലാണ്?

രണ്ടുമൂന്നു മാസം ചേരിയിലെ പ്രശ്‌നങ്ങള്‍ കണ്ടുപഠിച്ചു. അവിടെ കുടിയൊഴിപ്പിക്കല്‍ നടന്നപ്പോള്‍ കുറെ ആളുകളെ ഉള്‍പ്പെടുത്തി ഒരു സംഘടന ഉണ്ടാക്കി. ബ്രദര്‍ വര്‍ഗീസിന്റെ പീപ്പിള്‍സ് ഇനിഷ്യേറ്റീവ് നെറ്റ്‌വര്‍ക്കുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം. ഞങ്ങള്‍ ഒട്ടേറെ പ്രതിഷേധമുറകള്‍ പയറ്റി.

1996 ഏപ്രിലില്‍ ഹൈദരാബാദിലെ മെഹ്ബൂബ് കി മെഹ്ന്ദി എന്ന കുപ്രസിദ്ധ വ്യഭിചാരകേന്ദ്രത്തിന്റെ ഒഴിപ്പിക്കല്‍ നടക്കുമ്പോള്‍ ഞാന്‍ അവിടെ എത്തി. രണ്ടാം ദിവസമാണ് മോണ്ട്‌ഫോര്‍ട്ട് സന്യാസസഭാംഗമായ ബ്രദര്‍ ജോസിനെ കണ്ടുമുട്ടുന്നത്. ഞങ്ങള്‍ രണ്ടുപേരും ഒരേ ലക്ഷ്യത്തിനുവേണ്ടി നിയോഗിക്കപ്പെട്ടവരാണെന്നും ജീവിതങ്ങള്‍ എവിടെയോ ബന്ധിക്കപ്പെട്ടിരിക്കുന്നെന്നും ആദ്യ സംഭാഷണത്തില്‍തന്നെ എനിക്കു മനസ്സിലായി. വൈകാതെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി.

കുടിയൊഴിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജയിലുകളില്‍ മൃഗീയ പീഡനം അനുഭവിക്കേണ്ടിവന്നു. എല്ലാവരെയും നിര്‍ബന്ധിത എയ്ഡ്‌സ് പരിശോധനയ്ക്ക് വിധേയരാക്കി. ഇടയ്ക്ക് കുറേപ്പെരെ വിട്ടയച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഇരുപതു സ്ത്രീകള്‍ ആത്മഹത്യചെയ്തു. ഒരുദിവസം 450-ഓളം പേരെ ട്രക്കുകളില്‍ കുത്തിനിറച്ച് ജയിലിലേക്ക് കൊണ്ടുപോയി. തൊട്ടു പിന്നാലെ അവരുടെ വീടുകള്‍ നാട്ടുകാര്‍ നശിപ്പിച്ചു.

പി.യു.സി.എല്‍ പോലെയുള്ള പല സംഘടനകളും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പ്രത്യേക മേല്‍വിലാസമൊന്നുമില്ലാതെ ഞാനും കര്‍മനിരതയായി. പക്ഷേ, മറ്റുള്ളവര്‍ കടന്നുചെല്ലാത്ത മേഖലകളിലായിരുന്നു എന്റെ പ്രവര്‍ത്തനം. ആത്മഹത്യ ചെയ്ത സ്ത്രീകളുടെ സംസ്‌കാരത്തിനും മറ്റും മുന്‍കൈ എടുത്തു. അതോടെ ഞാനും മെഹ്ബൂബ് കി മെഹ്്ന്ദിയിലെ അന്തേവാസികളില്‍ ശേഷിച്ചവരും തമ്മില്‍ ഏറെ അടുത്തു. ബാംഗ്ലൂരിലെ എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അതിനോടകം അവര്‍ അറിഞ്ഞിരുന്നു.

ഇടയ്ക്കിടെ അവരുടെ അടുത്തുപോയി എന്തുസഹായമാണ് വേണ്ടതെന്ന് ചോദിക്കും. തങ്ങള്‍ക്ക് ഒന്നും വേണ്ടെന്നും അവിടുത്തെ കുട്ടികള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ഒടുവില്‍ അവര്‍ പറഞ്ഞു.

ഇക്കാര്യം ഞാന്‍ ബ്രദര്‍ ജോസിനെ അറിയിച്ചു. അദ്ദേഹത്തിന് ഭാവി പരിപാടികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.

''നമ്മള്‍ ദൈവങ്ങളല്ല, അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ അവരുടെ പങ്കാളിത്തം വേണം'' -ജോസ് പറഞ്ഞു. പങ്കാളിത്ത ആശയത്തെക്കുറിച്ച് എനിക്ക് ഒന്നും മനസ്സിലായില്ല. ആരോരുമില്ലാത്തവരോട് എങ്ങനെ പങ്കാളിത്തം ആവശ്യപ്പെടും എന്നതായിരുന്നു സംശയം. പക്ഷേ, ജോസിന്റെ നിലപാടില്‍ തെല്ലും മാറ്റമുണ്ടായില്ല. ഇതിന്റെ പേരില്‍ ഞങ്ങള്‍ പിണങ്ങുകവരെയുണ്ടായി. ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ജോസ് പറഞ്ഞ കാര്യങ്ങള്‍ തത്ത ഉരുവിടുംപോലെ ആ സ്ത്രീകളോട് ഞാന്‍ ആവര്‍ത്തിച്ചു. പ്രതികരണം വിസ്മയിപ്പിക്കുന്നതായിരുന്നു. കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി അവര്‍ എന്തിനും തയ്യാറായിരുന്നു. ആ പങ്കാളിത്ത തത്ത്വശാസ്ത്രത്തിലാണ് ഞങ്ങള്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്. മെഹ്ബൂബ് കി മെഹ്്്ന്ദിയില്‍ ശേഷിച്ച വ്യഭിചാരശാലകളിലൊന്നില്‍ അഞ്ചു കുട്ടികളുമായി ആദ്യ സ്‌കൂള്‍ തുടങ്ങി. ഞാന്‍തന്നെയായിരുന്നു ആദ്യ അധ്യാപിക. പ്രതീക്ഷയുടെ ശാശ്വത ജ്വാല എന്ന അര്‍ഥത്തിലാണ് പ്രജ്വല എന്ന പേര് സ്വീകരിച്ചത്. അവിടെനിന്ന് ഇന്ന് ഞങ്ങള്‍ ഒരുപാട് ദൂരം മുന്നേറിയിരിക്കുന്നു.

പ്രജ്വലയുയുടെ ഇപ്പോഴത്തെ ചിത്രം എന്താണ്?

ഹൈദരാബാദിലും നഗരത്തിനു പുറത്തുമായി പതിനേഴ് ട്രാന്‍സിഷന്‍ സ്‌കൂളുകളില്‍ അയ്യായിരത്തോളം കുട്ടികള്‍ പഠിക്കുന്നു. ബലാത്സംഗത്തിന്റെ ഇരകളും വേശ്യാവൃത്തിയില്‍നിന്ന് മോചിതരായവരുടെ മക്കളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. അമ്മമാരുടെ കമ്മിറ്റിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അധ്യാപകര്‍ പ്രജ്വലയിലെ അന്തേവാസികള്‍തന്നെ. ട്രാന്‍സിഷന്‍ സ്‌കൂളുകളില്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് സാധാരണ സ്‌കൂളുകളില്‍ പ്രവേശനം നല്‍കാറുണ്ട്.

പ്രജ്വല രക്ഷപ്പെടുത്തുന്നവരെ ആദ്യഘട്ടത്തില്‍ താമസിപ്പിക്കുന്ന മൂന്ന് കേന്ദ്രങ്ങളിലായി 450 പേരുണ്ട്. അവിടുത്തെ എറ്റവും ചെറിയ കുട്ടിക്ക് മൂന്നു വയസ്സാണ്.

ഹൈദരാബാദ് നഗരപ്രാന്തത്തില്‍ പ്രവര്‍ത്തിക്കുന്ന ആസ്താനിവാസില്‍ എച്ച്.ഐ.വി. ബാധിതരായ നൂറോളം കുട്ടികള്‍ കഴിയുന്നു. ഏറെപ്പേരും ബലാത്സംഗത്തിന്റെ ഇരകള്‍. മനസ്സാക്ഷിയുള്ളവരുടെ കരളലിയിക്കുന്ന കഥകളാണ് ഓരോ കുട്ടിക്കും പറയാനുള്ളത്.
പാവകളും മറ്റും നിര്‍മിക്കുന്ന പതിമ്മൂന്ന് കേന്ദ്രങ്ങള്‍ പ്രജ്വലയ്ക്കു കീഴില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ സ്ത്രീകള്‍തന്നെയാണ് നടത്തുന്നത്.

ബുക്ക് ബൈന്‍ഡിങ്്, പ്രിന്റിങ്്, കാര്‍പ്പെന്ററി, ഫോട്ടോ ലാമിനേഷന്‍ തുടങ്ങി വിവിധ മേഖലകള്‍ ഉള്‍പ്പെടുന്ന വിപുലമായ ചെറുകിട വ്യവസായ യൂണിറ്റില്‍ 120ഓളം പേര്‍ ജോലി ചെയ്യുന്നു.

അമൂല്‍ ഇന്ത്യയുടെ സഹകരണത്തോടെ രണ്ടു സ്ഥലത്ത് അമൂല്‍ ഫ്രാഞ്ചൈസികള്‍ നടത്തുന്നതിനു പുറമെ യശോദ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്​പത്രിയില്‍ ഹൗസ് കീപ്പിങ്, താജ് ബഞ്ചാര സ്റ്റാര്‍ ഹോട്ടലില്‍ ലേഡി സെക്യൂരിറ്റി ഗാഡ് തുടങ്ങിയ ജോലികളും പ്രജ്വലയിലെ അന്തേവാസികള്‍ ചെയ്യുന്നു.

നാഷണല്‍ അക്കാദമി ഫോര്‍ കണ്‍സ്ട്രക്ഷനില്‍ മേസന്‍ ജോലിയില്‍ പരിശീലനം നേടിയ 25 പെണ്‍കുട്ടികള്‍ ഇപ്പോള്‍ ലാന്‍കോ കണ്‍സ്്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇതുവരെ 2550 സ്ത്രീകളെ പുനരധിവസിപ്പിച്ചു. അയ്യായിരത്തിലേറെ കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി. 450 കുട്ടികളുടെ വിവാഹം കഴിഞ്ഞു. അവരില്‍ എനിക്ക് 40 ഓളം പേരക്കുട്ടികളുമുണ്ട്.

മുന്‍പ് ചെറുസംഘങ്ങളായാണ് ഞങ്ങള്‍ റെസ്‌ക്യുവിന് പോയിരുന്നത്. ഇപ്പോള്‍ അത് ഇരുപതും അതിലേറെയും പേരടങ്ങുന്ന സംഘമായി. പ്രജ്വലയില്‍ പരിശീലനം നേടിയ സംഘടനകളുടെ നേതൃത്വത്തില്‍ ഒറീസയിലും തമിഴ്‌നാട്ടിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ബ്രദര്‍ ജോസ് പ്രജ്വലയില്‍ പ്രവര്‍ത്തിക്കുന്നതിനെ സഭ എതിര്‍ത്തിരുന്നതായി കേട്ടിട്ടുണ്ടല്ലോ?

ദേശീയ തലത്തില്‍ നോക്കിയാല്‍ മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട പലരും സജീവമാണ്. പക്ഷേ ജോസിന്റെ സന്ന്യാസസഭ അദ്ദേഹത്തിന്റെ സങ്കല്പ്പങ്ങളെയും പ്രവര്‍ത്തനങ്ങളെയും കാര്യമായി പരിഗണിച്ചില്ല. അതുകൊണ്ടുതന്നെയാണ് അവര്‍ അദ്ദേഹം പ്രജ്വലയില്‍ പ്രവര്‍ത്തിക്കുന്നതിനെ എതിര്‍ത്തത്. ഇത്രയും വിഷനറിയായ ഒരു മനുഷ്യനെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നത് എറെ ദുഃഖകരമാണ്.

എന്റെ അഭിപ്രായത്തില്‍ അദ്ദേഹം ഒരു യഥാര്‍ഥ ക്രിസ്ത്യാനിയായിരുന്നു. എത്രയോ സന്ന്യസ്തരെ നമ്മള്‍ കാണുന്നു. ഫാദറാണ്, ബ്രദറാണ്, സിസ്റ്ററാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന പലരുടെയും മനസ്സും പ്രവൃത്തിയും അതിനു ചേര്‍ന്നതാവില്ല. ജോസിനെ സംബന്ധിച്ചിടത്തോളം പ്രജ്വലയിലെ പ്രവര്‍ത്തനം ഒരു ഈശ്വരാനുഭവം തന്നെയായിരുന്നു.

അദ്ദേഹത്തിന്റെ വേര്‍പാട് പ്രസ്ഥാനത്തെ എങ്ങനെ ബാധിച്ചു?

2006ലാണ് ജോസ് മരിക്കുന്നത്. അത് പ്രജ്വലയ്ക്ക് കനത്ത പ്രഹരമായിരുന്നു. ഇപ്പോള്‍ പല നിര്‍ണായക ഘട്ടങ്ങളിലും ജോസിന്റെ അഭാവം ഞങ്ങള്‍ അറിയുന്നുണ്ട്. പ്രജ്വലയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ ആള്‍രൂപമായിരുന്നു അദ്ദേഹം. പുരുഷന്‍മാരുടെ ക്രൂരതകള്‍ മാത്രം കണ്ടിട്ടുള്ള അവിടുത്തെ കുട്ടികള്‍ക്ക് നല്ല ആണുങ്ങളുടെ ഒരു പ്രതീകവും.

ജോസ് കൂടെയില്ലെന്ന കാര്യം എനിക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. അദ്ദേഹത്തിന്റെ ആത്മാവുമായി ഞാന്‍ ഇപ്പോഴും സംവദിക്കുന്നുണ്ട്. പക്ഷേ, ഫിസിക്കല്‍ ഗ്യാപ്പ് ഒരു റിയാലിറ്റിയാണ്. പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോള്‍ ഇപ്പോള്‍ ജോസ് ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രജ്വലയുടെ വ്യവസായ യൂണിറ്റൊക്കെ അദ്ദേഹം വിഭാവനം ചെയ്തതാണ്. ദൈവാനുഗ്രഹംകൊണ്ടുമാത്രമാണ് എല്ലാം നല്ലനിലയില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയുന്നത്.

ചലച്ചിത്ര സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍ സുനിതയുടെ പ്രവര്‍ത്തന മണ്ഡലത്തിലേക്കും ജീവിതത്തിലേക്കും കടന്നുവന്നത് എങ്ങനെ?

ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്നു. ഇടയ്ക്ക് രാജേഷ് പ്രജ്വലയ്ക്കുവേണ്ടി ചില ഡോക്യുമെന്ററികള്‍ ചെയ്തു. സംവിധായകന്‍ എന്നതിലുപരി എന്റെ കാഴ്ചപ്പാടുമായി യോജിച്ചുപോകുന്ന വ്യക്തിയാണെന്ന് പിന്നീട് എനിക്ക് ബോധ്യമായി. ബ്രദര്‍ ജോസിന്റെ മരണത്തിനുശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. കഴിഞ്ഞ നാലു വര്‍ഷക്കാലം പ്രജ്വലയുടെ പ്രവര്‍ത്തനങ്ങളില്‍ രാജേഷിന്റെ കോണ്‍ട്രിബ്യൂഷന്‍ വിലമതിക്കാനാവാത്തതാണ്.

നിങ്ങളുടെ പ്രവര്‍ത്തനം ആന്ധ്രയിലെ സാഹചര്യങ്ങളില്‍ മാറ്റത്തിന് വഴിതെളിച്ചിട്ടുണ്ടോ?

പൊതുവെ നോക്കിയാല്‍ മനുഷ്യക്കടത്തിന്റെ തോത് കുറഞ്ഞിട്ടില്ലെന്നു കാണാം. നമ്മള്‍ ഏതെങ്കിലും മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മാഫിയകള്‍ റൂട്ട് മാറ്റിപ്പിടിക്കും. ഉദാഹരണത്തിന് ചന്ദ്രാപ്പുര്‍ എന്ന സ്ഥലം ഞങ്ങള്‍ ക്ലിയര്‍ ചെയ്തപ്പോള്‍ അവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നവര്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറി.

ഒരു പ്രസ്ഥാനം മാത്രം അധ്വാനിച്ചാല്‍ ഉണ്ടാക്കാവുന്ന മാറ്റങ്ങള്‍ക്ക് പരിധിയുണ്ട്. കൂടുതല്‍ സംഘടനകള്‍ ഈ രംഗത്ത് വന്നിരുന്നെങ്കില്‍ മനുഷ്യക്കടത്ത് എന്നേ നിലയ്ക്കുമായിരുന്നു? എങ്കിലും ആന്ധ്രയില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ത്രീകളെ കടത്തിക്കൊണ്ടുപോകുന്നത് കുറഞ്ഞിട്ടുണ്ട്. ഗോവയിലേക്കും മറ്റും ബംഗാളില്‍നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുമാണ് ഇപ്പോള്‍ പെണ്‍കുട്ടികളെ കൂടുതലായി കൊണ്ടുവരുന്നത്.

മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനത്തില്‍ പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണം വര്‍ധിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. അടുത്ത അഞ്ചാറു വര്‍ഷത്തിനുള്ളില്‍ ഈ രംഗത്ത് കാര്യമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

സ്ത്രീകളെയും കുട്ടികളെയും ലൈംഗിക ചൂഷണത്തിനായി കടത്തിക്കൊണ്ടുപോകുന്നതിനെതിരായ ആന്ധ്രാ സര്‍ക്കാരിന്റെ നയം രൂപപ്പെടുത്തിയത് പ്രജ്വലയുടെ നേതൃത്വത്തിലാണ്. ഈ കുറ്റകൃത്യത്തിന് ഇതുവരെ സംസ്ഥാനത്ത് അറുപതോളംപേര്‍ ശിക്ഷിക്കപ്പെട്ടു.

ഒരുവേള സംസ്ഥാന സര്‍ക്കാരുമായി വളരെ അടുത്തു പ്രവര്‍ത്തിച്ചിരുന്ന പ്രജ്വലയ്ക്ക് പിന്നീട് എതിര്‍പ്പുകളും നേരിടേണ്ടിവന്നല്ലോ?

തുടക്കത്തില്‍ ആന്ധ്രാ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രജ്വലയ്ക്ക് ശക്തമായ പിന്തുണ കിട്ടിയിരുന്നു. അതിന്റെ ക്രെഡിറ്റ് അവിടെ വനിതാക്ഷേമ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മലയാളി മിനി മാത്യുവിനാണ്. നമ്മള്‍ എന്തൊക്കെച്ചെയ്താലും സര്‍ക്കാര്‍ മെഷീനറിക്കു ള്ളില്‍ സഹായിക്കാന്‍ ഒരാളുണ്ടാകണം. മിനി മാത്യുവാണ് ഞങ്ങളുടെ പദ്ധതികള്‍ മന്ത്രിസഭാതലത്തില്‍ എത്തിച്ചതും ട്രാഫിക്കിങ്ങിനെതിരായ നയം നടപ്പില്‍വരുത്താന്‍ മുന്‍കൈ എടുത്തതുമൊക്കെ.

പക്ഷേ പില്‍ക്കാലത്ത് ആന്ധ്രാപ്രദേശിലെ ഒരു ഐ.എ.എസ്. ഓഫീസര്‍ക്ക് ട്രാഫിക്കിങ്് മാഫിയയുമായി ബന്ധമുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തിയതോടെ പ്രശ്‌നമായി. ഒരു ഘട്ടത്തില്‍ പൊലീസും ഞങ്ങള്‍ക്ക് എതിരായി. കള്ളക്കഥകളുണ്ടാക്കുകയാണെന്നും മറ്റും ആരോപണമുയര്‍ന്നിരുന്നു. കുറെക്കാലം കഴിഞ്ഞപ്പോള്‍ ഈ സാഹചര്യം മാറി, വീണ്ടും സര്‍ക്കാര്‍ പ്രജ്വലയ്ക്ക് അനുകൂലമായി. പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം കൊടുത്ത് ട്രാഫിക്കിങ്ങിനെതിരായ നീക്കങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. രാജേഷ് സംവിധാനം ചെയ്ത അനാമിക എന്ന ഡോക്യുമെന്ററി ആന്ധ്രാ പൊലീസ് അക്കാദമിയുടെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ പൊതുസ്ഥിതി കണക്കിലെടുത്താല്‍ മനുഷ്യക്കടത്ത് ഇപ്പോള്‍ എത്രമാത്രം വ്യാപകമാണ്?

ഒട്ടക ജോക്കിയിങ്ങിന് കുട്ടികളെയും, അടിമപ്പണിക്കായി മുതിര്‍ന്നവരെയും കൊണ്ടുപോകുന്നതില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ലൈംഗിക ചൂഷണം ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്തിന്റെ തോതില്‍ കാര്യമായ വ്യത്യാസമില്ല. പോര്‍ണോഗ്രഫി, സെക്‌സ് ടൂറിസം തുടങ്ങിയ പുതിയ മേഖലകളുടെ വളര്‍ച്ചയാണ് ഇതിന് കാരണം. വ്യഭിചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇടപാടുകള്‍ കുറയുന്നതിനനുസരിച്ച് ലൈംഗിക ചൂഷണത്തിന്റെ പുതിയ മേഖലകള്‍ സജീവമാകുന്നു. ഈ മേഖലകളിലൊക്കെ കുടുങ്ങിപ്പോകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല.

എല്ലാ വിധത്തിലുമുള്ള മനുഷ്യക്കടത്തിനെ ഒരേ പോലെ പരിഗണിക്കേണ്ടതും ഫലപ്രദമായ നടപടികളെടുക്കേണ്ടതുമാണ്. പക്ഷേ, നിലവില്‍ അതിന് ഇന്ത്യയില്‍ ഫലപ്രദമായ നിയമങ്ങളില്ല. ട്രാഫിക്കിങ്‌വിക്ടിം പ്രൊട്ടക്ഷന്‍ ആക്ട് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രജ്വല ഫയല്‍ ചെയ്ത കേസ് ആറു വര്‍ഷത്തോളമായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതില്‍ അനുകൂല വിധിയുണ്ടായാലും നിയമം നിലവില്‍ വരാന്‍ വര്‍ഷങ്ങളെടുക്കും.

ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ മാത്രമാണ് ട്രാഫിക്കിനെതിരെ ഏറെക്കുറെയെങ്കിലും ഫലപ്രദമായ ഒരു സംവിധാനമുള്ളത്.

മനുഷ്യക്കടത്ത് മാഫിയകള്‍ കേരളത്തിലും സജീവമാണെന്ന് പ്രജ്വലയും മറ്റു ചില സംഘടനകളും ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ?

കേരളത്തിലെ സാഹചര്യം വളരെ ദയനീയമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്തിനും സെക്‌സ് ടൂറിസത്തിനും അനേകം പെണ്‍കുട്ടികള്‍ ഇരകളാകുന്നുണ്ട്. വീട്ടുവേലക്കാരികളായും മറ്റും പോകുന്ന സ്ത്രീകള്‍ വേശ്യാവൃത്തിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു.

കഴിഞ്ഞ മാസം ദുബായില്‍നിന്ന് ആന്ധ്രാപ്രദേശുകാരിയായ ഒരു കുട്ടിയെ ഞങ്ങള്‍ രക്ഷിച്ചിരുന്നു. നാട്ടിലെത്തുമ്പോള്‍ അവള്‍ നന്നായി മലയാളം പറയുമായിരുന്നു. തനിക്കൊപ്പം നിര്‍ബന്ധിത വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ പതിനാറു മലയാളി യുവതികളുണ്ടായിരുന്നെന്ന് അവള്‍ പറഞ്ഞു. ജോലി വാഗ്ദാനത്തില്‍ വിശ്വസിച്ച് ദുബായിലെത്തിയ കുട്ടി വ്യഭിചാര കേന്ദ്രത്തില്‍ കുടുങ്ങുകയായിരുന്നു.

നിരന്തര പീഡനത്തെ തുടര്‍ന്ന് അവശനിലയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു. ദുബായിലെ വാല്യു ഓഫ് ഹോപ്പ് എന്ന സംഘടനയുടെ സഹായത്തോടെയാണ് അവളെ ഞങ്ങള്‍ നാട്ടിലെത്തിച്ചത്.

കേരളത്തില്‍ മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനം അനിവാര്യമാണ്. ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മലയാളികളും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളും വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നുണ്ട്. തല്‍ക്കാലത്തെ സാമ്പത്തിക ആവശ്യം മുന്‍നിര്‍ത്തി മസാജ് പാര്‍ലറുകളിലും മറ്റും ജോലിക്ക് പോകുന്ന പെണ്‍കുട്ടികള്‍ പോര്‍ണോഗ്രാഫിക് വീഡിയോകളില്‍ കുടുങ്ങുന്നതോടെ കഥമാറുന്നു. സ്വാഭാവികമായും മാഫിയാ സംഘങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വിധേയരാകാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

കാപട്യമാണ് കേരളത്തിന്റെ പ്രശ്‌നം. ഇവിടെ ഒന്നും നടക്കുന്നില്ല എന്ന് നമ്മള്‍ വരുത്തിത്തീര്‍ക്കുകയാണ്. മുന്‍പ് കോവളം ലീലാ പാലസില്‍ നിയമസഭാംഗങ്ങളുടെ ഒരു യോഗത്തില്‍ കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ഞാന്‍ വിവരിച്ചപ്പോള്‍ ഒരു മലയാളി തന്നെ കേരളത്തിന് ദുഷ്‌പേരുണ്ടാക്കാന്‍ ശ്രമിക്കുകയാണോ എന്നാണ് ചില എംഎല്‍എമാര്‍ ചോദിച്ചത്.

ഓരോ ദിവസവും ഇവിടുത്തെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍തന്നെ ഒരുപാട് വസ്തുതകള്‍ വിളിച്ചുപറയുന്നുണ്ട്. യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറാകുകയാണ് വേണ്ടത്. ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നവരുടെ സംരക്ഷണത്തിനുതകുന്ന ഫലപ്രദമായ നിയമമോ പുനരധിവാസത്തിനുള്ള ക്രമീകരണങ്ങളോ ഇവിടെയില്ല. ഏതെങ്കിലും പെണ്ണ് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞാല്‍ അവളെ തേവിടിശ്ശിയായി കാണുന്നതാണ് നമ്മുടെ രീതി. അറിവില്ലാത്ത സാക്ഷരര്‍ ഏറ്റവുമധികമുള്ള സംസ്ഥാനമാണിത്.

പീഡനത്തിനിരകളാകുന്ന കുട്ടികളുടെ സ്ഥാനത്ത് സ്വന്തം മകളാണെങ്കില്‍ എന്താകുമായിരുന്നെന്ന് മുഖ്യമന്ത്രിയും ഇവിടത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുമൊക്കെ ചിന്തിച്ചിട്ടുണ്ടോ? പൊലീസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവര്‍ക്ക് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മതിയായ പരിശീലനം നല്‍കിയിട്ടില്ല. മാത്രമല്ല, ഇവിടെ ഫലപ്രദമായ നിയമങ്ങളുമില്ല. പ്രഖ്യാപനങ്ങളല്ല നമുക്ക് വേണ്ടത്, പ്രവൃത്തിയാണ്. കേരളത്തില്‍ മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ ഒരു നയം അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. നാലു പ്രതികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടാല്‍ സാഹചര്യം മാറും. യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമാത്രം.

നളിനി ജമീലയെപ്പോലെ കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ പ്രതിനിധികളായി രംഗത്തു വന്നിട്ടുള്ളവരുടെ നിലപാട് ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കണമെന്നും സ്ത്രീയെ വേണമെന്ന് പുരുഷനും പുരുഷനെ വേണമെന്ന് സ്ത്രീക്കും തോന്നുമ്പോള്‍ അത് സാധിക്കാന്‍ അവസരമുണ്ടായാല്‍ പീഡനങ്ങള്‍ കുറയുമെന്നുമാണ് അവര്‍ പറയുന്നത്


മനുഷ്വത്വം മറന്നുകൊണ്ടാണ് കേരളത്തില്‍ ലൈംഗികത്തൊഴിലാളികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ച നടത്തുന്നത്. ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാരും സാമൂഹിക പ്രവര്‍ത്തകരുമൊക്കെ അത് സ്വന്തം പിടിപ്പുകേടിനെയും കെടുകാര്യസ്ഥതയെയും മറച്ചുപിടിക്കാനുള്ള അവസരമായാണ് കാണുന്നത്. അങ്ങനെ വരുമ്പോള്‍ ഇക്കൂട്ടരുടെ ഫലപ്രദമായ പുനരധിവാസം, മനുഷ്യക്കടത്തിനെതിരായ നിയമനിര്‍മാണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരിന് ചിന്തിക്കുകയേവേണ്ട.

നളിനി ജമീലയുടെ ആദ്യപുസ്തകം ഞാന്‍ വായിച്ചിരുന്നു. അവരുടെ ഇടപാടുകാരുടെ ക്രൂരതകളാണ് ആ പുസ്തകത്തില്‍ ഏറെയും കാണുന്നത്. ഇത്തരം ഒരു സെക്‌സിനുവേണ്ടിയുള്ള സ്വാതന്ത്ര്യമാണോ അവര്‍ ആവശ്യപ്പെടുന്നത്?

സെക്‌സ് വര്‍ക്കേഴ്‌സ് ഫോറം പോലെയുള്ള സംഘടനകള്‍ കേരളത്തിന് ആവശ്യമില്ല. ലൈംഗികത്തൊഴിലാളികളുടെ സ്വാതന്ത്ര്യത്തിനും നിയമപരിരക്ഷയ്ക്കും വേണ്ടിയുള്ള മുറവിളികള്‍ ചൂഷണത്തെ നിയമവിധേയമാക്കാനുള്ള ശ്രമമായേ കരുതാനാകൂ.

നളിനി ജമീലയെ ആഘോഷിക്കുകയും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്ന അനേകരുണ്ട്. അങ്ങനെയെങ്കില്‍ അനേകം വിഷയങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്ന കേരളത്തിലെ സര്‍വകലാശാലകളില്‍ ലൈംഗികത്തൊഴിലുമായി ബന്ധപ്പെട്ടും ഒരു കോഴ്‌സ് തുടങ്ങാവുന്നതേയുള്ളൂ. പറ്റുമെങ്കില്‍ അതിനായി ഒരു സര്‍വകലാശാലതന്നെ സ്ഥാപിക്കണം. മന്ത്രിമാരുടെ പെണ്‍മക്കള്‍ക്കും നളിനി ജമീലയ്ക്ക് സഹായഹസ്തമേകുന്ന മൈത്രേയന്റെ ഭാര്യ ജയശ്രീക്കുമൊക്കെ ലൈംഗികത്തൊഴില്‍ ചെയ്യുന്നതിന് സ്വാതന്ത്ര്യമുണ്ടാകണം. അങ്ങനെ തികച്ചും സ്വതന്ത്രമായ ഒരു സംവിധാനം യാഥാര്‍ത്ഥ്യമായാല്‍ ഞാന്‍ സമ്മതിക്കാം ഈ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് ശരിയാണെന്ന്.

നളിനി ജമീലയുടെ ചങ്കൂറ്റത്തെ വാഴ്ത്തുന്നവര്‍ ഉള്ളുകൊണ്ട് അവരെ എങ്ങനെയാണ് കാണുന്നത്? സ്വന്തം മകളോ ഭാര്യയോ ലൈംഗികത്തൊഴില്‍ ചെയ്യുന്നതിന് ഇക്കൂട്ടര്‍ സമ്മതിക്കുമോ? ഇവിടെ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യാന്‍ എത്രയോ എന്‍.ജി.ഒകളുണ്ട്? പക്ഷേ, ലൈംഗിക പീഡനത്തിന് ഇരകളാകുന്നവരെയും സെക്‌സ് റാക്കറ്റുകളുടെ കെണിയില്‍ പെടുന്നവരെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആരും തയ്യാറാകാത്തത് എന്താണ്? പരിഹാര മാര്‍ഗങ്ങളില്ലാത്ത ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നളിനി ജമീലമാരെ ആഘോഷിച്ചേ തീരൂ.

സുനിതയുടെ കുടുംബം

ചലച്ചിത്ര സംവിധായകന്‍ രാജേഷ് ടച്ച്‌റിവറാണ് സുനിതയുടെ ഭര്‍ത്താവ്. ലണ്ടനിലെ വിംബിള്‍ഡണ്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി പ്രൊഡക്ഷന്‍ ഡിസൈനറായി ചലച്ചിത്ര രംഗത്തെത്തിയ ഈ തൊടുപുഴക്കാരന്‍ ശ്രീലങ്കയിലെ വംശീയ കലാപത്തെ അടിസ്ഥാനമാക്കിയുള്ള 'ഇന്‍ ദ നെയിം ഓഫ് ബുദ്ധ' എന്ന ബഹുഭാഷാ ചിത്രത്തിലൂടെ 2002ലാണ് സംവിധായകനായത്. പിന്നീട് 'ടെന്‍ ദ സ്‌ട്രേഞ്ചേഴ്‌സ്', 'അലക്‌സ്' എന്നീ തെലുങ്ക് ചിത്രങ്ങളും മനുഷ്യാവകാശ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തു.

യു.എന്നിനുവേണ്ടി അമിതാഭ് ബച്ചന്‍, ജോണ്‍ ഏബ്രഹാം, പ്രീതി സിന്റെ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒരുക്കിയ 'വണ്‍ ലൈഫ് നോ പ്രൈസ് 'എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ നേടി. ബെവര്‍ലി ഹില്‍സ്, ന്യൂപോര്‍ട്ട് ബീച്ച്, വൈന്‍ കണ്‍ട്രി രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ ഉള്‍പ്പെടെ പത്തോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രജ്വലയുടെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി സഹകരിച്ചുവരുന്ന രാജേഷ് ബ്രദര്‍ ജോസിന്റെ നിര്യാണത്തിനുശേഷം ഈ രംഗത്ത് കൂടുതല്‍ സജീവമായി. രണ്ടു വര്‍ഷം മുന്‍പായിരുന്നു വിവാഹം.