സംജദ് നാരായണന്‍
'ഗൃഹലക്ഷ് മി' 25 വര്‍ഷം പിന്നിട്ടപ്പോള്‍ കേരളീയ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച എഴുത്തുകാരിയായി മാധവിക്കുട്ടിയെ ആദരിച്ചു. സില്‍വര്‍ജൂബിലി പതിപ്പിനുവേണ്ടി സാറാ ജോസഫ് നടത്തിയ അഭിമുഖത്തില്‍നിന്നും...
സാറാ ജോസഫ്: മുഖത്ത് സന്തോഷം കാണുന്നുണ്ടല്ലോ?
മാധവിക്കുട്ടി: അത് സന്തോഷമല്ല. പൗഡറാ. ജോണ്‍സണ്‍സ് പൗഡര്‍. ഏതെങ്കിലും ഒരു തട്ടാനോട് പറയണം, ഒരു സയനൈഡ് ഗുളിക ത
രാന്‍. ഉടന്‍ പതിനായിരം ഉറുപ്പിക കൊടുക്കാം. ആ ഗുളിക കഴിച്ചാ ഉടനെ പോവൂത്രെ. പക്ഷേ, പാടില്ല. മുസ്ലീമായിക്കഴിഞ്ഞാല്‍ ആത്മഹത്യ പാടില്ല. അതിലൊക്കെ ഞാന്‍ മുസ്ലീമാ. സാറാ ജോസഫ്: എന്തിനാ തട്ടമിടണത്?
മാധവിക്കുട്ടി: തലമുടിയൊക്കെ നരയ്ക്കുകയല്ലേ. ഓരോരുത്തര് പുറത്തൂന്ന് എന്നെ കാണാന്‍ വരുകയല്ലേ. അവരൊക്കെ സുന്ദരിയായ കമലയെ കാണാനല്ലേ വരണത്. ഇവിടെയല്ലേ എന്നെ ഇഷ്ടമല്ലാത്തത് സാറാ.
സാറാ ജോസഫ്: ആര്‍ക്കാ ഇഷ്ടല്ലാത്തേ. കേരളം മുഴുവന്‍ സ്‌നേഹംകൊണ്ട് മൂടും. മാധവിക്കുട്ടിയെപ്പോലൊരാള്‍ക്ക് സമൂഹത്തില്‍ ചലനമുണ്ടാക്കാന്‍ കഴിയും. മതം തന്നെ ഉപേക്ഷിച്ചതിലൂടെ, ഖുര്‍ആന്റെ ആത്മാവിലേക്കു പ്രവേശിച്ചതിലൂടെ...
മാധവിക്കുട്ടി: ഖുര്‍ആന്റെ ആത്മാവിലേക്കു ഞാന്‍ പ്രവേശിച്ചിട്ടില്ല. മുസ്ലീമായതുകൊണ്ട് ഖുര്‍ആന്‍ വായിക്കേണ്ടത് എന്റെ കടമയാണ്. മുസ്ലീമായതിനുശേഷം ഒരിക്കല്‍ തപസ്യ എന്നൊരു ട്രൂപ്പ് ആലുവയില്‍ ഒരു ഉദ്ഘാടനച്ചടങ്ങിന് പോയി. ഞാന്‍ പൗഡറൊക്കെയിട്ട് ഭംഗീല് സില്‍ക്കൊക്കെ ധരിച്ച് പോയി വിളക്കു കൊളുത്തി. അപ്പോ സക്കറിയ ഒരു ആര്‍ട്ടിക്കിളില്‍ എഴുതി, ഞാന്‍ മതമൗലികവാദിയാണെന്ന്, ഫാസിസ്റ്റാണെന്ന്. എനിക്കറിയില്ലായിരുന്നു അത് ഏതുതരം സംഘടനയാണെന്ന്. സക്കറിയ അങ്ങനെ പറഞ്ഞപ്പോ സങ്കടം തോന്നി. ഫാസിസ്റ്റേ.... ഞാനേയ്...എന്റെ കണ്ണില്‍ ഹിന്ദുവും മുസ്ലീമും ഒന്നാ. മതം വെറും മിഥ്യയല്ലേ. ദൈവം പറഞ്ഞിട്ടുണ്ടോ മതം ഉണ്ടാക്കാന്‍. വ്യക്തി എന്ന നിലയില്‍ നമുക്ക് ഒരു ദൈവത്തിന്റെ ആവശ്യമുണ്ട്. എനിക്ക് അള്ളാഹുവാണ് ഏറ്റവും നന്നായി തോന്നിയത്. കാരണം അദൃശ്യനാണ്. എല്ലായിടത്തും ഉണ്ട്. രൂപമില്ല. അങ്ങനെ പരന്നുകിടക്കണ സര്‍വശക്തന്‍.
സാറാ ജോസഫ്: ദൈവത്തെ പ്രേമിക്കാന്‍ പ്രത്യേക വസ്ത്രധാരണം വേണോ?
മാധവിക്കുട്ടി: ഞാനീ വസ്ത്രം മരിക്കണതുവരെ ഉപേക്ഷിക്കില്ല. സുരയ്യ എന്ന പേരും. ആരെ പ്ലീസ് ചെയ്യാനാ ഉപേക്ഷിക്കണേ. ഇപ്പോ ഭര്‍ത്താവുണ്ടായിരുന്നെങ്കില്‍ അദ്ദേഹം പറഞ്ഞാല്‍ ഞാനിതുപേക്ഷിച്ചേനെ. ശശി തരൂര്‍ ഇവിടെ ചികിത്സയ്ക്കു വന്നപ്പോ വിളിച്ചിരുന്നു. ഉഴിച്ചിലിനു വന്നതാ. യു.എന്നിന്റെ കണ്‍സള്‍ട്ടന്റാ ആ കുട്ടി. ഞാന്‍ പറഞ്ഞു, ശശീ മാനമുണ്ടെങ്കില്‍ ഈ ജോലി വിട്. Because, U.N. has become a great embarassement. അവരു പറയണത് ആരെങ്കിലും കേക്കണുണ്ടോ. ആ കോഫി അന്നന്‍, സാധു, എന്നൊക്കെ പറയ്ണ്ണ്ട്. ആരെങ്കിലും കേക്ക്വോ? ഞാന്‍ പറഞ്ഞു, ശശീ അവടെ നിക്കണ കാലത്തോളം മാനണ്ടാവില്ലാന്ന്. അപ്പോ ശശി പറഞ്ഞു, 'ങാ...അതൊരു point of view ആണ്. But...' പെട്ടെന്ന് വിട്വോ. മാസം പത്തിരുപതിനായിരം ഡോളര്‍ കിട്ടണതല്ലേ. പാവം രണ്ടു കുട്ടികളേ വളര്‍ത്തണേയ്. അവ്‌ടെ എന്താ ചെലവ്, ല്ലേ?.... He is good looking. പക്ഷേ, എന്റത്രേം ആണത്തം ആ കുട്ടിക്കില്ല. എനിക്ക് സ്ത്രീത്വം മാത്രല്ല...
ഞാന്‍ ആണായിരുന്നെങ്കില് ഇവളെന്നെ പ്രേമിച്ചേനെ. അങ്ങനെയായിരുന്നെങ്കില്‍ ഈ പ്ലാച്ചിമട എന്നൊക്കെ പറഞ്ഞ് അധികം വെയിലത്തൊന്നും നടക്കാന്‍ ഞാനിവളെ സമ്മതിക്കില്ലായിരുന്നു. തളരില്ലേ..?
സാറ ജോസഫ്: ഇതാണ് മലയാളത്തിന്റെ അത്ഭുത പ്രതിഭാസമായ മാധവിക്കുട്ടി.
മാധവിക്കുട്ടി: എല്ലാം കഴിഞ്ഞില്ലേ സാറ. ഏറിയാല്‍ രണ്ടുമൂന്നു മാസം കൂടി ജീവിക്കും. ങാ...പോട്ടെ. ഇതുവരെയോ ജീവിച്ച്...വല്ലാണ്ട് കഷ്ടപ്പെട്ടില്ല. ല്ലേ?
സാറാ ജോസഫ്: ജീവിതത്തില്‍ ഏറെ സന്തോഷിച്ചതെപ്പോഴാണ്?
മാധവിക്കുട്ടി: സ്‌നേഹിക്കാന്‍ ഒരാളുണ്ടായപ്പോ. ഇങ്ങനെ കെട്ടിപ്പിടിച്ചിരിക്കാം. എന്തു സുഖായിരുന്നു. സ്‌നേഹിച്ചയാളെന്നേ പറഞ്ഞുള്ളൂ. ദാസേട്ടനായിട്ട് അനുരാഗമൊന്നും ഉണ്ടായിട്ടില്ല, പേടിക്കണ്ട.
സാറാ ജോസഫ്: സ്ത്രീകള്‍ക്ക് സത്യസന്ധമായി ആത്മകഥ എഴുതാന്‍ പറ്റ്വോ?
മാധവിക്കുട്ടി: വെഷമാ. എന്റെ ബയോഗ്രഫി മെര്‍ലിയാ എഴുതണത്. എനിക്ക് മടുത്തു. അവള്‍ക്കിപ്പോഴും താത്പര്യമുണ്ട്. അവളിങ്ങനെ കാത്തിരിക്കുകയാ. അവസാനത്തെ ചാപ്റ്ററിനായി. പക്ഷേ, ഈ കൊല്ലവും ഞാന്‍ ചാവാന്‍ പോണില്ല.
സാറ ജോസഫ്: മതപരമായ ചടങ്ങുകള്‍ക്ക് പോവാറുണ്ടോ?
മാധവിക്കുട്ടി: ഏയ്...ഒരു ചടങ്ങുണ്ടാവും. മയ്യത്ത് അവര് കൊണ്ടുപോകും. മരിച്ചാപിന്നെ എന്തു ചെയ്താലെന്താ? കുഴിച്ചിടേ, കത്തിക്ക്യേ... മെഡിക്കല്‍ കോളേജിനൊന്നും കൊടുക്കരുത്. എന്റെ സ്‌കെലിട്ടനും മറ്റും അവിടെയങ്ങനെ...അതെനിക്കിഷ്ടല്ല.
സാറാ ജോസഫ്: നമ്മുടെ സാഹിത്യത്തിന്റെ ഭാവി എന്തായിരിക്കും?
മാധവിക്കുട്ടി: കേരളത്തില്‍ എന്തു റൈറ്റിങ്? ഈ സാറായെപ്പോലെ ഒന്നോ രണ്ടോ പേര്‍. പക്ഷേ, ഇവളെയൊക്കെ ആ ആള്‍ക്കാര് കൊല്ലില്ലേ? നമ്മളൊക്കെ നോട്ടപ്പുള്ളികളാ സാറാ...ഒന്നുകൊണ്ടും ഒരു ഫലവും ഉണ്ടായില്ലല്ലോ എന്നോര്‍ക്കുമ്പോഴാ...എഴുത്തുകാരിയായ സമയത്ത് നാലപ്പാട്ട് കൊറച്ച് ചേമ്പും ചേനേം നട്ടാമതിയായിരുന്നു. ശരിക്കും....

NEWS LETTER
RSS











