MATHRUBHUMI RSS
Loading...
ജീവിതം യൗവനതീക്ഷ്ണം
റീഷ്മ ദാമോദര്‍

വെല്ലുവിളികള്‍ക്കുമുന്നില്‍ പതറാതെ ജീവിതസ്വപ്നങ്ങള്‍ തേടിപ്പോയ മൂന്ന് പേരുടെ വിജയകഥകള്‍...


2004 ഡിസംബര്‍ 26. സുനാമിത്തിരകള്‍ ലോകത്തെമ്പാടും ആഞ്ഞടിച്ച ദിവസം. സുനാമി തകര്‍ത്തെറിഞ്ഞ പ്രദേശങ്ങളിലൂടെയുള്ള യാത്ര. അവിടെക്കണ്ട കാഴ്ചകള്‍ അനുപമ ഒരിക്കലും മറക്കില്ല. സര്‍വതും നഷ്ടപ്പെട്ട ആളുകള്‍. അവരുടെ നിലവിളികള്‍... ഇത്തരം ഒരുപാടനുഭവങ്ങളാണ് ആറു വര്‍ഷത്തെ 'മാധ്യമ'ജീവിതം അനുപമയ്ക്ക് സമ്മാനിച്ചത്. ഇന്ത്യാവിഷന്‍ ചാനലിന്റെ തടക്കംമുതലേ അതിന്റെ ഭാഗമാണ് പാലക്കാട് നെന്മാറ സ്വദേശിനിയായ ഇവര്‍. ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടന്റായ വെങ്കിടേശ്വരന്റെയും രാജേശ്വരിയുടെയും മകളാണ് അനുപമ.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

ഒരു ജേര്‍ണലിസ്റ്റ് ആവാന്‍ കഴിഞ്ഞത്. എന്നാല്‍, ഒരു നേട്ടമെന്നതിനെ കരുതാന്‍ പറ്റില്ല. എനിക്ക് കിട്ടിയ ഒരു വലിയ അനുഗ്രഹമെന്നു പറയാം.

ചെറുപ്പം മുതല്‍ക്കേ എഴുത്തിനോടൊക്കെ താത്പര്യമുണ്ടായിരുന്നു. ഡിഗ്രിക്ക് ലിറ്ററേച്ചര്‍ എടുക്കാനായിരുന്നു മോഹവും. പക്ഷേ, എന്റെ യോഗം ബികോമിന് ചേരാനായിരുന്നു. ഒടുവില്‍ തട്ടിമുട്ടി ബി.കോം ജയിച്ചു. അപ്പോഴേക്കും വീട്ടുകാര്‍ക്ക് മനസ്സിലായി, ബി.കോമും ഞാനും തമ്മില്‍ ചേരില്ലെന്ന്. അങ്ങനെ കോഴിക്കോട് പ്രസ് ക്ലബ്ബില്‍നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമയെടുത്തു. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും പീജിയും. കോഴ്‌സ് കഴിയുമ്പോഴേക്കും ഇന്ത്യാവിഷനില്‍ കയറി.

ആദ്യം ഡെസ്‌കിലായിരുന്നു. പെട്ടെന്നൊരു ദിവസം എന്നോട് പറഞ്ഞു, വാര്‍ത്ത വായിക്കണമെന്ന്. ആദ്യ വാര്‍ത്തവായനയെ ഭീകരം എന്നേ ഞാന്‍ പറയൂ.

ആദ്യമൊക്കെ കുറച്ച് പ്രശ്‌നമുണ്ടായിരുന്നു എന്റെ വായനയില്‍. ഇടയ്ക്കിടയ്ക്ക് കണ്ണു ചിമ്മുക... ഇതുപോലുള്ളവ. പിന്നീടതൊക്കെ എനിക്ക് മാറ്റിയെടുക്കാനായി.

സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ നന്നായി ഷൈന്‍ ചെയ്യുന്നത് ചിലര്‍ക്ക് പിടിക്കില്ല. മറ്റൊരുരീതിയിലും നമ്മളെ തകര്‍ക്കാനാവില്ലെന്നറിയുമ്പോള്‍ നമുക്കെതിരെ അപവാദം പറഞ്ഞുപരത്തും. ഇങ്ങനെ ഒരുപാട് അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ, ഇതിലൊക്കെ നമ്മള്‍ ശ്രദ്ധകൊടുക്കാന്‍ പോയാല്‍പ്പിന്നെ അതിനെ നേരം കാണൂ.

അനുപമയുടെ ജീവിതപങ്കാളി എന്തു പറയുന്നു?

ശ്രീനിവാസ് ഐ.ടി. ഫീല്‍ഡിലാണ്. ഞങ്ങളുടേത് വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമായിരുന്നു. അദ്ദേഹം എന്റെ റിപ്പോര്‍ട്ടിങ്ങും വാര്‍ത്തവായനയും ഒന്നും കണ്ടിട്ടില്ലായിരുന്നു. കല്യാണം നിശ്ചയിച്ചുകഴിഞ്ഞപ്പോ നെറ്റിലൊക്കെ കയറി ന്യൂസ് റീഡിങ് കണ്ടു.

താങ്കള്‍ക്കെതിരെയുള്ള പ്രധാന വിമര്‍ശനം?

ആദ്യമൊക്കെ എല്ലാവരും പറയുമായിരുന്നു ഞാനൊരു അഹങ്കാരിയാണെന്ന്. എനിക്കിഷ്ടപ്പെടാത്ത കാര്യമാണെങ്കില്‍ പെട്ടെന്ന് പ്രതികരിക്കും, അതുകൊണ്ടായിരിക്കാം.

എനിക്ക് വാര്‍ത്ത വായിക്കുമ്പോള്‍ വേഗം കൂടുതലാണെന്നും ഞാന്‍ ഡ്രസ്സിങ്ങില്‍ ശ്രദ്ധിക്കാറില്ലെന്നും എന്നോട് പലരും പറഞ്ഞിട്ടുണ്ട്.

ഒഴിവുസമയം എങ്ങനെ ചെലവഴിക്കും?

ദിവസവും പത്തു മണിക്കൂറോളം ഞാന്‍ ജോലിചെയ്യാറുണ്ട്. അത് കഴിഞ്ഞാല്‍ എന്തെങ്കിലും വായിച്ചിരിക്കും. പിന്നെ, ഉറക്കവും.

ലോകം എന്റെ നിറക്കൂട്ടില്‍

ഓര്‍മവെച്ച നാള്‍ മുതല്‍ ജലജ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത് ചോക്ലേറ്റ് വേണമെന്നായിരുന്നില്ല, ചിത്രം വരയ്ക്കാനുള്ള പെയിന്റ് വേണ മെന്നായിരുന്നു. ഡിഗ്രിയെത്തിയപ്പോള്‍ ബി.കോമിന് ചേര്‍ന്നെങ്കിലും മനസ്സില്‍ ചിത്രങ്ങളുടെ നിറക്കൂട്ട് തന്നെയായിരുന്നു. തന്റെ ഇത്രയും നാളത്തെ പ്രയത്‌നം, ഫലം കണ്ടതിന്റെ ആവേശത്തിലാണ് ജലജ. 2009- ലെ കേരള ലളിതകലാ അക്കാദമിയുടെ ചിത്രരചനയ്ക്കുള്ള അവാര്‍ഡ് ജലജ സ്വന്തമാക്കി. പെരുമ്പാവൂര്‍ കീഴില്ലം പരേതനായ ശശിധരന്റെയും രാധയുടെയും മകളാണ്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

ഒരു ചിത്രകാരിയാവാന്‍ കഴിഞ്ഞതുതന്നെ. പക്ഷേ, ഇനിയും ഒരുപാട് ചെയ്യാനുണ്ട്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് എനിക്ക് ചിത്രരചനയില്‍ ഇഷ്ടം തോന്നിയത്. കോളേജിലെത്തിയപ്പോഴേക്കും ആ ഇഷ്ടം കൂടിക്കൂടി വന്നു. ഇത് മനസ്സിലാക്കിയ അച്ഛന്‍ എന്നെ പെരുമ്പാവൂര്‍ ചിത്രപീഠത്തില്‍ ചേര്‍ത്തു. പിന്നീട് ബി.എഫ്.എ.യും എം.എഫ്.എ.യും ചെയ്തു.

ആദ്യമൊക്കെ ഓയില്‍ പെയിന്റും വാട്ടര്‍ കളറുമാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോളധികവും ഡ്രൈപേസ്റ്റലാണുപയോഗിക്കുന്നത്. അവാര്‍ഡ് കിട്ടിയ പടവും ഡ്രൈപേസ്റ്റലിലാണ് ചെയ്തിരിക്കുന്നത്.

ഇപ്പോഴും സമയം കിട്ടുമ്പോള്‍ ശില്പിയായ രഘുനാഥ് മാഷിന്റെയും ചിത്രകാരനായ എം.കെ. രാജന്‍സാറിന്റെയും വീട്ടില്‍ ഞങ്ങള്‍ ഒത്തുകൂടും. അവര്‍ കുറെ കാര്യങ്ങളൊക്കെ പറഞ്ഞുതരും. പിന്നീട്, അവരുടെ അനുഭവങ്ങളും. അപ്പോള്‍ നമുക്ക് വരയ്ക്കാന്‍ കൂടുതല്‍ താത്പര്യം തോന്നും.

സ്വന്തം ഗുണമായി തോന്നുന്നത്?

ഞാന്‍ എന്റെ ചുറ്റുമുള്ള ആള്‍ക്കാരെയും സമൂഹത്തെയും മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. അതെന്റെ വരയ്ക്ക് വിഷയമാകാറുമുണ്ട്. ഇപ്പോള്‍ത്തന്നെ 'ആള്‍ക്കൂട്ടം' എന്നതാണ് എന്റെ വിഷയം. ആ സീരീസിലുള്ള ആദ്യത്തെ പടത്തിനാണ് അവാര്‍ഡ് കിട്ടിയത്.

നിങ്ങളെ വേദനിപ്പിച്ച സംഭവങ്ങള്‍ ഉണ്ടോ?

എന്റെ അച്ഛന്റെ മരണംതന്നെ. മാനസികമായി മാത്രമല്ല, സാമ്പത്തികമായും ഞങ്ങളെ ഒരുപാട് തളര്‍ത്തി അത്. പഠനത്തിനുപോലും പണമില്ലാത്ത ഒരവസ്ഥയായിരുന്നു.

ഒഴിവുസമയം എങ്ങനെ ചെലവഴിക്കും?

ദിവസവും 5-6 മണിക്കൂറെങ്കിലും ഞാന്‍ വരയ്ക്കാനായി നീക്കിവെക്കും. പിന്നെ, ആഴ്ചയില്‍ രണ്ടുദിവസം ശ്രീമൂലനഗരം അല്‍ അമീന്‍ സ്‌കൂളില്‍ ചിത്രരചന പഠിപ്പിക്കുന്നുമുണ്ട്.

കള്ളിച്ചെല്ലമ്മ

പത്തൊമ്പതാം വയസ്സില്‍ നാടകാഭിനയം തുടങ്ങിയതാണ് ബിന്ദു പള്ളിച്ചല്‍. 4,500-ഓളം വേദികള്‍ പിന്നിട്ടുകഴിഞ്ഞ അവര്‍ ഇപ്പോഴിതാ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ്. 'അമ്മ മലയാളം' എന്ന നാടകത്തിലെ അഭിനയത്തിനാണ് ഈ മുപ്പത്തഞ്ചുകാരിക്ക് കേരള സംഗീതനാടക അക്കാദമിയുടെ അവാര്‍ഡ് കിട്ടിയത്. ഇവരുടെ ഭര്‍ത്താവ് മുരുകദാസ് ശ്രീദേവും നാടകരംഗത്തുതന്നെ. മകന്‍ വിഷ്ണുദേവ്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

ഒരു നാടകനടിയായതുതന്നെ. ചെറുപ്പം മുതലേ എനിക്ക് നൃത്തത്തോട് ഭയങ്കര താത്പര്യമായിരുന്നു. എന്റെ ചേച്ചി ബാലെട്രൂപ്പിലുണ്ടായിരുന്നു. ചേച്ചിയുടെ കൂടെ ഞാനും പോവുമായിരുന്നു. ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടെ ഞാന്‍ ബാലെയില്‍ സ്ഥിരമായി, പന്ത്രണ്ടാം വയസ്സില്‍. ഏഴു വര്‍ഷത്തോളം അങ്ങനെ... പിന്നെ, പ്രൊഫഷണല്‍ നാടകരംഗത്തേക്കു വന്നു. പതിനാറ് വര്‍ഷമായി തുടരുന്ന നാടകജീവിതം. ഇതിനിടയില്‍ കുറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തു. 'ഓടയില്‍നിന്ന്', 'കള്ളിച്ചെല്ലമ്മ', 'ചാണക്യന്‍' തുടങ്ങിയ ഒരുപാട് നാടകങ്ങളില്‍...

നാടകം കാണാന്‍ വരുന്ന പലര്‍ക്കും എന്റെ പേരറിയില്ലായിരുന്നു. 'കള്ളിച്ചെല്ലമ്മ'യായി അഭിനയിച്ച ആ നടിയില്ലേ? ഇങ്ങനെയായിരുന്നു അവര്‍ ചോദിച്ചിരുന്നത്. ഇതുപോലെയുള്ള അംഗീകാരം മറ്റെവിടെനിന്നാണ് കിട്ടുക?

'അമ്മ മലയാള'ത്തില്‍ മൂന്നു റോളുകളാണ്. തമിഴത്തിയായി ചിന്നമ്മ, വിധുപ്രഭ, ബാഗ്ലൂരില്‍നിന്നു വരുന്നൊരു പച്ചപ്പരിഷ്‌കാരി. നാടകം കഴിഞ്ഞപ്പോഴേക്കും കുറെ പേര്‍ എന്റടുത്തു വന്നു പറഞ്ഞു, ''ഇപ്രാവശ്യത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് ബിന്ദുവിനു തന്നെ.''

സ്വാധീനിച്ച വ്യക്തികള്‍?

എന്റെ അമ്മ, ഭര്‍ത്താവ്, പിന്നെ ഒരുപാട് പേര്‍... അമ്മ ഏറെ കഷ്ടപ്പെട്ടിട്ടാണ് എന്നെ ഡാന്‍സ് പഠിപ്പിച്ചിരുന്നതും മറ്റും. എനിക്ക് ഒരു അവാര്‍ഡ് കിട്ടണമെന്നത് അമ്മയുടെ ഏറെക്കാലത്തെ മോഹമായിരുന്നു.

'അമ്മ മലയാള'ത്തിലെ തമിഴത്തിയുടെ ഡയലോഗുകള്‍ പഠിക്കാന്‍ സഹായിച്ചത് എന്റെ ഭര്‍ത്താവാണ്. ഇതുപോലെ ഓരോ കഥാപാത്രങ്ങളെയും നന്നാക്കാന്‍ അദ്ദേഹം ഒരുപാട് സഹായിക്കാറുണ്ട്.


സ്വന്തം ഗുണമായി തോന്നുന്നത്?

ആരെയും വേദനിപ്പിക്കാതിരിക്കാനുള്ള കഴിവ് തന്നെ. കൂടെ അഭിനയിക്കുന്ന നടിമാരെല്ലാം പറയും, ബിന്ദുവിന്റെകൂടെ എത്രകാലം നിന്നാലും ഒരു കുഴപ്പവുമില്ലെന്ന്.

വേദനിപ്പിച്ച സംഭവം?

ഇന്നും സമൂഹത്തിലെ ചിലയാളുകള്‍ നാടകക്കാരികളെ ചീത്തയാളുകളായിട്ടാണ് കാണുന്നത്. ഒരു ദിവസം തിരുവനന്തപുരത്ത് നാടകം കഴിഞ്ഞ് വിശ്രമിക്കാനായി ഞങ്ങളൊരു വീട്ടില്‍ പോയി. അവിടെയുള്ളവര്‍ക്ക് ഞങ്ങളെ ഇഷ്ടപ്പെട്ടില്ല. അവര്‍ ഞങ്ങളെ ആ വീട്ടില്‍നിന്നും ഇറക്കിവിട്ടു.