MATHRUBHUMI RSS
Loading...
ധിക്കാരിയുടെ കാതല്‍
റീഷ്മ ദാമോദര്‍

ഒരു കന്യാസ്ത്രീയുടെ ആത്മകഥ സൃഷ്ടിച്ച ആരവങ്ങള്‍ നിലയ്ക്കുന്നില്ല, ക്രിസ്ത്യന്‍ സഭയിലും പുറത്തും...


തൃശൂര്‍ വിമല കോളേജിന്റെ പ്രിന്‍സിപ്പാള്‍ എന്ന ഒറ്റമേല്‍വിലാസത്തിലായിരുന്നു ഇന്നലെ വരെ സിസ്റ്റര്‍ ജെസ്മി അറിയപ്പെട്ടിരുന്നത്. എന്നാല്‍, 'ആമേന്‍' എന്ന ആത്മകഥ അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഒന്നരമാസംകൊണ്ട് ആമേന്റെ ആറ് എഡിഷനുകളാണ് പുറത്തിറങ്ങിയത്.

'ആമേന്‍' എഴുതാനുണ്ടായ ഒരു സാഹചര്യം എന്താണ്?

എഴുത്തിനെക്കുറിച്ച്, പ്രത്യേകിച്ച് ഒരു ആത്മകഥ ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്നുമുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ് ഞാനാ തീരുമാനമെടുത്തത്. ആ യാത്രയിലുടനീളം ഈശോയുടെ ഓരോ അത്ഭുതങ്ങള്‍ ഞാന്‍ കണ്ടു തുടങ്ങി. ഇതെല്ലാം മറ്റുള്ളവരുമായി പങ്കുവെക്കുക, ഇതായിരുന്നു എന്റെ ഉദ്ദേശ്യം.

പിന്നെ, എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഒരു ഘട്ടം കഴിഞ്ഞു. എല്ലാംകൊണ്ടും വ്യത്യസ്തമായ ഒരു ഘട്ടത്തിലേക്കാണല്ലോ കടക്കുന്നത്.
ഒന്നേകാല്‍ മാസം കൊണ്ടാണ് ആത്മകഥ എഴുതിത്തീര്‍ത്തത്. ഒരു കുറിപ്പ്‌പോലും ഇതിനെന്നെ സഹായിക്കാനുണ്ടായിരുന്നില്ല. എന്നിട്ടും അതെങ്ങനെ എഴുതിത്തീര്‍ത്തുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.

ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത് ലൈംഗികത പരാമര്‍ശിക്കുന്ന ആ ഭാഗങ്ങളാണല്ലോ?

അതു വായിക്കുന്നവന്റെ പ്രശ്‌നമാണ്. നമ്മളൊരു വ്യക്തിയുടെ ചിത്രം വരയ്ക്കുമ്പോള്‍, ആ വ്യക്തിയുടെ സ്വകാര്യഭാഗങ്ങള്‍ കൂടി വരച്ചാലല്ലേ ചിത്രം പൂര്‍ണമാവൂ. അല്ലാതെ, അവിടെയൊരു ഗ്യാപ് ഇട്ടുവെച്ചാല്‍ എങ്ങനെയിരിക്കും? അതുപോലെത്തന്നെയാണിതും. ഇതെന്റെ ആത്മകഥയാണ്. ആ ഭാഗം ഒഴിവാക്കിയിരുന്നുവെങ്കില്‍ എന്റെ കഥ പൂര്‍ണമാവില്ലായിരുന്നു.

പക്ഷേ, അറിഞ്ഞോ അറിയാതെയോ നടന്ന ആ സംഭവം ഒരു കണക്കിനു നന്നായി. പുസ്തകത്തെക്കുറിച്ചു ഒരുപാട് പേരറിഞ്ഞു.

സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളുടെ പ്രതിഫലനം മാത്രമല്ലേ സഭയ്ക്കുള്ളില്‍ നടക്കുന്നതും?

മനുഷ്യരെവിടെ കൂടുന്നുവോ അവിടെയെല്ലാം പ്രശ്‌നങ്ങളുമുണ്ടാവും. അതുപോലെത്തന്നെയുള്ള കൊച്ചുകൊച്ചു പ്രശ്‌നങ്ങളെ സഭയിലുമുള്ളൂ. തെറ്റു പറ്റാം.. തികച്ചും സ്വാഭാവികം. പക്ഷേ, തെറ്റു പറ്റുന്നുണ്ടെന്ന് അംഗീകരിച്ചൂടെ. കൂടാതെ, ഈ പ്രശ്‌നങ്ങളെല്ലാം ഏറ്റവും കുറവ് കാണേണ്ടതും സഭയ്ക്കകത്തല്ലേ?

സിസ്റ്റര്‍ ജെസ്മിയില്‍നിന്ന് ഇപ്പോഴത്തെ ജെസ്മിയിലേക്കെത്തുമ്പോള്‍?

ഇത്ര മണിമുതല്‍ ഇത്ര മണിവരെ പ്രാര്‍ഥന, ഇത്ര സമയം ജോലി. ഇങ്ങനെ ക്രമപ്പെടുത്തിയ യന്ത്രതുല്യമായ ഒരു ജീവിതമായിരുന്നു ഇതുവരെ.

സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷത്തിലുള്ള ഒരാധ്യാത്മികത, അതാണ് ഞാനിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ഒന്നുകൂടി വിശദീകരിക്കാമോ?

എന്റെ താത്പര്യത്തിനനുസരിച്ച് എനിക്കെല്ലാം ചെയ്യാം. ആരും നിയന്ത്രിക്കാനില്ല. ഓരോ നിമിഷവും ഞാന്‍ പ്രാര്‍ഥനയിലാണ്. അതിനും പ്രത്യേകിച്ച് സമയമൊന്നുമില്ല.

സംന്യാസത്തെ എങ്ങനെ കാണുന്നു?

സംന്യാസമെന്നത് സമര്‍പ്പണമാണ്. എനിക്ക് സമ്പത്ത് വേണ്ട, ഈശോക്കാണ് സമ്പത്ത്... ഇത്തരത്തിലുള്ള ഒരു സമര്‍പ്പണം.
മനുഷ്യര്‍ വഴിതെറ്റുമ്പോള്‍ അങ്ങനെയല്ല ജീവിക്കേണ്ടത് എന്ന് കാണിച്ചുകൊടുക്കാന്‍ കുറേ പേര്‍ ചേര്‍ന്ന് മാതൃകാജീവിതം നയിക്കുന്നതാണ് സംന്യാസം. എല്ലാവരും അതുകണ്ട് വഴി പിഴച്ച ജീവിതം മാറ്റി ഒരു മാതൃകാ ജീവിതം നയിച്ചാല്‍, സംന്യാസം അവസാനിപ്പിക്കാം, വേണമെങ്കില്‍.

സിസ്റ്റര്‍ പറയുന്നു, യേശുവിനും താങ്കള്‍ക്കുമിടയില്‍ മഠത്തിന്റെ അതിരുകള്‍ ആവശ്യമില്ലെന്ന്?

അതേ, എനിക്ക് നേരിട്ട് യേശുവിനോടു സംസാരിക്കാമെങ്കില്‍ ഒരു മീഡിയേറ്ററുടെ ആവശ്യമെന്താണ്? അങ്ങനെ സ്വതന്ത്രമായി ചിന്തിക്കുന്നൊരാള്‍ക്ക് മീഡിയേറ്ററുടെ ആവശ്യമില്ലല്ലോ?

ഓരോ കന്യാസ്ത്രീയും ഇങ്ങനെ ചിന്തിച്ചാല്‍ എന്താവും അവസ്ഥ?

മഠത്തിലെ പല കന്യാസ്ത്രീകളുടെയും അവസ്ഥ നിങ്ങള്‍ക്കറിയാഞ്ഞിട്ടാണ്. അവര്‍ പനി വന്നുകഴിഞ്ഞ് കുളിക്കുന്നതു പോലും മദറിനോടു അനുവാദം ചോദിച്ചിട്ടാ. ഒരു കന്യാസ്ത്രീ എന്നു പറയുന്നത് എല്ലാവരുടെയും അമ്മയാ. എന്നാല്‍, സ്വന്തം കാര്യം പോലും നോക്കാന്‍ പറ്റാത്ത ഇവര്‍ എങ്ങനെ മറ്റുള്ളവരുടെ അമ്മയാകും?

ഇങ്ങനെ എല്ലാം തുറന്നു പറയുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാവുമോ?

ഗുണമുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. ഇത്തരത്തിലുള്ള തുറന്നുപറച്ചില്‍ മൂലം സഭയ്ക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുമെന്നുതന്നെയാണെന്റെ വിശ്വാസം.

സഭയിലെ കുറച്ചുപേര്‍ മാത്രമല്ലേ ഇങ്ങനെ തെറ്റുകള്‍ ചെയ്യുന്നത്. പക്ഷേ, സിസ്റ്ററുടെ തുറന്നുപറച്ചില്‍ എല്ലാവരും തെറ്റുകാരാണെന്ന ധാരണ പടര്‍ത്തിയിട്ടുണ്ട്?

ശരിയാണ്. സഭയിലെ കുറച്ചുപേര്‍ മാത്രമാണ് തെറ്റു ചെയ്യുന്നത്. പക്ഷേ, സഭ അവരെ വീണ്ടും വീണ്ടും മൂടിവെക്കുകയാണ്.

അഭയാകേസ് തന്നെ നോക്കൂ. തെറ്റു ചെയ്തവരാണെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം എന്നൊരു കാര്യം കോട്ടയം രൂപതയ്ക്കു പറയാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സഭയുടെ മുഖച്ഛായ തന്നെ മാറുമായിരുന്നു.

പക്ഷേ, സഭാ പ്രവര്‍ത്തനത്തിനും അതിന്റേതായ നന്മകളില്ലേ?

ധാരാളമുണ്ടല്ലോ. മദര്‍ തെരേസയേക്കാള്‍ നല്ല സിസ്റ്റര്‍മാരുണ്ട് ഇപ്പോഴും. പക്ഷേ, അവര്‍ സ്വതന്ത്രമായി തീരുമാനം എടുത്ത് ചെയ്യുന്നതല്ല. നേരെമറിച്ച് ഒരു യന്ത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്.

സിസ്റ്ററുടെ ആത്മകഥയ്ക്കു ലഭിച്ച പ്രതികരണങ്ങള്‍?

ഇതരമതസ്ഥരും വായനക്കാരും ചിന്തകരുമൊക്കെയാണ് എന്നെ ആദ്യം വിളിച്ചത്. അവരൊക്കെ ഒരു ധീരതയായിട്ടാണ് ഇതിനെ കാണുന്നത്. പലരും പരിപാടികള്‍ക്കൊക്കെ വിളിക്കുമ്പോള്‍ പറയുന്നത്, ഈ ധീര വനിതയെ വെറുതെ ഒന്നു കാണാനാ, എന്നൊക്കെയാണ്.

എത്രയോ അച്ചന്‍മാര്‍ എന്നെ വിളിച്ചു. ''സിസ്റ്റര്‍ ഇതൊന്നുമല്ല ഇതിന്റെയുള്ളില്‍.'' ഞാന്‍ പറഞ്ഞു, എനിക്കറിയാം. പക്ഷേ, എനിക്കൊരു പരിധിയില്ലേ. ഒരാള്‍ ചോദിച്ചു, ''തിരുസഭയുടെ കുറ്റങ്ങളൊക്കെ കാണുമെന്ന് വിചാരിച്ച് കുറേ നോക്കി. സിസ്റ്റര്‍, എന്തേ അതൊന്നും എഴുതിയില്ല. ഇതെന്റെ ആത്മകഥയാണ്. അതുകൊണ്ടു ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ ഇതിലുള്ളൂ.

അള്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നു. അതേ സമയത്ത് ഒറീസ്സയില്‍ ഒരു കന്യാസ്ത്രി ബലാത്സംഗം ചെയ്യപ്പെട്ടു. ഇവിടെ കേരളത്തില്‍ മറ്റൊരു കന്യാസ്ത്രീ കൊലക്കുറ്റത്തിന് അറസ്റ്റിലായി. മറ്റൊരു കന്യാസ്ത്രി സഭയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്ത്, എങ്ങനെ നോക്കിക്കാണുന്നു?


സീനിയര്‍ സിസ്റ്റര്‍മാര്‍ ഞങ്ങളോടു പറയുന്നൊരു കാര്യമുണ്ട്, സിസ്റ്റര്‍മാര്‍ പാപം ചെയ്താല്‍ ഈശോ തന്റെ തിരുവസ്ത്രം കൊണ്ടതു മൂടിവെക്കുമെന്ന്. പക്ഷേ, ഇപ്പോള്‍ അതു മൂടിവെച്ച് മൂടി വെച്ച് യേശുവിന്റെ തിരുവസ്ത്രം തികയാതെ വന്നിരിക്കുകയാണ്. അങ്ങനെ ഈശോ തന്നെ രംഗത്തിറങ്ങിയിരിക്കുന്നു.

മഠത്തില്‍ ചേരാന്‍ പതിനെട്ടു വയസ്സു തികയണമെന്ന വനിതാകമ്മീഷന്റെ നിര്‍ദ്ദേശത്തോട് എങ്ങനെ പ്രതികരിക്കുന്നു?

ഈ നിര്‍ദേശം വന്നപ്പോള്‍ ഒരാളെന്നോടു പറഞ്ഞു: ''ഒമ്പതാം ക്ലാസിലെത്തുന്നതിനു മുമ്പുതന്നെ പെണ്‍കുട്ടികളെ പലരും തൊട്ടുതലോടുന്നു. അപ്പോള്‍ 18 വയസ്സ് എന്ന പരിധി വെച്ചാല്‍ ആയിരം പേരെങ്കിലും തൊട്ടുതലോടിയവരായിരിക്കും മഠത്തില്‍ ചേരാനെത്തുന്നത്.''
എന്നുവെച്ച് പ്രായമാകുന്നതിനു മുമ്പേ പിടിച്ചു മഠത്തിന്റെയുള്ളില്‍ പൂട്ടിയിട്ടിട്ടെന്തു കാര്യം?

വിദേശത്തുനിന്ന് വരുന്ന കന്യാസ്ത്രീകളുടെ ഉടുപ്പിന്റെ ഭംഗി കണ്ടിട്ട് മഠത്തില്‍ ചേരാന്‍ പോകുന്നവരുണ്ട്. അതൊക്കെ പക്വതയില്ലായ്മയാണ്. അപ്പോള്‍ എനിക്കു തോന്നുന്നത്, പ്രായത്തേക്കാള്‍ പക്വതയാണ് കണക്കിലെടുക്കേണ്ടത് എന്നാണ്. പക്ഷേ, അതളക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍പിന്നെ പ്രായപരിധി നല്ലതാണ്.

എപ്പോഴെങ്കിലും ആത്മകഥ എഴുതേണ്ടിയിരുന്നില്ല എന്നു തോന്നിയോ?

ഓരോ പ്രതിബന്ധം ഉണ്ടാവുമ്പോള്‍ പ്രയാസവും വിഷമവും ഉണ്ടാവാറുണ്ട്. അപ്പോള്‍ ഞാന്‍ യേശുവിനോടു പറയും, നീ പറഞ്ഞിട്ടാണ് ഞാനിതൊക്കെ ചെയ്തത്. അതിന്റെ പ്രശ്‌നങ്ങളെല്ലാം നീ തന്നെ തീര്‍ത്തോളൂട്ടോ എന്ന്. പക്ഷേ, ആത്മകഥ വേണ്ടിയിരുന്നില്ലെന്നു തോന്നിയിട്ടില്ല.

'ആമേന്‍' ഇംഗ്ലീഷില്‍ ഇറക്കുമോ?

'ആമേന്‍' ഇംഗ്ലീഷില്‍ ഇറക്കാനുള്ള പരിപാടികളിലാണിപ്പോള്‍. 'പെന്‍ഗ്വിനു'മായി അതിനുള്ള കരാറിലൊപ്പിട്ടുകഴിഞ്ഞു. സിനോപ്‌സിസ് പോലും വായിക്കാതെയാണ് അവര്‍ കരാറൊപ്പിട്ടത്. പെന്‍ഗ്വിന്റെ ചരിത്രത്തില്‍ ആദ്യമായിരിക്കും ഇത്.

പെന്‍ഗ്വിന്‍ എന്നാല്‍ കന്യാസ്ത്രീ പക്ഷിയെന്നാ മലയാളത്തില്‍ പറയുക. അപ്പോള്‍ ഒരു കന്യാസ്ത്രീയുടെ കഥ പറയാന്‍ പെന്‍ഗ്വിന്‍ തന്നെയല്ലേ നല്ലത്?

ഭാവി പരിപാടികള്‍ എന്തൊക്കെയാണ്?

ഒരു ഷെല്‍ട്ടര്‍ ഹോം തുടങ്ങണമെന്ന ആഗ്രഹമുണ്ട്. എവിടെയെന്നൊന്നും തീരുമാനിച്ചിട്ടില്ല. അതിനു പണം കണ്ടെത്തണം. പിന്നെ, ഒരു സ്ത്രീ കേന്ദ്രീകൃതമായ നോവല്‍... അതൊരു സംഭവകഥ തന്നെയായിരിക്കും. ഇതൊക്കെയാണ് നിലവില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.