'അല്‍ഫോന്‍സാമ്മ'യായി മലയാളികളുടെ മുന്‍പിലെത്തുന്ന അശ്വതി തോമസിന്റെ വിശേഷങ്ങള്‍...
'എന്റെ മകന്റെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കണം''; വല്യമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് വെല്ലൂര്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു അശ്വതി തോമസ്. അപ്പോഴാണ് ഒരമ്മ അടുത്ത് വന്ന് ഇങ്ങനെ ആവശ്യപ്പെട്ടത്. പെട്ടെന്ന് അശ്വതിക്കൊന്നും മനസ്സിലായില്ല. ആ അമ്മയൊട്ടു വിടാനും ഒരുക്കമല്ലായിരുന്നു. ഒടുവില്‍, ആ അമ്മയുടെ കൂടെ പോവേണ്ടിവന്നു.'അല്‍ഫോന്‍സാമ്മ'യായി അഭിനയിച്ചു തുടങ്ങിയതിനുശേഷം അശ്വതിയ്ക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.
'അല്‍ഫോന്‍സാമ്മ'യാണോ അശ്വതിയുടെ ആദ്യത്തെ സീരിയല്‍?
എല്ലാവരും വിചാരിച്ചിരിക്കുന്നത് എന്റെ ആദ്യത്തെ സീരിയലാ അല്‍ഫോന്‍സാമ്മയെന്നാണ്. എന്റെ മൂന്നാമത്തെ സീരിയലാണിത്... പക്ഷേ, ആദ്യത്തെ സീരിയല്‍ 'ശ്രീകൃഷ്ണപ്പരുന്തി'ന്റെ പൈലറ്റ് വര്‍ക്ക് മാത്രമേ നടന്നുള്ളു. രണ്ടാമത്തെ സീരിയല്‍ 'കാണാക്കുയില്‍'. അതിലെനിക്ക് ഡബിള്‍ റോള്‍ ആയിരുന്നു. പക്ഷേ, ആ സീരിയല്‍ അധികം ക്ലിക്കായില്ല. ആ സീരിയല്‍ കണ്ടിട്ടാണ് 'അല്‍ഫോന്‍സാമ്മ'യുടെ ഡയറക്ടര്‍ ബോബന്‍ സാമുവല്‍ ഈ സീരിയലിലേക്ക് എന്നെ വിളിക്കുന്നത്. ഇതിലൂടെയാണ് ഞാന്‍ ശരിക്കും അറിയപ്പെട്ടു തുടങ്ങിയത്.
ഈ സീരിയിലിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടു. കാരണം എത്രയോ പേര്‍ ചെയ്യാനാഗ്രഹിക്കുന്ന റോളായിരിക്കും അത്. അതും വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ റോള്‍.
അല്‍ഫോണ്‍സാമ്മയെക്കുറിച്ച് അറിയാമായിരുന്നോ?
അല്‍ഫോന്‍സാമ്മയെക്കുറിച്ച് കേട്ടിരുന്നു, വായിക്കുകയും ചെയ്തിരുന്നു. പക്ഷേ, ക്യാരക്ടര്‍ ചെയ്യാന്‍ വിളിച്ചപ്പോള്‍ എങ്ങനെ ചെയ്യണമെന്നു മാത്രം അറിയില്ലായിരുന്നു.
ഞാന്‍ സെറ്റില്‍ ചെന്നയുടനെ സ്‌ക്രിപ്റ്റ് റൈട്ടര്‍ അല്‍ഫോന്‍സാമ്മയെക്കുറിച്ചുള്ള കുറേ ബുക്കുകള്‍ എന്റെ കൈയില്‍ തന്നു, എന്നിട്ടതൊക്കെ വായിച്ചുനോക്കാന്‍ പറഞ്ഞു.
ഒരു കഥാപാത്രമായി മാറിക്കഴിഞ്ഞാല്‍ അതിന്റെ പ്രത്യേകതകളൊക്കെ സ്വന്തം സ്വഭാവത്തിലും വരുമെന്നു പറയാറുണ്ട്?
അതു ശരിയാണ്. മുമ്പെനിക്ക് ഭയങ്കര ദേഷ്യാരുന്നു. കുഞ്ഞുകുഞ്ഞു കാര്യത്തിനുപോലും. പക്ഷേ, ഇപ്പോഴത് എനിക്ക് കുറേയൊക്കെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. അതും കൂടാതെ എന്റെ സ്വഭാവത്തിലൊക്കെ കുറേക്കൂടി ഒരു മയം വന്നു കേട്ടോ...
ഈ 'അല്‍ഫോന്‍സാമ്മ'യ്ക്ക് യഥാര്‍ത്ഥ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹങ്ങള്‍ ഉണ്ടായിട്ടുണ്ടാവുമല്ലോ?
പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പക്ഷേ, എനിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടായിട്ടുണ്ട്. ഈ സീരിയലിലേക്ക് വിളിച്ചപ്പോ ഞാന്‍ വിചാരിച്ചിരുന്നു, എന്റെ പ്ലസ്ടു പരീക്ഷയൊക്കെ വെള്ളത്തിലാവുമെന്ന്. പരീക്ഷ ആ സമയത്താണെങ്കില്‍ തീര്‍ന്നില്ലേ? പക്ഷേ, എനിക്ക് ശരിക്ക് പഠിക്കാനും പരീക്ഷയെഴുതാനും പറ്റി.
എന്റെ അമ്മയ്ക്കാണെങ്കില്‍ ഇടയ്ക്കിടക്ക് നെഞ്ചുവേദന വരുമായിരുന്നു. അങ്ങനെ ഡോക്ടറെ കാണിച്ചപ്പോള്‍ പറഞ്ഞു, 'ഒരു ബ്ലോക്കുണ്ട്, മേജര്‍ ഓപ്പറേഷന്‍ വേണ്ടിവരുമെന്ന്.' കുറച്ചു മരുന്നുകഴിച്ചുനോക്കാന്‍ പറഞ്ഞു. ഞങ്ങളൊക്കെ പേടിച്ചുപോയി. ഒരുപാട് പ്രാര്‍ത്ഥിച്ചു. വീണ്ടും പരിശോധിച്ചപ്പോഴാണ് അറിയുന്നത് ഓപ്പറേഷന്‍ വേണ്ടിവരില്ല, ബ്ലോക്ക് നീങ്ങുന്നുണ്ടെന്ന്. ഇതൊക്കെ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹമല്ലേ?
ഭരണങ്ങാനത്ത് പോയിരുന്നോ?
മൂന്നുതവണ പോയിട്ടുണ്ട്. അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയ സമയത്തായിരുന്നു ഒരു തവണ പോയത്. ആദ്യമൊന്നും ആര്‍ക്കുമെന്നെ മനസ്സിലായില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചു, നേരിട്ടു കാണുമ്പോള്‍ ഞാന്‍ സീരിയലിലെ പോലെയായിരിക്കില്ലെന്ന്.
കുറച്ചുകഴിഞ്ഞപ്പോഴല്ലേ രസം...അല്‍ഫോന്‍സേ, അല്‍ഫോന്‍സേ എന്നു വിളിച്ച് കുറേപേര്‍ ചുറ്റിനും കൂടി. വയസ്സായവരൊക്കെ അന്നക്കുട്ടിയെന്നാണ് വിളിച്ചത്. വയസ്സായൊരു അമ്മൂമ്മ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, 'മോളേ, മരിക്കുന്നതിനു മുമ്പെനിക്കീ ഭാഗ്യം കിട്ടിയല്ലോയെന്ന്'. അവരുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. സത്യത്തില്‍ എന്റെ കണ്ണും നിറഞ്ഞുപോയി.
അല്‍ഫോണ്‍സാമ്മ 'ബാധിച്ചോ'?
ഏയ് അങ്ങനൊന്നും ഇല്ല. എനിക്ക് ജീന്‍സും ടോപ്പുമിട്ട് വലിയ കമ്മലും തൂക്കി നടക്കാനാണ് ഇഷ്ടം. പിന്നെ, അനിയത്തീടെ കൂടെ ഷോപ്പി
ങിനും സിനിമയ്ക്കുമൊക്കെ പോകാനും. വീട്ടില്‍ത്തന്നെ അങ്ങനെ അടങ്ങിയൊതുങ്ങി ഇരിക്കാത്ത ഒരാളാണ് ഞാന്‍.കൂട്ടുകാരൊക്കെ എന്തു പറഞ്ഞു?
ഇതു ടെലികാസ്റ്റ് ചെയ്തു തുടങ്ങിയപ്പോള്‍ എന്റെ ഫ്രണ്ട്‌സൊക്കെ പറഞ്ഞിരുന്നു, നിനക്ക് നേരെ ഓപ്പസിറ്റ് ആയ ഒരു ക്യാരക്ടര്‍ ആണല്ലോ കിട്ടിയതെന്ന്. അവരൊക്കെ അദ്ഭുതപ്പെട്ടു, ഞാനെങ്ങനെ ഇതു ചെയ്യുന്നുവെന്ന്.
(ചെന്നൈ ആദര്‍ശ് സ്‌കൂളില്‍ നിന്നും പ്ലസ്ടു കഴിഞ്ഞിരിക്കുകയാണിപ്പോള്‍. ഗുരുവായൂര്‍ സ്വദേശികളാണെങ്കിലും അശ്വതിയും കുടുംബവും ഇപ്പോള്‍ ചെന്നൈയിലാണ് താമസം. അച്ഛന്‍ തോമസിന് എക്‌സ്‌പോര്‍ട്ടിങ് ബിസിനസ്സ് ആണ്. അമ്മ സിന്ധു. ഒരു അനിയത്തിയുണ്ട്, അലോന).
സെറ്റില്‍ എങ്ങനെ അടിപൊളിയാണോ?
സെറ്റില്‍ എല്ലാവരും തമ്മില്‍ നല്ല അടുപ്പമാണ്. അനിലച്ചേച്ചി, ബീനേച്ചി, വത്സല ചേച്ചി, പ്രേം പ്രകാശ് അങ്കിള്‍, അനിലേട്ടന്‍, ഡിംബിള്‍... ഇങ്ങനെ എല്ലാരും നല്ല കൂട്ടാണ്. ഷൂട്ടിങ്ങില്ലാത്ത സമയത്തൊക്കെ ഞങ്ങള്‍ അന്താക്ഷരി കളിക്കും. ശരിക്കും ഒരു വീട്ടിലെ അന്തരീക്ഷമാണവിടെ. നല്ല രസാണ്.
സീരിയലില്‍ നിന്ന് കിട്ടുന്ന പൈസയൊക്കെ എന്തുചെയ്യുന്നു?
അതൊക്കെ അമ്മയുടെയും പപ്പയുടെയും കൈയില്‍ കൊടുക്കും. പിന്നെ കുറച്ച് സ്വന്തമായി സമ്പാദിക്കുകയും ചെയ്യും.
ആരാധകര്‍ എന്തുപറയുന്നു?
അധികവും ചെറിയ കുട്ടികളാണ്. അവരെനിക്ക് കത്തൊക്കെ അയയ്ക്കും. 'അന്നക്കുട്ടീ' എന്നും വിളിച്ചാണ് കത്തെഴുതുക. ട്യൂഷന്‍ ടീച്ചേഴ്‌സിനു എന്തെങ്കിലും അസുഖം വരുത്തണം, ഞങ്ങടെ പരീക്ഷ കഴിഞ്ഞു, നല്ല മാര്‍ക്ക് കിട്ടാന്‍ പ്രാര്‍ത്ഥിക്കണം... ഇതൊക്കെയാണ് മിക്കവരുടെയും ആവശ്യം.
ഇനി എന്താ പരിപാടി?
മുമ്പൊക്കെ എന്താവാനാണ് ഇഷ്ടമെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ ചാടിക്കേറി പറയും, ജേര്‍ണലിസ്റ്റെന്ന്...ഇപ്പോ അങ്ങനൊന്നും ഇല്ല. ഒക്കെ ദൈവം തീരുമാനിക്കട്ടെന്നും പറഞ്ഞിരിക്കുകയാണ് ഞാന്‍.

NEWS LETTER
RSS











