MATHRUBHUMI RSS
Loading...
കലാപഭൂമിയില്‍ അടിപതറാതെ
രാധാകൃഷ്ണന്‍ പട്ടാനൂര്‍

നക്‌സലെറ്റുകള്‍ക്കെതിരായ പോരാട്ടവീര്യംകൊണ്ട് ശ്രദ്ധേയയായ മലയാൡഐ.പി.എസ്. ഉദ്യോഗസ്ഥ അശ്വതിയുമായി ഒരു നേര്‍ക്കാഴ്ച...


ബുദ്ധിമുട്ടുകള്‍ ഒറ്റയ്ക്ക് തരണം ചെയ്യുന്നതാണ് അശ്വതിയുടെ രീതി. സ്വന്തം ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുപോന്നു. വീട്ടില്‍ വാഹനമുണ്ടായിട്ടും ദിവസവും തിരക്കുള്ള മൂന്നു ബസ്സുകളില്‍ അള്ളിപ്പിടിച്ചു കയറിയാണ് കോളേജില്‍ പോയത്. ബസ്സിലെ തിരക്ക് അനുഗ്രഹമാക്കി മുന്‍വശത്തേക്ക് നുഴഞ്ഞുകയറി പെണ്‍കുട്ടികളെ തൊടാനും തലോടാനും ശ്രമിക്കുന്ന പൂവാലന്മാര്‍ പലരും അശ്വതിയുടെ കൈച്ചൂടറിഞ്ഞു. ക്ലേശമേറിയ ഐ.പി.എസ്. കുപ്പായമണിയാന്‍ സന്നദ്ധയായത് അശ്വതിയുടെ ഈ സാഹസിക മനോഭാവംകൊണ്ടുതന്നെയാണ്.

അച്ഛന്റെ പ്രശസ്തിയെയും ബന്ധങ്ങളെയും ഏതെങ്കിലും തരത്തിലുള്ള സൗജന്യങ്ങള്‍ക്കായി അടൂര്‍ ഗോപാലകൃഷ്ണന്റെ മകള്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയില്‍ വാര്‍ധയിലെ തന്റെ ഔദ്യോഗികവസതിയില്‍ വെച്ച് അശ്വതി സംസാരിച്ചു.

കാഠിന്യമേറിയ ജോലി തിരഞ്ഞെടുക്കുന്നതിനോട് അച്ഛനും അമ്മയ്ക്കുമൊന്നും എതിര്‍പ്പുണ്ടായില്ലേ?

സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ഞാന്‍ കോളേജ് അധ്യാപികയുടേതോ അതുപോലുള്ള ഏതെങ്കിലും സ്വസ്ഥമായ ജോലിയോ സ്വീകരിക്കും എന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ എന്റെ മോഹം വേറെയായിരുന്നു. ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. എന്നിവയില്‍ ഏതെങ്കിലുമൊന്ന്. പക്ഷേ, എന്റെ ആഗ്രഹം മനസ്സിലാക്കിയപ്പോള്‍ അവര്‍ എതിര്‍ത്തു പറഞ്ഞില്ല.

ഐ.പി.എസിന് ഇപ്പോള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ വരുന്നുണ്ടല്ലോ?

2000 ബാച്ചില്‍ അസം-മേഘാലയ കാഡറിലായിരുന്നു എന്റെ നിയമനം. ഐ.പി.എസ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വനിതാപ്രാധാന്യമുള്ള ബാച്ചായിരുന്നു അത്. 32 പേരില്‍ എട്ടു വനിതകള്‍. ഇവരില്‍ രണ്ടു പേര്‍ മലയാളികള്‍. എനിക്ക് പുറമെ ഇപ്പോള്‍ ഡല്‍ഹിയില്‍ അസി. ഡെപ്യൂട്ടി കമ്മീഷണറായ ഐ.ബി. റാണിയാണ് മറ്റൊരാള്‍.

ട്രെയിനിങ് സുഖകരമായിരുന്നോ?

മസൂരിയില്‍ നിന്നും ഹൈദരബാദിലെ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്നുമായിരുന്നു പരിശീലനം. പ്രൊബേഷന്‍ അസമില്‍. തലസ്ഥാനമായ ഗുവാഹാട്ടിയില്‍ നിന്ന് 120 കി.മീ. അകലെ കല്യാബര്‍ സബ് ഡിവിഷനില്‍ എ.എസ്.പി. ട്രെയിനിയായി പരിശീലനം കിട്ടി. ഒന്‍പത് മാസങ്ങള്‍ക്കു ശേഷം 2003 മെയില്‍ മഹാരാഷ്ട്ര കാഡറിലേക്ക് മാറ്റം. ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍, മാവോവാദികള്‍ സമാന്തര ഭരണം നടത്തുന്ന ഗച്ചുരുളിയില്‍ എ.എസ്.പി. യായി നിയമനം. മാവോവാദികളെ നേരിടാന്‍ നിയോഗിക്കപ്പെടുന്ന ആദ്യത്തെ വനിതാ പോലീസ് ഓഫീസറായിരുന്നു ഞാന്‍. ആദ്യത്തെ പതിനഞ്ചു ദിവസം പരിശീലനകാലമായിരുന്നു. പ്രദേശത്തെ ഭൂമിശാസ്ത്രവും മാവോവാദികളുടെ പ്രവര്‍ത്തനരീതികളും ജനങ്ങളുടെ ജീവിതവും മനസ്സിലാക്കി. ഇതിനിടയില്‍ നക്‌സലുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും കിട്ടാവുന്നത്ര സംഘടിപ്പിച്ച് പഠിച്ചു.

ഇതുവരെയുള്ള പോലീസ് ജീവിതത്തിനിടയില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ ഏറെ കാണുമല്ലോ?

ഞാന്‍ ചുമതലയേറ്റെടുത്ത് കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റിനെയൊക്കെ നടുക്കിയ ഒരു കൊലപാതകം നടന്നു. മുന്‍ നക്‌സലൈറ്റ് പ്രവര്‍ത്തകനും അപ്പോള്‍ നക്‌സലുകളുടെ നീക്കങ്ങളെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കുന്ന 'ഇന്‍ഫോമറു'മായ ബുണ്ടു കൊല്ലപ്പെട്ടു. സ്ഥലത്തെ ചെറു പട്ടണത്തിനടുത്തുവെച്ച് അദ്ദേഹത്തെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. കൊല നടത്തിയ ഉടനെ നക്‌സലൈറ്റ് മുദ്രാവാക്യങ്ങള്‍ വിളിച്ച് ഘാതകര്‍ അപ്രത്യക്ഷരാവുകയും ചെയ്തു.

വിവരമറിഞ്ഞ് ഞാനും സംഘവും സ്ഥലത്തെത്തി. ബുണ്ടുവിന്റെ കൊലപാതകം പോലീസിനുള്ള കനത്ത താക്കീതാണെന്ന് മനസ്സിലായി. പോലീസിന്റെ ഒറ്റുകാരനായി പ്രവര്‍ത്തിക്കുന്ന അയാളെ നക്‌സലുകള്‍ ഉന്നംവെച്ചിട്ടുള്ളതായി നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുകയും ചെയ്തു. മകന്‍ പഠിക്കുന്ന സ്‌കൂളില്‍ അദ്ദേഹം പതിവായി വരുമായിരുന്നു. അങ്ങനെ വന്നുപോകുന്നതിനിടയിലാണ് കൊലചെയ്യപ്പെട്ടത്.

കേസന്വേഷണം എന്നില്‍ നിക്ഷിപ്തമായി. എ.എസ്.പി.യായി നിയമനം കിട്ടിയശേഷം അന്വേഷിക്കാന്‍ കിട്ടിയ ആദ്യത്തെ പ്രധാന കേസ്. എന്തു വില കൊടുത്തും കേസ് തെളിയിക്കണമെന്ന് മനസ്സുകൊണ്ടുറപ്പിച്ചു. നക്‌സലൈറ്റുമായുള്ള ഏറ്റുമുട്ടലില്‍ പലപ്പോഴും തോറ്റു പിന്മാറിയ ചരിത്രമാണ് ഗച്ചുരുളിയിലെ പോലീസിന്. തങ്ങള്‍ക്കെതിരെ കടുത്ത നീക്കം നടത്തുന്ന പോലീസ് ഓഫീസര്‍മാരെ നക്‌സലുകള്‍ വെച്ചു പൊറുപ്പിച്ച ചരിത്രവുമില്ല.

തലയും ഉടലും വേര്‍പെട്ട് കിടക്കുന്ന ബുണ്ടുവിന്റെ ജഡത്തിനരികില്‍ കിടക്കുന്ന ഒരു ചെരിപ്പ് മാത്രമാണ് കേസന്വേഷണത്തിനുള്ള ഏക തുമ്പ്. ബുണ്ടു ചെരിപ്പ് ധരിക്കുന്ന ശീലമില്ലാത്ത ആളാണ്. അതിനാല്‍ ജഡത്തിനരികില്‍ നിന്ന് കിട്ടിയ ചെരിപ്പ് കൊല നടത്തിയസംഘത്തിലെ ആളുടേതാവാനേ തരമുള്ളു.

സ്ഥലത്ത് കൊണ്ടുവന്ന പോലീസ് നായ ചെരിപ്പിന്റെ മണം പിടിച്ച ശേഷം 12 കിലോമീറ്ററോളം കൊടും വനത്തിനുള്ളിലേക്ക് പോയി. കൂടെ എന്റെ നേതൃത്വത്തില്‍ സായുധരായ പോലീസ് സംഘവും. പോലീസ് നായ ഓടിക്കയറിയത് വനത്തിനുള്ളിലെ ഒരു ആദിവാസി കുടിലില്‍. കുടിലില്‍ ഒരു വൃദ്ധ മാത്രം. കുടിലിനുള്ളില്‍ പരിശോധിച്ചപ്പോള്‍ രക്തം പുരണ്ട ഷര്‍ട്ടും കിട്ടി. കൈയില്‍ കരുതിയ ചെരിപ്പ് വൃദ്ധയെ കാണിച്ചപ്പോള്‍ അത് അവരുടെ പേരമകന്റേതാണെന്നും പറഞ്ഞു. അവന്‍ പുറത്തെവിടെയോ പോയിരിക്കുകയാണെന്നും വൃദ്ധ അറിയിച്ചു. കൊലപാതകത്തില്‍ അവന് പങ്കുണ്ടെന്ന് ഏറെക്കുറെ ഇതോടെ വ്യക്തമായി. ആ ആദിവാസി ഊരില്‍നിന്ന് പത്താം ക്ലാസ് പാസായ ഏക വ്യക്തിയായിരുന്നു ആ ചെറുപ്പക്കാരന്‍. പോലീസ് സംഘം ഊരിലെത്തിയിട്ടുണ്ടെന്നറിഞ്ഞ് ഊരുമൂപ്പനും മറ്റും സ്ഥലത്തെത്തി. കാര്യം അയാളെ ധരിപ്പിച്ചപ്പോള്‍ തൊട്ടടുത്ത ദിവസം അവനെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാമെന്ന് ആദിവാസി മൂപ്പന്‍ ഉറപ്പു നല്‍കി. പറഞ്ഞാല്‍ വാക്കു പാലിക്കുന്നതാണ് ആദിവാസികളുടെ രീതി. പിറ്റേദിവസം ചെറുപ്പക്കാരനെയും കൂട്ടി മൂപ്പന്‍ എന്റെ ഓഫീസിലെത്തി.

വെറും നൂറു രൂപയ്ക്ക് വേണ്ടിയാണ് ആ ചെറുപ്പക്കാരന്‍ കൊലപാതകത്തില്‍ പങ്കാളിയായത്. ഒറ്റുകാരനായ ബുണ്ടുവിനെ വധിക്കാന്‍ നക്‌സലുകള്‍ പദ്ധതിയിട്ടിരുന്നു. അതിനു പറ്റിയ ആളുകളെ അവര്‍ കണ്ടെത്തി. 300 രൂപ പ്രതിഫലവും നിശ്ചയിച്ചു. മൂന്നു പേര്‍ സംഘത്തിലുണ്ടായിരുന്നു. ഓരോരുത്തര്‍ക്കു നൂറു രൂപ വീതം പ്രതിഫലം!

രണ്ടു പേര്‍ ചേര്‍ന്ന് ബുണ്ടുവിനെ പിടിച്ചുനിര്‍ത്തുകയും ഒരാള്‍ കഴുത്തറുക്കുകയുമായിരുന്നു. പിടിച്ചു നിര്‍ത്തിയവരില്‍ ഒരാള്‍ ആ ചെറുപ്പക്കാരന്‍. കേസില്‍ മൂന്നു പേരെയും അധികം വൈകാതെ പിടികൂടാനായി.

കൊലപാതക സംഘത്തെ പിടികൂടിയതിന് നക്‌സലുകളുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നോ?

എന്നേക്കാള്‍ ഭയം വീട്ടുകാര്‍ക്കായിരുന്നു. സ്ഥലംമാറ്റം വാങ്ങണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. ഗച്ചുരുളിയില്‍ നിന്ന് താനെയിലേക്ക് ഡെപ്യൂട്ടി കമ്മീഷണറായി സ്ഥലംമാറ്റം കിട്ടിയപ്പോള്‍ മാത്രമാണ് വീട്ടുകാരുടെ മനസ്സിലെ തീയൊന്നു അണഞ്ഞത്. 2004 ഒക്‌ടോബറിലായിരുന്നു താനെ യിലേക്കുള്ള നിയമനം. പിന്നീട് ക്രൈംബ്രാഞ്ചിലേക്ക്. ശിവാനന്ദ് എന്ന കഴിവുറ്റ കമ്മീഷണറുടെ കീഴില്‍ ജോലി ചെയ്യാന്‍ സാധിച്ചത് സര്‍വീസ് ജീവിതത്തില്‍ വലിയ നേട്ടമായി.

നക്‌സല്‍ വിരുദ്ധ പോരാട്ടത്തിലെ പ്രധാനി പിന്നെ എപ്പോഴാണ് ട്രാഫിക് നിയമലംഘകരുടെ പേടിസ്വപ്‌നമായി മാറുന്നത്?

2006-ല്‍ നാഗ്പൂരില്‍ നക്‌സല്‍ വിരുദ്ധ സ്‌ക്വാഡില്‍ എസ്.പി.യായിരിക്കുമ്പോഴാണ് ട്രാഫിക് പോലീസിലേക്ക് മാറുന്നത്. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഞങ്ങള്‍ പ്രത്യേക പദ്ധതിതന്നെ തയ്യാറാക്കി. മുഖം പൂര്‍ണമായും മറച്ചുകെട്ടിക്കൊണ്ടുള്ള ഇരുചക്രവാഹനങ്ങളിലെ യാത്ര അവസാനിപ്പിച്ചത് വലിയ ഒച്ചപ്പാടിനും ഇടയാക്കി.

വാര്‍ധയില്‍ എസ്.പി. യായിട്ടുള്ള വരവ് ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായല്ലോ?

2007 ഒക്‌ടോബറിലാണ് വാര്‍ധയിലെത്തിയത്. വന്ന ഉടനെ അന്വേഷിക്കാന്‍ കിട്ടിയത് ഒരു പാര്‍സല്‍ ബോംബ് കേസ്. ഈദ് ആഘോഷം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഒരു മുസ്ലിമിന്റെ സ്റ്റേഷനറി കടയില്‍ ഒരു വലിയ കടലാസു പെട്ടി 'ഗിഫ്റ്റ്' എന്ന പേരില്‍ ഒരാള്‍ എത്തിച്ചുകൊടുത്തത്. കടയില്‍ ജോലിക്കു നിന്നിരുന്ന പെണ്‍കുട്ടി പെട്ടി തുറന്നു നോക്കുമ്പോള്‍ കേബിളുകളും മറ്റും പുറത്തു വരുന്നതു കണ്ട് പരിഭ്രമിച്ച് വിവരം പോലീസിനെ അറിയിച്ചു. പോലീസ് പെട്ടി പരിശോധിച്ചപ്പോള്‍ കണ്ടത് സ്‌ഫോടനമുണ്ടാക്കാന്‍ സംവിധാനം ചെയ്യപ്പെട്ട നിലയില്‍ 36 ഡെറ്റനേറ്ററുകള്‍. കടയില്‍ പെട്ടി എത്തിച്ച ആളിനെ പെണ്‍കുട്ടിക്ക് പരിചയമില്ല. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു.

ഒരു ഇലക്‌ട്രോണിക്‌സ് ഉപകരണത്തിന്റെ പെട്ടിയിലാണ് ഡെറ്റനേറ്റര്‍ ഘടിപ്പിച്ചിരുന്നത്. പെട്ടിയില്‍ രേഖപ്പെടുത്തിയ ബാച്ച് നമ്പര്‍ അന്വേഷിച്ചപ്പോള്‍ അത് ഔറംഗബാദില്‍ നിര്‍മിച്ചതാണെന്നും വാര്‍ധയിലെ ഒരു ഷോപ്പില്‍ വിറ്റതാണെന്നും മനസ്സിലായി. മൊബൈല്‍ ഫോണ്‍ കമ്പനി രേഖകള്‍ മുതല്‍ പഴയ കടലാസുകളുടെ വില്‍പനക്കാര്‍വരെയുള്ളവരെ ചോദ്യം ചെയ്യുകയും രണ്ട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തതിന്റെ ഫലമായി ഏഴു പേരെ ഒരു മാസത്തിനുള്ളില്‍ എന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. ഇവര്‍ക്ക് സിമിയുമായുള്ള ബന്ധവും വ്യക്തമായി.

അശ്വതിയുടെ കുടുംബം?

ഭര്‍ത്താവ് ഡോ. ഷെറിങ് ദൊര്‍ജ് വാര്‍ധയുടെ തൊട്ടടുത്ത ജില്ലയായ ചന്ദ്രപുരിലെ എസ്.പി.യാണ്. ഹിമാചല്‍പ്രദേശുകാരനായ ഷെറിങ് ദൊര്‍ജും ഞാനും ഒരേ ബാച്ച് ഐ.പി.എസുകാരാണ്. ഒരു മകനുണ്ട്. താഷിനൂര്‍ഗു.

കേരളത്തിലേക്ക് വരാന്‍ താത്പര്യമില്ലേ?

കേരളത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ, ഭര്‍ത്താവിന് കൂടി ഒരേസമയം കേരളത്തിലേക്ക് സ്ഥലം മാറ്റം കിട്ടാനുള്ള ബുദ്ധിമുട്ടുണ്ട്. അതുംകൂടി ശരിയായാല്‍ തീര്‍ച്ചയായും കേരളത്തിലേക്ക് മടങ്ങണം.