MATHRUBHUMI RSS
Loading...
മധുരിക്കും ഓര്‍മകളെ...
ശര്‍മിള

വിജയിക്കുന്ന സിനിമയില്‍ നായികയാവാന്‍ ആറു വര്‍ഷം കാത്തിരിക്കേണ്ടിവന്നു ഹണി റോസിന്...


ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ വരുംവരെ, 'ഏത് ഹണിറോസ് ? ' എന്ന് ചോദിച്ചവരുണ്ടായിരുന്നു. നല്ലൊരു കഥ. നല്ല കഥാപാത്രം...ട്രിവാന്‍ഡ്രം ലോഡ്ജ് തിയേറ്ററുകളില്‍ നിറഞ്ഞോടി. ഒപ്പം ഹണിറോസ് എന്ന നടിയും മലയാളസിനിമയുടെ ഫ്രെയിമിലേക്ക് ഉദിച്ചുവന്നു.''സത്യത്തില്‍ എന്നും ഒരു പ്രതീക്ഷ എന്റെ ഉള്ളിലുണ്ടായിരുന്നു കേട്ടോ...എനിക്കായി ഒരു ദിവസം വരുമെന്ന്. ആളുകള്‍ നല്ലതെന്ന് പറയുന്ന ഒരു കഥാപാത്രം എനിക്ക് ലഭിക്കുമെന്ന്...'' സെറ്റില്‍ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ഹണി പുഞ്ചിരിയോടെ പറഞ്ഞു.

ആറ് വര്‍ഷത്തിന് ശേഷം ഒരു സൂപ്പര്‍ഹിറ്റ്. എന്താണ് ആ അനുഭവം?

പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴല്ലേ നീലക്കുറിഞ്ഞി പൂക്കുന്നത്...അതുപോലെ. ഒരു സിനിമ ഹിറ്റായാല്‍ അതിലെ നടിക്കുണ്ടാവുന്ന അനുഭവം ആദ്യമായി ഞാന്‍ അറിഞ്ഞു. ശക്തമായ കഥാപാത്രമാണല്ലോ ട്രിവാന്‍ഡ്രം ലോഡ്ജില്‍ എനിക്ക് ലഭിച്ച ധ്വനി നമ്പ്യാര്‍. സിനിമ റിലീസായപ്പോള്‍ എല്ലാവരും അഭിനന്ദിച്ചു. നല്ല വാക്കുകള്‍ കേള്‍ക്കുന്നതിന്റെ സുഖം... തെസ്‌നിഖാന്‍ വിളിച്ചു. പിന്നെ എന്റെ ടീം. അനൂപേട്ടന്‍, ജയേട്ടന്‍, വികെപി.

ഇത്രയും കാലം എവിടെയായിരുന്നു...

തമിഴില്‍ ആക്ടീവ് ആയിരുന്നു ഞാന്‍. മുതല്‍ക്കനവ്, സിങ്കം പുലി, മല്ലിക്കെട്ട്... എന്തെങ്കിലുമൊരു സിനിമ എന്നതായിരുന്നില്ല എന്റെ മനസില്‍. എനിക്കിഷ്ടപ്പെടണം കഥാപാത്രത്തെ. നന്നാക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നണം. നല്ല വേഷം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍.

സിനിമാ നടിയാവണം എന്ന് തോന്നിയത് എപ്പോഴാണ്?

ഏഴാം കഌസില്‍ പഠിക്കുമ്പോള്‍ തൊടുപുഴയിലെ വീടിനടുത്തൊരു ഷൂട്ടിങ്ങ് വന്നു. വിനയന്‍ സാറിന്റെ മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്‌നവും. അച്ഛന്‍ ഷൂട്ടിങ്ങ് കാണിക്കാന്‍ കൊണ്ടുപോയി. അവിടെ കണ്ടതെല്ലാം എനിക്ക് അത്ഭുതമായിരുന്നു. 'എനിക്കും സിനിമയിലഭിനയിക്കണം,' ഞാന്‍ പറഞ്ഞു. അച്ഛന്‍ വിനയന്‍ സാറിനെ ആവശ്യം അറിയിച്ചു. സാര്‍ ആശ്വസിപ്പിച്ചു, 'മോള്‍ വലുതാവട്ടെ, അപ്പോള്‍ നടിയാക്കാം,' എന്ന്. പത്താം ക്ലാസിലെത്തി. ഞാന്‍ കലാതിലകമൊന്നുമല്ലല്ലോ. ഞാനെന്റെ സിനിമാമോഹം പറയുമ്പോള്‍, 'നിനക്ക് അഭിനയിക്കാന്‍ പറ്റ്വോ' എന്ന് സ്‌കൂളില്‍ പലരും പരിഹസിച്ചിട്ടുണ്ട്. അച്ഛന്‍ എന്റെ നിര്‍ബന്ധം കൊണ്ട് കുറച്ച് ഫോട്ടോസുമായി വിനയന്‍ സാറിനെ പോയികണ്ടു. ഞാന്‍ ബോയ്ഫ്രണ്ടില്‍ നായികയായി.

പിന്നെ മലയാളത്തില്‍ അവസരം കിട്ടിയില്ലേ?

ഞാന്‍ അഭിനയിച്ച സൗണ്ട് ഓഫ് ബൂട്ടും ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്കും ഓടിയില്ല. സിനിമ കിട്ടാന്‍ അങ്ങനെ ശ്രമിച്ചിട്ടൊന്നുമില്ല ഞാന്‍. വിളിച്ചാല്‍ പോവാം എന്ന ലൈനിലിരുന്നു. ഓരോ സിനിമ കഴിയുമ്പോഴും സ്വാഭാവികമായും നിറഞ്ഞോടും എന്നാ പ്രതീക്ഷിക്കുക. ചില കുട്ടിപ്പടങ്ങളിലേക്കൊക്കെ വിളിച്ചു. പോയില്ല. എനിക്ക് സിനിമയില്‍ അധികമാരുമായും കണക്ഷനില്ലായിരുന്നു. ഇപ്പോഴും അതേ. തമിഴിലും മറ്റു ഭാഷകളിലും വരുമാനം കൂടുതലാണ്. ഇഷ്ടം പോലെ അവസരവും.

തമിഴില്‍ അത്യാവശ്യം ഗ്ലാമര്‍ റോളുകള്‍ ചെയ്തല്ലോ...

സിങ്കംപുലിയിലെ വേഷം കുറച്ച് ഗഌമറസായിരുന്നു. കഥാപാത്രത്തിന് വേണ്ടി ഗഌമര്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ കരുതുന്നു. ഗ്ലാമര്‍ ആവാം, വള്‍ഗര്‍ ആവരുതെന്നാ എന്റെ നിലപാട്.

ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാരുടെ സ്വഭാവങ്ങള്‍ ഹണിക്കുണ്ടോ ?

(ചിരിയോടെ) ചിലതൊക്കെ. പ്രശ്‌നങ്ങളെ ധൈര്യമായി നേരിടുന്ന പെണ്‍കുട്ടിയാണ് ധ്വനി. ഞാനും അങ്ങനെയാണ്. ജീവിതം ഫ്രീ ആയി പോവണം, ഇഷ്ടം പോലെ ജീവിക്കാന്‍ പറ്റണം. ജീവിതം തീര്‍ച്ചയായും എന്‍ജോയ് ചെയ്യാനുള്ളത് തന്നെ. ഇത് പുതിയ തലമുറയുടെ കാഴ്ചപ്പാടാണ്. പണ്ട് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സ്ത്രീകള്‍ ഉള്ള ജീവിതത്തില്‍ കടിച്ച് തൂങ്ങി നില്‍ക്കും. ഇന്നത് മാറി. ഒരു പകുതി ധ്വനി ആയാല്‍ മതിയായിരുന്നു എനിക്ക്...

പ്രണയിച്ചിട്ടുണ്ടോ...

പിന്നെ...കാണാന്‍ ഭംഗിയുള്ള പെണ്‍കൊച്ചുങ്ങള്‍ക്ക് ആരാധകരെ കിട്ടാനാണോ വിഷമം ! സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൊച്ചുകാമുകന്മാരൊക്കെ ഉണ്ടായിരുന്നു. ചുമ്മാ ഒരു തമാശയ്ക്ക്. ആരെങ്കിലുമൊന്ന് നോക്കാനുണ്ടാവുന്നതിന്റെ രസം. അതൊരു സുഖമായിരുന്നു. നമുക്ക് എത്രവേണമെങ്കിലും പ്രണയിക്കുന്നത് സ്വപ്‌നം കാണാലോ...പക്ഷെ, സങ്കല്‍പ്പത്തോളം ഭംഗി യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയത്തിനുണ്ടോ

? സംശയമുണ്ട്.

വിവാഹം കഴിച്ച് കുട്ടിയും കുടുംബവും ഉത്തരവാദിത്വവുമായി ജീവിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. അങ്ങനെ അടങ്ങിയൊതുങ്ങിയുള്ളൊരു ലൈഫ് ഇപ്പോള്‍ മനസ്സിലില്ല. പുരുഷന്മാര്‍ക്ക് പരസ്ത്രീബന്ധം കൂടുതലാണിന്ന്. സത്യസന്ധമായി നമ്മളെ പ്രേമിക്കുന്ന ഒരാളെ കണ്ടെത്തുക പാടാണ്. വിവാഹബന്ധങ്ങള്‍ക്ക് ഒരു വര്‍ഷം, ആറ് മാസം എന്നൊക്കെയേ ആയുസ്സുള്ളു. അതിലേക്കൊന്നും എടുത്തുചാടാന്‍ ഞാനില്ല. മംമ്ത മോഹന്‍ദാസിന്റെ ദാമ്പത്യ പ്രശ്‌നം കേട്ടതിന്റെ ഷോക്ക് തീര്‍ന്നിട്ടില്ല.

ഈ വര്‍ഷം പുതിയ മേക്കോവര്‍...പുതിയ പേര്...

പടത്തിന് വേണ്ടിയാണ് മുടി ചുരുളനാക്കിയത്. സ്‌പെക്‌സും ചുരുണ്ട മുടിയും എന്നെ വല്ലാതങ്ങ് മാറ്റി. ധ്വനിയായി അഭിനയിക്കുമ്പോള്‍ എന്റെ പേരും ധ്വനി എന്നാക്കിയിരുന്നു. പക്ഷെ എനിക്ക് ആ പേരുമായങ്ങ് പൊരുത്തപ്പെടാനായില്ല. നല്ല പേരല്ലേ ഹണിറോസ്...ഏറ്റവും ഭംഗിയുള്ള പൂവ് പോലെ.