MATHRUBHUMI RSS
Loading...
ഓര്‍മകളില്‍ ജീവിക്കണം എന്നൊരു മോഹം
മധു.കെ.മേനോന്‍

'ഗൃഹലക്ഷ്മി'യുടെ കവര്‍ ഷൂട്ടിനായി തൃശ്ശൂര്‍ അയ്യന്തോളിലെ കോവിലകം വീട്ടിലെത്തുമ്പോള്‍ സംയുക്ത വീട്ടമ്മയുടെ റോളില്‍ ഓടിനടക്കുകയായിരുന്നു. ദക്ഷിന് സ്‌കൂളില്ലാത്ത ദിവസമാണ്. എന്നിട്ടും തിരക്കോടുതിരക്ക്. രാവിലെ യോഗ ക്ലാസ് കഴിഞ്ഞെത്തിയതേയുള്ളൂ... പിറകെ ഇതാ വരുന്നു ദക്ഷിന്റെ കല്പന, 'ഹോംവര്‍ക്ക് ചെയ്യാന്‍ അമ്മ സഹായിച്ചേ പറ്റൂ'. അതുകഴിഞ്ഞ് അടുക്കളയില്‍ കയറിയപ്പോള്‍ സമയം ഒന്‍പതുമണി. അവധി ദിവസമായതുകൊണ്ട് ഇന്നത്തെ കുക്കിങ് ഒത്തിരി സ്‌പെഷലാണ്. 'സഹായിക്കാന്‍ ആളുണ്ടെങ്കിലും എല്ലാത്തിലും വേണ്ടേ എന്റെയൊരു കണ്ണ്', സംയുക്ത ഹൃദ്യമായൊരു ചിരിചിരിച്ചു.

ഫോട്ടോഷൂട്ടിന് മേക്കപ്പിടാന്‍ തുടങ്ങുമ്പോള്‍ സംയുക്ത ഓര്‍മകളില്‍ വീണു. 'മുമ്പൊക്കെയാണെങ്കില്‍ മേക്കപ്പ് ചെയ്യുന്നതും ഭംഗിയായി നടക്കുന്നതുമൊക്കെ ത്രില്ല് തോന്നുന്ന കാര്യമായിരുന്നു. ഇപ്പോള്‍ വല്ല പാര്‍ട്ടിക്കോ കല്യാണത്തിനോ പോകുമ്പോള്‍ മാത്രമാണ്... ഇതാ ഇതുപോലെ... കണ്ണാടിക്കുമുന്നില്‍ ഇങ്ങനെ ഇരിക്കുന്നതുപോലും', കണ്ണാടിയിലേക്ക് തിരിഞ്ഞും മറിഞ്ഞുംനോക്കി സംയുക്ത സംസാരിച്ചുതുടങ്ങി.

മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും തിരക്കുള്ള നടന്‍ ബിജുവാണ്. ഇതൊക്കെ അറിയുന്നുണ്ടോ?

നല്ലകാലം വരുമ്പോള്‍ എല്ലാം നല്ലത് എന്നേയുള്ളൂ. ബിജു എക്‌സ്ട്രാ എഫര്‍ട്ടൊന്നും എടുത്തിട്ടില്ല. ആദ്യത്തെതിനെക്കാള്‍ പ്രൊഫഷണലായിട്ടുണ്ട്, ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട്, അത്രേയുള്ളൂ.

ഇപ്പോള്‍ ബിജുവും ഫ്രന്‍ഡ്‌സുംകൂടി 'തക്കാളി ഫിലിംസ്' എന്ന പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിട്ടുണ്ട്. ആദ്യസിനിമ 'ചേട്ടായീസി'ന്റെ ജോലികള്‍ നടക്കുന്നു. ഇനി ബിജുവിനെ തീരെ വീട്ടില്‍ കിട്ടില്ല എന്നൊരു പ്രയാസമെയുള്ളൂ.

ഭര്‍ത്താവിന്റെ തിരക്കില്‍ അസ്വസ്ഥയാണോ?

ഭര്‍ത്താവിനെ വീട്ടില്‍ കിട്ടാത്തത് ഏതൊരു ഭാര്യയെ സംബന്ധിച്ചും പ്രയാസമുണ്ടാക്കുന്ന കാര്യമല്ലേ. വലിയ വിഷമം വരുമ്പോള്‍ ഞാന്‍ ആലോചിക്കും ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്ന എത്ര പെണ്‍കുട്ടികള്‍ നാട്ടില്‍ സന്തോഷമായി ജീവിക്കുന്നു, കുടുംബം നോക്കുന്നു. എന്റെ അവസ്ഥ എന്തായാലും അവരെപ്പോലെയല്ലല്ലോ. ഒന്നുമില്ലെങ്കിലും മാസത്തില്‍ ഒന്നുരണ്ടു തവണയെങ്കിലും ബിജുവിനെ കാണുന്നുണ്ട്.

പക്ഷേ, ദക്ഷിന് ബിജുവിന്റെ മിസ്സിങ് പ്രയാസമുണ്ടാക്കുന്നുണ്ട്. മോന്‍ പറയാന്‍തുടങ്ങിയിരിക്കുന്നു 'അച്ഛനെ എത്ര ദിവസമായി കണ്ടിട്ട് ' എന്ന്. അത് ഞാന്‍ ബിജുവിനെ വിളിച്ചു പറഞ്ഞു, 'ആണ്‍മക്കള്‍ അച്ഛനെ കണ്ടിട്ടാണ് വളരുക. ഈ സമയം ബിജു ദക്ഷിനടുത്തില്ലാത്തത് കഷ്ടമാണ്' എന്ന്.

ദക്ഷിനാണെങ്കില്‍ വീട്ടില്‍ ആരുമായും കൂട്ടില്ല. അവനെ പറഞ്ഞിട്ട് കാര്യമില്ല. വീട്ടില്‍ ഞങ്ങള്‍ മൂന്നാലു സ്ത്രീകള്‍ മാത്രമേയുള്ളൂ. അവന്‍ ഞങ്ങള്‍ പെണ്ണുങ്ങളോട് സംസാരിക്കുന്നതിനെക്കാള്‍ കളിപ്പാട്ടങ്ങളോടാണ് സംസാരിക്കുന്നത്.

കഴിഞ്ഞ ദിവസം ദക്ഷ് ചോദിച്ചു, 'ഹെലികോപ്റ്ററില്‍ ഏവിയേഷന്‍ ഫ്യൂവലാണോ അടിക്കുക, വിമാനത്തിന് ഗിയറുണ്ടോ?' എന്നൊക്കെ. ഞാനാകെ കുഴങ്ങിപ്പോയി. അതിനു മറുപടി പറയാന്‍ എനിക്കായില്ല. എന്നു കരുതി 'നീയതൊന്നും അറിയേണ്ട' എന്ന് ദക്ഷിനോട് പറയാന്‍ പറ്റുമോ. കുട്ടിയുടെ താത്പര്യങ്ങള്‍ അതുപോലുള്ള വിഷയങ്ങളിലാണെങ്കില്‍ അത് പ്രോല്‍സാഹിപ്പിച്ചല്ലേപറ്റൂ. അതുകൊണ്ട് ഞാനും ബിജുവും ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്. മോനൊപ്പം കഴിവതും ഞങ്ങള്‍ രണ്ടുപേരും ഉണ്ടാവണം. ഇപ്പോള്‍ ബിജുവിന് എറണാകുളത്താണ് ഷൂട്ടിങ് എങ്കില്‍ ഞാനും മോനും അവിടേക്ക് പോകും. അവിടെ ഞങ്ങളൊരു ഫ്ലാറ്റ് വാങ്ങിച്ചിട്ടുണ്ട്.

ബിജുവിന്റെ ഫോണ്‍ വരുന്നു. കഴിഞ്ഞ ദിവസം ദക്ഷിന് പനിയുണ്ടായിരുന്നു. മോന്റെ അസുഖം ഭേദമായോ എന്നറിയാനാണ് വിളിക്കുന്നത്. സിനിമാതിരക്കുകള്‍ക്കിടയില്‍ കിട്ടിയ ഒഴിവുദിവസം ആസ്വദിക്കാനായി ദുബായിലാണ് ബിജു. ദുബായിലേക്ക് പോകുമ്പോള്‍ ഭാര്യയെയും മോനെയും കൂട്ടുവിളിച്ചതാണ്. പക്ഷേ, മോന്റെ സ്‌കൂള്‍കാര്യം പറഞ്ഞ് സംയുക്ത യാത്രയില്‍നിന്ന് വലിഞ്ഞു. 'തിരക്കുകള്‍ക്കിടയില്‍ കിട്ടിയ ദിവസങ്ങളല്ലേ നന്നായി എന്‍ജോയ് ചെയ്തിട്ടു വരൂ', സംയുക്ത ഫോണ്‍ വെച്ചു.

''ദക്ഷിന് ചെറിയൊരു പനി വന്നാല്‍ മതി ബിജു ടെന്‍സ്ഡ് ആകും. പിന്നെ ഇടയ്ക്കിടെ വിളിയാണ്. അതുകൊണ്ട് മോന്റെ കാര്യങ്ങളും എന്റെ ആവശ്യങ്ങളും ഞാന്‍ ഇപ്പോള്‍ ബിജുവിനോട് പറയാറില്ല. ഞാന്‍ എന്തായാലും ജോലിയൊക്കെ വിട്ട് വീട്ടിലിരിപ്പുണ്ട്. പിന്നെ എന്തിന് നൂറായിരം കാര്യങ്ങളുടെ ഇടയില്‍ കിടന്ന് പ്രയാസപ്പെടുന്ന മറ്റൊരാളെക്കൂടി ഇതൊക്കെ പറഞ്ഞ് ബുദ്ധിമുട്ടിക്കണം.

ഇപ്പോള്‍ മോന്‍ മുതിര്‍ന്നശേഷം എനിക്ക് വീടുനോക്കാന്‍ ഇഷ്ടംപോലെ സമയം കിട്ടുന്നുണ്ട്. വീട്ടിലെ കാര്യങ്ങള്‍ മുഴുവനായി ഞാന്‍ ഏറ്റെടുത്ത് ചെയ്യുന്നു. അതുകൊണ്ട് ബിജുവിനും പ്രൊഫഷന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റുന്നുണ്ട്.''

ബിജുവിന്റെ വിജയത്തില്‍ സംയുക്തയ്ക്കും ചെറിയൊരു പങ്കുണ്ട്. അല്ലേ?

ഇല്ലേയില്ല. ബിജുവിന്റെ പ്രൊഫഷനില്‍ ഞാന്‍ ഇടപെടാറില്ല. ശരീരം നോക്കണം, ആരോഗ്യം ശ്രദ്ധിക്കണം എന്നു മാത്രം പറയും. വീട്ടില്‍ ചെയ്യുന്ന കാര്യങ്ങളെ ഭര്‍ത്താവ് അഭിനന്ദിക്കുമ്പോഴേ ഏതൊരു സ്ത്രീക്കും കാര്യപ്രാപ്തിയോടെ വീട് നോക്കാന്‍പറ്റൂ. ഞാന്‍ വീട് നോക്കുന്നത് ശരിയാകുന്നില്ല എന്ന് ഒരിക്കല്‍ പോലും ബിജു പറഞ്ഞിട്ടില്ല. ഞാനെന്തു ചെയ്താലും അദ്ദേഹത്തിന് അതാണ് ശരി. ഒരുപക്ഷേ, ബിജുവിന്റെ മനസ്സില്‍ ഞാനായിരിക്കും ലോകത്തിലെ ഏറ്റവും മികച്ച വീട്ടമ്മ (ചിരിക്കുന്നു)

ബിജു സൂപ്പര്‍സ്റ്റാറാകുന്നത് സ്വപ്‌നം കാണാറുണ്ടോ?

ബിജുവിന്റെ ശ്രമങ്ങള്‍ക്ക് ഫലം കിട്ടണേ എന്നേ ഞാന്‍ പ്രാര്‍ഥിക്കാറുള്ളൂ. ബിജു ഇപ്പോള്‍ പോകുന്ന രീതിയില്‍ പോയാല്‍മതി. ടെന്‍ഷന്‍ കുറയും, മത്സരം കുറയും, കരിയറും സ്റ്റേബിളായിരിക്കും.

ഒരുകാലത്ത് തിരക്കില്‍ നിന്നിട്ട്, ഇപ്പോള്‍ വെറുതെയിരിക്കുമ്പോള്‍ പ്രയാസം തോന്നുന്നില്ലേ?

ആദ്യമൊക്കെ ഭയങ്കര പ്രയാസമായിരുന്നു. കല്യാണം കഴിഞ്ഞ് ബിജുവിന്റെ വീട്ടില്‍ കയറിച്ചെന്നപ്പോള്‍ എനിക്ക് കൂട്ടായി ബിജുവിന്റെ അമ്മയും അമ്മയ്ക്ക് കൂട്ടായി ഞാനും മാത്രം. വീട്ടിലാണെങ്കില്‍ എല്ലാ കാര്യങ്ങളും ചെയ്യാനായിട്ട് സഹായികള്‍. പിന്നെ ആ വീട്ടില്‍ എന്റെ റോള്‍ എന്താണെന്ന ആശയക്കുഴപ്പം കുറെക്കാലമുണ്ടായി. എനിക്കാണെങ്കില്‍ ആകെ അറിയുന്ന ജോലി അഭിനയമാണ്. വേറൊരു നേരമ്പോക്കുമില്ല. ആകെയൊരു ഏകാന്തത. മോനുണ്ടായിക്കഴിഞ്ഞശേഷമാണ് അതു മാറിയത്.


ഇപ്പോള്‍ മോന് ആറു വയസ്സായി. അവന്റെ കാര്യങ്ങളൊക്കെ നോക്കാന്‍ അവന്‍ മതി. അപ്പോള്‍ തിരക്കുകള്‍ ഞാന്‍ സ്വയം സൃഷ്ടിക്കാന്‍തുടങ്ങി. രാവിലെ യോഗാ ക്ലാസ്, അതു കഴിഞ്ഞ് ജിമ്മില്‍ പോകും, കുക്കിങ് ചെയ്യും, മോന് ടിഫിന്‍ റെഡിയാക്കും, സിനിമ കാണും, വൈകീട്ട് മോനുമായി സ്‌കൂള്‍വിശേഷങ്ങള്‍ സംസാരിച്ചിരിക്കും...

എങ്കിലും സിനിമാകാലമൊക്കെ ഓര്‍മവരില്ലേ?

കുറവാണ്. സിനിമ ചെയ്തിരുന്ന കാലത്തും അതിലൊന്നും അത്ര മതിമറന്നിട്ടില്ല. അതൊരു ജോലി മാത്രമായിരുന്നു എനിക്ക്. ഇപ്പോള്‍ ബിജുവിന്റെ കാര്യത്തിലും അഭിനയമെന്നത് ഭര്‍ത്താവിന്റെ ജോലിയായേ ഞാന്‍ കാണുന്നുള്ളൂ.

ഇപ്പോഴെന്റെ ചിന്ത മുഴുവന്‍ ദക്ഷിനെ ചുറ്റിപ്പറ്റിയാണ്. അവനെ പഠിപ്പിക്കുക, നന്നായി വളര്‍ത്തുക... അച്ഛന്റെ സഹായം ഇക്കാര്യത്തിലൊന്നും അവന് കിട്ടുന്നില്ല. അമ്മകൂടി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്നു വന്നാല്‍ പിന്നെ മക്കള്‍ ഉണ്ടായിട്ടുതന്നെ എന്തു കാര്യം.
ദക്ഷ് ചെറിയ കുട്ടിയാണ് എന്നു പറഞ്ഞിട്ട് കാര്യമില്ല. ഒരുപാട് ഫ്രസ്‌ട്രേഷനും സമ്മര്‍ദവും ഇന്നത്തെ കുട്ടികള്‍ അനുഭവിക്കുന്നുണ്ട്. നമ്മള്‍ പഠിച്ച കാലത്തെപ്പോലെയല്ല. കുട്ടികള്‍ തമ്മില്‍ മത്സരമാണ്. അതിന്റെ ടെന്‍ഷന്‍ ഷെയര്‍ചെയ്യാന്‍ അച്ഛനോ അമ്മയോ അടുത്തുണ്ടാകണം.

ദക്ഷിന് ഒരു സ്വഭാവമുണ്ട്. എത്ര സങ്കടം വന്നാലും കരയില്ല. രാത്രി പനിക്കും. അപ്പോള്‍ അറിയാം എന്തോ സങ്കടം അവന് ഉണ്ടായിട്ടുണ്ട് എന്ന്. കഴിഞ്ഞദിവസവും അവന് പനിച്ചു. 'എന്താ മോനേ പ്രശ്‌നം' എന്ന് ഞാന്‍ ചോദിച്ചു. ''ഞാന്‍ കുറെ ട്രൈചെയ്തു അമ്മാ... എന്നിട്ടും എന്റെ ഹാന്‍ഡ് റൈറ്റിങ് എന്താ നന്നാവാത്തത്'', അവന്‍ പറഞ്ഞതു കേട്ട് എനിക്ക് കണ്ണു നിറഞ്ഞു. 'അതു സാരമില്ല, കുറെ കഴിഞ്ഞാല്‍ താനെ നന്നാവൂംട്ടോ' എന്ന് പറഞ്ഞുകൊടുത്തപ്പോള്‍ അവന് സന്തോഷമായി.

മഞ്ജു വാര്യര്‍ നൃത്തത്തിലേക്ക് മടങ്ങിവന്നു. സംയുക്ത എന്തു പറയുന്നു ?

നൃത്തത്തോട് എനിക്ക് ആദ്യംതൊട്ടേ വലിയ പ്രിയം ഇല്ല. അതുകൊണ്ട് നൃത്തത്തിലൂടെ ഒരു മടങ്ങിവരവ് എന്റെ കാര്യത്തില്‍ ഉണ്ടാകില്ല.
ഞാനും മഞ്ജുവും ഗീതുവും വലിയ കൂട്ടാണ്. ഞങ്ങള്‍ ഇടയ്ക്കിടെ കാണാറുണ്ട്, ഒരുമിച്ചു കൂടാറുണ്ട്. ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്കിടെ യാദൃച്ഛികമായാണ് ഡാന്‍സിലേക്ക് മടങ്ങുന്ന കാര്യം മഞ്ജു പറഞ്ഞത്. ഞങ്ങള്‍ക്ക് ശരിക്കും സന്തോഷംതോന്നി. നൃത്തത്തെ സ്‌നേഹിക്കുന്ന മഞ്ജുവിന്റെ മടങ്ങിവരവ് ഞങ്ങളെല്ലാം അത്രയ്ക്ക് കൊതിച്ച കാര്യമാണ്.

ഞാനും ഗീതുവും തമ്മില്‍ 15 വര്‍ഷത്തെ സൗഹൃദമുണ്ട്. മഞ്ജുവുമായി ഈ അടുത്തകാലത്ത് തുടങ്ങിയ പരിചയമാണ്. ഈ സൗഹൃദം ഞങ്ങള്‍ മൂന്നുപേര്‍ക്കും ഭയങ്കര ചെയ്ഞ്ചാണ്. വീട്, കുട്ടികള്‍, സിനിമ... ഞങ്ങള്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും മനസ്സുതുറക്കാറുണ്ട്. ഇപ്പോഴാണ് ബിജുവിന്റെ സൗഹൃദങ്ങളുടെ വില ഞാനറിയുന്നത്. മുമ്പൊക്കെ ബിജു കൂട്ടുകാരുടെ കാര്യത്തില്‍ താത്പര്യം കാണിക്കുമ്പോള്‍ എനിക്ക് ദേഷ്യംവരും. നമ്മുടെ വിലപ്പെട്ട സമയമാണല്ലോ മറ്റുള്ളവര്‍ക്കു വേണ്ടി നശിപ്പിക്കുന്നത് എന്നാലോചിച്ച്.

ബിജു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയ സ്ഥിതിക്ക് സംയുക്തയുടെ തിരിച്ചുവരവിന് സമയമായി...?

ഞാന്‍ സിനിമയില്‍ തിരിച്ചുവരാനുള്ള സാധ്യത വിരളമാണ്. മടങ്ങിവരാന്‍ നിര്‍ബന്ധിക്കുന്നവരുണ്ട്, ഓഫറുകളുമുണ്ട്. ബിജുവും പറഞ്ഞു ഇഷ്ടമുണ്ടെങ്കില്‍ ചെയ്‌തോളൂ എന്ന്. പക്ഷേ, ഇനി അങ്ങനെ എക്‌സ്‌പോസ്ഡ് ആകേണ്ട എന്നാണ് എന്റെ തീരുമാനം. എന്റെ മുഖം മലയാളികള്‍ മറക്കരുത് എന്നൊരു മോഹമുണ്ട്. അതിനുവേണ്ടി വര്‍ഷത്തിലൊരു പരസ്യത്തില്‍ അഭിനയിക്കും.

പരസ്യത്തിലഭിനയിക്കുന്നത് സത്യത്തില്‍ ഒരു ആശ്വാസമാണ്. ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിലും ഭേദമല്ലേ, പേരിനെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യുന്നത്. 'സംയുക്ത ഇപ്പോള്‍ എന്തു ചെയ്യുന്നുവോ, ആവോ?' എന്നാരും ചോദിക്കുകയുമില്ല.

ദക്ഷ് സംയുക്തയുടെ സിനിമകള്‍ കാണാറില്ലേ?

കാണാറുണ്ട്. പക്ഷേ, അതൊന്നും അവനത്ര ശ്രദ്ധിക്കാറില്ല. 'ഞാനൊരു സിനിമാനടിയായിരുന്നു' എന്നവന്‍ അറിയണമെന്ന ആഗ്രഹംകൊണ്ട് ഞാന്‍ ചിലപ്പോള്‍ പറഞ്ഞുകൊടുക്കാറുണ്ട്.

ദക്ഷിനെ പഠിപ്പിക്കുന്ന സമയത്ത് ഞാന്‍ പറയും, 'അമ്മയും അച്ഛനുമൊക്കെ ജോലി നന്നായി ചെയ്തവരാണ്. അതുപോലെയാകണം മോന്‍' എന്ന്. അപ്പോള്‍ അവന്‍ ചോദിക്കും 'അമ്മയുടെ പണി എന്നെ നോക്കലല്ലേ' എന്ന്. അപ്പോള്‍ ഞാന്‍ പറയും, 'അമ്മയ്ക്ക് നല്ല ജോലിയുണ്ടായിരുന്നു. അച്ഛനെപ്പോലെ സിനിമയില്‍ അഭിനയിക്കുകയായിരുന്നു അമ്മയുടെ ജോലി.' എനിക്കു കിട്ടിയ അവാര്‍ഡൊക്കെ കാണിച്ചുകൊടുത്ത് 'ഇതൊക്കെ അമ്മ നന്നായി ജോലി ചെയ്തതിന് കിട്ടിയ സമ്മാനങ്ങളാണ്' എന്നൊക്കെ പറഞ്ഞുകൊടുക്കും. അപ്പോഴവന്റെ മുഖത്തെ ചിരി കാണുമ്പോള്‍ എനിക്കും സന്തോഷമാകും.

യാത്രകള്‍ പോകാറില്ലേ?

മുമ്പൊക്കെ ബിജുവിന്റെ ഒരു സിനിമ കഴിഞ്ഞാല്‍ ഒരു യാത്ര ഉറപ്പായിരുന്നു. ഇപ്പോള്‍ പഴയതുപോലെ യാത്ര പോകാന്‍ പറ്റുന്നില്ല. മോന്റെ സ്‌കൂള്‍ അവധി നോക്കണം, അവന്റെ ഭക്ഷണകാര്യം ശ്രദ്ധിക്കണം. ഇനിയെല്ലാം ഒത്തുവന്ന് യാത്ര പോയാലും പഴയ ത്രില്ലൊന്നും തോന്നാറില്ല. അതിലും സന്തോഷം ദക്ഷിന്റെ കൂടെ വീട്ടിലിരിക്കുന്നതാണ്.

''ബിജുവിന്റെ നായികാറോളില്‍ അഭിനയിക്കാന്‍ സംയുക്തയ്‌ക്കൊരു ഓഫര്‍ വന്നാല്‍...?'' ഹ്രസ്വമായ സംഭാഷണത്തിന് വിരാമമിട്ട് ചോദിച്ചു. സംയുക്ത പൊട്ടിച്ചിരിച്ചു, ''കൊള്ളാം... ദക്ഷിനത് നല്ല കൗതുകമായിരിക്കും. അച്ഛന്‍ നായകന്‍, അമ്മ നായിക... പക്ഷേ, അങ്ങനെയൊന്ന് ഇപ്പോള്‍ ഞങ്ങളുടെ ചിന്തയിലേ ഇല്ല.''