MATHRUBHUMI RSS
Loading...
കുഞ്ഞിനെ കാത്തിരിക്കുമ്പോള്‍ ജീവിതം പുഞ്ചിരിക്കുന്നു
മധു.കെ.മേനോന്‍

''എന്റെ സന്തോഷവും സങ്കടവും കുഞ്ഞ് മനസ്സിലാക്കുന്നുണ്ട്. ഞാന്‍ ഇമോഷണലാകുമ്പോള്‍ കുഞ്ഞും ഇമോഷണലാകും. കാലിട്ടടിച്ച് കുഞ്ഞ് അതെന്നെ അറിയിക്കുന്നുമുണ്ട്', മാതൃത്വം തുടികൊട്ടുന്ന ശ്വേതയുടെ മനസ്സില്‍ നിന്ന്...


സിനിമാലോകത്തെപ്പോലും ആശ്ചര്യപ്പെടുത്തുകയാണ് ശ്വേതാ മേനോന്‍. കരുതലും പരിചരണവും ആവശ്യമായ ഗര്‍ഭകാലത്ത് അഭിനയത്തിന് സ്റ്റോപ്പ് പറയാതെ ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രയിലാണ് ഈ നടി. ഗര്‍ഭിണിയായശേഷം മൂന്നു സിനിമകള്‍ ഇവര്‍ പൂര്‍ത്തിയാക്കി - ഒഴിമുറി, ഇത്രമാത്രം, ആകസ്മികം. ഇനി വരാനിരിക്കുന്നത് ബ്ലെസിയുടെ ചിത്രം. അതില്‍ ശ്വേതയുടെ ഗര്‍ഭകാലവും പ്രസവവും യഥാര്‍ത്ഥമായി ചിത്രീകരിക്കപ്പെടും.

ഗര്‍ഭിണിയായ ശ്വേത ആദ്യമായി ഒരു ഫോട്ടോ ഷൂട്ടിന് തയ്യാറാകുന്നത് 'ഗൃഹലക്ഷ്മി'ക്ക് വേണ്ടിയാണ്. ജൂലായ് 19ന് എറണാകുളം വൈറ്റ് ഫോര്‍ട്ട് ഹോട്ടലിലായിരുന്നു ഷൂട്ട്. 2011-ലെ സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്ന ദിവസമാണ്. മികച്ച നടിക്കുള്ള അവാര്‍ഡിന് പരിഗണിക്കുന്നു എന്ന വാര്‍ത്ത രാവിലെ അറിഞ്ഞപ്പോള്‍ തൊട്ട് ചെറിയൊരു പിരിമുറുക്കത്തിലാണ് ശ്വേത. വിളിക്കുന്ന സിനിമാസുഹൃത്തുക്കളോടെല്ലാം 'എന്തെങ്കിലും അറിഞ്ഞോ' എന്ന് ചോദിക്കുന്നു. ചാനലുകള്‍ 'അവാര്‍ഡിന് കാവ്യാമാധവന് സാധ്യത' എന്ന് പറയുമ്പോള്‍ 'എങ്കിലും ഞാന്‍ അവസാന റൗണ്ടിലെത്തിയല്ലോ' എന്ന് പറഞ്ഞ് ചിരിക്കുന്നു.

ഷൂട്ടിന് മേക്കപ്പ് ഇടുന്ന സമയത്തെല്ലാം മുന്നിലെ ടിവിയിലേക്ക് ചെവിയോര്‍ത്തുകൊണ്ടാണ് ശ്വേത ഇരുന്നത്. 'എന്റെ കുഞ്ഞിന് ഭാഗ്യമുണ്ടെങ്കില്‍ ഈ അവാര്‍ഡ് ചിലപ്പോള്‍ എനിക്കുതന്നെ കിട്ടും'.

വിവാഹശേഷം അഭിനയം തുടരാനുള്ള തീരുമാനം സ്വയമെടുത്തതാണോ?

കല്യാണം കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തുന്നതിനോട് എതിര്‍പ്പുള്ള ആളാണ് എന്റെ ഭര്‍ത്താവ്. ഒരുപക്ഷേ ഇനി സിനിമ ചെയ്യില്ലെന്ന് ഞാന്‍ തീരുമാനിച്ചാല്‍ പോലും അത് തെറ്റായ തീരുമാനമാണെന്നേ ശ്രീ പറയൂ. വിവാഹശേഷം തുടര്‍ന്നഭിനയിക്കണോ എന്നതിനെക്കുറിച്ച് ഞാനും ശ്രീയും ഏറെനേരം സംസാരിച്ചിരുന്നു. 'ഇപ്പോള്‍ സിനിമയില്‍ നിനക്കൊരു സമയമുണ്ട്. ചിലപ്പോള്‍ നാളെയത് ഉണ്ടാകണം എന്നില്ല. അതുകൊണ്ട് നീ പോയി എന്‍ജോയ് ചെയ്യ്', എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം പറയുന്നതിലും കാര്യമുണ്ട്. ശ്രീ ഔദ്യോഗികജീവിതത്തില്‍ ഏറെ തിരക്കുള്ള ആളാണ്. എപ്പോഴും വീട്ടില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കാന്‍ പറ്റില്ല. അദ്ദേഹം കൂടെയില്ലാതെ ഞാന്‍ മാത്രം എന്തിന് വീട്ടില്‍ ചടഞ്ഞിരിക്കണം?

പക്ഷേ ഭാര്യ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ പിന്നെ അഭിനയിക്കാന്‍ വിടാന്‍ ഒരു ഭര്‍ത്താവും തയ്യാറാകില്ല!

എന്റെ ഭര്‍ത്താവ് തയ്യാറാകും. കാരണം അദ്ദേഹത്തിനറിയാം ഗര്‍ഭാവസ്ഥ രോഗമോ, എപ്പോഴും റെസ്റ്റ് ആവശ്യമുള്ള കാര്യമോ അല്ലെന്ന്. സ്ത്രീയുടെ ശരീരത്തില്‍ കാലം വരുത്തുന്ന മാറ്റങ്ങളില്‍ ഒന്നുമാത്രമാണ് ഗര്‍ഭവും പ്രസവവും. ആ സമയം വീട്ടില്‍ ഒറ്റയ്ക്കിരുന്ന് മനസ്സിന് സംഘര്‍ഷമുണ്ടാക്കുന്നതിനേക്കാള്‍ നല്ലത്, സന്തോഷം നല്‍കുന്ന ജോലികളില്‍ മുഴുകുകയാണ്.

മുംബൈയിലെ എന്റെ ഗൈനക്കോളജിസ്റ്റ് പറഞ്ഞത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനം അമ്മ സന്തോഷവതിയായിരിക്കുക എന്നതാണ്. എനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം സിനിമയിലഭിനയിക്കുന്നതാണ്. മേക്കപ്പ് റൂമിലെ കണ്ണാടിക്കു മുന്നിലിരിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ സുന്ദരിയായതുപോലെ തോന്നും. അതെന്റെ മനസ്സിനെ ആനന്ദിപ്പിക്കുന്നു. അത് കുഞ്ഞിനേയും ഹാപ്പിയാക്കും. എത്ര സ്ത്രീകള്‍ ഈ അവസ്ഥയില്‍ ബസ്സിലും ട്രെയിനിലുമെല്ലാം തിക്കിത്തിരക്കി ജോലിക്ക് പോകുന്നു. ഞാനും അവരെപ്പോലെയുള്ള സ്ത്രീയാണ്.

ഗര്‍ഭകാലം ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കാലമല്ലേ?

പണ്ടൊക്കെ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍ അമ്മൂമ്മമാരും മുത്തശ്ശിമാരുമൊക്കെ പറയും 'അത് ചെയ്യരുത്, ഇതു ചെയ്യരുത്, ഇങ്ങനെ കിടക്കരുത്' എന്നൊക്കെ. ദിവസവും തൈലവും കുഴമ്പുമൊക്കെയിട്ട് കുളിപ്പിക്കാന്‍ വരെ ആളുണ്ടാകും. ഇന്നത്തെക്കാലത്ത് ഏത് പെണ്‍കുട്ടിയാണ് ഇതിനൊക്കെ നിന്നുകൊടുക്കുക. പ്രസവത്തീയതിയുടെ തലേന്നുവരെ ജോലിക്കുപോകുന്ന പെണ്‍കുട്ടികളുടെ കാലമാണിത്.
എന്നെ സംബന്ധിച്ച് ഗര്‍ഭകാല പരിചരണം എന്നത് എന്റെ ഡോക്ടര്‍ പറയുന്ന ചിട്ടകള്‍ പാലിക്കുക എന്നതാണ്. ഡോക്ടര്‍ പറയുന്നത് ശരീരത്തിന് അധികം ക്ഷീണം ഉണ്ടാക്കാത്ത എന്തുജോലിയും ചെയ്യാമെന്നാണ്. എട്ടാംമാസം മുതല്‍ യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്നും പറഞ്ഞിട്ടുണ്ട്. കൃത്യമായ ചെക്കപ്പും വേണം. അതുകൊണ്ട് ഇനിയുള്ള രണ്ടുമാസം ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കും. ഈ സമയം ബ്ലെസിയുടെ സിനിമ മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ.

പ്രസവത്തിന് 10 ദിവസം മുമ്പ് മുതല്‍ അച്ഛനും അമ്മയും എന്റെ കൂടെത്തന്നെയുണ്ടാകും. തൈലവും കുഴമ്പുമൊക്കെയായി അവരുടെ പരിചരണവും അപ്പോഴെനിക്ക് കിട്ടും.

ഗര്‍ഭാവസ്ഥയില്‍ ജോലി ചെയ്യാന്‍ ഒരു പ്രയാസവും തോന്നിയില്ലേ?

നല്ല ക്ഷീണം തോന്നും. പക്ഷേ ജോലിയുടെ ലഹരിയില്‍ ഞാനതെല്ലാം മറക്കും. ഒരു പക്ഷേ വീട്ടില്‍ വെറുതെയിരിക്കുകയായിരുന്നെങ്കില്‍ ഇതിലേറെ ക്ഷീണം തോന്നുമായിരുന്നു. ലൊക്കേഷനിലെ എല്ലാ സാഹചര്യങ്ങളും പക്ഷേ അനുകൂലമായിരുന്നില്ല. പുകയും പൊടിയും അന്തരീക്ഷ മലിനീകരണവുമൊക്കെ പ്രയാസമുണ്ടാക്കി. പുകവലിക്കുന്നവരെ കണ്ടാല്‍ ഓടിയൊളിക്കേണ്ട അവസ്ഥയുണ്ടായി. ലൊക്കേഷനില്‍ നമുക്കായി സ്‌പെഷല്‍ ഭക്ഷണം കൊണ്ടുവരാനൊന്നും സാധിക്കില്ലല്ലോ. അതുകൊണ്ട് മിക്കപ്പോഴും ലൊക്കേഷന്‍ ഭക്ഷണം തന്നെയായിരുന്നു ആശ്രയം.

ലൊക്കേഷനില്‍ ഉള്ളവരുടെ പെരുമാറ്റം വലിയ ആശ്വാസമായിരുന്നു. സംവിധായകര്‍ ചിലവിട്ടുവീഴ്ചകള്‍ എനിക്കുവേണ്ടി ചെയ്തുതന്നു. രാവിലെ 11 മണിക്ക് ലൊക്കേഷനില്‍ എത്തിയാല്‍ മതി, എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ട എന്നീ ആനുകൂല്യങ്ങള്‍ കിട്ടി. ഓട്ടവും ചാട്ടവും ഡാന്‍സുമൊന്നും എന്നെക്കൊണ്ട് ചെയ്യിച്ചില്ല.

നാലുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് വയനാട്ടില്‍ 'ഇത്രമാത്രം' എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ഒരു ഉള്‍ഗ്രാമത്തിലായിരുന്നു ഷൂട്ടിങ്. അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രയാസം തോന്നി. ഒരുതവണ എനിക്ക് ബ്ലീഡിങ് ഉണ്ടായി. എല്ലാവരും പേടിച്ചു. ആസ്പത്രിയില്‍ പോയി വിശദമായ ചെക്കപ്പ് നടത്തി. കുഞ്ഞിന്റെ ഹൃദയമിടിപ്പ് നോക്കിയപ്പോള്‍ നോര്‍മല്‍. തിരിച്ചുവന്ന് വീണ്ടും അഭിനയിച്ചു.

ഈ സമയത്ത് ഭര്‍ത്താവിന്റെ സാമീപ്യം ആഗ്രഹിക്കില്ലേ?

തീര്‍ച്ചയായും. കാരണം കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ അച്ഛന്റെയും അമ്മയുടെയും വൈകാരികമായ അടുപ്പം പ്രധാനമാണ്. സ്ത്രീയില്‍ ഇമോഷണല്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്ന കാലമാണ് ഗര്‍ഭകാലം. അമ്മയ്ക്കുണ്ടാകുന്ന മാനസികസമ്മര്‍ദ്ദം, സുരക്ഷിതത്വമില്ലായ്മ എല്ലാം കുഞ്ഞിനെയും ബാധിക്കും. ഭര്‍ത്താവു വേണം ഇത് ബാലന്‍സ് ചെയ്തുകൊണ്ടു പോകാന്‍.

ഞാന്‍ കേരളത്തില്‍ ലൊക്കേഷനിലും ശ്രീ മുംബൈയിലും ആണെങ്കിലും അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഞങ്ങള്‍ പരസ്പരം കാണാതിരിക്കുന്നില്ല. ശനിയും ഞായറും അദ്ദേഹത്തിന് അവധിയാണ്. ഒന്നുകില്‍ വെള്ളിയാഴ്ച രാത്രി ശ്രീ എന്റെയടുത്തുവരും, അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ടുപോകും. എല്ലാ ചെക്കപ്പുകള്‍ക്കും ആസ്പത്രിയില്‍ അദ്ദേഹം തന്നെയാണ് കൂട്ടുവരാറുള്ളത്. ഇനി പ്രസവസമയത്തും ലീവെടുത്ത് എന്റെ കൂടെതന്നെയുണ്ടാകും.

ശ്വേതയുടെ ഗര്‍ഭകാലവും പ്രസവവും സിനിമയാക്കുകയാണല്ലോ?

ശ്രീ ജേര്‍ണലിസ്റ്റായിരുന്നപ്പോള്‍ ഒരു ഇന്റര്‍വ്യൂ ചെയ്തിരുന്നു, ഗര്‍ഭാവസ്ഥയിലും സാധാരണയാളെപോലെ പണിയെടുക്കുന്ന ഒരു സ്ത്രീയെ. ശ്രീ ഭയങ്കര ആവേശത്തോടെയാണ് ആ കഥ എന്നോട് പറഞ്ഞത്. ഞാനത് കേട്ട് ആശ്ചര്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഇങ്ങനെയൊരു ചാന്‍സ് സിനിമയില്‍ വന്നാല്‍ നീ തീര്‍ച്ചയായും അഭിനയിക്കണം' എന്ന്. ഈ സംഭാഷണം നടന്നത് ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതിന് മുമ്പാണ്.

പിന്നീട് ഒരു ദിവസം ഞാനിക്കാര്യം എന്റെ മാനേജര്‍ വിവേകിനോട് പറഞ്ഞു. ആരെങ്കിലും ഇതുപോലൊരു കഥ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കില്‍ എനിക്ക് ആ റോള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്ന് അറിയിക്കണമെന്ന്. പക്ഷേ അതൊരിക്കലും മലയാളസിനിമയില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇതേസമയം തന്നെ സംവിധായകന്‍ ബ്ലെസി ഇങ്ങിനെയൊരു കഥ സിനിമയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടായിരുന്നു. വിവേക് എന്റെ താല്പര്യം ബ്ലെസിയേട്ടനെ അറിയിച്ചു. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം എന്നെ വിളിച്ചത്. ഗര്‍ഭാവസ്ഥയില്‍ ഒരു നടിയും ഇങ്ങനെയൊരു വേഷം ചെയ്യാന്‍ തയ്യാറാകില്ല എന്ന വിശ്വാസമായിരുന്നു അതുവരെ അദ്ദേഹത്തിന്. ഒരു നിമിത്തം പോലെ അപ്പോഴേക്കും ഞാന്‍ ഗര്‍ഭിണിയാവുകയും ചെയ്തു.

ഗര്‍ഭാവസ്ഥയും പ്രസവവും എന്നതിലുപരി അമ്മയും ഗര്‍ഭസ്ഥശിശുവും തമ്മിലുള്ള ആശയവിനിമയവും ഹൃദയബന്ധവുമാണ് സിനിമ ചിത്രീകരിക്കുന്നത്. ഗര്‍ഭസ്ഥ ശിശു എല്ലാം അറിയുന്നുണ്ട് എന്നാണ് ശാസ്ത്രം. അമ്മയും കുഞ്ഞും തമ്മില്‍ നടക്കുന്ന ആശയവിനിമയം കുട്ടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും സഹായിക്കുന്നുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ കേരളത്തിലെ ഗര്‍ഭിണികളില്‍ പ്രീനേറ്റല്‍ ആശയവിനിമയം വളരെ കുറവാണ്. ഇത് കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. വലിയൊരു മെഡിക്കല്‍ ടീമിന്റെ സഹായത്തോടെയാണ് ഇക്കാര്യങ്ങളൊക്കെ സിനിമയില്‍ ചിത്രീകരിക്കുന്നത്.

ശ്വേതയുടെ കുഞ്ഞ് എല്ലാം അറിയുന്നുണ്ടോ?

തീര്‍ച്ചയായും. എന്റെ സന്തോഷവും സങ്കടവും കുഞ്ഞ് മനസ്സിലാക്കുന്നുണ്ട്. ഞാന്‍ ഇമോഷണല്‍ ആകുന്ന സന്ദര്‍ഭങ്ങളില്‍ കുഞ്ഞും ഇമോഷണല്‍ ആകുന്നു. കാലിട്ടടിച്ച് കുഞ്ഞ് അത് എന്നെ അറിയിക്കുന്നുമുണ്ട്. ചിലപ്പോള്‍ ചവിട്ടുമ്പോള്‍ ഞാന്‍ പറയും 'പൊന്നുവല്ലേടാ, ചവിട്ടല്ലടാ'യെന്ന് അപ്പോള്‍ നന്നായി ചവിട്ടും. പിന്നെ ഞാന്‍ പാട്ടുപാടിക്കൊടുക്കും. അപ്പോള്‍ ചവിട്ടു നിര്‍ത്തും.

പാട്ടുപാടലും ഞാന്‍ ആലോചിച്ച് തീരുമാനിച്ച് പാടുന്നതല്ല. വെറുതെയങ്ങ് പാടിപ്പോകും. ചിലപ്പോള്‍ കഥകള്‍ പറയും. ചിലപ്പോള്‍ തോന്നും ഞാന്‍ എന്താ ഈ കാണിക്കുന്നത്. ആര്‍ക്കുവേണ്ടിയാണ് പാട്ടുപാടുന്നതും കഥപറയുന്നതുമൊക്കെ. അപ്പോള്‍ ഞാന്‍ പാട്ടുനിര്‍ത്തും. അപ്പോള്‍ കിട്ടും ഒരു ചവിട്ട്. അപ്പഴറിയാം ആരാണ് എന്നെക്കൊണ്ട് പാട്ടുപാടിക്കുന്നതും കഥ പറയിക്കുന്നതുമൊക്കെ എന്ന്.

ശ്രീ ചിലപ്പോള്‍ വളിപ്പ് ജോക്കൊക്കെ അടിക്കും. അപ്പോള്‍ ഞാന്‍ തുടങ്ങും ചിരിക്കാന്‍. ചിരി നിര്‍ത്താനേ പറ്റില്ല. സത്യത്തില്‍ ചിരിക്കുന്നത് കുഞ്ഞാണ്. അതു നമ്മുടെ നിയന്ത്രണത്തിന് അപ്പുറമാണ്. ഇപ്പോള്‍ എന്റെ കുഞ്ഞ് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് 'ലൈറ്റ്, ക്യാമറ, ആക്ഷന്‍' എന്നാണ്. ഇതു കേള്‍ക്കുമ്പോള്‍ കുഞ്ഞ് വയറ്റില്‍ കിടന്ന് അതിനനുസരിച്ച് പ്രതികരിക്കുന്നതായി എനിക്ക് തോന്നാറുണ്ട്.

ഗര്‍ഭിണിയായപ്പോള്‍ ശ്വേതയില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചത്?

അറിയാതെ എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ എല്ലാ സ്ത്രീകളിലും ഗര്‍ഭാവസ്ഥയില്‍ ഈ മാറ്റങ്ങള്‍ ഉണ്ടാകുമായിരിക്കാം. മുമ്പ് അമ്മ വേഷങ്ങള്‍ ചെയ്തപ്പോള്‍ ഉണ്ടായ ഒരു ഫീലിങ്ങല്ല ഇപ്പോള്‍ അതുപോലുള്ള വേഷം ചെയ്യുമ്പോള്‍ ഉണ്ടാകുന്നത്. ഒരമ്മയുടെ ഇമോഷണല്‍ ഫീലിങ്ങെല്ലാം എന്നിലും അറിയാതെ വരുന്നതുപോലെ തോന്നി. 'ഒഴിമുറി'യില്‍ പ്രസവിച്ച കുഞ്ഞിനെ കൊണ്ടുകിടത്തുന്ന ഒരു രംഗമുണ്ട്. അതില്‍ ഞാന്‍ അഭിനയിക്കുകയാണെന്നുപോലും തോന്നിയില്ല.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഉണ്ടായി ഇതുപോലുള്ള ചില മാറ്റങ്ങള്‍. ആരെ കാണുമ്പോഴും ഞാനൊരു അമ്മയെപോലെ പെരുമാറും. അവരോട് ഒരുതരം മാതൃസ്‌നേഹം കാണിക്കും. 'വെറുതയല്ല ഭാര്യ' ചെയ്യുന്ന സമയത്ത് ഞാന്‍ പാര്‍ട്ടിസിപ്പെന്‍സിനെ കെട്ടിപ്പിടിക്കും. പരിപാടിയുടെ തുടക്ക എപ്പിസോഡുകളിലൊന്നും കെട്ടിപ്പിടുത്തം ഇത്രയ്ക്ക് ഇല്ലായിരുന്നു. പിന്നെപ്പിന്നെയാണ് ഈ ഹഗ്ഗിങ്ങ് കൂടിയത്. സത്യത്തില്‍ ഞാന്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഓപ്പണാണ്.

സംസാരിച്ചുകൊണ്ടിരിക്കെ 'ഒഴിമുറി'യുടെ സംവിധായകന്‍ മധുപാല്‍ കയറിവന്നു. 'ശ്വേതയ്ക്ക് വിഷമമാകില്ലെങ്കില്‍ ഒരു കാര്യം പറയാം' എന്ന മുഖവുരയോടെ മധു പറഞ്ഞു, 'സംസ്ഥാന അവാര്‍ഡ് കാവ്യാമാധവന് ആണ് എന്നാണ് സൂചന.'

'ഇതാണോ ഇത്ര വലിയ കാര്യം! എനിക്കെന്ത് വിഷമം വരാന്‍?', ശ്വേത ടി.വി ഓഫ് ചെയ്തു. അല്പനേരം മധുപാലുമായി സംസാരിക്കൂ എന്ന് പറഞ്ഞ് അവര്‍ അകത്തെ മുറിയിലേക്ക് മറഞ്ഞു.

'ഒഴിമുറി'യിലേക്ക് ശ്വേതയെ നായികയാക്കിയതിന്റെ സന്ദര്‍ഭം മധുപാല്‍ ഓര്‍മ്മിച്ചു, ''25 വയസ്സുമുതല്‍ 80 വയസ്സുവരെയുള്ള ഒരു കഥാപാത്രമാണ് ശ്വേതയുടേത്. ഒരുപാട് വേരിയേഷന്‍ വരുന്ന റോള്‍. ശ്വേതയെ നായികയായി നേരത്തെ തന്നെ ഞാന്‍ മനസ്സില്‍ കണ്ടിരുന്നു.
പക്ഷേ ഒരു ദിവസം ശ്വേത വിളിച്ചിട്ട് പറഞ്ഞു. ആസ്പത്രിയില്‍ നിന്നാണ് വിളിക്കുന്നത്. ഡോക്ടറെ കണ്ട് ഇറങ്ങിയതേയുള്ളൂ, ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചുവെന്ന്. ഞാന്‍ വിചാരിച്ചത് ശ്വേത പിന്മാറുകയാണ് എന്നു പറയുകയായിരിക്കും എന്നാണ്. പക്ഷേ അവര്‍ പറഞ്ഞത് ഈ സിനിമ ചെയ്യണമെന്ന് അവര്‍ അതിയായി ആഗ്രഹിക്കുന്നു. നടി ഗര്‍ഭിണിയാണ് എന്നത് സംവിധായകന് പ്രയാസമുണ്ടാക്കുമോ എന്നായിരുന്നു ശ്വേതയുടെ സംശയം.

ഞാന്‍ പറഞ്ഞു,'ശ്വേതയെ അല്ലാതെ ഈ കഥാപാത്രത്തിലേക്ക് എനിക്ക് മറ്റാരേയും കാണാന്‍ പറ്റുന്നില്ല. എന്റെ പ്രയാസം നോക്കണ്ട. ശ്വേത വന്ന് അഭിനയിച്ചാല്‍ മതി'. നാഗര്‍കോവിലില്‍ കനത്ത ചൂടുകാലത്ത് എല്ലാ ശാരീരികവിഷമതകളും മറന്ന് ശ്വേത വന്ന് അഭിനയിച്ചു.''
ശ്വേത മുറിയിലേക്ക് തിരിച്ചുവരുന്നു. തലേന്ന് ഒരു സുഹൃത്ത് കൊടുത്ത സമ്മാനപ്പൊതി തുറന്നുകൊണ്ടാണ് അവര്‍ വരുന്നത്. പൊതി പൊളിച്ചുനോക്കിയപ്പോള്‍ പിങ്ക് നിറമുള്ള ഒരു തലയണ. 'പിങ്ക് സമ്മാനം പെണ്‍കുട്ടികള്‍ക്കുള്ളതാണ്. ശ്വേതയ്ക്ക് പെണ്‍കുഞ്ഞാണെന്ന് സുഹൃത്ത് മനസ്സിലാക്കിക്കാണും,' മധു പറഞ്ഞു.

ശ്വേത ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നെ ചിരിച്ചു. 'എനിക്കും പെണ്‍കുഞ്ഞിനെയാണ് ഇഷ്ടം. പക്ഷേ ശ്രീക്ക് ആണായാലും പെണ്ണായാലും പ്രശ്‌നമില്ല എന്ന മട്ടാണ്.'

ഗര്‍ഭകാലത്ത് പ്രത്യേക ഡയറ്റ് വല്ലതും?

ഇല്ല. വീട്ടില്‍ അമ്മ പറയാറുണ്ട്. രണ്ടു ജീവനാണ്. ഒരാള്‍ക്കു വേണ്ടിയല്ല, രണ്ടാള്‍ക്കുവേണ്ടി കഴിക്കണമെന്ന്. പക്ഷേ എന്റെ ഡോക്ടര്‍ പറയുന്നത്. 'ശ്വേതക്ക് വേണ്ടത് കഴിച്ചാല്‍ മതി. കുഞ്ഞിന് വേണ്ടത് കുഞ്ഞ് എടുത്തുകൊള്ളും' എന്നാണ്. ഇന്നതേ കഴിക്കാവൂ എന്നൊന്നുമില്ല. വിശക്കുമ്പോള്‍ എന്തും കഴിക്കും. ബിരിയാണി കഴിക്കണം എന്നു തോന്നിയാല്‍ ഒരു ഫുള്‍ ബിരിയാണി തന്നെ കഴിക്കും. പിന്നെ ശ്രീക്ക് നിര്‍ബന്ധമാണ് ഫ്രൂട്ട്‌സ് ധാരാളം കഴിക്കണമെന്ന്. മൂപ്പര് കുറേ ഫ്രൂട്ട്‌സൊക്കെ വാങ്ങിവരും. അത് ഇടയ്ക്കിടെ കഴിക്കും.

സ്‌പെഷല്‍ വ്യായാമങ്ങള്‍?

ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയും ഒരുതരത്തില്‍ വ്യായാമമാണ്. അതുവഴി ഊര്‍ജ്ജനഷ്ടവും ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് പ്രത്യേകിച്ച് മറ്റൊരു വ്യായാമത്തിന്റെ ആവശ്യമില്ല. ഇനി മുംബൈയിലേക്ക് തിരിച്ചുപോയാല്‍ പ്രീനാറ്റല്‍ ക്ലാസുകളില്‍ പങ്കെടുക്കണം. അവിടെ ചെറിയ വ്യായാമങ്ങളൊക്കെ പറയും. അത് ചെയ്യണം.

കുഞ്ഞു വന്നു കഴിഞ്ഞാല്‍ ഉത്തരവാദിത്വങ്ങള്‍ കൂടുമല്ലോ. പിന്നെ സിനിമയിലേക്ക് എപ്പോള്‍ മടങ്ങിവരും?

പ്രസവം കഴിഞ്ഞ് നാളുകള്‍ക്കുള്ളില്‍ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തണം എന്നാണ് ഞാനാഗ്രഹിക്കുന്നത്. അതിനര്‍ത്ഥം കുഞ്ഞിനെ ആരെയെങ്കിലും ഏല്പിച്ച് ഞാന്‍ നേരെ ലൊക്കേഷനില്‍ എത്തും എന്നല്ല. കുഞ്ഞിനെയും കൂട്ടി ലൊക്കേഷനില്‍ വരാമല്ലോ. ചെറിയ കുഞ്ഞുള്ള വര്‍ക്കിങ്ങ് വിമന്‍സ് ഇല്ലേ. അവരാരും ജോലി ഉപേക്ഷിക്കാറില്ലല്ലോ.

നമ്മുടെ പഴയ നടിമാരൊക്കെ ഇക്കാര്യത്തില്‍ കുറച്ചുകൂടി പുരോഗമനവാദികളായിരുന്നു. കെ.പി.എ.സി. ലളിതചേച്ചിയൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, അവരൊക്കെ കൈക്കുഞ്ഞുമായി ലൊക്കേഷനില്‍ വന്ന് അഭിനയിക്കുകയായിരുന്നു എന്ന്. പിന്നീട് വന്ന തലമുറ ഇത് കൈമോശം വരുത്തി. ഇനി ഞാനായിട്ട് ഇത് പുനരാരംഭിക്കും.

ജ്യോതിഷം നോക്കി തീയതി നിശ്ചയിച്ച് സിസേറിയന്‍ ചെയ്യുന്നവരും കുറവല്ല!

അങ്ങനെ ഒരു ഉദ്ദേശവും എനിക്കില്ല. ഏത് ദിവസം എന്റെ കുഞ്ഞ് ജനിക്കുന്നുവോ, ആ ദിവസമാണ് എനിക്ക് ഐശ്വര്യം വരുന്ന ദിവസം. നോര്‍മല്‍ പ്രസവമാണ് ഞാനാഗ്രഹിക്കുന്നത്. സിസേറിയന്‍ ചിന്തയിലില്ല.

സംസാരം നിര്‍ത്തി ശ്വേത ഗൃഹലക്ഷ്മിയുടെ കവര്‍ ഷൂട്ടിനായി പുറപ്പെടാനുള്ള ഒരുക്കം തുടങ്ങി. അപ്പോഴാണ് ഫോണില്‍ മെസ്സേജായി സംസ്ഥാന അവാര്‍ഡ് ജൂറിയുടെ അറിയിപ്പ് വരുന്നത് - 'മികച്ച നടിക്കുള്ള അവാര്‍ഡ് ശ്വേതാമേനോന്. 'എല്ലാം മറന്ന് ശ്വേത ഉറക്കെ ചിരിക്കാന്‍ തുടങ്ങി. 'കുഞ്ഞ് ആഗ്രഹിക്കുന്നു. ദൈവം എനിക്ക് ഭാഗ്യം കൊണ്ടുവരുന്നു.'

അപ്പോഴേക്കും ചാനല്‍ ക്യാമറകള്‍ ശ്വേതയെ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിരുന്നു.