MATHRUBHUMI RSS
Loading...
ഞാനില്ല, സിനിമ മറന്ന് പറക്കാന്‍
മധു.കെ.മേനോന്‍

കല്യാണം കഴിഞ്ഞാല്‍ സിനിമ ഉപേക്ഷിച്ച് വിദേശത്തുപോയി താമസമാക്കുന്ന നടിമാരെപ്പോലെയാകാന്‍ താന്‍ ആഗ്രഹിചിട്ടില്ലെന്ന് മംമ്ത മോഹന്‍ദാസ്...


സിനിമയില്‍ കത്തിനില്ക്കുമ്പോഴാണ് മംമ്ത വിവാഹം കഴിച്ചത്. കുടുംബജീവിതത്തിന്റെ സീനിലേക്ക് മറഞ്ഞതോടെ മംമ്തയുടെ യുഗം മലയാള സിനിമയില്‍ അവസാനിച്ചെന്ന് ഏവരും കരുതി. പക്ഷേ, വിവാഹശേഷം സിനിമ വിടുക എന്ന ആ പതിവും മംമ്ത തിരുത്തി. അവര്‍ വീണ്ടും സിനിമയില്‍ സജീവമായി.

ഗൃഹലക്ഷ്മിയുടെ കവര്‍ഷൂട്ടിനായി എറണാകുളത്തെ സ്റ്റുഡിയോയിലെത്തിയ മംമ്ത വിവാഹശേഷമുള്ള ഒരു നടിയുടെ ജീവിതം തുറന്നുപറയുന്നു.

കല്യാണശേഷം സിനിമ വിടുന്ന നടിമാരെയാണ് കണ്ടിട്ടുള്ളത്. മംമ്ത പക്ഷേ, ഇപ്പോഴും അഭിനയിക്കുന്നു?

കല്യാണം കഴിഞ്ഞ് ആദ്യത്തെ രണ്ടരമാസം ഞാന്‍ സിനിമ ശ്രദ്ധിച്ചില്ല. അതിനുശേഷം ഏറ്റെടുത്ത വര്‍ക്കുകള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളതുകൊണ്ടാണ് മടങ്ങിവന്നത്. അതു കഴിഞ്ഞ് താത്കാലികമായെങ്കിലും സിനിമ വിടാം എന്നുതന്നെയാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷേ, 'ജവാന്‍ ഓഫ് വെള്ളിമല'യിലേക്ക് വിളി വന്നപ്പോള്‍ പ്രജിത്താണ് പറഞ്ഞത്, അഭിനയിക്കില്ല എന്ന തീരുമാനം തിടുക്കപ്പെട്ട് എടുക്കേണ്ട. നിനക്ക് കഥയും കഥാപാത്രവും ഇഷ്ടമായെങ്കില്‍ തുടര്‍ന്നും സിനിമ ചെയ്യുക എന്ന്. ആ അഭിപ്രായം സ്വീകരിച്ചു. എന്നു കരുതി സിനിമയുടെ കൂടുതല്‍ തിരക്കുകളിലേക്ക് ഞാന്‍ പോകില്ല. കുടുംബജീവിതത്തിന് പ്രയാസമുണ്ടാക്കാത്ത രീതിയില്‍ കരിയറും കൊണ്ടുപോകണം.

സിനിമ ഉപേക്ഷിക്കേണ്ടിവന്നാല്‍ അതിനും ഒരുക്കമായിരുന്നു, എന്ന്?

കല്യാണം കഴിഞ്ഞാല്‍ സിനിമ ഉപേക്ഷിച്ച് വിദേശത്തു പോയി താമസിക്കുന്ന നടിമാരെപ്പോലെയാകാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അഭിനയമല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ സിനിമയുമായി ബന്ധപ്പെട്ടുതന്നെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകണം എന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നു. ഇനിയെന്തായാലും ഈയൊരു വര്‍ഷം അഭിനയത്തില്‍തന്നെ ശ്രദ്ധിക്കണം. അതുകഴിഞ്ഞ് സിനിമയുമായി ബന്ധപ്പെട്ട ബിസിനസ്സിലേക്ക് മാറാം എന്നൊരു ആലോചനയുണ്ട്. പ്രജിത്തും ഇതൊരു നല്ല ആശയമാണെന്ന് പറഞ്ഞു.

കേരളത്തിലെ ബിസിനസ് സാഹചര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചുവരുന്നതേയുള്ളൂ. പ്രജിത്തിന്റെ അച്ഛന്‍ സിനിമ വളരെ എന്‍ജോയ് ചെയ്തു കാണുന്ന ആളാണ്. അദ്ദേഹം സിനിമയെക്കുറിച്ച് വളരെ ഗൗരവത്തോടെ സംസാരിക്കുന്നത് കേള്‍ക്കാം. സിനിമയോടുള്ള ഈ ഇഷ്ടം കുറച്ച് പ്രജിത്തിനും കിട്ടിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് നടിയായ എന്നെ കല്യാണംകഴിക്കാന്‍ അദ്ദേഹം തയ്യാറായത്.

പ്രജിത്ത് ബഹ്‌റൈനിലും മംമ്ത കേരളത്തിലും!

വിവാഹശേഷം കുടുംബ ബിസിനസ്സിന്റെ എല്ലാ ചുമതലയും പ്രജിത്തിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ഒരുപാട് ഔദ്യോഗിക യാത്രകള്‍ വേണ്ടിവരുന്നു. പ്രജിത്ത് നാട്ടില്‍ ഉണ്ടാവുന്ന സമയത്തൊക്കെ കഴിവതും ഞാന്‍ കൂടെ ഉണ്ടാകാന്‍ ശ്രദ്ധിക്കുന്നുണ്ട്.
കഴിഞ്ഞമാസം മുഴുവന്‍ ഞാന്‍ സിനിമയുടെ തിരക്കിലായിരുന്നു. ആസമയം പ്രജിത്ത് ചൈനയില്‍ ഔദ്യോഗിക യാത്രയിലും. പ്രജിത്ത് വീട്ടിലില്ലാതിരുന്ന ആ വേളയില്‍ എനിക്ക് സിനിമാതിരക്ക് ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, അതെന്നെ ബോറടിപ്പിക്കുമായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഏറെ സമ്മര്‍ദമുള്ള ജോലിയാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പരസ്പരം കാണാന്‍ സാധിക്കുന്നില്ല എന്നതിന്റെ വിഷമമുണ്ട്. എനിക്ക് ഒന്നുമില്ലെങ്കില്‍ അമ്മയോട് സംസാരിച്ചിരിക്കാം. പ്രജിത്ത് പാവം ഒറ്റയ്ക്കാണ്.

കല്യാണം കഴിഞ്ഞാല്‍ പിന്നെ കുടുംബം, കുട്ടികള്‍ ഇതൊക്കെയല്ലേ ആഗ്രഹങ്ങള്‍ ഉണ്ടാവുക?

തീര്‍ച്ചയായും. കല്യാണം തീരുമാനിച്ച നാള്‍തൊട്ട് ഞാന്‍ കാണുന്ന സ്വപ്‌നം, നല്ലൊരു വീട്, ആ വീട്ടില്‍ ഞാനും പ്രജിത്തും കുട്ടികളും. ഞാന്‍ പാചകമൊക്കെ ചെയ്ത് കുട്ടികളെ സ്‌നേഹിച്ച് സന്തോഷത്തോടെ കഴിയുന്ന സീനാണ്. 14-ാം വയസ്സിലേ ഞാന്‍ തീരുമാനിച്ചതാണ്, ഡിഗ്രി പഠനം കഴിഞ്ഞാല്‍ കല്യാണം കഴിക്കണം. പിന്നെ മക്കളൊക്കെയായിട്ട് അവരുടെ കാര്യങ്ങള്‍ നോക്കി നല്ലൊരു അമ്മയായി ജീവിക്കണം എന്ന്. പ്രത്യേകിച്ച് ഒറ്റ കുട്ടിയായതിന്റെ വിഷമം എനിക്കിപ്പോഴുമുണ്ട്. എന്റെ വീട് എന്നും നിശ്ശബ്ദമായിരുന്നു. ഞാനൊറ്റയ്ക്ക് എന്ത് ഒച്ചവെക്കാന്‍. എന്റെ മക്കള്‍ വന്നിട്ടു വേണം ഈ നിശ്ശബ്ദത ഒന്ന് ബ്രേക്ക് ചെയ്യാന്‍.

അടുത്ത രണ്ടു കൊല്ലത്തിനുള്ളില്‍ ബഹറൈനില്‍ നല്ലൊരു ബിസിനസ് സെറ്റപ്പ് ചെയ്ത്. ഞാന്‍ അങ്ങോട്ട് താമസംമാറും. പിന്നെ മുഴുവന്‍സമയ വീട്ടമ്മയുടെ റോളിലായിരിക്കും ഞാന്‍. കുട്ടികളെ വീട്ടില്‍ വിട്ട് സിനിമയിലഭിനയിക്കാന്‍ ഞാനൊരിക്കലും പോകില്ല. ഇപ്പോള്‍ ചെയ്യുന്ന സിനിമകള്‍ക്കുശേഷം കുറച്ചുകാലം ഓഫെടുക്കും. ആ സമയം പ്രജിത്തിനുവേണ്ടിയുള്ളതാണ്. അദ്ദേഹത്തെ ബിസിനസ്സില്‍ സഹായിക്കാന്‍കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്.

കല്യാണം കഴിഞ്ഞ് യാത്രകളൊന്നും ഉണ്ടായില്ലേ?

സ്‌കോട്‌ലന്‍ഡില്‍ പോയി. രണ്ടാഴ്ചത്തെ ട്രിപ്പ്. എഡിന്‍ബര്‍ഗ്, ആബര്‍ഡീന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ബോറടിക്കാതിരിക്കാന്‍ രണ്ടു ഘട്ടമായിട്ടായിരുന്നു ട്രിപ്പ്. ആദ്യത്തെ ഏഴുദിവസത്തിനുശേഷം മടങ്ങിവന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഏഴു ദിവസത്തെ യാത്ര. ആദ്യത്തെ യാത്ര കുടുംബത്തിനുവേണ്ടിയായിരുന്നു. ആബര്‍ഡീനില്‍ പ്രജിത്തിന്റെ സഹോദരിയുണ്ട്. അവരുടെ വീട്ടില്‍ എന്റെയും പ്രജിത്തിന്റെയും മുഴുവന്‍ ഫാമിലിയും ഒത്തുകൂടി. രണ്ടാമത്തെ യാത്ര ഹണിമൂണ്‍ ട്രിപ്പായിരുന്നു.

പ്രജിത്ത് ലോകത്ത് പലയിടത്തും യാത്ര ചെയ്തിട്ടുണ്ട്. പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ക്കൊപ്പം യാത്രപോയപ്പോള്‍പോലും വളരെ ലക്ഷ്വറിയായിട്ടുള്ള ഹോട്ടലുകളിലാണ് പ്രജിത്ത് താമസിച്ചത്. പക്ഷേ, കല്യാണം കഴിഞ്ഞപ്പോള്‍ ഒരാളുടെകൂടി ചെലവ് എടുക്കേണ്ടിവന്നപ്പോഴാണ് പുള്ളി അതിനെക്കുറിച്ചൊക്കെ ആലോചിക്കുന്നത്. ഞാന്‍ പറഞ്ഞു; 'പ്രജിത്ത് മുന്‍പ് വന്നപ്പോള്‍ താമസിച്ച അതേ ഹോട്ടലില്‍, അതേ മുറിയില്‍തന്നെ എനിക്കും താമസിക്കണം' 'അയ്യേ അത് ഫോര്‍ ബെഡ് റൂമാണ്. നമ്മള്‍ രണ്ടുപേരല്ലേയുള്ളൂ' പ്രജിത്തിന്റെ മറുപടി, ആ ഹോട്ടല്‍ തന്നെ വേണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. അതേ മുറിയില്‍തന്നെ താമസിക്കുകയും ചെയ്തു.

നല്ല തണുപ്പായിരുന്നു പക്ഷേ, ടൂര്‍ഗൈഡിനെയൊന്നും കൂട്ടാതെ കമിതാക്കളെപ്പോലെ ഞങ്ങള്‍ അലസമായി നഗരത്തിലൂടെ അലഞ്ഞു നടന്നു. ലോകത്തിലെ വിലകൂടിയ ഭക്ഷണമായ 'കാവിയര്‍' കഴിച്ചു. സ്‌കോട്‌ലന്‍ഡില്‍നിന്ന് ആബര്‍ഡീനിലേക്കു പോയത് ഒരു ചെറിയ എയര്‍ക്രാഫ്റ്റിലാണ്.

നല്ല അമ്മയാകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയോ?

ഒരുദിവസം പ്രജിത്തിന്റെ മൂത്ത ചേച്ചിയുടെ കുട്ടിയുടെ ഡയപ്പര്‍ ഞാന്‍ മാറ്റി. ഞാന്‍ ജീവിതത്തില്‍ ഇതേവരെ ഒറ്റയ്‌ക്കൊരു കുട്ടിയെ ഹാന്‍ഡില്‍ ചെയ്തിട്ടില്ല. ആദ്യമായി ഒറ്റയ്ക്ക് ചെയ്ത കാര്യമാണിത്. മറ്റുള്ളവര്‍ കുഞ്ഞിനെ എടുക്കുന്നതു കാണുമ്പോള്‍പോലും എനിക്ക് പേടിയാണ്. ഭയങ്കര കെയര്‍ വേണം കുഞ്ഞിനെ എടുക്കുമ്പോള്‍. കുഞ്ഞ് കൈയില്‍ നിന്ന് വഴുതിപ്പോകുമോ, കഴുത്ത് തിരിഞ്ഞുപോകുമോ എന്നൊക്കെയുള്ള ചിന്തകളാണ്.

ഞാന്‍ ഡയപ്പര്‍ മാറ്റിയത് വലിയ സംഭവമായിരുന്നു വീട്ടില്‍. എല്ലാവരും എനിക്ക് ക്ലാപ്പ് തന്നു. അമ്മയാകുന്നതിനു മുന്‍പ് ഇങ്ങനെ കിട്ടുന്ന കോച്ചിങ്ങൊക്കെ സ്വീകരിക്കുന്നുണ്ട്.

പ്രജിത്തിന്റെ ഇരട്ടസഹോദരി ഇപ്പോള്‍ ഗര്‍ഭിണിയാണ് അതറിഞ്ഞശേഷം പുള്ളിക്കും ഒരു തോന്നല്‍ അച്ഛനാകണം എന്ന്. ഞാന്‍ പറഞ്ഞു കാത്തുനില്‍ക്കാന്‍. ആദ്യം ജീവിതം ആസ്വദിക്കട്ടെ അത് കഴിഞ്ഞു മതി കുഞ്ഞുങ്ങള്‍. ഈ കൊല്ലം എന്തായാലും പ്ലാനില്ല.

(അല്പനേരം ആലോചിച്ചശേഷം ചിരിക്കുന്നു). എനിക്ക് കുറെ കുട്ടികള്‍ വേണം. ഒറ്റ കുട്ടികളില്‍ ഷെയറിങ് മനോഭാവം കുറവായിരിക്കും, ഭയങ്കര സെല്‍ഫിഷാകും. ഞാന്‍ എത്രത്തോളം സെല്‍ഫിഷാണെന്നു മനസ്സിലാക്കിയത് വിവാഹശേഷമാണ്. ഞാന്‍ എപ്പോഴും എന്നെക്കുറിച്ചു മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. രാവിലെ അലാം വെച്ച് എണീക്കുന്നു. നമ്മുടെതായ കാര്യങ്ങളൊക്കെ ചെയ്യുന്നു. വിവാഹം കഴിഞ്ഞ് ഏറെ നാളുകള്‍ക്കു ശേഷമാണ് ഞാന്‍ ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍കൂടി അറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടവളാണെന്ന ബോധം എനിക്കുണ്ടായത്.

വിട്ടുവീഴ്ചകള്‍ പ്രയാസമായോ?

ഒന്നും പ്രതീക്ഷിക്കാതെ വേണം വിവാഹം കഴിക്കാന്‍ എന്ന് പലരും ഉപദേശിച്ചിരുന്നു. പക്ഷേ, അത് പറയുംപോലെ എളുപ്പമല്ല. ലിവിങ് ടു ഗെതര്‍ ആണെങ്കില്‍ ഓകെ. അതില്‍ ആര്‍ക്കും ആരോടും കടപ്പാടൊന്നുമില്ലല്ലോ. പക്ഷേ, വിവാഹജീവിതത്തില്‍ പ്രതീക്ഷകള്‍ ഉണ്ടാകും, കടപ്പാട് ഉണ്ടാകും, അഡ്ജസ്റ്റ്‌മെന്റുകള്‍ വേണ്ടിവരും.

വിവാഹത്തിനു മുന്‍പ് പങ്കാളിയെ നമ്മള്‍ എത്ര മനസ്സിലാക്കാന്‍ ശ്രമിച്ചാലും സാധിക്കണമെന്നില്ല. വിവാഹശേഷം ഒരുമിച്ച് ഒരു വീട്ടില്‍ താമസിക്കുമ്പോഴാണ് പരസ്പരം അറിയുന്നത്. വൈകീട്ട് ഓഫീസില്‍ നിന്നു വരുമ്പോള്‍ ഞാന്‍ വീടിന്റെ പൂമുഖത്ത് ചിരിച്ച മുഖവുമായി ഉണ്ടാവണമെന്നും ഭക്ഷണം മേശപ്പുറത്ത് റെഡിയാക്കിവെക്കണമെന്നും പ്രജിത്ത് ആഗ്രഹിക്കുന്നു. അത് നിറവേറ്റേണ്ടത് എന്റെ കടമയാണ്. ചില ദിവസം പ്രജിത്ത് ഓഫീസില്‍നിന്ന് വിളിച്ചിട്ട് ചോദിക്കും. 'നീയിന്ന് അമ്മയോട് (പ്രജിത്തിന്റെ) എന്തൊക്കെ സംസാരിച്ചു' എന്ന്. ഞാന്‍ വീട്ടില്‍ ആരോടും മിണ്ടാതെ ഇരിക്കുന്നവളാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാകാം പ്രജിത്തിന്റെ അമ്മയുമായി എനിക്ക് എളുപ്പം അടുക്കാനും സ്‌നേഹത്തിലാകാനും കഴിഞ്ഞു.

വിവാഹശേഷം മംമ്ത മാറിയോ?

ഞാന്‍ അമ്മയില്‍നിന്നു പഠിച്ച ചില ശീലങ്ങള്‍ ഉണ്ട്, ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ (o.c.d) എന്നു പറയും അതിന്. വീട്ടില്‍ ഒന്നും അലക്ഷ്യമായി കിടക്കുന്നത് കാണാന്‍ അമ്മയ്ക്കിഷ്ടമല്ല. എപ്പോഴും വൃത്തിയാക്കിക്കൊണ്ടിരിക്കും.

രാവിലെ എണീറ്റാലുടന്‍ കിടക്ക മാറ്റിവിരിച്ച് വൃത്തിയാക്കിയിടണം, അലക്ഷ്യമായി കിടക്കുന്ന തുണികള്‍ പെറുക്കിവെക്കണം എന്നതൊക്കെ അമ്മ എന്നെ പഠിപ്പിച്ച ശീലമാണ്. പ്രജിത്തിന്റെ വീട്ടിലെത്തിയപ്പോഴും ഞാനാ ശീലം ഒഴിവാക്കിയില്ല. പക്ഷേ, പ്രജിത്തിന് വേറെ രീതിയാണ്. 'ഞാന്‍ ഓഫീസില്‍ പോകുന്നതുവരെ നീ എന്റെ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുക, ഞാന്‍ ബ്രേക് ഫാസ്റ്റ് കഴിക്കുമ്പോള്‍ നീയെനിക്കൊപ്പം ഇരിക്കുക. അതു കഴിഞ്ഞ് നീ ബെഡ് ശരിയാക്കുകയോ വീട് വൃത്തിയാക്കുകയോ എന്തുവേണമെങ്കിലും ചെയ്‌തോ' എന്നാണ് പ്രജിത്ത് പറയുന്നത്. പുറമെയുള്ള ആളുകള്‍ക്ക് തോന്നും ഇത്രവലിയ കാര്യമാണോ എന്ന്. എന്നാല്‍ ഇതു മതി ഒരു ഈഗോ ക്ലാഷിന്.

ആദ്യമൊക്കെ വൃത്തിയാക്കാത്ത ബെഡ് കാണുമ്പോള്‍ എനിക്കെന്തോ വല്ലായ്മ തോന്നുമായിരുന്നു. 'പ്രജിത്ത് എണീക്കേണ്ട അവിടെത്തന്നെ കിടന്നുകൊള്ളൂ' എന്നു പറഞ്ഞ് ഞാനെന്റെ വശം മാത്രം വൃത്തിയാക്കും. പക്ഷേ, രണ്ടുമൂന്നാഴ്ച്ച കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി പ്രജിത്ത് പറയുന്നതില്‍ എന്താണ് തെറ്റ്. അദ്ദേഹം ഓഫീസില്‍ പോയിക്കഴിഞ്ഞിട്ട് ബെഡ് ശരിയാക്കിയാലും മതിയല്ലോ.

അമ്മയെ പിരിഞ്ഞു നില്‍ക്കേണ്ടിവന്നപ്പോള്‍ വിഷമം ഉണ്ടായില്ലേ?

അതില്‍ വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ഏതൊരാള്‍ക്കും ഒരു പ്രായം കഴിഞ്ഞാല്‍ അമ്മയെയും അച്ഛനെയും പിരിഞ്ഞിരിക്കേണ്ടിവരും. മാത്രമല്ല ബഹറൈനില്‍ എന്റെയും പ്രജിത്തിന്റെയും വീടുകള്‍ തമ്മില്‍ മൂന്നു കിലോമീറ്ററിന്റെ അകലമെയുള്ളൂ. അമ്മയെ കാണണമെന്നു തോന്നുമ്പോള്‍ എനിക്ക് അവിടെ പോകാം. ഇപ്പോള്‍ എന്ത് വിശേഷമുണ്ടെങ്കിലും ഞങ്ങളുടെ രണ്ട് കുടുംബവും ഒരുമിച്ചു കൂടും. ഇനിയിപ്പോള്‍ ഞാന്‍ ഗര്‍ഭിണിയാകുമ്പോള്‍ എന്നെ നോക്കാന്‍ രണ്ട് അമ്മമാരും അച്ഛന്മാരും തീര്‍ച്ചയായും കൂടെയുണ്ടാകും എന്ന വിശ്വാസവും എനിക്കുണ്ട്.

കല്യാണം കഴിഞ്ഞതോടെ പഴയ കൂട്ടുകാരെക്കൈ...

സൗഹൃദങ്ങള്‍ക്ക് എന്നെക്കാള്‍ വില കല്പ്പിക്കുന്ന ആളാണ് പ്രജിത്ത്. കല്യാണം കഴിഞ്ഞ് ഞങ്ങള്‍ ദുബായില്‍ പോയ സമയത്ത് എന്റെ ബെസ്റ്റ് ഫ്രന്‍ഡ് ഷിംന ബാംഗ്ലൂരില്‍ നിന്ന് എത്തിയതറിഞ്ഞ് അവളെ ഫോണ്‍ ചെയ്ത് വരുത്തിയത് പ്രജിത്താണ്. പ്രജിത്തിന്റെ ഫ്രന്‍സ് ഗ്രൂപ്പില്‍ പ്രജിത്തിന്റെ കല്യാണമേ കഴിഞ്ഞിട്ടുള്ളൂ. പക്ഷേ, ബാച്ചിലര്‍ ഫ്രന്‍സുമായുള്ള ബന്ധം അദ്ദേഹം ഇപ്പോഴും വെക്കുന്നു. ഇനി അവര്‍ കല്യാണം കഴിച്ചാല്‍ അവരുടെ ഭാര്യമാരായിരിക്കും എന്റെ പുതിയ കൂട്ടുകാര്‍.

സിനിമയില്‍ പൂര്‍ണിമാ ഇന്ദ്രജിത്തുമായി മാത്രമാണ് എനിക്ക് അടുപ്പമുള്ളത്. അടുപ്പത്തിന് ഒരു കുറവും വന്നിട്ടില്ല. കൊച്ചിയില്‍ വരുമ്പോഴൊക്കെ ഞാന്‍ പൂര്‍ണിമയെ വിളിക്കാറുണ്ട്, കാണാറുണ്ട്. ഈ വരവില്‍ ഞാനവരുടെ വീട്ടില്‍ പോയി. അവര്‍ക്കൊപ്പം തിയേറ്ററില്‍ പോയി 'ഉസ്താദ് ഹോട്ടല്‍' കണ്ടു.

'കൈയില്‍ ഒരു കോടി, ആര്‍ യു റെഡി?' ആങ്കറിങ്ങിലും കസറിയല്ലോ?

സൂര്യാ ടിവി എന്നെ സമീപിച്ചതാണ്, മണി ഗെയിംഷോ ആങ്കറിങ് ചെയ്യാമോ എന്ന് ചോദിച്ച്. ആദ്യമായാണ് ടിവി ആങ്കറിങ്ങിന് എനിക്ക് ക്ഷണം കിട്ടുന്നത്. വിവാഹശേഷം അഭിനയം തുടരാന്‍ തീരുമാനിച്ച സമയത്തായിരുന്നു അത്. അതുവരെ ഇന്ത്യയില്‍ മണി ഗെയിംഷോ ഒരു സ്ത്രീ അവതരിപ്പിച്ചിരുന്നില്ല. അതിലൊരു ത്രില്‍ തോന്നി. അങ്ങനെ ചെയ്യാമെന്നേറ്റു. ചാനലില്‍ വരുമ്പോള്‍ ഒരു കഥാപാത്രമായല്ലല്ലോ പ്രേക്ഷകര്‍ക്ക് മുന്നില്‍ വരുന്നത്, മംമ്തയായല്ലേ. അതിന്റെ ഒരു സ്വാതന്ത്ര്യമുണ്ട്.

മലയാള സിനിമയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാറില്ലേ?

സന്തോഷംതരുന്ന മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഞാനഭിനയിച്ച 'പാസഞ്ചര്‍' ആണ് ഈ യാത്രയ്ക്ക് തുടക്കം കുറിച്ചത് എന്നതില്‍ അഭിമാനം തോന്നുന്നു. ന്യൂ ഏജ് സിനിമകള്‍ ട്രെന്‍ഡി വേയിലൂടെയാണ് നല്ലൊരു സന്ദേശം പ്രേക്ഷകന് കൈമാറുന്നത്. നല്ല സന്ദേശങ്ങള്‍ ഓഫ് ബീറ്റ് രീതിയില്‍ എടുത്തിട്ട് കാര്യമില്ല.

പഴയ ഗ്രാമീണ-തറവാട് സിനിമകള്‍ കേരളത്തെ വര്‍ഷങ്ങള്‍ പുറകോട്ടടിക്കുകയാണെന്ന സത്യം ഇപ്പോഴെങ്കിലും സിനിമാക്കാരും പ്രേക്ഷകരും തിരിച്ചറിഞ്ഞത് ഭാഗ്യമാണ്. അത്തരം സിനിമകളില്‍ കാണുന്ന ഗ്രാമങ്ങളും ജനങ്ങളും ഇന്ന് കേരളത്തില്‍ എവിടെയാണ് ഉള്ളത്? ഗ്രാമം തേടി മലയാള സിനിമക്കാര്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ പോകേണ്ട സ്ഥിതിയാണ്. കേരളം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മിക്ക വീടുകളിലും ഒരാളെങ്കിലും പുറത്തുപോയി പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നു. മക്കളെ പുറംനാടുകളില്‍ പഠിപ്പിക്കാന്‍ ഇടത്തരം കുടുംബങ്ങളിലുള്ളവര്‍പോലും ആഗ്രഹിക്കുന്നു. അത് നമ്മുടെ സിനിമകളിലും വരുന്നു. അതുകൊണ്ടാണല്ലോ മോഡേണൈസേഷന്‍ സിനിമയില്‍ കാണുമ്പോള്‍ പ്രേക്ഷകന് ഉള്‍ക്കൊള്ളാന്‍ എളുപ്പം കഴിയുന്നത്.

ന്യൂ ഏജ് സിനിമകളിലെ സ്ത്രീകഥാപാത്രങ്ങള്‍ മലയാളിസ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നില്ല എന്നൊരു ആക്ഷേപമുണ്ട്?

ഇപ്പോഴത്തെക്കാലത്ത് പെണ്‍കുട്ടികള്‍ വളരെ സ്വതന്ത്രരാണ്. ആണിന്റെ അതേ അധികാരത്തോടെയും ധൈര്യത്തോടെയും ജീവിക്കുന്നവരാണ് അവര്‍. അതില്‍ ഒരു ന്യൂനപക്ഷമെങ്കിലും ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കുന്നവരുണ്ട്, മദ്യം രുചിക്കുന്നവരുണ്ട്, ലിവിങ് ടുഗെതര്‍ പോലുള്ള ബന്ധങ്ങളില്‍ വിശ്വസിക്കുന്നവരുണ്ട്. ആ ന്യൂനപക്ഷത്തെയാണ് സിനിമ പ്രതിനിധാനംചെയ്യുന്നത്. ഭൂരിപക്ഷത്തിന്റെ കഥ മാത്രമേ സിനിമയില്‍ പറയാവൂ എന്നുണ്ടോ.

ഈ ന്യൂനപക്ഷം ചെയ്യുന്ന കാര്യങ്ങളെല്ലാം ശരിയാണ് എന്നല്ല. അങ്ങനെ സിനിമയും പറയുന്നില്ല. അവര്‍ എന്തുകൊണ്ട് ഇങ്ങനെയൊക്കെ ആയിത്തീര്‍ന്നു എന്ന് സിനിമതന്നെ സാധൂകരിക്കുന്നുമുണ്ട്.പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ക്കുള്ള സ്വാഭാവിക പ്രതികരണമാണ് അവര്‍ പുറത്തെടുക്കുന്നത്.

മംമ്ത മദ്യപിക്കാറുണ്ടോ?

അടുത്തകാലം വരെ മദ്യപിക്കുന്ന സ്ത്രീകളെ ഭയങ്കര വെറുപ്പോടെയാണ് ഞാന്‍ കണ്ടിരുന്നത്. പക്ഷേ, പ്രജിത്ത് എന്റെ കാഴ്ചപ്പാട് തിരുത്തി. പ്രജിത്തിന്റെ കാഴ്ചപ്പാടില്‍ പെണ്‍കുട്ടി ഇത്തിരി മദ്യം കഴിക്കുന്നതില്‍ തെറ്റൊന്നുമില്ല. പ്രജിത്ത് സോഷ്യല്‍ ഡ്രിങ്കിങ്ങില്‍ താത്പര്യം കാണിക്കുന്ന ആളാണ്. സമ്മര്‍ദമില്ലാതെ വളരെ ഫ്രീ ആയിട്ട് കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ സോഷ്യല്‍ ഡ്രിങ്കിങ് സഹായിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വിവാഹശേഷമാണ് ആദ്യമായി ഞാന്‍ ബിയര്‍ കഴിക്കുന്നത്. ഭയങ്കര ചവര്‍പ്പാണ്. പക്ഷേ, അതത്ര തലയ്ക്കു പിടിച്ചതായി തോന്നിയില്ല.

മദ്യപിക്കുന്ന സ്ത്രീകളെ മോശം കണ്ണിലൂടെ മാത്രം കാണുന്നത് ഒരു നെഗറ്റീവ് മനോഭാവമാണെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഒരു പെണ്‍കുട്ടിക്ക് അവളുടെ ലിമിറ്റ് അറിയാമെങ്കില്‍ അവളുടെ മദ്യപാനം ഒരു നോര്‍മല്‍ പ്രാക്ടീസ് മാത്രമാണ്. ലിമിറ്ററിയാതെ കഴിക്കുമ്പോള്‍ മാത്രമാണ് അത് അവളുടെ ലൈഫിനെ ബാധിക്കുന്നത്.

ഇപ്പോള്‍ ഗ്ലാമര്‍ ചെയ്യാന്‍ ഒരു മലയാള നടിയും മടികാണിക്കുന്നില്ല...

എനിക്കിതൊരു നല്ല മാറ്റമായിട്ടാണ് തോന്നുന്നത്. മുന്‍പ് ഞാന്‍ 'ലങ്ക' ചെയ്തപ്പോള്‍ ഡ്രസ് കാല്‍മുട്ടിനു മുകളിലായിരുന്നു എന്നു പറഞ്ഞ് കോലാഹലം ഉണ്ടാക്കിയവരാണ് മലയാളികള്‍. പ്രത്യേകിച്ച് മലയാള മാധ്യമങ്ങള്‍. ഇപ്പോഴാണ് ലങ്ക ഇറങ്ങിയത് എങ്കില്‍ അങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല.

പ്രേക്ഷകര്‍ ഗ്ലാമര്‍ ആഗ്രഹിക്കുന്നുണ്ട്. അതുതന്നെയാണ് എന്റര്‍ടെയ്‌നിങ്ങും. ഇവിടെ ഇതൊന്നും പാടില്ല എന്ന നിലപാടെടുത്തപ്പോള്‍ അവര്‍ തമിഴും ഹിന്ദിയുമൊക്കെ കാണാന്‍ തുടങ്ങി. ഒടുവില്‍ തിരിച്ചറിവുണ്ടായി. മലയാള സിനിമ ഗ്ലാമറിനെ അംഗീകരിച്ചു എന്നതില്‍ സന്തോഷമുണ്ട്.