MATHRUBHUMI RSS
Loading...
ഓര്‍മകളില്‍ ഒരു ഒറ്റയാന്‍
സി.എം.ബിജു

'ഏട്ടനെക്കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് മതിയാവില്ല. എത്ര ഓര്‍ത്താലും എന്റെ ഉള്ളിലെ ഓര്‍മകള്‍ തീരില്ല', പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സി.പി.രാമചന്ദ്രനെക്കുറിച്ച് എഴുതാന്‍ ഒരുങ്ങുകയാണ് പാര്‍വതി പവനന്‍...'േബബി എന്ന വിളിക്കായി മൂന്നുവര്‍ഷം ഞാന്‍ കാത്തിരുന്നു. ആ പേരുതന്നെ മറന്ന് പവനന്‍ മനസ്സില്‍ നിന്ന് എന്നെ കളഞ്ഞുപോയതിന്റെ ദുഖം ഞാന്‍ അറിയുകയായിരുന്നു. വാക്കുകള്‍ കിട്ടാതെ തറ, പറ, പന എന്നെല്ലാം പവനന്‍ എഴുതുമ്പോള്‍ കുട്ടികളെപ്പോലെ അക്ഷരങ്ങള്‍ കൂട്ടി എഴുതിപ്പഠിക്കുകയാണെന്ന് പറഞ്ഞ് ഞാന്‍ ചിരിച്ചിരുന്നു. അതുകേട്ട് പവനന്‍ പറഞ്ഞു. 'വാക്കുകള്‍ എഴുതുമ്പോള്‍ തെറ്റിപ്പോവുന്നു. വാക്കുകള്‍ മറക്കരുതല്ലോ. അതുകൊണ്ട് എഴുതിപ്പഠിക്കുകയാണ്...' മറവിരോഗം ബാധിച്ച പവനനെപ്പറ്റി പാര്‍വതി എഴുതിയ വാക്കുകള്‍. ഇടിമുഴക്കമുള്ള വാക്കുകളിലൂടെ കേള്‍വിക്കാരെ ആവേശം കൊള്ളിച്ച പ്രിയതമനെക്കുറിച്ചുള്ള കണ്ണീര്‍പുരണ്ട ഓര്‍മക്കുറിപ്പുകളായിരുന്നു 'പവനപര്‍വം'. ജീവിതസഖിയുടെ ഹൃദയസ്പര്‍ശിയായ എഴുത്ത് വായനക്കാര്‍ ഏറ്റെടുത്തു.

ഇടവേളയ്ക്കുശേഷം പാര്‍വതി പവനന്‍ വീണ്ടും എഴുതിത്തുടങ്ങുകയാണ്. തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ മറ്റൊരാളെക്കുറിച്ച്. ധിക്കാരിയായി ജീവിക്കുകയും ചരിത്രത്തെ കൈപിടിച്ചുനടത്തുകയും ചെയ്ത പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സി.പി.രാമചന്ദ്രനാണ് ഈ കഥയിലെ നായകന്‍.''ഏട്ടനെക്കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് മതിയാവില്ല. എത്ര ഓര്‍ത്താലും എന്റെ ഉള്ളിലെ ഓര്‍മകള്‍ തീരില്ല. ബാല്യം നഷ്ടപ്പെട്ട ഒരാള്‍,അച്ഛന്റെ സ്‌നേഹം അറിയാത്ത നാലു സഹോദരങ്ങളുടെ അച്ഛന്‍. എന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വന്നയാള്‍.

ഏട്ടന്‍ നന്നേ ചെറുപ്പത്തില്‍ ഏകനായി. യൗവനത്തില്‍ പഠിത്തം പൂര്‍ത്തിയാകാതെ ജോലിക്ക് പോകേണ്ടി വന്നു. വിവാഹം കഴിച്ചു, ഭാര്യയാല്‍ പരിത്യക്തനായി. 25 കൊല്ലം ഡല്‍ഹിയില്‍ ഒറ്റയ്ക്ക് ജീവിച്ചു. ഏട്ടന്‍ പറയുന്ന ഒരു വാക്കുണ്ട്, ഞാനെന്നും ഒറ്റയാനായിരുന്നു, കുടുംബത്തില്‍ ജീവിച്ച ആളല്ല....''സി.പി.രാമചന്ദ്രന്‍ എഴുതാതെ പോയ ആ കഥ പൂരിപ്പിക്കുകയാണ് പ്രിയ സഹോദരി. ചരിത്രത്തിലെ പല വൈകാരികനിമിഷങ്ങള്‍ക്കും സാക്ഷിയായ ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലൂടെ നടത്തുന്ന ഒരു അന്വേഷണയാത്ര.

പവനപര്‍വം കഴിഞ്ഞ് ഇപ്പോള്‍ ഏട്ടനെക്കുറിച്ചൊരു പുസ്തകം. കുടുംബബന്ധങ്ങളുടെ കഥയാണോ പറയാന്‍ പോവുന്നത്?

എഴുത്ത് എന്റെ നാടായ ഒറ്റപ്പാലത്തുനിന്ന് തുടങ്ങണം. അക്കാലത്ത് അതൊരു കുഗ്രാമമായിരുന്നു. പാട്ടമായി കിട്ടുന്ന നെല്ല് മാത്രമാണ് അന്ന് വീട്ടിലെ വരുമാനം. ഞങ്ങള്‍ അഞ്ചുമക്കളായിരുന്നു. ഏറ്റവും ഇളയ ആളാണ് ഞാന്‍. ഏട്ടന്‍ (സി.പി.രാമചന്ദ്രന്‍) എന്നേക്കാളും പത്തുവയസ്സിനു മൂത്തതാണ്.

എന്റെ അച്ഛനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. എന്നെ പ്രസവിക്കാന്‍ വന്ന സമയത്ത് അമ്മ വിവാഹമോചനം നേടിയതാണ്. അച്ഛനെന്ന സങ്കല്‍പമായിരുന്നു എനിക്ക് ഏട്ടന്‍. നേരെ താഴെയുള്ള ഏട്ടത്തിയുമായിട്ടായിരുന്നു ഏട്ടന് കൂടുതല്‍ അടുപ്പം. ഒരു ആണ്‍കുട്ടിക്ക് ശേഷം ജനിച്ച പെണ്‍കുട്ടി ആയതുകൊണ്ടാവാം. ഇതെന്താ ഏട്ടനെപ്പോഴും ഏട്ടത്തിയെ മാത്രം നോക്കുന്നത് എന്നൊക്കെ ആലോചിച്ച് എനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. എനിക്ക് ഏറ്റവും അടുപ്പം എന്റെ നേരെ മൂത്ത ഉണ്ണിയേട്ടനോടായിരുന്നു. ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറൊരു പുളിയുണ്ട്. അതിന്റെ മുകളിലുള്ള ഊഞ്ഞാലില്‍ ഇരുത്തി ഉണ്ണിയേട്ടന്‍ ഇങ്ങനെ ആട്ടിത്തരും. അപ്പോള്‍ ഞാനെന്റെ ദുഖങ്ങളൊക്കെ ഉണ്ണിയേട്ടനോട് പറയും.

ബാല്യത്തില്‍ അച്ഛനെ കാണാന്‍ ഏറെ മോഹിച്ചുനടന്ന ഒരുപെണ്‍കുട്ടിയായിരുന്നു

അച്ഛന്‍ ബര്‍മയില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. അമ്മ എന്നെ പ്രസവിക്കാന്‍ ഒറ്റപ്പാലത്തേക്ക് വന്നപ്പോഴാണ് അവര്‍ തമ്മില്‍ പിരിയുന്നത്. എ.കൃഷ്ണന്‍നായര്‍ എന്നാ അച്ഛനെന്ന് പറയുന്ന ആളുടെ പേര്. ഒറ്റപ്പാലത്തിനടുത്ത് മണ്ണൂരിലുള്ള അച്ഛന്റെ വീടൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അമ്മ പറഞ്ഞുതന്നിട്ടുണ്ട്, അച്ഛനെ കാണാന്‍ നല്ല ഭംഗിയായിരുന്നെന്ന്. കഷണ്ടി ഉണ്ടായിരുന്നുവത്രേ. നന്നായി തമാശ പറയുകയും ചെയ്യും. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഞാനിങ്ങനെ ആലോചിക്കും. ഭാവനയില്‍ കൂടി അച്ഛന്റെ ഒരു ചിത്രം വരച്ചെടുക്കും.

ഒന്നാം ക്ലാസിലായപ്പോള്‍ സ്‌കൂളില്‍ കൊണ്ടുവിടാന്‍ ഒരു ജോലിക്കാരി വരും, കുഞ്ഞൂട്ടിയമ്മ. അവര്‍ എന്നെ ഒക്കത്ത് വെച്ച് സ്‌കൂളിലോട്ട് നടക്കും. ആറേഴ് വയസ്സായിട്ടും എന്നെ എടുത്തുകൊണ്ട് തന്നെയാ പോവുക. അപ്പോള്‍ ഞാന്‍ ചോദിക്കും, 'കുഞ്ഞൂട്ടിയമ്മേ ഏതായിരിക്കും എന്റെ അച്ഛന്‍?' അതിന് ഞാനും കണ്ടിട്ടില്ലല്ലോ എന്നാവും അവരുടെ മറുപടി. പോവുന്ന പോക്കില്‍ ഞാനീ കഷണ്ടിക്കാരെയൊക്കെ ഇങ്ങനെ ശ്രദ്ധിക്കും. ഒരുപാട് കഷണ്ടിക്കാരില്‍ ഞാനെന്റെ അച്ഛനെ കണ്ടിട്ടുണ്ട്. ഓരോ കഷണ്ടിക്കാരനെ കാണുമ്പോഴും ആയമ്മയോട് പറയും, 'ഒന്നുനിര്‍ത്തു,എന്റെ അച്ഛനാണോ എന്ന് നോക്കട്ടെ'എന്ന്. തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ അഭിമാനത്തോടെ ഇക്കാര്യം അമ്മയെ അറിയിക്കും. അതുകേള്‍ക്കുമ്പോള്‍ തലയില്‍ കൈവെച്ചുകൊണ്ട് അമ്മയുടെ ഒരു മറുപടിയുണ്ട്, ''ഈ കഷണ്ടിക്കാരെ മുഴുവന്‍ നീ അച്ഛനാണെന്ന് പറഞ്ഞാല്‍ എനിക്ക് നാണക്കേടല്ലേ മോളേ'' എന്ന്. എന്തോ,ഇപ്പോഴും കഷണ്ടിക്കാരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

പിന്നീട് അച്ഛനോട് എനിക്ക് ശത്രുത തോന്നിത്തുടങ്ങി. ഒരു സംഭവം അറിഞ്ഞപ്പോഴാണത്. വിവാഹമോചനത്തിന്റെ കേസ് വന്നപ്പോള്‍ അച്ഛനൊരു സൂത്രപ്പണി എടുത്തത്രേ. തനിക്ക് മൂന്നുമക്കളേ ഉള്ളൂവെന്ന് കോടതിയില്‍ പറഞ്ഞു. നഷ്ടപരിഹാരത്തുക കുറയ്ക്കാനുള്ള അടവായിരുന്നു. ഞാനും ഉണ്ണിയേട്ടനും മക്കളല്ലെന്നും അവര്‍ ആരുടെ മക്കളാണെന്നറിയില്ലെന്നുമായിരുന്നു വാദം. പക്ഷേ അത് പൊളിഞ്ഞു. 50 രൂപ തന്നെ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു. അതറിഞ്ഞതോടെ എന്റെ ദേഷ്യവും സങ്കടവും ഇരട്ടിച്ചു.

അമ്മയും ഏട്ടന്‍മാരുമെല്ലാം ചേര്‍ന്ന കുടുംബാന്തരീക്ഷം ആ ദുഃഖം മാറ്റിയോ?

പത്താമത്തെ വയസ്സിലാണ് ഏട്ടന്‍ ബര്‍മയില്‍ നിന്ന് വരുന്നത്. ഇങ്ങോട്ട് വരണമെന്ന് പറഞ്ഞ് ബഹളം കൂട്ടിയപ്പോള്‍ എന്റെ അച്ഛന്‍ എന്നുപറഞ്ഞയാള്‍ ആരുടെയോ കൂടെ ഏട്ടനെ കയറ്റി അയയ്ക്കുകയായിരുന്നു. 12 ദിവസം കപ്പലില്‍ ഇരുന്നാണ് മദ്രാസിലെത്തിയത്. അവിടെ നിന്ന് ഏതോ ഒരാളുടെ കൂടെ ട്രെയിന്‍ കയറി ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ എത്തി. അന്ന് ഒറ്റപ്പാലത്ത് വസൂരി പടര്‍ന്നുപിടിച്ച കാലമാണ്. രാത്രി ശവങ്ങള്‍ പായയില്‍ കെട്ടിക്കൊണ്ടുപോവും. ചെറിയ കുട്ടിയായ ഏട്ടന്‍ വന്നിറങ്ങുമ്പോള്‍ത്തന്നെ കാണുന്നത് ഇതൊക്കെയാണ്. പേടിച്ചുവിറച്ച് കുറെ നേരം പ്ലാറ്റ് ഫോമില്‍ ഇരുന്നത്രേ. രാത്രി രണ്ടുമണിയായപ്പോള്‍ കണ്ണുപൊത്തി ഒറ്റ ഓട്ടമാണ് വീട്ടിലേക്ക്. ഏട്ടന്‍ പിന്നെ ഇവിടുത്തെ സ്‌കൂളില്‍ ചേര്‍ന്നു. പഠിപ്പിക്കുന്ന അധ്യാപകര്‍ക്കൊക്കെ വലിയ കാര്യമായിരുന്നു.

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഏട്ടന്‍ വിക്ടോറിയ കോളേജില്‍ ചേര്‍ന്നു. താഴെയുള്ളവര്‍ നന്നാവണമെന്ന ആഗ്രഹക്കാരനായിരുന്നു ഏട്ടന്‍. അച്ഛനില്ലാത്തതുകൊണ്ട് സഹോദരങ്ങളൊന്നും ചീത്തയാവരുതെന്ന വിചാരമുണ്ട്. അന്നൊക്കെ വീടിന്റെ മുകളിലെ വരാന്തയില്‍ ചെന്ന് ഞങ്ങളെല്ലാവരും ചേര്‍ന്ന് നാടകം കളിക്കും. പെട്ടെന്ന് വല്ല ചെമ്പോത്തിനെയോ മൈനയെയോ ഒക്കെ കണ്ടാല്‍ ഞാന്‍ നാടകം വിട്ട് ഓടിപ്പോവും. നീ ചെറിയ കുട്ടിയാ,നിന്നെക്കൊണ്ട് ഇതൊന്നും പറ്റില്ലെന്നും പറഞ്ഞ് അതോടെ എന്നെ കളിയില്‍നിന്ന് പുറന്തള്ളും. ഞാനുടനെ അമ്മയുടെ അടുത്തേക്ക് ചെല്ലും. എപ്പോഴും മുണ്ടിന്റെ കോന്തലയും പിടിച്ച് പിന്നാലെ നടക്കും. എനിക്കെല്ലാത്തിനും അമ്മ വേണം. ഭ്രാന്തുപിടിച്ച സ്‌നേഹമായിരുന്നു അത്. സ്‌കൂളില്‍ പോവുന്ന സമയത്ത് അമ്മയറിയാതെ അമ്മയുടെ ബ്ലൗസൊക്കെ എടുത്തു സഞ്ചിയിലിടും ഞാന്‍. ക്ലാസിലിരുന്ന് ഇടയ്ക്കിടെ അത് മണത്തുനോക്കും.

അച്ഛന്‍ ബര്‍മയില്‍ നിന്ന് ലീവിന് വന്നുകഴിഞ്ഞാല്‍ മക്കളെ കാണണം എന്നുംപറഞ്ഞ് ആളെ അയയ്ക്കും. ഏട്ടന്‍മാരും ഏടത്തിയും കൂടി അച്ഛനെ കാണാന്‍ പോവും. എന്നെ വിളിക്കാറുമില്ല. ഞാന്‍ പോവാറുമില്ല. ഏട്ടത്തിക്ക് ബര്‍മീസ് ചെരിപ്പും നല്ല ഭംഗിയുള്ള ക്ലിപ്പുകളുമൊക്കെ കൊടുക്കും. ഒരു സാധനം എനിക്കെന്ന് പറഞ്ഞ് തന്നിട്ടില്ല. ഒരു ശത്രുവിനെപ്പോലെയാണ് ഞാന്‍ അച്ഛനെ കണ്ടിട്ടുള്ളത്.

മൂത്തമകനായിരുന്നു സി.പി.രാമചന്ദ്രന്‍. കുടുംബത്തിന്റെ ചുമതലകള്‍ ഏറ്റെടുക്കാന്‍ വേണ്ടിയായിരുന്നോ നന്നായി പഠിച്ചുകൊണ്ടിരുന്ന അദ്ദേഹം നേരെ ചെന്ന് മിലിറ്ററിയില്‍ ചേര്‍ന്നത്?

ഏട്ടന്‍ വിക്ടോറിയ കോളേജില്‍ ചേര്‍ന്നുപഠിക്കുകയായിരുന്നു. അപ്പോഴും താഴെയുള്ള ആളുകളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏട്ടനുതന്നെയാണ്. അനിയന്‍മാര്‍ എല്ലാവരും പഠനം തുടങ്ങിയതോടെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങി. ഞങ്ങളെയാണെങ്കില്‍ സഹായിക്കാന്‍ ആരുമില്ലല്ലോ. നിലത്തിന്റെ പാട്ടം ഉള്ളതുകൊണ്ട് പട്ടിണി കിടക്കേണ്ടെന്നേയുള്ളൂ. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കൂടിയപ്പോള്‍ ഏട്ടന്‍ ആരോടും പറയാതെ കോളേജില്‍ നിന്ന് പട്ടാളത്തിന്റെ റിക്രൂട്ട്‌മെന്റിനുപോയി. നല്ല ചുറുചുറുക്കാണ് ഏട്ടന്. സ്ഫുടമായ ഇംഗ്ലീഷും. അതൊക്കെ കണ്ടപ്പോള്‍ ഏട്ടന് കമ്മീഷന്‍ഡ് ഓഫീസറായി നിയമനം കിട്ടി. അമ്മയോടൊന്നും പറയാതെയാണ് സെലക്ഷന് പോയത്. നിയമനം കിട്ടി വന്നപ്പോള്‍ പറഞ്ഞു, താഴെയുള്ള ആളുകളെ പഠിപ്പിക്കണമെങ്കില്‍ ഈയൊരു വഴിയേ ഉള്ളൂവെന്ന്. അമ്മയ്ക്കാകെ സങ്കടമായി. ഏട്ടനായിരുന്നു അമ്മയുടെ വലിയ സപ്പോര്‍ട്ടര്‍.

മിലിറ്ററിയില്‍ ചേര്‍ന്ന് കുറെക്കാലം ഏട്ടന്റെ ഒരു വര്‍ത്തമാനവും അറിഞ്ഞില്ല. അമ്മയുടെ സമാധാനമാകെ നഷ്ടമായി. രാത്രി എന്നും മകനുവേണ്ടി പ്രാര്‍ത്ഥിച്ചിരിക്കും. കത്തുമില്ല,മണിയോര്‍ഡറുമില്ല. വീട്ടിലാണെങ്കില്‍ സാമ്പത്തികഞെരുക്കങ്ങളും. ഒരുരാത്രി വാതിലിനൊരാള്‍ വന്ന് മുട്ടുകയാണ്. പുറത്ത് ഏട്ടന്‍ ചിരിച്ചുനില്‍ക്കുന്നു. അമ്മപോയി കെട്ടിപ്പിടിച്ചു കുറെ നേരം കരഞ്ഞു. മൂന്നുകൊല്ലത്തിനുശേഷമാണ് അന്ന് ഏട്ടനെ കാണുന്നത്.

റോയല്‍ ഇന്ത്യന്‍ നേവിയില്‍ കലാപമുണ്ടായപ്പോള്‍ അതില്‍ ചേര്‍ന്നു എന്ന കുറ്റം ചുമത്തി ഏട്ടനെ അവിടെനിന്ന് പുറത്താക്കുകയായിരുന്നു. അന്ന് രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയമാണ്. ഏട്ടന് ഹിറ്റ്‌ലറോട് ഭയങ്കരമായിട്ടുള്ള ആരാധനയാണ്. അങ്ങേര് ഭയങ്കര ധീരനാണെന്നാണ് പറയുക. ജര്‍മനി നന്നാവണം എന്ന ഒറ്റ ആഗ്രഹമേ ഹിറ്റ്‌ലറിന് ഉണ്ടായിരുന്നുള്ളുവെന്നും ന്യായീകരിക്കും.

അതുകഴിഞ്ഞാണ് കമ്യൂണിസ്റ്റ് ആഭിമുഖ്യം വരുന്നത്?

ഏട്ടന്‍ നാട്ടില്‍ കലാസമിതി പ്രവര്‍ത്തനത്തിനൊക്കെ പുറപ്പെട്ടു. ആ സമയത്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുന്നത്. ഒറ്റപ്പാലത്ത് ഏട്ടന് കുറച്ച് സുഹൃത്തുക്കള്‍ ഉണ്ട്, പൊതുകാര്യങ്ങളിലൊക്കെ കുറച്ച് താത്പര്യമുള്ളവര്‍. അങ്ങനെയൊക്കെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം തോന്നുന്നത്. അപ്പോഴേക്കും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. അന്നൊക്കെ ഏട്ടന്‍ രാത്രി ഒരുപാട് വൈകിയിട്ടാണ് വീട്ടില്‍ വരിക. ആരെങ്കിലും ചോദിച്ചാല്‍ മറുപടിയൊന്നും പറയില്ല.

ഏട്ടന്റെ പാര്‍ട്ടി ആഭിമുഖ്യം മനസ്സിലായപ്പോള്‍ അമ്മാവന്‍മാരൊക്കെ ഭയങ്കര പ്രശ്‌നമുണ്ടാക്കി. അവര്‍ വീട്ടിലേക്കുള്ള സഹായങ്ങളൊക്കെ നിര്‍ത്തി. അമ്മമ്മയോട് ഞങ്ങള്‍ക്കൊപ്പം താമസിക്കേണ്ട എന്നുപറഞ്ഞു. അമ്മയ്ക്കാണെങ്കില്‍ അച്ഛനും ജീവിച്ചിരിപ്പില്ല. അമ്മാവന്‍മാര്‍ കൊടുക്കുന്ന പൈസയും നെല്ലും മാത്രമേ ഉള്ളൂ വരുമാനം. അതുകൂടെ നിന്നപ്പോള്‍ ഞങ്ങളുടെ പഠിപ്പൊക്കെ അവതാളത്തിലായി. അമ്മമ്മ വീട് വിട്ട് ഇറങ്ങിപ്പോയി. അപ്പോഴും എനിക്കെന്തായാലും പാര്‍ട്ടിയെ വിടാന്‍ പറ്റില്ലെന്ന് ഏട്ടന്‍ തറപ്പിച്ച് പറഞ്ഞു. നമുക്ക് നമ്മുടെ അവസ്ഥ പോലെ കഴിയാമെന്നും സമാധാനിപ്പിച്ചു. അപ്പോഴൊക്കെ അമ്മ പറയും, രണ്ട് പെണ്‍കുട്ട്യോളല്ലേ, എങ്ങനെയാ അവരെ പഠിപ്പിക്കുക എന്നൊക്കെ. എന്നിട്ടും അമ്മയ്ക്ക് ഏട്ടനെ പിന്തിരിപ്പിക്കാന്‍ പറ്റിയില്ല. ഏട്ടനെപ്പോഴും ഏട്ടന്റെ തീരുമാനങ്ങളാണ് വലുത്. അമ്മയ്‌ക്കെന്തോ ഏട്ടനോട് ഭയങ്കരമായ അറ്റാച്ച്‌മെന്റ് ആയിരുന്നു. ഏട്ടനാണ് ഇനി നമ്മുടെ രക്ഷാകവചം എന്ന തോന്നലാവും. അന്ന് ഒറ്റപ്പാലത്ത് ഒരു ബേക്കറിയേ ഉള്ളൂ. ഏട്ടന്‍ വൈകീട്ട് വരുമ്പോള്‍ ബ്രെഡ് കൊണ്ടുവരും. അമ്മ മുക്കാല്‍ഭാഗം ബ്രഡ് അങ്ങനെത്തന്നെ ഏട്ടന് എടുത്തുവെക്കും. ബാക്കി കാല്‍ ഭാഗമാണ് ഞങ്ങള്‍ നാലുപേര്‍ക്കും കൂടി തരിക.

കുറച്ചുകഴിഞ്ഞ് ഏട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇഎംഎസ്സിന് ബുദ്ധിയുള്ള ആള്‍ക്കാരോട് ഭയങ്കര സ്‌നേഹമാണ്. ഏട്ടനോടും നല്ല അടുപ്പമായി. പാര്‍ട്ടി നിരോധിച്ച സമയത്ത് അവരൊക്കെ ഒളിവില്‍ പോയില്ലേ. അഴീക്കോടന്‍ രാഘവന്‍, പി.വി.കുഞ്ഞുണ്ണി നായര്‍, ഇ.പി.ഗോപാലന്‍ തുടങ്ങിയ നേതാക്കളൊക്കെ ഞങ്ങളുടെ വീടും ഒളിത്താവളമാക്കി.

അന്നൊക്കെ പാതിരാത്രി വന്ന് പോലീസ് വീടുകളിലൊക്കെ തിരച്ചില്‍ നടത്തും. ഏട്ടന് പരിചയമുള്ള ഒരു ഇന്‍സ്‌പെക്ടറുണ്ട്. റെയ്‌ഡൊക്കെ വരുമ്പോള്‍ അദ്ദേഹം മുന്‍കൂട്ടി അറിയിക്കും. ഒരു രാത്രി ഞങ്ങളുടെ വീട്ടിലും പോലീസ് കയറി, ഏട്ടനും അറസ്റ്റിലായി. ഒറ്റപ്പാലത്ത് തീവണ്ടി മറിച്ചിടാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്. ആറുമാസം കണ്ണൂര്‍ ജയിലില്‍ കൊണ്ടിട്ടു. അതോടെ വീണ്ടും സാമ്പത്തികബുദ്ധിമുട്ടു തുടങ്ങി.. അമ്മ വീട്ടിലെ കട്ടിലും അലമാരയും എല്ലാം വിറ്റുതുടങ്ങി. ഞങ്ങളൊന്നും പഠിക്കാന്‍ പോകാതായി.

ആ കാലം എങ്ങനെ അതിജീവിച്ചു?

പാലക്കാട് വിക്ടോറിയ കോളേജില്‍ ഏട്ടന്റെ കൂടെ പഠിച്ചിരുന്ന ഒരാളുണ്ട്, കിഴക്കേ കോലോത്തെ ഒരു തമ്പ്രാന്‍. കെ.സി.കെ.രാജ. അദ്ദേഹം ഏട്ടത്തിയെ വിവാഹം ചെയ്തു. അതോടെ ഞങ്ങളുടെ കുടുംബത്തിനൊരു സപ്പോര്‍ട്ട് കിട്ടി. അപ്പോഴേക്കും അമ്മാവന്‍മാരും കുറച്ചൊക്കെ അയഞ്ഞുതുടങ്ങി. ചെറിയ അമ്മാവന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. അച്ഛനില്ലാത്തതിന്റെ ഒരു കോട്ടം നികത്തിയത് ആ അമ്മാവനാണ്. നാട്ടിലെ രാഷ്ട്രീയത്തില്‍ നിന്നൊക്കെ ഒന്നുവിട്ടുകിട്ടാന്‍ വേണ്ടി ഏട്ടനെ അമ്മാവന്‍ കുറച്ചുകാലം ബോംബെയില്‍ കൊണ്ടുനിര്‍ത്തിയിരുന്നു. പക്ഷേ ഏട്ടന്‍ നിന്നില്ല.

കമ്യൂണിസ്റ്റ് നേതാക്കളുമായൊക്കെ അടുത്തബന്ധമുണ്ടായിരുന്നു ഏട്ടന്?

ഇ.എം.എസ്സും എകെജിയുമായൊക്കെ വലിയ അടുപ്പമുണ്ട്. എന്നാലും അവരോടുള്ള വിമര്‍ശനമൊക്കെ തുറന്നുപറയുകയും ചെയ്യും. ഇഎംഎസ് വലിയ ബുദ്ധിമാനാണ്, അതേപോലെ ഭയങ്കര സമര്‍ത്ഥനുമാണെന്നാണ് ഏട്ടന്‍ പറയുക. ''നമ്പൂരിക്ക് നല്ല സൂത്രപ്പണി ഉണ്ട്. നമ്പൂരിയുടേതായ എല്ലാം ഇഎംഎസിനുവേണം,അതിനപ്പുറം ചെയ്യാന്‍ ഒരിക്കലും തയ്യാറായിട്ടില്ല. കല്യാണം കഴിച്ചതുപോലും നമ്പൂര്യാരെത്തന്നെയാണ്.'' എന്നൊക്കെ വിമര്‍ശിക്കും. എന്നാലും മറ്റുള്ള തരത്തിലൊക്കെ സ്‌നേഹവും സൗഹൃദവുമൊക്കെ ഉണ്ടായിരുന്നു.

എ.കെ.ജി.യോട് ഏട്ടന് ഭയങ്കര സ്‌നേഹമായിരുന്നു. വടക്കെമലബാറിന്റെ ആ നിര്‍മലത എ.കെ.ജി.ക്കുണ്ടായിരുന്നു എന്നാണ് പറയാറ്. വീട്ടില്‍ ഒരുമിച്ചിരിക്കുമ്പോള്‍ എ.കെ.ജി. ഒരുപാട് തമാശ പറയുന്നതു കേള്‍ക്കാം. ഏട്ടനും വലിയ തമാശക്കാരനാ. ആ തമാശയിലൂടെ അങ്ങോട്ടുമിങ്ങോട്ടും കളിയാക്കും. മറ്റ് സഖാക്കളെക്കുറിച്ചുള്ള തമാശകളൊക്കെ പങ്കുവെക്കും. ഇ.എം.എസിന്റെ വിക്ക് എ.കെ.ജി. നന്നായി അനുകരിക്കുമായിരുന്നു.

പിന്നെയെപ്പോഴാണ് സിപി പത്രപ്രവര്‍ത്തനത്തിലേക്കും ഡല്‍ഹിവാസത്തിലേക്കും തിരിയുന്നത്

പാര്‍ട്ടിയുടെ നിരോധനം നീക്കിയ സമയം. ഏട്ടന്‍ ജയിലില്‍നിന്ന് തിരിച്ചുവന്നു. അപ്പോള്‍ ഇഎംഎസ് പറഞ്ഞു,ഡല്‍ഹിയില്‍ വന്ന് ന്യൂഏ ജില്‍ ചുമതലയെടുക്കണമെന്ന്. അവിടെ പോയി. അന്നൊക്കെ 70 രൂപ ശമ്പളം കിട്ടും. അതില്‍ 35 രൂപ പാര്‍ട്ടി ലെവിയായി പോവും. ബാക്കിപണം കൊണ്ട് ഏട്ടന് കുടുംബം നോക്കണം. കമ്പിളി വാങ്ങാന്‍ കാശില്ലാതെ ഏട്ടന്‍ ഡല്‍ഹിയില്‍ തണുപ്പത്ത് കിടന്നിട്ടുണ്ട്.

കുറച്ചുകഴിഞ്ഞ് ഏട്ടന്‍ പാര്‍ട്ടിയില്‍നിന്ന് തെറ്റി. ശങ്കേഴ്‌സ് വീക്കിലിയില്‍ ചേര്‍ന്നു. എടത്തട്ട നാരായണന്‍,അരുണ ആസഫലി,ആര്‍.പി.നായര്‍ ഇവര്‍ നാലുപേരും ചേര്‍ന്നിട്ടാണ് അതില്‍ ജോലി. എടത്തട്ടയും അരുണ ആസഫലിയും അതിനുമുമ്പേ കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടിരുന്നു.ശങ്കേഴ്‌സ് വീക്കിലിയില്‍ എഴുത്തുതുടങ്ങിയപ്പോള്‍ ഇ.എം.എസ്. ഏട്ടനോട് ചോദിച്ചു. ''പാര്‍ട്ടിക്കെതിരായി എഴുതുകയാണോ, എന്താണ് തീരുമാനിച്ചിരിക്കുന്നത്.'' ഏട്ടന്‍ പറഞ്ഞു ഞാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ പോവുന്നില്ലെന്ന്. അങ്ങനെയെങ്കില്‍ നിങ്ങളെ പുറന്തള്ളേണ്ടി വരുമെന്നായി ഇ.എം.എസ്. ഞാന്‍ രാജിക്കത്ത് എഴുതിവെച്ചിരിക്കുകയാണെന്നന്ന് ഏട്ടന്‍ തിരിച്ചടിച്ചു. അതറിഞ്ഞ് എകെജി പറഞ്ഞു, ''ഇങ്ങനെ തുടങ്ങുകയാണെങ്കില്‍ നിങ്ങളുടെ തല കാണില്ല''എന്ന്. ഇപ്പോഴത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല അന്നത്തെത്. അന്ന് കമ്യൂണിസ്റ്റ് സൗഹൃദം എന്നുപറഞ്ഞാല്‍ അത്ര അടുപ്പമുള്ള സൗഹൃദമാണ്. എകെജിയോട് ഏട്ടന്‍ പറഞ്ഞു, ''ആ പേടി എനിക്കില്ല, ഞാന്‍ നിങ്ങളെക്കാള്‍ നല്ലൊരു കമ്യൂണിസ്റ്റാണെന്ന ബോധം എനിക്കുണ്ട്.''

അതുകഴിഞ്ഞാണ് ഹിന്ദുസ്ഥാന്‍ ടൈംസിലൊക്കെ പോവുന്നത്.പതുക്കെപ്പതുക്കെ ഇന്ത്യയിലെ പത്രപ്രവര്‍ത്തകരുടെ ഗുരുവായി മാറുകയായിരുന്നു ഏട്ടന്‍. അന്നത്തെ രാഷ്ട്രീയക്കാരുമായൊക്കെ വലിയ അടുപ്പമുണ്ടായിരുന്നു. നെഹ്‌റുവിനോട് വലിയ ഇഷ്ടമായിരുന്നു. ആകെ ദേഷ്യംകാണിച്ചത് ഇന്ദിരാഗാന്ധിയോട് മാത്രമാണ്. എന്തോ അസുഖമായിട്ട് ഏട്ടന്‍ ഡല്‍ഹിയില്‍ ആസ്പത്രിയില്‍ കിടക്കുകയാണ്. അപ്പോള്‍ ഇന്ദിരാഗാന്ധി കാണാന്‍ വരുമെന്ന് അറിയിച്ചു. തന്നെ കാണാന്‍ വരരുതെന്ന് ഏട്ടന്‍ കര്‍ശനമായി വിലക്കി. അടിയന്തരാവസ്ഥയോടുള്ള ദേഷ്യമായിരുന്നു അത്. വി.കെ. കൃഷ്ണമേനോനുമായി അങ്ങേയറ്റത്തെ അടുപ്പമുണ്ടായിരുന്നു. പിന്നെ രാംമനോഹര്‍ ലോഹ്യയാണ് ചങ്ങാതി, എല്ലാ സ്ത്രീകളും സൗന്ദര്യമുള്ളവരെന്നായിരുന്നു ലോഹ്യയുടെ പക്ഷം. സ്ത്രീകളെ അത്രയ്ക്ക് ഇഷ്ടമാണ്. പക്ഷേ ലോഹ്യ കല്യാണമേ കഴിച്ചില്ല.

ഏട്ടന്റെ വിവാഹമോ?

ശങ്കേഴ്‌സ് വീക്കിലിയില്‍ ഉള്ള സമയത്താണ് ഏട്ടന്‍ ജലബാലയെ പരിചയപ്പെടുന്നത്. മഹാരാഷ്ട്ര കുടുംബത്തില്‍പെട്ട സുരേഷ് വൈദ്യയുടെ മകളായിരുന്നു. ശങ്കേഴ്‌സ് വീക്കിലിയില്‍ നിരൂപണത്തിന് വരുന്ന പുസ്തകങ്ങള്‍ ഏട്ടന്‍ ജലബാലയ്ക്കാണ് കൊടുത്തിരുന്നത്. ഒരിക്കല്‍ അവര്‍ കൊണാട്ട് പ്ലേസിലൂടെ കുറെ നേരം സംസാരിച്ച് നടന്നു. നേരം വൈകിയത് അറിഞ്ഞില്ലത്രേ. വല്ലാതെ വൈകിയപ്പോള്‍ ഇരുവരും ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. അങ്ങനെ തുടങ്ങിയ അടുപ്പമാണ്. ഏട്ടനൊരിക്കല്‍ അവധിക്ക് വന്നപ്പോഴാണ് വിവാഹക്കാര്യം പറയുന്നത്. അമ്മയ്ക്കത് തീരെ ഇഷ്ടമായില്ല. ''നമ്മുടെ കള്‍ച്ചറല്ല. അവരെ കല്യാണം കഴിച്ചുകഴിഞ്ഞാല്‍ എത്രകാലം കൂടെ ഉണ്ടാകുമെന്ന് ഉറപ്പില്ല''എന്നൊക്കെ പറഞ്ഞ് അമ്മ എതിര്‍ത്തുനോക്കി. ഒന്നിനും ഏട്ടന്‍ മറുപടി പറഞ്ഞില്ല. ഡല്‍ഹിയില്‍ വലിയ കോളിളക്കമുണ്ടാക്കി ആ വിവാഹം. വീടുവിട്ടിറങ്ങിയ ജലബാലയും ഏട്ടനും ഒരു പൂജാരിയുടെ കാര്‍മികത്വത്തില്‍ താലികെട്ടുകയായിരുന്നു. അതിസുന്ദരിയായിരുന്നു ജലബാല. പിന്നെ അവര്‍ തമ്മില്‍ എങ്ങനെയാണ് പിണങ്ങിയതെന്നൊന്നും ആര്‍ക്കും അറിയില്ല. ഏട്ടന്‍ അത് ആരോടും ഒരിക്കലും പറഞ്ഞിട്ടില്ല. രണ്ടുമക്കളുണ്ടായിരുന്നു ഇവര്‍ക്ക്. ജലബാല പിന്നെ വേറെ കല്യാണം കഴിച്ചുപോയി. പിന്നത്തെ 25 കൊല്ലം ഏട്ടന്‍ ഒറ്റയ്ക്ക് ഡല്‍ഹിയില്‍ താമസിക്കുകയായിരുന്നു.

പവനനുമായുള്ള ബന്ധമോ?

ഏട്ടന് പവനനുമായി അത്ര വലിയ അടുപ്പമുണ്ടായിരുന്നില്ല. പവനന് അങ്ങോട്ടുമുണ്ടായിരുന്നില്ല. ഏട്ടന്റെ മദ്യപാനത്തോടും ചിലനേരങ്ങളിലുള്ള സ്വഭാവത്തോടുമൊക്കെ നല്ല വിയോജിപ്പുണ്ടായിരുന്നു. പിന്നെ ഏട്ടന്‍ എല്ലാവരെയും കളിയാക്കും. അതിലും പവനന് കുറച്ചൊക്കെ എതിര്‍പ്പുണ്ടായിരുന്നു. ഏട്ടനുമായി സംസാരിക്കുമ്പോഴൊക്കെ പവനനൊന്ന് വിട്ടുനില്‍ക്കും. പിന്നെ പവനനുമായുള്ള എന്റെ വിവാഹത്തോട് പണ്ടേ ഏട്ടന് താത്പര്യം ഒന്നുമുണ്ടായിരുന്നില്ല. അന്ന് പവനന്‍ പൗരശക്തിയിലാണ്. അവിടുത്തെ ജോലിക്ക് വലിയ ശമ്പളമൊന്നുമില്ല. അനിയത്തി കല്യാണം കഴിഞ്ഞാലും ബുദ്ധിമുട്ടി ജീവിക്കേണ്ടി വരുമെന്ന് ചിന്തിച്ചാവും എതിര്‍പ്പ് കാണിച്ചത്.

സി.പി എന്തുകൊണ്ടാണ് ഡല്‍ഹി വിടാന്‍ തീരുമാനിക്കുന്നത്

ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുവരാന്‍ ഒരിക്കലും ഏട്ടന് ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ ചലപതി റാവു എന്ന സുഹൃത്തിന്റെ മരണം ഏട്ടന് വലിയ ഷോക്കായി.ഇന്ത്യയാകെ അറിയുന്ന ആ പത്രപ്രവര്‍ത്തകന്‍ മരിച്ചിട്ട് മൂന്നാലുദിവസം ആരും തിരിച്ചറിയാതെ മോര്‍ച്ചറിയില്‍ കിടന്നു. ഡല്‍ഹിയില്‍ വെച്ച് മരിച്ചാല്‍ താനും ഇങ്ങനെത്തന്നെയാവുമെന്ന് ഏട്ടനും പേടിച്ചു. അങ്ങനെയാണ് ട്രെയിന്‍ കയറി പറളിക്ക് പോന്നത്. പിന്നെ മരണം വരെ ഏട്ടന് ഒരുപാട് ഇഷ്ടമുള്ള ആ അനിയത്തിയുടെ കൂടെത്തന്നെയായിരുന്നു.