MATHRUBHUMI RSS
Loading...
നമ്പര്‍ വണ്‍, ഒന്നല്ല അഞ്ചുവട്ടം
കെ.ആര്‍.ബൈജു

അമേരിക്കന്‍ എഴുത്തുകാരനായ ക്രിസ്റ്റഫര്‍ പൗലീനിയുടെ 'ഇന്‍ഹെറിറ്റന്‍സ്' എന്ന നോവലിന്റെ വായനവഴിയിലൂടെ കടന്നുപോയപ്പോള്‍ തന്റെ ആസ്വാദനശീലങ്ങളില്‍ ഏറ്റവും രസമുള്ള അനുഭവം ഫാന്റസിയാണെന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടിയാണ് അര്‍ച്ചന. കഴിവുകള്‍ പരമാവധി പുറത്തെടുക്കാനും അതിനെ കഠിനപ്രയത്‌നത്തിന്റെ മൂശയിലിട്ട് വാര്‍ത്തെടുക്കാനും കഴിഞ്ഞതില്‍ നിന്നു തുടങ്ങുന്നു അര്‍ച്ചനയുടെ വിജയത്തിന്റെ ആദ്യപടികള്‍. ഈ പെണ്‍കുട്ടിയുടെ രീതികളില്‍ പഠനം ഒരിക്കലും വിരസമായ പ്രക്രിയ അല്ല.

ടെന്‍ഷനടിച്ച് പരീക്ഷാഹാളില്‍ കയറുന്നവര്‍ക്ക് ഉത്കണ്ഠ ശീലമില്ലാത്ത ഒരു വിദ്യാര്‍ഥിയുടെ വിജയ മന്ത്രങ്ങള്‍ ഏറെ സഹായകരമാകും. രാജ്യത്തെ പ്രധാനമെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ അഞ്ച് ഒന്നാം റാങ്ക് കരസ്ഥമാക്കിയതിന്റെ രഹസ്യം ചോദിച്ചപ്പോള്‍ പുഞ്ചിരിയായിരുന്നു മറുപടി. പിന്നെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളില്‍ പറഞ്ഞു-പഠനത്തെ ഗൗരവമായി കണ്ടതിന്റെ, മുന്‍ വര്‍ഷത്തെ ചോദ്യപ്പേപ്പറുകള്‍ ശേഖരിച്ച് പരിശീലിച്ചതിന്റെ ഫലമാണിത്.

ബാംഗ്ലൂര്‍ ഇന്ദിരാനഗറിലെ നാഷണല്‍ പബ്ലിക് സ്‌കൂളിലെ ജീവശാസ്ത്ര അധ്യാപിക അനുപമ മേത്താനിയുടെ വാക്കുകളില്‍ ടിപ്പിക്കല്‍ പുസ്തകപ്പുഴുവായ വിദ്യാര്‍ഥിയായിരുന്നില്ല അര്‍ച്ചന. 'അയ്യോ, കുന്നോളം പഠിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്കൊടുന്ന പഠിപ്പിസ്റ്റുകള്‍ ഏറെയുണ്ട്. അവര്‍ക്കിടയില്‍ വേറിട്ട സ്വഭാവസവിശേഷതകളാണ് അര്‍ച്ചനയെ മാറ്റിനിര്‍ത്തിയത്. നല്ല തമാശ പറയാനും ഇഷ്ടപ്പെട്ട സിനിമകള്‍ കാണാനും സുഹൃത്തുക്കളോടൊപ്പം സല്ലപിക്കാനുമൊക്കെ അവള്‍ സമയം കണ്ടെത്തി'- അനുപമ മേത്താനി പറഞ്ഞു. ക്ലാസ്മുറിയില്‍ പുലര്‍ത്തുന്ന അതീവ ശ്രദ്ധയും പാഠഭാഗങ്ങളെ കൃത്യതയോടെ വിലയിരുത്തുന്നതിലെ സൂക്ഷ്മതയും അര്‍ച്ചന വിജയത്തിന്റെ പടവുകളായി മാറ്റുകയായിരുന്നു.

പക്ഷേ അര്‍ച്ചന, എന്തൊക്കെപ്പറഞ്ഞാലും പഠനം ബോറടിപ്പിക്കുന്ന ഒരു സംഗതി തന്നെയല്ലേ?

എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. പഠനം ബോറാകുമെന്ന് തോന്നുന്ന നിമിഷം ഞാനെന്റെ പ്രിയപ്പെട്ട കര്‍ണാട്ടിക് രാഗങ്ങള്‍ പാടും. സംഗീതം പഠിക്കുന്നതുകൊണ്ട് പ്രത്യേകമായ പോസിറ്റീവ് എനര്‍ജി നമ്മിലേക്ക് പ്രവഹിക്കുന്നതായി അനുഭവപ്പെടാറുണ്ട്. ആ ഊര്‍ജ പ്രവാഹത്തിലാണ് ഓരോ കാര്യങ്ങളും ഹൃദിസ്ഥമാകുന്നത്.

മുന്‍വര്‍ഷങ്ങളിലെ ചോദ്യക്കടലാസുകളില്‍ ആവര്‍ത്തിച്ചുവരുന്ന ചോദ്യങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കും. ഒരേ പാറ്റേണിലുള്ള ചോദ്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്ത് ഉത്തരം കണ്ടെത്തുന്നതാണ് എന്റെ രീതി. എന്തെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ വന്നാല്‍ അപ്പോള്‍ തന്നെ പരിഹരിക്കാന്‍ ശ്രമിച്ചു.

അതുതന്നെയാണ് എന്‍ട്രന്‍സ് പരീക്ഷകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സഹായിച്ചത്. പിന്നെ അച്ഛനമ്മമാരുടെ നിര്‍ദേശങ്ങളും അധ്യാപകരുടെ പ്രോത്സാഹനവും കോച്ചിങ് സെന്ററിലെ മികച്ച പരിശീലനവും. പഠനത്തില്‍ നൂറു ശതമാനം പ്രൊഫഷണലിസം കൊണ്ടുവരാനായി എന്നു വേണമെങ്കില്‍ പറയാം. വ്യക്തമായ ആസൂത്രണം കൊണ്ടുമാത്രമാണ് തുടര്‍ച്ചയായി പ്രവേശന പരീക്ഷകളില്‍ ഒന്നാം റാങ്ക് കിട്ടിയത്.

ലക്ഷ്യബോധത്തോടെയുള്ള പരിശ്രമം. കൃത്യമായ ആസൂത്രണവുമുണ്ടായി.പഠനകാലത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ക്ലാസുകള്‍ക്ക് കാത്തുനില്‍ക്കാതെ പാഠഭാഗങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടാക്കി.പത്തു പതിനഞ്ചു വര്‍ഷത്തെ എന്‍ട്രന്‍സ് ചോദ്യക്കടലാസുകള്‍ സമ്പാദിച്ചിരുന്നു. അത് ആവര്‍ത്തിച്ചു പരിശീലിച്ചു. ഒന്നും ബാക്കിവെക്കുന്ന ശീലമുണ്ടായിരുന്നില്ല. പരീക്ഷകളെ പേടിക്കാതെ പഠനകാലത്തെ ആഘോഷമാക്കി മാറ്റി. പാട്ടു കേള്‍ക്കുന്നതിനും സിനിമ കാണുന്നതിനും കൂട്ടുകാരുമൊത്ത് പുറത്തുപോകുന്നതിനുമൊന്നും വീട്ടില്‍ വിലക്കുണ്ടായിരുന്നില്ല. സ്ഥിരം 'പഠീ പഠീ...' എന്ന പല്ലവിയുമുണ്ടായില്ല.

മെട്രോ നഗരങ്ങളിലെ പഠനമാണോ വിജയത്തിനടിസ്ഥാനം?

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് ഡോക്ടറാവുക എന്ന ആഗ്രഹം. വെറുതെ ഡോക്ടറാകണം എന്നു പറയുന്നതില്‍ കവിഞ്ഞ് സഹജമായ ഒരു താത്പര്യമായിരുന്നു അത്. ലക്ഷ്യബോധത്തോടെയുള്ള പഠനം കരിയറില്‍ സ്ഥിരതയാര്‍ന്ന നേട്ടങ്ങള്‍ക്ക് കാരണമായി. രണ്ടാം ക്ലാസ്സുവരെ ചെന്നൈ ചിന്മയ സ്‌കൂളിലായിരുന്നു പഠനം. പിന്നെ ബാംഗ്ലൂര്‍ കന്ദനഹള്ളിയിലെ റയന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍. അഞ്ചാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ ഇന്ദിരാനഗര്‍ നാഷണല്‍ പബ്ലിക് സ്‌കൂളില്‍. ചെന്നൈയിലും ബാംഗ്ലൂരിലുമായി പഠിച്ചതുകൊണ്ട് ഞാനൊരു മെട്രൊ പെണ്‍കുട്ടിയായി എന്നത് സത്യമാണ്.

ഡോക്ടര്‍, എന്‍ജിനീയര്‍... അതിനപ്പുറം മാറിയ കാലത്തിനനുസരിച്ച് പുതിയൊരു പ്രൊഫഷനില്‍ താത്പര്യം തോന്നിയിരുന്നില്ലേ?

മറ്റൊരു പ്രൊഫഷനെയും വിലകുറച്ചു കാണുന്നില്ല. ഇപ്പോള്‍ ഞാനിഷ്ടപ്പെട്ട ആതുരസേവനമെന്ന തൊഴിലില്‍ എത്തിപ്പെടാന്‍ കഠിനപ്രയത്‌നം നടത്താനാണ് തീരുമാനം. മാറിയ കാലത്തിന്റെ ഗതിവേഗങ്ങള്‍ക്കനുസരിച്ച് പുതിയ ജോലികള്‍ നമുക്കുമുമ്പിലെത്തുന്നുണ്ട്. എന്റെ രക്ഷിതാക്കള്‍ എന്‍ജിനീയറും ഡോക്ടറുമായതുകൊണ്ടാകാം ഇങ്ങനെയൊരു ജോലിയോട് താത്പര്യം തോന്നാന്‍ കാരണം. ഫിസിക്‌സാണ് ഏറെ ഇഷ്ടപ്പെട്ട വിഷയം. എങ്കിലും മെഡിസിനാണ് ലക്ഷ്യം.

ഏത് സ്ഥാപനത്തില്‍ പഠിക്കും എന്നത് മെഡിസിന്‍ പഠനത്തെ സംബന്ധിച്ച് വളരെ പ്രധാനമാണല്ലോ?

ഡല്‍ഹി എ.ഐ.ഐ.എം.എസ്സില്‍ തന്നെയാണ് പഠനം എന്ന് തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു. പഠനം ബിരുദതലത്തിലേക്കാണ് നീങ്ങുന്നത്. രാജ്യത്തെ ഏറ്റവും പ്രമുഖമായ മെഡിസിന്‍ പഠനകേന്ദ്രത്തില്‍ പഠിക്കാന്‍ കഴിയുന്നത് എന്റെ കരിയറില്‍ ഇനിയും പുരോഗതി കൊണ്ടുവരുമെന്ന വിശ്വാസമുണ്ട്. അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനാണ് തീരുമാനം. ഡോക്ടറാകാന്‍ പഠിക്കുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ചോദ്യമുണ്ട്. ഏതു സ്‌പെഷ്യാലിറ്റിയിലാണ് താത്പര്യമെന്നത്. അങ്ങനെയൊരു ഇഷ്ടം ഇപ്പോള്‍ പറയാനാകില്ല. കോഴ്‌സിന്റെ രീതിയനുസരിച്ച് പാകപ്പെട്ടുവരുന്ന താത്പര്യങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും അത് തിരഞ്ഞെടുക്കുക.

കുടുംബം, മറ്റു വിശേഷങ്ങള്‍...

അച്ഛന്‍ ശശി തിരുവില്വാമല പാമ്പാടി ചെമ്മന്‍കോട്ടില്‍ കുടുംബാംഗമാണ്. ബാംഗ്ലൂരിലെ ടോട്ടല്‍ ഓയില്‍ ഇന്ത്യാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. അമ്മ ഒറ്റപ്പാലം ചുനങ്ങാട് വെങ്ങാലില്‍ കുടുംബാംഗവും ജി.എം.പാളയ നേത്രജ്യോതി ആസ്പത്രിയിലെ ഡോക്ടറുമാണ്. സഹോദരി ഐശ്വര്യ ഇന്ദിരാനഗര്‍ നാഷണല്‍ പബ്ലിക് സ്‌കൂളിലെ 10 ാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. കുടുംബമൊന്നിച്ച് ബാംഗ്ലൂര്‍ മാറത്തഹള്ളി പൂര്‍വ ഫൗണ്ടന്‍ സ്‌ക്വയര്‍ ഫ്ലാറ്റിലാണ് താമസം.

ഇഷ്ടങ്ങള്‍...

വായന സുഖമുള്ളഅനുഭവം തന്നെയാണ്. അക്ഷരങ്ങള്‍ കാണുമ്പോള്‍ എല്ലാം മറക്കുന്നു. ഇടവേളകളില്‍, വെക്കേഷനുകളില്‍ പുസ്തകങ്ങളാണെന്റെ യഥാര്‍ഥ കൂട്ടുകാര്‍. ലോകസാഹിത്യം ഇഷ്ടമാണ്. ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡ്, ജെ.കെ.റൗളിങ്ങിന്റെ ഹാരിപോട്ടര്‍ എന്നിവയൊക്കെ ഇഷ്ടപ്പെട്ട കൃതികളാണ്. ക്രിസ്റ്റഫര്‍ പൗലീനിയുടെ 'ഇന്‍ഹെറിറ്റന്‍സ്' ആണ് അവസാനം വായിച്ച പുസ്തകം. മലയാളത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല. പിന്നെ ഹിന്ദി, ഇംഗ്ലീഷ് സിനിമകളും ഇഷ്ടമാണ്.