MATHRUBHUMI RSS
Loading...
മറുനാട് എന്നെ മാറ്റിയെടുത്തു
മധു.കെ.മേനോന്‍

മലയാളം അവഗണിക്കുന്ന നടിമാര്‍ മറുനാട്ടില്‍ വിജയക്കൊടി പാറിക്കുന്നത് എന്തുകൊണ്ട്? ഷംന കാസിമിന്റെ മറുപടി...


മൂന്നാം വയസിലാണ് ഷംന റോളര്‍സ്‌കേറ്റര്‍ ആദ്യമായി കാലിലണിയുന്നത്. രണ്ട് ചുവടു വെച്ചപ്പോള്‍ നല്ലൊരു വീഴ്ച വീണു. 'എനിക്കിതു വയ്യേ' എന്നു പറഞ്ഞ് കരഞ്ഞപ്പോള്‍ അവളോട് അച്ഛന്‍ കാസിമാണ് പറഞ്ഞത്, 'വീഴ്ചകളിലൂടെ വേണം വിജയത്തിലെത്താന്‍' എന്ന്. പിന്നീട് റോളര്‍ സ്‌കേറ്റിങ്ങില്‍ പ്രായം കുറഞ്ഞ ദേശീയ ചാമ്പ്യനായി ഷംന.

കീഴടങ്ങാന്‍ കൂട്ടാക്കാത്ത മനസ്സാണ് സിനിമയിലും ഷംനയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്. മലയാളത്തില്‍ അത്ര വലുതല്ലാത്ത വേഷങ്ങളിലായിരുന്നു തുടക്കം. ഒടുവില്‍ തമിഴിലേക്ക് 'രക്ഷപ്പെട്ട' ഷംന അവിടെ തിരക്കുള്ള നടിയായി. 'പൂര്‍ണ' എന്ന് പേരും മാറ്റി. പിന്നെ തെലുങ്ക്, കന്നട ഭാഷകളിലും വിജയം.

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 'ചട്ടക്കാരി'യിലൂടെ മലയാളത്തിലേക്ക് മടങ്ങിവരുകയാണ് ഷംന. ആ സിനിമയിലെ കോസ്റ്റ്യും 'ഹോട്ട് ടോക്കാ'യി സോഷ്യല്‍ സൈറ്റുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ 'ഇതൊക്കെ എത്ര കണ്ടതാ' എന്ന ഭാവം ഷംനയ്ക്ക്.

മലയാളത്തില്‍ ആദ്യമായാണല്ലോ നായികയാവുന്നത്?

മലയാളികള്‍ എന്നെ ഡാന്‍സര്‍ എന്ന നിലയില്‍ ആദ്യമേ അംഗീകരിച്ചിരുന്നു. നടിയായി അംഗീകരിക്കാന്‍ അല്പം വൈകി. ഒരുപക്ഷേ അതെന്റെ കുഴപ്പമാകാം. ഞാന്‍ ആദ്യമായി നായികയായത് തമിഴിലാണ്. അതോടെ എന്റെ താത്പര്യം മുഴുവന്‍ അങ്ങോട്ടു പോയി. ഇടയ്ക്ക് ദിലീപിന്റെ നായികയായി ചാന്‍സ് വന്നെങ്കിലും തിരക്കു കാരണം ചെയ്യാന്‍ പറ്റിയില്ല. ഇതൊക്കെ എനിക്ക് മലയാളം സിനിമ ചെയ്യാന്‍ താത്പര്യമില്ല എന്ന ധാരണ ഉണ്ടാക്കിയിരിക്കാം. എന്തായാലും നീണ്ട കാത്തിരിപ്പിന് ഗുണമുണ്ടായി. മലയാളത്തില്‍ തിരിച്ചുവരികയാണെങ്കില്‍ അതൊരു നല്ല വേഷമായിരിക്കണം എന്ന ആഗ്രഹം ചട്ടക്കാരിയിലൂടെ സാധിച്ചു.

ഗ്ലാമറസ്സാകാന്‍ വയ്യെന്ന് പറഞ്ഞ് നിത്യാമേനോനും മൈഥിലിയുമൊക്കെ നിരസിച്ച വേഷമാണിത്

ഫ്രോക്ക് കംഫര്‍ട്ട് ആകുമോ എന്ന പേടി എനിക്കുമുണ്ടായിരുന്നു. ഫ്രോക്കിനു മുകളില്‍ ബ്ലാക് ഗൗണിട്ടാണ് ആദ്യ ദിവസങ്ങളില്‍ സെറ്റില്‍ പോയത്. ഷൂട്ട് റെഡി പറയുമ്പോള്‍ മാത്രം ഗൗണ്‍ ഊരും. ഫ്രോക്കില്‍ അധികനേരം നില്‍ക്കുന്നത് ഒഴിവാക്കാമല്ലോ. പക്ഷേ പിന്നെയെനിക്കു മനസ്സിലായി, ഞാന്‍ ഏതു ഡ്രസ്സാണ് ധരിച്ചിരിക്കുന്നത് എന്ന് സെറ്റിലുള്ളവര്‍ ഗൗനിക്കുന്നുപോലുമില്ലായിരുന്നു. അതോടെ ഞാന്‍ ഗൗണ്‍ ഉപേക്ഷിച്ചു. ഇന്റിമസി സീനില്‍ അഭിനയിക്കുന്ന നടന്‍, അല്ലെങ്കില്‍ ഓള്‍ ക്രൂ, അവരൊക്കെ നമ്മുടെ വസ്ത്രത്തില്‍ എത്രത്തോളം കംഫര്‍ട്ടാണോ, അതുതന്നെയാണ് നമ്മുടെ കംഫര്‍ട്ട് ലെവലും എന്നെനിക്ക് അന്ന് ബോധ്യപ്പെട്ടു.

മുസ്ലിം പെണ്‍കുട്ടിയുടെ ഗ്ലാമര്‍ പ്രദര്‍ശനം ആളുകളെ ചൊടിപ്പിക്കുമോ?

ഞാന്‍ പള്ളിയില്‍ പഠിച്ച കുട്ടിയാണ്. വര്‍ഷങ്ങളായി ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യുന്നു. ഒരു മുസ്ലിം പെണ്‍കുട്ടി ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുന്നത് വലിയ പ്രശ്‌നമായി വരേണ്ടതാണ്. അതിനുണ്ടാകാത്ത പ്രതിഷേധം ചട്ടക്കാരിയിലെ ഫ്രോക്കിന്റെ കാര്യത്തില്‍ ഉണ്ടാവുമെന്ന് കരുതുന്നില്ല. കണ്ണൂര്‍ മോണ്‍ഡിസോറിയിലും സെന്റ് തെരേസാസ് സ്‌കൂളിലും മുട്ടൊപ്പം വരുന്ന പാവാടയായിരുന്നു എന്റെ യൂണിഫോം. അതിനേക്കാള്‍ മോഡേണല്ല ചട്ടക്കാരിയിലെ ഫ്രോക്ക്. 1974-ല്‍ ലക്ഷ്മി ചേച്ചിയിട്ടപ്പോള്‍ ഫ്രോക്ക് വിവാദമുണ്ടാക്കിയിരിക്കാം. പക്ഷേ ഇതിപ്പോള്‍ 2012 ആയില്ലേ.

മലയാളത്തിലും ഗ്ലാമര്‍ കാലം, അല്ലേ?

തീര്‍ച്ചയായും. ഗ്ലാമര്‍ ഏറ്റവും ആസ്വദിക്കുന്നത് മലയാളികള്‍ തന്നെയായിരുന്നു. പക്ഷേ അംഗീകരിക്കാനുള്ള മനസ്സുണ്ടായിരുന്നില്ല. അതു മാറി. ഇപ്പോഴത്തെ നടിമാരെല്ലാം ഗ്ലാമര്‍ ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ അത്ഭുതപ്പെടുത്തിയത് രമ്യാനമ്പീശനാണ്. ചാപ്പാകുരിശിലേതുപോലുള്ള വേഷം ഒരു മലയാളി നടി ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. എനിക്ക് രമ്യയെ നേരത്തെ അറിയാം. ഞാന്‍ സ്ലീവ്‌ലെസ് ഇട്ട് നടക്കുമ്പോള്‍ പാവാടയും ബ്ലൗസുമായിരുന്നു ആ കുട്ടിയുടെ വേഷം. രമ്യക്ക് ഇങ്ങനെ മാറാന്‍ കഴിയുമെങ്കില്‍ മലയാളത്തില്‍ ഏതു നടിക്കും ഗ്ലാമര്‍ ചെയ്യാന്‍ പ്രയാസമുണ്ടാവില്ല.

ഇവിടെ ക്ലച്ചു പിടിക്കാത്ത നടിമാരാണ് അന്യഭാഷകളില്‍ തകര്‍ക്കുന്നത്

മലയാള സിനിമാക്കാര്‍ അന്യഭാഷാ നടികളെ തേടുമ്പോള്‍ അവിടത്തുകാര്‍ മലയാളി കുട്ടികളെയാണ് അന്വേഷിക്കുന്നത്. മലയാളി കുട്ടികള്‍ ഭയങ്കര സുന്ദരികളാണെന്നാണ് അവര്‍ പറയുന്നത്. വലിയ മുടക്കുമുതലുള്ള സിനിമയാണെങ്കില്‍ തമന്നയെപോലുള്ള മുംബയ് ഗേള്‍ സ്, അഭിനയപ്രാധാന്യമുള്ള വേഷമാണെങ്കില്‍ മലയാളി കുട്ടികള്‍, അതാണവരുടെ രീതി.

മലയാളം അവഗണിച്ചവരാരും അന്യഭാഷയില്‍ മോശമായിട്ടില്ല. അസിന്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയായി. അവരിപ്പോള്‍ മലയാളത്തില്‍ അഭിനയിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. മുമ്പ് തള്ളിപ്പറഞ്ഞവര്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാവും.

'ചിന്ന അസിന്‍' എന്നാണല്ലോ ഷംനയെക്കുറിച്ച് നടന്‍ വിജയ് പറഞ്ഞത്

വിജയിനേക്കാള്‍ മുമ്പ് ഇതു പറഞ്ഞത് നടന്‍ ദിലീപാണ്. പച്ചക്കുതിര ചെയ്യുമ്പോള്‍ എന്നെ ചൂണ്ടി ദിലീപേട്ടന്‍ കമല്‍സാറിനോട് പറഞ്ഞു, 'ഈ കുട്ടിയെ കാണാന്‍ ശരിക്കും അസിനെപോലെയുണ്ട്' എന്ന്. അതു ശരിയാണെന്ന മട്ടില്‍ കമല്‍സാറും ചിരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം 'മുനിയാണ്ടി' കണ്ടാണ് വിജയ് 'ചിന്ന അസിന്‍' എന്നു വിളിച്ചത്. അത് തമിഴില്‍ എനിക്ക് ഒത്തിരി പബ്ലിസിറ്റി നല്‍കി.

മറുനാട്ടില്‍ പോയി മടങ്ങിവരുമ്പോള്‍ നടിമാരുടെ ശരീരഭാഷ പോലും മാറുന്നു!

അഭിനയത്തിന്റെ പ്രൊഫഷണലിസം പഠിക്കണമെങ്കില്‍ അന്യഭാഷയില്‍ പോകണം. ശരീരം എങ്ങനെ സംരക്ഷിക്കണമെന്ന് എനിക്ക് മനസ്സിലായത് തമിഴില്‍ പോയശേഷമാണ്. അവിടെ ഒരുപാട് നല്ല ടിപ്‌സുകള്‍ പറഞ്ഞുതരാന്‍ പറ്റിയ ആളുകളുണ്ട്.

തടിച്ച ശരീരമാണെങ്കില്‍ ഇക്കാലത്ത് മലയാളത്തില്‍ മാത്രമേ അഭിനയിക്കാന്‍ പറ്റൂ. ആ ശരീരവുമായി തമിഴില്‍ പോയാല്‍ 'അക്കാ ഉങ്കളക്ക് ആന്റിവേഷം പോതും' എന്നായിരിക്കും മറുപടി.

'അല്പം തടിച്ചല്ലോ' എന്നാരെങ്കിലും സംശയം പറഞ്ഞാല്‍ മതി ഞങ്ങള്‍ക്ക് ടെന്‍ഷനാണ്. കൂടെ അഭിനയിക്കുന്ന നായകനടന്മാര്‍തന്നെ ഇതു പറയുമ്പോള്‍ നാണക്കേടുകൊണ്ട് ചൂളിപ്പോകാറുണ്ട്. അല്പം തടിയുള്ള നായികമാര്‍ക്കൊപ്പം അഭിനയിച്ചാല്‍ ഇമേജു പോകുമെന്ന് കരുതുന്നവരാണ് പല നടന്മാരും. അതേസമയം മെലിഞ്ഞ ശരീരവുമായി മലയാളത്തില്‍ അഭിനയിക്കാന്‍ വന്നാല്‍ 'എന്താ...ടൈഫോയ്ഡ് പിടിച്ചോ' എന്നായിരിക്കും ചോദ്യം.

ശരീരം കാണിക്കാതെ അന്യഭാഷയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ലേ?

ശരീരം കാണിച്ച് അഭിനയിക്കണമെന്ന് ഒരു നടിയും ആഗ്രഹിക്കില്ല. പലപ്പോഴും സ്‌ക്രിപ്ട് പറയുമ്പോള്‍ തീരുമാനിക്കുന്ന കോസ്റ്റ്യൂമല്ല ക്യാമറക്ക് മുന്നില്‍ ധരിക്കേണ്ടിവരിക. 'കുട്ടിക്ക് ഈ മോഡേണ്‍ ഡ്രസ് കൊള്ളാം' എന്നൊക്കെ പറഞ്ഞ് നമ്മളെയങ്ങ് പൊക്കിവെക്കും. അവരുടെ വാക്കുകളില്‍ വീണുപോകാതിരിക്കുക എന്നതാണ് പ്രധാനം.

ആദ്യ തെലുങ്ക് സിനിമയില്‍ ഉണ്ടായ അനുഭവമാണ്. ഒരു ദിവസം ഒരു സെറ്റ് സ്‌പോര്‍ട്‌സ് ബ്രായും ടൈറ്റ്‌സും തന്നിട്ട് അതണിഞ്ഞു വരാന്‍ പറഞ്ഞു. സ്‌ക്രിപ്ട് പറയുമ്പോള്‍ പറയാത്ത കാര്യമാണ്. എനിക്ക് കരച്ചില്‍ വന്നുപോയി. 'ഷംനക്ക് ആ വസ്ത്രം ചേരും' എന്നൊക്കെ പറഞ്ഞ് പലരും വന്നു. ഞാന്‍ പക്ഷേ വഴങ്ങിയില്ല.

അന്യഭാഷയില്‍ സ്ഥിരമായുള്ള ഏര്‍പ്പാടാണ് ഡ്രീം സോങ്‌സ്. അതുണ്ടെങ്കില്‍ നായികയുടെ കാര്യം കഷ്ടമാണ്. സിനിമയില്‍ ഹാഫ് സാരി മാത്രമുടുക്കുന്ന നാട്ടിന്‍പുറത്തുകാരിയുടെ വേഷമാണെങ്കില്‍ പോലും സ്വപ്‌നം കാണുന്ന സീനില്‍ അവളുടെ വസ്ത്രം മോഡേണായി മാറും. നായകന്‍ സ്വപ്‌നം കാണുന്ന സീനല്ലേ. നായികയെ ഏതു വസ്ത്രത്തിലും സ്വപ്‌നം കാണാന്‍ നായകന് അവകാശമുണ്ടല്ലോ.
നിങ്ങള്‍ യുവനടിമാര്‍ക്കിടയില്‍ മത്സരമുണ്ടോ.

പുഴയില്‍ മീന്‍ പൊടിയണപോലെയാണ് പുതിയ നായികമാരുടെ വരവ്. പലരും പൈസയ്ക്കു വേണ്ടിയല്ല ഫെയിം ഉദ്ദേശിച്ചാണ് വരുന്നത്. ഗ്ലാമറസ്സാകാന്‍ തയ്യാറായിട്ടുതന്നെ. ഇതിനിടയില്‍ പിടിച്ചു നില്‍ക്കുക പ്രയാസമാണ്. ആ ഒരു ടെന്‍ഷന്‍ എല്ലാവര്‍ക്കുമുണ്ട്.

കല്യാണമൊക്കെ വേണ്ടേ?

(റൗലാദ്-കാസിം ദമ്പതികള്‍ക്ക് അഞ്ച് മക്കളാണ് - ആരിഫ, ഷരീഫ, ഷാനവാസ്, ഷൈന, ഷംന) വീട്ടിലെ ഇളയ കുട്ടിയായതുകൊണ്ടാകാം എനിക്ക് എല്ലാ കാര്യത്തിലും അമ്മയുടെ ഹെല്‍പ്പ് വേണം. ഭക്ഷണം, സൗന്ദര്യം, ഡ്രസ്... എല്ലാത്തിലും അമ്മയുടെ സെലക്ഷനാണ് ഞാന്‍ നോക്കാറ്. 'ഇക്കാര്യത്തിലൊക്കെ സ്വന്തമായി തീരുമാനമെടുക്കാന്‍ എന്നു പഠിക്കുന്നുവോ അന്നേ നിന്നെ കെട്ടിച്ചുവിടൂ' എന്നാണ് അമ്മ പറയുന്നത്.

എനിക്ക് ആരോടും പ്രണയമില്ല. പക്ഷേ, ആണ്‍സുഹൃത്തുക്കള്‍ ഉണ്ട്. എന്റെ പ്രോബ്ലമായിരിക്കാം, ഞാനുമായി സൗഹൃദത്തിലാകുന്ന ആരും എന്നെ ഇന്നേവരെ പ്രൊപ്പോസ് ചെയ്തിട്ടില്ല.

ലിവിങ് ടുഗതര്‍ ബന്ധത്തോട് എനിക്ക് യോജിപ്പില്ല. കുറച്ചുകാലം ഒരാള്‍ക്കൊപ്പം ജീവിച്ചശേഷം'ബൈ ബൈ' പറഞ്ഞ് മറ്റൊരാളെ തേടിപ്പോകുവാന്‍ ഭാര്യാഭര്‍തൃബന്ധമെന്താ ടിഷ്യൂ പേപ്പറോ മറ്റോ ആണോ. ഞാനൊരു ബന്ധത്തിനിറങ്ങും മുമ്പ് പല കാര്യങ്ങളും ആലോചിക്കും, ഈ ബന്ധം നമുക്ക് നല്ലതാണോ? വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമാകില്ലേ? എന്നൊക്കെ.

നടിയായതിന്റെ ലാഭനഷ്ടങ്ങള്‍

ലാഭംതന്നെയാണ് കൂടുതല്‍. നാലു ഭാഷകളിലായി 20 സിനിമകളില്‍ അഭിനയിച്ചു. തെലുങ്കില്‍ 'അവനു', തമിഴില്‍ 'അര്‍ജുനന്‍ കാതലി' ഉടന്‍ റിലീസാവും. 'മുനിയാണ്ടി'യിലെ മധുമതിയും 'ദ്രോഹി'യിലെ മലരും 'ചട്ടക്കാരി'യിലെ ജൂലിയുമൊക്കെ നന്നായി ചെയ്തുവെന്ന സന്തോഷമുണ്ട്.

പൈസ സമ്പാദിച്ചിട്ടും വയറു നിറയെ രുചിയുള്ള ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല എന്നതാണ് നഷ്ടം. ബീഫ് ബിരിയാണി എനിക്കിഷ്ടമാണ്. പക്ഷേ ഞാനത് കഴിച്ചിട്ട് എത്രയോ കാലമായി. ചേച്ചിമാരൊക്കെ രുചിയുള്ള ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ നോക്കിയിരിക്കും. ഞാനപ്പോള്‍ ഡയറ്റിങ്ങിലായിരിക്കും.