MATHRUBHUMI RSS
Loading...
ഗ്ലാമര്‍=സൗന്ദര്യം, സന്തോഷം, സ്വാതന്ത്ര്യം
മധു.കെ.മേനോന്‍

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടും തെന്നിന്ത്യന്‍ നടി പ്രിയാമണി എന്തുകൊണ്ട് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നു? അസാധാരണമായ ഒരു തുറന്നുപറച്ചില്‍...ചെറുപ്പത്തില്‍ പ്രിയാമണിക്ക് ഡാന്‍സിനോടായിരുന്നു പ്രിയം. സ്‌കൂളില്‍ എന്തു പരിപാടിയുണ്ടെങ്കിലും പ്രിയയുടെ ഒരു ഡാന്‍സെങ്കിലും കാണും. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ പ്രിയതന്നെ തന്റെ വഴി തിരിച്ചറിഞ്ഞു, 'മോഡലിങ് പഠിക്കണം'. അതിനായി മദ്രാസിലെത്തി. ചില പരസ്യങ്ങള്‍ ചെയ്തു. അപ്പോഴതാ വരുന്നു സംവിധായകന്‍ ഭാരതിരാജയുടെ കോള്‍, 'കണ്‍കളില്‍ കൈതി സെയ്'ല്‍ നായികാവേഷം.

അതുകഴിഞ്ഞ്, ബാലുമഹേന്ദ്രയുടെ 'അത് ഒരു കനാകാലം'. പക്ഷേ, പ്രിയാ വാസുദേവ മണി അയ്യര്‍ എന്ന പാലക്കാടന്‍ പട്ടത്തിക്കുട്ടിയുടെ അഭിനയത്തികവറിയാന്‍ പിന്നെയും നാലുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. അമീര്‍ സംവിധാനം ചെയ്ത 'പരുത്തിവീരന്‍' സിനിമയിലെ 'മുത്തഴക്' മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. വിനയന്റെ 'സത്യ'ത്തിലൂടെ മലയാളത്തിലെത്തിയ പ്രിയ രഞ്ജിത്തിന്റെ 'തിരക്കഥ'യിലെ മാളവികയായി മലയാളികളേയും കൈയിലെടുത്തു.

പക്ഷേ, അതിഗ്ലാമര്‍ വേഷങ്ങള്‍ യാതൊരു മടിയും കൂടാതെ അഭിനയിക്കാന്‍ തുടങ്ങിയതോടെ പ്രിയാമണി ലക്ഷ്യബോധമില്ലാത്ത നടിയാണെന്ന് സിനിമാലോകം വിലയിരുത്താന്‍ തുടങ്ങി. ''അവരെപ്പോലെ കഴിവുള്ള നടി അഭിനയപ്രാധാന്യമില്ലാത്ത വേഷങ്ങള്‍ക്ക് പിറകെ പോകുന്നത് കഷ്ടംതന്നെ'', സംവിധായകന്‍ അമീറിന് പറയേണ്ടിവന്നു. ഇതിനിടയിലും തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 42 സിനിമകളില്‍ പ്രിയ അഭിനയിച്ചു.

പ്രാഞ്ചിയേട്ടനുശേഷം പ്രിയ വീണ്ടും മലയാളത്തിലെത്തുന്നു. മോഹന്‍ലാലിന്റെ നായികയായി 'ഗ്രാന്റ്മാസ്റ്ററി'ല്‍. ബാംഗ്ലൂര്‍ ബാണശങ്കരിയിലെ വീട്ടില്‍ പ്രിയ 'ഗൃഹലക്ഷ്മി'യോട് മനസ്സുതുറന്നു.

മോഹന്‍ലാലിനൊപ്പം ആദ്യസിനിമ. എങ്ങനെയുണ്ടായിരുന്നു അനുഭവം?

കുട്ടിക്കാലം തൊട്ട് ഞാന്‍ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബില്‍ ഒരു പരിപാടിക്ക് ലാലേട്ടന്‍ വന്നിട്ടുണ്ട് എന്നറിഞ്ഞ് ഒരു കസിനേയും കൂട്ടി ഞാന്‍ കാണാന്‍ പോയി. നടി ശോഭനയൊക്കെ പങ്കെടുത്ത ഒരു പരിപാടിയായിരുന്നു അത്. അന്ന് ലാലേട്ടനൊപ്പം നിന്ന് ഫോട്ടോയെടുത്തു. ആ ഫോട്ടോ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

ഗ്രാന്റ്മാസ്റ്ററില്‍ ഞാന്‍ ലാലേട്ടന്റെ നായികയായത് സ്വപ്‌നസാക്ഷാത്കാരമായി തോന്നി. ഒരു സിനിമാനടിയാകണമെന്ന് ആഗ്രഹിക്കാത്ത കാലത്തും ലാലേട്ടന്റെ നായികാറോള്‍ എന്റെ സ്വപ്‌നത്തിലുണ്ടായിരുന്നു. സെറ്റില്‍ ആദ്യം കണ്ടപ്പോള്‍ തന്നെ ടെന്നീസ് ക്ലബ്ബില്‍ വെച്ച് കണ്ടതും ഫോട്ടോയെടുത്തതുമൊക്കെ ലാലേട്ടനെ ഓര്‍മപ്പെടുത്തിയാലോ എന്ന് വിചാരിച്ചു. പിന്നെ തോന്നി അതൊക്കെ ഓര്‍ത്തിരിക്കാന്‍തക്ക കാര്യമായി ലാലേട്ടന് തോന്നിക്കാണുമോ. അതുകൊണ്ട് ഞാന്‍ അതിനെക്കുറിച്ചൊന്നും മിണ്ടിയില്ല.

മലയാളത്തില്‍ സ്ഥിരമായി കാണുന്നില്ലല്ലോ?

ഒരു പ്രത്യേക ഭാഷയില്‍ തന്നെ സിനിമ ചെയ്യണം എന്നൊന്നും എനിക്കില്ല. സാധിക്കുമെങ്കില്‍ എല്ലാ ഭാഷയിലും അഭിനയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. പ്രാഞ്ചിയേട്ടനുശേഷം മലയാളസിനിമയില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ വന്നു. എന്നാല്‍ എനിക്ക് ചെയ്യണമെന്ന് തോന്നിയ കഥ കിട്ടിയില്ല. അന്യഭാഷകളില്‍ കൈനിറച്ച് സിനിമകള്‍ ഉള്ളപ്പോള്‍ എന്തിന് മോശം സിനിമകള്‍ ചെയ്യണം? ഇപ്പോള്‍ ഉണ്ണികൃഷ്ണന്‍ ഒരു കഥ പറഞ്ഞു. കേട്ടപ്പോള്‍ നന്നായി തോന്നി. അങ്ങനെ 'ഗ്രാന്റ് മാസ്റ്ററി'ലൂടെ വീണ്ടും മലയാളത്തിലേക്ക്.

ഇതു കഴിഞ്ഞാല്‍ ബോളിവുഡിലേക്കാണ് പോകുന്നത്. രാംഗോപാല്‍ വര്‍മ്മയുടേതുള്‍പ്പെടെ രണ്ടു ഹിന്ദി സിനിമകള്‍ക്ക് കരാറായിക്കഴിഞ്ഞു. കൂടാതെ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലായി മൂന്നു സിനിമകള്‍ മെയില്‍ റിലീസാകാനുണ്ട്.

ദേശീയ അവാര്‍ഡ് നേടിയിട്ടും പ്രിയക്ക് ശരീരം കാണിച്ച് അഭിനയിക്കേണ്ടിവരുന്നു!

കൊമേഴ്‌സ്യല്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഗ്ലാമറസാകേണ്ടിവരും. അതിലൊരു തെറ്റും ഞാന്‍ കാണുന്നില്ല. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരെല്ലാം ഇന്ന് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഈ രംഗത്ത് നല്ല മത്സരം തന്നെ നടക്കുന്നു. പുതിയ കുട്ടികളാകട്ടെ കൂടുതല്‍ കൂടുതല്‍ ഗ്ലാമറസ് ആകുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മലയാള സിനിമ അടുത്തകാലംവരെ ഇത് അംഗീകരിക്കാന്‍ മടിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ അവരും മാറ്റത്തിന്റെ വഴിയിലാണ്.

'പരുത്തിവീരനി'ല്‍ തീരെ ഗ്ലാമറസല്ലാത്ത കഥാപാത്രത്തിനാണ് പ്രിയയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയത്?

പരുത്തിവീരനിലെ മുത്തഴക് ഗ്രാമീണ പെണ്‍കുട്ടിയാണ്. അവള്‍ക്ക് മോഡേണ്‍ ഡ്രസ്സിടാന്‍ പറ്റുമോ? പറ്റുമായിരുന്നെങ്കില്‍ ഞാന്‍ അതിലും ഗ്ലാമറസ് ആകുമായിരുന്നു. ഞാന്‍ ബാംഗ്ലൂരില്‍ പഠിച്ചുവളര്‍ന്നതാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ട് മോഡേണ്‍ ഡ്രസ്സേ ഞാനിടാറുള്ളൂ. പരുത്തിവീരനില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ ഹാഫ് സാരിയും പാവാടയും മാത്രമേ ഉടുക്കാവൂ എന്നു വന്നാല്‍? മുത്തഴക് പ്രിയാമണിയുടെ ഒരു ഗെറ്റപ്പ് ആണ്, പ്രിയാമണിയല്ല. പരുത്തിവീരന് ശേഷം എനിക്ക് വന്ന ഓഫറുകളെല്ലാം ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷങ്ങളായിരുന്നു. പക്ഷേ, ടൈപ്പ് കാസ്റ്റാകാന്‍ ഞാന്‍ തയ്യാറായില്ല.

മുത്തഴകിന്റെ ഇമേജില്‍ നിന്ന് രക്ഷപ്പെടണം എന്നാഗ്രഹിച്ച് വളരെ കോണ്‍ഷ്യസായി തന്നെയാണ് തുടര്‍ന്നുവന്ന 'മലൈക്കോട്ട'യിലും 'തോട്ട'യിലുമൊക്കെ ഞാന്‍ ഗ്ലാമര്‍ വേഷം ചെയ്തത്.

ഗ്ലാമറിലേക്ക് മാറിയത് ഗുണം ചെയ്തുവോ?

തീര്‍ച്ചയായും. എനിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റും, നല്ല വൃത്തിയില്‍ വസ്ത്രം ധരിക്കാനറിയാം, ഇക്കാലത്ത് പെണ്‍കുട്ടികള്‍ എന്തൊക്കെ ചെയ്യുന്നോ അതൊക്കെ എന്നെക്കൊണ്ടും സാധിക്കും... എന്നെല്ലാം എല്ലാവരേയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.

ഇന്നും പുറത്തുപോകുമ്പോള്‍ പറ്റുമെങ്കില്‍ ഞാന്‍ മേക്കപ്പ് ഒഴിവാക്കാറുണ്ട്. എനിക്ക് നെയില്‍ പോളിഷ് ഇഷ്ടമല്ല. പക്ഷേ, ധരിക്കുന്ന ഡ്രസ്സിന്റെ കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. മോഡേണ്‍ കാഷ്വല്‍സായിരിക്കണം. ഒന്നുകില്‍ ജീന്‍സും ടോപ്പും, അതല്ലെങ്കില്‍ ടീഷര്‍ട്ട്. മുത്തഴകിനെപ്പോലെ ഹാഫ് സാരിയുടുത്ത് ഒരിക്കല്‍പോലും ഞാന്‍ പുറത്തിറങ്ങിയിട്ടില്ല.

ഗ്ലാമര്‍ വേഷം ചെയ്യുന്നത് കൂടുതല്‍ ആസ്വദിക്കുന്നുണ്ടോ?

(മോഡേണ്‍ ഡ്രസ് ധരിക്കുന്നതിനെ ഗ്ലാമര്‍ വേഷമായി തെറ്റിദ്ധരിക്കുകയാണ് എല്ലാവരും എന്ന് പരിഭവിക്കുന്നു) സിനിമയില്‍ ഏതു കഥാപാത്രവും ഞാന്‍ ആസ്വദിച്ചുതന്നെയാണ് ചെയ്യുന്നത്. പക്ഷേ, മോഡേണ്‍ വേഷത്തില്‍ ഇത്തിരി ആത്മവിശ്വാസവും സ്വാതന്ത്ര്യവും കൂടുതല്‍ തോന്നാറുണ്ട്. ഒരുപക്ഷേ, ഞാനാവേഷത്തില്‍ സന്തോഷിക്കുന്നതുകൊണ്ടാകാം.

സൗത്ത് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടി. ജീവിതം മാറിക്കാണുമല്ലോ?

സിനിമയില്‍ വന്ന സമയത്തുള്ളപോലെതന്നെയാണ് എനിക്കിപ്പോഴും തോന്നുന്നത്. ഞാന്‍ വളരെ സാധാരണജീവിതം ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ്. എനിക്ക് വലിയ സ്‌ട്രെസ്സൊന്നും താങ്ങാനുള്ള കരുത്തില്ല. ദേഷ്യം വന്നാല്‍പോലും പുറത്തുകാണിക്കാന്‍ അറിയില്ല. ആരോട് ദേഷ്യം വന്നാലും ഞാന്‍ അമ്മയോട് വഴക്കടിച്ചാണ് അത് തീര്‍ക്കുന്നത്. അമ്മയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. സിനിമയില്‍ എത്ര തിരക്കാണെങ്കിലും രണ്ടു ദിവസം അവധി കിട്ടിയാല്‍ ഞാന്‍ അമ്മയുടെ അടുക്കലേക്ക് ഓടിയെത്തും.

മുമ്പൊക്കെ ഷൂട്ടിങ്ങിന് പോകുമ്പോള്‍ അമ്മയെ കൂടെ കൂട്ടുമായിരുന്നു. ഇപ്പോള്‍ വിദേശ ലൊക്കേഷനുകളില്‍ മാത്രമേ അമ്മ കൂട്ടുവരാറുള്ളൂ. ബാക്കിയിടത്തെല്ലാം എന്റെ യാത്രകള്‍ തനിച്ചാണ്. ഏത് ഇന്ത്യന്‍ നഗരത്തിലും ഒറ്റയ്ക്ക് താമസിക്കാന്‍ എനിക്കിപ്പോള്‍ പേടി തോന്നാറില്ല.


സിനിമായാത്രകളല്ലാതെ മറ്റു യാത്രകള്‍ എന്റെ ജീവിതത്തില്‍ കുറവാണ്. കഴിഞ്ഞ ന്യൂഇയറിനാണ് കുടുംബമൊന്നിച്ച് ആദ്യമായി ഞാനൊരു വിദേശയാത്ര പോയത്, യൂറോപ്പിലേക്ക്. ഒഴിവു സമയം കിട്ടിയാല്‍ ബാംഗ്ലൂരിലെ വീട്ടില്‍ തന്നെ ചെലവഴിക്കാനാണ് എനിക്കിഷ്ടം. എന്റെ കൂട്ടുകാരെല്ലാം ബാംഗ്ലൂരിലാണ്. ഞാനവര്‍ക്കൊപ്പം കോഫി ഷോപ്പിലും സിനിമയ്ക്കുമൊക്കെ പോകാറുണ്ട്. എല്ലാ ആഗസ്ത് 15നും ബാംഗ്ലൂരിലുണ്ടെങ്കില്‍ ഞാന്‍ അരബിന്ദ് മെമ്മോറിയല്‍ സ്‌കൂളിലും ബിഷപ്പ് കോട്ടണ്‍ കോണ്‍വെന്റ് കോളേജിലും പോകും, എന്നെ പഠിപ്പിച്ച ടീച്ചര്‍മാരെ കാണാന്‍.

ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്നിട്ടും മലയാളം നന്നായി സംസാരിക്കുന്നല്ലോ?

എന്റെ അച്ഛന്റെ നാട് പാലക്കാടും അമ്മയുടെ നാട് തിരുവനന്തപുരവുമാണ്. വീട്ടില്‍ തമിഴായിരുന്നു ഭാഷ. പക്ഷേ, മലയാളം സിനിമകള്‍ കാണും. അവധിക്കാലത്ത് ഇടയ്ക്കിടെ നാട്ടില്‍ വരാറുമുണ്ട്. അതുകൊണ്ട് മലയാളം കേട്ടാല്‍ മനസ്സിലാകുമായിരുന്നു. സംസാരിക്കാന്‍ പഠിച്ചത് 'ഒറ്റനാണയം' ചെയ്യുന്ന സമയത്താണ്. അമ്മയാണ് അതിന് സഹായിച്ചത്. ഇപ്പോള്‍ അമ്മയേക്കാള്‍ നന്നായി ഞാന്‍ മലയാളം പറയും.

(പ്രിയയുടെ അമ്മ ലത തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയാണ്. യൂണിയന്‍ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരാണ് അവര്‍. അച്ഛന്‍ വാസുദേവമണിഅയ്യര്‍ ബാംഗ്ലൂരില്‍ ബിസിനസ് ചെയ്യുന്നു. സഹോദരന്‍ വിശാഖ് മെക്കാനിക്കല്‍ എഞ്ചിനീയറാണ്.)

പ്രിയയുടെ കഴിവ് നന്നായി ഉപയോഗപ്പെടുത്തിയ സംവിധായകരില്ലേ?

എന്റെ ഗുരുവാണ് ഭാരതിരാജ. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവങ്ങളാണ് പാഠങ്ങള്‍. ബാലു മഹേന്ദ്ര എനിക്ക് പകര്‍ന്നു തന്നത് ആത്മവിശ്വാസമാണ്. 160 ദിവസമാണ് അമീറിനൊപ്പം ഞാന്‍ പരുത്തിവീരനുവേണ്ടി ജോലിചെയ്തത്. തിരക്കഥയിലെ മാളവികയെ എന്നെ വിശ്വസിച്ചേല്‍പ്പിച്ച സംവിധായകനാണ് രഞ്ജിത്. ഇവരൊക്കെ എന്റെ അഭിനയശേഷിയെ വേണ്ടവിധം ഉപയോഗിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

ഇഷ്ടപ്പെട്ട നടിയും നടനും?

എക്കാലത്തും എന്റെ ഫേവറിറ്റുകള്‍ കമലഹാസനും ശ്രീദേവിയുമാണ്. ഇവരുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ സിനിമയോടിഷ്ടം കൂടുന്നത്. കുട്ടിക്കാലത്ത് എന്റെ മുറി നിറയെ ഇവരുടെ പടങ്ങളായിരുന്നു. 'മൂന്നാംപിറ'യൊക്കെ ഞാനെത്രതവണ കണ്ടിട്ടുണ്ടെന്ന് എനിക്കുതന്നെ അറിയില്ല. മൂന്നാംപിറയില്‍ ശ്രീദേവി ചെയ്തപോലത്തൊരു വേഷം എന്റെ സ്വപ്‌നമാണ്.

പ്രണയം, വിവാഹം... ?

പ്രണയം എന്റെ ജീവിതത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. എന്റെ വിവാഹം അറേഞ്ച്ഡ് ആകാനാണ് സാധ്യത. ചിലപ്പോള്‍ നാളെ ഞാനൊരാളുമായി പ്രണയത്തിലാകുമോ എന്നും പറയാന്‍ പറ്റില്ല.

ലിവിങ് ടുഗതര്‍ പോലുള്ള ഏര്‍പ്പാടൊക്കെയില്ലേ?

ഇതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതെന്തായാലും മോശമായ ഒരേര്‍പ്പാടാകാന്‍ സാധ്യതയില്ല. കൂടുതല്‍ ചെറുപ്പക്കാര്‍ അതിഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സാഹചര്യം വന്നാല്‍ ഞാനതു ചെയ്യും. പക്ഷേ, ഒളിച്ചല്ല. അച്ഛനോടും അമ്മയോടും പറഞ്ഞശേഷം.