MATHRUBHUMI RSS
Loading...
കണ്ണാടിച്ചിറകുള്ള കാട്ടുതുമ്പീ...

പാട്ടുകള്‍, തമാശകള്‍, ചാനല്‍ ഷോ... പ്രേക്ഷകരുടെ പ്രിയം നേടിയ റിമി ടോമിയെ സാക്ഷാല്‍ ഷാറൂഖ് ഖാന്‍ വേദിയില്‍ എടുത്തുപൊക്കുകയും ചെയ്തു. പോരെ പൂരം!


ഇഷ്ടമുള്ള വിഷയം കിട്ടിയാല്‍ എത്ര വേണമെങ്കിലും മടുപ്പിക്കാതെ സംസാരിക്കും റിമി ടോമി. കേട്ടിരിക്കാനും കണ്ടിരിക്കാനും ഒരുപോലെ രസം.

എങ്ങനെ എപ്പോഴും ലൈവാകുന്നു?

അതങ്ങനെ മന:പൂര്‍വ്വം പെരുമാറുന്നതൊന്നുമല്ല. ആദ്യമേ ഞാന്‍ ഇങ്ങനെയൊക്കെയാണ്. അധികം ടെന്‍ഷന്‍ കൊണ്ടുനടക്കില്ല ഞാന്‍. എപ്പോഴും സന്തോഷത്തിലിരിക്കാന്‍ ആര്‍ക്കും പറ്റില്ല. എന്നാലും മൂഡോഫാകാതെ നോക്കാലോ...

റിമിയുടെ രൂപഭാവങ്ങളില്‍ കുറേ മാറ്റം വന്നല്ലോ?

മുടി പൊക്കി കെട്ടിയില്ലെങ്കില്‍ എന്നെ കാണാന്‍ ഭംഗിയുണ്ടാവില്ല എന്നായിരുന്നു പണ്ട് എന്റെ വിചാരം. ഒരു ദിവസം മുടി താഴ്ത്തികെട്ടേണ്ടി വന്നാല്‍, അല്ലെങ്കില്‍ പതിവായിടുന്ന വേഷം പാവാടയും ബഌസും കിട്ടാതെ വന്നാല്‍, അന്നെന്റെ കോണ്‍ഫിഡന്‍സ് മൊത്തം പോവുമായിരുന്നു. ഈയടുത്താ മുടി സ്‌ട്രെയിറ്റന്‍ ചെയ്തത്. അപ്പോഴും ആദ്യം ടെന്‍ഷനായി. ഇനി പഴയ പോലെ മുടി പൊക്കിക്കെട്ടാന്‍ പറ്റത്തില്ലല്ലോ എന്ന്. അതെന്റെ പെര്‍ഫോമന്‍സിനെ ബാധിക്ക്വോ എന്നൊക്കെ.പക്ഷെ മേക്കോവര്‍ എനിക്ക് യൂസ്ഡായി.

ഗായികമാര്‍ക്കിടയില്‍ മേക്കോവര്‍ ചെയ്ത ഏക ഗായിക...

(പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു) ആ... എന്റെ സ്റ്റൈലൊത്തിരി മാറി. തടി കൂടിയാല്‍ ടെന്‍ഷനാണ്...( തറയില്‍ കിടക്കുന്ന വെയിങ്ങ് മെഷീനെ ദയനീയമായി നോക്കുന്നു റിമി ) ഞാന്‍ സിനിമാനടിയൊന്നുമല്ലെങ്കിലും തടി ശ്രദ്ധിക്കണമല്ലോ... ഇപ്പൊ ഒരു സ്‌പെഷല്‍ ഡയറ്റിങ്ങ് തുടങ്ങിയിട്ടുണ്ട്. ഡയറ്റീഷ്യന്‍ പറഞ്ഞത് രണ്ട് മണിക്കൂര്‍ ഇടവിട്ട് എന്തെങ്കിലും കഴിച്ചോണ്ടിരിക്കണമെന്നാണ്. വറുത്തോം പൊരിച്ചോം ഒന്നും പാടില്ല കേട്ടോ.

പക്ഷെ പാട്ടുകാരി എന്ന നിലയില്‍ പതിയെയായിരുന്നല്ലേ വളര്‍ച്ച?

(റിമിയുടെ മുഖത്ത് കൗതുകം മിന്നി. ഒന്നാലോചിച്ച് മറുപടിയെത്തി) ഒരു റിയാലിറ്റിഷോയിലൂടെ വന്നിരുന്നെങ്കില്‍ വെറും ഒരു കൊല്ലം കൊണ്ട് ഞാന്‍ രംഗത്ത്് സജീവമായിരുന്നേനെ. ഞാന്‍ 2000-ല്‍ പാടാന്‍ തുടങ്ങിയതാണ്. ഏഞ്ചല്‍ വോയിസില്‍. 'ചിങ്ങമാസം...' പാടി ഹിറ്റായിക്കഴിഞ്ഞിട്ടാണ് ഞാന്‍ നേരെ അവതാരകയാവുന്നത്. ദൂരദര്‍ശനില്‍ ഉദയഭാനുസാറുമായി ഒരു സല്ലാപം. അതിന് ശേഷം കൈരളിയില്‍ നാദിര്‍ഷഇക്കയുടെ കൂടെ 'ഡുഡുഡും പിപ്പിപ്പി' ' യുടെ അവതാരകയായി. നാദിര്‍ഷ ഇക്കയുടെ ടീമില്‍ എത്രയോ പരിപാടികള്‍ ചെയ്തിരിക്കുന്നു കേട്ടോ. അടുത്ത് തന്നെ ദിലീപ്, നാദിര്‍ഷ,ഭാവന എന്നിവര്‍ക്കൊപ്പം ഒരു യുകെ പരിപാടിക്ക് പോവുന്നു.

തിരക്കിനിടയില്‍ കുടുംബജീവിതം...

വീട്ടില്‍ ഉള്ളപ്പോള്‍ പാചകമൊക്കെ ചെയ്യും ഞാന്‍. ( ഇപ്പോള്‍ പാചകമൊക്കെ ചെയ്തിട്ടെത്ര നാളായി എന്ന് ഉറക്കെ ആത്മഗതം ). റോയിസിന് ഒരേയൊരു വാശിയേയുള്ളൂ. എല്ലാ ബന്ധുക്കാരുടേയും കൂട്ടുകാരുടേയും വിവാഹത്തിനും മാമോദീസായ്ക്കും പോവാന്‍ ഞാനും കൂടെ വേണം. ഒത്തിരി ഫ്രണ്ട്‌സുള്ള ആളാ. ഞാന്‍ പരിപാടി കഴിഞ്ഞിട്ട് ടയേഡായി രാത്രി വന്ന് കിടന്നതാവും. എന്നാലും പിറ്റേ ദിവസം രാവിലെ ഒരുങ്ങി പോവാനുണ്ടാവും. അത് പുള്ളിക്ക് നിര്‍ബന്ധാ. അതിന് ഞങ്ങള് തമ്മില് സ്ഥിരം തല്ലുകൂടാറുണ്ട്. കൊച്ചിലേ തൊട്ട് ഈ സ്റ്റേജ് പരിപാടികളുടെ നടുവിലല്ലേ ഞാന്‍. അതോണ്ടാവും, പല സ്ഥലത്തും പോവാനെനിക്ക് മടിയാ... ആലോചിച്ചിട്ടുണ്ട്, ഞാനെന്താ ഇങ്ങനെ എന്ന്. എപ്പോഴും ആള്‍ക്കൂട്ടത്തിന്നിടയില്‍ നില്‍ക്കുന്നതുകൊണ്ടാണത്. അപ്പൊ ഇടയ്ക്ക് വെറുതെ വീട്ടില്‍ത്തന്നെ ഇരിക്കാന്‍ കൊതിതോന്നും. ഈ ഒരുക്കോം മേക്കപ്പും സ്‌റ്റേജില്‍ നില്‍ക്കലും നമ്മുടെ ജോലിയായതോണ്ടാവാം. മേക്കപ്പ് ചെയ്യല്‍ മടുത്തെനിക്ക്.

കൂട്ടുകാര്‍ കുറേയുണ്ടോ?

ഭാവന,കാവ്യ,സയനോര...നല്ല ഫ്രണ്ട്‌സാ എല്ലാരും. പക്ഷെ ഇവരൊക്കെയും തിരക്കുള്ളവര്‍ തന്നെയാണല്ലോ. ഓരോ പരിപാടിക്കാ ഞങ്ങള്‍ പരസ്പ്പരം കാണുക. പിന്നെ, തൃശൂര് പോവുമ്പൊ ഭാവനയുണ്ടാവും.കാവ്യ എറണാകുളത്ത് തന്നെയുണ്ട്. കണ്ണൂര് പോയാ സയനോര ഉണ്ട്. അതിലപ്പുറം എപ്പോഴും കൂട്ടായി നടക്കാനൊന്നും ഞങ്ങള്‍ക്ക് പറ്റില്ലെന്നതാണ് സത്യം. പക്ഷെ അങ്ങനെ ഒരു ഫ്രണ്ടുണ്ട് എനിക്ക്. അവളുടെ പേര് ജംഷി. ഞാന്‍ ചിങ്ങമാസം പാടിയ കാലത്ത് ഫോണ്‍ വിളിച്ച് പരിചയപ്പെട്ടതാണ്. ഇത്ര വര്‍ഷമായിട്ടും ഞങ്ങളുടെ സൗഹൃദം നിലനില്‍ക്കുന്നു.അവളുടെ വീട്ടില്‍ പോവാറുണ്ട് ഞാന്‍. വീട്ടുകാര്‍ തമ്മിലും ഇപ്പോള്‍ അടുപ്പമായി.

സ്റ്റേജ് ഷോയാണല്ലോ തട്ടകം?

എനിക്കല്ലേലും ദൈവം സഹായിച്ച് സ്‌റ്റേജ്‌ഷോയ്ക്ക് ഇതുവരേയും പഞ്ഞം വന്നിട്ടില്ല. എങ്ങനെയാണ് എന്നെത്തേടി 'ചിങ്ങമാസം...' എന്ന പാട്ട് വന്നത് എന്നോര്‍ക്കും ഞാന്‍. ഈ പാലായീ കിടക്കുന്ന ഞാന്‍, ഈ നാദിര്‍ഷാ എന്ന വ്യക്തിയുടെ വീടിനടുത്തുള്ള അമ്പലത്തില്‍ പരിപാടിക്ക് പോയതും അവരുടെ വീട് അടുത്തായതിനാല്‍ അവിടെ ചെന്നതും പിന്നെ പുള്ളി എന്നെ ലാല്‍ജോസിന് പരിചയപ്പെടുത്തിയതും...

എന്നാലും ഒരേ ടൈപ്പ് പാട്ടുകള്‍ പാടുമ്പോള്‍ മടുക്കില്ലേ?

എന്നെ ഒരു അടിച്ചുപൊളിപ്പാട്ടുകാരി ആയാണ് കാണുന്നത്. പക്ഷെ ഇപ്പോഴത് മാറിയെന്നാ തോന്നുന്നേ. എന്റെ പ്രോഗ്രാമില്‍, റിമിടോമിഷോയില്‍, പന്ത്രണ്ട് പാട്ടുണ്ടെങ്കില്‍ ആറ് പാട്ട് മെലഡിയായിരിക്കും. ഓഡിയന്‍സിനും പത്ത് പാട്ടും അടിപൊളിയായാല്‍ കേള്‍ക്കാന്‍ പറ്റില്ല. ഇപ്പൊ, ശിങ്കാരവേലനെ... പാടുകയാണെങ്കില്‍ അത് കഴിഞ്ഞാല്‍ വാടാ വാടാ പയ്യ... പാടും. ധിങ്ക ചിക്ക... പാടുമ്പോള്‍ കൂട്ടത്തില്‍ പഴയ, നിഴലായ്...പാടും. ഈ അവാര്‍ഡ് നൈറ്റൊക്കെ വരുമ്പോഴാണ് എനിക്ക് അടിച്ചുപൊളിപ്പാട്ടുകള്‍ മാത്രം കിട്ടുക. മെലഡി പാടുന്നവര്‍ വേറെ കാണും. എനിക്കതില്‍ വിഷമമില്ല. ഇപ്പൊ ശ്രേയാഘോഷാല്‍ മലയാളത്തിലേക്ക് വന്നപ്പൊ ഇവിടെ മെലഡി പാടിയിരുന്ന പലര്‍ക്കും കുറേ അവസരങ്ങള്‍ നഷ്ടമായി.പക്ഷെ ഭാഗ്യം കൊണ്ട്, ഞാന്‍ ഒരു അടിപൊളി പാട്ട് പാടുന്ന ആളാണല്ലോ എന്ന് വിചാരിച്ചിട്ട് , ആ വഴിക്ക് എനിക്ക്് അത്തരം പാട്ടുകള്‍ മുടങ്ങാതെ കിട്ടി. അറബിയും ഒട്ടകവും, കുഞ്ഞളിയന്‍ എന്നീ പടങ്ങളിലാണ് അടുത്ത് പാടിയത്. എന്റെ പാട്ടുള്ള കോബ്ര,തിരുവമ്പാടി തമ്പ്രാന്‍, മായാമോഹിനി, പേരിനൊരു മകന്‍ എന്നീ പടങ്ങള്‍ ഇറങ്ങാനുമുണ്ട്.

ഏത് പാട്ട് പാടാനും പേടിയില്ല റിമിക്ക്. ശ്രേയയുടെ പാട്ടുകളടക്കം...

എന്നെക്കൊണ്ടാവും പോലെ ഞാന്‍ ശ്രമിച്ച് പാടാറുണ്ട്. ശ്രേയയുടെ മേരേ ഡോല്‍നാ... പാടി. അതുപോലെ പ്രണയത്തിലെ പാട്ടും. ശ്രേയയുടെ തരംഗമാണല്ലോ ഇപ്പോള്‍ മലയാളത്തില്‍. അവരുടെ പാട്ടേ കേള്‍ക്കാനുള്ളു.

'കരളേ കരളിന്റെ കരളേ...' റിമി പാടിയപ്പോള്‍ ചിത്ര പാടും പോലെ എന്ന് പറഞ്ഞവരുണ്ട്...

അയ്യോ...അതിനോട് എനിക്ക് യോജിപ്പില്ല. അതില്‍ എന്റെ ശബ്ദവും ചിത്രേച്ചിയുടെ ശബ്ദവും ആനയും ആടും പോലയാ നില്‍ക്കുന്നേ. ചിത്രേച്ചി കേള്‍ക്കണ്ടാട്ടോ.

ചിത്രയ്ക്ക് റിമിയെ ഇഷ്ടമാണല്ലോ...

ആ...ചിത്രേച്ചിക്ക് എന്നെ ഇഷ്ടാ. എനിക്കെന്തേലും വിഷമമുണ്ടെങ്കില്‍ ഞാന്‍ ചിത്രേച്ചിയോടാ പറഞ്ഞിരുന്നേ. മദ്രാസില്‍ പോയാല്‍ ചേച്ചിയുടെ അടുത്ത് പോയി സംസാരിക്കും. ചേച്ചിയുടെ ജീവിതത്തില്‍ ഒരു വിഷമം വന്നതില്‍പ്പിന്നെ ഞാനവിടെ പോയി നിന്നിട്ടുണ്ട്.

റിമിയെ ഷാരൂഖാന്‍ എടുത്ത് പൊക്കിയത് യൂട്യൂബ് ഹിറ്റാണല്ലോ. അറിഞ്ഞില്ലേ?

പെമ്പിള്ളാരും അമ്മമാരും എല്ലാം പറഞ്ഞത്, അയ്യോ, റിമീ, ഞങ്ങള്‍ക്കസൂയ തോന്നുന്നുട്ടോ എന്നാണ്. എന്നെ സംബന്ധിച്ച് ഷാരൂഖ്ഖാന്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ ഒരു കലാകാരനാണ്. കൊച്ചിലേ ഞാന്‍ പുള്ളിയുടെ കട്ട ഫാനാണ്.മുമ്പ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പരിപാടിക്ക് ഷാരൂഖ് വന്നപ്പൊ, പരിപാടിയുമായി ബന്ധപ്പെട്ട ഒരു ചേട്ടനോട് റോയിസ് പറഞ്ഞു, ചേട്ടാ, അവള്‍ക്ക് ഭയങ്കര ഇഷ്ടാണ് ഷാരൂഖിനെ. ഷാരുഖിനൊപ്പം നിന്ന് അവള്‍ക്കൊരു ഫോട്ടോ എടുക്കാനാഗ്രഹമുണ്ട് എന്നൊക്കെ. അത് ഞങ്ങളുടെ ചില അസൗകര്യത്താല്‍ നടന്നില്ല. അങ്ങനെയാണ് ദുബായിയില്‍ ഏഷ്യാനെറ്റ് അവാര്‍ഡ്ദാനച്ചടങ്ങില്‍ ഈ അവസരം വന്നത്. ഷാരൂഖിനെ അടുത്ത് കാണാനായി ഞാനും റോയിസും മുന്‍നിരയില്‍ത്തന്നെ സീറ്റ് പിടിച്ചു. രഞ്ജിനി പറഞ്ഞു, ഷാരൂഖാന്‍ വരാന്‍ വൈകിയാല്‍ ഫില്ലറായി റിമി ഒരു പാട്ട് പാടണമെന്ന്. ഷാരൂഖ് വരുമ്പൊ പാട്ടോ എന്നും ചോദിച്ച് ഞാനപ്പൊ രഞ്ജിനിയോട് പിണങ്ങുകയും ചെയ്തു.


ഷാരൂഖ് വന്നപ്പൊ എല്ലാവര്‍ക്കുമൊപ്പം എനിക്കും സ്‌റ്റേജിലേക്ക് ക്ഷണം കിട്ടി. ഞങ്ങളെല്ലാം സ്‌റ്റേജില്‍ നില്‍ക്കയായിരുന്നല്ലോ. അപ്പൊ രഞ്ജിനിയുടെ കൈയ്യില്‍ നിന്ന് ഞാനിങ്ങനെ മൈക്ക് പിടിച്ചുവാങ്ങിയിട്ട് ഡയലോഗടിച്ചു. ' ഷാരൂഖ്ജി, ഐ ലവ് യു ' എന്ന്. അറിയാവുന്ന ഹിന്ദിയില്‍ പിന്നെയും ഞാന്‍ എന്തൊക്കെയോ പറഞ്ഞു. അപ്പൊ ഞാന്‍ പറേണ ഹിന്ദി പുള്ളിക്ക് മനസ്സിലാവ്വോ , ഗ്രാമര്‍ ശരിയാവ്വോ, ഇത്രം ജനങ്ങള്‍ കണ്ടോണ്ടിരിക്കുവല്ലേ എന്നൊന്നും ഓര്‍ത്തില്ല. എനിക്കറിയത്തില്ല, ആ സമയത്ത് എന്താണ് എന്നെക്കൊണ്ടങ്ങനെ ചെയ്യിച്ചതെന്ന്. അറിയാതെ പാടുകയും ചെയ്തു. ' അബ് തോ മേരാ ദില്‍...' എന്ന പാട്ട്. പുള്ളി ചിലപ്പൊ എന്നെ മൈന്‍ഡ് ചെയ്തില്ലെങ്കില്‍ എന്താവുമായിരുന്നു എന്റെ സ്ഥിതി? ഞാനാകെ നാണം കെട്ടുപോയേനെ...പക്ഷെ എനിക്ക് പുള്ളിയെ അറിയാം. ചാനലിലൊക്കെ പുള്ളി ഭയങ്കര ലൈവായി റസ്‌പോണ്ട് ചെയ്യുന്ന ആളാണ്. ആ ധൈര്യത്തിലാണ് ഞാനും സംസാരിച്ചത്. ഷാരൂഖ് എടുത്തപ്പോഴും ഞാന്‍ പാട്ട് തുടര്‍ന്നു. ചിലര്‍ പിന്നെ തമാശയാക്കി, ഷാരൂഖ് കമ്പിയിട്ട് പൊക്കിയാണോ എടുത്തതെന്ന്...

എന്താ ഷാരൂഖാന്‍ അന്ന് പറഞ്ഞത് ?

(കള്ളച്ചിരിയോടെ ) ആ...അതോ... പുള്ളി പറഞ്ഞു, ഞാനിതുവരെ പൊക്കിയതില്‍ ഏറ്റവും ഭാരം കുറഞ്ഞ സ്ത്രീയാണ് റിമി. പിന്നെ ഈ പാട്ട് എനിക്ക് വേണ്ടി പാടിയേക്കുന്നതില്‍ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്...(റിമിയുടെ മുഖത്ത് പറ്റിച്ചേ എന്ന ഭാവം...) ഇല്ലാട്ടോ. അങ്ങനെ പറഞ്ഞില്ലാട്ടോ. അല്ലാ, അതെന്താ ആരും എഴുതാതിരുന്നത് ? വണ്ണം കൂടിയ സ്ത്രീ ആണെന്ന് പറഞ്ഞത് മാത്രമേ എഴുതിക്കണ്ടുള്ളൂ.എന്തായാലും 2012-ലെ എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു സംഭവമായിരുന്നു അത്.

ഈ സംഭവത്തിന് ശേഷം ഒരു തമാശകൂടിയുണ്ടായി. കഴിഞ്ഞ മാസം വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ നടന്ന ഒരു പരിപാടിക്കിടെ ധനുഷും വിജയ് യേശുദാസും കൂടെ എന്നെ സ്റ്റേജിലോട്ട് വിളിച്ചു. ഒരാവശ്യവുമില്ലാതെ എന്നെ സ്‌റ്റേജിലോട്ട് വിളിച്ചതെന്തെന്ന് ആലോചിച്ച് നില്‍ക്കയാ ഞാന്‍. അപ്പൊ ധനുഷ് ചോദിക്കുന്നു, 'അപ്പാ, എന്നാ എനര്‍ജി. ഇന്ത എനര്‍ജിയെല്ലാം എവിടെ സേവ് പണ്ണിവെച്ചത് ' എന്ന്. തോന്നിയപോലെ ഞാനും മറുപടി പറഞ്ഞു, 'നീങ്കെ എപ്പടി മെലിഞ്ചിരുന്നാലും നീങ്കെ എന്നാ സ്റ്റണ്ട്, എന്നാ ഡാന്‍സ് ' എന്ന്. അപ്പൊ വിണ്ടും ധനുഷിന്റെ വാചകമടി, 'നാന്‍ കൊള്ളിയായിരുന്നാലും നാന്‍ ഗില്ലി' എന്ന്. അപ്പൊ ഞാന്‍ പുള്ളിയോടും പറഞ്ഞു, 'നാന്‍ നിങ്കള്‍ടെ പെരിയ ഫാന്‍' എന്ന്. അപ്പൊ എല്ലാരും പേടിച്ചു, അവിടേയും ഒരു എടുത്ത് പൊക്കല്‍ നടക്കുമോ എന്ന്. അങ്ങനെയൊന്നും സംഭവിച്ചില്ലാ...പുള്ളി തോളത്തിങ്ങനെ കൈയ്യൊന്നു വെച്ചു...

ഇത്തരം ചില തമാശകളൊപ്പിക്കാന്‍ മിടുക്കിയാണല്ലേ...

യേശുദാസിന്റെ അന്‍പതാം വാര്‍ഷികത്തിന് പോയിരുന്നു ഞാന്‍. ദാസേട്ടനോട് നമസ്‌ക്കാരം പറഞ്ഞ് ഞാന്‍ തിരിഞ്ഞുനടന്നു. അപ്പോഴുണ്ട് ദാസേട്ടന്‍ വിളിക്കുന്നു, എന്നിട്ട് പറയുകയാണ്, 'എന്നേക്കൊണ്ടൊന്നും നിന്നെ എടുക്കാനൊന്നും പറ്റുകേല.' എം.ജി. ശ്രീകുമാര്‍ അടുത്തുണ്ടായിരുന്നു. ഇവര് രണ്ടുപേരും കൂടി എന്നെ കളിയാക്കുവാണേ...''നീ രാത്രീല് റോയിസിന്റൂടെ കിടക്കുമ്പൊ 'ഷാരൂഖാന്‍...ഷാരൂഖാന്‍' എന്ന് പറയുന്നുണ്ടെന്നൊക്കെ കേള്‍ക്ക്ണു...'' അപ്പൊ ദാസേട്ടന്‍ വീണ്ടും, ''നീ ഇവരുടെ അടുത്തൊക്കെ പോയി ഫാനാന്നൊക്കെ പറയുമ്പൊ സൂക്ഷിക്കണം, ഹിന്ദിക്കാരാ...'' അന്ന് ഞങ്ങള്‍ ചിരിച്ചതിന് കണക്കില്ല.